അപ്പച്ചനെ പോലെയല്ലേ ഞങ്ങൾ ഇയാളെ കാണുന്നെ എന്നിട്ടും അയാൾ, അയാൾക്ക്..

പാപനാശിനി
(രചന: ശിവ ഭദ്ര)

“പാപനാശിനി”

ഇരുട്ടുമൂടിയ ജീവിതങ്ങളൾക്ക് ഒരു പ്രകാശവലയം ….. – നിഹാരിക

അവൾ തന്റെ അവസാനവരിയും എഴുതിച്ചേർത്ത് തന്റെ കഥ പൂർത്തീകരിച്ചു, കുറച്ച് നേരം കണ്ണൊന്നടച്ചിരുന്നു ..

മനസ്സിൽ അപ്പോഴും തന്റെ കഥയിലെ ഓരോ കഥാപാത്രങ്ങൾ തന്നെയായിരുന്നു.. ഡേവിഡും സാറാമ്മയും ജോണിക്കുട്ടിയും ലില്ലിക്കുട്ടിയും നീലകണ്ഠനുമെല്ലാം..

ഇങ്ങനെയും ലോകത്ത് നടക്കുമെന്ന ചിന്തകൾ അവളുടെ മനസ്സിനെ വല്ലാതെ നോവിച്ചു.. കഴിഞ്ഞ ഒരു വർഷമായി താൻ ഇതിന്റെ പുറകിലായിരുന്നു, ലില്ലിക്കുട്ടിക്ക് വേണ്ടിയുള്ള നീതിക്ക് പിന്നാലെ ….

ഇന്നും ഓർക്കുന്നു ഞാൻ ലില്ലിക്കുട്ടിയെ കുറിച്ച് അറിഞ്ഞ ആ ദിവസം

എഴുത്തും വായനയും ജീവിതത്തിന്റെ മുഖഛായ പോലും മാറ്റി മറിക്കുമെന്ന് തോന്നി തുടങ്ങിയപ്പോഴാണ് എല്ലാത്തിൽ നിന്നുമൊരു ഒളിച്ചോട്ടം താൻ ആഗ്രഹിച്ചത്

അതിന്റെ ഫലമായിട്ട് ചെന്നെത്തിയതോ ദക്ഷിണേന്ത്യയിലെ കാ ശ് മീരെന്ന് വിശേഷിപ്പിക്കുന്ന തേയിലയുടെ ഗന്ധമുള്ള കോടമഞ്ഞിനാൽ മൂടിയ ആ നാട്ടിലേയ്ക്കും …

ആദ്യമാദ്യം ടീ വാലി റിസോർട്ടിലായിരുന്നു തന്റെ വാസമെങ്കിലും പിന്നീട് അവിടെ നിന്ന്
ഏകദേശം ഒന്നൊന്നര കിലോമീറ്റർ അകലെയുള്ള ഡേവിഡ് ഇച്ചായന്റെ വീട്ടിലേയ്ക്ക് പേ-ഇൻ-ഗസ്റ്റായി താമസം മാറ്റി.

തേയില തോട്ടത്തിന്റെ നടുവിലായി നിരനിരയായി കുറച്ച് വീടുകൾ…
ആ വീടുകളിൽ മൂന്നാമത്തെ വീട് അതായിരുന്നു ഡേവിഡ് ഇച്ചായന്റെത്

നല്ല തണുത്ത കാറ്റും തേയില തോട്ടത്തിന്റെ പച്ചപ്പും ചന്ദ്രൻ ഉദിക്കുന്ന മലക്കൂട്ടവും ഇച്ചായന്റെ വീടിന്റെ സൗന്ദര്യം കൂട്ടിയിരുന്നു

മൂന്ന് മുറികളോട് കൂടിയ ഓടിട്ടൊരു കൊച്ചു വീട്… കൊച്ചു വീടാണെങ്കിലും നല്ല അടുക്കോടും ചിട്ടയോടും , വെടിപ്പോടും, വൃത്തിയോടും കൂടിയാണ് ഇച്ചായന്റെ ഭാര്യ സാറാമ്മച്ചി വെച്ചിരിക്കുന്നത്

അങ്ങോട്ടേക്ക് താമസം മാറ്റിയ ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ തോന്നിയ അപരിചിതത്വം ഇച്ചായന്റെയും സാറാമ്മച്ചിയുടെയും സ്നേഹസാമിപ്യം കൊണ്ട് വളരെ പെട്ടെന്ന് തന്നെ ഇല്ലാതായി

വളരെ കുഞ്ഞിലേ അമ്മയെ നഷ്ട്ടപ്പെട്ടുപോയ തനിക്ക് സാറാമ്മച്ചി പലപ്പോഴും സ്വന്തം അമ്മ തന്നെയായി മാറി തുടങ്ങിയത് കൊണ്ടാവാം
പതിയെ പതിയെ താനും ആ വീട്ടിലെ ഒരംഗമായി മാറി

ഇച്ചായന്റെയും അമ്മച്ചിയുടെയും കൊച്ചു സ്വർഗത്തിൽ തനിക്കും ഒരിടം ഉണ്ടായിരുന്നു… അതുകൊണ്ട് തന്നെ പേ-ഇൻ-ഗസ്റ്റ് എന്ന നിലയിലെന്നെ അവർ കണ്ടിരുന്നുമില്ല

അങ്ങനെ ഇരിക്കെ ഒരു സായാഹ്നത്തിൽ അമ്മച്ചിയും ഞാനും കൂടി സൊറ പറഞ്ഞിരിക്കുമ്പോഴായിരുന്നു അമ്മച്ചിയോട് താൻ പലപ്പോഴും ചോദിക്കണമെന്ന് കരുതിയ കാര്യം ചോദിക്കുന്നത്….

“അമ്മച്ചി”

“എന്താ കുഞ്ഞേ ”

“അത്.. ഞാനിവിടെ വന്നിട്ട് കുറെ ദിവസം കഴിഞ്ഞില്ലേ, ഇത്രയായിട്ടും അമ്മച്ചിയുടെ മക്കളെപ്പറ്റി ഒന്നും പറഞ്ഞും കേട്ടില്ല അങ്ങനെ ആരേം കണ്ടുമില്ല ”

“അത് കുഞ്ഞേ അവരൊക്കെ അങ്ങ് ദൂരെയാണ് വളരെ ദൂരെ ”

നിറഞ്ഞു വന്ന മിഴികൾ തന്നിൽ നിന്ന് ഒളിപ്പിച്ചുകൊണ്ട് അമ്മച്ചി അത് പറയുമ്പോൾ, താൻ അറിയുന്നുണ്ടായിരുന്നു ആ മനസ്സിന്റെ പിടച്ചിൽ അത് കൊണ്ട് തന്നെ ആ സംസാരം പിന്നീട് തുടർന്നില്ല

അന്ന് മുതൽ തന്റെ മനസ്സിനെ അലട്ടിയതും അമ്മച്ചിയുടെ നിറഞ്ഞ മിഴികൾ തന്നെയായിരുന്നു

ആരോടെങ്കിലും ഒന്ന് ചോദിക്കാമെന്ന് കരുതിയാൽ, ആരോടാണ് ചോദിക്കുക

താൻ ആ വീട്ടിൽ താമസം തുടങ്ങിയതിന് ശേഷം അമ്മച്ചിയും ഇച്ചായനുമായേ കൂട്ടുള്ളൂ,

അയല്പക്കത്തൊക്കെ വീടുണ്ടെങ്കിലും എന്തോ ഒരു അകൽച്ച അത് ആദ്യമേ ഞാൻ ശ്രദ്ധിച്ചതുമാണ്, പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇങ്ങനെ ഒരു നാട്ടിൻ പ്രദേശത്ത് എന്ത് കൊണ്ടാണ് ഈ വീടുമായി എല്ലാവർക്കും ഒരകൽച്ചയെന്ന്

ഇച്ചായനോട് ചോദിച്ചാലോ?
പലപ്പോഴും ചിന്തിച്ചു… പിന്നെ വേണ്ടെന്ന് കരുതി.. ആവശ്യമില്ലാത്തൊരു ചോദ്യമായെങ്കിലോ…

അമ്മച്ചിയുടെ കണ്ണ് നിറപ്പിച്ച പോലെ ഇച്ചായന്റെ മനസ്സും വിഷമിപ്പിക്കണോ..
വേണ്ടാ…. അതാ അതിന്റെ ശരി..
താനായി ഇവരുടെ മനസ്സ് നോവിക്കരുത്

ചിന്തകൾക്ക് അന്ത്യമുണ്ടായിരുന്നില്ലെങ്കിലും,
താൽക്കാലത്തേക്ക് ഒന്ന് മാറ്റി വെച്ചു

അങ്ങനെയിരിക്കെ ഒരു ദിവസം അമ്മച്ചിയും ഞാനും കൂടി അസ്തമന സൂര്യന്റെ ചൂടും കാഞ്ഞിരുന്ന് കാപ്പി കുടിക്കുമ്പോഴാണ് അമ്മച്ചി എന്നെ പതിവില്ലാതെ ഒന്ന് വിളിക്കുന്നത്

” കുഞ്ഞേ ..”

” എന്താമ്മച്ചി .. ”

“ഇച്ചായൻ പറഞ്ഞു കുഞ്ഞ് കഥയൊക്കെ എഴുതാറുണ്ടെന്ന് ”

“അങ്ങനൊന്നുമില്ല അമ്മച്ചി
വല്ലപ്പോഴും എന്തെങ്കിലും കുത്തിക്കുറിക്കും ”

“ആണോ ”

“എന്തെ അമ്മച്ചി ”

” ഒന്നൂല്ല ചുമ്മാ ചോദിച്ചതാ” നിഹാര അമ്മച്ചിയെ നോക്കി ഒന്ന് ചിരിച്ചു.

” കുഞ്ഞേ…”

” എന്താ അമ്മച്ചി… ”

“കുഞ്ഞ് കഥകളൊക്കെയെഴുതുന്ന ആളല്ലേ, കുഞ്ഞിന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ഈ വായിക്കുന്നതും എഴുത്തുന്നതുമായ കഥകൾ യാഥാർത്ഥ്യ ജീവിതവും ഒന്നാണെന്ന്”

നിഹ കുടിച്ചു കൊണ്ടൊരുന്ന കാപ്പി ഒന്ന് ചുണ്ടോട് അടുപ്പിച്ചു എന്നിട്ട് അവൾ അമ്മച്ചിയെ ഒളികണ്ണാലെ ഒന്ന് നോക്കി

“അല്ല എഴുതുന്ന ആളായത് കൊണ്ട് അങ്ങനെ തോന്നിയിട്ടുണ്ടാവില്ലേ ”

“മ്മ്… പലപ്പോഴും തോന്നാതിരുന്നിട്ടില്ല അമ്മച്ചി ”

“കുഞ്ഞേ.. കുഞ്ഞിനറിയോ ഞങ്ങളുടെ ജോണിക്കുട്ടിയില്ലേ അവനും ഈ എഴുത്തും വായനയും പുസ്തകങ്ങളുമൊക്കെ വലിയ ഇഷ്ടമായിരുന്നു പലപ്പോഴും അവൻ പറയാറുണ്ട് ഈ കഥകളായാലും ജീവിതമായാലും, ഒക്കെയും ഒന്ന് തന്നെയാണ് കഥാപാത്രങ്ങളുടെ പേര് മാത്രം മാറുന്നുള്ളൂയെന്ന്”

അമ്മച്ചിയിൽ നിന്ന് പുറത്തേക്ക് വരുന്ന വാക്കുകൾ മുറിയുന്നതായി അവൾക്ക് തോന്നിയപ്പോൾ അവൾ അമ്മച്ചിയെ ഒന്ന് നോക്കി, അവരുടെ മിഴികൾ നിറഞ്ഞു വരുന്നതവൾ കണ്ടു

അമ്മച്ചി ഒന്ന് നിർത്തിയിട്ട്
തന്റെ കൈയിലെ കാപ്പി ഒന്ന് കുടിച്ചു
വീണ്ടും തുടർന്നു

“അന്നൊക്കെ അത് കേൾക്കുമ്പോൾ എന്ത് പൊട്ടത്തരമാണ് ഇവൻ പറയുന്നതെന്നൊക്കെ ഞാൻ വിചാരിച്ചിട്ടുണ്ട് , പക്ഷേ ഇന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് അവൻ പറഞ്ഞതൊക്കെ എത്ര ശരിയാണെന്ന്..

കാപട്യം നിറഞ്ഞ ഈ ലോകത്ത് ചിലരുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി പല കഥകളും മെനഞ്ഞ് അതിൽ കുറച്ചു മാറ്റങ്ങൾ വരുത്തി സ്വന്തം നിലനിലപ്പിന് വേണ്ടി ഉപയോഗിക്കുന്നു,

അതിൽ എത്രയോ ആളുകളുടെ കണ്ണീരുണ്ട്… ജീവനുണ്ട്… ആരോർക്കാൻ.. ആര് ചിന്തിക്കാൻ… അല്ലേ ”

“ശരിയാ അമ്മച്ചി.. ഈ ലോകം ഇങ്ങനൊക്കെയാണ് നമ്മളൊക്കെ സത്യത്തിൽ ചിലരുടെ കൈയിലെ കളിപ്പാവകൾ, അത് മാത്രം..”

നിഹാര ഒന്ന് നിർത്തി എന്നിട്ട് ചോദിച്ചു

“അല്ല അമ്മച്ചി.. ഈ ജോണിക്കുട്ടി ആരാണ്.. ഇതുവരെ പറഞ്ഞു കേട്ടിട്ടില്ലലോ ആരാ അയാള് ”

“ജോണിക്കുട്ടി.. എന്റെ മോൻ..”

“അമ്മച്ചിയുടെ മോനോ… ഇത് വരെ പറഞ്ഞു കേട്ടില്ല എവിടാ ജോണിക്കുട്ടി
എന്താ ചെയ്യുന്നേ ഇപ്പോഴാണോ എന്നിട്ട് എന്നോട് ഇതേ കുറിച്ച് പറയുന്നേ….”

കള്ള വഴക്കുമിട്ട് മുഖവും വീർപ്പിച്ചിരിക്കുന്ന നിഹാരെയേ നോക്കി സാറാമ്മ ഒന്ന് ചിരിച്ചു

” കാന്താരി… ശരിക്കും ലില്ലിമോൾ തന്നെ.. ”

” ലില്ലി മോളോ… അതാരാ അമ്മച്ചി…”

” എന്റെ കുഞ്ഞു മോളാ ”

” മോളോ… കണ്ടോ കണ്ടോ…
കഷ്ട്ടമുണ്ടെട്ടോ അമ്മച്ചി.. അമ്മച്ചിയും ഇച്ചായനും ഇതുവരെ എന്നോട് പറഞ്ഞോ ജോണികുട്ടിയെ കുറിച്ചും ലില്ലി മോളെ കുറിച്ചും.. അപ്പോൾ ഞാനത്രയേയുള്ളല്ലേ.. ”

“കുഞ്ഞേ അതെല്ലാം മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങളാണ്…. ഇച്ചായന് അതൊന്നും ഇഷ്ടമാവില്ല, വെറുതെ മനസ്സിനെ വിഷമിപ്പിക്കാം അത് മാത്രമാണ് ചില ഓർമ്മകളുടെ ആകെയുള്ള ഗുണം,
അതുകൊണ്ടാണ് ഒന്നും പറയാഞ്ഞേ ”

“മ്മ്… അമ്മച്ചി… അല്ല ജോണിക്കുട്ടിയും ലില്ലിമോളുമൊക്കെ ഇപ്പോളെവിടെ ”

എന്റെ ചോദ്യത്തിന് ഒരു നേർത്ത തേങ്ങൽ മാത്രമേ ഞാൻ കേട്ടുള്ളൂ.. അമ്മച്ചിയുടെ കണ്ണുകൾ തോരാതെ ഒഴുകുകയായിരുന്നു

അത് കണ്ട ഞാൻ അമ്മച്ചിയുടെ അടുത്തോട്ട് ചേർന്നിരുന്നു തന്നോട് ചേർത്തോന്ന് പിടിച്ച്.. ആ ഹൃദയത്തിന്റെ വർധിച്ച ഇടിപ്പും ഇടയ്ക്കുള്ള തേങ്ങലും
തോരാത്ത കണ്ണുനീരും തന്നെ കൂടി ആ നോവിലേയ്ക്ക് അലിയിക്കുകയായിരുന്നു

കുറച്ച് നേരം അങ്ങനെ ഇരുന്നു
പിന്നീട് അമ്മച്ചി തുടർന്നു

“കുഞ്ഞേ… മുപ്പത് വർഷങ്ങൾക്ക് മുൻപാണ് ഇച്ചായന്റെ കൈയും പിടിച്ച് ഞാൻ ഈ നാട്ടിലേയ്ക്ക് വരുന്നത്. അന്ന് ഇച്ചായൻ കണ്ണൻ ദേവൻ തേയില ഫാക്ടറിയിലെ മേൽനോട്ടക്കാരൻ

എന്നെ ഇങ്ങ് കൊണ്ടുവരുമ്പോൾ സ്വാഗതം ചെയ്യുവാൻ മുൻപന്തിയിൽ ഉണ്ടായിരുന്നത് ഇച്ചായന്റെ ഉറ്റ സുഹൃത്തായ നീലകണ്ഠനും അയാളുടെ കുടുംബവുമായിരുന്നു

നീലകണ്ഠനും ഭാര്യ സതിയും രണ്ടു പെൺ മക്കൾ രേഖയും രാഖിയും. നീലകണ്ഠൻ തേയില ഫാക്ടറിയിലെ ഭക്ഷണ ശാലയിലായിരുന്നു ജോലി ചെയ്തിരുന്നത്

ഞാൻ വന്നു അധികം താമസിയാതെ തന്നെ സതിയുമായി നല്ല കൂട്ടായി,
ഒരു കൂടപ്പിറപ്പിനെ പോലെയായിരുന്നു ഞങ്ങളുടെ ബന്ധം. ഞങ്ങളുടെ അടുപ്പത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഇച്ചായനും നീലകണ്ഠനേട്ടനുമായിരുന്നു

കാലങ്ങൾ കടന്ന് പോയി ഒരു കുഞ്ഞിനു വേണ്ടി നാല് വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. അപ്പോഴൊക്കെയും തനിക്കും ഇച്ചായനും താങ്ങും തണലും ധൈര്യവും വിശ്വാസവുമൊക്കെ തന്നതും അവരായിരുന്നു

അങ്ങനെ കാത്തിരിപ്പുകൾക്ക് അവസാനമേകി ജോണിക്കുട്ടി ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് വന്നു. സന്തോഷങ്ങളുടെ നാളുകൾ ഒന്നൂടെ ഇരട്ടിയാക്കി അധികം താമസിയാതെ തന്നെ ലില്ലിക്കൂട്ടിയും വന്നു ചേർന്നു

ഞങ്ങളുടെ രണ്ടു കുടുംബവും സുഖത്തിലും ദുഃഖത്തിലും ഒന്നായി തന്നെ മുന്നോട്ട് നീങ്ങി

വർഷങ്ങൾ കടന്ന് പോയി രണ്ടു കുടുംബങ്ങൾക്കിടയിലുള്ള ബന്ധത്തിന്റെ വേരുകൾ ആഴ്ന്ന് പടർന്നുകൊണ്ടേ ഇരുന്നു
അതിനൊപ്പം ഞങ്ങളുടെ മക്കളും വളർന്നു, ഒരമ്മയുടെ മക്കളെന്നപോലെ

പലപ്പോഴും എന്റെ മക്കളുടെ ഭക്ഷണവും കിടപ്പും സതിയുടെ വീട്ടിലുമായിരുന്നു
അവരുടെ മക്കൾ ഇവിടെയും

സന്തോഷങ്ങൾക്ക് കണ്ണ് തട്ടാൻ അധികം സമയം വേണ്ടന്ന് പറയുംപോലെ. ഇടയ്ക്കെപ്പോഴോ ലില്ലിക്കുട്ടിയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി . എന്നും എപ്പോഴും എന്തിനും സതി ചിറ്റയും നീലകണ്ഠനച്ഛനും വേണ്ടിയിരുന്ന അവൾ,
അങ്ങോട്ടേക്കുള്ള പോക്കും വരവും കുറച്ചു

പഠിക്കുന്ന കുട്ടികളല്ലേ അതിന്റെ തിരക്കാകുമെന്നൊക്ക കരുതി കണ്ടില്ലെന്ന് വെച്ചു ഞാനും ഇച്ചായനും അവളിലെ മാറ്റങ്ങൾ

പലപ്പോഴും അവരുടെ കുടുംബം ഞങ്ങളുടെ വീട്ടിൽ വരുമ്പോൾ എല്ലാത്തിൽ നിന്നുമൊഴിഞ്ഞു മാറി അവൾ എന്റെ കൂടെ കൂടി

വളർന്നു വരുന്ന പെൺകുട്ടികളിൽ ഉണ്ടാകുന്ന ചെറിയ സ്വഭാവ മാറ്റം അത്രയേ തോന്നിയുള്ളു. അങ്ങനെ ദിവസങ്ങൾ കടന്നു ഒരിക്കൽ ഞാനും സതിയും ചന്തയിൽ സാധനങ്ങൾ മേടിക്കാൻ പോയി വരുമ്പോൾ കണ്ടത്

വീടിന് മുന്നിൽ തടിച്ചു കൂടി നില്ക്കുന്ന ആളുകളെയാണ്, ആൾക്കാരെ കണ്ടപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു ആദി വന്നു കൂടി കൊണ്ടേയിരുന്നു

വീടിനു മുന്നിലേക്കെത്തിയ ഞാൻ കണ്ടത് ര ക്തത്തിൽ കുളിച്ചു നില്ക്കുന്ന ജോണിക്കുട്ടിയെയാണ്
തൊട്ടടുത്തു നീലകണ്ഠൻ ചേട്ടനും ദേഹത്തു മുറിവുകളോടെ കിടപ്പുണ്ട്
ലില്ലിമോൾ കരഞ്ഞു കൊണ്ട് ഒരു മൂലയിലിരിപ്പുണ്ട്

എന്നെ കണ്ടതും ലില്ലിമോൾ ഓടിവന്നു
എന്നെ കെട്ടിപ്പിടിച്ചു വാവിട്ട് കരയുന്നുണ്ട്,
കരച്ചിലിനിടയിൽ അവളുടെ മുറിഞ്ഞ വാക്കുകളും കേൾക്കാം

“അമ്മച്ചി .. ജോണിചേട്ടായി.. ഞാൻ കാരണം ആണ്.. അയാള്.. അയാളെന്നെ…”

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല . നിലത്ത് കിടക്കുന്ന നീലകണ്ഠൻ ചേട്ടനെ കണ്ട് സതി അയാളുടെ അടുത്തോട്ട് ഓടിച്ചെന്നു അയാളെ വിളിച്ചു കരയുന്നുണ്ട്

നാട്ടുകാരിൽ പലരും പിറുപിറുത്ത് കൊണ്ട് എന്തൊക്കെയോ പറയുന്നുഅതിനിടയിൽ ഇച്ചായൻ ജോലിസ്ഥലത്ത് നിന്ന് വന്നത്

ഇവിടത്തെ കാഴ്ച്ച കണ്ട് അന്താളിച്ചു നിന്നുപോയി ഇച്ചായൻ. ആരോ വിളിച്ചു പറഞ്ഞു പോലീസും അപ്പോഴേയ്ക്കുമെത്തി. പോലീസിനെ കണ്ടപാടേ ജോണിക്കുട്ടി എന്റെയും ലില്ലി മോളുടെയും അടുത്തേയ്ക്ക് വന്നു

“അമ്മച്ചി… ഇയാള് എന്റെ ലില്ലിമോളേ..
എങ്ങനെ തോന്നി ഈ ദുഷ്ടന്
അവളെ തൊടാൻ.. അയാളുടെ മകളുടെ പ്രായം പോലുമില്ലല്ലോ അമ്മച്ചി നമ്മുടെ ലില്ലിമോൾക്ക്..

അപ്പച്ചനെ പോലെയല്ലേ ഞങ്ങൾ ഇയാളെ കാണുന്നെ.. എന്നിട്ടും അയാൾ..
അയാൾക്ക് എങ്ങനെ തോന്നി അയാളുടെ ദുഷ്ട്ട കണ്ണുകളുമായി നമ്മുടെ ലില്ലിമോളെ …”

അവൻ ദേഷ്യം കൊണ്ടും
സങ്കടം കൊണ്ടും വല്ലാതെ കിതച്ചു പോയി

കേട്ടത് വിശ്വസിക്കാനാവാതെ ഞാനും ഇച്ചായനും നിൽക്കുമ്പോൾ നാട്ടുകാരുടെ കൂട്ടത്തിൽ നിന്ന് ഒരു പോലീസുകാരൻ ജോണിക്കുട്ടിയുടെ അടുത്ത് വന്നു അവന്റെ കൈയിലിരുന്ന കത്തി മേടിച്ച് അവനെയും കൂട്ടി ജീപ്പിന്റെ അടുത്തേയ്ക്ക് പോയി

തിരിഞ്ഞൊന്ന് നോക്കാതെ നടക്കും മുന്നേ അവൻ ലില്ലിമോളെ ചേർത്ത് പിടിച്ച് പറഞ്ഞു

” മോള് വിഷമിക്കണ്ട മോളുടെ ഈ ചേട്ടായി ജീവനോടെയുള്ളപ്പോൾ
നീ ഒന്നുകൊണ്ടും പേടിക്കെണ്ട
ഒരാപത്തും വരില്ല.. നിനക്ക് സുരക്ഷയായി ഞാനുണ്ട്.. തെറ്റുകൾക്ക് നീ മൗനം കൊണ്ട് മറുപടി പറയരുത്,

എതിർക്കുക അതിപ്പോൾ ആരായാൽ കൂടിയും എപ്പോഴും നിന്നെ സംരക്ഷിച്ചു കൂട്ടായി നിൽക്കാൻ അമ്മച്ചിക്കോ അപ്പച്ചനോ പറ്റില്ല, അതിനാൽ നീ തന്നെ നിനക്ക് രക്ഷയായി മാറുക ”

അവന്റെയാ വാക്കുകൾ ഇന്നുമെന്റെ ചെവിയിൽ മുഴങ്ങുകയാണ്

നിസ്സാര പരുക്കുകളോടെ നീലകണ്ഠൻ രക്ഷപെട്ടു വെങ്കിലും, കൊലപാതക ശ്രമം ചുമത്തി തടവും വിധിച്ച് ജോണി കുട്ടിയെ ജുവൈനൽ തടങ്കൽ കേന്ദ്രത്തിലേയ്ക്കയച്ചു

നീലകണ്ഠൻ്റെ രാഷ്ട്രീയ സ്വാധീനം കൊണ്ട് കേസ് തലകീഴായി മറിഞ്ഞു.. ജോണിക്കുട്ടി വൈരാഗ്യത്തിൻ്റെ പേരിൽ നീലകണ്ഠനേ ആക്രമിച്ചു എന്ന രീതിയിൽ കേസ് മാറ്റാൻ അയാൾക്കായി

ആളുകളുടെ മുന്നിൽ ലില്ലിക്കുട്ടി ഒരു പരിഹാസ കഥാപാത്രമായി

ജോണിക്കുട്ടി ജുവനൈൽ ഹോമിൽ നിന്നും മടങ്ങി വരുന്ന ദിവസം രാവിലെ ജോണിക്കുട്ടിയെ കൂട്ടാൻ ഇച്ചായൻ ടൗണിലേക്ക് പുറപ്പെടാൻ നിൽക്കുമ്പോഴാണ് ആ വാർത്ത ഇടിത്തീ പോലെ ഞങ്ങളിലേക്ക് എത്തുന്നത്..

ജോണിക്കുട്ടി സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു,
ജോണിക്കുട്ടി അടക്കം മൂന്നു പേര്… മരിച്ചു.. ജോണിക്കുട്ടിയുടെ മരണവാർത്ത ഒരു തീരാ മുറിവായിരുന്നു ഞങ്ങൾക്ക്..

ഒരു നൂറായിരം സ്വപ്നങ്ങൾ ഒരു നിമിഷത്തിൽ നിലച്ചു പോയപോലെയായിരുന്നു.. എന്നും ഇച്ചായന്റെ താങ്ങായി എന്റെയും ലില്ലിക്കുട്ടിയുടെയും തണലായി ശക്തിയായിരുന്ന ഞങ്ങളുടെ കുഞ്ഞ്…

ഒരുനിമിഷം ഹൃദയം നിലച്ചപോലെ…

എന്റെ കുട്ടിക്ക് ഇങ്ങനെ ഒരു വിധി,
ഏത് മാതാപിക്കൾക്കാണ്
സഹിക്കാൻ കഴിയുക,
എങ്ങനെ അംഗീകരിക്കാൻ പറ്റും..

ജോണിക്കുട്ടി തിരിച്ചു വരുന്നതറിഞ്ഞപ്പോൾ തൊട്ട് ഓരോ നിമിഷവും കത്തിരിക്കുകയായിരുന്നു,

എന്റെ കുഞ്ഞിനെയൊന്ന് അടുത്ത് കാണാൻ, സ്നേഹത്തോടെ അവനിഷ്ടമുള്ള ഭക്ഷണമൊന്നൂട്ടാൻ , അവനെയൊന്ന് ചേർത്ത് പിടിക്കാൻ…
അവന്റെ “അമ്മച്ചി” എന്ന വിളിയൊന്ന് കേൾക്കാൻ ഒരുപാട് ഒരുപാട് കൊതിച്ചു..

പക്ഷേ വിധി… വിധിയിന്ന് അവനെ ഞങ്ങളുടെ മുന്നിൽ എത്തിച്ചതോ.. ഇങ്ങനെ..

അവന്റെ ചലനമാറ്റ ശരീരം,
അത്… അത് തനിക്ക് സഹിക്കുവാൻ പറ്റുന്നതിലും കൂടുതലായിരുന്നു..

ഏത് അമ്മയ്ക്ക് കാണാൻ കഴിയും.. താൻ ജന്മം കൊടുത്ത കുഞ്ഞിനെ ഇങ്ങനെ ഈ നിലയിൽ കാണാൻ..

അവന്റെ വേർപാട് ഞങ്ങളുടെ വീടിന്റെ പ്രകാശം കിടത്തി, നിശബ്ദതയുടെ ആഴങ്ങളിലേയ്ക്കാണ് അത് ഞങ്ങളെ ഓരോരുത്തരെയും കൊണ്ടുചേർത്താക്കിയത്..

ലില്ലിക്കുട്ടിക്ക് നടന്ന സംഭവങ്ങളൊക്കെയും മറക്കാൻ പറ്റുന്നതിലും ആഴത്തിൽ പതിഞ്ഞു പോയിരുന്നു…

താൻ കാരണം ജോണിചേട്ടായിക്ക് തന്റെ ജീവിതം നഷ്ടമായല്ലോ എന്ന ചിന്ത അവളിലെ മുറിവിന്റെ ആഴം കൂട്ടിക്കൊണ്ടേയിരുന്നു…

ദിവസങ്ങൾ കടന്ന് പോകും തോറും
നടന്ന വിഷയങ്ങൾ നാട്ടുകാർ പൊടിപ്പും തൊങ്ങലും ചേർത്ത് ആളി പടർത്തി കൊണ്ടിരുന്നു

ലില്ലി വീട്ടിൽനിന്നും പുറത്തേക്ക് പോകാതെയുമായി . അന്നത്തെ സംഭവത്തെ തുടർന്ന്
ഞങ്ങളും നീലകണ്ഠന്റെ കുടുംബവുമായുള്ള ബന്ധം ഇല്ലാതായി

നാട്ടിൽ തങ്ങൾ ഒറ്റപ്പെട്ട പോലെയായി..

ജോണിക്കുട്ടി തന്റെ പെങ്ങളൂട്ടിയെ രക്ഷിക്കാൻ വേണ്ടിയാണ് നീലകണ്ഠനെ വെട്ടിയതെങ്കിലും, സമൂഹം ലില്ലിക്കുട്ടിയെ കുറ്റക്കാരിയാക്കി മാറ്റി,
അവളുടെ സ്വഭാവ ശുദ്ധിയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി

സമയം കടന്ന് പോയിക്കൊണ്ടേയിരുന്നു

നീലകണ്ഠന്റെ കഴുകൻ കണ്ണുകൾ ഒളിഞ്ഞും മറിഞ്ഞും ലില്ലിക്കുട്ടിയിൽ പതിഞ്ഞു കൊണ്ടേയിരുന്നു

അങ്ങനെയിരിക്കെ ഒരുദിവസം സതിയുടെ വീട്ടിൽ നിന്ന് ഒരു കൊച്ചിന്റെ നിർത്താതെയുള്ള നിലവിളി കേട്ടാണ്,
ഞാനും ലില്ലിമോളും അങ്ങോട്ടേക്ക് ശ്രദ്ധിക്കുന്നത്

നിലവിളി കൂടും തോറും എന്തൊ ഒരു പന്തികേട് തോന്നി ഞങ്ങൾക്ക്,
അതുകൊണ്ട് തന്നെയാണ്
വർഷങ്ങളായി പോക്ക് വരവ് ഇല്ലായിരുന്ന അങ്ങോട്ടേക്ക് ഒന്ന് ചെന്ന് നോക്കാൻ തീരുമാനിച്ചത്

സതിയുടെ വീട്ടിലേയ്ക്ക് കടന്നു ചെന്ന ഞാനും ലില്ലിയും കാണുന്നത്,
അഞ്ചു വയസ്സ് പ്രായം പോലും തികയാത്ത തന്റെ പേരക്കുട്ടിയുടെ ദേഹത്ത് ഒരു ഭ്രാന്തനെ പോലെ മേയുന്ന നീലകണ്ഠനെയാണ്..

കണ്ട കാഴ്ച്ച വിശ്വസിക്കാനാവാതെ ഞാൻ സ്തംഭിച്ചു നിന്നു പോയി,
പക്ഷേ ആ നേരം കൊണ്ട് ലില്ലിക്കുട്ടി അടുക്കളയിൽ പോയി അവിടെ നിന്ന് കൈയിൽ കിട്ടിയ വാകത്തിയുമായി വന്നു, നീലകണ്ഠനെ തള്ളി മാറ്റി അയാളെ ആഞ്ഞു വെട്ടി..

ആഞ്ഞു വെട്ടുമ്പോഴും അവൾ പറയുന്നത് അവിടമാകെ മുഴങ്ങുന്നുണ്ടായിരുന്നു..

” ചാവണം… നിന്നെപോലെയുള്ള ആളുകൾ ചാവുന്നതാണ് നല്ലത്…
അമ്മയേതാ കുഞ്ഞേതായെന്ന് അറിയാത്ത നീയൊക്കെ ജീവിച്ചിരിക്കാൻ പാടില്ല..

പെണ്ണിന്റെ ഉടലിനോട് കാ മക്കണ്ണോടെ നോക്കുന്ന നീയൊക്കെയാണ്
നാടിന്റെ ശാപം.. ഒരിക്കൽ നീ എന്നെ നശിപ്പിക്കാൻ നോക്കിയപ്പോൾ,
എന്റെ ചേട്ടായി നിനക്കുള്ള ശിക്ഷ തന്നതാ…

വർഷങ്ങളോളം കിടന്ന കിടപ്പിൽ കിടന്നപ്പോൾ നിങ്ങൾ നന്നായെന്നാ ഞാൻ കരുതിയത്… ചേട്ടായി തന്ന ശിക്ഷ കുറഞ്ഞുപോയെന്ന് ഇന്നാണ് എനിക്ക് തോന്നിയത്..

സ്വന്തം ചോരയെ പോലും തിരിച്ചറിയാൻ പറ്റാത്ത നീ ഒരു മനുഷ്യനാണോ.. പറക്കമറ്റാത്ത പിഞ്ചു കുഞ്ഞല്ലേ..
അവളെ പോലും നിങ്ങൾ വിട്ടില്ലല്ലോ…
ദുഷ്ടനെന്ന പദം പോലും നിനക്ക് ചേരില്ല… അത്രയ്ക്കും നീചപ്രവർത്തിയല്ലേ നീ ചെയ്തത്..

ഒരിക്കൽ എന്റെ മാനം ഇല്ലാതാക്കി,
ജീവിതം തകർത്തു, എന്റെ ചേട്ടായുടെ ജീവിതവും പോയി, നാട്ടുകാരുടെ മുന്നിൽ എന്റെ കുടുംബം അത്രമേൽ നാണം കെട്ടു.. ഇപ്പോൾ ദാ ഈ പിഞ്ചു കുട്ടി കൂടി.. ഇല്ല… ഇനി ഒരാൾക്കും ഇങ്ങനെ സംഭവിക്കരുത്..

നിന്റെ മരണം എന്റെ കൈ കൊണ്ട് തന്നെയാവുന്നതാണ് അതിന്റെ ശരി..
അതെ നീയൊക്കെ മരിക്കുന്നതാ നല്ലത്… മരിക്കണം നിന്നെ പോലെയുള്ള കാ മഭ്രാന്തൻമാർ.. ”

അലറി വിളിച്ചു കൊണ്ട് ഓരോന്ന് പറഞ്ഞു വീണ്ടും വീണ്ടും ആഞ്ഞു വെട്ടുമ്പോൾ അവളിൽ അന്ന് വരെ അടങ്ങി കിടന്നിരുന്ന രോഷവും ദേഷ്യവും എല്ലാം കാണാമായിരുന്നു…

ഇതെല്ലാം കണ്ട് തകർന്നു നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ…. സമയങ്ങൾ കടന്ന് പോകും തോറും സതിയും മക്കളും നാട്ടുകാരും അവിടെ വന്നു ചേർന്ന് കഴിഞ്ഞിരുന്നു…

വനിതാ പോലീസ് ലില്ലിക്കുട്ടിയെ കൊണ്ടുപോകുമ്പോൾ ലോകം തന്നെ നഷ്ട്ടപ്പെട്ട നിലയിൽ നിൽക്കുവാനേ കഴിഞ്ഞിരുന്നുള്ളു ഞങ്ങൾക്ക്. കുറച്ച് നിമിഷങ്ങളുടെ നിശബ്ദതയ്‌ക്ക് ശേഷം സാറാമ്മ നിഹാരയെ നോക്കി അപ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു

” കുഞ്ഞേ..”

” എന്താ അമ്മച്ചി ”

“കുഞ്ഞിനി എഴുതുമ്പോൾ പറ്റുമെങ്കിൽ എഴുതണം എന്റെ മക്കളുടെ കഥ.. ഇനി ഒരു പെൺകുട്ടിക്കും ഇങ്ങനെ സംഭവിക്കരുത്.. ജോണിക്കുട്ടിയെ പോലെ ഒരുപാട് ആങ്ങളമാർ നമുക്ക് ചുറ്റും ഇന്നും കാണാം …

പെണ്ണിന്റെ ശരീരം മോഹിച്ചു കഴുകൻ കണ്ണുകളുമായി നടക്കുന്ന ഒരുപാട് നീലകണ്ഠന്മാർ നമുക്ക് ചുറ്റുമുണ്ട്,
അവർ ചെയുന്ന കാര്യങ്ങൾ കൊണ്ട് മാനം പോയി മനസ്സ് മരവിച്ചു ജീവിക്കുന്ന ഒരുപാട് പേരുണ്ടാവും..

അനീതിക്കെതിരെ ഒരു വാക്ക് മിണ്ടാനാവാതെ എല്ലാം സ്വന്തം കുറ്റമായി കണ്ട് ശപിച്ചു ജീവിക്കുന്നവരും ഉണ്ടാവും… അവരുടെയൊക്കെ സ്വരമായി ധൈര്യമായി മാറണം കുഞ്ഞിന്റെ തൂലിക..

കുഞ്ഞിന് അതാവാൻ കഴിയും..
ഇച്ചായൻ പറഞ്ഞു കുഞ്ഞിന്റെ അക്ഷരങ്ങൾക്ക് വല്ലാത്ത മൂർച്ചയാണെന്ന്…. ഈ അമ്മച്ചിക്ക് വേണ്ടി ഒന്ന് ശ്രമിക്കോ…”

” അമ്മച്ചി.. ഞാൻ…. ഞാൻ ശ്രമിക്കാം…. ഇനി മുതൽ അതിന് വേണ്ടി ഞാൻ ശ്രമിക്കാം അമ്മച്ചി… ”

വർഷങ്ങൾ കഴിഞ്ഞു,
അന്ന് അമ്മച്ചിയോടും ഡേവിഡ് ഇച്ചായനോടും വിടപറഞ്ഞിറങ്ങുമ്പോൾ മനസ്സിൽ ഒരു നോവായി ലില്ലിക്കുട്ടിയും ജോണിക്കുട്ടിയുമുണ്ടായിരുന്നു.

ഇന്ന് അവരുടെ കഥ “പാപനാശിനി” എന്ന പേരിൽ പൂർത്തീകരിച്ചു പ്രസദ്ധീകരിക്കുമ്പോഴും,
നീതി കിട്ടാതെ ലില്ലിക്കുട്ടി സെൻട്രൽ ജയിലിൽ കഴിയുന്നു…

ഒരു പിഞ്ചു കുഞ്ഞിനെ നശിപ്പിക്കാൻ ശ്രമിച്ച, ഒരിക്കൽ തന്നെ നശിപ്പിച്ച ഒരാളെ കൊല്ലേണ്ടി വന്ന ലില്ലിക്കുട്ടിയുടെ പ്രവർത്തി അവളുടെ കണ്ണിൽ ശരിയാണെങ്കിലും അത് ഇന്നും ന്യായത്തിന്റെ പട്ടികയിൽ കയറി പറ്റിയിട്ടില്ല ,

കാരണം ഒരാളുടെ ജീവനെടുക്കുന്നതിനേക്കാളും വലിയ കുറ്റകൃത്യം മറ്റൊന്നുമില്ല..

നീതിക്ക് വേണ്ടി ഇന്നും അലയുന്നുണ്ട് ഇതുപോലെ ഒരുപാട് ലില്ലിക്കുട്ടിമാരും ജോണിക്കുട്ടിമാരും.

ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന നീതി വാക്കിൽ വിശ്വസിച്ച് നീതിപീഠത്തിന് മുന്നിൽ നിൽക്കുമ്പോഴും പലപ്പോഴും യഥാർത്ഥ നീതി നിഷേധിക്കപ്പെടുന്നു.

“പാപനാശിനി” യെന്ന തന്റെ പുസ്തകത്തിലൂടെ ഇന്ന് ലോകം ലില്ലിക്കുട്ടിയേയും ജോണിക്കുട്ടിയേയും അടുത്തറിയുമ്പോൾ, ഈ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുക സാറാമ്മച്ചിയായിരിക്കും,

കാരണം തന്റെ മക്കളുടെ നിരപരാധിത്വം ഇനിയെങ്കിലും സമൂഹം അറിയുമല്ലോയെന്ന ധാരണയിൽ.

സാറാമ്മച്ചിയുടെ ആശ പോലെ നിഹാരികയുടെ തൂലിക
ശബ്ദം നിഷേധിച്ചവരുടെ ശബ്‌ദമായും,
ദുർബലരായവർക്ക് ധൈര്യമായും ശക്തിയായും
ഇരുട്ടുമൂടിയ ജീവിതങ്ങളൾക്ക് ഒരു പ്രകാശവലയമായും
ഇനിയെന്നും കൂടെയുണ്ടാവും …..

Leave a Reply

Your email address will not be published.