അപ്പോൾ അയാളുടെ മുഖത്ത് ഉണ്ടായിരുന്ന ഭാവം തന്റെ കൂടെ കിടന്ന നാളുകളിൽ..

രാത്രി കാഴ്ചകൾ
(രചന: Noor Nas)

സ്ട്രീറ്റ് ലൈറ്റുകളുടെ വെട്ടം വീണു കിടക്കുന്ന രാത്രി നഗരം. നഗരത്തിന്റെ ഇരുട്ട് വീണു കിടക്കുന്ന ഏതോ ഒരു മുലയിൽ നിന്നും മുടികൾ വാരി കെട്ടി ക്ഷിണത്തോടെ സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിലേക്ക് ഇറങ്ങി വന്ന സീത.

അവളുടെ തലയിൽ കിടക്കുന്ന മുല്ലപ്പു പൂക്കൾ ഒരു യുദ്ധം കഴിഞ്ഞ ഭൂമിയിലേ ചത്തു വീണു കിടക്കുന്ന പടയാളികളെ പോലെ തോന്നിപ്പിച്ചു..

അവൾ മുടിയൊന്നു വാരി കെട്ടിയപ്പോൾ ആവണം അതെല്ലാം കൊഴിഞ്ഞു താഴെ വീണു..

വെട്ടത്തും നിന്നും കൈയിൽ ഉള്ള നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തുന്ന സീത.

അവളുടെ നെറ്റിയിലെ ചുവന്ന സിന്ധുരം വിയർപ്പിൽ മുങ്ങി പടർന്നു പിടിച്ചിരുന്നു.
ആ ചുവപ്പും സീതയുടെ കണ്ണുകളിലും കാണാ..

സീത വഴിയേ പോയ ഒരാളോട് സമ്മയം ചോദിച്ചു.

അയാൾ സമ്മയം പറഞ്ഞപ്പോൾ സീത അറിഞ്ഞു അപ്പോ നാട്ടിലേക്കുള്ള ലാസ്റ്റ് ബസും പോയി.. പിന്നെ അവളുടെ കണ്ണുകൾ ആ നഗരത്തിൽ തേടിയത് ഈ രാത്രി തല ചായ്‌ക്കാൻ ഒരിടം..

ലാസ്റ്റ് ബസുകൾ നഷ്ടപെടുന്ന രാത്രികളിൽ പതിവ് പോലെ കിടക്കാറുള്ള ആ തുണിക്കട
ലക്ഷ്യമാക്കി സീത നടക്കുബോൾ..

പിറകിൽ നിന്നും ഒരു വിളി..

സീത. തിരിഞ്ഞു നോക്കി തന്റെ അച്ഛന്റെ പ്രായം തോന്നിക്കുന്ന ഒരു കിളവൻ.. അയാൾ മ ദ്യ ലഹരിയിൽ ആയിരുന്നു..

സീതയോട് അയാൾ എന്താടി നിന്റെ ഇന്നത്തെ കച്ചോടം നിർത്തി ഷട്ടർ ഇട്ടോ ?

സീത. ഇന്നി ഇന്ന് വയ്യ അമ്മാവാ
ആകെ ക്ഷിണിച്ചു ഇരിക്കുകയാ. ഞാൻ എവിടെയെങ്കിലും ചെന്ന് ഒന്നു വീഴട്ടെ..

അയാൾ അതിനെന്താ നീ കിടന്നു ഉറങ്ങിക്കൊടി നിന്റെ ഒരാത്ത് എങ്ങാനും കിടന്ന് എന്റെ കാര്യം സാധിപ്പിച്ചിട്ട് ഞാൻ പൊക്കൊളാ ശേഷം പോക്കറ്റിൽ നിന്നും കുറച്ചു നോട്ടുകൾ എടുത്തു അവൾക്ക് നേരെ നീട്ടി ക്കൊണ്ട്

ഇതാ നിന്റെ കൂലി നീ ഇപ്പോളെ പിടിച്ചോ?

സീത. അത് വക വെക്കാതെ നടന്നു പോകുബോൾ പിറകിൽ നിന്നും. അയാൾ.

എന്താടി എന്റെ പ്രായം ആണോ നിന്റെ പ്രശ്‌നം എങ്കിൽ നിന്നക്ക് തെറ്റ് പറ്റി.

സീത.. നടന്നു അകലുബോൾ രാത്രിയുടെ നിശബ്തയിൽ നിന്നും കേൾക്കാം അയാൾ എന്തക്കയോ വിളിച്ചു പറയുന്നത്..

പക്ഷെ അവൾ അതൊന്നും വക വെച്ചില്ല

അടിച്ചിട്ട ഒരു തുണികടയുടെ മുന്നിൽ എത്തിയപ്പോൾ അവൾ ഒന്നു നിന്നു.

പിന്നെ അതിന്റെ വരാന്തയിൽ കയറി.
കിടന്നു.. റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റ് വെട്ടം അവളുടെ മുഖത്ത് വന്ന് വീണു പോകുബോൾ അവൾ സാരിയുടെ അറ്റം മുഖത്തേക്ക് ഇട്ടു.

അവളുടെ കണ്ണുകളെ തഴുകി പോയ ഉറക്കം..

പിറ്റേന്ന് രാവിലെ ആരോ ചവിട്ടിയപ്പോൾ ആണ് സീത ഞെട്ടി ഉണർന്നത്.

കിടന്ന കിടപ്പിൽ തന്നെ അവൾ മുകളിലേക്ക് നോക്കി തന്റെ മുഖത്തിന് നേരെ തുങ്ങി നിൽക്കുന്ന തുണികടയുടെ മുതലാളിയുടെ അരയിൽ തുങ്ങി നിൽക്കുന്ന താക്കോൽ കൂട്ടം..

അയാൾ. എന്താടി നിന്റെ സ്ഥിരം അന്തിമയക്കം എന്റെ കടയുടെ വരാന്തയിലേക്ക് മാറ്റിയോ?

നിന്നെ എന്നും വിളിച്ചു ഉണർത്താൻ ഞാൻ എന്താടി നീ സെറ്റു ചെയ്‌തു വെച്ച അലാറമാണോ ?

ഞാൻ നിന്നോട് ഇന്നാള് പറഞ്ഞതല്ലെ. ഇവിടെ കിടന്നോ പക്ഷെ നേരം വെളുക്കും മുൻപ്പ് എഴുനേറ്റ് പോയിക്കോണമെന്ന്.

സീത മുടികൾ വാരി കെട്ടി എഴുനേറ്റ് ക്കൊണ്ട് ഇന്നലെ അൽപ്പം വൈകി പോയി സാറേ.. ഇന്നലെ രാത്രിയും നാട്ടിലേക്കുള്ള ബസ് കിട്ടിയില്ല..

അയാൾ ഒന്നു മുളി ശേഷം..ഉം പൊക്കോ

സീത അവിടെന്ന് നടന്നു നിങ്ങുബോൾ അവളുടെ മനസ് വീണ്ടും ഒരു രാത്രിക്കായി കാത്തിരിക്കുകയായിരുന്നു..

ആ കാത്തിരിപ്പിനു ഇനിയും മണ്ണിക്കൂറുകൾ ഉണ്ടെന്ന ഓർമ്മ പെടുത്തലുമായി പിറകിൽ നിന്നും കേട്ട

തുണി കടയുടെ ഉയർന്നു പൊങ്ങിയ ഷട്ടറിന്റെ ശബ്‌ദം…

അവൾ കുറച്ചു സമ്മയം അങ്ങനെ തന്നെ നിന്നു. അവള്ക്ക് മുന്നിൽ നിർത്തിയ ഒരു കാറിന്റെ ഗ്ലാസിലൂടെ അവൾ കണ്ടു. ബക്കറ്റിൽ വെള്ളവുമായി വന്ന മുതലാളി.

ആ ഇടം ചൂല് ക്കൊണ്ട് അടിച്ചു വൃത്തിയാക്കുന്നത്…

അപ്പോൾ അയാളുടെ മുഖത്ത് ഉണ്ടായിരുന്ന ഭാവം തന്റെ കൂടെ കിടന്ന നാളുകളിൽ അയാളുടെ മുഖത്ത് താൻ കാണാത്ത വെറുപ്പിന്റെ ഭാവമായിരുന്നു…..

സീത ഒന്നു സ്വയം പുച്ഛിച്ചു ക്കൊണ്ട്

പകലെ നീയാണ് മാന്യന്മാരുടെ മുഖമുടി
നിയാണ് അവരുടെ രക്ഷകൻ

രാത്രിയാകട്ടെ അത് പിച്ചി ചിന്തി എറിയുന്ന ഒരു സത്യവും… അത് കൊണ്ടാവണം ഒരിക്കലും നിങ്ങൾ പരസ്പരം ചേർന്ന് പോകാത്തത്..

പിന്നെയും ഒരു രാത്രി സീതയുടെ നെറ്റിയിൽ ഒരു പുതു സിന്ധുരംകൂടി പിറവിയെടുത്തു

തലയിൽ വാടാത്ത മുല്ല പൂക്കളും വിണ്ടുമൊരു രാത്രിയുടെ പിറവിക്കായി ആ നഗരത്തിലെ ഏതോ ഒരു മുലയിൽ ഇപ്പോളും സീത കാത്തിരിക്കുന്നു.

എല്ലാം കഴിഞ്ഞു തിരിച്ചു പോകാൻ ഇടമില്ലാത്ത അവളുടെ സങ്കൽപത്തിലെ ഇല്ലാത്ത ലാസ്റ്റ് ബസും കാത്ത്…

അവസാനം എല്ലാം കഴിഞ്ഞു വീണ്ടും ആ കട തിണ്ണയിലേക്ക്…

( ഒരു വേശ്യയെ വെറുപ്പോടെ നോക്കാൻ എന്താണ് കാരണം.. കാരണം ഒന്നേയുള്ളു അവരുടെ ജീവിത കഥ നമ്മൾക്ക് അറിയില്ല ചോദിക്കാൻ നമ്മൾ മേനക്കേടാറുമില്ല.. പക്ഷെ എല്ലാത്തിനും പിറകിൽ ഒരു പുരുഷന്റെ നിഴൽ ഉണ്ട്‌..)

Leave a Reply

Your email address will not be published. Required fields are marked *