അല്ലെങ്കിൽ വീട്ടുകാർ പറയുന്നത് ആരെയാണോ അയാൾക്ക് മുന്നിൽ കഴുത്ത് നീട്ടി കൊടുക്കാനുള്ള ബാധ്യത നിനക്കുണ്ട്..

(രചന: ശ്രേയ)
©️ᴋᴀᴅʜᴀᴋᴏᴏᴛᴛᴜ ഈ കഥയുടെ കോപ്പിറൈറ്റ് ഞങ്ങൾ വാങ്ങിയിട്ടുള്ളതാണ്.. ഞങ്ങളുടെ അനുവാദം കൂടാതെ ഈ കഥകൾ മറ്റെവിടെയും പോസ്റ്റ് ചെയ്യാൻ പാടുള്ളതല്ല

” ഇനിയെങ്കിലും നീ എന്തെങ്കിലും ഒരു തീരുമാനത്തിൽ ഉറച്ചു നിൽക്കണം. ഒന്നുകിൽ നിന്റെ ഇഷ്ടം നീ അവനെ അറിയിക്കണം .

അല്ലെങ്കിൽ വീട്ടുകാർ പറയുന്നത് ആരെയാണോ അയാൾക്ക് മുന്നിൽ കഴുത്ത് നീട്ടി കൊടുക്കാനുള്ള ബാധ്യത നിനക്കുണ്ട്. ”

പ്രിയപ്പെട്ട സുഹൃത്ത് സിമിയുടെതായിരുന്നു ആ വാക്കുകൾ. പക്ഷേ അത് നീലിമയിൽ നൽകിയ ആഘാതം ചെറുതായിരുന്നില്ല. അവൾ ഞെട്ടലോടെ സിമിയെ നോക്കി.

“അവനെ മറന്നു മറ്റൊരു ജീവിതത്തിന്.. അത് എനിക്ക് സാധിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.? ഒരിക്കലും കഴിയില്ല എന്നെക്കൊണ്ട്.?”

നീലിമ വേദനയോടെ പറയുമ്പോൾ സിമിക്കും ആകെ വല്ലാതായി.

പക്ഷേ വർഷങ്ങളായി അവളുടെ കണ്ണീരും വേദനയും മാത്രം കാണുന്ന സിമയ്ക്ക് അവളെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു.

തന്നെയുമല്ല ഇനിയും എത്ര കാലം കൂടി അവൾ ഈ വേദന സഹിക്കേണ്ടി വരും എന്നോർക്കുമ്പോൾ സിമിക്ക് ആകെ ഒരു പരവേശമാണ്.

എങ്ങനെയും ഈ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം എന്നുള്ളത് സിമിയുടെ നിർബന്ധം ആയിരുന്നു.

” നിന്നോട് പലതവണ ഞാൻ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുള്ളതാണ്.

അപ്പോഴൊക്കെയും വ്യക്തമായ ഒരു മറുപടി പറയാതെ കൃത്യമായ തീരുമാനങ്ങൾ ഇല്ലാതെ നമ്മുടെ ചർച്ചകൾ പകുതി വഴിയിൽ അവസാനിച്ചു പോവുകയാണ് പതിവ്. പക്ഷേ ഇനിയും അത് തുടർന്നാൽ നഷ്ടമാകുന്നത് നിന്റെ ജീവിതമായിരിക്കും.

അങ്ങനെ ഒരു അവസ്ഥയിലേക്ക് നിന്നെ കൊണ്ടുചെന്നു വിടാൻ എനിക്ക് താല്പര്യമില്ല. അതുകൊണ്ടു തന്നെയാണ് വീണ്ടും വീണ്ടും ഈ കാര്യത്തെക്കുറിച്ച് ഞാൻ നിന്നോട് സംസാരിക്കുന്നത്.”

സിമി കുറച്ച് ഗൗരവത്തിൽ തന്നെയായിരുന്നു.

” ഞാനെന്തു വേണം എന്നാണ്..? എന്റെ അവസ്ഥ എന്നെക്കാൾ നന്നായി നിനക്കറിയാവുന്നതല്ലേ..? പിന്നെങ്ങനെയാ..? ”

നീലിമ സങ്കടത്തോടെ ചോദിച്ചപ്പോൾ ഇക്കുറി സിമിക്ക് കുറച്ചു ദേഷ്യം വന്നു.

” നിന്റെ എന്ത് അവസ്ഥയെക്കുറിച്ച് ആണ് നീ പറയുന്നത്..? നീ പറയുന്നത് കേട്ടാൽ തോന്നും നീയും അവനും കഴിഞ്ഞ കുറെ വർഷങ്ങളായി അഗാധമായി പ്രണയിക്കുകയാണെന്ന്.

പക്ഷേ ഇന്ന് വരെ പരസ്പരം തുറന്നു പറഞ്ഞിട്ട് പോലുമില്ലാത്ത ഒരു ഇഷ്ടത്തിന് ചൊല്ലിയാണ് നീ നിന്റെ ജീവിതം ഇങ്ങനെ നഷ്ടമാക്കുന്നത് എന്ന് മറന്നു പോകരുത്.”

സിമിയുടെ ആ വാക്കുകൾ കേട്ടപ്പോൾ നീലിമ കൂടുതൽ തളർന്നു.

അവൾ പറഞ്ഞത് ശരിയാണ്. പരസ്പരം പ്രണയിച്ചു നടന്നിട്ടില്ല. എന്തിനേറെ പറയുന്നു പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞിട്ട് പോലുമില്ല.. അങ്ങനെയുള്ളപ്പോൾ തന്റെ ഓരോ ഭാവങ്ങളും ഭ്രാന്തു പോലെ മാത്രമേ കണ്ടു നിൽക്കുന്നവർക്ക് തോന്നൂ..!

നീലിമ ഓർത്തു.

പക്ഷേ എന്നെ ഏറ്റവും നന്നായി അറിയാവുന്നത് അവൾക്കല്ലേ..? എന്റെ പ്രണയം ഏറ്റവും ആദ്യം ഞാൻ വെളിപ്പെടുത്തിയത് അവളോട് ആയിരുന്നില്ലേ..?

ഇന്നുവരെ എല്ലാ കാര്യങ്ങളും ഞാൻ ഷെയർ ചെയ്യുന്നത് അവളോടല്ലേ.? എന്നിട്ടും എന്റെ മനസ്സ് മനസ്സിലാക്കാതെ അവൾ എന്തിനാണ് എന്നെ ഇങ്ങനെ ടോർച്ചർ ചെയ്യുന്നത്..?

പരിഭവം കൊണ്ട് നീലിമയുടെ മുഖം വീർത്തു.

” നീ ഇപ്പോൾ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത് എന്ന് എനിക്ക് നന്നായി അറിയാം. ഞാൻ നിന്നെ മനസ്സിലാക്കുന്നില്ല. നിന്റെ അവസ്ഥ എനിക്കറിയില്ല. ഇങ്ങനെയൊക്കെ തന്നെയല്ലേ..?

അല്ലെങ്കിൽ ഒരുപക്ഷേ നിന്റെ പ്രണയം ആദ്യം മുതൽ അറിയാമായിരുന്നിട്ടും ഇപ്പോൾ ഈ അവസാനം നിമിഷം ഞാൻ എന്തിനാണ് ഇങ്ങനെ തന്നെ ഉപദേശിക്കുന്നത് എന്ന് നീ ചിന്തിക്കുന്നുണ്ടാവും. പക്ഷേ എല്ലാത്തിനും അതിന്റേതായ കാരണങ്ങളുണ്ട്. ”

സിമി പറഞ്ഞു തുടങ്ങിയപ്പോൾ നീലിമ അവളെ ശ്രദ്ധിച്ചു.

“നിനക്ക് പ്രായം എത്രയായി എന്നറിയാമോ..? 26 വയസ്സ്.. അത് വലിയൊരു പ്രായമാണ് എന്നൊരു അഭിപ്രായം ഒന്നും എനിക്കില്ല.

പക്ഷേ അച്ഛന്റെയും അമ്മയുടെയും ഒറ്റമകളായ നിന്റെ വിവാഹം നടന്നു കാണാത്തതിന്റെ പേരിൽ നിന്റെ അച്ഛനും അമ്മയും എത്രത്തോളം വേദനിക്കുന്നുണ്ട് എന്ന് നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..?

ചില മാതാപിതാക്കളെ പോലെ 18 വയസ്സ് കഴിഞ്ഞപ്പോൾ തന്നെ നിന്റെ കല്യാണം നടത്തണം എന്നൊന്നും അവരാരും നിന്നോട് പറഞ്ഞിട്ടില്ല.

പകരം നിനക്ക് ഇഷ്ടമുള്ള അത്രയും പഠിക്കണം നല്ലൊരു ജോലി വാങ്ങണം അതിനുശേഷം നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടെങ്കിൽ അത് അവരോട് തുറന്നു പറഞ്ഞാൽ അവർക്കും കൂടി സമ്മതമാണെങ്കിൽ വിവാഹം നടത്താം എന്നല്ലേ അവർ പറഞ്ഞത്..?

അഥവാ ആ സമയത്ത് നിന്റെ മനസ്സിൽ ആരുമില്ലെങ്കിൽ അവർ നല്ലൊരു പയ്യനെ കണ്ടെത്തി തരാം എന്നും അവർ പറഞ്ഞിട്ടുണ്ട്. ഇതൊക്കെ പലപ്പോഴായി നീ തന്നെ പറഞ്ഞു ഞാൻ അറിഞ്ഞ കാര്യങ്ങളാണ്. ശരിയല്ലേ..?”

സിമി ചോദിച്ചപ്പോൾ യാന്ത്രികമായി നീലിമ തലയാട്ടി.

“നിനക്ക് നിന്റെ ജീവിതത്തെക്കുറിച്ചും നിന്റെ വിവാഹത്തെക്കുറിച്ചും വ്യക്തമായ ധാരണകൾ ഉണ്ടായിരുന്നു. അതുകൊണ്ടാണല്ലോ കൃത്യം ഇരുപത്തി മൂന്നാം വയസ്സിൽ നല്ലൊരു ജോലി നേടിയെടുക്കാൻ നിന്നെക്കൊണ്ട് കഴിഞ്ഞത്.

ഇപ്പോൾ നീ ജോലി ചെയ്യാൻ തുടങ്ങിയിട്ട് മൂന്ന് വർഷത്തോളമാകുന്നു. ജോലി കിട്ടി ഒരു വർഷം കഴിഞ്ഞതിനുശേഷം മാത്രം വിവാഹത്തിനെ കുറിച്ച് ചിന്തിച്ചാൽ മതി എന്ന് നീ വീട്ടിൽ പറഞ്ഞിട്ടുണ്ടായിരുന്നു.

നീ പറഞ്ഞ അത്രയും കാലയളവ് വരെ അവരാരും വിവാഹം എന്ന വാക്ക് പോലും വീട്ടിൽ പറഞ്ഞിട്ടില്ല. ആ പേരിൽ നിന്നെ ശല്യം ചെയ്തിട്ടില്ല.

പക്ഷേ അപ്പോഴും നീ നിന്റെ മനസ്സിലുള്ളത് അവരോട് തുറന്നു പറഞ്ഞില്ല. എന്തിനേറെ പറയുന്നു ഒറ്റക്കാഴ്ചയിൽ നിന്റെ മനസ്സ് കവർന്ന അവനോട് പോലും നീ നിന്റെ ഇഷ്ടം പറഞ്ഞിട്ടില്ല.

എന്നിട്ടും അവനെ നീ ഉള്ളിൽ ഇട്ട് സ്നേഹിക്കുന്നുണ്ട്. അവന്റെ മറുപടി അറിയാൻ വേണ്ടി മാത്രം നിന്റെ വിവാഹ കാര്യം പറയുന്ന അച്ഛനോടും അമ്മയോടും നീ എതിർത്തു നിൽക്കുന്നുണ്ട്.

പക്ഷേ ഇതിലൊക്കെ എന്തെങ്കിലും ഒരു അർത്ഥം ഉണ്ടെന്ന് നിനക്ക് തോന്നുന്നുണ്ടോ..? നീ അവനോട് ഇഷ്ടം പറയാത്തിടത്തോളം കാലം അവന്റെ മനസ്സിൽ എന്താണെന്ന് ഒരിക്കലും നമ്മൾ അറിയാൻ പോകുന്നില്ല.

അത് അറിഞ്ഞില്ല എന്നുള്ള പേരിൽ ഇനിയും നിന്റെ അച്ഛനെയും അമ്മയെയും വേദനിപ്പിക്കാൻ തന്നെയാണോ നിന്റെ ഒരുക്കം..? ”

സിമി ചോദിച്ചു കഴിഞ്ഞപ്പോൾ അതൊക്കെയും ശരിയാണെന്ന് നീലിമയ്ക്ക് തന്നെ തോന്നുന്നുണ്ടായിരുന്നു. തന്റെ എല്ലാ കാര്യങ്ങളിലും ഒരു വാക്കുപോലും എതിര് പറയാതെ തന്നെ സപ്പോർട്ട് ചെയ്യുന്നത് തന്റെ ഫാമിലിയാണ്.

അവരോട് പോലും ഈ നിമിഷം വരെ തന്റെ ഉള്ളിൽ മൊട്ടിട്ട പ്രണയത്തിനെ കുറിച്ച് പറഞ്ഞിട്ടില്ല. അവരോട് എന്നല്ല ആരോടും പറഞ്ഞിട്ടില്ല. എന്തിനേറെ പറയുന്നു തന്റെ മനസ്സ് കവർന്ന അവനോട് പോലും താൻ പറഞ്ഞിട്ടില്ല..!

ഇനി എന്തുവേണമെന്ന് ഒരു നൂറായിരം വട്ടം അവൾ മനസ്സിൽ ഓർക്കുന്നുണ്ടായിരുന്നു. എന്നെന്നേക്കുമായി തന്റെ പ്രണയം വേണ്ടെന്നു വയ്ക്കണോ..? അതോ എല്ലാം വീട്ടിൽ തുറന്നു പറഞ്ഞു ഒരു അന്വേഷണത്തിന് തുടക്കം കുറിക്കണോ..?

ആ ചോദ്യം ഉള്ളിലിരുന്ന് പ്രഷർ തന്നു തുടങ്ങിയപ്പോൾ അവളുടെ മനസ്സിൽ തെളിഞ്ഞത് അച്ഛന്റെ മുഖമായിരുന്നു.

അച്ഛനോട് കാര്യങ്ങൾ എല്ലാം തുറന്നു പറയുമ്പോൾ ആദ്യം അദ്ദേഹത്തിനു ഞെട്ടൽ ആയിരുന്നു.

കാരണം കഴിഞ്ഞ നാലു വർഷങ്ങളായി മകളുടെ മനസ്സ് കവർന്ന ഒരുത്തൻ ഉണ്ട് എന്ന് അവസാനം നിമിഷം മാത്രം അറിയുന്ന ഒരു അച്ഛന്റെ ചിന്തകൾ അങ്ങനെയായിരിക്കുമല്ലോ..!

” മോള് വിഷമിക്കേണ്ട. ഇപ്പോഴെങ്കിലും നിനക്ക് ഞങ്ങളോട് എല്ലാം തുറന്നു പറയാൻ തോന്നിയല്ലോ.. ഇനി എന്തുവേണമെന്ന് അച്ഛൻ നോക്കിക്കോളാം. ”

അച്ഛൻ പറഞ്ഞ വാക്കുകൾ വല്ലാത്ത പ്രതീക്ഷ തരുന്നതായിരുന്നു.

അതുകൊണ്ടു തന്നെ അച്ഛൻ അവന്റെ വീട്ടിലേക്ക് വിവാഹാലോചനയുമായി ചേർന്ന ദിവസം മുതൽ അവൾ വല്ലാത്ത പ്രതീക്ഷകളും സ്വപ്നങ്ങളും ഒക്കെ നെയ്തു കൂട്ടിത്തുടങ്ങിയിരുന്നു.

” അവർക്ക് ഈ ബന്ധത്തിന് താല്പര്യമില്ലത്ര. ആ പയ്യന് മറ്റേതോ പെൺകുട്ടിയുമായി അടുപ്പം ഉണ്ട്. അവരുടെ വിവാഹം ഏകദേശം തീരുമാനമായിട്ടിരിക്കുകയാണ്. അതുകൊണ്ട് അവർക്ക് ഈ ബന്ധവുമായി മുന്നോട്ടു പോകാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു. ”

ഒരു ദിവസം അച്ഛനും അമ്മയും കൂടി സംസാരിക്കുന്നത് കേട്ടപ്പോൾ ഹൃദയം തകർന്നു പോകുന്നതു പോലെയാണ് തോന്നിയത്.തന്റെ പ്രതീക്ഷകൾ മുഴുവനും വെറുതെ ആയതുപോലെ..!

അച്ഛൻ തന്നോട് കാര്യങ്ങളെല്ലാം തുറന്നു പറയുമ്പോഴും ഒരുതരം നിർവികാരതയായിരുന്നു. പ്രണയിച്ച് നടന്നിട്ടില്ലെങ്കിൽ പോലും കഴിഞ്ഞ നാല് വർഷങ്ങളായി എന്റെ മനസ്സിന്റെ ഉടമ അവൻ തന്നെ ആയിരുന്നല്ലോ..!

അവനെ മനസ്സിൽ നിന്ന് പറിച്ചു മാറ്റാനുള്ള സമയം അച്ഛനും അമ്മയും അനുവദിച്ചു തന്നു. എങ്കിലും അത് ഒരുപാട് കാലം ഒന്നും നീണ്ടു നിന്നില്ല.

അധികം വൈകാതെ അവളുടെ ജീവിതത്തിലേക്ക് ഒരുവൻ കടന്നു വന്നു. പെണ്ണുകാണാൻ വന്ന ദിവസം തന്നെ തന്റെ വൺവേ പ്രണയത്തെക്കുറിച്ച് അവനോട് പറഞ്ഞു മനസ്സിലാക്കിയിരുന്നു നീലിമ.

അതൊക്കെയും അവൻ ചിരിയോടെയാണ് കേട്ടിരുന്നത്.

” കിട്ടാതെ പോകുന്ന പ്രണയത്തിന്റെ വേദന എന്താണെന്ന് താൻ പറയാതെ തന്നെ എനിക്കറിയാം. ഒരിക്കൽ ഇത് അനുഭവിച്ചവനാണ് ഞാനും.

തന്റെ മനസ്സിൽനിന്ന് അവനെ പടിയിറക്കി വിടാൻ എത്ര സമയം എടുക്കും എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഉറപ്പായും അവിടെ ഞാൻ എന്റെ സ്ഥാനം നേടിയെടുത്തിരിക്കും. പ്രണയം കൊണ്ട് തന്നെ ഞാൻ തോൽപ്പിച്ചിരിക്കും.. ”

ഒരുപാട് സ്നേഹത്തോടെ അവൻ പറഞ്ഞ വാക്കുകളായിരുന്നു പിന്നീട് അവളുടെ ഊർജ്ജം..!

പിന്നെ അവന്റെ നല്ലൊരു ഭാര്യയായി കുട്ടികളുടെ അമ്മയായി ജീവിക്കുമ്പോൾ തന്റെ ആദ്യ പ്രണയം ഉള്ളിൽ നോവ് തീർക്കുന്നുണ്ടെങ്കിലും തന്റെ പ്രാണന്റെ പ്രണയത്തോളം വലുതല്ല ഒന്നും എന്നൊരു തിരിച്ചറിവ് ആയിരുന്നു അവളിൽ..!!