ഈ സ്ഥലം അച്ഛന്റെ പേരില്‍ എഴുതിയത് കുടുംബത്തില്‍ ആര്‍ക്കും ഇഷ്ടമായില്ല, അതിപ്പോ അച്ഛനല്ല വേറെ ആര്‍ക്കെങ്കിലും..

ശാപം കിട്ടിയ ഭൂമി
(രചന: Vipin PG)

മുപ്പത്തഞ്ചു സെന്റ്‌ സ്ഥലം, മൂന്നെക്കറിന്റെ നടുക്കില് കിടക്കുന്ന മുപ്പത്തഞ്ചു സെന്റ്‌ സ്ഥലം. ഈ സ്ഥലമാണ്‌ കുറെക്കാലമായി കുടുംബത്ത് ശീത യുദ്ധം നടത്തിക്കൊണ്ടിരിക്കുന്നത്.

സ്ഥലം ഭാഗം വച്ചപ്പോള്‍ ഈ പറയുന്ന മുപ്പത്തഞ്ചു സെന്റ്‌ സ്ഥലം ഏഴു മക്കളില്‍ സുഖമില്ലാത്ത ഒരാള്‍ക്ക് എഴുതി വച്ചു. ഏഴു മക്കളില്‍ മൂന്നാമന്റെ മകനാണ് ഞാന്‍.

എന്റപ്പന്‍ ആയ കാലത്ത് തെങ്ങിന്റെ മേലെന്നു വീണു കിടപ്പായത് കൊണ്ട് ഈ മുപ്പത്തഞ്ചു സെന്റ്‌ സ്ഥലം അച്ഛന് കിട്ടിയ സ്ഥലത്തിന്റെ കൂടെ എഴുതി വച്ചു. സത്യം പറഞ്ഞാല്‍ അന്ന് തുടങ്ങിയതാണ്‌ യുദ്ധം.

ഈ സ്ഥലം അച്ഛന്റെ പേരില്‍ എഴുതിയത് കുടുംബത്തില്‍ ആര്‍ക്കും ഇഷ്ടമായില്ല. അതിപ്പോ അച്ഛനല്ല വേറെ ആര്‍ക്കെങ്കിലും ആയിരുന്നു ഈ സ്ഥലം കിട്ടിയതെങ്കില്‍ അയാള്‍ കുടുംബത്ത് ശത്രു ആയേനെ.

ഇതിപ്പൊ സ്ഥലം എല്ലാര്‍ക്കും വേണം. ജന്മനാ സുഖമില്ലാത്ത ഈ കൂടെ പിറപ്പിനെ ആര്‍ക്കും വേണ്ട. ഈ സ്ഥലത്തിന് വേറൊരു പ്രശ്നമുണ്ട്. ഈ സ്ഥലത്തേയ്ക്ക് വഴിയില്ല. അപ്പൊ പിന്നെ ഈ സ്ഥലം പണയം വയ്ക്കാന്‍ മാത്രമേ പറ്റൂള്ളൂ.

അച്ഛന്റെ കാല ശേഷം ഞങ്ങള്‍ മക്കള്‍ക്ക് രണ്ടുപേര്‍ക്കുമായി ഈ സ്ഥലത്തിന്റെ അവകാശം. അന്ന് അച്ഛനോടുള്ള വൈരാഗ്യം ഇന്ന് മക്കളോടായി എന്നല്ലാതെ മറ്റൊരു മാറ്റവും വന്നിട്ടില്ല. കുടുംബക്കാര്‍ പറ്റാവുന്ന പോലെ ഞങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ ശ്രമിക്കുന്നുണ്ട്.

എന്റെ കുറ്റം അവനോട് പറയുന്നു. അവന്റെ കുറ്റം എന്നോട് പറയുന്നു. രണ്ടുപേരെയും ഒരുമിച്ചു കാണുമ്പോള്‍ ചിരിച്ചു കാണിക്കുന്നു.

ഈ കലാ പരിപാടി തുടങ്ങിയിട്ട് നാളുകളായി. സ്ഥലം നമുക്കായത് കൊണ്ട് ആളും നമ്മുടെ കൂടെയായി. സുഖമില്ലാത്ത ഒരാളെ സംരക്ഷിക്കാന്‍ നല്ല റിസ്ക്‌ ആണെന്ന് ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാകില്ല.

എല്ലാവര്‍ക്കും പറയാനുള്ളത് ഈ സ്ഥലത്തിന്റെ കാര്യമാണ്. എന്നാ ആളെയും സ്ഥലവും തിരിച്ചു കൊടുക്കാമെന്നു പറഞ്ഞിട്ട്
ആര്‍ക്കും വേണ്ട. എല്ലാവര്‍ക്കും സ്ഥലം മതി.

അങ്ങനെ സ്ഥലം മാത്രം കൊടുക്കാന്‍ എന്റെ അമ്മയുടെ പേര് മദര്‍ തെരേസ എന്നല്ല,, എന്റെ അച്ഛന്റെ പേര് മഹാത്മാ ഗാന്ധി എന്നുമല്ല. അതുകൊണ്ട് തന്നെ സ്ഥലവും ആളും നമ്മുടെ കൂടെ തന്നെ തുടര്‍ന്നു.

ഒരു ദിവസം വളരെ യാദൃശ്ചികമായി ഒരു സംഭവം നടന്നു. ഒരു ദിവസം രാത്രി ഈ സുഖമില്ലാത്ത ആന്റി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. അടുത്തുള്ള ടൌണില്‍ എത്തിയപ്പോള്‍ ആളെ കണ്ടു പരിചയമുള്ള ഒരാള് കണ്ടിട്ട് വിളിച്ചു പറഞ്ഞു. അങ്ങനെയാണ് ഞാന്‍ കാര്യം അറിയുന്നത്.

ഒരു വണ്ടിയും വിളിച്ച് പോയി ഞാന്‍ ആളെ കൂട്ടിക്കൊണ്ടു വന്നു. ആ സംഭവം വേറെ പല രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഞാന്‍ ആളെ കൊല്ലാന്‍ കൊണ്ട് വിട്ടതാണ്,, ഞാന്‍ മനപ്പൂര്‍വ്വം ചെയ്തതാണ് അങ്ങനെ പലതും പറഞ്ഞ് പരന്നു.

നമുക്കിതൊക്കെ എന്ത്,, ആള് ജീവനോടെ തിരികെയെത്തിയല്ലോ,, ഇനി ഒന്നും വരാതെ നോക്കണം അത്ര തന്നെ. ആള് വീട്ടില്‍ വന്നപ്പോഴേക്കും അതുവരെ എന്റെ വീട്ടില്‍ കയറിയിട്ടില്ലാത്ത ബന്ധു മിത്രാദികള്‍ മുഴുവന്‍ നാല് വഴിക്ക് വന്നു.

പിന്നെ അടിയായി ബഹളമായി ഇടിയായി,, ഒന്നും പറയണ്ട. അടിക്കാനും ഇടിക്കാനും വന്ന ബന്ധു മിത്രാദികളോട് ആളെ കുറച്ചു ദിവസം കൊണ്ട് പോയി നോക്കാന്‍ പറഞ്ഞപ്പോള്‍ അത് പറ്റില്ല.

അടിയും വഴക്കുമൊക്കെ കഴിഞ്ഞ് എല്ലവരും പോയി. വീട്ടില്‍ വീണ്ടും ഞങ്ങള്‍ നാല് പേരും മാത്രമായി.

പക്ഷെ ആ സംഭവത്തോടെ ഞാന്‍ കുറച്ചു പേടിച്ചു എന്ന് വേണം പറയാന്‍. ആളെ ഒന്നുകൂടി ശ്രദ്ധിക്കണം. ഇനിയും ഇറങ്ങിപ്പോകാന്‍ സാധ്യതയുണ്ട്.

അങ്ങനെ ആള് പോയി എന്തെങ്കിലും സംഭവിച്ചാല്‍ സമാധാനം പറയേണ്ടി വരും. മാത്രമല്ല പോയാല്‍ തിരികെ കിട്ടുന്നതല്ലലോ ജീവന്‍. എന്തൊക്കെ പറഞ്ഞാലും അതുമൊരു മനുഷ്യന്‍ തന്നെയാണല്ലോ.

ഒരിക്കല്‍ ഒരു തവണ ഞാന്‍ ഗാന മേള കാണാന്‍ പോയി. ഗാനമേളയ്ക്ക് ഞാന്‍ തുള്ളുന്നു ചാടുന്നു,, അങ്ങനെ ചാടി തുള്ളി ഒരു പരുവം ആയപ്പോള്‍ അതാ ഒരു കൂട്ടുകാരന്റെ വിളി വരുന്നു.

നിന്റെ ആന്റിയെ ടൌണില്‍ കണ്ടു എന്ന് പറഞ്ഞ്. ജീവന്‍ കത്തിപ്പോയി. ഒരു വണ്ടിയും കൂട്ടി ടൌണില്‍ പോയപ്പോള്‍ ആള് ടൌണില്‍ ഉണ്ട്.

വീട്ടില്‍ വിളിച്ചപ്പോള്‍ അമ്മ നല്ല ഉറക്കമാണ്,, ആള് പോയതും കിട്ടിയതുമോന്നും അമ്മ അറിഞ്ഞിട്ടില്ല. അമ്മയെയും പറഞ്ഞിട്ട് കാര്യമില്ല,, വീട്ടിലെ കാര്യങ്ങളൊക്കെ ചെയ്ത് വൈകിട്ട് ആകുമ്പോഴേക്കും അമ്മ ക്ഷീണിക്കും.

പിന്നെ എവിടെയെങ്കിലും ഒന്ന് കിടക്കാനാണ് ആ പാവം നോക്കുന്നെ. അതേപോലെ ആന്റിയും കിടക്കും. പിന്നെ ഇതെപ്പോ എഴുന്നേല്‍ക്കുന്നു എങ്ങനെ പോകുന്നു എന്നൊന്നും ഒരു പിടിയുമില്ല.

ഈ സംഭവം ആരും അറിഞ്ഞില്ലെന്നു തോന്നുന്നു. വടിവാളും വെട്ടു കത്തിയുമായി ആരെയും കണ്ടില്ല. ഈ സംഭവം നടന്നതിന്റെ പിറ്റേന്ന് ഞങ്ങള്‍ ആന്റിയെ ഹോസ്പിറ്റലില്‍ കൊണ്ട് പോയി.

മെഡിസിന്‍ ഇല്ലാതെ ഇനി കാര്യങ്ങള്‍ ശരിയാവില്ല. രാത്രി ഉറങ്ങാനുള്ള ഗുളിക മാത്രം തന്ന ഡോക്ടര്‍ ഇടയ്ക്ക് ആളെ കാണിക്കണമെന്ന് പറഞ്ഞു. കാണിക്കാമെന്ന് പറഞ്ഞ് ഞങ്ങള്‍ തിരികെ പോന്നു.

അന്ന് മുതല്‍ അമ്മയും ആന്റിയും ഒരുമിച്ചാണ് കിടപ്പ്. അമ്മയുടെ ഉറക്കം ഒന്നുകൂടി നഷ്ടപ്പെട്ടു. കുറച്ചു നാള് കഴിഞ്ഞപ്പോള്‍ ആ സ്ഥലത്ത് വച്ച റബ്ബര്‍ വെട്ടാന്‍ കണ്ടീഷന്‍ ആയി.

റബ്ബര്‍ വെട്ടാന്‍ തുടങ്ങിയപ്പോള്‍ നാല് ഭാഗത്ത് നിന്നും വീണ്ടും കുത്തി തിരുപ്പ് തുടങ്ങി. സ്ഥലവും വരുമാനവും ഇത്രയും വലിയ ആഗോള പ്രശ്നമാണെന്ന് അന്നാണ് ഞാന്‍ അറിഞ്ഞത്.

ആരെന്തൊക്കെ പറഞ്ഞാലും അച്ഛന്റെ പേരില്‍ കിടക്കുന്ന മുതലാണ്‌,, ആര്‍ക്കും ഒന്നും ചെയ്യാനില്ല. പക്ഷെ ഒരു ദിവസത്തെ രാത്രി ഭക്ഷണത്തിനിടയില്‍ ഈ വിഷയം ഞാന്‍ ചര്‍ച്ചയ്ക്ക് വച്ചു.

എല്ലാവരുടെയും ആവശ്യം ആ സ്ഥലമാണെങ്കില്‍ എല്ലാവര്‍ക്കും കൂടി ആ സ്ഥലം എഴുതി കൊടുത്താലോ. എന്തായാലും ആരും ആന്റിയെ നോക്കില്ല,, ഈ സ്ഥലത്തിന്റെ കടിപിടി നിര്‍ത്താലോ. പക്ഷെ അമ്മ സമ്മതിച്ചില്ല.

അച്ഛന്‍ മരിക്കുമ്പോള്‍ കൈമോശം വരുത്തരുത് എന്ന് പറഞ്ഞ സ്ഥലമാണ്. അത് വിറ്റാല്‍ ശരിയാവില്ല. അമ്മയുടെ അഭിപ്രായം മാനിച്ച് ആ പ്ലാന്‍ ഞാന്‍ വേണ്ടെന്ന് വച്ചു.

കാലങ്ങള്‍ കടന്നു പോയി. വരുമാനം കൂടും തോറും കുടുംബത്തിനു മുഴുവന്‍ ഞങ്ങള്‍ ശത്രുക്കള്‍ ആയി. ഒട്ടും വിട്ടു കൊടുക്കാത്തത് കൊണ്ട് എല്ലാവരുടെയും ശത്രുത കൂടിയതല്ലാതെ മാറ്റം വന്നില്ല.

അങ്ങനെ ഒരു നാള്‍ ആന്റി മരണപ്പെട്ടു. അതുവരെ ആന്റിയെ തലയില്‍ വച്ച് കൊണ്ട് നടന്നവരില്‍ ചിലര്‍ അവസാന നിമിഷം ഒന്ന് കാണാന്‍ പോലും വന്നില്ല.

മനുഷ്യര്‍ എന്താണ് ഇങ്ങനെ എന്ന് ഒരു നിമിഷം ഞാന്‍ ചിന്തിച്ചു പോയി. കാലം കടന്നു പോകെ അമ്മയും ഞങ്ങളെ വിട്ടു പിരിഞ്ഞു. അങ്ങനെ ആ വീട്ടില്‍ ഞങ്ങള്‍ മാത്രമായി.

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങളൊരു തീരുമാനത്തില്‍ എത്തി. ആ മുപ്പത്തഞ്ചു സെന്റ്‌ സ്ഥലം ഒരു അനാധാലയത്തിന് കൈമാറാം. ആ ശാപം കിട്ടിയ ഭൂമി ഇനി നമ്മുടെ കൈയ്യില്‍ വേണ്ട.

ആരോരുമില്ലാത്തവര്‍ക്ക് അതൊരു തുണയാകട്ടെ. അധ്വാനിച്ച് ജീവിക്കാം,, അധ്വാനിച്ച് ഉണ്ടാക്കാം. രണ്ടുപേരും ചേര്‍ന്ന് ആ സ്ഥലം ഒരു അനാഥാലയത്തിന് എഴുതിക്കൊടുത്തു.

അതിനുശേഷം വഴിയില്‍ വച്ച് കണ്ടാല്‍ പോലും ബന്ധു മിത്രാദികള്‍ തിരിഞ്ഞു നോക്കാതെയായി. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട. ആരെയും കൂസാതെ നമ്മള്‍ ജീവിച്ചു.