അമ്മ പലപ്പോഴും ഇതിനെക്കുറിച്ച് പറഞ്ഞപ്പോഴും താൻ മൈൻഡ് ചെയ്തില്ല, ഒരു പക്ഷെ അച്ഛനുണ്ടായിരുന്നെങ്കിൽ അമ്മക്ക്..

ദിശ തെറ്റിയവർ
(രചന: Nisha Pillai)

“കുഞ്ഞിക്കുരുവീ,വഴി തെറ്റിയോ.” മുറ്റത്തെ ചുവന്ന ചെമ്പരത്തിച്ചെടിയിൽ തളർന്നു വന്നിരിക്കുന്ന കുഞ്ഞിക്കുരുവിയോട് കുഞ്ഞു ചെക്കൻ ചോദിച്ചു.

” വഴി തെറ്റിയതല്ല ചെക്കാ, തനിയെ പറന്ന് പറന്ന് ഞാൻ ക്ഷീണിച്ചു.”

“എന്തിനാണ്? തനിയെ പറന്നത്, അച്ഛനും അമ്മയും കൂടെയില്ലേ.”

“അമ്മ പറഞ്ഞിട്ടാണ് ഞാൻ തനിയെ പറന്നത്, സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണമെന്ന് അമ്മയുടെ വാശിയാണ്.”

“എൻ്റെ അച്ഛനും അമ്മയും സമ്മതിക്കില്ല. എനിയ്ക്കെല്ലാ കാര്യത്തിനും അവർ കൂടെയുണ്ട്.”

കുഞ്ഞു ചെറുക്കൻ ജനൽ തുറന്ന് കുഞ്ഞിക്കിളിയെ വീടിനകം കാണിച്ചു. ചെക്കൻ്റെ യൂണിഫോം ഇസ്തിരിയിടുന്ന അച്ഛൻ, പാത്രത്തിൽ ഉച്ചഭക്ഷണം നിറയ്ക്കുന്ന അമ്മ.”

“ഇനി മുതൽ എൻ്റെ ഭക്ഷണത്തിനുള്ള വക ഞാൻ കണ്ടെത്തണം.എനിയ്ക്കതിനുള്ള പ്രാപ്തിയായി എന്നാ അമ്മ പറയുന്നത്.”

“നീ കുഞ്ഞല്ലേ കുഞ്ഞികുരുവീ, നിങ്ങളുടെ ലോകം വിചിത്രം തന്നെ, സ്കൂൾ ബസ് വരാറായി.ഞാൻ പോകുന്നു.പിന്നെ കാണാം.”

ഇപ്പോൾ കുഞ്ഞി ചെറുക്കൻ വളർന്നു പതിനെട്ടു വയസ്സായി.ആശുപത്രി മുറ്റത്തെ മഞ്ഞ തെറ്റിയിൽ നിന്നും തേൻ കുടിക്കുകയായിരുന്ന കുഞ്ഞി കുരുവി ചെക്കനെ കണ്ടു ജനലിന്റെ അടുത്തേക്ക് വന്നു.

“ചെക്കാ നീയെന്താ ഇവിടെ ,എന്ത് പറ്റിയതാണ് .”

“അതൊക്കെ ഒരു കഥയാണ്,ഞാൻ ഒരു ബൈക്ക് വാങ്ങണമെന്നാവശ്യപ്പെട്ടു അച്ഛനോട്.വാങ്ങി തരില്ലെന്ന് അച്ഛൻ,അത്തരം ബൈക്കുകൾ ഓടിക്കുന്നവരൊക്കെഓരോ അപകടത്തിൽ പെട്ട് മരിക്കുകയാണെന്ന്.

ചോരത്തിളപ്പിൽ റോഡിൽ ഇറങ്ങുമ്പോൾ വേഗത കൂട്ടി സഞ്ചരിക്കുമത്രേ,അതിനാൽ ഇപ്പോൾ ബൈക്കില്ലെന്ന്.”

“അത് ശരിയല്ലേ അവർ പറഞ്ഞത് ,അങ്ങനെ അപകടമുണ്ടായി എത്തിയതാണോ ഇവിടെ?”

“ഏയ് അതിനു ബൈക്ക് വാങ്ങി തന്നില്ല.എന്റെ ജീവിതമല്ലേ,എന്റെ ഇഷ്ടങ്ങൾക്കല്ലേ പ്രാധാന്യം. ഇപ്പോൾ ബൈക്ക് കിട്ടാതെ പിന്നെ കിട്ടിയിട്ടെന്താ കാര്യം.

വാശി പിടിച്ചിട്ടും വാങ്ങി തന്നില്ല. ഞാനൊരൊറ്റ മകനല്ലേയുള്ളു അവർക്ക്.എനിക്ക് സങ്കടം വന്നു ,ഞാൻ ഞരമ്പ് മുറിച്ചു ആത്മഹത്യക്കു ശ്രമിച്ചു.”

അവൻ ഇടതു കൈത്തണ്ടയിലെ കെട്ട് ഉയർത്തി കാണിച്ചു.

“നീ എന്ത് മണ്ടത്തരമാണ് കാണിച്ചത് , അച്ഛനമ്മമാർക്ക് വേദനിക്കില്ലേ. അവിടെ ആരോ കിടക്കുന്നുണ്ടല്ലോ,ട്രിപ്പ് ഇട്ട് ,അതാരാ?”

“അത് ,അതെന്റെ അച്ഛനാണ്,ചോര വാർന്നു ഞാൻ കിടക്കുന്നതു കണ്ടപ്പോൾ അച്ഛനൊരു നെഞ്ച് വേദനയുണ്ടായി.രണ്ടാളെയും ഒന്നിച്ചാണ് ഇവിടെ കൊണ്ട് വന്നത്.അച്ഛൻ ഐ സി യു വിൽ ആയിരുന്നു ഇപ്പോൾ മുറിയിൽ കൊണ്ട് വന്നു..അമ്മയുണ്ടല്ലോ രണ്ടു പേരെയും നോക്കാൻ .”

“പാവം അമ്മ.”

“നീയെന്താ ഇവിടെ ,ദിശ തെറ്റി വന്നതാവും അല്ലെ.”

“ഏയ് ഇപ്പോളെനിക്ക് ദിശ തെറ്റാറില്ല,സ്വയം നിയന്ത്രിക്കാൻ പഠിച്ചു കഴിഞ്ഞു ഞാൻ,ഇപ്പോൾ എന്റെ നാഥൻ ഞാൻ തന്നെയാണ്.തീറ്റ തേടി പറന്നപ്പോൾ നിന്നെ കണ്ടു വന്നതാ.അപ്പോൾ കാണാം.”

കുഞ്ഞിക്കുരുവി പറന്നു പോയി.

കാലങ്ങൾ കഴിഞ്ഞു. കുഞ്ഞി ചെറുക്കൻ യൗവനത്തിലെത്തി. ദേശം മാറി. കാൻസർ സെന്ററിന്റെ വരാന്തയിൽ കാത്തിരിക്കുകയാണ് അമ്മയുടെ കീമോ തെറാപ്പി കഴിയാൻ.മുറ്റത്തെ പലവർണ്ണ ചെമ്പരത്തികളിലെല്ലാം പറവകളാണ്.

തേൻ കുടിക്കാനെത്തിയ കുരുവികളും കരിയില കിളികളും കൂട്ടിരുപ്പ് രോഗികൾ മിച്ചം വയ്ക്കുന്ന ഭക്ഷണം സാധനങ്ങൾ കഴിക്കാനെത്തിയ കാക്കകളും.എല്ലാവരും അവരവരുടെ ജോലികളിൽ മുഴുകുന്നു.

മരുന്നുമായി ഓടുന്ന നഴ്സുമാർ,ടോക്കൺ വിതരണം നടത്തുന്ന റിസപ്ഷൻ സ്റ്റാഫ് ,മരുന്ന് വിതരണം നടത്തുന്ന ഫർമസിസ്റ്റ്,തിരക്കിട്ടു സ്ട്രെച്ചറുമായി ഓടി പോകുന്ന അറ്റെൻഡർമാർ,ആവശ്യക്കാരുടെ ആവശ്യങ്ങൾ പെട്ടെന്ന് നിറവേറ്റി കൊടുക്കുന്ന കാന്റീൻ ജീവനക്കാർ.

ആരും ആരെയും ഗൗനിക്കുന്നില്ല. കുഞ്ഞി ചെറുക്കൻ തന്റെ ജീവിതത്തെ ഒന്ന് അവലോകനം നടത്തി.

ഒരു കാലത്തു ഭൂമി കറങ്ങുന്നതു തന്നെ താനെന്ന അച്ചുതണ്ടിലാണെന്ന് ഒരു വിചാരം തനിയ്ക്കുണ്ടായിരുന്നു.

എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം താനാണെന്ന അബദ്ധ ചിന്തയുണ്ടായി. അതിനായി എല്ലാവരുടെയും മുന്നിൽ കോമാളിയായി. അച്ഛനെയും അമ്മയെയും കുറെ ഏറെ വിഷമിപ്പിച്ചു.

അച്ഛൻ ഹൃദ്രോഗിയായി മാറാൻ താനാണ് കാരണമെന്നറിയാം. സ്വയം നിയന്ത്രിക്കാൻ കഴിയാത്തവനായി. അനാവശ്യ കൂട്ടുകെട്ടുകളിൽ പെട്ടു.ലഹരി വസ്തുക്കൾക്കടിമയായി. അപ്പോഴൊക്കെ ദിശ കാണിച്ചു തരാൻ അച്ഛൻ മുന്നിലുണ്ടായിരുന്നു.

അച്ഛൻ മരിച്ചപ്പോൾ ,വളരെ എളുപ്പത്തിൽ അച്ഛന്റെ ജോലി ലഭിച്ചു.വീണ്ടും അഹങ്കാരത്തിന്റെ നെറുകയിലെത്തി.വളരെ ചെറുപ്പത്തിൽ നല്ലൊരു സർക്കാർ ജോലി ,നല്ല ശമ്പളം ഒട്ടും കഷ്ടപെടാതെ തന്നെ കിട്ടി.അതും അച്ഛന്റെ ഒരു വഴികാട്ടലായിരുന്നു.

അതും തിരിച്ചറിഞ്ഞില്ല.അമ്മ മുന്നിൽ നിന്നും നേർവഴി കാട്ടികൊണ്ടേയിരുന്നു.അതും കണ്ടില്ലെന്നു നടിച്ചു.തുടരെ തുടരെ ദിശ തെറ്റി.തിന്മകളുടെ ചുഴിയിൽ പെട്ടത് പോലെയായി.

അമ്മ എല്ലാം സഹിച്ചു.പാവത്തിനെ ഇനിയും കഷ്ടപെടുത്തേണ്ട എന്ന് തീരുമാനിച്ചു നല്ലതാകാൻ തുടങ്ങിയതായിരുന്നു.ഇപ്പോൾ ദിശ മാത്രമല്ല ,അടി തെറ്റി പോയി.നിൽക്കുന്ന ഭൂമിയിലെ മണ്ണൊലിച്ചു പോയ അവസ്ഥ.

അമ്മയുടെ വലത്തേ മാറിടത്തിൽ ഒരു മുഴ,വളരെ വൈകിയെന്ന്,നാലാമത്തെ സ്റ്റേജിൽ എത്തിയെന്ന് ഡോക്ടർ പറഞ്ഞു,ഇനിയിപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ,കാര്യങ്ങൾ കൈവിട്ടു പോകുകയാണ്.

അമ്മ പലപ്പോഴും ഇതിനെക്കുറിച്ച് പറഞ്ഞപ്പോഴും താൻ മൈൻഡ് ചെയ്തില്ല.ഒരു പക്ഷെ അച്ഛനുണ്ടായിരുന്നെങ്കിൽ അമ്മക്ക് ഈ ഗതി വരില്ലായിരുന്നു.എന്നും നേർദിശ കാട്ടി അച്ഛൻ ഉണ്ടായിരുന്നു.

അച്ഛൻ ഒരു പക്ഷെ അമ്മയെ കൂട്ടികൊണ്ടു പോകണമെന്ന് കരുതി കാണും,ഈ ഭൂമിയിലെ കഷ്ടപ്പാട് കണ്ടിട്ട്.പാവം !! നിർദോഷിയായ അമ്മക്ക് ഇങ്ങനെയൊരു വിധി താൻ കാരണമാണ്.

“നമ്മൾ വീണ്ടും ആശുപത്രിയിൽ വച്ചാണല്ലോ കാണുന്നത്,ഇപ്പോളെന്ത് പറ്റി,”

മുന്നിലെ ചെമ്പരത്തിയിലകൾക്കിടയിൽ മറഞ്ഞിരുന്ന കുരുവിയാണ്.

“എന്റെ അമ്മ ,അകത്തെ മുറിയിൽ…, എനിക്കാരുമില്ല,അമ്മ കൂടി പോയാൽ.നീ പണ്ട് പറഞ്ഞ പോലെ എന്റെ ദിശ തെറ്റി,തെറ്റിയ ദിശയിലൂടെ പറന്നു ഞാൻ പോയി.

എന്റെ ദിശ തെറ്റായതു കൊണ്ട് ,എന്നെ സ്നേഹിച്ചിരുന്നവരുടെയും ദിശ തെറ്റി .പ്രിയ കുരുവി ,ഞാൻ തനിച്ചായി.”

“നീ വിഷമിക്കാതെ,ചില കാര്യങ്ങൾ ജീവിതത്തിൽ അങ്ങനെയാണ്,തെറ്റുകൾ പറ്റിയാൽ തിരുത്താൻ പറ്റണം,ഇനിയുള്ള കുറച്ചു ദിവസങ്ങൾ അമ്മയെ സന്തോഷവതിയാക്കി വയ്ക്കണം.

നിന്റെ ജീവിതത്തിന്റെ കടിഞ്ഞാൺ നിന്റെ കയ്യിലാണ്. അതിന്റെ ഉത്തരവാദിത്വം നിനക്കാണ്. നിന്റെ തെറ്റുകളായാലും ശരികളായാലും, ദിശ സ്വയം കണ്ടെത്തി മുന്നേറുക.”

അവൻ കൈ നീട്ടിയപ്പോൾ കുരുവി അവന്റെ കൈത്തണ്ടയിൽ വന്നിരുന്നു.

“ഞങ്ങളുടെ ജീവിതകാലം വെറും മൂന്നു വർഷമാണ്., ആ ചെറിയ കാലത്തു ഞങ്ങൾക്ക് കിട്ടുന്ന തിരിച്ചറിവ് പോലും ഇത്രയും ബുദ്ധിയും വിവേകവും ഉണ്ടെന്നു പറയുന്ന മനുഷ്യർക്കില്ലാതെ പോയല്ലോ.

നമ്മൾ ജീവിതത്തിൽ മൂന്നു തവണയേ കണ്ടിട്ടുള്ളു, നീ എന്നെ കണ്ടതെല്ലാം എന്റെ വ്യത്യസ്ത ജന്മങ്ങളിൽ ആയിരുന്നു.

പക്ഷെ ഇനി നമ്മൾ കാണില്ല.എനിക്കീ ജന്മത്തിൽ കുറച്ചു ദിവസങ്ങൾ കൂടി ബാക്കിയുള്ളു. എനിക്ക് ഒരു നിയോഗമുണ്ട്. നിന്നോട് ഒരു കാര്യം പറഞ്ഞിട്ട് ഞാൻ പോകും .”

കുഞ്ഞി കുരുവി ഒരിട നിർത്തി നാലുപാടും നോക്കി.

“അമ്മയുടെ മരണത്തോടെ നീ ഒറ്റപ്പെടും,നിന്റെ മുന്നിൽ രണ്ടു മാർഗമുണ്ട്.ഒന്ന് നീ സഞ്ചരിച്ച ദിശ ,വളരെ എളുപ്പമാണ്,തെറ്റിൽ നിന്നും തെറ്റിലേക്ക്‌ ,തിന്മയിൽ നിന്നും തിന്മയിലേക്ക്.

മറ്റൊന്ന് തിന്മയിൽ നിന്നും നന്മയിലേക്ക്, ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കു , സമയമെടുക്കും,പക്ഷെ നിനക്കു സമാധാനമുണ്ടാകും.”

അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ചാലുകൾ ഒഴുകി ,

“അവിടെയിരിക്കുന്ന കുട്ടിയെ കണ്ടോ?”

മൂലയിലെ ബെഞ്ചിൽ തളർന്നിരിക്കുന്ന ഒരു നാലാം ക്ലാസ്സുകാരി.മുടിയൊക്കെ പാറിപ്പറന്നു കിടക്കുന്നു.ആഹാരം നല്ലതു പോലെ കഴിച്ചിട്ട് ദിവസങ്ങളായപോലെ .

“അവളുടെ ഏക ആശ്രയമായ അമ്മ മരണകിടക്കയിലാണ്, അവൾക്കാരുമില്ല. പെൺകുട്ടിയായതു കൊണ്ട് സംരക്ഷകരായി ആരെങ്കിലുമൊക്കെ വരും, സംരക്ഷകരുടെ വേഷത്തിൽ വന്നു പതിയെ പതിയെ പിച്ചി ചീന്തും,നീ മനസ് വച്ചാൽ അവളെ രക്ഷിച്ചൂടെ,

ഒരു സഹോദരിയെ പോലെ വളർത്തികൂടെ , അവളെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കു കൊണ്ട് വന്നുകൂടെ ,ഒരാള് കൂടി ദിശ തെറ്റാതെയിരിക്കാൻ നിനക്ക് ആ ദൗത്യം ഏറ്റെടുക്കാം .”

ഇത്രയും പറഞ്ഞു ആ കുഞ്ഞിക്കുരുവി പറന്നു പോയി,എന്നന്നേക്കുമായി,അവൻ എന്തോ തീരുമാനിച്ചുറച്ചതു പോലെ അവളെ ലക്ഷ്യമായി നടന്നു ചെന്നു.