പിന്നെ എന്തിന് ശ്രീ അവൾ വിവാഹിതയാണെന്ന് മറച്ചു, വൈകിട്ട് ചായ കുടിക്കാൻ ശ്രീയുടെ..

(രചന: വൈഗലക്ഷ്മി)

“”എന്നും ഞങ്ങൾ നിന്നെ വിളിക്കുന്നതല്ലേ കറങ്ങാൻ പോകാൻ. എല്ലാ ദിവസവും ഒരേ ഡയലോഗ്… ഇടയ്ക്ക് ഒന്ന് ഞങ്ങളുടെ കൂടെ വരാം ശ്രീ….

അല്ലാതെ എപ്പോഴും നീ ഒരേ ഡയലോഗ് തന്നെ പറയണമെന്നില്ല… പറയുന്ന നിനക്ക് മടുപ്പ് ഇല്ലെങ്കിലും, കേൾക്കുന്ന ഞങ്ങൾക്ക് മടുക്കും മോളെ…””

കറങ്ങാൻ പോകാൻ വിളിച്ചതിന്, നിങ്ങൾ പൊക്കോ, ഞാൻ വരില്ല എന്ന് ശ്രീലക്ഷ്മി എന്നാ ശ്രീ അവളുടെ കൂട്ടുകാരോട് പറഞ്ഞതും, അവരുടെ തിരിച്ചുള്ള മറുപടിയാരുന്നു ഇത്…

കൂട്ടുകാരെയും കുറ്റം പറയാൻ പറ്റില്ല. പഠിക്കാൻ വേണ്ടി ചെന്നൈയിൽ വന്നിട്ട് മൂന്നു വർഷമായി..

ഇതിന്റെ ഇടയിൽ ഹോസ്റ്റലിൽ നിന്ന് അവരുടെ കൂടെ കറങ്ങാൻ പോയത് ആകെ രണ്ടോ മൂന്നോ തവണ മാത്രമാണ്…

അതും ബീച്ച്ലേക്ക്… അല്ലാതെ ഒരിക്കൽ പോലും അവൾ പുറത്തേക്ക് കൂടി പോയിട്ടില്ല….

“”ഞാൻ പറഞ്ഞെല്ലോ അനു… നിങ്ങൾ പോയി വാ… എനിക്ക് വയ്യ ടാ… അല്ലെങ്കിൽ തന്നെ ചെന്നൈയിലെ climate എനിക്ക് പിടിക്കില്ല…

അതിന്റെ കൂടെ നാളെ ഇന്റെര്ണൽ എക്സാം ഉണ്ട്. നിങ്ങൾ പോയി അടിച്ചു പൊളിച്ചു വാ… നിനക്ക് എന്തെങ്കിലും വർക്ക്‌ ഉണ്ടെങ്കിൽ പറ. ഞാൻ ചെയ്തു തരാം…””

“”ഓ പിന്നെ… നീ പറഞ്ഞിട്ട് വേണമെല്ലോ ഞാൻ വർക്ക്‌ കംപ്ലീറ്റ് ചെയ്യാൻ. എന്തായാലും നിന്നോട് വെറുതെ കിടന്ന് തർക്കിക്കാൻ എനിക്ക് വയ്യ. ഇനി ഞങ്ങൾ എന്തൊക്കെ പറഞ്ഞാലും മോൾ വരില്ലെന്ന് മനസിലായി.

എങ്കിൽ പിന്നെ നീ ഇവിടെയിരുന്നു എഴുതുകയോ, പഠിക്കുകയോ, എന്താ എന്ന് വെച്ചാൽ ചെയ്തോ… ഞങ്ങൾ ഒരു ശല്യത്തിന് വരില്ല….””

മറുപടി പോലും കേൾക്കാതെ അനു ഇറങ്ങി പോകുന്നത് കണ്ടതും, ശ്രീ ചിരിയോടെ തന്നെ റൂമിന്റെ ഡോർ ലോക്ക് ചെയ്തു അകത്തു വന്നിരുന്നു…

അല്ലെങ്കിൽ തന്നെ എന്ത് കാര്യത്തിനാണ് സങ്കടം???.. മെഡിസിൻ പഠിക്കാൻ വേണ്ടി അഡ്മിഷൻ കിട്ടിയത് ചെന്നൈയിൽ….

ഇവിടെ വന്നിട്ട് അങ്ങനെ കൂട്ടുകാരുടെ കൂടെ പുറത്തേക്ക് ഒന്നും പോകാറില്ല.

അതിന് കാരണം ഒരിക്കലും അവരെ ഇഷ്ടമല്ലാത്തത് കൊണ്ടല്ല… അവർക്കൊന്നും അറിയാത്ത ഒരു ശ്രീ ഉണ്ട്. അത് കൊണ്ട് മാത്രം….

ഫോൺ എടുത്തു നോക്കിയപ്പോൾ അപ്പുവേട്ടന്റെ മെസ്സേജ്… ഫ്രീ ആകുമ്പോൾ വിളിക്കാൻ…

കോളേജിൽ ഒരുപാട് പേര് വന്നു പ്രൊപ്പോസ് ചെയ്തു എങ്കിലും എല്ലാത്തിനും ഒരു ഒറ്റ ഉത്തരമേ ഉള്ളാരുന്ന്… നോ… കാരണം ശ്രീയുടെ എല്ലാം അവളുടെ അപ്പുവേട്ടനാണ്….

“”എന്താ അപ്പുവേട്ടാ??? പതിവില്ലാതെ പകൽ ഒരു വിളി??? സാധാരണ എന്നും രാത്രിയല്ലേ വിളിക്കുന്നത്??? എന്തെങ്കിലും വൈയെ???? ഞാൻ വരണോ????””

ഫോൺ എടുത്തപ്പോൾ തന്നെ അവളുടെ ശ്വാസം വിടതുള്ള ചോദ്യങ്ങൾ കേട്ടതും, അവന് പാവം തോന്നി…

“”നീ ഇങ്ങനെ ടെൻഷൻ ആകേണ്ട ശ്രീ…. ഇവിടെ ആർക്കും കുഴപ്പം ഒന്നുല്ല… ഇന്ന് പണി ഇല്ലാരുന്നു..

അത് കൊണ്ട് വീട്ടിൽ ഉണ്ട്… വെറുതെയിരുന്നപ്പോൾ എനിക്ക് എന്റെ ഭാര്യയെ ഒന്ന് വിളിക്കാൻ തോന്നി.. അതൊരു തെറ്റാണോ???””

“”തെറ്റോ??? ഒരിക്കലുമല്ല… ഭാര്യയോട് സ്നേഹമുള്ള ഭർത്താവ് അങ്ങനെയാണ്…””

“”മ്മ്.. പിന്നെ എവിടെ നിന്റെ കൂട്ടുകാർ??.. കറങ്ങാൻ പോയോ???””

“”മ്മ്.. പോയി…””

“”നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ശ്രീ… ഇടയ്ക്ക് അവരുടെ കൂടെ നീയും പോകണമെന്ന്.. അതെങ്ങനെ??? ഒരിക്കൽ പോലും ഞാൻ പറയുന്നത് നീ കേൾക്കില്ലല്ലോ…

നിനക്ക് ചിലവിനുള്ളത് അയച്ചു തരുന്ന എനിക്ക് ഇല്ലാത്ത എന്ത് കുഴപ്പമാണെടി അത് ചിലവാക്കുന്ന നിനക്ക് വരുന്നത്????””

“”എന്റെ കെട്ടിയോൻ അവിടെ വെയിലും മഴയും കൊണ്ട് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ അങ്ങനെ വെറുതെ കൊണ്ട് കളയാൻ എനിക്ക് താല്പര്യമില്ല.

അത് കൊണ്ട് മാത്രം… വെറുതെ വഴക്കിനു നില്കാതെ ഒന്ന് വീഡിയോ കാളിൽ വാ മനുഷ്യാ… ഒന്ന് കാണട്ടെ ഞാൻ…””

ഹോസ്റ്റലിൽ അനുവും കൂട്ടുകാരും തിരിച്ചു വന്നപ്പോൾ കാണുന്നത് പതിവ് പോലെ പുസ്തകത്തിൽ മുങ്ങി കിടക്കുന്ന ശ്രീയെ ആണ്…

എന്നും ഒരേ കാഴ്ചയായത് കൊണ്ട് തന്നെ അവർക്കും പുതുമ ഒന്നും തോന്നിയില്ല…

വെക്കേഷൻ ആയപ്പോൾ നാട്ടിലേക്ക് പോകാൻ എല്ലാം പാക്ക് ചെയ്തു ഇറങ്ങാൻ പോയപ്പോഴാണ് അനുവും അവളുടെ ബാഗുമായി ശ്രീയുടെ ഒപ്പം വന്നത്…

“”നീ എന്തിനാ എന്റെ കൂടെ വരുന്നത് അനു?? നിന്റെ അച്ഛനും അമ്മയും ബാംഗ്ലൂർ അല്ലെ.. എല്ലാ തവണയും നീ ബസിനു ആണെല്ലോ പോകുന്നത്….??””

“”അതെ.. എല്ലാ തവണയും ഞാൻ ബാംഗ്ലൂരിലേക്ക് ആണ് ബസിൽ പോകുന്നത്… ഈ തവണ ഞാൻ അതിന് എന്റെ വീട്ടിലേക്ക് അല്ലല്ലോ ആദ്യം പോകുന്നത്… നിന്റെ വീട്ടിലേക്കാണ്…””

“”തമാശ പറയല്ലേ അനു…””

“”തമാശയല്ലല്ലോ ശ്രീ മോളെ… നിന്റെ വീട്ടിലേക്കാണ് ഞാൻ വരുന്നത്. സംശയമുണ്ടെങ്കിൽ ടിക്കറ്റ് കാണിക്കാം ഞാൻ… എന്താ ഞാൻ വരുന്നതിനു നിനക്ക് എന്തെങ്കിലും എതിർപ്പ് ഉണ്ടോ???””

“”എനിക്ക് എന്ത് എതിർപ്പ്??? നീ വാ… പക്ഷെ നിന്റെ വീടിന്റെ അത്ര സൗകര്യം ഒന്നും കാണില്ല…””

“”അതൊന്നും എനിക്കൊരു പ്രശ്നമല്ല….””

അനുവിന്റെ വാശിയിൽ ശ്രീ അവളെ കൂടി തന്റെ നാട്ടിലേക്ക് കൊണ്ട് പോയി…

അവര് ആദ്യം പോയത് ഒഴിഞ്ഞു കിടക്കുന്ന ഒരു വീട്ടിലേക്കാണ്… കൈയിലെ താക്കോലിൽ നിന്ന് ഒരെണം എടുത്തു ആ വീട് തുറക്കുന്ന ശ്രീയെ അവൾ അത്ഭുതത്തോടെ നോക്കി…

“”നീ ഇങ്ങനെ നോക്കി പേടിപ്പിക്കണ്ട… ഇതാണ് എന്റെ വീട്… പക്ഷെ ഇവിടെ എന്നെ കാത്തിരിക്കാൻ അച്ഛനും അമ്മയും ഇല്ല…

അച്ഛൻ എനിക്ക് രണ്ട് വയസ് ഉള്ളപ്പോൾ മരിച്ചു… അമ്മ മൂന്ന് കൊല്ലം മുൻപും… ബാക്കി കഥയൊക്കെ രാത്രി പറഞ്ഞു തരാം ഞാൻ.. ഇപ്പോൾ നീ ഒന്ന് കുളിച്ചു വാ…””

കുളിച്ചു പുറത്തേക്ക് ഇറങ്ങിയ അനു ശ്രീയുടെ കോലം കണ്ട് ആകെ ഞെട്ടി…

ഒരു സാധാചുരിദാർ… നെറ്റിയിൽ സിന്ദൂരവും കഴുത്തിൽ താലിയും… അവൾക്ക് എന്തോ ഒരു പ്രത്യേക ഭംഗി പോലെ…

വാ തുറന്നു നിൽക്കുന്ന അനുവിനെ കൂടി പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടു അവിടെ ഒരു ചെറുപ്പക്കാരൻ.. അവന്റെ മുഖതും നിറഞ്ഞ ചിരിയാണ്…

“”അനു.. ടി… ഇതാണ് എന്റെ ഒരേ ഒരു കെട്ടിയോൻ… എന്റെ അപ്പുവേട്ടൻ… ശെരിക്കുള്ള പേര് അശ്വിൻ ചന്ദ്രൻ…””

“”നീ ഞങ്ങളോട്… ഒരിക്കൽ പോലും…??””

“”നിങ്ങളോട് ഒന്നും പറയേണ്ട എന്ന് പറഞ്ഞത് ഞാൻ തന്നെയാണ്… ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് മൂന്ന് വർഷം ആകുന്നു… കഥയെല്ലാം ശ്രീ പറഞ്ഞു തരും. ഇപ്പോൾ വീട്ടിലേക്ക് വാ…””

ശ്രീയുടെ കൂടെ അശ്വിന്റെ വീട്ടിലേക്ക് നടക്കുമ്പോൾ മുഴുവൻ അനു ശ്രദ്ധിച്ചത് ശ്രീയെയും അവളുടെ അപ്പുവേട്ടനെയും ആണ്…

ആദ്യ കാഴ്ചയിൽ തന്നെ അറിയാം. അവർ തമ്മിൽ നല്ല സ്നേഹത്തിലാണ് എന്ന്.. പിന്നെ എന്തിന് ശ്രീ അവൾ വിവാഹിതയാണെന്ന് മറച്ചു?????

വൈകിട്ട് ചായ കുടിക്കാൻ ശ്രീയുടെ കൂടെ ഇരിക്കുമ്പോൾ അനുവിന്റെ ചിന്ത മുഴുവൻ അവളോട് എങ്ങനെ കാര്യം ചോദിക്കും എന്നായിരുന്നു…

“”എനിക്ക് അറിയാം അനു നിന്റെ മനസ്സിൽ എന്താണ് എന്ന്… അച്ഛൻ മരിച്ചതിന് ശേഷം അമ്മ കുറെ കഷ്ടപെട്ടാണ് എന്നെ പഠിപ്പിച്ചത്… അപ്പുവേട്ടന്റെ അമ്മയും എന്റെ അമ്മയും നല്ല കൂട്ടുകാർ ആയിരുന്നു.

അങ്ങനെ പണ്ടേ അപ്പുവേട്ടന് ഉള്ളതാണ് ഞാൻ എന്ന് അവർ പറഞ്ഞു വെച്ചു.. ഒട്ടും പ്രതീക്ഷിക്കാതെയാണ് അമ്മയ്ക്ക് കാൻസർ ആണെന്ന് അറിഞ്ഞത്… എനിക്ക് ആകെ 18 വയസ്..

പന്ത്രണ്ടാം class പരീക്ഷ എഴുതി നിൽക്കുന്ന സമയം… എന്റെ കല്യാണം കാണണം എന്നാ അമ്മയുടെ വാശിയിൽ ഒരു ജാതകവും നോക്കാതെ അപ്പുവേട്ടൻ എന്നെ കെട്ടി…

കല്യാണം കഴിഞ്ഞു ഒരു മാസം ആകുന്നതിന് മുൻപേ അമ്മ പോയി… പിന്നീട് എന്റെ എല്ലാം അപ്പുവേട്ടനായിരുന്നു…

ഡോക്ടർ ആവുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം… അപ്പുവേട്ടനും അറിയാമായിരുന്നു അത്. കല്യാണം കഴിഞ്ഞു എന്നെ നിർബന്ധിച്ചു എൻട്രൻസിന് വേണ്ടി പഠിപ്പിച്ചു..

അഡ്മിഷൻ കിട്ടിയത് ചെന്നൈയിൽ ആണെന്ന് പറഞ്ഞതും, ആദ്യം വരാൻ ഞാൻ മടിച്ചതാ.. പക്ഷെ അതും ഏട്ടന്റെ നിർബന്ധമായിരുന്നു…

നിങ്ങൾ എപ്പോഴും കളിയാക്കില്ലേ… ഞാൻ ഒരിക്കലും പുറത്തേക്ക് വരില്ല എന്ന് പറഞ്ഞു… അതിന് കാരണം മറ്റൊനുമല്ല.. എന്റെ ഏട്ടന് കൂലിപ്പണിയാണ്..

അതിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ ആണ് എന്നെ പഠിപ്പിക്കുന്നത്.. ഈ മനുഷ്യൻ ഇവിടെ കഷ്ടപെടുമ്പോൾ ഞാൻ എങ്ങനെ അവിടെ അടിച്ചു പൊളിക്കും???

എന്ന് കരുതി ഞാൻ ചെന്നൈയിൽ എവിടെയും പോകാതിരുന്നിട്ടില്ല… ഏകദേശം എല്ലാ സ്ഥലവും പോയി.. ഓരോ വെക്കേഷൻ കഴിയുന്നതിന് ഒരാഴ്ച മുൻപ് ഞാനും ഏട്ടനും ചെന്നൈക്ക് വരും.

എന്നിട്ട് എല്ലാ സ്ഥലവും ഏട്ടന്റെ കൂടെ നടന്നു കാണും… ഞങ്ങൾ തട്ട്കടയിൽ നിന്ന് ഭക്ഷണം കഴിക്കും, കിലോമീറ്ററുകൾ നടക്കും..

ആ കൈ പിടിച്ചു നടക്കുമ്പോൾ കിട്ടുമ്പോൾ ഉള്ള ഫീൽ ഒന്നും മറ്റൊന്നിനും തരാൻ കഴിയില്ല എന്റെ അനുവേ…. “”

“”അത്രയ്ക്ക് ഇഷ്ടമാണോ നിനക്ക്???””

“”എന്റെ ജീവനാണ്…..””

Leave a Reply

Your email address will not be published. Required fields are marked *