വീണ ആ ബന്ധം വേണ്ട എന്ന് പറഞ്ഞു, അവന്റെ സംശയരോഗം കാരണം അവൻ പിന്നീട്..

മരണാനന്തരം
(രചന: Mahalekshmi Manoj)

പതിനെട്ടു കൊല്ലങ്ങൾക്ക് മുൻപേ ഒരു വിഷുവിന്റെ തലേദിവസം പിറ്റേന്നത്തേക്കുള്ള കണിക്കും വിഷുസദ്യക്കുമുള്ള സാധനങ്ങളും വാങ്ങി വന്ന്

വീടിനു പുറകുവശത്തുള്ള കുളിമുറിയിൽ കുളിക്കാൻ കയറിയ അച്ഛൻ കാൽവഴുതി അവിടെത്തന്നെയുണ്ടായിരുന്ന അലക്ക്കല്ലിൽ തലയിടിച്ചാണ് മരിച്ചത്, അന്ന് എനിക്ക് പതിനാറു വയസ്സ്.

അതിന് ശേഷമുള്ള എല്ലാ രാത്രിയിലും അച്ഛൻ എന്നെ കാണാൻ വരുമായിരുന്നു, മുന്നോട്ടുള്ള ജീവിതത്തേക്കുറിച്ച് നല്ല നിർദ്ദേശങ്ങൾ തരുമായിരുന്നു.

അച്ഛന്റെ ശബ്ദമുള്ള എന്നാൽ മുഖമോ ശരീരമോ ഇല്ലാത്ത ആത്മാവിനെപ്പോലെയുള്ള ഒരു രൂപം, അതായിരുന്നു എന്നും രാത്രിയിൽ എന്നെത്തേടി വന്നിട്ടുള്ളത്.

സ്വപ്നത്തിലാണോ അതോ അല്ലാത്ത അവസ്ഥയിലാണോ ഇത്‌ സംഭവിച്ചിരുന്നതെന്ന് ഇന്നും എനിക്കറിയില്ല.

അച്ഛന്റെ ശബ്ദം കേൾക്കാൻ തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ കൈകളോ കാലുകളോ ഒന്ന് അനക്കാൻ പോലും കഴിയാത്ത രീതിയിൽ ബന്ധനസ്ഥനായ അവസ്ഥയിലായിരിക്കും ഞാൻ.

അച്ഛന്റെ ശബ്ദം നിലച്ചു കഴിഞ്ഞാൽ വളരെ വേഗം ഞാൻ ഉണരുകയും ചെയ്യുമായിരുന്നു.

തികഞ്ഞ ഈശ്വരഭക്തനായിരുന്ന അച്ഛൻ മരണാനന്തര ജീവിതത്തിലും വിശ്വസിച്ചിരുന്നു, ദൈവം ഉണ്ടെങ്കിൽ ആത്മാവും ഉണ്ട് എന്ന് എപ്പോഴും പറയുമായിരുന്നു.

ആദ്യമാദ്യം ഉള്ളിൽ വല്ലാത്ത ഭയമായിരുന്നു, അത് കാരണം രാത്രിയാകരുതേ എന്ന് വരെ പ്രാർത്ഥിച്ചിട്ടുണ്ട്,

പക്ഷെ പിന്നീടെപ്പോഴോ, “കണ്ണാ.. മോനെ കണ്ണാ..” എന്നുള്ള അച്ഛന്റെ സ്നേഹം നിറഞ്ഞ വിളിക്ക് കാതോർത്ത് ഞാനും കിടക്കാൻ തുടങ്ങി, രാത്രികളെ സ്നേഹിക്കാനും.

എല്ലാ ദിവസവും രാവിലെ, ‘അച്ഛൻ വന്നു, അച്ഛൻ ഇങ്ങനെ പറഞ്ഞു’, എന്നൊക്കെ ഞാൻ വെറുതെ പിച്ചും പേയും പറയുകയാണെന്നു കരുതിയ അമ്മയും അനിയത്തി വീണയും

പിന്നീട് അച്ഛന്റെ നിർദ്ദേശം എന്ന് പറഞ്ഞു ഞാൻ നിർബന്ധിച്ചു ചെയ്യിപ്പിച്ചിരുന്ന പല കാര്യങ്ങളും വളരെ ഭംഗിയായ ഫലം തരുന്നു എന്ന് മനസ്സിലാക്കിയത് മുതൽ,

“ഇന്നലെ രാത്രി അച്ഛൻ എന്ത് പറഞ്ഞെടാ കണ്ണാ,” എന്ന് രാവിലെകളിൽ ചോദിക്കാൻ തുടങ്ങി, കൂട്ടത്തിൽ അവരെ കാണാൻ അച്ഛൻ ഒരിക്കലും വന്നില്ല എന്ന സങ്കടവും പങ്കുവെക്കുമായിരുന്നു.

വീണക്ക് ഒരാളെ ഇഷ്ടമായിട്ട് അവൾക്കത് നടത്തികൊടുക്കാൻ വേണ്ടി ആലോചിച്ച ദിവസം രാത്രിയിൽ അച്ഛൻ പറഞ്ഞു, “വേണ്ട കണ്ണാ.. വീണക്കുട്ടിക്ക് അത് വേണ്ട, അവൾ പ്രയാസപ്പെടും.”

മനസ്സില്ലാമനസ്സോടെയാണെങ്കിലും അച്ഛന്റെ മുന്നേയുള്ള നിർദ്ദേശങ്ങളുടെ ഫലങ്ങൾ നല്ലപോലെ തിരിച്ചറിഞ്ഞ വീണ ആ ബന്ധം വേണ്ട എന്ന് പറഞ്ഞു.

അവന്റെ സംശയരോഗം കാരണം അവൻ പിന്നീട് കല്യാണം കഴിച്ച പെൺകുട്ടി ആ ത്മഹത്യ ചെയ്തു എന്നറിഞ്ഞ പകൽ എത്രയും വേഗം ഒന്ന് രാത്രിയായെങ്കിൽ എന്ന് ഞാൻ കൊതിച്ചു,

അച്ഛന്റെ ശബ്ദം കേൾക്കാൻ ആ നിമിഷങ്ങളിൽ അതിയായി ആഗ്രഹിച്ചിരുന്നു.

പിന്നീട് അവളെ ഇഷ്ടപ്പെട്ടു ഒരാൾ വന്നപ്പോൾ, “ഒട്ടും അമാന്തിക്കാതെ കണ്ണുംപ്പൂട്ടി വീണക്കുട്ടിയെ നീ അവനെ ഏല്പിക്കൂ,” എന്ന് അച്ഛൻ പറഞ്ഞപ്പോൾ അത് ചെയ്തു,

അവളിപ്പോൾ സന്തോഷഭരിതമായ കുടുംബജീവിതം നയിക്കുന്നതിന്റെ അവകാശം അച്ഛന് മാത്രം സ്വന്തം.

ജോലിസംബന്ധമായി ദൂരയാത്ര പോകാനിരുന്ന ഒരു പകലിന് മുന്നത്തെ രാത്രിയിൽ അച്ഛൻ പറഞ്ഞു,

“കണ്ണാ.. മോനെ.. നാളെ യാത്ര വേണ്ട, ഒരു ദിവസം മുന്നോട്ട് നീക്കിക്കോളൂ.”, അച്ഛൻ പറഞ്ഞാൽ അതിലപ്പുറം ഇല്ലാതായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും എന്റെ മനസ്സ്.

യാത്ര മാറ്റിവെച്ച ഞാൻ പിറ്റേന്ന് വൈകുന്നേരം കേട്ടത് അശുഭവും ഞെട്ടിക്കുന്നതുമായ വാർത്തയായിരുന്നു,

ഞാൻ യാത്ര ചെയ്യാനിരുന്ന ബസ് അപകടത്തിൽപ്പെട്ട് മിക്കയാത്രക്കാരും മരണപ്പെട്ടു എന്നുള്ളതായിരുന്നു അത്.

അങ്ങനെ എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര സംഭവങ്ങൾ ഇത്രയും കാലത്തിനിടയിൽ ജീവിതത്തിൽ സംഭവിച്ചു കഴിഞ്ഞു.

എല്ലാകാര്യങ്ങളും ഭംഗിയായി നടന്നുപോകെ ഈ കൊല്ലം വിഷുത്തലേന്ന്, അച്ഛൻ മരിച്ച പതിനെട്ടാമാണ്ടിലാണ് ആ ശബ്ദവും ഞാൻ അവസാനമായി കേട്ടത്.

അന്ന് അച്ഛന്റെ ശബ്ദം ഇടറിയിരുന്നു, അതോ അങ്ങനെ എനിക്ക് തോന്നിയതാണോ, അറിയില്ല.

“കണ്ണാ.. മോനെ.. അച്ഛന്റെ ശബ്ദവും ഇനിയുണ്ടാകില്ല, എല്ലാ കാലവും അതിന് കഴിയില്ലെടാ.

രണ്ട് വിധി സംഭവിക്കാം എന്നിരിക്കെ നല്ലതിലോട്ട് ഗതിമാറ്റി വിടാൻ കഴിയും, അതാണെടാ അച്ഛൻ ഇത്രയും കാലം ചെയ്തത്. ഇനി അച്ഛന്റെ ശബ്ദത്തിനും ഇവിടെ സമയം അനുവദിച്ചിട്ടില്ല.

നിന്റെയും കുടുംബത്തിന്റെയും നല്ല വിധി ഇനി നീ തന്നെ തിരഞ്ഞെടുക്കണം, അതിന് നിനക്ക് കഴിയും. കണ്ണാ.. അമ്മയെയും ഞാൻ കൂടെ കൂട്ടുകയാണ്.”

അത്രയും പറഞ്ഞു അച്ഛന്റെ ശബ്ദം നിലച്ചതും, ഞാൻ ചാടി എഴുന്നേറ്റതും, അമ്മയുടെ മുറിയിലേക്ക് ഓടിയതും, ദേഹിയൊഴിഞ്ഞ അമ്മയുടെ ശരീരം കണ്ടതും അറിഞ്ഞതുമൊക്കെ നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു.

ഇനിയില്ല എന്നറിയാമെങ്കിലും ഒരിക്കൽക്കൂടി അച്ഛന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞാലോ,

കൂടെ അമ്മയും ഉണ്ടായാലോ എന്ന പ്രതീക്ഷയിൽ
ഇപ്പോഴും രാത്രിയാകാൻ ഞാൻ കാത്തിരിക്കും,

നിദ്രാദേവി വളരെ വേഗം കനിയേണമേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് വളരെ നേരത്തെ കണ്ണുകൾ അടച്ചു കിടക്കും.

ഓരോ ദിവസവും ഇന്ന് രാത്രി അത് സംഭവിക്കും എന്ന പ്രതീക്ഷ നൽകുന്ന സന്തോഷത്തിന്റെ തീവ്രത നിർവ്വചിക്കാനാവാത്തതാണ്,

മുന്നോട്ടുള്ള എന്റെ ജീവിതത്തിന് ഊർജ്ജം ലഭിക്കുന്നതും ആ പ്രതീക്ഷയിൽ നിന്നാണ്.

Leave a Reply

Your email address will not be published.