വാർത്ത കാണുമ്പോൾ സന്തോഷംകൊണ്ട് പപ്പ തന്നെ കെട്ടിപ്പിടിക്കും എന്ന് കരുതിയ അവന് അദ്ദേഹത്തിന്റെ തണുപ്പൻ..

(രചന : തൂലിക)

താൻ ജനിച്ചുവളർന്ന സ്ഥലം… തന്റെ വീട്’. പഴയ കാര്യങ്ങളോർമ വന്നപ്പോൾ അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.

ഇന്നീ വീട് അനാഥമാണെന്ന ചിന്ത അവനെ വിഷമിപ്പിച്ചു. താൻ ഓടിക്കളിച്ച മുറ്റമിന്ന് കരിയില മൂടിക്കിടക്കുന്നു.

ബാഗും സാധനങ്ങളുമായി അവനകത്തേക്ക് കയറി. പൂട്ടിയിട്ടിരിക്കുന്ന വാതിൽ തുറന്നു. ഒരു വലിയ ശബ്ദത്തോടെ വാതിൽ തുറക്കപ്പെട്ടു.

അവൻ വീടിനകവശം വീക്ഷിച്ചു. എങ്ങും മാറാലയാൽ മൂടപ്പെട്ടിരിക്കുന്നു, പൊടിയില്ലാത്ത ഒരു സ്ഥലം അവിടെ കണ്ടില്ല.

ഹാളിലിരിക്കുന്ന ചിത്രത്തിലേക്ക്  അവന്റെ കണ്ണ് പോയി. താനും പപ്പയും മമ്മിയും കൂടിയുള്ള ചിത്രം. അവനാ ഫോട്ടോ കയ്യിലെടുത്ത് പൊടി തുടച്ചിട്ട് തിരികെ വെച്ചു.

ആദം നേരെ പോയത് അവന്റെ മുറിയിലേക്കാണ്. ഇവിടെ നിന്നും പോവുമ്പോൾ എങ്ങനെയിരുന്നോ അത് പോലെ തന്നെയുണ്ട്, ഒരു മാറ്റവുമില്ലാതെ.

അവൻ തന്റെ ഇരുമ്പ് പെട്ടിക്കരികിലേക്ക് നടന്നു. അവന്റെ പ്രിയപ്പെട്ട സാധനങ്ങളെല്ലാം സൂക്ഷിച്ചുവയ്ക്കുന്ന പെട്ടിയാണത്.

അത് തുറന്നപ്പോൾ ആദ്യം കണ്ടത് അവന്റെ ക്യാമറ ആണ്. പപ്പ വാങ്ങിച്ചുതന്ന ക്യാമറ. ആ ദിനം അവൻ ഓർത്തെടുത്തു.

“മമ്മി… പ്ലീസ് മമ്മി. എനിക്കൊരു ക്യാമറ വാങ്ങിത്താ.”

“എന്റെ കൈയിലെവിടുന്നാടാ പൈസ. നീ പപ്പയോട് പറ.”

“മമ്മി പറഞ്ഞാൽ മതി ”

“അതെന്നാ നിനക്ക് പറഞ്ഞാൽ? ആവശ്യം നിന്റെയല്ലേ.”

“ഞാൻ പറഞ്ഞാലൊന്നും പപ്പ സമ്മതിക്കില്ല. മമ്മി തഞ്ചത്തിൽ പറഞ്ഞുനോക്ക്. ചെല്ല് മമ്മി.”

“മ്മ്… ശരി.”

അന്ന് രാത്രിയിൽ മമ്മി പപ്പയോട് കാര്യം പറഞ്ഞു.

“ക്യാമറയോ? എന്നാത്തിനാ ഇപ്പൊ ക്യാമറ. അവനെന്താ ഫോട്ടോഗ്രാഫറാവാൻ പോവാന്നോ? മറ്റന്നാളല്ലേ അവന്റെ പത്തിലെ റിസൾട്ട്‌ വരുന്നത്. അത് വരട്ടെ ആദ്യം.”

ഇത്രയും പറഞ്ഞ് പപ്പ അവിടെ നിന്നുമെണീറ്റ് കിടക്കാൻ പോയി.

“കേട്ടല്ലോ പപ്പാ പറഞ്ഞത്. നീ അതങ്ങ് മറന്നു കളഞ്ഞേക്ക്.” മമ്മി അവനോട് പറഞ്ഞു.

ആദം അന്ന് വളരെയേറെ വിഷമിച്ചു.

പിന്നീട് റിസൾട്ട്‌ വന്നപ്പോൾ അവന് ഡിസ്റ്റിംഗ്ഷൻ ഉണ്ടായിരുന്നു. സ്കൂളിലേക്കും ഉയർന്ന മാർക്കാണ് അവന് കിട്ടിയത്.

പിറ്റേ ദിവസം രാവിലെ മമ്മി  അവനൊരു സമ്മാനപ്പൊതി കൊടുത്തു.

“എന്നാ മമ്മി ഇത്?”

” നീ തുറന്നുനോക്ക് ”

പൊതി തുറന്നപ്പോൾ അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവനേറെ ആഗ്രഹിച്ച ക്യാമറ ആയിരുന്നു അതിനുള്ളിൽ.

“താങ്ക്യൂ സോ മച്ച് മമ്മി ” അവൻ മമ്മിയെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു.

“ഇതാരാ വാങ്ങിയേ എന്നറിയാമോ. നിന്റെ പപ്പയാ”

അവൻ ഞെട്ടി മമ്മിയെ നോക്കി. പിന്നീട് പപ്പയുടെ അടുത്തേക്ക് നടന്നു.
“പപ്പാ”  പത്രം വായിച്ചുകൊണ്ടിരുന്ന പപ്പയെ അവൻ വിളിച്ചു. അയാൾ അവനെ നോക്കി.

അവൻ പപ്പയെ ചെന്ന് കെട്ടിപ്പിടിച്ചു.
“ഗിഫ്റ്റ് എനിക്കൊത്തിരി ഇഷ്ടമായി. താങ്ക്സ് പപ്പാ.”

അവനിൽ നിന്ന് അങ്ങനെയൊരു നീക്കം  അയാൾ പ്രതീക്ഷിച്ചിരുന്നില്ല. അയാളുടെ ചുണ്ടിലൊരു ചെറുപുഞ്ചിരി വിരിഞ്ഞു. എന്നാലത് ആദം കണ്ടിരുന്നില്ല.

അടുത്ത ദിവസം പത്രം തുറന്നുനോക്കിയ അവൻ വളരെ സന്തോഷത്തോടെ വീടിനകത്തേക്കോടി.

“മമ്മീ… പപ്പാ ഇത് കണ്ടോ ”

“എന്നതാടാ?” മമ്മി

“മമ്മി എന്റെ ഫോട്ടോ പത്രത്തിലുണ്ട്… ദാ നോക്കിയേ ”

“നേരാണല്ലോ… മമ്മീടെ ചക്കരക്കുട്ടൻ ” മമ്മിയവനൊരു ഉമ്മ കൊടുത്തു.

“മ്മ്… കൊള്ളാം.” പത്രമെടുത്ത് നോക്കിയ ശേഷം അത്രയും മാത്രം പറഞ്ഞ് പപ്പ പോയി.

വാർത്ത കാണുമ്പോൾ സന്തോഷംകൊണ്ട് പപ്പ തന്നെ കെട്ടിപ്പിടിക്കും എന്ന് കരുതിയ അവന് അദ്ദേഹത്തിന്റെ തണുപ്പൻ മട്ടിലുള്ള പ്രതികരണം കണ്ടപ്പോൾ സങ്കടമായി. അവൻ വിഷമത്തോടെ മുറിയിലേക്ക് പോയി.

കുറച്ചു കഴിഞ്ഞ് വെളിയിലേക്ക് വന്ന അവൻ കണ്ടത്  പത്രത്തിലേക്ക് നോക്കി ചിരിക്കുന്ന പപ്പയെയാണ്. പപ്പയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു.

ആ മുഖത്ത് അഭിമാനം നിറഞ്ഞുനിൽക്കുന്നത് അവൻ കണ്ടു. ഈ മുഖം അവന് അപരിചിതമായിരുന്നു. ഉടൻ തന്നെ അവനത് ക്യാമറക്കണ്ണുകളിൽ പകർത്തി.

‘പപ്പ  ഇങ്ങനെയാണ്, കടലോളം സ്നേഹമുള്ളിലുണ്ടെങ്കിലും പ്രകടിപ്പിക്കില്ല.’ അവൻ ചിന്തിച്ചു.

ഫോണിന്റെ ശബ്ദമാണ് അവനെ ചിന്തകളിൽ നിന്നുണർത്തിയത്. ഫോണെടുത്ത് നോക്കി, ടോണി അങ്കിളാണ്.

ഫോണെടുത്ത്  വീട്ടിൽ വന്ന കാര്യം അറിയിച്ചു. കുറച്ചുനേരം വിശേഷങ്ങൾ പങ്കുവെച്ചതിനുശേഷം ഫോൺ കട്ടാക്കി.

പതിനേഴാമത്തെ വയസ്സിൽ അനാഥനായ അവനെ നോക്കിയത് മമ്മിയുടെ സഹോദരനായ ടോണി അങ്കിളായിരുന്നു.

16 വയസ്സുള്ളപ്പോഴായിരുന്നു പപ്പയുടെ മരണം. ഒരു വർഷം കഴിഞ്ഞപ്പോൾ മമ്മിയും പോയി. അന്ന് വിട്ടതാണ് നാട്.

പപ്പയുടെ ഫോട്ടോയെടുത്ത്  പൊടിയെല്ലാം തുടച്ചുനീക്കി അവൻ ചുമരിൽ കുടുംബചിത്രത്തിന്റെ അടുത്തായി തൂക്കിയിട്ടു. ആ ചിത്രത്തിൽ നോക്കി നിന്നപ്പോൾ അവന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ താഴേക്ക് പതിച്ചു.

അവന് താൻ കണ്ടതിൽ വെച്ചേറ്റവും മനോഹരമായ പുഞ്ചിരിയാണ് അതെന്ന് തോന്നി. വർഷമെത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല ആ പുഞ്ചിരി… ആ ചിത്രവും.

Leave a Reply

Your email address will not be published.