ഞാൻ വെറും മണ്ടൻ, വിടില്ല ഞാനവളെ പല വട്ടം ഞാനവളുടെ വീട്ടിൽ പോയി വിളിച്ചു..

(രചന: Syam Varkala)

ഭാര്യയും ഭർത്താവും പരസ്പ്പരം നൾകേണ്ടുന്ന, ഒരേ പേരുള്ള ഏറ്റവും വലിയ ഗിഫ്റ്റ് എന്താന്നറിയോഡോ തനിക്ക്..?

“ഇല്ല…”

“നീ കെട്ടിയതല്ലേ?”

“അല്ല ചേട്ടാ ഞാനൊരു കാമുകനാ..”
നെഞ്ച് വിരിച്ചാണ് പറഞ്ഞതെങ്കിലും പറഞ്ഞ് കഴിഞ്ഞപ്പോൾ ചെറ്യൊരു നാണം വന്നെന്നെ ഇക്കിളിയിട്ടു.

“മ്..പ്രണയിക്കുന്നവർക്കും
ഈ ഗിഫ്റ്റ് ബാധകമാണ്… വളരെ .. വളരെ..”

അയാൾ കുപ്പിയിൽ ബാക്കിയുണ്ടായിരുന്നത് കൂടി വായിലേയ്ക്ക് കമിഴ്ത്തി കുപ്പി വലിച്ചെറിഞ്ഞു…കുറച്ചു നേരം കുപ്പി വീണിടത്തേക്ക് നോക്കി നിന്നിട്ട് പറഞ്ഞു.

“കുപ്പി പൊട്ടിയില്ല… ചിലതങനാ നമ്മളെത്ര കെയർലെസ്സായി കൈകാര്യം ചെയ്താലും അവയ്ക്കൊന്നും പറ്റില്ല..,….”

“അല്ല ചേട്ടാ…ഗിഫ്റ്റ്.. അത് പറഞ്ഞില്ലാ..”
വിഷയം തെന്നിമാറുന്നത് കണ്ട് ഞാൻ ഇടയ്ക്ക് കയറി ഇടപെട്ടു.

“പറഞ്ഞില്ലേ…?? എനിക്കാ ഗിഫ്റ്റ് ആവോളം കിട്ടിയിട്ടുണ്ട്..ഞാനും ഒട്ടും കുറയാതെ തിരിച്ചും കൊടുത്തിട്ടുണ്ട്…..

അത് വേറൊന്നുമല്ല.. എനിക്കിപ്പോ ഇല്ലാത്തൊരു സാധനാ..ബോധമല്ല..
‘മനഃസമാധാനം’..!!”..

“ആഹാ..അത് ജോറായീ…ശര്യാ ചേട്ടാ..അതൊരു മുപ്പത് മുപ്പത്താറര ഗിഫ്റ്റാ…ചില നേരം സ്വൈര്യം തരില്ലെന്നേ..

സ്നേഹമാണഖിലസാരമൂഴിയിൽ
എന്നൊക്കെ പറയുമെങ്കിലും ആ സ്നേഹം തന്നെയാണ് ചില നേരം മനഃസമാധാനം കെടുത്തുന്നതും..
നമ്മൾ ദേഷ്യപ്പെട്ടാലോ , ഉടൻ വരും ഡയലോഗ്..ഇഷ്ട്ടം കൊണ്ടല്ലേഡാന്ന്…”

“ഹ..ഹ..ഹ…”

അയാൾ ഞാൻ പറഞ്ഞത് കേട്ട്
പൊട്ടിച്ചിരിച്ചു.. പെട്ടെന്ന് കാൽ സ്ലിപ്പായി വീഴാൻ തുടങിയപ്പോൾ ഞാൻ പിടിച്ചു. മ ദ്യം പത്തിവിരിച്ചാട്ടം തുടങിയിരിക്കുന്നു, തുള്ളി വെള്ളം ചേർക്കാതെയല്ലേ കാച്ച്..!

“…നീ കൊള്ളാഡാ മോനേ…
നീയെവിടെത്തെയാ..”

ഞാനൊരു മെഡിക്കൽ റെപ്രസെന്റേറ്റീവാ ചേട്ടാ..ഇവിടെ സ്റ്റേഡിയത്തിനടുത്തൊരു വീട്ടിൽ റെന്റിനു താമസിക്കുന്നു… ഒരാഴ്ച്ചയായി വന്നിട്ട്, സൈക്കളിൽ വെറുതെയൊന്ന് ചുറ്റിയടിക്കാനിറങിയതാ ..
പങ്ചറായി..

പിന്നെ വർക് ഷോപ്പിൽ കൊടുത്തു.
അവിടിരുന്നപ്പോ തോന്നി നടക്കാന്ന്…
അതിപ്പോ നന്നായി ചേട്ടനെ പരിചയപ്പെടാൻ പറ്റിയല്ലോ…ഒക്കെ നിമിത്തമാകും…ല്ലേ ചേട്ടാ..
പ്രോഗ്നോസ്റ്റിക്…”

ഞാൻ ചിരിച്ചു..

“..മ്..പ്രോഗ്നോസ്റ്റിക്..നിമിത്തം…
ഒറ്റയേറിന് ഒരു കുല മാങ എന്ന് പറയും പോലെ, ഒറ്റ ചോദ്യം ഒരുപാടുത്തരം..ഇത്തരക്കാരെ രണ്ടു രീതിയിൽ മാറ്റി വയ്ക്കാം,

ഒന്നാം തരക്കാർ തുറന്ന മനസ്സുള്ളവരും, സ്വയം ഇഷ്ട്ടപ്പെടുന്നവരുമായിരിക്കും!
രണ്ടാം തരക്കാരെ സൂക്ഷിക്കണം,
അവർ ചോദ്യങളെ ഇഷ്ട്ടപ്പെടുന്നില്ല,

അല്ലെങ്കിൽ ,അവർ പലതും മറച്ചു പിടിക്കാൻ ആഗ്രഹിക്കുന്നുവെന്നും കരുതണം …ഇതിൽ നീയേതാന്ന് എനിക്കറിയില്ല സോളമാ..”
അയാൾ അവന്റെ ചുമലിൽ താങി.

“ആശാൻ ആള് കൊള്ളാല്ലോ..സൂപ്പർ ഒബ്സർവേഷൻ, ഞാൻ കുഴപ്പക്കാരനല്ലെന്ന് ഉറപ്പിച്ചോളൂ..
പിന്നെ..ചേട്ടാ എന്റെ പേര് സോളമനെന്നല്ല…”

“ഹ…അറിയാഡാ കുഞ്ഞാ…
എനിക്കിപ്പോ ഇഷ്ട്ടമുള്ള പേര് സോളമനാ.. ഞാനങനേ വിളിക്കൂ…
ആ പേര് ബോറടിക്കുമ്പം വേറെ പേര് വിളിക്കും..നിനക്ക് വിരോധണ്ടാ..”.

അയാളുടെ നടത്തം വല്ലാതെ ഉലയാൻ തുടങിയിരുന്നു.

“ചേട്ടൻ വിളിക്കെന്ന്.. ഇടയ്ക്ക് എന്റെ റിയൽ നെയിം വിളിക്കുമ്പോൾ ഞാൻ പറയാം…!

അതൊക്കെ പോട്ടെ…ചേട്ടന്റെ മനഃസമാധാനം എവിടെപ്പോയി…?..
ചേട്ടന്റെ പേരെന്തുവാ..?”..

“നമുക്കീ കലുങ്കിൽ ഇരുന്നാലോ പുണ്യാളാ..”

ങേ പുണ്യാളനോ..!!ഞാനോ‌‌!!
ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി..
കലുങ്കിൽ ഇരുന്നു കൊണ്ട് അയാൾ എന്നെ തല ചരിച്ചു നോക്കി..

“എന്റെ പേര് ‘ചേട്ടൻ’…നീ വിളിക്കുന്നതാണെന്റെ പേര്…”..

“അപ്പോൾ ഞാൻ ചേട്ടനെ ഒരു തെറി പേരായി വിളിച്ചാലോ…”. ഞാൻ കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു.
അയാൾ ചിരിച്ചു…കണ്ണുകൾ രണ്ടും ഇറുകെയടച്ച് ചിരിച്ചു കൊണ്ട് പറഞ്ഞു…!

“വിളിച്ചോ.. എന്തും വിളിച്ചോ…. ഞാനൊരു പ്രൈവറ്റ് കോളേജിലെ മാഷാഡാ കുഞ്ഞാ…പക്ഷേ ജീവിതം പിഴച്ചു പോയി…

നിനക്കറിയില്ലേ കെ. പി ഉമ്മറിനെ, ബാലൻ കെ നായരെ.,..എം എൻ നമ്പ്യാരെ …ടിജി രവിയെ..

ചില നേരം ദൈവം അവരൊക്കെ അഭിനയിച്ച് തകർത്ത ക്രൂരന്മാരായ വില്ലന്മാരെപ്പോലെയാ , നമ്മുടെയൊക്കെ ജീവിതത്തെ അപ്രതീക്ഷിതമായി കയറിയങ് ബ ലാത്സഘം ചെയ്തു കളയും..”

“ഹ….ഹ…ഹ… വാട്ടേ ഫണ്ണി ഇമാജിനേഷൻ…” ഞാനത് ഓർത്തോർത്തു ചിരിച്ചു..

“നിനക്കെന്റെ കഥ കേക്കണോ കേശവാ…ന്റെ കാതൂന്റെ കഥ…??”

‘കാതു..??’

“കാതറിൻ… അതാ അവൾടെ പേര്…
എനിക്ക് കിടക്കണം വർഗ്ഗീസേ..
ഞാൻ നിന്റെ മടിയിൽ കിടന്നോട്ടെ..”

അപേക്ഷാസ്വരത്തിൽ അതി ദയനീയമായി അയാളെന്നെ നോക്കി.
ആ നോട്ടം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.. മനസ്സിലെ ഭാരമിറക്കി വയ്ക്കാൻ അയാളെരു താങ് ചോദിച്ചതാണ്..!

“കിടക്ക് മാഷേ… പോരട്ടെ കഥ.. മനസ്സൊഴിയട്ടെ…” അയാൾ എന്റെ മടിയിൽ കിടന്നു കാൽമുട്ടുകൾ പാതിമടക്കി കൈ രണ്ടും മുട്ടുകൾക്കിടയിൽ തിരുകി.

“കാതറിൻ… കാതു സുന്ദരിയായിരുന്നു… വളരെ… വളരെന്നെ വച്ചാൽ വളരെയെന്നെ വാക്കിന്റെ മുനമ്പോളം…

സൗന്ദര്യം വച്ച് നോക്കിയാൽ അവൾ സ്വർഗ്ഗവും ഞാൻ നരകവുമായിരുന്നു…!
എന്നിട്ടും ഞാനവളെ മോഹിച്ചു..
സ്വന്തമാക്കാനല്ല..വെറുതെ…!

ഒരു ദിവസം അവളെന്നോടൊരു ചോദ്യം.. ‘ന്താ ലവ്വാണോന്ന്’…! ഞാനാകെ പതറിപ്പോയി.. അവളെന്നെ ശ്രദ്ധിച്ചിരിക്കുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തി. ഞാനൊന്നും മിണ്ടാതെ ഒഴിഞ്ഞു മാറി…

പിറ്റേ ദിവസം എവിടുന്നോ കിട്ടിയ ധൈര്യത്തിൽ തലേന്ന് രാത്രി ഉറക്കത്തെ ഉണർത്തിക്കിടത്തിയെഴുതിയ ലെറ്റർ അവൾക്ക് നേരെ നീട്ടി..
പ്രതീക്ഷിച്ചത് ഒരടിയാണ്..
കത്തുന്ന ഒരു നോട്ടമാണ്…പക്ഷേ…””

അയാൾ കഥ നിർത്തി മുട്ടിനിടയിൽ തിരുകിയിരുന്ന വലതു കൈ ഉയർത്തി കണ്ണു തുടച്ചു…ഞാനൊന്നും മിണ്ടിയില്ല… വെറും കേൾവ്വിക്കാാരനായി കാതു കൂർപ്പിച്ചിരുന്നു…

“ആ കത്ത് ഇങനെയായിരുന്നു..

കാതറിൻ..,

ചോദിച്ചില്ലേ പ്രണയമാണോന്ന്,
ഉത്തരം അതെ എന്നാണ്,
പക്ഷേ, താനെന്നെ ഒരിക്കലും പ്രണയിക്കരുത്, ഒന്നു നോക്കുകയോ, പുഞ്ചിരിക്കുകയോ ചെയ്യരുത്..!!

തനിക്കൊരു ശല്യവും കൂടാതെ ഞാൻ തന്നെ പ്രണയിച്ചോട്ടെ…?
നിന്റെ കളി ചിരികൾ ആസ്വദിച്ചോട്ടെ..?…പിന്തുടർന്നോട്ടെ..?

കാതറിനോളം ഭംഗിയും യോഗ്യതയുമുള്ള ഒരാൾക്കൊപ്പമാകണം കാതറിൻ ജീവിക്കേണ്ടത്..!
തനിക്കൊപ്പം നടക്കേണ്ടൊരുടൽ ഞാനല്ല…!

താജ്മഹലിനെ കണ്ടാസ്വദിക്കുന്ന പോലെ ഞാൻ കാതറിനെ പരിശുദ്ധമായ പ്രണയത്തോടെ , വിസ്മയത്തോടെ ആസ്വദിച്ചോട്ടെ…

എനിക്കാ പ്രണയം തരുന്ന അനുഭൂതി മാത്രം മതി. എന്നെയിനി ചോദ്യം ചെയ്യരുത്…!” പെട്ടെന്ന് അയാൾ എന്റെ മടിയിൽ നിന്നും എഴുന്നേറ്റു.

“എന്നിട്ട്…പറ മാഷേ..
എന്നിട്ടെന്തായി..” എനിക്ക് ജിജ്ഞാസ അടക്കാനായില്ല.

“നമുക്കിനി നടക്കാം കുഞ്ഞാ…”

അഴിഞ്ഞു പോയ മുണ്ടുടുക്കാൻ അയാൾ വളരെ ബുദ്ധിമുട്ടി, ഒടുവിൽ ഞാൻ സഹായിക്കേണ്ടി വന്നു..
നടത്തം വളരെ പതിയെ ആയിരുന്നു.
എന്റെ ചെവികൾ കേൾവ്വിയെ കൂർപ്പിച്ച് കാത്തിരുന്നു….ന്നിട്ട്…??

“അവൾ മറുപടിക്കത്തൊന്നും തന്നില്ല,
പകരം കുറച്ചു വാക്കുകൾ എന്നോട് പറഞ്ഞു..

“അപകർഷതാബോധത്തിന്റെ എക്സ്ട്രീം ലെവലിനെ ഞാൻ താനെന്ന് വിളിക്കും…

അത് മാറാൻ ഒരേയൊരു വഴിയേയുള്ളൂ…. തന്നേക്കാൾ സുന്ദരിയെന്ന് താൻ വിശ്വസിക്കുന്ന ഒരു പെണ്ണിനെ കല്ല്യാണം കഴിക്കുക..
തന്റെ ഭാഗ്യവശാൽ അത് ഞാനാണ്..
നമുക്ക് പ്രേമിച്ചാലോ…?…”

“ങ്ഹേ..ന്നിട്ട്….. മാഷേ ഇടയ്ക്ക് നിർത്തല്ലേ..പറ…” എനിക്കാകെ ത്രില്ലായി..

“എന്താകാൻ…പ്രേമിച്ചു…. കെട്ടി കൂടെക്കൂട്ടി… അവളുടെ സൗന്ദര്യം പോലെ നമ്മുടെ ജീവിതവും സ്വർഗ്ഗമായിരുന്നു…”

പെട്ടെന്ന് അയാളുടെ ശ്വാസഗതി ഉയർന്നു താഴ്ന്നു, കിതപ്പിന്റെ ആക്കം കൂടിക്കൂടി വന്നു…

“ഒടുവിലെന്നെ നരകമാക്കിയവൾ എന്നെ ഇട്ടെറിഞ്ഞു ഓടിപ്പോയി സോളമാ..”

അതൊരലർച്ചയായിരുന്നു.
ഞാൻ പെട്ടെന്ന് നിന്നു പോയി.ആ ഭാവമാറ്റം എന്നെ വല്ലാണ്ട് അമ്പരപ്പിച്ചു…

“എ…എ..ന്തിന്..എവിടെപ്പോയി…”
ഞാൻ വിക്കി വിറച്ച് ചോദിച്ചു.

“അവൾ അവളുടെ വീട്ടിൽ പോയി…
ഞാൻ വെറും മണ്ടൻ… വിടില്ല ഞാനവളെ…. പല വട്ടം ഞാനവളുടെ വീട്ടിൽ പോയി വിളിച്ചു…

വന്നില്ലവൾ..എന്നെയൊന്ന് കാണാൻ പോലും കൂട്ടാക്കീല ക ഴു വ ർട മോൾ… ഇന്നവൾ ഇറങി വന്നില്ലേൽ ഞാനവളുടെ വീടിന് തീയിടും.. ഒറപ്പാ.. അല്ലേൽ അവളെന്നെ ഡിവോഴ്സ് ചെയ്യട്ടെ…എനിക്കെന്റെ വഴി..”

“മാഷേ…പതിയെ പറ…. മാഷ് ഇന്നേതായാലും പോണ്ട… നാളെ ഞാനും വരാം…ചേച്ചി വരും..നമുക്ക് സംസാരിക്കാന്നേ..” ഞാൻ മാഷിന്റെ തോളിൽ കൈ വച്ച് പറഞ്ഞു…

“പ്ഫ…നാ റീ… നീയാരാഡാ..എനിക്ക് കൂട്ട് വരാൻ.. നീ അവളുടെ ജാരനല്ലേഡാ…
അവളെ കാണാനല്ലേ നീയീ നാട്ടിൽ വന്നത് ..”

അയാൾ പെട്ടെന്ന് എന്റെ കോളറിൽ പിടിച്ചുലച്ചു…പിന്നിലേക്ക് തള്ളി. എറിയാനായി കല്ലെടുത്തു…ഞാൻ പിന്നിലേയ്ക്ക് ചുവട് വച്ചു ഒഴിഞ്ഞു.

“മാഷേ….എന്തായിത്…” ഞാൻ ഞെട്ടിപ്പോയി.

“പോടാ….ജാരനാ നീ… ന്റെ കാതൂനെ എന്നിൽ നിന്നകറ്റിയ ദ്രോഹീ…”

ഒഴിഞ്ഞു മാറിയില്ലായിരുന്നെങ്കിൽ ഏറ് മുഖത്ത് തന്നെ കൊണ്ടേനെ..
ഞാൻ വാച്ചിൽ നോക്കി..സമയം എട്ടാകുന്നു… നേരം പോയതറിഞ്ഞില്ല.. മാഷ് പുലമ്പിക്കൊണ്ട് നടന്നു തുടങിയിരുന്നു.. ഞാൻ തിരിഞ്ഞ് നടക്കാൻ തുടങി.

എനിക്കെന്തോ മാഷിനെയോർത്തിട്ട് വല്ലാതെ വീർപ്പു മുട്ടി…പാവം മനുഷ്യൻ..!
ഞാൻ തിരിഞ്ഞു നോക്കി….
അതാ മാഷ് മതിലിനു മുകളിലേയ്ക്ക് അള്ളിപ്പിടിച്ചു കയറുന്നു…
അതാ ചാടി..ഞാൻ തിരിഞ്ഞോടി..

മതിലിനടുത്തെത്തി ഞാൻ ചുറ്റും നോക്കി..അടുത്തെങും വീടുകളില്ല.. മതിലിൽ ഏന്തി വലിഞ്ഞ് കയറി ഞാൻ അകത്തേക്ക് ചാടി. ഞെട്ടിപ്പോയി.. അതൊരു പള്ളി സെമിത്തേരിയായുരുന്നു…

ഒരു ചുവടു പോലും മുന്നോട്ട് വയ്ക്കാനാകാതെ ഞാൻ വെട്ടിവിയർത്ത നെറ്റിയൊപ്പി മതിലും ചാരി നിന്നു..മാഷിന്റെ ഒച്ചയൊഴിച്ചാൽ ആകെ നിശബ്ദം..

ഞാൻ മുന്നോട്ട് ചുവടു വച്ചു. മാഷിവിടെ എന്തിന്…???വിറ പൂണ്ട
കുറച്ചു ചുവടുകൾ വച്ച ഞാൻ കണ്ടു.
ഒരു കല്ലറയ്ക്ക് മുകളിൽ മാഷിരിക്കുന്നു..

ഞാനൊരു കല്ലറയുടെ ചുവട്ടിൽ കുത്തിയിരുന്നു…

കാതൂ….കാതൂന്നുള്ള മാഷിന്റെ നേർത്ത ശബ്ദം മാത്രം കേൾക്കാം.
കാതറിൻ മരിച്ചോ..?? വീട്ടിലെന്ന് പറഞ്ഞിട്ട്…??

“അയ്യോ…!! മാഷ് കല്ലറയുടെ സ്ലാബ് നീക്കുകയാണല്ലോ…” ഞാൻ തിരിഞ്ഞോടി.. ചെരുപ്പൂരിത്തെറിച്ച് തട്ടിത്തടഞ്ഞ് ഏതോ കല്ലറയുടെ മുകളിലേയ്ക്ക് ഞാൻ വീണു..

വീഴ്ച്ചയിൽ ഞാനൊന്നു കൂടി തിരിഞ്ഞു നോക്കി. അപ്പോൾ കണ്ടത് കല്ലറയ്ക്കുള്ളിലേയ്ക്കിറങുന്ന മാഷിനെയാണ്..

എന്റെ കണ്ണുകൾ ഭയം നിറഞ്ഞുന്തി വന്നു.. ഒരുവിധം ഞാനോടി മതിൽ ചാടിക്കടന്നു…നടന്നില്ല…ഓട്ടമായിരുന്നു..കാലിൽ കൊണ്ട് കയറിയ കൂർത്ത കല്ലുകളൊന്നും എന്നെ നോവിച്ചില്ല…

“ചേട്ടാ…കുറച്ച് വെള്ളം താ…”.

സൈക്കിൾ വർക്ഷോപ്പിനു മുന്നിൽ നിന്ന് ഞാൻ കിതച്ചു. പതിയെ ബഞ്ചിലിരുന്നു

“മോനിതെവിടെ പോയതാ..
ഞാൻ കടയടയ്ക്കാനുള്ള സമയം കഴിഞ്ഞു..”

വെള്ളം നീട്ടിക്കൊണ്ട് വർക് ഷോപ്പിലെ ചേട്ടൻ എന്നെ ചുഴിഞ്ഞൊന്ന് നോക്കി..ഞാൻ വെള്ളം തുള്ളി ബാക്കിയില്ലാതെ വായിലേയ്ക്കിറ്റിച്ചു…

“ചേട്ടാ. അവിടെ…അവിടെ സെമിത്തേരിയിൽ ..ഒരാള്…”

എനിക്ക് കിതപ്പ് കാരണം വാക്കുകൾ പുറത്തേക്ക് വന്നില്ല… പെട്ടെന്ന് എന്തോ പിടികിട്ടിയ പോലെ അയാൾ ചിരിച്ചു…

“ഹ…ഹ..ഹ…പേടിച്ചു പണ്ടാരടങിയല്ലേ… അത് പ്രേതമൊന്നുമല്ല മോനേ.. മ്മടെ ലാസ്സറ് മാഷാ…അങേരനാ കള്ള് മൂക്കുമ്പം ഇമ്മാതിരി പ്രാന്താ…

കെട്ട്യോളുടെ കല്ലറയിൽ പോയി ചീത്ത വിളിക്കും.. ചിലപ്പോഴൊക്കെ അവിടെ കിടക്കും.. മനസ്സ് കുറച്ചൊന്ന് പാളിപ്പോയി പാവത്തിന്റെ …

കാതറിൻ കൊച്ച് പോയതോടെ ജീവിതവും മാറി ആളും മാറി…
മഴയത്ത് ടറസ്സിൽ ഉണക്കാനിട്ട തുണിയെടുക്കാൻ പോയതാ കൊച്ച്, ഇടിമിന്നലേറ്റു….”

ഞാൻ വാ പൊളിച്ചിരുന്നു പോയി..
ബനിയനുയർത്തി മുഖമാകെ തുടച്ചു.
എനിക്ക് ഒന്നും വിശ്വസിക്കാനെ പറ്റിയില്ല… എന്തൊക്കെയാണിത്..!
കല്ലറയ്ക്കുള്ളിൽ ഉറങുന്ന മനുഷ്യനോ…

“മോൻ വാ…ഇനിയിപ്പോ ഒറ്റയ്ക്ക് സൈക്കിളും ചവിട്ടി പോണ്ട.. എന്റെ സൈക്കിളിൽ ഞാൻ വീട്ടിലാക്കാം.. മോൻ നാളെ വന്ന് സൈക്കിളെടുത്തോ…”

സൈക്കിളിന് പിന്നിൽ ഞാനൊരു മരപ്പാവ പോലെ ചേട്ടനെ ചുറ്റിപ്പിടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *