ചില നേരം ഞാനാ സ്ത്രീയെ വല്ലാതെ സ്നേഹിക്കും, അമ്മ എന്ന വാക്കിനെ എസ്ത പറഞ്ഞു..

തോരില്ല
(രചന: Syam Varkala)

“എസ്തേ…ഇന്നൊരു കാഴ്ച്ച കണ്ടു ഞാൻ..ഒരമ്മയുടെ കരച്ചിൽ, കരച്ചിലെന്ന് വച്ചാ ചങ്ക് തെറിച്ച് പോകും വിധമുള്ള അലറിക്കരച്ചിൽ..

നമ്മുടെ ജോമോന്റെ ഭാര്യ പ്രസവിച്ചിട്ട് കുഞ്ഞിനെ കാണാൻ ഹോസ്പിറ്റലിൽ പോയതാ ഞാൻ…. അപ്പോഴാ…ഹൊ…. !
കാതീന്ന് പോണില്ല എസ്തേ…

ആ സ്ത്രീ പ്രസവിച്ചതൊരു മാംസപിണ്ഡമായിരുന്നു നാല് കിലോ തൂക്കമുള്ളൊരു ഉരുള…
ചിറക്‌ മുളയ്ക്കാതെ പോയ സ്വപ്നം..!
സ്കാനിങിൽ നേരത്തേ അവർക്കറിയാമായിരുന്നിട്ടും ..

ആ കരച്ചിൽ…… എസ്തേ….നൊന്തു പെറ്റതിനെ ഒന്ന് കണ്ട് കൂടി കാണില്ല പാവം…!”

ഗഗൻ വിങുന്ന ഹൃദയത്തോടെ പറഞ്ഞു‌നിർത്തി.

എസ്തപ്പാൻ തലയാട്ടിക്കൊണ്ട് ചിപ്സ് നുള്ളി വായിലിട്ടു. ഇനിയെന്താണെന്നുള്ളത് എസ്തയ്ക്കറിയാം..

ഗഗൻ ആവശ്യപ്പെടാതെ തന്നെ
മനസ്സില്ലാ മനസ്സോടെ
എസ്തപ്പാൻ വീണ്ടും ആ കഥ പറയാൻ തുടങി, പറഞ്ഞു പറഞ്ഞു പിഞ്ചിപ്പഴകിയ നോവു രാത്രിയുടെ കഥ…

പക്ഷേ ഗഗനെ സംബന്ധിച്ച് ആ കഥയ്ക്ക് ഒരിക്കലും പുതുമ നഷ്ട്ടപ്പെട്ടിട്ടില്ല.!

ലഹരി മയക്കിയ ബോധത്തോടെ
എസ്തപ്പാൻ മീശതടവി
ഗഗനെ നോക്കിക്കൊണ്ട് തന്റെ ജീവിതത്തിൽ അരങേറിയ ആ ചതിപുരണ്ട ഭോ ഗരാത്രിയുടെ കഥ പറയാൻ തുടങി‌.

ഗഗൻ തലചലിപ്പിച്ച് തുടങിക്കോളാൻ ആഗ്യം കാട്ടി. പതിവു പോലെ സ്റ്റാർട്ടിങ് ട്രബിളിനോട് പടവെട്ടുന്നുണ്ടായിരുന്നു എസ്തയുടെ മനസ്സ്.

ഇടയ്ക്ക്‌ ഗഗൻ എസ്തപ്പാനെ കാണാൻ വരും, ചങ്കുലയുമ്പോഴൊക്കെ..!
കൈയ്യിൽ ബോട്ടിലുമുണ്ടാകും.
അതൊരു സൂചനയാണ് കഥ വീണ്ടും പറയണമെന്നുള്ളതിന്റെ…!

“അന്ന് നേരിയ മഴച്ചാറലുണ്ടായിരുന്നു….”
ഗഗൻ തുടക്കമിട്ടുകൊണ്ട് തല താഴ്ത്തി.. ഇനി കഥ കഴിയണം തലയുയരാൻ..!..
പല വട്ടം കേട്ട കഥയിലേയ്ക്ക് ഗഗൻ കേൾവ്വിയെ തുറന്നു വച്ചു.

എസ്ത പറഞ്ഞു തുടങി….

“അതെ..മഴച്ചാറലുണ്ടായിരുന്നു,..
നല്ല തണുപ്പും, ബീ ഡി തീർന്നതിനാൽ ഞാൻ ഇടയ്ക്കിടെ കടുപ്പത്തിൽ കട്ടനും കുടിച്ചു ശരീരം ചൂടാക്കി മഴയും നോക്കിയിരിക്കുന്ന നേരത്താണ്
വാതിൽക്കലേയ്ക്ക് അവൾ ഓടിക്കയറിയത്…

പദ്മിനി…പപ്പി.. പപ്പിയെന്ന് പറഞ്ഞാലേ അവളെ അറിയൂ…ശ്രദ്ധിച്ചിട്ടില്ലേ ,തെരുവ് വേശ്യകൾക്കുള്ള ചെല്ലപ്പേരുകൾക്ക് വല്ലാത്ത ഓമനത്തമുണ്ടായിരിക്കും..

സ്വന്തം കുട്ടികൾക്ക് പേരിടുമ്പോൾ കൂടി ഇത്ര ഇമ്പമുള്ള പേരുകളെ
തേടാറില്ല അല്ലെങ്കിൽ തന്നെ വേശ്യയ്ക്കെന്തിന് പേര്, പോരിലല്ലേ കാര്യം…!

പപ്പിയുമായി പലവട്ടം പോരാടിയിട്ടുണ്ടെങ്കിലും, ബീഡിയൊഴിഞ്ഞ ആ തണുപ്പത്ത് അവൾ മുന്നിലവതരിച്ചപ്പോൾ
ആകെ കുളിരായി…! വല്ലാത്ത തരുതരിപ്പ്…!..

“ഒരു കട്ടനെനിക്കും താ എസ്തേ..
തണുക്കുന്നു..”

കസേരയിൽ കിടന്ന തോർത്തെടുത്ത്
പപ്പി തല തുവർത്താൻ തുടങി‌.

“ഞാൻ പോരേ…”.

കതകടച്ച് കുറ്റിയിട്ട ശേഷം ഞാൻ ചോദിച്ചു… സാരിയിൽ നിന്നും പിൻ വിടുവിക്കവേ അവൾ എന്നെ നോക്കി.
നിർവ്വികാരമായ നോട്ടം..

“ദേ ആ ഫ്ലാസ്കേലിരിപ്പുണ്ട്..”

പപ്പി തുണിയുരിയുന്നതും നോക്കി ഞാൻ കസേരയിലിരുന്നു, കട്ടന് പഴയ രുചി തോന്നീല..കട്ടനേക്കാൾ കടുപ്പത്തിൽ പപ്പി മുന്നിൽ മാറിക്കൊണ്ടിരിക്കുകയാണ്.

തുണികളോരോന്നായിപിഴിഞ്ഞ് ബക്കറ്റിലേയ്ക്ക് വെള്ളമിറ്റിക്കുന്ന പപ്പിയെ നോക്കി
എസ്ത കട്ടൻ പതിവിൽ കൂടുതൽ ശബ്ദമുണ്ടാക്കി വലിച്ചു കുടിച്ചു.

“നീയെവിടായിരുന്നു,
മാസം കുറെയയല്ലോ ഈ വഴി..”
എസ്തപ്പാൻ നോട്ടം പപ്പിയിൽ നിന്നും അടർത്താതെ ചോദിച്ചു‌.

“എനിക്കങനെ സ്ഥിരം
വഴികളില്ലല്ലോ എസ്തേ…പല വഴിയല്ലേ…ഒരു മനുഷ്യനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിൽ കൂടി ഒരു വേശ്യ സഞ്ചരിക്കും.. ഭ്രാന്തിയെപ്പോലെ… ഹ..ഹ.ഹ…”

പപ്പി പൊട്ടിച്ചിരിച്ചു കൊണ്ട് ബ്ലൗസ് അയയിൽ വിരിച്ചു…

“…ഒടുവിൽ പെരുവഴി….
അതുമറിയാം… ഒക്കെ അറിഞ്ഞു കൊണ്ടുള്ള കളിയാണെസ്തേ…
കണ്ടിട്ടില്ലേ , ഈ പുതിയസിനിമാ പോസ്റ്ററുകൾ ഒട്ടിക്കുമ്പോൾ എല്ലാവരും‌ ശ്രദ്ധിക്കും, നോക്കി ആസ്വദിക്കും ചിലർ അതിലെ ചിത്രങൾ വെട്ടിയെടുത്ത് റൂമിലൊട്ടിക്കും..

പക്ഷേ സിനിമ റിലീസായാൽ ആ പോസ്റ്റർ തെരുവിൽ അനാഥമാകും..

ആരും‌ നോക്കാതാകും..സിനിമ മോശമായാൽ കരിവാരിത്തേക്കും..
ചാണക വെള്ളമിഴിക്കും..വൈകാതെ മറ്റൊരു സിനിമയുടെ പോസ്റ്റർ അതിനു മുകളിലൊട്ടിച്ച് പഴയതിനെ അടക്കം ചെയ്യും….

“ഹൊവ്…മാരക ഫിലോസഫിയാണെല്ലോ പപ്പീ..”

എസ്ത അന്തം വിട്ട് അവളെ നോക്കി. പഴയ കോളേജ് ക്ലാസ് റൂമിൽ പെട്ടതു പോലെ..മുന്നിൽ ത്രേസ്യാമ്മ ടീച്ചർ ക്ലാസെടുക്കുന്നത് പോലെ ലയിച്ചിരുന്നു പോയി..

“ഹ..ഹ..ഹ… ഈ ഫീൽഡിലേയ്ക്കിറങിയ ആ നിമിഷം, എന്റെ വഴിയിനി ഇതാണെന്ന് തീരുമാനിച്ച ആ നിമിഷം…

അതോടെ എന്റെ വഴികളെക്കുറിച്ച് തീരുമാനമെടുക്കാനുള്ള എന്റെ അവകാശം കഴിഞ്ഞു. അതിൽപ്പിന്നെ എന്റെ വഴികൾ തീരുമാനിക്കുന്നത് മറ്റു പലരുമാണ്..!!”

പപ്പി നെടുവീർപ്പിട്ടു.

‘എനിക്കീ ഫിലോസഫി വല്ല്യ ഇഷ്ട്ടാണെസ്തേ…ഞാൻ‌ ഓഷോ ഫാനാ…ഉഷയല്ല ട്ടാ…..ഹ..ഹ..ഹ..”‘

പപ്പി ചിരിച്ചു കൊണ്ട് കട്ടിൽ കിടന്ന്
ബെഡ്ഷീറ്റ് വാരി പുതച്ചു.
ഞാൻ ഒഴിഞ്ഞ ഗ്ലാസ് മേശപ്പുറത്ത് വച്ചു..

“നിനക്ക് കട്ടൻ വേണ്ടേ..”

“മറന്നു…ഇനിയിപ്പോ എഴുന്നേൽക്കാൻ വയ്യ…വാ വന്നൊന്ന് ചൂടാക്ക്…”

എനിക്കും തിടുക്കമായിരുന്നു ആ പുതപ്പിന്നുള്ളിലേയ്ക്ക് കയറാൻ..
ഭാര്യ കഴിഞ്ഞാൽ ഞാൻ തൊട്ട മറ്റൊരുടൽ…

മഴ തോർന്നിരുന്നു., ഞാൻ പുതപ്പിനുള്ളിലേയ്ക്ക് കയറി പപ്പിയെ വരിഞ്ഞു മുറുക്കി.

“മതി..മതി എസ്താ…”.. ഗഗൻ മുഖമുയർത്താതെ പറഞ്ഞു.
പതിവ് പോലെ കഥ ആ വരിഞ്ഞു മുറുക്കലിൽ നിന്നു.

എസ്തപ്പാനും ബാക്കി കഥ പറയാനുള്ള മനോവീര്യം ഒരിക്കലും കിട്ടിയിരുന്നില്ല.
എസ്തപ്പാൻ രണ്ട് ഗ്ലാസ്സിലായി
മ ദ്യം നിറച്ചു.

ഗഗൻ ആകെ കുടിക്കുന്നത് ഈ കഥ കേട്ട് കഴിയുമ്പോഴാണ്.. ഒരൊറ്റ പെഗ്ഗ്..!
എസ്തപ്പാൻ നീട്ടിയ ഗ്ലാസ്സ് വാങി ഗഗൻ ഒറ്റ വലിക്ക് കുടിച്ചു…
ചിറി തുടച്ചു.

“എന്തു പറ്റിയെഡാ മോനേ നിനക്ക്..,
എന്തിനാ നീ വീണ്ടും വീണ്ടും
ഈ കഥ കേൾക്കുന്നത്…

എനിക്കിനി നീ മേലാൽ കള്ളും കൊണ്ട് വരരുത്..ഞാനിനി നിന്നോട് കഥ പറയില്ല…എനിക്ക് നോവുന്നെടാ ഗഗാ,..നീയിങനെ എന്റെ മുന്നിൽ തല കുമ്പിട്ട് ചങ്ക് നീറി പിടയുന്നത് എനിക്കിനി കാണാൻ മേല…”

എസ്തപ്പാൻ നിറകണ്ണോടെ ഗ്ലാസ് ഒറ്റവലിക്ക് ഒഴിച്ചു കൊണ്ട് ഗഗന്റെ ചുമലിൽ പിടിച്ചു…ഗഗൻ എസ്തപ്പാനെ ചുറ്റിപ്പിടിച്ചു, മുതുകത്ത് പതിയെ തടവി.
എസ്ത ഗഗന്റെ ചുമലിൽ നിന്നും മുഖമുയർത്തി ഗഗനെ നോക്കി..

“എനിക്കറിയാം..അമ്മ…ങ്ഹും..
നീ നിന്റെ അമ്മയെ ഓർത്തു ..ല്ലേ…?

ഒരു സഞ്ചിയിൽ മാസമൊന്ന് പോലും തികച്ച് പ്രായമില്ലാത്ത നിന്നെ മഴയത്ത് ഇവിടെയീ ഷെഡ്ഡിന്റെ മൂലയിൽ ഉപേക്ഷിച്ചിട്ട് എനിക്കൊപ്പം ശരീരവും പങ്കിട്ട് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ കടന്നു കളഞ്ഞവളെ ഓർത്തു ല്ലേ..?..

ഗഗൻ കണ്ണുകളടച്ചു കൊണ്ട് പറഞ്ഞു.

“ഒപ്പം ആ സഞ്ചിയിൽ ഒരു കുറിപ്പും…
‘എസ്തേ, ഇതെന്റെ ചോരയാണ്..
ഈ കണ്ണിൽ ചോരയില്ലാത്തവളുടെ ചോര.. ഞാൻ പോകുന്നു’. അല്ലേ എസ്തേ….!”

“മോനേ…!!…..നീയെന്തിനാഡാ ആ കുറിപ്പ് ചില്ലിട്ട് ചുമരിൽ തൂക്കിയത്.‌. അവളെ മറന്നേക്കെഡാ‌‌‌..അവൾ മരിച്ചു…”

എസ്തപ്പാന്റെ ഒച്ച നേർത്തിരുന്നു.

“അല്ല..എസ്തേ.. ഞാനെന്റെ അമ്മയെ ഓർക്കുമ്പോഴല്ല എസ്തയെ കാണാൻ വരുന്നതും..കഥ പറയിപ്പിക്കുന്നതും…. ചില നേരം ഞാനാ സ്ത്രീയെ വല്ലാതെ സ്നേഹിക്കും…

അമ്മ എന്ന വാക്കിനെ.. എസ്ത പറഞ്ഞു തന്ന ഒരു രൂപമുണ്ടെന്റെയുള്ളിൽ.., ആ രൂപത്തെ വെറുക്കാനാണ് ഞാൻ എസ്തയെക്കൊണ്ട് കഥ പറയിപ്പിക്കുന്നത്…

കഥ കേട്ടുകൊണ്ടിരിക്കവേ എന്നോട് ഞാൻ വിളിച്ചു പറയും…’അവളൊരു വേശ്യയാണ്… നിന്റെ അമ്മയല്ല..
നിന്നെ യാതൊരു ദയയും കൂടാതെ സഞ്ചിയിൽ പൊതിഞ്ഞവളാണെന്ന്…’

അതെ എസ്തേ…എനിക്ക് അമ്മയില്ല… എന്റെ അമ്മ എന്നെ പ്രസവിച്ച അന്ന് തന്നെ മരിച്ചു പോയി‌..അവർ വേശ്യയല്ല…വേറെതോ ഒരു സ്ത്രീ…

എന്നെ മടിയിലിരുത്തി മു ലയൂട്ടാൻ കൊതിച്ച, എനിക്കിടാൻ പേര് വരെ കണ്ടു വച്ച് ഞാൻ വരുന്നതും കാത്തിരുന്നൊടുവിൽ കണ്ണടച്ച് പോയ സ്ത്രീ…അതാണെന്റെ അമ്മ…എന്റെ അമ്മ നല്ലവളാണ്…!”

എസ്തപ്പാൻ ആടിയുലഞ്ഞ് കസേരയിലിരുന്നു.. കുപ്പി മുഴുവനായ് ഗ്ലാസ്സിലേയ്ക്ക് കമിഴ്ത്തി…!
വെള്ളം ചേർക്കാതെ വായിലേയ്ക്ക് കമിഴ്ത്തി.

“ഗഗാ… പപ്പി നിന്നെ കുപ്പത്തൊട്ടിയിലല്ല ഉപേക്ഷിച്ചത്… ഇവിടെയീ ശരണാലയത്തിലെ ഉറ്റവർ ഉപേക്ഷിച്ചവരാണ് നിന്നെ വളർത്തിയത്, നീ ആരുമില്ലാത്തവനല്ല,…
നിനക്കെല്ലാരുമുണ്ട്..

എന്നെയൊരു സെക്യൂരിറ്റിയായി ഇന്നേവരെ ആരുമിവിടെ കണ്ടിട്ടില്ല…നീയും.. നമ്മളൊക്കെ ഒരു കുടുംബമാടാ മക്കളേ.. പെരുകിക്കൊണ്ടിരിക്കുന്ന കുടുംബം..കണ്ടില്ലേ…ഞാൻ വന്നപ്പോൾ പതിനാല് പേരായിരുന്നു,

ഇന്ന് നാൽപ്പതായി… ഇതിലും വലിയ കുടുംബം നിനക്കെവിടെ കിട്ടോടാ മോനേ…പറയെഡാ…”
എസ്തപ്പാൻ ഗഗനെ നോക്കി.
ഗഗൻ ചിരിച്ചു…

“ശരിയാണ് എസ്താ… എസ്തയടക്കമുള്ള ഇവിടെയുള്ള അച്ഛന്മാരാ എന്നെ വളർത്തിയത്…

ഇടയ്ക്ക് ഞാൻ അഭിമാനത്തോടെ ചിന്തിക്കാറുണ്ട്, ഞാൻ പലതന്തയ്ക്ക് പിറന്നവനാണല്ലോന്ന്… എനിക്കെത്ര അച്ഛന്മാരാ….ഏറ്റക്കുറച്ചിലില്ലാതെ സ്നേഹം വിളമ്പുന്നവർ…

പക്ഷേ എസ്തേ… ഇന്ന് ഹോസ്പിറ്റലിലെ ആ കാഴ്ച്ച… എന്റെ അമ്മയ്ക്ക് എന്നെ യാതൊരു വൈകല്ല്യവും കൂടാതെ തുടിക്കുന്ന ഉയിരോടെയാണ് കിട്ടിയത്…
എന്നിട്ടും…

ചിന്തിച്ചു പോയി എസ്തേ…
ആ മാംസപിണ്ഡം ഞാനായിരുന്നെങ്കിലെന്ന് … ആ അമ്മ അലമുറയിട്ടു കരയുന്നത് എനിക്കു വേണ്ടിയായിരുന്നെങ്കിലെന്ന്
കൊതിച്ചു പോയി….!!”

എസ്തപ്പാൻ ഒന്നും മിണ്ടിയില്ല…
തല കുമ്പിട്ടിരുന്ന എസ്തയെ ഗഗൻ പതിയെ താങിയെടുത്തു…

“ഗഗാാ…മോനേ.. എനിക്കറിയാടാ നിന്റെ മനസ്സ്… നീയിങനെ പിടയുന്നത് കാണുമ്പോ ഞാനിടയ്ക്ക് ചിന്തിക്കാറുണ്ട്…. നിന്നെയവൾക്ക് പിറന്നപ്പോഴേ കഴുത്ത് ഞെരിച്ച്….. പപ്പീ‌…..കഴുവർട മോളേ…
എങെനെ തോന്നിയെടീ നിനക്ക്….”

ഗഗൻ എസ്തയെ ബെഡ്ഡിൽ കിടത്തി, ബെഡ്ഷീറ്റ് പുതപ്പിച്ച ശേഷം വാതിൽ ചാരി ഇരുട്ടിലേയ്ക്കിറങി…
എസ്തപ്പാൻ ഓരോന്ന് പുലമ്പിക്കൊണ്ടിരുന്നു.

“കർത്താവേ‌.. എനിക്കായ് നീയിനി എന്തെങ്കിലും നന്മയോ സൗഭാഗ്യമോ കരുതി വച്ചിട്ടുണ്ടെങ്കിൽ അതെനിക്ക് വേണ്ട…മുഴുവൻ എന്റെ ഗഗന് കൊടുക്കേണമേ…. ഗഗാാ…. മോനേ… ഗഗോ….”

Leave a Reply

Your email address will not be published. Required fields are marked *