അങ്ങനെ വിവാഹം കഴിഞ്ഞ് പോയാൽ ഞാൻ മറ്റൊരു വീട്ടിലെ മരുമകൾ അല്ലേ, ഇവിടെ ഞാൻ കാണിക്കുന്ന കുറുമ്പും..

(രചന: ശ്രുതി)

” ഡീ.. നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഇങ്ങനെ മഴയത്ത് ഓടി നടക്കരുതെന്ന്.. എത്ര പറഞ്ഞാലും മനസ്സിലാവാത്ത സാധനം.. ”

വിച്ചു രാവിലെ തന്നെ കലിപ്പിലാണ്.. കാരണം മറ്റൊന്നുമല്ല, അവന്റെ പ്രിയ സഹോദരി വിദ്യ രാവിലെ മഴ തുടങ്ങിയപ്പോൾ മുതൽ മഴ നനയുകയാണ്..

” ഒന്ന് പോയെ ഏട്ടാ.. ഇപ്പൊ അല്ലെ ഇങ്ങനെ ഒക്കെ പറ്റൂ… ഈ മഴ നനയുന്ന സുഖം ഏട്ടന് അറിയാൻ പാടില്ലാഞ്ഞിട്ടാണ്.. ”

അവൾ അവനെ പുച്ഛിച്ചു.

” അതെ അതെ നല്ല സുഖമാണ്.. ഈ മഴയൊക്കെ നനഞ്ഞു കഴിഞ്ഞ് രാത്രിയാവുമ്പോൾ തണുത്ത് പനിച്ച് എന്റെ ഉറക്കം കളയാനുള്ള പരിപാടിയല്ലേ..?

സത്യമായിട്ടും ഇന്ന് രാത്രി പനിയാണ് എന്ന് പറഞ്ഞ് എന്റെ വാതിലിൽ തട്ടി വിളിച്ചാൽ ഞാൻ ഡോർ തുറക്കില്ല. പനിയും പിടിച്ച് അവിടെ കിടന്നാൽ മതി.. നിന്നെയൊക്കെ കൂടുതൽ കൊഞ്ചിക്കുമ്പോഴാണ് കുഴപ്പം.. ”

ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് വിച്ചു ഉമ്മറത്തിണ്ണയിലേക്ക് ഇരുന്നു.അവൻ ദേഷ്യത്തിലാണ് എന്ന് കണ്ടപ്പോൾ വിദ്യ പതിയെ അവന്റെ അടുത്തേക്ക് വന്നു.

“ഏട്ടാ.. എന്നോട് ദേഷ്യപ്പെടല്ലേ.. ഏട്ടൻ ദേഷ്യപ്പെട്ടാൽ എനിക്ക് സഹിക്കാൻ കഴിയില്ല എന്ന് ഏട്ടൻ അറിയാവുന്നതല്ലേ..?

എനിക്ക് ഇപ്പോഴല്ലേ ജീവിതം ഇങ്ങനെയൊക്കെ ആസ്വദിക്കാൻ പറ്റൂ.. നിങ്ങളൊക്കെ പറയുന്നത് പോലെ ചിലപ്പോൾ അടുത്ത വർഷം എന്റെ വിവാഹം നടക്കും.

അങ്ങനെ വിവാഹം കഴിഞ്ഞ് പോയാൽ ഞാൻ മറ്റൊരു വീട്ടിലെ മരുമകൾ അല്ലേ..? ഇവിടെ ഞാൻ കാണിക്കുന്ന കുറുമ്പും കുസൃതിയുമൊക്കെ എനിക്ക് ആ വീട്ടിലും കാണിക്കാൻ കഴിയുമോ..?

ചിലപ്പോൾ മൂത്ത മകന്റെ ഭാര്യയായിട്ടാണ് എന്നെ കൊണ്ടുപോകുന്നതെങ്കിൽ ഞാൻ താഴെയുള്ളവർക്കൊക്കെ ഏട്ടത്തി അല്ലേ..? അതിന്റേതായ കാര്യ ഗൗരവവും, പക്വതയും ഒക്കെ കാണിക്കേണ്ടി വരില്ലേ..?

അപ്പോഴും കുഞ്ഞു കളിക്കുന്ന സ്വഭാവം കാണിച്ചാൽ അവിടെയുള്ളവരൊക്കെ എന്റെ അമ്മയെയും ഏട്ടനെയും ഒക്കെ ആയിരിക്കില്ലേ കുറ്റം പറയുക..? അതൊന്നും എനിക്ക് സഹിക്കില്ലെന്ന് നിങ്ങൾക്കൊക്കെ അറിയില്ലേ..? ഞാൻ ഇവിടെ കളിച്ചോട്ടെ..”

അവന്റെ മുഖത്ത് നോക്കി കുഞ്ഞു കുട്ടികളെ പോലെ അവൾ പരാതി പറഞ്ഞപ്പോൾ അവനും സഹിക്കാൻ കഴിഞ്ഞില്ല.

അവളെ നോക്കി അവൻ വെറുതെ പുഞ്ചിരിച്ചു. അത് അവന്റെ സമ്മതമായി കണക്കാക്കിക്കൊണ്ട് അവൾ വീണ്ടും മഴയത്ത് ഓടി കളിക്കാൻ തുടങ്ങി. അതിനിടയിൽ ഡാൻസും പാട്ടും ഒക്കെ തകർക്കുന്നുണ്ട്.

അവളെയും നോക്കിയിരുന്നപ്പോൾ അവന്റെ മനസ്സിൽ ഉണ്ടായിരുന്ന ചോദ്യം അവൾ പറഞ്ഞതൊക്കെ തന്നെയായിരുന്നു.

എത്ര പ്രായം കുറഞ്ഞ പെൺകുട്ടിയാണെങ്കിലും സ്വന്തം വീട്ടിൽ കാണിക്കുന്ന കുറുമ്പും കുസൃതികളും ഒന്നും ഒരിക്കലും മറ്റൊരു വീട്ടിൽ കയറിച്ചെന്നു കഴിയുമ്പോൾ ചെയ്യാൻ പറ്റില്ല.

മറ്റൊരു വീട്ടിൽ നിന്ന് കയറി വന്നതാണ് അല്ലെങ്കിൽ ഇവിടുത്തെ മരുമകളാണ് അതിന്റെതായ പക്വത ഉണ്ടാകണമെന്ന് ഓരോ മാതാപിതാക്കളും ഒളിഞ്ഞും തെളിഞ്ഞും അവരെ ഉപദേശിക്കാറുണ്ട്.

തലേന്ന് വരെ കുറുമ്പ് കാണിച്ചു നടന്നിരുന്ന പെൺകുട്ടികൾ ഒരു വിവാഹം കഴിയുന്നതോടെ ഇത്രത്തോളം പക്വത കൈവരിക്കുന്നത് എങ്ങനെയാണ് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..

പക്ഷേ മറ്റുള്ളവരെ കൊണ്ട് നല്ലത് പറയിക്കാൻ വേണ്ടി മാത്രം തങ്ങളുടെ ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി അവർ പക്വത അഭിനയിക്കുന്നതാണ് എന്ന് മനസ്സിലാക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.

വിവാഹം കഴിയുന്നതോടെ ഇത്തരത്തിൽ ഒരു മാറ്റം പെൺകുട്ടികളുടെ ഉത്തരവാദിത്തമാണ് എന്നാണ് ഇന്നുവരെയും ചിന്തിച്ചിരുന്നത്. പക്ഷേ സ്വന്തം സഹോദരി ഇങ്ങനെ പറയുന്നത് കേൾക്കുമ്പോഴാണ് അത് എത്രത്തോളം വലിയ പാപമാണ് എന്ന് മനസ്സിലാകുന്നത്.

വിവാഹം കഴിഞ്ഞാലും ആൺകുട്ടികൾക്ക് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടുന്നില്ലല്ലോ. അവന്റെ വീട്ടുകാരും കൂട്ടുകാരും ഒക്കെ എന്നും അവന്റെ ഒപ്പം ഉണ്ടാകും.

എന്നാൽ പെൺകുട്ടികളെ സംബന്ധിച്ച് അങ്ങനെയല്ല. വിവാഹത്തോടെ അവൾ സ്വന്തം വീടും വീട്ടുകാരെയും ഉപേക്ഷിച്ച് മറ്റൊരുത്തന്റെ വീട്ടിലേക്ക് മാറി താമസിക്കുകയാണ്.

അവളുടെ സുഹൃത്തുക്കൾക്കും പരിധിയുണ്ടാകും.കുടുംബവും ഉത്തരവാദിത്വവും ഒക്കെ ആയി കഴിയുമ്പോൾ, അവർക്ക് പരസ്പരം കാണാനോ സംസാരിക്കാനോ ഒക്കെയുള്ള അവസരങ്ങൾ നഷ്ടപ്പെടുകയാണ്.

” അമ്മേ… ”

കരയുന്ന പെങ്ങളുടെ ശബ്ദം കേട്ടപ്പോഴാണ് ചിന്തകളിൽ നിന്ന് ഉണർന്നത്. മുറ്റത്തേക്ക് നോക്കുമ്പോൾ അവൾ വഴുക്കി വീണു കിടക്കുകയാണ്.

ആ സമയത്ത് വിച്ചുവിന് ദേഷ്യവും ചിരിയും ഒക്കെ വരുന്നുണ്ടായിരുന്നു.

എന്തായാലും ചിരിയൊക്കെ അടക്കി വച്ചുകൊണ്ട് വിച്ചു വേഗം ചെന്ന് അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു.പതിയെ പിടിച്ചുകൊണ്ടു വന്ന് അകത്തേക്ക് ഇരുത്തി.ആ സമയത്ത് തന്നെയാണ് ബഹളം കേട്ടുകൊണ്ട് അമ്മയും ഉമ്മറത്തേക്ക് വരുന്നത്.

അവളുടെ കോലം കണ്ടപ്പോൾ തന്നെ എന്താണ് സംഭവിച്ചിട്ടുണ്ടാകുക എന്ന് അമ്മയ്ക്ക് മനസ്സിലായിരുന്നു.

” നിന്നോട് ഞാൻ ഒരു 10000 പ്രാവശ്യം പറഞ്ഞിട്ടുണ്ട് മഴയത്ത് ഇറങ്ങി കളിക്കരുതെന്ന്.. ഇങ്ങനെ ഓരോയിടത്തും ചെന്ന് വീണ് ഓരോ ഒടിവ് നിനക്ക് എല്ലാ മഴയത്തും പറഞ്ഞിട്ടുള്ളതാണ്. വയസ്സ് എത്രയായി എന്നൊരു ബോധം വേണം.. ”

അവളെ ചീത്ത പറഞ്ഞു കൊണ്ട് തന്നെ അമ്മ അവളുടെ തല തുടയ്ക്കാൻ തുടങ്ങി. കൈ അടിച്ചു വീണതു കൊണ്ട് തന്നെ നല്ല വേദന ഉണ്ടായിരുന്നു.

കുറച്ചു നേരം കഴിഞ്ഞിട്ടും വേദനയ്ക്ക് ശമനമൊന്നും ഇല്ലാതെയായതോടെ കൈ ഒടിഞ്ഞിട്ടുണ്ട് എന്ന് എല്ലാവർക്കും മനസ്സിലായി. അവളെ നോക്കി പേടിപ്പിച്ചുകൊണ്ട് വിച്ചു അകത്തേക്ക് പോയി തയ്യാറായി വന്നു.

അമ്മ അവളെയും കൂടി തയ്യാറാക്കിയതോടെ മൂന്നുപേരും കൂടി ആശുപത്രിയിലേക്ക് തിരിച്ചു.

” ഇന്ന് മഴ തുടങ്ങിയപ്പോൾ തന്നെ ഞാൻ പ്രതീക്ഷിച്ചതാണ് ഈ വരവ്.. ”

ഡോക്ടർ കളിയാക്കിയപ്പോൾ വിച്ചുവിന് ദേഷ്യം കൂടുകയാണ് ചെയ്തത്.

” ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഓരോ ഒടിവും ചതവും ഒന്നും ആരോഗ്യമുള്ളവർക്ക് ഉണ്ടാകുന്നതല്ല കേട്ടോ.. ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ഓരോന്ന് ഉണ്ടാക്കിക്കൊണ്ട് ആശുപത്രിയിലേക്ക് വരണ്ട. ഇത് അവസാനത്തേത് ആയിരിക്കണം. ”

ഡോക്ടർ ചീത്ത പറഞ്ഞതോടെ വിദ്യയ്ക്ക് സങ്കടം വന്നു. അവൾ തലകുനിച്ചിരുന്നു.

അവളെയും കൊണ്ട് തിരികെ വീട്ടിലേക്ക് വരുന്ന വഴിയിൽ മുഴുവൻ വിച്ചു അവളെ ചീത്ത പറയുകയായിരുന്നു. എല്ലാം കേട്ട് എങ്ങിയേങ്ങി കരയുകയായിരുന്നു അവൾ.

അവസാനം അവൻ പറഞ്ഞു പറഞ്ഞു അവൾ മഴയെ പോലും വെറുത്തു പോയി. ആ അവസ്ഥയിലേക്ക് അവൻ കാര്യങ്ങൾ കൊണ്ടു ചെന്ന് എത്തിച്ചു.

എന്നിട്ടും കൈയുടെ ഒടിവൊക്കെ മാറി അടുത്ത മഴ പെയ്തപ്പോഴേക്കും പുള്ളിക്കാരി മഴയെത്തു തന്നെ..

ആ മധുരമുള്ള ഓർമ്മകൾക്ക് കരിനിഴൽ വീണതും മറ്റൊരു മഴക്കാലത്ത് തന്നെയായിരുന്നു.

അന്ന് കോളേജിൽ നിന്ന് വീട്ടിലേക്ക് വരികയായിരുന്നു വിദ്യ. നല്ല മഴയുണ്ടായിരുന്നത് കൊണ്ട് തന്നെ കുടയും പിടിച്ച് റോഡിന്റെ ഒരു വശത്തു കൂടിയാണ് അവൾ നടന്നു വന്നത്.

ഇടയ്ക്ക് റോഡ് ക്രോസ് ചെയ്യേണ്ടി വന്നപ്പോൾ അവൾ രണ്ടുവശത്തും നോക്കി വണ്ടികളൊന്നും ഇല്ല എന്ന് ഉറപ്പു വരുത്തി ക്രോസ് ചെയ്യാൻ ഒരുങ്ങി.

പക്ഷേ അവൾ റോഡിന്റെ മധ്യഭാഗത്തേക്ക് എത്തിയപ്പോഴേക്കും എവിടെ നിന്ന് എന്നറിയാതെ ഒരു കാർ പാഞ്ഞു വന്ന് അവളെ ഇടിച്ചു തെറിപ്പിച്ചു.ഒരു നിമിഷം പോലും നിൽക്കാതെ ആ കാർ വേഗത്തിൽ പാഞ്ഞു പോവുകയും ചെയ്തു.

മഴയായതു കൊണ്ട് തന്നെ റോഡിൽ ആരും ഉണ്ടായിരുന്നില്ല.അതുകൊണ്ടുതന്നെ ഏറെനേരം രക്തം വാർന്ന് അവൾക്ക് ആ റോഡിൽ കിടക്കേണ്ടി വന്നു.

മഴയ്ക്ക് ഒരു ശമനം വന്നപ്പോൾ ആ റോഡിലൂടെ പോയ ഒരു ബൈക്കുകാരനാണ് അവൾ റോഡിൽ കിടക്കുന്നത് കാണുന്നത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവളെ രക്ഷിക്കാൻ സാധിച്ചില്ല.

അവിടെയെത്തുന്നതിനും മണിക്കൂറുകൾക്കു മുമ്പ് അവളുടെ മരണം സംഭവിച്ചിരുന്നു എന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയപ്പോൾ തകർന്നു പോയത് അവളുടെ ഏട്ടനും അമ്മയുമായിരുന്നു.

മഴയെ അത്രമേൽ സ്നേഹിച്ച അവളെ, ഒരു മഴ തന്നെ പ്രാണൻ എടുത്ത് ഒപ്പം കൂട്ടി.. ഇനി ഒരിക്കലും ഒരു മടങ്ങി വരവ് ഇല്ലാത്ത വണ്ണത്തിൽ അവളെ തങ്ങളിൽ നിന്ന് അകറ്റി മാറ്റി..

പിന്നീടുള്ള ഓരോ മഴക്കാലത്തും വിച്ചൂവും അവന്റെ അമ്മയും വെറുതെ മുറ്റത്തേക്ക് നോക്കിയിരിക്കും.. അവരുടെ കുറുമ്പി പെണ്ണ് ആ മഴയത്ത് നൃത്തം ചവിട്ടുന്നുണ്ട് എന്ന് അവർ വെറുതെ സങ്കൽപ്പിക്കും.

അത് ഓർക്കുമ്പോൾ കണ്ണുകൾ ഒഴുകി ഇറങ്ങിയാലും അത് അവർ കാര്യമാക്കാറില്ല. അവരുടെ അവസ്ഥയോർത്ത് സങ്കടപ്പെട്ടു കൊണ്ട് അവളും അദൃശ്യമായി അവരോടൊപ്പം ഉണ്ടാകും…!!