ചെറിയമ്മ വന്നതിനു ശേഷം അച്ഛനോടൊപ്പം എന്നെ ഉറങ്ങാൻ പോലും സമ്മതിക്കാറില്ല, ഞാൻ വേറെ ഒരു മുറിയിലാണ്..

(രചന: ശ്രുതി)

” ഇന്ന് നമുക്കൊരു കത്ത് എഴുതിയാലോ..? ”

മലയാളം ടീച്ചർ ക്ലാസ്സിൽ വന്നു ചോദിച്ചപ്പോൾ കുട്ടികളൊക്കെ ഒരേ സ്വരത്തിൽ സമ്മതം അറിയിച്ചു.

” ഇത് ഒരു സാധാരണ കത്തല്ല. നിങ്ങൾ ഒരാളിനോട് പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മുഴുവൻ അതിൽ ഉണ്ടാകണം. നിങ്ങളുടെ അടുത്ത് ഇല്ലാത്ത ആളാകാം.. നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ആളാകാം..

ആരു വേണമെങ്കിലും ആകാം.. നിങ്ങളുടെ സന്തോഷവും സങ്കടവും ഒക്കെ പങ്കുവയ്ക്കാനുള്ള ഒരു ഉപാധിയായി മാത്രം ഈ കത്തിനെ കാണണം. പറഞ്ഞത് മനസ്സിലായല്ലോ..? ”

ടീച്ചർ ചോദിച്ചപ്പോൾ കുട്ടികൾ തലയാട്ടി.

” എന്നാൽ പിന്നെ തുടങ്ങിക്കോളൂ.. ”

അതും പറഞ്ഞു കൊണ്ട് ടീച്ചർ കസേരയിലേക്ക് ഇരുന്നു. കുട്ടികൾ ഓരോരുത്തരായി ടീച്ചർ പറഞ്ഞതു പോലെ കത്തെഴുതാനും തുടങ്ങി.

ഓരോരുത്തരായി എഴുതിക്കഴിഞ്ഞ് ടീച്ചറിനെ കൊണ്ടു വന്നു കാണിക്കാൻ തുടങ്ങി. ഓരോന്നും വായിച്ച് ടീച്ചർ തെറ്റുകൾ തിരുത്തി കൊടുക്കുന്നുണ്ടായിരുന്നു.

ഏറ്റവും അവസാനമാണ് വിനു കുട്ടൻ ബുക്കുമായി ടീച്ചറുടെ അടുത്ത് എത്തിയത്. അപ്പോഴേക്കും ബെല്ലടിക്കുകയും ചെയ്തു.

എന്നാൽ അത് കാര്യമാക്കാതെ ടീച്ചർ അവന്റെ ബുക്കുമായി സ്റ്റാഫ് റൂമിലേക്ക് നടന്നു. അവനെയും ഒപ്പം കൂട്ടുകയും ചെയ്തു.

സ്റ്റാഫ് റൂമിൽ ചെന്നിരുന്ന് ടീച്ചർ അവൻ എഴുതിയ കത്ത് വായിക്കാൻ തുടങ്ങി.

” പ്രിയപ്പെട്ട അമ്മയ്ക്ക്..

ഞാൻ എഴുതുന്നതോ പറയുന്നതോ അമ്മ കാണുന്നുണ്ടോ അറിയുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല.

പക്ഷേ അമ്മ പോയതിനു ശേഷം വിനു കുട്ടന്റെ അഭിപ്രായങ്ങളും വിനു കുട്ടന്റെ സന്തോഷങ്ങളും ഒന്നും ആരും ചോദിക്കാറില്ല.അമ്മയെന്തിനാ എന്നെ കൂട്ടാതെ പോയത്..? അമ്മയില്ലെങ്കിൽ വിനു കുട്ടന് ആരും ഉണ്ടാകില്ല എന്ന് അമ്മയ്ക്ക് അറിയാവുന്നതല്ലേ..

അമ്മ എത്രയോ തവണ എന്നോട് പറഞ്ഞിരിക്കുന്നു ഞാൻ അമ്മയുടെ ജീവനാണെന്ന്.. എന്നിട്ടാണോ എന്നെ തനിച്ചാക്കി അമ്മ ദൂരെ ഒരിടത്തേക്ക് പോയത്..?

അമ്മയ്ക്ക് ഉവ്വാവ് ആണ് എന്ന് ഒരിക്കൽ അമ്മാമ്മ എന്നോട് പറഞ്ഞിരുന്നു. എന്നിട്ട് ഞാൻ സ്കൂളിൽ വന്നിട്ട് തിരികെ വീട്ടിലെത്തിയപ്പോൾ അമ്മയെ കാണാനില്ല.

അമ്മയെ അന്വേഷിച്ച് ഞാൻ കുറെ കരഞ്ഞു. അപ്പോൾ അമ്മമ്മ എന്നോട് പറഞ്ഞു അമ്മ ആശുപത്രിയിൽ ആണെന്ന്.

അമ്മയുടെ ഉവ്വാവ് മാറ്റാൻ വേണ്ടി അച്ഛൻ കൊണ്ടുപോയത് ആണെന്ന്. പിന്നീട് എല്ലാ ദിവസവും അമ്മയുടെ അസുഖം മാറാൻ വേണ്ടി ഞാൻ അമ്പോറ്റിയോട് പ്രാർത്ഥിക്കാറുണ്ടായിരുന്നു.

ഞാൻ ഒരുപാട് പ്രാർത്ഥിച്ചിട്ടും അമ്മ വന്നില്ല.അപ്പോൾ എനിക്ക് സങ്കടം വന്നു. പിന്നീട് ഒരു ദിവസം അമ്മയെ കുറെ മാമന്മാർ എടുത്തുകൊണ്ടു വരുന്നതു കണ്ടു.

അന്ന് വീട്ടിൽ എല്ലാവരും കുറേ കരഞ്ഞു. അത് കണ്ടപ്പോൾ സങ്കടം വന്നിട്ട് ഞാനും കരഞ്ഞു. എന്നിട്ട് കുറച്ചു നേരം കഴിഞ്ഞപ്പോൾ അമ്മയെ എല്ലാവരും കൂടി എടുത്തുകൊണ്ട് എങ്ങോട്ടോ പോകുന്നത് കണ്ടു. അപ്പോഴൊക്കെയും അമ്മമ്മയും അച്ഛനും എല്ലാവരും കരഞ്ഞു.

പക്ഷേ പിന്നീട് ഒരിക്കലും അമ്മ എന്നെ തേടി വന്നിട്ടില്ല. അമ്മ എന്താ വരാത്തത് എന്ന് എല്ലാവരോടും ഞാൻ ചോദിച്ചു. അമ്മമ്മയാണ് എന്നോട് പറഞ്ഞത് അമ്മ ദൂരെ അമ്പോറ്റിയുടെ അടുത്ത് പോയതാണെന്ന്.

അമ്മ അമ്പോറ്റിയുടെ അടുത്തുണ്ടെങ്കിൽ വിനു കുട്ടന്റെ എല്ലാ ആവശ്യങ്ങളും അമ്പോറ്റിയോട് പറഞ്ഞു നടത്തി തരും എന്ന് അമ്മാമ്മ പറഞ്ഞു. ശരിയാണോ അമ്മേ..? ഞാൻ എന്തു പറഞ്ഞാലും അമ്മ സാധിച്ചു തരുമോ..?

എന്റെ അമ്മയല്ലേ.. മുൻപ് ഞാനെന്തു ആഗ്രഹം പറഞ്ഞാലും അമ്മ എനിക്ക് സാധിച്ചു തരാറുണ്ടായിരുന്നല്ലോ.അപ്പോൾ ഇത്തവണയും അങ്ങനെ ചെയ്തു തരുമായിരിക്കും..

അമ്മ പോയി കഴിഞ്ഞിട്ട് കുറച്ചുനാൾ കഴിഞ്ഞപ്പോൾ അച്ഛൻ വേറൊരു അമ്മയെ എനിക്ക് കൊണ്ടു വന്നു തന്നു. ആന്റിയെ കൊണ്ടുവന്നിട്ട് അച്ഛനാണ് എന്നോട് പറഞ്ഞത് ഇനി മുതൽ അത് എന്റെ അമ്മയാണെന്ന്.

പക്ഷേ ചെറിയമ്മ എന്ന് വിളിച്ചാൽ മതിയെന്ന് ആന്റി പറഞ്ഞു. ഞാൻ അതുകൊണ്ട് ചെറിയമ്മ എന്നാണ് വിളിക്കാറ്.

ചെറിയമ്മ വന്നതിനു ശേഷം അച്ഛൻ എന്നോട് സംസാരിക്കാറു പോലുമില്ല. ആദ്യമൊക്കെ അച്ഛന് എന്നോട് എന്തൊരു ഇഷ്ടമായിരുന്നു..?

അച്ഛൻ എല്ലാ ദിവസവും രാത്രിയിൽ എനിക്ക് കഥ പറഞ്ഞു തരാറുള്ളത് അമ്മയ്ക്ക് ഓർമ്മയില്ലേ..? അപ്പോഴൊക്കെ അമ്മ ഞങ്ങളോട് ദേഷ്യപ്പെടാറുണ്ടല്ലോ..?

‘ അച്ഛനും മോനും കൂടി കഥ പറയുന്നുണ്ടെങ്കിൽ മുറിയിൽ നിന്നും പുറത്തു പോയിരുന്നു കഥ പറയണം.എനിക്ക് കിടന്നുറങ്ങണം.നാളെ രാവിലെ നേരത്തെ എഴുന്നേൽക്കേണ്ടതാണ്..’

അമ്മ അങ്ങനെ പറയുമ്പോൾ അച്ഛൻ അമ്മയെ കളിയാക്കാറുണ്ടായിരുന്നു.

‘ നിന്റെ അമ്മയ്ക്ക് കുശുമ്പാടാ വിനു കുട്ടാ.. ‘

എന്നുപറഞ്ഞ് അച്ഛൻ എപ്പോഴും പൊട്ടിച്ചിരിക്കാറുണ്ടായിരുന്നു. പക്ഷേ അമ്മ പോയതിനു ശേഷം ഇങ്ങനെ ഒരു കഥയും അച്ഛൻ എന്നോട് പറഞ്ഞു തന്നിട്ടില്ല.

മുൻപ് ഞാൻ വഴക്കിട്ട് പിണങ്ങിയിരിക്കുമ്പോൾ എന്നെ ചിരിപ്പിക്കാൻ വേണ്ടി അച്ഛൻ എന്തൊക്കെ ചെയ്യുമായിരുന്നു.. ഇപ്പോൾ ഞാൻ ചിരിക്കുന്നുണ്ടോ കരയുന്നുണ്ടോ എന്ന് പോലും അച്ഛൻ അന്വേഷിക്കാറില്ല.

ചെറിയമ്മ വന്നതിനു ശേഷം അച്ഛനോടൊപ്പം എന്നെ ഉറങ്ങാൻ പോലും സമ്മതിക്കാറില്ല.ഞാൻ വേറെ ഒരു മുറിയിലാണ് ഉറങ്ങുന്നത്.

ചെറിയമ്മ എന്നോട് സ്നേഹമാണ് എന്നൊക്കെ പറയുന്നുണ്ട്. പക്ഷേ എന്നോട് സ്നേഹം കാണിക്കുന്നില്ല.

അവർ രണ്ടാളും കൂടി പുറത്തു പോകുമ്പോൾ എന്നെ കൊണ്ടു പോകാറില്ല. മുൻപ് അമ്മയും അച്ഛനും എവിടെപ്പോയാലും എന്നെയും കൂടെ കൂട്ടാറുണ്ടായിരുന്നല്ലോ..

എന്നിട്ടും എന്റെ അമ്മയാണ് എന്ന് പറഞ്ഞിട്ടും ചെറിയമ്മ എന്നെ എവിടെയും കൊണ്ടുപോകില്ല. ഇടയ്ക്കൊക്കെ ഒരു കാര്യവുമില്ലാതെ എന്നോട് ദേഷ്യപ്പെടും.

അപ്പോഴൊക്കെ സങ്കടം വന്നിട്ട് ഞാൻ കുറെ കരയും. അത് കാണുമ്പോൾ ചെറിയമ്മ വീണ്ടും ദേഷ്യപ്പെടും.

ഞാൻ എത്രയൊക്കെ കരഞ്ഞാലും ബഹളം വെച്ചാലും അച്ഛൻ എന്നെ അന്വേഷിക്കാറു പോലുമില്ല. ഞാൻ ആഹാരം കഴിച്ചോ എന്ന് പോലും അച്ഛൻ എന്നോട് ചോദിക്കില്ല.

ഇപ്പോൾ ഈയിടെയായി എന്റെ മുഖത്തേക്ക് പോലും അച്ഛൻ നോക്കാറില്ല. അച്ഛൻ എപ്പോഴും ചെറിയമ്മയുടെ കാര്യങ്ങൾ മാത്രമേ അന്വേഷിക്കുന്നുള്ളൂ.

അമ്മയ്ക്കറിയോ ചെറിയമ്മയുടെ വയറ്റിൽ കുഞ്ഞാവയുണ്ട്.. ഒരിക്കൽ അമ്മമ്മ എന്നോട് അങ്ങനെ പറഞ്ഞിട്ട് ചെറിയമ്മയുടെ വയറ്റിലെ കുഞ്ഞുവാവയോട് ഞാൻ വർത്താനം പറയാൻ ചെന്നു.

പക്ഷേ അന്ന് ചെറിയമ്മ എന്നോട് കുറേ ദേഷ്യപ്പെട്ടു. ഇനി ഇങ്ങനെ പറഞ്ഞ് ചെറിയമ്മയുടെ അടുത്തേക്ക് ചെല്ലരുത് എന്നും പറഞ്ഞു.

അന്ന് വന്നപ്പോൾ അച്ഛനും എന്നെ തല്ലി. ചെറിയമ്മയുടെ വയറ്റിലെ കുഞ്ഞുവാവയെ ഞാൻ ഇല്ലാതാക്കാൻ നോക്കി എന്ന് പറഞ്ഞിട്ടു..

അതിനുശേഷം ഞാൻ ചെറിയമ്മയുടെ അടുത്തേക്ക് പോലും പോകാറില്ല. എനിക്ക് പേടിയാണ്. ഞാൻ അടുത്തു നിൽക്കുമ്പോൾ ചെറിയമ്മയ്ക്ക് എന്തെങ്കിലും പറ്റിയാലോ..?

പിന്നെ അമ്മേ.. ഞാൻ പറഞ്ഞില്ലേ എന്റെ ആഗ്രഹം അമ്പോറ്റിയോട് പറഞ്ഞു സാധിച്ചു തരാൻ..? അതെന്താണെന്ന് അറിയാമോ..?

ഒരു ദിവസത്തേക്ക് അമ്മയെ എന്റെ അടുത്തേക്ക് അയക്കാൻ.. എന്തിനാണെന്നോ..?

രാവിലെ മടി പിടിച്ചു കിടന്നുറങ്ങുന്ന എന്നെ വിളിച്ചുണർത്താൻ.. എനിക്കിഷ്ടപ്പെട്ട നെയ് ദോശയും സാമ്പാറും ചട്നിയും കൂടി ഉണ്ടാക്കിത്തരാൻ..

അത് എനിക്ക് വേണ്ടെന്ന് പറയുമ്പോൾ നിർബന്ധിച്ചു എനിക്ക് വാരി തരാൻ.. സ്കൂളിൽ പോകാൻ വേണ്ടി എന്നെ റെഡിയാക്കി പറഞ്ഞയക്കാൻ.. അച്ഛനോട് പറഞ്ഞു എനിക്ക് പുതിയൊരു ബാഗും ചെരിപ്പും ബുക്കും ഒക്കെ വാങ്ങിത്തരാൻ..

എനിക്കിഷ്ടപ്പെട്ട പലഹാരങ്ങൾ ഉണ്ടാക്കി തരാൻ.. സ്കൂളിൽ നിന്ന് വരുന്ന എനിക്ക് വേണ്ടി കാത്തിരിക്കാൻ..

എന്നോടൊപ്പം ഇരുന്നു എന്റെ ഹോംവർക്ക് ചെയ്യിക്കാൻ.. സ്കൂളിലെ വിശേഷങ്ങൾ മുഴുവൻ എന്നോട് ചോദിക്കാൻ.. എല്ലാം കഴിഞ്ഞ് വയറു നിറയെ ഭക്ഷണവും തന്ന് എന്റെ തലയിൽ തലോടി കഥയും പറഞ്ഞ് എന്നെ ഒന്നുറക്കാൻ..

ഒരു ദിവസം കൂടി അമ്മയുടെ സ്നേഹം എനിക്ക് തന്നിട്ട് അമ്മ തിരിച്ചു പൊക്കോ.. എനിക്കിങ്ങനെ ഒന്നും ചെയ്തു തരാൻ ആരും ഇല്ലാത്തതു കൊണ്ടല്ലേ..

അമ്മ വരണേ.. അമ്മയെ കാത്ത് അമ്മയുടെ മോൻ ഇവിടെ ഉണ്ടാകും.

ഒത്തിരി സ്നേഹത്തോടെ..
അമ്മയുടെ വിനൂട്ടൻ. ”

ആ കത്ത് വായിച്ചു കഴിഞ്ഞതും ഒരു പൊട്ടിക്കരച്ചിലോടെ ടീച്ചർ വിനുവിനെ ചേർത്തു പിടിച്ചു.

ഇത്രത്തോളം വേദനകളും സങ്കടങ്ങളും നീ അനുഭവിക്കുന്നുണ്ടെന്ന് ഞാൻ അറിയാതെ പോയല്ലോ കുഞ്ഞേ..

അവർ മനസ്സിൽ പറയുന്നുണ്ടായിരുന്നു.

അതേ നിമിഷം തന്നെ മക്കളില്ലാത്ത അവർക്ക് അവൻ ഒരു മകനായി മാറുകയായിരുന്നു…