അവളുടെ വിവാഹമാണ് എന്ന് എന്റെ മുഖത്ത് നോക്കി സംസാരിക്കാൻ പോലും അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല..

(രചന: ശ്രേയ)

” എന്റെ വിവാഹമാണ്.. ”

മുഖത്ത് നോക്കാതെ അവൾ പറയുന്നത് കേൾക്കവേ അവന്റെ ഉള്ളം പിടഞ്ഞു.

” ആഹാ. എന്നിട്ട് എങ്ങനുണ്ട് കാണാൻ..? ”

തന്റെ വിഷമം ഉള്ളിൽ ഒതുക്കി കൊണ്ട് അവൻ ചോദിച്ചു. അവൾ നോവോടെ അവനെ നോക്കി.

” നല്ലതാണ്.. ”

ശബ്‌ദം ഇടറാതിരിക്കാൻ പണിപ്പെട്ടു കൊണ്ട് അവൾ പറഞ്ഞു.

“ചെക്കന് എവിടെയാ ജോലി..?”

അവൻ വീണ്ടും അന്വേഷിച്ചു.

” ഗൾഫിലാണ്.. അവിടെ സോഫ്റ്റ്‌വെയർ എൻജിനീയർ.. ”

അവനോടു മറുപടി പറയുമ്പോഴും തന്റെ നോട്ടം അവന്റെ കണ്ണുമായി ഇടയാതിരിക്കാൻ അവൾ ശ്രമിക്കുന്നുണ്ടായിരുന്നു.

” ആഹാ അപ്പോൾ നിനക്കും പോകാമല്ലോ അങ്ങോട്ടേക്ക് ഒക്കെ..? നിന്റെ പണ്ടു മുതലേയുള്ള ആഗ്രഹമായിരുന്നില്ലേ ഗൾഫ് കാണണം എന്നുള്ളത്.? ”

അവൻ ചോദിച്ചപ്പോൾ കണ്ണീര് മുഴുവൻ ഉള്ളിൽ അടക്കിപ്പിടിച്ചു കൊണ്ട് അവൾ പുഞ്ചിരിച്ചു.

” എങ്ങനെയാണ് കല്യാണം കഴിഞ്ഞാൽ ഉടനെ അവന്റെ കൂടെ പോകുമോ അതോ കുറച്ചുകാലം നാട്ടിൽ തന്നെ ഉണ്ടാകുമോ..? ”

അവൻ വീണ്ടും അന്വേഷിച്ചു.

“അറിയില്ല.വ്യക്തമായി ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല. ചിലപ്പോൾ കല്യാണം കഴിഞ്ഞ് എന്നെയും കൂടെ കൊണ്ടു പോകുമായിരിക്കും.”

പറഞ്ഞു കൊണ്ട് അവൾ ദൂരേക്ക് മിഴി നട്ടു.

” പിന്നെ വേറെ എന്തൊക്കെയാ വിശേഷങ്ങൾ..? കല്യാണത്തിന്റെ ഒരുക്കങ്ങളൊക്കെ ഏതുവരെയായി..? ”

അവൻ അന്വേഷിച്ചു.

” എല്ലാം കാര്യമായി തന്നെ നടക്കുന്നുണ്ട്. അച്ഛനും ഏട്ടന്മാരും ഒക്കെ കല്യാണം ഒരു ആഘോഷമായി തന്നെ നടത്താനുള്ള പരിപാടിയിലാണ്. ലെറ്റർ പ്രിന്റിംഗ് ഒക്കെ കഴിഞ്ഞിട്ടുണ്ട്. കല്യാണം വിളിക്കാൻ തുടങ്ങണം എന്ന് പറയുന്നുണ്ടായിരുന്നു.”

അവൾ പറഞ്ഞപ്പോൾ അവൻ മൗനം പാലിച്ചു.

” ഇനിയിപ്പോൾ കല്യാണം കഴിഞ്ഞ് താൻ തിരക്കായി അല്ലേ..? ഇനി നമ്മൾ തമ്മിൽ കാണുന്നത് ഉണ്ടാവില്ല.. എനിക്ക് സൗഹൃദമായി ഇനി താൻ അവശേഷിക്കില്ല.. അങ്ങനെയല്ലേ..?”

തൊണ്ടയിൽ തടഞ്ഞു വരുന്ന സങ്കടത്തെ അടക്കി നിർത്തിക്കൊണ്ട് അവൻ ചോദിച്ചു. അത് കേട്ടപ്പോൾ അവൾക്കും സങ്കടം തോന്നുന്നുണ്ടായിരുന്നു.

” നേരം ഒരുപാട് വൈകി. ഇനിയും നിന്നാൽ ഞാൻ വീട്ടിലെത്താൻ വൈകും. ശരി എന്നാൽ.. കല്യാണത്തിന് ഡേറ്റ് ഞാൻ പറയാം. നീ കല്യാണത്തിന് വരണം..”

അവന്റെ മുന്നിൽ അധികം സമയം പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് ബോധ്യമുള്ളതു കൊണ്ടു തന്നെ അവൾ പെട്ടെന്ന് തന്നെ അവനിൽ നിന്ന് തിരിഞ്ഞു നടന്നു.

അവൾ നടന്നകലുന്നത് നോക്കി നിൽക്കുമ്പോൾ അവന്റെ കണ്ണുകളും കണ്ണുനീർ പൊഴിക്കുന്നുണ്ടായിരുന്നു.

അവൾ തനിക്ക് ആരാണ്..? ഒരു സൗഹൃദം മാത്രമാണോ..? ഒരിക്കലുമല്ല. സൗഹൃദത്തിനും അപ്പുറം അവൾ തനിക്ക് ആരൊക്കെയോ ആണ്.

ആദ്യമായി അവളെ പരിചയപ്പെടുന്നത് ഒരു എക്സിബിഷന്റെ സമയത്താണ്. നഗരത്തിൽ നടന്ന വലിയൊരു എക്സിബിഷൻ. ചെറിയ രീതിയിൽ ചിത്രങ്ങളൊക്കെ വരയ്ക്കുന്നത് കൊണ്ട് തന്നെ തനിക്കും അവിടെ ഒരു അവസരം ഉണ്ടായിരുന്നു.

അന്ന് ആ എക്സിബിഷൻ നേതൃത്വത്തിൽ തന്നെ ഒരു ചിത്രകല മത്സരം കൂടി നടത്തുന്നുണ്ടായിരുന്നു. അതിൽ പങ്കെടുക്കാൻ വേണ്ടി ആയിരുന്നു താൻ അവിടെയെത്തിയത്.

ചിത്രം വരയ്ക്കാനുള്ള സബ്ജക്ട് കിട്ടിയപ്പോൾ മുതൽ മനസ്സിൽ ആകെ ഒരു ശൂന്യതയായിരുന്നു. എന്തുപറയണം എന്നറിയാതെ പകച്ചു കൊണ്ട് ചുറ്റും നോക്കി താൻ ഇരുന്നു. പക്ഷേ പെട്ടെന്നാണ് അവൾ കണ്ണിലുടക്കിയത്.

അത്രയും നേരം ശൂന്യമായിരുന്ന തന്റെ മനസ്സിലേക്ക് പുതിയ പുതിയ ആശയങ്ങൾ വന്നു ചേർന്നത് വളരെ പെട്ടെന്നായിരുന്നു.

ആശയങ്ങൾ കൈവിരലുകൾ കൊണ്ട് ചിത്രത്തിന്റെ രൂപത്തിലേക്ക് മാറ്റിയപ്പോൾ അന്ന് ആ മത്സരത്തിൽ ഒന്നാം സമ്മാനത്തിന് അർഹനാകാൻ തനിക്ക് കഴിഞ്ഞു.

മത്സരത്തിന്റെ റിസൾട്ട് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ ആദ്യം തേടിയത് അവളെയായിരുന്നു. അവൾ കുറെയധികം കൂട്ടുകാരോടൊപ്പം എക്സിബിഷൻ കാണാൻ വന്നതായിരുന്നു എന്ന് ആദ്യ കാഴ്ചയിൽ തന്നെ തനിക്ക് മനസ്സിലായിരുന്നു.

മൂന്നു മണിക്കൂർ നീണ്ടുനിന്ന മത്സരത്തിനും പിന്നെയും ഒരു മണിക്കൂറത്തെ കാത്തിരിപ്പ് കഴിഞ്ഞിട്ടാണ് റിസൾട്ട് വന്നത്.

ഈ സമയത്തിനിടയ്ക്ക് അവൾ തിരികെ പോയി കഴിഞ്ഞു എന്നുള്ള കാര്യത്തിൽ തനിക്ക് സംശയം ഉണ്ടായിരുന്നു.

എങ്കിലും വെറുതെ എല്ലായിടവും ഒന്ന് കാണാം എന്നുള്ള പ്രതീക്ഷയിൽ കൂടിയാണ് ചുറ്റും നോക്കി മുന്നോട്ടു നടന്നത്.

ഒരു മരച്ചുവട്ടിൽ കുറെയധികം കുട്ടികൾ കൂടിയിരിക്കുന്നത് കണ്ടപ്പോൾ ഒരു പ്രതീക്ഷ തോന്നി. ആ കൂട്ടത്തിൽ എവിടെയെങ്കിലും അവൾ ഉണ്ടാകും എന്നൊരു പ്രതീക്ഷ. അതുകൊണ്ടു തന്നെയാണ് മനസ്സ് അറിയാതെ കാലുകൾ അവിടേക്ക് സഞ്ചരിച്ചത്.

ആ കുട്ടികളുടെ എല്ലാം മുഖത്ത് കൂടി ഒരു പ്രാവശ്യം കണ്ണോടിക്കുമ്പോൾ പ്രതീക്ഷ തെറ്റിക്കാതെ അവൾ അവിടെ തന്നെ ഉണ്ടായിരുന്നു. അവളോട് അങ്ങോട്ട് പോയി സംസാരിക്കാൻ ഒരു മടി തോന്നി.

അല്ലെങ്കിലും ഒരു പരിചയവുമില്ലാത്ത ഒരു പെൺകുട്ടിയോട് എങ്ങനെ സംസാരിക്കാനാണ്..?

അവൾ ഫ്രീ ആവുന്നത് വരെ അവളെ കാത്തുനിൽക്കാം എന്ന് തീരുമാനിച്ചത് അതുകൊണ്ടായിരുന്നു.

എന്തൊക്കെയായാലും തനിക്ക് സമ്മാനം നേടി തന്ന ആ സൃഷ്ടി അവളുടെ സംഭാവനയായിരുന്നു. അതിന്റെ നന്ദി അവളോട് പ്രകടിപ്പിക്കണം എന്നുള്ളത് തന്റെ അടങ്ങാത്ത ആഗ്രഹവും.

കുറെ സമയമായി അവളെ ഒരാൾ ശ്രദ്ധിക്കുന്നു എന്ന് തോന്നിയത് കൊണ്ടായിരിക്കണം അവൾ തന്നെയും നോക്കിയത്.

അവൾ നോക്കുന്നത് കണ്ടപ്പോൾ അവളോട് ഒരു നിമിഷത്തേക്ക് ഒന്ന് അടുത്തേക്ക് വരാമോ എന്ന് അന്വേഷിച്ചു. സുഹൃത്തുക്കളെ ഒക്കെ ഒന്ന് നോക്കിയിട്ട് സംശയത്തോടെയാണ് അവൾ അടുത്തേക്ക് വന്നത്.

” എടോ തന്നോട് ഒരു നന്ദി പറയാൻ വേണ്ടിയാണ് തന്റെ പിന്നാലെ ഞാൻ വന്നത്. ഞാൻ ഇവിടെ നടന്ന ചിത്രകല മത്സരത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നു.

മത്സരത്തിന്റെ ആശയം തന്നുകഴിഞ്ഞപ്പോൾ ഒന്നും ബുദ്ധിയിൽ തെളിയാതെ ഇരുന്ന എന്റെ മുന്നിലേക്ക് താൻ വന്നപ്പോൾ എനിക്ക് പെട്ടെന്ന് തന്നെ ചില ആശയങ്ങൾ കിട്ടി.

അതൊക്കെയും ചിത്രത്തിന്റെ രൂപത്തിൽ പകർത്തി കഴിഞ്ഞപ്പോൾ ഒന്നാം സമ്മാനത്തിന് അർഹനാവുകയും ചെയ്തു. അതുകൊണ്ട് തന്നോട് ഒരു നന്ദി പറയണം എന്ന് തോന്നി. അതിനുവേണ്ടി തേടി വന്നതാണ്. ”

ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് ആകെ അത്ഭുതമായിരുന്നു. സംഭവങ്ങളെല്ലാം ഞാൻ അവൾക്ക് വിശദമായി തന്നെ പറഞ്ഞു കൊടുത്തു. കൂട്ടത്തിൽ ഞാൻ വരച്ച ചിത്രത്തിനെ കുറിച്ചും.

അന്ന് ഞങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദം ഉടലെടുത്തു കഴിഞ്ഞിരുന്നു. പിന്നീട് ഇതുപോലെ ഒന്ന് രണ്ട് അവസരങ്ങളിൽ ഞങ്ങൾ തമ്മിൽ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ നല്ല രീതിയിൽ തന്നെ പരസ്പരം സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

പതിയെ പതിയെ ഞങ്ങൾ സ്ഥിരമായി വിളിക്കുന്ന മെസ്സേജ് അയക്കുന്ന അത്രയും ആത്മാർത്ഥമായി ഒരു സൗഹൃദമായി മാറി.ഇതിപ്പോൾ ഏകദേശം ഒന്നര വർഷത്തോളമായി അവളെ തനിക്ക് പരിചയമുണ്ട്.

മിക്കപ്പോഴും കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്യുമ്പോൾ തന്നെ അവളുടെ നിഷ്കളങ്കതയും അവളുടെ സംസാരരീതിയും ഒക്കെ തന്നെ ഒരുപാട് ആകർഷിച്ചിരുന്നു.

അതുകൊണ്ടു തന്നെ ആയിരിക്കണം ഒരു ജീവിതപങ്കാളി എന്ന് ചിന്തിക്കുമ്പോൾ അവളുടെ മുഖം മാത്രം മനസ്സിലേക്ക് വരുന്നത്.

തന്നെ നന്നായി മനസ്സിലാക്കിയിട്ടുള്ള ആ പെൺകുട്ടി തന്റെ ജീവിതത്തിലേക്ക് വന്നാൽ ഒരുപക്ഷേ തന്റെ ജീവിതം മനോഹരമായി മാറും എന്നൊരു തോന്നൽ.

അവളോട് ഇന്നുവരെ തുറന്നു പറഞ്ഞിട്ടില്ലാത്ത ഒരു ഇഷ്ടമായിരുന്നു മനസ്സിൽ. പക്ഷേ അവളുടെ വിവാഹമാണ് എന്ന് അവൾ പറഞ്ഞ സാഹചര്യത്തിൽ എങ്ങനെ തന്റെ ഇഷ്ടം പറയും..?

അവൾക്കും താൻ ഒരു സുഹൃത്ത് മാത്രമല്ല എന്ന് നിറയാൻ തുടങ്ങിയ അവളുടെ കണ്ണുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. അവളുടെ വിവാഹമാണ് എന്ന് എന്റെ മുഖത്ത് നോക്കി സംസാരിക്കാൻ പോലും അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല.

ഒരുപക്ഷേ തുറന്നു പറയാത്ത ഒരു ഇഷ്ടം അവളുടെ മനസ്സിലും തന്നോട് ഉണ്ടെങ്കിലോ..? പരസ്പരം തുറന്നു പറയാതെ പരസ്പരം അറിയാതെ തങ്ങളുടെ ഇഷ്ടം തങ്ങളുടെ മനസ്സിൽ തന്നെ അണഞ്ഞു തീരുന്നു.

അവളുടെ വിവാഹം കണ്ടു നിൽക്കാൻ തനിക്ക് കഴിയുമോ എന്നറിയില്ല..

പക്ഷേ അവളുടെ വിവാഹത്തിൽ തീർച്ചയായും പങ്കെടുക്കണം.അവളുടെ നല്ല സുഹൃത്താണ് താൻ എന്ന ബോധിപ്പിക്കാൻ എങ്കിലും എല്ലാവരുടെയും മുന്നിൽ താൻ ഉണ്ടാകണം.

കണ്ണിൽ നിന്നും അനുവാദം ചോദിക്കാതെ ഒഴുകിയിറങ്ങുന്ന കണ്ണുനീർത്തുള്ളികളെ തുടച്ചു കൊണ്ട് അവൻ മനസ്സിൽ ഉറപ്പിക്കുന്നുണ്ടായിരുന്നു.