പക്ഷേ പിരീഡ്സിന്റെ ഡേറ്റിലും വ്യത്യാസം വന്നപ്പോൾ അവൾക്ക് സംശയമായി, അങ്ങനെയാണ് അവൾ ഒരു പ്രഗ്നൻസി ടെസ്റ്റ്..

(രചന: ശ്രേയ)

” ഈ ബേബി ചീത്തയാ അമ്മേ… ”

വീണ്ടും വീണ്ടും ആ വാചകം തനിക്ക് ചുറ്റും മുഴങ്ങി കേൾക്കുന്നതു പോലെ അവൾക്ക് തോന്നി.അവൾ പരവേശത്തോടെ ചുറ്റും നോക്കി.

ഇല്ല.. അകത്തേക്ക് കയറിപ്പോയ മകൾ ഇതുവരെയും തിരികെ വന്നിട്ടില്ല.. എന്നാലും അവൾക്ക് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക..?

ഇതിപ്പോൾ രണ്ടാമത്തെ കൗൺസിലിംഗ് ആണ്.. അവൾക്ക് സംഭവിച്ചതിന് ഒക്കെ ഉത്തരവാദികൾ മാതാപിതാക്കൾ തന്നെയാണ് എന്ന് അറിയാതെയല്ല.

ഓരോ നിമിഷവും മനസ്സ് സ്വയം വാശി പിടിക്കുന്നുണ്ട് ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല എന്ന് തെളിയിക്കാൻ.. പക്ഷേ എന്തു പ്രയോജനം..?

അവൾ സങ്കടത്തോടെ ഓർത്തു.

അവളുടെ ഓർമ്മകൾ കുറച്ചുകാലം മുന്നേയുള്ള ചില ദിവസങ്ങളിലേക്ക് ഒന്ന് എത്തി നോക്കി.

കുറച്ചു ദിവസങ്ങളായി തലകറക്കവും ഛർദിയും ഒക്കെയുണ്ട്. അത് ഇപ്പോഴുള്ള ജോലിയുടെ ടെൻഷൻ കൊണ്ടായിരിക്കും എന്നാണ് അവൾ കരുതിയത്.

പക്ഷേ പിരീഡ്സിന്റെ ഡേറ്റിലും വ്യത്യാസം വന്നപ്പോൾ അവൾക്ക് സംശയമായി. അങ്ങനെയാണ് അവൾ ഒരു പ്രഗ്നൻസി ടെസ്റ്റ് കിറ്റിന്റെ സഹായത്തോടെ ഉള്ളിൽ ഒരു ജീവൻ വളർന്നു തുടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തിയത്.

അത് അറിഞ്ഞ നിമിഷം മുതൽ അവളിൽ വല്ലാത്ത ഒരു പരിഭ്രമം പ്രകടമായിരുന്നു. ജോലി കഴിഞ്ഞ് ഭർത്താവ് വീട്ടിൽ എത്താൻ അവൾ ആകാംക്ഷയോടെ കാത്തിരുന്നു.

വന്നു കയറിയപ്പോൾ തന്നെ അവളുടെ ടെൻഷൻ അടിച്ച മുഖം കണ്ടപ്പോൾ അവളുടെ ഭർത്താവ് ആകാശിനും വല്ലാത്ത പരിഭ്രമം തോന്നി.

“എന്താടോ..? താനെന്തിനാ ഇങ്ങനെ ടെൻഷൻ അടിച്ചിരിക്കുന്നത്..? മോൾ എവിടെ..?”

അയാൾ ചോദിച്ചപ്പോൾ അവൾക്ക് പെട്ടെന്ന് സങ്കടം വന്നു. പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് വീണു.

അവളുടെ ആ ഭാവ മാറ്റങ്ങളൊക്കെ അവനെ വല്ലാതെ ഭയപ്പെടുത്തി. കുഞ്ഞിനെ അവിടെയൊന്നും കാണാതായതോടെ അവനു വല്ലാത്ത ടെൻഷൻ തോന്നി.

” എടോ താൻ കരയാതെ കാര്യം പറയൂ..”

അവൻ നിർബന്ധിച്ചപ്പോൾ അവൾ കയ്യിൽ മറച്ചു പിടിച്ചിരുന്ന പ്രെഗ്നൻസി കാർഡ് അവനു നേരെ നീട്ടി.

അത് കണ്ടപ്പോൾ അവന്റെ മുഖം ആശ്ചര്യത്താൽ വിടർന്നു.

” ഇതിനാണോ താൻ കരഞ്ഞത്..? ”

അവൻ അത്ഭുതത്തോടെ ചോദിച്ചു. അവൾ അതെ എന്ന് തലയാട്ടി.

” എടോ ഇത് സന്തോഷിക്കാനുള്ള കാര്യമല്ലേ..? അപ്പോൾ താൻ എന്തിനാ കരഞ്ഞത്..? ”

അവൻ അത്ഭുതത്തോടെ ചോദിച്ചപ്പോൾ അവൾ ഒരു നിമിഷം തന്റെ കരച്ചിൽ അടക്കി പിടിച്ചു.

” ഇത് മോൾ അറിയുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കും എന്ന്.. ”

അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

“താൻ എന്തൊക്കെയാടോ ഈ പറയുന്നത്..? മോളറിയുമ്പോൾ എന്താ പ്രശ്നം..? അവൾക്ക് കളിക്കാൻ കൂട്ടിന് ഒരാൾ വരുമ്പോൾ അവൾ സന്തോഷിക്കുകയല്ലേ ചെയ്യേണ്ടത്..?”

അവൻ കാര്യം മനസ്സിലാവാത്തത് പോലെ അവളെ നോക്കി.

” ആകാശിന് അവളുടെ സ്വഭാവം ശരിക്കും അറിയാവുന്നതല്ലേ..? അവൾക്ക് ചെറിയ കുഞ്ഞുങ്ങളെ ഒന്നും തീരെ ഇഷ്ടമല്ല.

ഏതെങ്കിലും കുട്ടികൾ അവളോട് അടുപ്പം കാണിക്കാൻ ശ്രമിച്ചാൽ തന്നെ അവൾ അവരെ ഉപദ്രവിക്കുകയാണ് പതിവ്.

ഞാൻ ഏതെങ്കിലും ഒരു കുട്ടിയെ കൊഞ്ചിക്കുന്നത് കണ്ടാൽ പിന്നെ രണ്ട് ദിവസത്തേക്ക് എന്നോട് അവൾ പിണങ്ങി നടക്കും. അവളുടെ സ്വഭാവം ഒക്കെ തനിക്ക് അറിയാവുന്നതല്ലേ ആകാശ്..?

നഴ്സറിയിൽ പഠിക്കാൻ പോയാൽ പോലും അവൾ ഒരു കുട്ടിയോടും മിണ്ടാറില്ല എന്ന് അവളുടെ ടീച്ചർ എന്നെ വിളിച്ചു പരാതി പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ഒരു കുട്ടിയുള്ളപ്പോൾ നമ്മൾ എങ്ങനെ രണ്ടാമത് ഒരാളിനെ കുറിച്ച് അവളോട് പറയും..? ”

അവൾ വല്ലാത്തൊരു ടെൻഷനോടെ ചോദിച്ചപ്പോൾ അവൻ പുഞ്ചിരിച്ചു.

” എടോ രണ്ടാമതൊരു കുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ സാധാരണ എല്ലാ അമ്മമാർക്കും ഉണ്ടാകുന്ന ടെൻഷനാണ് തന്റെത്.

നമ്മുടെ മോള് മറ്റു കുട്ടികളെ ഒന്നും ആക്സെപ്റ്റ് ചെയ്യുന്നില്ല എന്ന് താൻ പറഞ്ഞില്ലേ..? ഇത് ഒരിക്കലും അങ്ങനെ ആവില്ല. കാരണം അവളുടെ അമ്മയിൽ നിന്നുണ്ടാവുന്ന കുഞ്ഞ് അവളുടെ ആയിരിക്കും എന്ന് അവൾക്ക് അറിയാമല്ലോ..

സ്വന്തം സഹോദരങ്ങളോട് എന്തായാലും അവൾ അത്ര വലിയ ക്രൂരത ഒന്നും കാണിക്കില്ല. അവളെ പറഞ്ഞു മനസ്സിലാക്കുന്ന കാര്യം ഞാനേറ്റു.. ”

ആകാശ് ഉറപ്പോടെ പറഞ്ഞപ്പോൾ അവൾക്കും വല്ലാത്ത സന്തോഷം തോന്നി.

അങ്ങനെയാണ് അവർ രണ്ടാളും കൂടി മകളോട് സംസാരിച്ചത്.

“മോൾക്ക് കുട്ടികളെ ഇഷ്ടമാണോ..?”

ആകാശ് ചോദിച്ചപ്പോൾ ഒരു നിമിഷം പോലും ആലോചിക്കാതെ അവൾ അല്ല എന്ന് തലയാട്ടി.അതോടെ രണ്ടാളുടെയും മുഖം മങ്ങി. എങ്കിലും അത് പുറത്തു കാണിക്കാതെ അവർ അവളോട് കാര്യം അവതരിപ്പിക്കാൻ തുടങ്ങി.

” നോക്ക് ഒരു കുഞ്ഞുവാവ ഉണ്ടെങ്കിൽ മോൾക്ക് എപ്പോഴും കളിക്കാൻ കൂട്ടിന് ആളായല്ലോ.. ”

അവൾ അങ്ങനെ പറഞ്ഞപ്പോൾ കുഞ്ഞിന് സംശയമായി.

” കൂടെ കളിക്കാൻ വരുമോ..? ”

അവൾ തന്റെ സംശയം ഉറപ്പിക്കാൻ വേണ്ടി വീണ്ടും ചോദിച്ചു.

” വരുമല്ലോ .. ”

അത് പറഞ്ഞപ്പോൾ കുഞ്ഞിന് സന്തോഷം തോന്നി…

” മോൾക്ക് ഇഷ്ടമാണെങ്കിൽ അമ്മയുടെ വയറ്റിൽ കുഞ്ഞുവാവ വരും. മോൾക്ക് അതിനോടൊപ്പം കളിക്കാം കൂട്ടുകൂടാം.. ”

ആകാശ് പറഞ്ഞപ്പോൾ അവൾ തല കുലുക്കി സമ്മതിച്ചു.

” എന്നാലേ അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞുവാവയുണ്ട്.. ”

അത് കേട്ട നിമിഷം മകൾ ഓടിവന്ന് അമ്മയെ കെട്ടിപ്പിടിച്ചു. സ്വർഗ്ഗം കിട്ടിയ പ്രതീതി ആയിരുന്നു ആ നിമിഷം രണ്ടു മാതാപിതാക്കൾക്കും തോന്നിയത്.

പിന്നീടുള്ള ഓരോ ദിവസവും കാത്തിരിപ്പിന്റേത് ആയിരുന്നു. കുഞ്ഞിനെ കുറിച്ച് ഓരോ ദിവസവും അവർ സ്വപ്നങ്ങൾ കണ്ടു.

എന്നാൽ അവരുടെ മൂത്ത മകളാവട്ടെ കുഞ്ഞ് തന്നോട് ഒപ്പം കളിക്കാൻ വരുമ്പോൾ എന്തൊക്കെ ചെയ്യണം എന്നുള്ള പ്ലാനിങ്ങിൽ ആയിരുന്നു.

10 മാസത്തേക്ക് കാത്തിരിപ്പിനൊടുവിൽ അവർ കാത്തിരുന്ന പൊന്നോമന മകൻ ഭൂമിയിലേക്ക് എത്തി. ചേച്ചി സന്തോഷത്തോടെ അവനെ ചേർത്തു പിടിച്ചു.

ചെറിയൊരു കുഞ്ഞ് ജീവിതത്തിലേക്ക് വന്നതോടെ സ്വാഭാവികമായും അമ്മയുടെ ചിന്തകൾ മുഴുവൻ ആ കുഞ്ഞിനെ ചുറ്റിപ്പറ്റിയായി.

മൂത്ത കുഞ്ഞിനെ ശ്രദ്ധിക്കാനുള്ള സമയവും സാവകാശവും അവൾക്ക് കിട്ടിയില്ല എന്ന് തന്നെ പറയാം.കുഞ്ഞിന് അതൊന്നും ഫീല് ചെയ്യാതിരിക്കാൻ വേണ്ടി കുഞ്ഞിനെ നോക്കാൻ ഒരു ആയയെ ഏർപ്പാടാക്കി.

പക്ഷേ തങ്ങൾ എത്രയൊക്കെ ശ്രദ്ധയും കരുതലും കൊടുത്തിട്ടും കുഞ്ഞിന്റെ സ്വഭാവം മാറിപ്പോയി എന്ന് അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

ഇടയ്ക്കിടെ ചെറിയ കുട്ടിക്ക് പലതരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നത് അവർ രണ്ടാളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതൊക്കെ ഒരുപക്ഷേ കാലാവസ്ഥയുടേതാകാം എന്നാണ് അവർ കരുതിയത്.

എന്നാൽ അതല്ല കാരണം എന്ന് മനസ്സിലായത് മൂത്തകുട്ടി അതിനെ ഉപദ്രവിക്കുന്നത് കൺമുന്നിൽ കണ്ടപ്പോഴാണ്.

ആ കുട്ടിയെ തല്ലാനോ വഴക്കു പറയാനോ നിൽക്കാതെ അവർ ഒരു ഡോക്ടറിന്റെ സഹായം തേടുകയാണ് ചെയ്തത്.

അന്ന് ആദ്യത്തെ കൗൺസിൽ ഇങ്ങനെ ശേഷം ഡോക്ടർ പറഞ്ഞ വാചകങ്ങൾ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട്.

” നിങ്ങൾ ആ കുട്ടിയോട് പറഞ്ഞു കൊടുത്ത ഒരു കാര്യമാണ് അതിന്റെ മനസ്സിൽ രജിസ്റ്റർ ആയത്. അമ്മയുടെ വയറ്റിലുള്ള കുഞ്ഞുവാവ വരുന്നത് അവൾക്ക് കളിക്കാനാണ് എന്ന് പറഞ്ഞു കൊടുത്തത് നിങ്ങളാണ്.

സ്വാഭാവികമായും കുട്ടി ജനിച്ചു കഴിഞ്ഞ് അവളോടൊപ്പം കളിക്കാൻ ചെല്ലുമെന്ന് അവളുടെ മനസ്സ് അവളോട് തന്നെ പറഞ്ഞു തുടങ്ങി.

കുഞ്ഞ് ജനിച്ച ദിവസങ്ങൾ ആയിട്ടും അങ്ങനെ ഒന്നും കാണാതെ ആയതോടെ അവൾക്ക് ദേഷ്യം വന്നു തുടങ്ങി. ഓരോ തവണയും അവൾ കുഞ്ഞിനെ കളിക്കാൻ വിളിക്കുന്നുണ്ട്.

പക്ഷേ അതൊന്നും അറിയാനോ പ്രതികരിക്കാനുള്ള പ്രായം ആ ചെറിയ കുട്ടിക്ക് ഇല്ലല്ലോ.. അതോടെ അവൾക്ക് ദേഷ്യം വന്നു. അങ്ങനെയാണ് അവൾ കുട്ടിയെ ഉപദ്രവിക്കുക എന്നൊരു ലെവലിലേക്ക് എത്തിച്ചേർന്നത്.

അതൊരിക്കലും അവൾ മനപ്പൂർവ്വം ചെയ്തതല്ല. കുട്ടിക്ക് വേദനിക്കും എന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും ആ നിമിഷം അവൾക്ക് ഉണ്ടാവില്ല.

കുട്ടിക്ക് വേദനിച്ചാൽ എന്താ അല്ലെങ്കിൽ അതിനെ ഉപദ്രവിച്ചാൽ എന്തു സംഭവിക്കും അങ്ങനെയൊന്നും ചിന്തിക്കാനുള്ള ബുദ്ധിയോ വിവേകമോ ആ കുട്ടിക്ക് ഈ പ്രായത്തിൽ ഇല്ല.

നിങ്ങൾ കുട്ടികളോട് ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊടുക്കുമ്പോൾ രണ്ടാമത് വയറ്റിലുള്ളത് ആ കുട്ടിയുടെ അനിയനാണ് അല്ലെങ്കിൽ അനിയത്തിയാണ് എന്നാണ് പറഞ്ഞു കൊടുക്കേണ്ടത്.

അല്ലാതെ അത് കളിക്കാനുള്ള കൂട്ടിന് വരുന്നതാണ് എന്ന് പറഞ്ഞാൽ കുട്ടികൾക്ക് അതൊരു കളിപ്പാട്ടം മാത്രമാണ്.. ഇനിയെങ്കിലും അതൊക്കെ ഒന്ന് ശ്രദ്ധിക്കണം.. ”

അന്നത്തെ കൗൺസിലിങ്ങിന് ശേഷം മകൾക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായിരുന്നു. അവൾ കുഞ്ഞിനോട് അടുപ്പം കാണിച്ചു തുടങ്ങി.

അവളെ മാറ്റി നിർത്തിയിരുന്ന പല സന്ദർഭങ്ങളും ഞങ്ങൾ ഇപ്പോൾ അങ്ങനെയൊന്നും ചെയ്യാതെയായി. രണ്ടു കുട്ടികളെയും ഒരുപോലെ ചേർത്തു പിടിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്.

അതിന്റേതായ മാറ്റങ്ങൾ അവളിൽ പ്രകടമാണ്. അതിന്റെ റിവ്യൂവിന് വേണ്ടി മാത്രമാണ് ഇന്ന് ഇങ്ങനെ ഒരു വരവ്…!

അവൾ ചിന്തിച്ചിരിക്കുന്നത് ഇടയിൽ തന്നെ ഒരു പുഞ്ചിരിയോടെ മകൾ ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചിരുന്നു…!!!

സന്തോഷത്തോടെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഡോക്ടറിനോട് നന്ദി പറയുകയായിരുന്നു ആ നിമിഷം ആ അമ്മ..!!