ആ ഭീകരമായ രാത്രിയുടെ ഓർമ്മ അവളിലേക്ക് വീണ്ടും ഇരച്ചെത്തിയത് പോലെ, നിങ്ങൾ നേരത്തെ പറഞ്ഞില്ലേ ഈ നാട്ടിലെ..

(രചന: ശ്രേയ)

” ദേ ഡാ.. അത് ആരാണെന്ന് അറിയോ.. അതാണ്‌ നമ്മുടെ ഹാഷ്ടാഗ്… ”

നടന്നു നീങ്ങുന്ന അവളെ ചൂണ്ടി കൂടിയിരുന്ന ചെറുപ്പക്കാരൻ ആരോ പറഞ്ഞപ്പോൾ അവളുടെ ഹൃദയത്തിൽ കത്തി കൊണ്ടു മുറിയുന്നതു പോലെ അവൾക്ക് വേദനിച്ചു.

ആ ചെറുപ്പക്കാരന്റെ പരിചയപ്പെടുത്തലിന് പിന്നാലെ കുറെയേറെ പേർ ആർത്തു ചിരിക്കുന്നത് അവൾ കേട്ടു.

“എങ്ങനെയുണ്ടായിരുന്നു മോളെ അനുഭവം..?”

കൂട്ടത്തിലെ ഏറ്റവും വഷളനാണ് അവൻ എന്ന് കണ്ടാൽ അറിയാം. അല്ലെങ്കിൽ ഇരയായി മാറിയ ഒരു പെൺകുട്ടിയോട് ഇത്തരത്തിൽ ഒരു ചോദ്യം ആരെങ്കിലും ചോദിക്കുമോ..?

” മോൾക്ക് ഇനിയും താല്പര്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി ഞങ്ങൾ ചിലരൊക്കെ ഇവിടെയുണ്ട്.. ”

വലിയൊരു സഹായം വാഗ്ദാനം ചെയ്യുന്നതു പോലെ അവൻ പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് അറപ്പ് തോന്നി.

അത്രയും നേരം കുനിഞ്ഞിരുന്ന അവളുടെ തല ഉയർന്നു. അവൾ ദേഷ്യത്തോടെ അവനെ നോക്കി.

” അയ്യോ അവളുടെ നോട്ടം കണ്ടില്ലേ ഞാനിപ്പോൾ ദഹിച്ചു പോകും എന്നാണ് അവളുടെ വിചാരം.. എന്താടി ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല..? ”

അവളെ വിടാൻ ഭാവമില്ലാത്തതു പോലെ അവൻ വീണ്ടും വീണ്ടും ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു.

” നിനക്ക് ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാൻ പറഞ്ഞത് സത്യം തന്നെയല്ലേ.. ഈ നാട്ടിൽ എത്രയോ പെൺപിള്ളേർ ഉണ്ട്..

അവർക്ക് ആർക്കും അങ്ങനെയൊരു അനുഭവം വന്നില്ലല്ലോ..? നിനക്ക് അങ്ങനെയൊരു അനുഭവം വന്നിട്ടുണ്ടെങ്കിൽ അതിൽ നിന്റെ പങ്ക് ചെറുതല്ല.. ”

അവൻ വാശിയോടെ അവളോട് ഓരോന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു.

അവൻ അത് പറഞ്ഞു നിർത്തിയതും അവൻ പറഞ്ഞത് ശരിയാണ് എന്ന് അംഗീകരിക്കുന്ന മുഖഭാവം ആയിരുന്നു അവിടെ കൂടി നിന്നിരുന്ന പലരിലും കാണാനുണ്ടായിരുന്നത്. അത് കണ്ടപ്പോൾ അവൾക്ക് അവരെ ഓർത്ത് വെറുപ്പ് തോന്നി.

“കൊള്ളാം.. നിങ്ങളുടെയൊക്കെ കാഴ്ചപ്പാട് വളരെ നന്നായിട്ടുണ്ട്. ഈ സമൂഹം ഇങ്ങനെ ആയിപ്പോയത് കൊണ്ടാണ് ഓരോ ഇരുട്ടിന്റെ മറവിലും പെൺകുട്ടികളെ കടിച്ചു കീറാൻ ഓരോരുത്തർ പതിയിരിക്കുന്നത്..”

ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു തുടങ്ങിയപ്പോൾ പലരും പരിഹാസത്തോടെ അവളെ നോക്കി.

” മനസ്സിൽ എനിക്കുള്ള സ്ഥാനം എന്താണെന്ന് നന്നായി എനിക്കറിയാം. ഇപ്പോൾ ഇയാൾ പറഞ്ഞതുപോലെ ഞാൻ എന്തോ ചെയ്തിട്ടാണ് അവർ എന്നെ കയറി പിടിച്ചത് എന്നാണ് നിങ്ങൾ പറയുന്നത്.

പക്ഷേ ഞാൻ അനുഭവിച്ചത് ഈ ഭൂമിയിൽ മറ്റൊരു പെണ്ണും അനുഭവിക്കരുത് എന്ന് മാത്രമാണ് എന്റെ പ്രാർത്ഥന.

അതെന്തുകൊണ്ടാണെന്ന് അറിയാമോ..? ഈ റേപ്പ് എന്ന് പറയുന്നത് സുഖം തരുന്ന ഒരു ഓർമ്മയല്ല. മറിച്ച് ഓരോ രാത്രിയിലും ഓരോ ഇരുളിലും നമ്മളെ കീറിമുറിക്കുന്ന ഒരു ഓർമ്മയാണ്. ”

ആ ഭീകരമായ രാത്രിയുടെ ഓർമ്മ അവളിലേക്ക് വീണ്ടും ഇരച്ചെത്തിയത് പോലെ..

” നിങ്ങൾ നേരത്തെ പറഞ്ഞില്ലേ ഈ നാട്ടിലെ മറ്റൊരു പെൺകുട്ടിയെയും ആരും കയറി പിടിച്ചിട്ടില്ല എന്ന്..? എനിക്ക് എന്തുകൊണ്ടാണ് അങ്ങനെയൊരു അനുഭവം വന്നത് എന്നറിയാമോ..? ”

അവൾ ഒരു ഉത്തരത്തിനായി ചുറ്റും നിൽക്കുന്നവരെ നോക്കി.

” രാത്രിയായാൽ പെൺകുട്ടികൾ അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കണം. അല്ലെങ്കിൽ ഇങ്ങനെയൊക്കെ ആവും അനുഭവം.”

കൂടെയുണ്ടായിരുന്നവരിൽ ആരോ പറഞ്ഞപ്പോൾ അവൾക്ക് പുച്ഛം തോന്നി.

” രാത്രി ആയാൽ വീട്ടിലിരിക്കണം പോലും.. രാത്രിയിൽ പെൺകുട്ടികൾ പുറത്തിറങ്ങിയാൽ എന്താ പ്രശ്നം..?

അങ്ങനെ പെൺകുട്ടികൾ പുറത്തിറങ്ങുന്ന തക്കം നോക്കി നിന്ന് അവരെ ഉപദ്രവിക്കുന്ന ആൺകുട്ടികൾക്ക് അല്ലേ പ്രശ്നം..? അതോ എന്തെങ്കിലും ഒരു ആവശ്യത്തിന് പുറത്തു പോകുന്ന പെണ്ണിനാണോ.? ”

അവൾ ചോദിച്ചപ്പോൾ ആരൊക്കെയോ പരിഹാസത്തോടെ ചിരിക്കുന്നുണ്ടായിരുന്നു.

” രാത്രിയിൽ പുറത്തേക്ക് പോകാൻ എന്ത് ആവശ്യമാണ് പെണ്ണിനുള്ളത്..? അങ്ങനെ ഇറങ്ങി നടക്കുന്നവർക്കൊക്കെ ഞങ്ങളുടെ നാട്ടിൽ വേറെയാണ് പേര്.. ”

ചുറ്റുമുള്ള ചെറുപ്പക്കാർ തന്നെയാണ് ഇത്തരത്തിൽ സംസാരിക്കുന്നത് എന്ന് കേൾക്കുമ്പോൾ അവൾക്ക് വല്ലാത്ത നിരാശ തോന്നി.

“ശരിയാ.. ഇന്നത്തെ സമൂഹം പോലും ഇങ്ങനെ ചിന്തിക്കുമ്പോൾ, ഒരിക്കലും നമുക്ക് ആരെയും കുറ്റം പറയാൻ പറ്റില്ല. പുതുതലമുറയാണ് ഒരു സമൂഹത്തിന്റെ ശക്തി എന്ന് പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.

അങ്ങനെയുള്ള തലമുറയിൽ പെട്ട നിങ്ങൾ തന്നെ ഇതിനെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കുമ്പോൾ എങ്ങനെയാണ് സമൂഹം നന്നാവുന്നത്..?

നിങ്ങൾ നേരത്തെ ചോദിച്ചില്ലേ രാത്രിയിൽ ഇറങ്ങി നടക്കാനും മാത്രം എന്താവശ്യമാണ് പെണ്ണിനുള്ളത് എന്ന്..? ഞാൻ എന്റെ ആവശ്യം പറയട്ടെ..

അന്ന് എനിക്ക് അങ്ങനെ ഒരു അപകടം നേരിട്ട ആ രാത്രിയിൽ എന്റെ അമ്മ ശ്വാസംമുട്ടൽ കൊണ്ട് പിടയുകയായിരുന്നു വീട്ടിൽ. അമ്മയ്ക്ക് മരുന്നു വാങ്ങാൻ വേണ്ടി മെഡിക്കൽ സ്റ്റോറിലേക്ക് പോയതാണ് ഞാൻ.

അമ്മയ്ക്ക് ഇടയ്ക്ക് അങ്ങനെ ഒരു അസുഖം വരാറുള്ളത് കൊണ്ട് സാധാരണ വീട്ടിൽ മരുന്ന് വാങ്ങി വയ്ക്കാറുണ്ട്. എന്നാൽ അശ്രദ്ധ കൊണ്ട് അമ്മ തന്നെ ആ മരുന്ന് എടുത്ത് കളഞ്ഞു.

അതുകൊണ്ടാണ് ആ രാത്രിയിൽ എനിക്ക് പുറത്തിറങ്ങേണ്ടി വന്നത്. എന്നെപ്പോലെ എത്രയോ പെൺകുട്ടികൾ വീട്ടിൽ പുരുഷന്മാരുടെ തുണയില്ലാതെ രാത്രികളിൽ കഷ്ടപ്പെടാറുണ്ട് എന്നറിയാമോ..?

രാത്രിയിൽ എന്തെങ്കിലും ഒരു അപകടം ഉണ്ടായാൽ ഓടിയെത്താൻ തൊട്ടടുത്ത വീടുകളിൽ ബന്ധുക്കൾ പോലുമുണ്ടാകില്ല. ഇങ്ങനെ കഷ്ടപ്പെടുന്ന എത്രയോ പേരുണ്ട്..?

പെണ്ണിനെ ആരെങ്കിലും റേപ്പ് ചെയ്താൽ അത് അവളുടെ വസ്ത്രത്തിന്റെ കുഴപ്പം കൊണ്ടാണെന്ന് അവളുടെ നടപ്പിന്റെ കുഴപ്പം കൊണ്ടാണെന്ന് ഒക്കെ പറയുന്ന ഒരുപാട് പേരുണ്ട്. എന്റെ കാര്യവും നിങ്ങൾ അങ്ങനെയൊക്കെ തന്നെയായിരിക്കും വ്യാഖ്യാനിച്ചിട്ടുണ്ടാവുക.

പക്ഷേ മെഡിക്കൽ സ്റ്റോറിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയിൽ പിന്നിൽ നിന്ന് വായും മൂക്കും ഉൾപ്പെടെ പൊത്തിപ്പിടിച്ച് കുറ്റിക്കാട്ടിലേക്ക് വലിച്ചു കയറ്റി ബോധം കെടുത്തി എന്നെ അവർ ഉപദ്രവിച്ചത് എന്റെ കുറ്റം കൊണ്ടാണോ..?

ഇതിൽ എന്ത് തെറ്റാണ് ഞാൻ ചെയ്തത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

എന്റെ അമ്മയുടെ ജീവൻ രക്ഷിക്കാൻ മരുന്നു വാങ്ങാൻ പോയതാണോ..? അതോ ഇര എന്ന ലേബലിൽ ജീവിക്കാൻ താല്പര്യമില്ലാതെ വീട്ടിൽ അടച്ചിരിക്കാതെ ഇങ്ങനെ പുറത്തേക്ക് ഇറങ്ങി നടക്കുന്നതാണോ..? ”

അവൾ അത് ചോദിച്ചപ്പോൾ ചുറ്റും നിശബ്ദത പരന്നു.

” നിങ്ങൾ നേരത്തെ ചോദിച്ചില്ലേ ഇനിയും താല്പര്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി ഞങ്ങൾ ഇവിടെയൊക്കെ ഉണ്ട് എന്ന്.

നിങ്ങൾക്ക് ഇത്തരത്തിൽ കമന്റ് പറയാനും ഒരാളിനെ ദ്രോഹിക്കാനും തോന്നുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ..? ഇത്തരം ഒരു അനുഭവം വന്ന ആരും നിങ്ങളുടെ ചുറ്റുവട്ടം ഒന്നുമില്ലാത്തതു കൊണ്ടാണ്.

ചുറ്റുവട്ടത്തല്ല നിങ്ങളുടെ സ്വന്തം വീട്ടിൽ ഇങ്ങനെയൊരു അനുഭവം വന്നാൽ മാത്രമേ നിങ്ങൾക്കൊക്കെ ഇതിന്റെ കാഠിന്യം എത്ര മാത്രമാണ് എന്ന് മനസ്സിലാവൂ.

പിന്നെ പറയാൻ പറ്റില്ല സ്വന്തം വീട്ടിൽ വന്നാലും നിന്നെയൊക്കെ പോലുള്ള ആളുകൾ ആണെങ്കിൽ അത് അനുഭവിക്കുന്ന പെൺകുട്ടിയെ പോലും പലതും പറഞ്ഞ് അപമാനിക്കാൻ മാത്രമേ ശ്രമിക്കൂ.

അനുഭവം ഉണ്ടാവുന്ന പലരും വീടിനുള്ളിൽ തന്നെ ഒതുങ്ങിയിരിക്കുന്നത് നിങ്ങളെപ്പോലുള്ള ആളുകളെ പേടിച്ചിട്ടാണ്.

ഒരു അത്യാഹിതം നേരിട്ടു എന്ന് കരുതി അവർ മനുഷ്യരല്ലാതെ ആകുന്നില്ലല്ലോ. നിങ്ങളുടെയൊക്കെ പ്രവർത്തികൾ കണ്ടാൽ അവർ എന്തൊക്കെയോ തെറ്റ് ചെയ്തത് പോലെയാണ്.

ഒരിക്കലും ഒരാളിനോടും ഇങ്ങനെ പെരുമാറരുത്. അവരെ താങ്ങി നിർത്താൻ ചിലരെയെങ്കിലും അവർക്ക് ആവശ്യമാണ്. സഹതാപത്തോടെയുള്ള നോട്ടം അല്ല, സാധാരണ മനുഷ്യനാണ് എന്നൊരു പരിഗണന മാത്രം കൊടുത്താൽ മതി.. ”

എല്ലാവരോടുമായി കൈകൂപ്പി പറഞ്ഞു കൊണ്ട് അവൾ നടന്നു നീങ്ങി. അപ്പോഴും അവളുടെ തല ഉയർന്നു തന്നെ ഇരിക്കുകയായിരുന്നു.

ചുറ്റും കൂടി നിന്നവരിൽ പലരും ചിന്തിച്ചത് ആ പെൺകുട്ടി പറഞ്ഞത് എത്രത്തോളം ശരിയാണ് എന്ന് മാത്രമായിരുന്നു.

ഇത്രത്തോളം ദ്രോഹം നേരിടേണ്ടി വന്ന പെൺകുട്ടികളെ അപമാനിക്കാൻ സമൂഹം സമയം കണ്ടെത്തുമ്പോൾ അവരെ ദ്രോഹിച്ചവർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല.

അവർ ഇപ്പോഴും സമൂഹത്തിൽ മാന്യന്മാരായി നടക്കുന്നുണ്ട്. അവസരം കിട്ടിയാൽ ഇനിയും പലരെയും അവർ കടിച്ച് കീറും.

ഇരയെ അപമാനിക്കാൻ കാണിക്കുന്ന ഊർജ്ജം, വേട്ടക്കാരനെ പിടിക്കാൻ കാണിച്ചിരുന്നെങ്കിൽ ഈ സമൂഹം എന്നേ നന്നായേനെ…!!