അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ നാണക്കേട് കാരണം ഞാൻ പുറത്തിറങ്ങി നടന്നിട്ട് കാര്യമുണ്ടോ, എല്ലാം കൂടെ..

(രചന: ശ്രേയ)

” തനിക്ക് എന്താടോ പറ്റിയത്..? താൻ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ.. എന്റെ സ്റ്റുഡന്റസിൽ ഏറ്റവും മിടുക്കി താൻ ആയിരുന്നല്ലോ.. ”

ബിന്ദു ടീച്ചർ ചോദിക്കുമ്പോൾ മറുപടി ഇല്ലാതെ തല കുനിച്ചു.

സ്കൂൾ കാലഘട്ടത്തിൽ മൂന്നു വർഷം എന്നെ പഠിപ്പിച്ച ടീച്ചർ ആയിരുന്നു ബിന്ദു ടീച്ചർ. താൻ ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുകയാണ്.

എക്കണോമിക്സ്. ഒരിക്കൽ ഒരു അവധി ദിവസം ടീച്ചർ വിളിച്ചിട്ട് ഒന്ന് കാണണം എന്ന് പറഞ്ഞതു കൊണ്ട് മാത്രം ടീച്ചറിനെ കാണാൻ എത്തിയതായിരുന്നു താൻ.

കുറച്ചു സമയത്തെ സൗഹൃദ സംഭാഷണങ്ങൾക്ക് ശേഷം ടീച്ചർ ഇത് ചോദിക്കുമ്പോൾ എന്തു പറയണം എന്നറിയാതെ തല കുനിച്ചു.

” ആര്യ.. ഞാൻ തന്നോട് ആണ് ചോദിക്കുന്നത്.”

ടീച്ചർ ശബ്ദമുയർത്തിയപ്പോൾ പണ്ടത്തെ ആ സ്കൂൾ കുട്ടിയെ പോലെ തന്നെ താൻ ഒന്ന് ഭയന്നു. അത് ഒരുപക്ഷേ എന്റെ കണ്ണുകളിൽ നിന്ന് ടീച്ചർ വായിച്ചെടുത്തിട്ട് ഉണ്ടാകണം. അതുകൊണ്ടാവണം ആ കണ്ണുകളിൽ എന്നോടുള്ള വാത്സല്യം തെളിഞ്ഞു നിന്നത്.

“മോൾക്ക് എന്താ പറ്റിയത്..? മോളെ കണ്ടപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ് ആകെ ഒരു വിഷാദം പോലെ.. പണ്ട് ഞാൻ കാണുമ്പോൾ എന്ത് ആക്ടീവ് ആയിരുന്നു നീ..?

എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായങ്ങളും എല്ലാത്തിലും ഇടപെടുകയും ഒക്കെ ചെയ്യുന്ന എന്റെ ഏറ്റവും മിടുക്കരായ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു നീ.

അങ്ങനെയുള്ള നീ എന്തുകൊണ്ടാണ് ഇത്രയും പതിഞ്ഞ ഒരു സ്വഭാവത്തിന് ഉടമയായി പോയത്..? അതും വളരെ കുറച്ച് നാളുകൾ കൊണ്ട്..?

അതിനു മാത്രം എന്തു പ്രശ്നങ്ങളാണ് നിനക്ക് ജീവിതത്തിലുള്ളത്..? വീട്ടിൽ അച്ഛനും അമ്മയുമായി മോൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ..?”

ആകുലതയോടെ ആ അധ്യാപിക അന്വേഷിച്ചു. അവരുടെ സ്നേഹ വാത്സല്യങ്ങളുടെ താപം കൊണ്ടായിരിക്കണം അവൾ പൊട്ടി കരഞ്ഞു.

അവളുടെ കരച്ചിൽ കണ്ട് ടീച്ചർ ഒരു നിമിഷം ഭയന്ന് പോയി.

“എന്താ മോളെ..? മോൾക്ക് എന്തുപറ്റി..? എന്തിനാ കരയുന്നത്..?”

ആകുലതയോടെ ടീച്ചർ അന്വേഷിച്ചു.അവളുടെ കരച്ചിൽ ഒന്ന് ശമിക്കുന്നത് വരെയും ടീച്ചർ അവളുടെ തോളിൽ തട്ടി അവളെ ആശ്വസിപ്പിച്ചു.

” മോളുടെ സങ്കടം എന്താണെങ്കിലും എന്നോട് തുറന്നു പറയൂ.. പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ല എന്ന് മോള് കേട്ടിട്ടില്ലേ..? ”

ടീച്ചറുടെ സ്നേഹത്തോടെയുള്ള അന്വേഷണങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ അവൾക്കായില്ല.

അവൾ പതിയെ തന്റെ മനസ്സ് ടീച്ചറിനോട് തുറക്കുകയായിരുന്നു.

” ടീച്ചർ നേരത്തെ പറഞ്ഞില്ലേ ക്ലാസിലെ ഏറ്റവും മിടുക്കിയായ വിദ്യാർത്ഥി ഞാനായിരുന്നു എന്നൊക്കെ.. എനിക്ക് ഇനിയും അങ്ങനെ ആകാൻ തന്നെയാണ് ആഗ്രഹം. പക്ഷേ എന്റെ സാഹചര്യമാണ് എന്നെ ഇങ്ങനെ മാറ്റിയത്.. ”

അവൾ പറഞ്ഞത് കേട്ടപ്പോൾ ടീച്ചറുടെ ഉള്ളിൽ അകാരണമായി ഒരു ഭയം തോന്നി.

സാധാരണ കോളേജുകളിൽ റാഗിംഗ് ഒക്കെ ഉണ്ടാകാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഇനി ഒരുപക്ഷേ ഇവൾക്കും അങ്ങനെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ.. അതിന്റെ പേരിലുള്ള മാനസിക സമ്മർദ്ദം ആണ് അവൾ അനുഭവിക്കുന്നതെങ്കിൽ..!

അവളുടെ പ്രശ്നം എന്താണെങ്കിലും പരിഹാരം കണ്ടുപിടിക്കാൻ കഴിയുന്നതാണെങ്കിൽ തീർച്ചയായും അത് ചെയ്യണം എന്ന് ടീച്ചർ ഒരിക്കൽ കൂടി മനസ്സിൽ ഉറപ്പിച്ചു. പിന്നെ അവളുടെ വാക്കുകൾക്ക് വേണ്ടി കാതോർത്തു.

” ടീച്ചർക്ക് അറിയില്ലേ.. പണ്ട് മുതലേ സ്കൂളിൽ കാലോത്സവം വന്നാലും എന്ത് പരിപാടികൾ ഉണ്ടെങ്കിലും എന്റെ നൃത്തം ഉണ്ടാകാറുണ്ട്.

ഞാൻ ഏറ്റവും ആസ്വദിച്ച് ചെയ്യുന്ന ഒരു കാര്യമായിരുന്നു അത്. ചെറുപ്പം മുതലേ ഒരു ഉപാസന പോലെ ഞാൻ കൊണ്ടു നടക്കുന്ന കാര്യം. ”

ആര്യ പറഞ്ഞപ്പോൾ ടീച്ചറും അതോർത്തു.

ശരിയാണ് പണ്ടുമുതലേ സ്കൂളിൽ എന്തു പരിപാടികൾ ഉണ്ടെങ്കിലും ആര്യയുടെ ഒരു ഡാൻസ് കൃത്യമായും ഉണ്ടാകും.

അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളൊക്കെ കണ്ടിരിക്കുമ്പോൾ നമ്മൾ പോലും അറിയാതെ അതിൽ ലയിച്ചു പോകും. അത്രത്തോളം മനോഹരമായിട്ടായിരുന്നു അവൾ നൃത്തം ചെയ്തിരുന്നത്.

” ഞാനിപ്പോൾ കാലിൽ ചിലങ്ക കെട്ടിയിട്ട് എത്ര നാളായി എന്ന് ടീച്ചറിനു അറിയാമോ..? പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് പഠനത്തെ ബാധിക്കാതിരിക്കാൻ വേണ്ടി മാത്രം ഞാൻ എന്റെ പ്രാക്ടീസിന്റെ സമയം കുറച്ചു.

പക്ഷേ അപ്പോഴും കലോത്സവത്തിൽ ഞാൻ പങ്കെടുത്തിരുന്നു.

ആ വർഷം സംസ്ഥാന തലം വരെ പോയി സമ്മാനവും വാങ്ങിയതാണ്. പ്ലസ് വണ്ണിലും പ്ലസ്ടുവിലും ഒരുപാട് പഠിക്കാനുണ്ട് എന്ന പേര് പറഞ്ഞ് അച്ഛനും അമ്മയും നൃത്തം ചെയ്യാൻ അനുവദിച്ചില്ല.

എന്റെ ഭാവി നിർണയിക്കുന്നത് ആ രണ്ടു വർഷങ്ങളാണ് എന്നും ഉഴപ്പി നടന്നാൽ പിന്നീട് ഒരു കോളേജിലും അഡ്മിഷൻ കിട്ടില്ല എന്നുമൊക്കെ പറഞ്ഞു അവർ രണ്ടാളും നൃത്തം ചെയ്യാനുള്ള എന്റെ താൽപര്യത്തെ തടഞ്ഞു വെച്ചു.

എന്റെ കണ്ണീരും സങ്കടവും ഒക്കെ കണ്ടിട്ട് ശനിയും ഞായറും മാത്രം ഓരോ മണിക്കൂർ വീതം പ്രാക്ടീസ് ചെയ്യാനുള്ള അനുവാദം അവർ എനിക്ക് തന്നു.

എനിക്ക് അതു മതിയായിരുന്നു. ആ രണ്ടുവർഷം പൊതുവേദികളിൽ നൃത്തം ചെയ്യരുത് എന്ന് അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു.

കാരണം അങ്ങനെ പൊതുവേദികളിൽ നമ്മൾ പങ്കെടുക്കുമ്പോൾ ഒരുപാട് സമയം പ്രാക്ടീസിന് വേണ്ടി മാറ്റി വെക്കേണ്ടി വരും.

അത്രയും സമയം ചെലവാക്കി കളയാൻ എന്റെ കയ്യിൽ ഇല്ല എന്നുള്ളത് കൊണ്ട് തന്നെ അച്ഛൻ പറഞ്ഞത് ഞാൻ അനുസരിച്ചു. അപ്പോഴൊക്കെ എനിക്ക് പിന്നീട് എന്താകണം എന്നുള്ളതിനെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്നു. ”

അവൾ പറയുന്ന വാക്കുകളൊക്കെ ടീച്ചർ ശ്രദ്ധയോടെ കേട്ടിരുന്നു.

” എനിക്ക് ബിഎ ഭരതനാട്യം ചെയ്യണം എന്നായിരുന്നു ആഗ്രഹം. പ്ലസ് ടുവിന്റെ റിസൾട്ട് വന്നപ്പോൾ ഞാൻ എന്റെ ആഗ്രഹം അച്ഛനോടും അമ്മയോടും തുറന്നു പറയുകയും ചെയ്തു.പക്ഷേ അത് കേട്ട നിമിഷം രണ്ടുപേരും എന്നോട് വല്ലാതെ ദേഷ്യപ്പെട്ടു.

ഞാൻ എന്തോ വലിയൊരു അപരാധം ചെയ്യുന്നതു പോലെയാണ് അവർ രണ്ടാളും എന്നോട് പെരുമാറിയത്. ഞാൻ എത്രയൊക്കെ വാശി പിടിച്ചിട്ടും കരഞ്ഞിട്ടും ഒരു ഉപയോഗവും ഉണ്ടായില്ല.

അവരുടെ നിർബന്ധം കൊണ്ട് എനിക്ക് ബി എ എക്കണോമിക്സിന് ചേരേണ്ടി വന്നു. അതോടെ എന്റെ മനസ്സ് കൈവിട്ടു പോയി എന്നു പറയുന്നതായിരിക്കും സത്യം.

ക്ലാസിൽ അവർ പഠിപ്പിക്കുന്നതൊന്നും എനിക്ക് മനസ്സിലാകുന്നതു പോലുമില്ല. ആരൊക്കെയോ ക്ലാസ്സിൽ വരുന്നു എന്തൊക്കെയോ പറഞ്ഞിട്ട് പോകുന്നു എന്നല്ലാതെ അവർ എന്തു പറയുന്നു എന്തിനെക്കുറിച്ച് പറയുന്നു എന്നുള്ളതിനെക്കുറിച്ച് എനിക്ക് ഒരു ധാരണയുമില്ല.

എനിക്ക് പഠിക്കാൻ പറ്റുന്നില്ല എന്ന് അമ്മയോട് പറഞ്ഞപ്പോൾ അമ്മ എന്നോട് പറഞ്ഞത് എന്താണെന്ന് അറിയാമോ..? എനിക്ക് പഠിക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ടാണ് എനിക്ക് അതൊന്നും മനസ്സിലാവാത്തത് എന്ന്.

ഞാൻ അവരോട് പറഞ്ഞിട്ടല്ലല്ലോ ഈ വിഷയത്തിന് പഠിക്കാൻ ചേർന്നത്.. എന്റെ താൽപര്യവും ആഗ്രഹവും ഒക്കെ മറ്റൊന്നായിരുന്നു.

അതിനെയൊക്കെയും മുളയിലെ നുള്ളി കളഞ്ഞു കൊണ്ട് അവർ പറഞ്ഞതാണ് ഞാൻ കേട്ടത്. അതിന്റെ ഫലമാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നതും. ഡിഗ്രി ഞാൻ പാസാകും എന്നുള്ള കാര്യത്തിൽ എനിക്ക് ഒരു ഉറപ്പുമില്ല ടീച്ചറെ..

അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ നാണക്കേട് കാരണം ഞാൻ പുറത്തിറങ്ങി നടന്നിട്ട് കാര്യമുണ്ടോ..? എല്ലാം കൂടെ ഓർക്കുമ്പോൾ ഭ്രാന്ത് പിടിക്കുകയാണ്.. ”

സങ്കടത്തോടെ പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ പറയുമ്പോൾ അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ടീച്ചർ നിന്നു പോയി.

” മോള് വിഷമിക്കേണ്ട.. മോളുടെ അച്ഛനോടും അമ്മയോടും ഞാൻ സംസാരിക്കാം. അവർക്ക് അറിവില്ലായ്മ കൊണ്ട് തെറ്റുപറ്റുന്നത് ആയിരിക്കാം.

മോൾക്ക് ഇഷ്ടമുള്ളത് പഠിക്കാനുള്ള അവസരം ഞാൻ ഉണ്ടാക്കി തരാം. നന്നായി പഠിച്ചു നല്ല നിലയിൽ ജീവിക്കുന്നത് ടീച്ചറിന് കാണണം..”

അവളെ എങ്ങനെയൊക്കെയോ ആശ്വസിപ്പിച്ചു ബിന്ദു ടീച്ചർ വീട്ടിലേക്ക് മടക്കി അയച്ചു.

ടീച്ചർ പിന്നീട് ചെയ്തത് അവളുടെ അച്ഛനെയും അമ്മയെയും വിളിച്ച് സംസാരിക്കുകയായിരുന്നു.

“നിങ്ങളുടെ സംശയം ശരിയായിരുന്നു. അവൾക്ക് കാര്യമായി തന്നെ മാനസികമായി പല പ്രശ്നങ്ങളും ഉണ്ട്. സത്യം പറഞ്ഞാൽ അന്ന് രേഖ എന്നെ വിളിച്ചിട്ട് മോളോട് ഒന്ന് സംസാരിക്കുമോ എന്ന് ചോദിച്ചപ്പോൾ വെറുതെ എന്തെങ്കിലും ആയിരിക്കും എന്നാണ് ഞാൻ കരുതിയത്.

പക്ഷേ കാര്യങ്ങൾ നമ്മൾ വിചാരിച്ചതിലും ഭീകരമാണ്.. അവൾക്ക് താൽപര്യമില്ലാത്ത ഒരു വിഷയം പഠിക്കേണ്ടി വന്നതിന്റെ ബുദ്ധിമുട്ടുകളാണ് അവൾ കാണിക്കുന്നത്.

അവളുടെ താൽപര്യം എന്താണ് അതിനനുസരിച്ച് അവളെ പഠിപ്പിക്കുന്നതല്ലേ നല്ലത്..? അല്ലെങ്കിൽ ഒരുപക്ഷേ നാളെ ഇതിലും ഭീകരമായ ഒരു അവസ്ഥയിൽ നമുക്ക് അവളെ കാണേണ്ടി വരും..”

ടീച്ചർ പറയുന്ന വാക്കുകൾ കേട്ടപ്പോൾ കുറ്റബോധത്തോടെ ആ അമ്മയും അച്ഛനും തലകുനിച്ചു.

ടീച്ചറോട് യാത്ര പറഞ്ഞു ആ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മകളെ അവളുടെ ഇഷ്ടത്തിന് മാത്രമേ പഠിപ്പിക്കു എന്നൊരു തീരുമാനം അച്ഛനും അമ്മയും എടുത്തിട്ടുണ്ടായിരുന്നു.

വർഷങ്ങൾക്കു ശേഷം ഏറ്റവും നല്ല നർത്തകിക്കുള്ള സംഗീത നാടക അക്കാദമി അവാർഡ് കരസ്ഥമാക്കിയ അവളുടെ ഫോട്ടോ ടിവിയിൽ കാണുമ്പോൾ ടീച്ചറിന് അഭിമാനം തോന്നി.

അവൾ എത്തിച്ചേരേണ്ട ഇടത് കൃത്യമായി അവൾ എത്തിച്ചേർന്നിരിക്കുന്നു…!!!!