വിവാഹം കഴിഞ്ഞ ആദ്യ നാളുകളൊക്കെ അവർ സ്വപ്നം കണ്ടതുപോലെ മനോഹരം തന്നെയായിരുന്നു, പക്ഷേ പതിയെ..

(രചന: ശ്രേയ)

രാവിലെ തന്നെ വീട്ടിലേക്ക് ചെന്ന് കയറിയപ്പോൾ കേൾക്കുന്നത് ദിനേശന്റെ ആക്രോശങ്ങൾ ആയിരുന്നു.

“മനുഷ്യനു രാവിലെ ജോലിക്ക് പോകാനുള്ളതാണെന്ന് അവൾക്കറിയാവുന്നതാണ്. എന്നിട്ട് രാവിലെ തന്നെ കെട്ടിയൊരുങ്ങി നാട് തെണ്ടാൻ നടക്കുന്നു.”

ദിനേശൻ പറഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കിയത് വാതിൽക്കൽ നിൽക്കുന്ന അവളുടെ മുഖത്തേക്ക് ആയിരുന്നു.

” ഓ വന്നോ കെട്ടിലമ്മ.. എവിടെയായിരുന്നു നീ ഇത്രയും സമയം..? എനിക്ക് ജോലിക്ക് പോകേണ്ടതാണെന്ന് അറിയാത്ത ഒന്നുമല്ലല്ലോ..”

ദേഷ്യത്തോടെ അവൻ ചോദിച്ചപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു. എങ്കിലും അവൻ കാണാതെ അത് തുടച്ചു നീക്കിക്കൊണ്ട് അവൾ അവനെ നോക്കി പുഞ്ചിരിച്ചു.

“ഞാൻ രാവിലെ ക്ഷേത്രത്തിൽ പോയതാണ്..”

പതിഞ്ഞ സ്വരത്തിൽ അവൾ മറുപടി പറഞ്ഞപ്പോൾ അവൻ അവളെ കടുപ്പിച്ച് ഒന്ന് നോക്കി.

” ഇത്ര രാവിലെ അവിടേക്ക് കെട്ടിയെടുത്തില്ലെങ്കിൽ നിനക്ക് എന്തായിരുന്നു കുഴപ്പം..? ഞാനും മോനും പോയതിനു ശേഷം നിനക്ക് പോയാൽ പോരായിരുന്നോ..? അതെങ്ങനെ എല്ലാം തന്നെ ഇഷ്ടത്തിന് അല്ലേ ചെയ്യുള്ളൂ..”

രാവിലെ തന്നെ അവൻ ദേഷ്യപ്പെടുന്നത് കേൾക്കുമ്പോൾ അവൾക്ക് സങ്കടവും ദേഷ്യവും ഒക്കെ വരുന്നുണ്ടായിരുന്നു.

” പോയി കഴിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ എടുത്തു വയ്ക്ക്..എനിക്ക് ജോലിക്ക് പോകാനുള്ളതാണ്.. ”

അവൻ പറഞ്ഞപ്പോൾ അവൾ തിടുക്കത്തിൽ അകത്തേക്ക് നടന്നു. പിന്നെ എന്തോ ഓർത്തതുപോലെ ഒരു നിമിഷം നിന്നിട്ട് അവന്റെ നേർക്ക് നടന്നു.

ഇലച്ചീന്തിലെ പ്രസാദം അവന്റെ നെറ്റിയിലേക്ക് തുടിക്കാൻ പോകുന്നതിനു മുൻപ് തന്നെ അവൻ ഒഴിഞ്ഞു മാറിയിരുന്നു.

അത് കണ്ട് വിഷമം തോന്നിയെങ്കിലും മുൻപും ഇവൻ ഇങ്ങനെ തന്നെ ആയിരുന്നല്ലോ എന്നോർത്തുകൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു.

രാവിലെ ക്ഷേത്രത്തിൽ പോകുന്നതിനു മുൻപ് തന്നെ ആഹാരം ഉണ്ടാക്കി വച്ചതുകൊണ്ട് അത് വേഗത്തിൽ പകർത്തിയെടുത്ത് ഡൈനിങ് ടേബിളിലേക്ക് കൊണ്ടുവന്നു വയ്ക്കാൻ കഴിഞ്ഞു.

അപ്പോഴേക്കും ഫോണും നോക്കി കൊണ്ട് ദിനേശൻ ഡൈനിങ് ടേബിളിൽ എത്തിക്കഴിഞ്ഞു.

അയാൾക്ക് ആഹാരം വിളമ്പി കൊണ്ടിരിക്കുന്നതിനിടയിൽ മകൻ മുറിയിൽ നിന്ന് വിളിക്കുന്നുണ്ടായിരുന്നു.

അവന്റെ ഐഡന്റിറ്റി കാർഡ് കാണാനില്ല ഷൂ കാണാനില്ല എന്നൊക്കെ പറഞ്ഞു പലപല കാര്യങ്ങളാണ് അവനുള്ളത്. എല്ലായിടത്തും അവളുടെ കൈ എത്തിയാലേ ശരിയാകൂ..!

മകന്റെ പിന്നാലെയുള്ള ഓട്ടം കഴിഞ്ഞു വന്നപ്പോഴേക്കും ദിനേശൻ ആഹാരം കഴിച്ച് എഴുന്നേറ്റിരുന്നു. അയാൾ പോകുമ്പോഴാണ് മകനെയും കൂടി കൊണ്ടുപോകാറുള്ളത്.

അതുകൊണ്ടു തന്നെ തിടുക്കപ്പെട്ട് അവനു ആഹാരം കൊടുത്തു. ഒരു 5 മിനിറ്റ് വൈകിയാൽ പിന്നെ അതുമതി. ഇന്നത്തെ ദിവസം പോയി കിട്ടും..

മോന് ആഹാരം കൊടുത്ത് കഴിഞ്ഞപ്പോൾ തന്നെ പോകാൻ തയ്യാറായി ദിനേശൻ പുറത്തേക്കു വന്നിരുന്നു.

“കഴിഞ്ഞില്ലേ ഇതുവരെ..? എനിക്ക് പോയിട്ട് ജോലി ഉള്ളതാണ്..”

ദിനേശൻ ചോദിച്ചപ്പോൾ അവൾ തലയാട്ടി.

” എന്തെങ്കിലും പറഞ്ഞാൽ തലയാട്ടാൻ ഇവളാരാ ബൊമ്മയോ ..? ഏത് നേരത്താണ് എനിക്കിതിനെ എടുത്തു തലയിൽ വയ്ക്കാൻ തോന്നിയത്.. ”

ദേഷ്യത്തോടെ പിറുപിറുത്തു കൊണ്ട് അയാൾ പുറത്തേക്കിറങ്ങി പോകുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞത് അവൾ വിദഗ്ധമായി മറച്ചു വെച്ചു.

മകന്റെ ബാഗും എടുത്ത് അയാളുടെ കൂടെ വണ്ടിയിലേക്ക് കയറ്റി വിടുമ്പോൾ അവൾ വല്ലാത്തൊരു പ്രതീക്ഷയോടെ അയാളെ നോക്കുന്നുണ്ടായിരുന്നു.

പക്ഷേ അവളുടെ നേരെ ഒന്നു നോക്കുക പോലും ചെയ്യാതെ ദിനേശൻ വണ്ടി മുന്നോട്ട് എടുത്തു.

അവർ പോയി കഴിഞ്ഞപ്പോൾ ഗേറ്റ് അടച്ച് മുൻ വാതിലും കുറ്റിയിട്ട് അവൾ അകത്തേക്ക് നടന്നു. ഡൈനിങ് ടേബിളിലേക്ക് ചെന്നിരിക്കുമ്പോൾ അവളുടെ വിശപ്പ് കെട്ടുപോയിരുന്നു.

പക്ഷേ ആഹാരം കഴിക്കാതിരുന്നാൽ കുറച്ചു നേരം കഴിയുമ്പോഴേക്കും തനിക്ക് തലവേദന ഉണ്ടാകും.

അതോർത്തപ്പോൾ എങ്ങനെയൊക്കെയോ ഒരു ദോശ കഴിച്ചു.പാത്രവും കഴുകിവച്ച് സോഫയിലേക്ക് വന്നിരിക്കുമ്പോൾ അവളുടെ കണ്ണുകൾ അനിയന്ത്രിതമായി നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

” ഇന്നത്തെ ദിവസം ഇത്ര പെട്ടെന്ന് ദിനേശ് ചേട്ടൻ മറന്നുപോയോ..? ഈ ദിവസത്തെക്കുറിച്ച് ഒരു വാക്കുപോലും ദിനേശ് ചേട്ടൻ പറഞ്ഞില്ലല്ലോ.. ”

സങ്കടത്തോടെ അവൾ ഓർത്തു.

ആ സമയം അവളുടെ കൺമുന്നിൽ നിറഞ്ഞു നിന്നത് തന്റെ പ്രണയം അറിയിക്കാനായി വിയർത്തു കുളിച്ച് അവളുടെ മുന്നിൽ നിന്ന ദിനേശനെയായിരുന്നു.

ദിനേശനും കാവേരിയും ഒന്നിച്ചു പഠിച്ചവരാണ്. പഠിക്കുന്ന സമയത്ത് തന്നെ ആരോടും അധികം അടുപ്പം ഒന്നും കാണിക്കാത്ത സ്വഭാവമായിരുന്നു ദിനേശന്റേത്..!

ക്ലാസിലുള്ള കുട്ടികൾ ആരൊക്കെയാണ് എന്ന് ദിനേശന് അറിയാമോ എന്ന് തന്നെ മറ്റുള്ളവർക്ക് സംശയമായിരുന്നു.

പക്ഷേ ഇടയ്ക്കൊക്കെ ദിനേശൻ തന്നെ ശ്രദ്ധിക്കുന്നത് കാവേരി അറിയാറുണ്ടായിരുന്നു. ഒരുപക്ഷേ അവൻ വെറുതെ നോക്കുന്നതായിരിക്കും എന്ന് അവൾ കരുതി.

അങ്ങനെയുള്ള ദിനേശൻ ഒരു ദിവസം വൈകുന്നേരം ക്ലാസ് കഴിഞ്ഞപ്പോൾ കാവേരിയോട് എന്തോ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ അവൾക്ക് അതിശയമാണ് തോന്നിയത്. തന്നോട് എന്തു സംസാരിക്കാൻ..?

അങ്ങനെ ഒരു ചിന്തയായിരുന്നു മനസ്സിൽ.

“അത് പിന്നെ… എനിക്ക്..”

പകുതി വിക്കി കൊണ്ട് പറയുന്നതു കൊണ്ട് തന്നെ അവൾക്ക് പൂർണമായും ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല.

അന്നത്തെ ദിവസം അവളുടെ നോട്ടം കണ്ടപ്പോൾ കൂടുതൽ ഒന്നും പറയാതെ അവൻ നടന്നു പോയി.

പിന്നെയും ഒന്ന് രണ്ട് പ്രാവശ്യം ഇതുതന്നെ ആവർത്തിച്ചപ്പോൾ അവനു പറയാനുള്ളത് എന്താണെന്ന് കേട്ടിട്ടേ പോകുമെന്ന് കാവേരിയും തീരുമാനിച്ചു.

അന്നാണ് ദിനേശൻ തന്റെ ഉള്ളിലെ ഇഷ്ടം കാവേരിയോട് തുറന്നു പറഞ്ഞത്. അവൾക്ക് അതൊരു ഷോക്ക് തന്നെയായിരുന്നു.

അന്ന് അവനു മറുപടിയൊന്നും കൊടുക്കാതെ നടന്നു പോയെങ്കിലും അവൻ നല്ലൊരു കുട്ടിയാണ് എന്ന് അറിയുന്നതുകൊണ്ട് തന്നെ അധികം വൈകാതെ മനസ്സ് അവനിലേക്ക് ചാഞ്ഞു പോയി.

അവളുമായുള്ള സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും അടിസ്ഥാനത്തിലാണ് അവന്റെ സ്വഭാവം മെച്ചപ്പെട്ടു വന്നത്.

കോളേജിൽ നിന്ന് പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ എല്ലാവരോടും സംസാരിക്കാനും ചിരിക്കാനും ഒക്കെ അവൻ പഠിച്ചിരുന്നു.

കോളേജിൽ നിന്ന് ഇറങ്ങിയ ഉടനെ തന്നെ അവൻ നല്ലൊരു ജോലി കണ്ടെത്തി.അധികം വൈകാതെ ഒരു കല്യാണ ആലോചനയുമായി കാവേരിയുടെ വീട്ടിലേക്ക് വരികയും ചെയ്തു.

മകളുടെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുന്ന മാതാപിതാക്കൾ ആയതുകൊണ്ട് തന്നെ അവളുടെ വിവാഹം നടത്തി കൊടുക്കാൻ അവർക്ക് മറ്റൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല.

വിവാഹം കഴിഞ്ഞ ആദ്യ നാളുകളൊക്കെ അവർ സ്വപ്നം കണ്ടതുപോലെ മനോഹരം തന്നെയായിരുന്നു.പക്ഷേ പതിയെ പതിയെ ആ സ്വപ്നത്തിന്റെ നിറം മങ്ങാൻ തുടങ്ങി.

ജീവിതത്തിലേക്ക് പുതിയ അതിഥി തേടിയെത്തിയതും , പുതിയ വീട്ടിലേക്കുള്ള മാറി താമസവും ഒക്കെയായി ഒരുപാട് ചെലവുകൾ വന്ന് കയറിയതുകൊണ്ടാണ് ഒരുപക്ഷേ ദിനേശൻ ഇങ്ങനെ പെരുമാറുന്നത് എന്ന് കാവേരി ആശ്വസിക്കാറുണ്ട്.

എങ്കിലും വിവാഹം കഴിഞ്ഞ് 10 വർഷങ്ങൾ പൂർത്തിയാകുന്ന ഈ വേളയിൽ വിവാഹ വാർഷിക ദിനം പോലും മറന്നു പോകുന്ന രീതിയിൽ അവൻ മാറിപ്പോയോ എന്നോർത്ത് കാവേരിക്ക് ആശ്ചര്യം തോന്നി.

പെട്ടെന്ന് കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് അവൾ ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്നത്. വാതിൽ തുറന്നപ്പോൾ പുറത്തു നിൽക്കുന്ന ദിനേശനെ കണ്ട് അതിലേറെ ഞെട്ടലായിരുന്നു അവൾക്ക്.

” താനെന്താടോ ഇങ്ങനെ നോക്കുന്നത്..? ”

അവൻ ചോദിച്ചപ്പോൾ അവൾ സ്വപ്നലോകത്തിൽ എന്നപോലെ അവനെ നോക്കി. അത് കണ്ടപ്പോൾ അവൻ പൊട്ടിച്ചിരിച്ചു പോയി.

” എന്തെങ്കിലും വയ്യായ്ക ഉണ്ടോ..? അതുകൊണ്ടാണോ വേഗം തിരിച്ചുവന്നത്..? ”

അവൾ ചോദിച്ചപ്പോൾ അവൻ അല്ലെന്ന് തലയാട്ടി.

” ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ്. അങ്ങനെ ഒരു ദിവസം എന്റെ ഭാര്യയോടൊപ്പം ചെലവഴിച്ചില്ലെങ്കിൽ പിന്നെ ഞാനെന്തു ഭർത്താവാണ്..? ”

അവൻ ചോദിച്ചപ്പോൾ അവൾക്ക് അത്ഭുതം തോന്നി. അവൻ അതോർത്തല്ലോ എന്നുള്ള സന്തോഷവും..!

” ഹാപ്പി വെഡിങ് ആനിവേഴ്സറി മൈ ലവ്.. ”

ഹൃദയത്തിൽ നിന്നും അവൻ ആശംസകൾ നേർന്നപ്പോൾ സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.

” നീയെന്താ കരുതിയത്? ഞാൻ നിന്നെ വിഷ് ചെയ്യാതെ മറന്നു പോയതാണെന്നോ..!

ഞാൻ ചുമ്മാ നിനക്ക് ഒരു ഡോസ് തന്നതല്ലേ പെണ്ണേ.. നമ്മളെ സംബന്ധിക്കുന്ന എന്തെങ്കിലും കാര്യം ഞാൻ മറന്നു പോകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..

എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത് നീയും നിന്റെ പ്രണയവുമാണ്.. അങ്ങനെയുള്ളപ്പോൾ നിന്നെ മറന്നു എനിക്ക് മറ്റൊരു ലോകമുണ്ടോ..!!”

അവൻ അത് ചോദിക്കുമ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. പ്രണയത്തോടെ അവൻ അവളെ അടക്കിപ്പിടിച്ചു..