വിവാഹത്തിന്റെയന്ന് ഞാനെന്റെ ആദ്യ രാത്രിയിലേക്ക് കടക്കുന്നതിന് തൊട്ട് മുമ്പ് തന്നെയെന്റെ സുഹൃത്തുക്കളിലൊരാൾ..

(രചന: ശ്രീജിത്ത് ഇരവിൽ)

ആറ് വർഷങ്ങൾക്ക് മുമ്പ് സകല വർത്തകളിലുമിടം പിടിച്ച നാടാർ കൂട്ട ബലാത്സംഘത്തിനിരയായ പെൺകുട്ടിയെയാണ് ഒറ്റമോൻ കെട്ടാൻ പോകുന്നുവെന്നറിഞ്ഞാൽ അച്ഛനൊരിക്കലും സമ്മതിക്കില്ല.

അച്ഛനേയും അച്ഛന്റെ അഭിമാന ബോധത്തേയും മറ്റാരേക്കാളും കൂടുതലെനിക്കറിയാം.

പെണ്ണുകാണൽ ചടങ്ങിന്റെയന്ന് തന്നെയവൾ എന്നോടത് പറഞ്ഞിരുന്നു. കേട്ടപ്പോൾ ആദ്യമൊന്ന് പകച്ച് നിന്നെങ്കിലും പിന്നീട് ഞാനെന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു.

അത്രയ്ക്കും മനോഹരിയായിരുന്നു അവൾ…! ഒരു കാരണം കൊണ്ടും അവളെ നഷ്ട്ടപ്പെടുത്താൻ എന്തുകൊണ്ടോ അന്നെനിക്ക് തോന്നിയില്ല.

ഓൺലൈൻ ദല്ലാൾ മുഖാന്തരം ഞാൻ കണ്ടെത്തിയ പെൺകുട്ടിയേയും കുടുംബത്തേയും അച്ഛന് വല്ലാതെ ബോധിച്ചിട്ടുണ്ട്.

എന്തുകൊണ്ടും ചേർന്ന ബന്ധമാണെന്ന് രാത്രി ആഹാരം കഴിക്കുമ്പോൾ അമ്മയോടും എന്നോടും അഭിപ്രായപ്പെട്ടതുമാണ്. പക്ഷേ, പെണ്ണിനിങ്ങനെയൊരു ചരിത്രം…! അതവർക്ക് ഉൾക്കൊള്ളാനേ കഴിയില്ല.

മനപ്പൂർവ്വം ഞാൻ അതെല്ലാവരോടും മറച്ച് വെച്ചു. ആ മറവിൽ വെച്ച് ഞങ്ങളുടെ വിവാഹം ആർഭാടമായി തന്നെ നടന്നു.

എന്നാൽ.. വിവാഹത്തിന്റെയന്ന് ഞാനെന്റെ ആദ്യ രാത്രിയിലേക്ക് കടക്കുന്നതിന് തൊട്ട് മുമ്പ് തന്നെയെന്റെ സുഹൃത്തുക്കളിലൊരാൾ അവളെ തിരിച്ചറിഞ്ഞു.

നാട്ടിൽ വേറെ പെണ്ണില്ലാത്തത് കൊണ്ടാണോ നീയിവളെ തന്നെ കെട്ടിയതെന്നവൻ രഹസ്യമായി അർത്ഥം വെച്ചെന്നോട് ചോദിച്ചു. എനിക്കതിന് മറുപടിയുണ്ടായിരുന്നില്ല.

അവൾ കാത്തിരിക്കുന്ന മണിയറയിലേക്ക് കാലെടുത്ത് വെച്ചപ്പോൾ എന്റെ ഹൃദയത്തിലൊരു നിരാശയുടെ ഉറവ താനേ പൊട്ടി. അതൊലിച്ച് ചേർന്നതെന്റെ അഭിമാന ചിന്തയുടെ തുമ്പിലേക്കായിരുന്നു.

പുതിയയൊരു ജീവിതവും പ്രതീക്ഷിച്ച് എന്റെ വരവിനായി കാത്തിരുന്ന അവളെന്നോട് പുഞ്ചിരിച്ചു. സ്വന്തമായപ്പോൾ കൗതുകം നഷ്ട്ടപ്പെട്ടയൊരു കളിപ്പാട്ടത്തോടെന്നെ പോലെ തീരേ ആത്മാർത്ഥയില്ലാതെ ഞാനുവളോട് ചിരിച്ചു..!

അവളോട് മുട്ടിയിരുന്നിട്ടും എനിക്കവളെ തൊടാൻ തോന്നിയില്ല. എന്തുപറ്റിയെന്ന് ചോദിച്ചെന്റെ തോളിലേക്കവൾ കൈവെച്ചപ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞ് കൈകൾ മാറ്റി ഞാനാ കട്ടിലിലേക്ക് ചാഞ്ഞ് തിരിഞ്ഞ് കിടന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടെന്നൊരു വിങ്ങൽ വന്നെന്റെ കാതിൽ പറഞ്ഞിട്ടും ഞാനവളുടെ മുഖത്തേക്ക് നോക്കിയതേയില്ല.

പിറ്റേന്ന് ഞാൻ ഉണരുമ്പോഴൊരു കപ്പ് കാപ്പിയുമായി ഈറനോടെ അവളെന്റെ മുമ്പിലുണ്ടായിരുന്നു.

അവളുടെയാ നനഞ്ഞ ചുണ്ടുകളും കുതിർന്ന കൂന്തലുമെന്നെ വല്ലാതെ വശീകരിച്ചു. കാപ്പി കപ്പ് വാങ്ങി മേശപ്പുറത്ത് വെച്ച് ഞാനവളെ പിടിച്ചെന്നിലേക്കിട്ടു. അവൾ എതിർത്തില്ല.

എന്റെ ചുണ്ടുകളവളുടെ ഇടം കഴുത്തിൽ ആഞ്ഞ് പതിഞ്ഞപ്പോൾ അവളൊരു പാമ്പിനെ പോലെ സീൽക്കാരമുണർത്തി. അതെന്നെയൊരു കാട്ടുവള്ളിയാക്കി അവളിൽ ചുറ്റിപ്പടരാൻ പ്രേരിപ്പിച്ചു.

പക്ഷേ, അവളിൽ വീണ് കിതക്കുന്നയെന്റെയെതോ ശ്വാസത്തിൽ നാടാർ കൂട്ട ബലാൽസംഘത്തിനിരയായ പെൺകുട്ടിയുടെ വാർത്തയെന്റെയുള്ളിൽ തെളിഞ്ഞു.

അടർന്ന് വീഴുന്നയൊരു പഴുത്തയില പോലെ ഞാനവളുടെ ദേഹത്ത് നിന്ന് വേർപെട്ടു. കാര്യം മനസ്സിലാകാതെ അവളെന്നെയപ്പോഴും വിവശയായി നോക്കുകയായിരുന്നു.

നാളുകൾ കഴിഞ്ഞു. പലപ്പോഴുമായുള്ള എന്റെയൊഴിഞ്ഞ് മാറ്റം ശ്രദ്ധിച്ചത് കൊണ്ടായിരിക്കണം നിങ്ങളോട് ഞാനെല്ലാം പറഞ്ഞതല്ലേയെന്ന് ഒരിക്കലവളെന്നോട് ചോദിച്ചത്.

‘അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ..!’

“പറഞ്ഞില്ലെങ്കിലുമെനിക്ക് മനസ്സിലാകുന്നുണ്ട്…!”

എന്നും പറഞ്ഞവൾ മുറിയിലേക്ക് കയറി കതകടച്ചപ്പോൾ ഞാൻ തല കുനിച്ചു.

എന്തുകൊണ്ട് അവളെ സ്വീകരിക്കാൻ തോന്നിയ മനസ്സിന് വിവാഹ ശേഷമവളെ ഉൾക്കൊള്ളാൻ പറ്റാത്തതെന്ന് എത്രയാലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല.

സ്വന്തമായ പെണ്ണൊരുത്തിയെ പണ്ടൊരു ആൺകൂട്ടം ബലമായി പ്രാപിച്ചതാണെന്ന് എനിക്കിപ്പോൾ അംഗീകരിക്കാനെ പറ്റുന്നില്ല. അവളെ കാണുമ്പോഴൊക്കെ എനിക്കാ വാർത്തയും അവളിൽ പടർന്ന് കേറിയവരുടെ ചിത്രവുമോർമ്മ വരുന്നു.

ഒരുപക്ഷേ, വിവാഹ നാളിന്റെയന്നാ സുഹൃത്ത് അത്തരത്തിലെന്നോട് സംസാരിച്ചില്ലായിരുന്നുവെങ്കിൽ ഇങ്ങനെയൊരു മാറ്റമുണ്ടാകുമായിരുന്നില്ല.

അച്ഛൻ വിളിക്കുന്നുവെന്ന് അമ്മ വന്ന് പറഞ്ഞപ്പോഴാണ് ഞാനന്ന് ഉണർന്നത്. അവളെവിടെയെന്ന് ചോദിച്ചപ്പോൾ അമ്മയൊന്നും പറഞ്ഞതുമില്ല.

കണ്ണും തിരുമ്മി മുന്നിൽ ചെന്നയെനിക്ക് അച്ഛൻ കെട്ടിപ്പിടിച്ചൊരുമ്മ തന്നു. എന്തുപറ്റിയെന്റെ അച്ഛനെന്ന് ഓർക്കുമ്പോഴേക്കും എന്റെയിടം കരണത്തിലേക്ക് അച്ചന്റെ വലം കൈ വന്ന് വീണു..!

കണ്ണുകളിൽ നിന്നൊരായിരം പൊന്നീച്ചകൾ തെറിച്ചെന്റെ കാതിന് ചുറ്റും വട്ടമിട്ട് പാറുന്നത് പോലെയെനിക്കപ്പോൾ തോന്നി..!

അച്ഛനെന്റെ മുഖത്ത് പോലും നോക്കാതെ അകത്തേക്ക് കയറിപ്പോയി. നടന്നതൊരു സ്വപ്നമാണോയെന്ന് പോലും സംശയിച്ചിരിക്കുന്നയെന്നോട് അമ്മയാണ് കാര്യം പറഞ്ഞത്.

എല്ലാമറിഞ്ഞിട്ടും അവളെപ്പോലെയൊരു പെൺകുട്ടിയെ വിവാഹം ചെയ്തതിനാണച്ഛൻ നിന്നെ ഉമ്മ വെച്ചതെന്നമ്മ പറഞ്ഞു.

‘അപ്പോഴടി…!?’

“നിന്നോടെല്ലാം തുറന്ന് പറഞ്ഞിട്ടും അവളോട് ആത്മാർത്ഥത കാണിക്കാത്തത് കൊണ്ട്…എല്ലാം തുറന്ന് പറഞ്ഞവൾ കാലത്ത് തന്നെയവളുടെ വീട്ടിലേക്ക് പോയി..!”

അത് പറയുമ്പോൾ അമ്മയുടെ മുഖത്തിന് അതീവ ഗൗരവവും ശബ്ദത്തിനൊരു തേങ്ങലുമുണ്ടായിരുന്നു. അച്ഛൻ തിരിച്ച് വന്നത് കാറിന്റെ ചാവിയും കൊണ്ടായിരുന്നു.

പല്ല് പോലും തേക്കാത്തയെന്നെ മുറ്റത്തേക്ക് ഉന്തിത്തള്ളിയിട്ട്, അവളേയും കൊണ്ടല്ലാതെ നീയീ വീട്ടിലേക്ക് കയറിപ്പോകരുതെന്ന് അച്ഛൻ കർശനമായിട്ട് തന്നെ പറഞ്ഞു.

കൂടെ നീയൊരു ആണാണെന്നാടാ ഞാൻ കരുതിയതെന്നയൊരു പരിഹാസവും.

‘അച്ഛാ… ഞാൻ…!’

എന്നെ മുഴുവിപ്പിക്കാൻ അച്ഛൻ സമ്മതിച്ചില്ല. അവളെ ക്രൂരമായി പീഡിപ്പിച്ചവരും നീയും തമ്മിലെന്താടാ വിത്യാസമെന്ന് അച്ഛനെന്നോട് ചോദിച്ചപ്പോഴെന്റെ തലയറിയാതെ കുനിഞ്ഞ് പോയി…

ആരേക്കാളും കൂടുതൽ എനിക്കെന്റെ അച്ഛനെ അറിയാമെന്ന ധാരണയെത്ര തെറ്റായിരുന്നുവെന്ന ബോധമെന്നിൽ നിറഞ്ഞപ്പോൾ അറിയാതെയെന്റെ കണ്ണുകൾ നിറഞ്ഞു.

തെറ്റ് എന്റേതാണെന്ന് എനിക്ക് പരിപൂർണ്ണമായി ബോധ്യമായിരിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാമേറ്റ് പറഞ്ഞവളുടെ കാലിൽ വീഴാനും, ക്ഷമ പറഞ്ഞ് തിരിച്ച് കൊണ്ട് വരാനും എനിക്കന്ന് യാതൊരു മടിയും തോന്നിയില്ല.

അല്ലെങ്കിലും, തന്റേതല്ലാത്ത കാരണം കൊണ്ട് പ്രതീക്ഷിക്കാതെയൊരു അപകടം നടന്നതിൽ പരിക്ക് പറ്റിയ ആളെയെങ്ങനെയാണ് നമുക്ക് കുറ്റപ്പെടുത്താൻ സാധിക്കുക…!?

അവരെ കൂടുതൽ വൃണപ്പെടുത്താതെ ഗുണപ്പെടുത്തുക എന്നതിനപ്പുറം മറ്റെന്താണ് നാമുൾപ്പെടുന്ന സമൂഹത്തിന്റെ ധർമ്മം…!!!?