കെട്ടിക്കൊണ്ടരുമ്പൾ എന്ത്പാവം ആയിരുന്നു, എന്തു പറഞ്ഞാലും മിണ്ടൂല..

മരുമകൾ
(രചന: Sinana Diya Diya)

എടീ സൈനബേ നീ കുറച്ചു ചായ വച്ചേ.. തല വേദനിക്കുന്നു.. ഇന്ന് ബിരിയാണി കഴിച്ചത് ഇത്തിരി അധികമായിപ്പോയെന്നു സംശയം..

വിരുന്നുകാരിറങ്ങിയതിന്റെ പിന്നാലെ തന്നെ ഭർത്താവ് ബഷീർ ഉമ്മറത്തെ ചാരു കസേരയിൽ വയറും തടവി മലർന്നു കിടന്നുകൊണ്ട് വിളിച്ചു പറഞ്ഞു..

“ഇതാ വരുന്നു ഇക്ക ഞാനീ ബിരിയാണി ചെമ്പോന്നു കഴുകി വച്ചോട്ടെ … അടുക്കള പുറത്തെ പൈപ്പിൻ ചുവട്ടിൽ ബിരിയാണി വച്ച പാത്രം കഴുകുകയായിരുന്നു സൈനബ..

“അല്ലാാഹ്.. നടു നിവർത്താൻ വയ്യ..” അവളുടെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു..

കൊച്ചാപ്പയും ഫാമിലിയും അമ്മായിയും മകളും പുതുമാപ്പിളയും എല്ലാരും ഒത്തുകൂടിയ ദിവസമായിരുന്നു ഇന്ന്..

ആരെങ്കിലും വരുന്നുണ്ട് എന്നു വിളിച്ചു പറയും മുന്നേ തന്നെ തിരക്ക് കൂട്ടിത്തുടങ്ങും ഉമ്മ..ലോകത്ത് ഉള്ളത് മുഴുവൻ ഉണ്ടാക്കിയാലും തൃപ്തി വരൂല ഉമ്മാക്ക്.

കുട്ടികളെ നോക്കുന്നത് ഉമ്മ ഏറ്റെടുക്കുമെങ്കിലും അടുക്കളയിൽ ഒരു യുദ്ധം തന്നെ ആവും നമ്മക്..

അതുകൂടാതെ ഓരോരോ ടെൻഷനും അവരെത്രപേരുണ്ടാകും, ഉണ്ടാക്കുന്നത് തികയില്ലേ, ടേസ്റ്റ് ഉണ്ടാവൂലെ, അവർക്ക് ഇഷ്ടം ആവൂലെ അങ്ങനെ പോവുന്നു കാര്യങ്ങൾ..

പിന്നെ അതിനിടയിൽ ഇക്കാടെ വിളിയും കൂടിയാകുമ്പോൾ എല്ലാം തകിടം മറിയും…

” ഡി അതെടുക്ക്, ഇതെടുക്ക്.. എന്റെ ഷർട് ഇസ്തിരിയിട്ടോ.. ഉറുമാലെവിടെ.. പേഴ്‌സ് എവിടെ… ” ചെന്നു നോക്കുമ്പോൾ അലമാരിയും കിടക്കയും കുത്തി മറിച്ചിട്ടിട്ടുണ്ടാവും…

അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഓടലിനിടയിൽ ഇക്കാടെ കൂടെ നിൽക്കുന്നത് ഉമ്മ കണ്ടാൽ പോയി കാര്യം

” കിന്നരിക്കാതെ നിയ്യ് വേഗം അടുക്കളയിൽ ചെല്ല് നേരത്തിനും കാലത്തിനും എന്തെങ്കിലും വെച്ചുണ്ടാക്ക് അവരൊക്കെ ഇപ്പോ എത്തും”

ചില നേരം ദേഷ്യവും സങ്കടവും വരാറുണ്ട് ഇങ്ങനെയാ ചില നാട്ടു നടപ്പ്, പുറത്തു നിന്ന് വാങ്ങാന്നു വെച്ചാൽ ഉമ്മാക്ക് പറ്റൂല എല്ലാതും നേരത്തിനു ആയി ഒന്ന് നിവർന്നു നിൽകുമ്പോൾ ആവും കുട്ടികൾ ഓരോന്ന് പറഞ്ഞു വാശി പിടിക്കുക

“എത്ര നേരായി ചോദിക്കുന്നു അവനൊരു ചായ….നിയ്യ്‌ കിനാവ് കാണാണോ അതൊന്നു എടുത്തു കൊടുത്തൂടെ “ഉമ്മ കലിതുള്ളി കൊണ്ട് റൂമിൽ നിന്നും പിന്നാമ്പുറത്തേക്ക് വന്നു…

“മ്മ് രാവിലെ മുതൽ കിനാവിൽ ആയിരുന്നു ഇതു വരെ തീർന്നില്ല കുറച്ചു കൂടി ഉണ്ട് ഉമ്മ ഇത് കഴിഞ്ഞു കൊടുക്കാം എന്നു വെച്ചു..”

“നീ എന്നെ പരഹസിക്കാണോ അതിനൊക്കെ നീ വളർന്നോ. കെട്ടിക്കൊണ്ടരുമ്പൾ എന്ത്പാവം ആയിരുന്നു…

എന്തു പറഞ്ഞാലും മിണ്ടൂല ഇപ്പൊ എന്റെ മോനെയും കയ്യിലെടുത്തു എന്നെ ഭരിക്കുന്നോ അത് നിർത്തിക്കോ അതാ നിനക്ക് നല്ലത്..”

“ഞാനാരെയും ഭരിക്കാൻ വരുന്നില്ല ഉമ്മാ..ചായ ഇപ്പോ കൊടുത്തേക്കാം…

“വേഗം കൊടുക്ക്… അവന്റെ വാപ്പയും ഇങ്ങനെ ആയിരുന്നു.. ബിരിയാണി കഴിച്ചാൽ ഒരു സുലൈമാനി നിർബന്ധ.. അതിനു ഇപ്പോഴത്തെ ചുന്ദരി കോതകൾക്ക് അതൊക്കെ നോക്കാൻ നേരമുണ്ടോ… അവളെ പ്രാകികൊണ്ട് ഉമ്മ അകത്തെക്കു പോയി..

“ഇപ്പൊ വരാട്ടോ വന്നിട്ട് ബാക്കി കിനാവ് കാണാം നമുക്ക്…” തന്റെ കഴുകി തീരാത്ത പാത്രങ്ങളെ നോക്കി കൊണ്ട് നെടുവീർപ്പിട്ടു ..

ഒരു സ്ത്രീയെ മറ്റൊരു സ്ത്രീക്ക് മനസ്സിലാവും എന്നത് വെറുതെയാണ് അത് പോലെ എന്തൊക്കെ ചെയ്താലും മരുമകൾ എന്നും മരുമകൾ തന്നെ മകൾ ആവില്ല , ആ.. സ്വന്തം മകളായി കാണുന്ന അമ്മായി അമ്മയും ഉണ്ട് അതിനും വേണം ഒരു യോഗം അവൾ പിറു പിറുത്ത് കൊണ്ട് നടന്നു..

അവൾ അടുക്കളയിൽ ചെന്ന് വേഗം ചായ ഇട്ടു ഗ്ലാസിൽ ഒഴിച്ച് ഉമ്മറത്തേക്ക് നടന്നു..

“ഇതാ ഇക്ക ചായ…”

“നിയ്യ് എവിടെ ആയിരുന്നു…കഴിഞ്ഞില്ലേ ജോലികൾ രാവിലെ മുതൽ തുടങ്ങിയതെല്ലേ ഈ ഓട്ടം”

“ഞമ്മളൊരു കിനാവ് കാണായിരുന്നു….”

“കിനാവോ… ഈ നേരത്തോ… എന്തായിരുന്നു നിന്റെ കിനാവ്?”

“ഈ നേരത്തെന്തേ കിനാവ് കാണാൻ പറ്റൂലെ..? ഞമ്മള് കരിപിടിച്ച ബിരിയാണി ചെമ്പ് കഴുകുന്നത് കിനാവ് കണ്ടങ്ങിനെ ഇരുന്നു…”

“കഴിഞ്ഞില്ലേ സൈനബ പാത്രം കഴുകല്.. ഞാൻ പറഞ്ഞതല്ലേ പുറത്തു നിന്നും വാങ്ങാമെന്നു.. അപ്പോൾ നീ പറഞ്ഞു ഉമ്മ സമ്മതിക്കില്ലന്നു..”

“ഇല്ല ഇക്ക,കുറച്ചു കൂടി പാത്രങ്ങൾ കഴുകാന്നുണ്ട്… നടു നിവർത്താൻ വയ്യ,, അതൂടെ കഴിഞാൽ ഒന്ന് ഇരിക്കാലോ..”

“അതിനിടയിൽ ഉമ്മാടെ ചീത്തയും കേൾക്കണം അല്ലേ, ഉമ്മ വയസ്സായത് അല്ലേ എന്തെങ്കിലും പറയുമ്പോൾ നിനക്ക് മിണ്ടാതെ ഇരുന്നൂടെ, നീയും കൂടി തിരിച്ചു പറയുമ്പോൾ കൂടത്തൊള്ളൂ..” അയാൾ സ്നേഹത്തോടെ പറഞ്ഞു കൊടുത്തു..

“ഇക്ക ഓരോ അനുഭവങ്ങൾ ആണ് ഓരോ പെണ്ണിനും തിരിച്ചും മറുപടി കൊടുക്കാൻ പ്രാപ്‌തയാകുന്നത് കുറെ ക്ഷമിച്ചിട്ടാണ്, ക്ഷമ നശിച്ചിട്ടാണ് തിരിച്ചും പറയുന്നത് “അതൊക്കെ പോട്ടെ എന്നും ഉള്ളത് അല്ലേ എന്നെങ്കിലും ശരിയാവുമായിരിക്കാം…

ഇക്ക ചായ കുടിക്ക്… ഞാൻ അതും കൂടി വൃത്തിയാക്കട്ടെ മോൻ എണീക്കുന്നതിനു മുന്നേ.. ഉമ്മയെങ്ങാനും വന്നാൽ ഇവടെ നിന്ന് കിന്നരിക്കാന്നു പറയും.”

“എന്നാൽ നടക്കു ഞാനും സഹായിക്കാം ഉമ്മ നിസ്കരിക്കാവും..”

“അയ്യോ വേണ്ടായേ… കണ്ടാൽ അതിനും കൂടി ഞാൻ കേൾക്കേണ്ടി വരും.. ഉമ്മാന്റെ പുന്നാര മോനെക്കൊണ്ട് പാത്രം കഴുകിച്ചുന്നു പറഞ്ഞു ”

ബഷീറിന്റെയും സൈനബയുടെയും സംസാരം കേട്ടു കൊണ്ടാണ് ഉമ്മ കടന്നു വന്നത്..അവരുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു..

“നിനക്ക് ഒക്കെ എന്തു പണിയാ ഇവടെ ഉള്ളത് തിരുമ്പാൻ ആണേൽ ആ കുന്തത്തിൽ ഇട്ടാൽ മതി, വെള്ളം വേണേൽ ആ സ്വിച്ച് ഇട്ടാ മതി, അരക്കാൻ മിക്സി,അരിയും മല്ലിയും മുളകും എല്ലാം പൊടിച്ചു കൊണ്ടരും..

എന്തെങ്കിലും വെച്ചു ഉണ്ടാക്കിയാൽ പോരെ അതിനും വയ്യ… സുഖസൗകര്യങ്ങൾ കൂടിയ കേടാണ് ഇതൊക്കെ കേട്ട് പിന്നാലെ കൂടാൻ എന്റെ മകനും നാണം ഉണ്ടോടാ നിനക്ക്…”

സൈനബ വിഷമത്തോടെ ഭർത്താവിനെ നോക്കി..

“എടീ സൈനബേ നിനക്കറിയോ…എന്നെ ഒക്കെ കെട്ടിക്കൊണ്ടരുമ്പോൾ ഈ വീട്ടിൽ എന്തെല്ലാം ചെയ്യണം..വെള്ളം തലയിൽ ഏറ്റി ദൂരെ നിന്നും കൊണ്ട് വരണം, പൊടിക്കുന്ന സാധനങ്ങൾ എല്ലാം ഉരലിൽ പൊടിക്കണം,

തിരുമ്പാനും കുളിക്കാനും കുളത്തിലോ പുഴയിലോ പോവണം ഇതിനിടയിൽ വെച്ചുണ്ടാക്കണം കുട്ടികളെ നോക്കണം എന്നിട്ടും ഞങ്ങൾക്ക് പരാതിയോ പരിഭവം പറച്ചലോ ഇല്ല…

എല്ലാം ഞങ്ങടെ കടമ ആയി ചെയ്തിരുന്നു നിനക്ക് ഒക്കെ അഹങ്കാരം ആണ്..ഉള്ള സമയം മുഴുവൻ ഫോണിൽ തോണ്ടി ഇരിക്കും…”

“ഉമ്മ ഒന്ന് മിണ്ടാതിരിക്കുമോ കേട്ട് കേട്ട് മടുത്തു.. ഇതു ഇവിടെ സ്ഥിരം പല്ലവിയല്ലേ, അന്നത്തെ കാലത്ത് എല്ലാവരും അങ്ങനെ ഒക്കെ തന്നെയാ ജീവിച്ചിട്ട് ഉണ്ടാവുക… അല്ല പിന്നെ ”

“എന്താ ഇവടൊരു ബഹളം”…അവരുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട് ജാനുമ്മ വീട്ടിലേക്കു കയറി വന്നു…ഉമ്മയുടെ അടുത്ത ചങ്ങാതിയാണ്… കണ്ടപ്പോൾ തന്നെ ഉമ്മയുടെ മുഖത്ത് 100വാട്ടിന്റെ ബൾബ് പ്രകാശിച്ചു…

“ആരിത് ജാനകിയോ നീ എന്നാ വന്നത് മകളുടെ വീട്ടിൽ നിന്നും”

“ഞാൻ രാവിലെ എത്തിയെടി, വീട് അടച്ചിട്ട കാരണം ആകെ വൃത്തികേടായിരുന്നു എല്ലാം തുടച്ചു വൃത്തിയാക്കി…”

“നീ വല്ലതും കഴിച്ചോ ‘ഇന്ന് ഇവടെ വിരുന്ന് ആയിരുന്നു..നീ ഇരിക്ക് ഞാൻ കഴിക്കാൻ ബിരിയാണി എടുക്കാം…”

“സൈനബ നീ ജാനുവല്യമ്മക്ക് കഴിക്കാൻ എടുക്ക്…ബഷീർ സൈനബയോട് പറഞ്ഞു…

“അകത്തേക്കിരിക്കാം ജാനുമ്മേ സൈനബ ജാനുഅമ്മയെ അകത്തേക്ക് ക്ഷണിച്ചു…

“രണ്ടുപേരെയും കെട്ടിക്കൊണ്ട് വന്നത് മുതൽ ഉള്ള ബന്ധം ആണ് ഞങ്ങളുടെ.. കാണാതെയും മിണ്ടാതെയും ഉള്ള ഒരു ദിവസം പോലും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല മക്കളെ …”

ഇപ്പൊ വയസ്സായപ്പോൾ എനിക്ക് കൂട്ടിനു ആരുമില്ലാതായി.. ജാനുമ്മ വിഷമത്തോടെ പറഞ്ഞു..

നിങ്ങൾ സംസാരിക്കു… പഴയ കൂട്ടുകാർ അല്ലേ..ജാനുമ്മക്ക് അറിയോ അമ്മ പോയത് മുതൽ ഉമ്മാക്ക് ഭയങ്കര ദേഷ്യമാണ്…ഞങ്ങളെയൊക്കെ വെറുതെ ഓരോന്ന് പറഞ്ഞു ചൂട് പിടിപ്പിക്കും എന്നേം സൈനബയെയും കുറ്റം പറഞ്ഞും, വഴക്കിട്ടും നടക്കും… ”

“ആണോടി മോൻ പറയുന്നത് ശെരിയാണോ നീ അമ്മായിഅമ്മ പോരോക്കെ തുടങ്ങിയോ… നിനക്ക് അതിനൊക്കെ കഴിയോടി ഞാൻ ഇവടെ ഉള്ളപ്പോൾ ഇങ്ങനൊന്നും അല്ലല്ലോ ഇപ്പൊ എന്താ പുതിയ ശീലം..

അതിന്റെ കലാപരിപാടി ആണോ ഞാൻ വന്നുകയറിയപ്പോൾ കണ്ടത്..എന്താ ആയിഷു നീ ഇങ്ങനെ….നിന്റെ പെൺകുട്ടികളും വേറെ ഒരു ഉമ്മാടെ അടുത്തല്ലേ ഉള്ളത്…

നീയതു മറക്കരുത് അവിടെത്തെ ഉമ്മ അവരെ ബുദ്ധിമുട്ടിച്ചാൽ നിനക്ക് സഹിക്കുമോടി അതെ പോലെ അല്ലേ നമ്മടെ സൈനബയും അവൾ നിന്നെ നല്ല പോലെ നോക്കുന്നില്ലേ നിനക്ക് മിണ്ടാതെ ഇവിടെ ഇരുന്നൂടെ സന്തോഷത്തോടെ, എന്തിനാ വെറുതെ അവരുടെ സന്തോഷം നീ കാരണം കളയുന്നത്…”

“അത്‌ ഓരോന്ന് കാണുമ്പോൾ എനിക്ക് പിടിക്കില്ലെടി.. നമ്മളൊക്കെ എത്ര കഷ്ടപ്പെട്ടതാ.. ഇവർക്കത്തിന്റെ വല്ല ആവശ്യവുമുണ്ടോ..”

“ആയിഷു ഇങ്ങനെ ഒരു മോനും മരുമോളും എനിക്കു ഉണ്ടേൽ ഞാൻ മാറി മാറി എന്റെ പെൺമക്കളുടെ വീട്ടിൽ നിൽക്കേണ്ടി വരുന്ന അവസ്ഥ വരുമായിരുന്നോ…നമ്മടെ വീടും നാടും വിട്ട് എവിടെ പോയാലും മനസ്സ് ഇവടൊക്കെ തന്നെ കാണും…

നമ്മുടെ വീട്ടിൽ നിൽക്കുന്ന സുഖം എവിടെ പോയാലും കിട്ടൂല മക്കളെ എന്നു പറഞ്ഞു ഒരുപാട് നിർബന്ധിക്കുമ്പോഴാണ് മക്കൾ എന്നെ ഇങ്ങോട്ട് വിടുന്നത് തന്നെ..

ഇവിടം വിട്ടു പോവാൻ എനിക്ക് തീരെ ഇഷ്ടം ഇല്ലടി എനിക്കും ഇതു പോലെ ഒരു മോൻ ഉണ്ടേൽ എത്ര നന്നായേനെ ഈ വയസ്സാം കാലത്തു അവിടേം ഇവടേം പോവാതെ എന്റെ വീട്ടിൽ തന്നെ കഴിയായിരുന്നു…

എന്താ ചെയ്യാ മക്കൾ ഇല്ലാത്തവരും ഉണ്ടല്ലോ ഭൂമിയിൽ , ഞാൻ അന്നേരം അവരെ പറ്റി ചിന്തിക്കും,പിന്നെ എല്ലാവരും ഉണ്ടായിട്ടും മാതാപിതാക്കളെ നോക്കാതെ നടക്കുന്നവരും ഇല്ലെ നമുക്ക് ചുറ്റും…

അതൊക്കെ ആലോചിക്കുമ്പോഴും നമ്മളൊക്കെ എത്രയോ ഭാഗ്യം ചെയ്തവരാ, പിന്നെ നമ്മൾ ജീവിച്ച കാലത്തല്ല അവരൊന്നും ജീവിക്കുന്നത്…

അവർക്കതൊന്നും അറിയില്ലല്ലോ.. എല്ലാറ്റിനും മാറ്റം വന്നില്ലേ, നമ്മളും മാറണം കാലത്തിനനുസരിച്ചു നീ നിന്റെ അമ്മായിഅമ്മ റോൾ മാറ്റി അമ്മ റോൾ എടുത്താൽ മതി കേട്യോടി…”

“അങ്ങനെ കൂടുതൽ ഒന്നും ഇല്ലടി പറ്റാത്തത് കണ്ടാൽ അപ്പൊ പറയും അത് ഉച്ചത്തിൽ ആവും എന്നു മാത്രം ഇനി ശ്രദ്ധിച്ചോളാം…

ഇയ്യ്‌ പറയുന്നതൊക്കെ ശെരിയാടി അവളും മക്കളും അവളുടെ വീട്ടിൽ പോയാൽ എനിക്ക് ഇവടെ ഒറ്റപ്പെടൽ ആണ്,അവൾ ഉള്ളത് കൊണ്ട് എനിക്ക് ഒന്നും അറിയേണ്ട ”

ഉമ്മ ജാനുമ്മയെ കൂട്ടി അകത്തേക്ക് വരൂ..കഴിച്ചിട്ട് സംസാരിക്കാം.. ഞാൻ വിളമ്പി വച്ചിരിക്കണു.. ഇനി, എന്തായാലും കുറച്ചു ദിവസം ഇവടെ ഉണ്ടാവൂലെ…

ഇനി എത്ര ദിവസം ഉണ്ടാവുംന്ന് അറിയില്ല.. താഴെയുള്ളവളുടെ പേറു കഴിഞ്ഞു ദുബായ്ക്ക് പോയാ ചിലപ്പോൾ എന്നെ കൂടി കൊണ്ടുപോകുംന്ന് പറയുന്നുണ്ട്..

“അപ്പൊ ജാനമ്മക്ക് ദുബായൊക്കെ കാണാലോ…”

“എന്ത് ദുബായിമോളെ.. മക്കളുടെ അച്ഛൻ ഉറങ്ങുന്ന ഈ മണ്ണിൽ തന്നെ കിടന്നു മരിച്ചാൽ മതി എന്നാ ആഗ്രഹം…” ജാനമ്മയുടെ കണ്ണുകൾ നിറഞ്ഞു..

“വിഷമിക്കാതെ അമ്മേ ഇത് കഴിക്ക്… “സൈനബ പാത്രത്തിലേക്കു കൊതിയൂറുന്ന ബിരിയാണി വിളമ്പി..

“ഈ ബിരിയാണിടെ മണം തന്നെ കൊള്ളാം.. ഇത് മോളുണ്ടാക്കിത?”

“അതേ.. അമ്മേ കഴിച്ചു നോക്കു.. നന്നായിട്ടുണ്ടോന്നു..”

ഒരുപിടി വാരി വായിലേക്കിട്ട് കടിച്ചു ഇറക്കുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ കണ്ടു ആശുമ്മ നിർവൃതി കൊണ്ടു..

“കൊള്ളാമല്ലോ ഐഷു.. നിന്റെ മരുമോള് നിന്റെ കൈപ്പുണ്യം അവൾക്കും കിട്ടിയിട്ടുണ്ട്…”

“ഈ വീട്ടിൽ വന്ന് കയറിയപ്പോൾ എനിക്ക് ഇതൊന്നും വച്ചുണ്ടാക്കാൻ അറിയില്ലായിരുന്നു.. ബഷീർക്കയുടെ ഉമ്മയാ എന്നെ എല്ലാം ഉണ്ടാക്കാൻ പഠിപ്പിച്ചേ..”

“എന്തു രുചിയാ എല്ലാറ്റിനും എന്തായാലും നീ ഭാഗ്യവതിയ.. ഇത്ര നന്നായി വച്ചു വിളമ്പാൻ നല്ല മനസ്സുള്ള പെണ്ണിനെ പറ്റു.. അല്ലാത്തവർ വച്ചു വിളമ്പിയാൽ തൊണ്ടയിൽ നിന്ന് താഴെക്കിറങ്ങില്ല..

നിന്റെ മോനും നിനക്കും ഇത്ര അച്ചടക്കവും മനശുദ്ധിയും ഉള്ള പെണ്ണിനെ കിട്ടിയില്ലേ .. ഇന്നത്തെക്കാലത്തു അതൊരു മഹാഭാഗ്യ.. അതുകൊണ്ട് അമ്മായിഅമ്മ പോരോക്കെ നിറുത്തി രണ്ടാളും കൂട്ടാവാൻ നോക്ക്..

“അതിനെനിക്ക് ഇവളോടെ പിണക്കമൊന്നുമില്ല ജാനു.. എനിക്ക് എന്റെ മക്കളെക്കാൾ ഇഷ്ടാണ് ഇവളെ.. നാളെ ഒരൂ ദിവസം ഞാൻ കിടന്നു പോയാലും എന്നെ നല്ലവണ്ണം തന്നെ നോക്കുമെന്നും എനിക്കറിയാം..”

“ഇത്രയ്ക്ക് സ്നേഹം ഉള്ളിൽ വച്ചിട്ടാണോ നീ ഇങ്ങനെ യൊക്കെ കാണിക്കുന്നേ.. അന്യവീട്ടിൽ നിന്നും വന്നു കയറിയ പെണ്ണല്ലെ.. അവളെ മകളെ പോലെ അല്ല മകളായി തന്നെ കരുതി സ്നേഹിക്കണം..എന്റെ തലയിൽ തൊട്ട് സത്യം ചെയ്യ്..”

“നീയാണേ സത്യം ജാനു.. സൈനബ എന്റെ മരുമോളല്ല മകള് തന്നെയാ..” ആശുമ്മ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ടു പറഞ്ഞു..

“കണ്ടോ സൈനബ.. എന്റെ ആശുമ്മക്ക് നിന്നോടുള്ള ഇഷ്ടം.. ഇനി എന്റെ മോളു വിഷമിക്കണ്ടാട്ടോ.. സന്തോഷം ആയില്ലേ..”

“സന്തോഷം ആയി.. ജാനുമ്മ..ഒത്തിരി സന്തോഷായി സൈനബയുടെ കണ്ണുകളും നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.. സന്തോഷത്തിന്റെ കണ്ണുനീർ..”

Leave a Reply

Your email address will not be published. Required fields are marked *