നിങ്ങളെന്താ ഇങ്ങനെ നോക്കുന്നെ, എനിക്ക് നാണമാകുന്നെണ്ടട്ടോ എന്ന..

മസാല ദോശ
(രചന: രാജീവ്‌ രാധാകൃഷ്ണ പണിക്കർ)

“മസാല ദോശ തിന്നണം”

മെട്രോ നഗരത്തിലെ വാരാന്ത്യ തിരക്കിലൂടെ ഒരു സർക്കസുകാരനെ പോലെ വണ്ടിയോടിച്ച് ജങ്ഷനിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞപ്പോഴാണ് പ്രിയതമ ആ ആഗ്രഹം പറഞ്ഞത്.

തെറ്റിദ്ധരിക്കേണ്ട. വെറുമൊരാഗ്രഹം മാത്രം. മസാല ദോശ എന്നു കേട്ടപ്പോൾ മറ്റൊന്നും ചിന്തിച്ചു തല പുണ്ണാക്കേണ്ട.

നോയമ്പ് കാലമായതിനാൽ ആഗ്രഹങ്ങൾ ബിരിയാണിയിലേക്കും അൽഫാമിലേക്കുമൊന്നും പോയില്ല എന്നേയുള്ളു.

ഈയിടെയായി ശനിയാഴ്ച വൈകുന്നേരങ്ങളിൽ പ്രിയതമയുമായി ഒരു പുറം യാത്രയും ചായ കുടിയുമൊക്കെ പതിവാണ്.

യാത്ര ഏതെങ്കിലും അമ്പലങ്ങളിലേക്കോ മാളുകളിലേക്കോ, ബന്ധു ഗൃഹങ്ങളിലേക്കോ എങ്ങോട്ടു വേണമെങ്കിലും ആകാം.

അല്പം റിലാക്സേഷൻ . അത്രയുമെ ഉദ്ദേശമുള്ളു. പോകുന്ന വഴി ഒരു വെജിറ്റേറിയൻ ഹോട്ടൽ ഉണ്ട്. പേര് കേട്ട ടീമിന്റെയാണ്.

എന്നാൽ പിന്നെ അവിടം സന്ദർശിക്കുക തന്നെ. പാർക്കിങ്ങിൽ വണ്ടിയൊതുക്കി തൊഴുതു നിന്ന കവൽക്കാരന് ഫ്രീ ആയി ഒരു പുഞ്ചിരിയും നൽകി അകത്തേക്ക് കടന്നു.

ഹോട്ടലിൽ തിരക്ക് നന്നേ കുറവാണ്. ഇഷ്ടപ്പെട്ട ഒരു സീറ്റ് തിരഞ്ഞെടുത്ത് ഉപവിഷ്‌ഠരായപ്പോഴേക്കും ആവശ്യത്തിൽ കവിഞ്ഞ ഭയഭക്തി ബഹുമാനങ്ങളോടെ വെയ്റ്റർ ഓർഡർ എടുക്കാൻ എത്തി.

“രണ്ടു മസാല”

മനസ്സിൽ മെനു ഉണ്ടായിരുന്നതിനാൽ ശങ്കിക്കേണ്ടി വന്നില്ല.

“സാദാ മസാല, പനീർ മസാല, മഷ്റൂം മസാല ഏതു വേണം സർ’

ആകെയൊരു കൺഫ്യുഷൻ.

മസാല ദോശ എന്നു പറഞ്ഞപ്പോൾ ഉരുളക്കിഴങ്ങും സവാളയുമാണ് ഉദ്ദേശിച്ചത്. മസാലായിൽ ബീറ്റ്റൂട്ട് ഉണ്ടാവുമോ എന്നു മാത്രമേ സംശയിച്ചിരുന്നുള്ളൂ. ഇതിപ്പോ എന്താ പറയാ.

ഓർഡിനറി ആദ്യമേ ഉപേക്ഷിച്ചു.

പിന്നെ വടംവലി പനീറും മഷ്റൂമും തമ്മിലായി. മഷ്റൂം കഴിക്കാൻ ചെറിയൊരു മടി.. ഒടുവിൽ പനീർ മസാല ഓർഡർ ചെയ്തു.

ഡൈനിങ്ങ് ടേബിളിലിരുന്ന ജഗ്ഗിൽ നിന്നും ഗ്ലാസ്സിലേക്കു പകർന്ന ചൂടുവെള്ളം അല്പാല്പമായി മൊത്തിക്കൊണ്ട് പ്രിയതമയുടെ ഇളം നീല മിഴികളിലേക്ക് നോക്കിയിരുന്നു.

നിങ്ങളെന്താ ഇങ്ങനെ നോക്കുന്നെ. എനിക്ക് നാണമാകുന്നെണ്ടട്ടോ എന്ന വിധത്തിലുള്ള അവളുടെ മറു നോട്ടം ആസ്വദിച്ചിരിക്കുമ്പോൾ പ്രായം പത്തിരുപത് കൊല്ലം പിന്നോട്ട് സഞ്ചരിക്കുന്നത് പോലെ തോന്നി.

വെയ്റ്റർ കൊണ്ടുവന്നു വച്ച മസാല ദോശയുടെ നെയ്മയമുള്ള സുഗന്ധമാണ് വർത്തമാനകാലത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

പാത്രം കവിഞ്ഞ് പുറത്തോട്ടു നിൽക്കുന്ന നല്ല ഉശിരൻ ദോശ നല്ല സൊയമ്പൻ സാമ്പാർ, തേങ്ങാ ചട്ണി, മുളക് ചട്ണി ഇത്യാദി അനുസാരികളിൽ മുക്കി വായിലിട്ട് മെല്ലെ ചവച്ചിറക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു നിർവൃതി തോന്നി.

കൂട്ടിന് കിട്ടിയ നല്ല മൊരിഞ്ഞ ഉഴുന്നു വടയും ഉപേക്ഷിക്കാൻ തോന്നിയില്ല.

വറുത്ത കാപ്പിക്കുരുവിന്റെ സുഗന്ധം പരത്തുന്ന കോഫിയും കുടിച്ചു കൈ കഴുകാൻ എണീക്കുമ്പോൾ മനസിൽ സംതൃപ്തി തിരതളളി.

സത്പുത്രനു വേണ്ടി ഒരെണ്ണം പൊതിഞ്ഞു വാങ്ങാനും മറന്നില്ല.

വെയ്റ്റർ കൊണ്ടുവന്നു വച്ച അത്രയൊന്നും ചെറുതല്ലാത്ത ബില്ല് പേ ചെയ്യാനായി കാർഡ് എടുക്കുന്നത് കണ്ടപ്പോൾ അയാളുടെ മുഖമൊന്നു വാടി.

ടിപ്പ് കിട്ടുകയില്ലല്ലോ എന്നു കരുതിയാവണം.

അയാളെ അശ്വസിപ്പിക്കാനായി ഇരുപതു രൂപ നോട്ട് ആദ്യമേ നൽകി കൗണ്ടറിലേക്കു നടന്നു. രണ്ടു ഡെബിറ്റ് കാർഡുകളും ഒരു ക്രെഡിറ്റ് കാർഡുമടക്കം കയ്യിൽ കാർഡുകൾ മൂന്നാണ്.

ഗൂഗിൾ പെ, ഫോൺ പെ പോലുള്ള അഭിനവന്മാർ വേറെയും. അതുകൊണ്ട് കയ്യിൽ പൈസ കരുതാറില്ല.

സ്വൈപ്പിംഗ് മഷിനിൽ കാർഡുകൾ മൂന്നും മാറിമാറി പരീക്ഷിച്ചിട്ടും ഒന്നും അങ്ങട് ശരിയാവുന്നില്ല. നെറ്റ് വർക്ക് പ്രോബ്ലെം.

കാഷ്യറുടെ മുഖഭാവം മാറിയോ എന്നൊരു സംശയം. എന്നാൽ പിന്നെ ഗൂഗിൾ പേ ചെയ്യാമെന്നായി.

പേ ചെയ്യാനായി ഫോൺ എടുത്തപ്പോൾ പേ പിടിച്ചത് പോലായി. ഫോൺ ചാർജ് തീർന്ന് സ്വിച്ച്ഓഫ്. തന്റെ നല്ല പാതിയിലുള്ള പരിപൂർണ്ണ വിശ്വാസത്താൽ പ്രിയതമ ഫോൺ എടുത്തിട്ടുമില്ല.

ചതിച്ചല്ലോ കാരണവന്മാരെ.

കയ്യിലാണെങ്കിൽ ആകെയുള്ളത് അൻപതു രൂപ മാത്രം. ആരെയെങ്കിലും വിളിക്കാമെന്നു വച്ചാൽ ഫോണിൽ ചാർജില്ല. നമ്പർ അരുടേയും കാണാതെ അറിയുകയുമില്ല.

കടം പറഞ്ഞു പോരാൻ അമ്മായിയപ്പന്റെ കടയൊന്നുമല്ലല്ലോ. എന്തു വഴി…

പരിചയമുള്ള ഒറ്റ ഒരെണ്ണത്തിനെ പോലും കാണാനില്ല. നാളത്തെ ദോശക്ക് കുത്തിയിരുന്ന് അരിയാട്ടി കൊടുക്കേണ്ടിവരുന്ന രംഗം ഭാവനയിൽ കണ്ടു.

ശരീരമാകെ ഒരു വിറയൽ വ്യാപിച്ചു. അവിടെ നിന്നും രക്ഷപ്പെടാൻ തന്ത്രങ്ങൾ ആലോചിച്ചു നിന്നു.

“സുകുമാരൻ നായർ മാഷല്ലേ. എന്താ മാഷേ പരിഭ്രമിച്ചു നിൽക്കുന്നത്”

ചുട്ടുപൊള്ളുന്ന വേനലിൽ ഒരു മഴ പോലെ ആ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

ഒരു ദൈവ ദൂതയെ പോലെ സമീപത്തേക്ക് നടന്നു വന്ന സ്ത്രീ രത്നത്തെ ഞാൻ ആകാംഷയോടെ നോക്കി. പെട്ടെന്ന് മനസ്സിലായില്ല.
എന്നാലും വിശാലമായ ചിരിയൊരെണ്ണം മടക്കി കൊടുത്തു കൊണ്ട് പറഞ്ഞു

“അതേ സുകുമാരൻ നായരാണ്”

“മാഷേ ഞാൻ മല്ലിക. മാഷിന്റെ ആരാധികയാണ്” ഒരു ചിരിയോടെ അവർ പറഞ്ഞു.

ഒരു നിമിഷം ഞാൻ ഓർമയിൽ പരതി. എന്റെ കഥകൾക്കെല്ലാം ലൈകും കമന്റുമൊക്കെ ഇടുന്ന മല്ലിക എന്ന പേര് മനസ്സിൽ വന്നു. പക്ഷെ രൂപം ഇതല്ലല്ലോ.

ഞാൻ സംശയത്തോടെ സൂക്ഷിച്ചു നോക്കി.

“മാഷേ ഞാൻ മുഖപുസ്തകത്തിൽ കോളേജ് കാലത്തെ ഫോട്ടോയാ ഇട്ടിരിക്കുന്നത്. പത്തു കൊല്ലം മുൻപുള്ളത്. അതാ മാഷിനെന്നെ തിരിച്ചറിയാത്തത്”

അവർ നയം വ്യക്തമാക്കി.

ഇതെന്റെ ഭർത്താവ്. ഉത്പലാക്ഷൻ.

പുറകെ വിശാലമായ ചിരിയോടെ നിന്ന കെട്ടിയോൻ ബഹുമാനപുരസ്സരം തലയാട്ടി. എന്നെ സംബന്ധിച്ചിടത്തോളം മുങ്ങിച്ചാകാൻ പോകുന്നവന് കച്ചിതുരുമ്പു കിട്ടിയ സന്തോഷം.

ഞാൻ മല്ലികയോടും കെട്ടിയോനോടും കാര്യങ്ങൾ വിവരിച്ചു.

“ഇത്രേയുള്ളോ കാര്യം മാഷ് പൊയ്ക്കോളൂ. പൈസ ഞാനടക്കാം. പിന്നെ കഥകളൊക്കെ രസകരമാണെട്ടോ”

ചിരിച്ചുകൊണ്ട് മല്ലികയുടെ കെട്ടിയോൻ പൈസ കൊടുക്കാനായി കൗണ്ടറിലേക്കു നടക്കുമ്പോൾ പ്രിയതമയും മല്ലികയും നർമ്മസല്ലാപത്തിൽ ആയിരുന്നു.

മല്ലികക്കും ഉൽപ്പുവിനും നൂറുനൂറു നന്ദികളും പറഞ്ഞു വീട്ടിലേക്കു തിരിക്കുമ്പോൾ പ്രിയതമ ചെറു പുഞ്ചിരിയോടെ പറഞ്ഞു

“നിങ്ങൾ കഥകൾ എഴുതുന്നത് കൊണ്ട് എന്തെങ്കിലുമൊക്കെ ഉപകാരങ്ങൾ ഉണ്ടല്ലേ”

Leave a Reply

Your email address will not be published. Required fields are marked *