പക്ഷെ ഒരാൾ ജോലിക്ക് പോയാൽ മതിയെന്നും കുടുംബം നോക്കി താൻ വീട്ടിലിരുന്നാൽ..

വെള്ളെഴുത്ത് കണ്ണടയും ചില ചിന്തകളും
(രചന: Sharifa Vellana Valappil)

കണ്ണടയൊന്നു മാറ്റണമെന്ന് അവൾക്കു തോന്നിത്തുടങ്ങിയിട്ട് കുറച്ച് കാലമായി .ഗ്ലാസ്സിന് മുകളിൽ വരയും മങ്ങലും കൊണ്ട് വായിക്കാൻ തെളിച്ചക്കുറവുണ്ട് .

“എൻറെ കണ്ണടയൊന്ന് മാറ്റി വാങ്ങണം”.

ഭർത്താവിന് മുന്നിൽ അവൾ ആവശ്യമുന്നയിച്ചു

“ഈ അടുക്കളയുടെ നാലു ചുവരുകൾ നിനക്ക് തപ്പിയാൽ മനസ്സിലാവില്ലേ, ഇത്രയും കൊല്ലമായില്ലേ” ?

എന്നയാൾ ചോദിച്ചെങ്കിലും അവളുടെ മുഖഭാവം കണ്ടപ്പോൾ അയാൾക്ക്‌ പന്തിയല്ലെന്ന് ബോധ്യപ്പെട്ടു .

“ഇന്ന് തന്നെ വാങ്ങിക്കളയാം” എന്ന മറുപടി അയാളിൽ നിന്ന് കിട്ടി .അപ്പോൾത്തന്നെ രണ്ടാളും കൂടി അങ്ങാടിയിലേക്ക് പുറപ്പെട്ടു .

കണ്ണടയുടെ ശീട്ട് നോക്കിയ സെയിൽസ്മാൻ കാഴ്ച നോക്കുന്ന ടെക്‌നീഷ്യന്റെ സേവനം പിറ്റേന്നേ ഇനിയുള്ളൂ എന്ന് പറഞ്ഞു . അത്‌ കേട്ടപ്പോൾ തിരിച്ചു പോരാനൊരുമ്പെടുകയായിരുന്നു അവൾ . .

അപ്പോഴാണ് അയാൾ പറഞ്ഞത് ,” നാളെ എനിക്ക് ഒഴിവ് കിട്ടില്ല .ഒരു കാര്യം ചെയ്തോളൂ .ഫ്രെയിം ഇന്ന് നോക്കി ഉറപ്പിച്ചു വെച്ചോളൂ .നാളെ നീയൊറ്റക്ക് വന്ന് കണ്ണ് ടെസ്റ്റ്‌ ചെയ്താൽ മതിയല്ലോ “.

അവൾ ഫ്രെയിം നോക്കാൻ തുടങ്ങി. ഒടുവിൽ ഒന്നെടുത്തു .മുഖത്ത് വെച്ച് തനിക്ക് ചേര്ന്നുണ്ടെന്നുറപ്പ് വരുത്തി അയാളുടെ അഭിപ്രായം ആരാഞ്ഞു.

“കൊള്ളാം ,എന്ത് വില വരും “?അയാൾ സെയിൽസ് മാനെ നോക്കി .
രണ്ടായിരത്തിനടുത്ത് വില കേട്ട അയാൾ അവളോട്‌ ” കുറച്ച് വലുപ്പം കൂടുതലല്ലേ”?

“ആണോ ? എങ്കിൽ വേറെ നോക്കാം. ഇത്ര വിലയുള്ളത് വേണ്ട .എനിക്ക് വായിക്കുമ്പോൾ മാത്രം വെയ്ക്കാനുള്ളതല്ലേ “? എന്ന് അവളും പറഞ്ഞു .

പിന്നെ സെയിൽസ് മാൻ കാണിച്ച വേറൊന്നും അവൾക്കിഷ്ട്ടപ്പെട്ടു .

“ഇതിനെന്തു വിലയുണ്ട് “?

“ആയിരത്തറുനൂറ് രൂപ “.

“ഇതിലും വിലകുറവുള്ളത് എടുക്കൂ . ഡിസ്‌കൗണ്ട് ഉണ്ടോ ഇവിടെ? ഇവൾ വീട്ടിൽ മാത്രമേ കണ്ണട ഉപയോഗിക്കുന്നുള്ളൂ, എന്തിനാ വെറുതെ … “.

വീണ്ടും അയാൾ .

സെയിൽസ് മാൻ അവളുടെ മുഖത്തേക്കൊന്നു നോക്കി. അവൾക്കാകെ ചൂളിചെറുതായ പോലെ തോന്നി .’ഫോർ കോൺസ്റ്റന്റ് യൂസ്’ എന്ന് ശീട്ടിൽ എഴുതിയത് തന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ .

“നമുക്ക് പോവാം”.അവൾ പറഞ്ഞു .

“അപ്പോൾ കണ്ണട “? അയാൾ ചോദിച്ചു .

“അത്‌ പിന്നീട് ടെക്‌നിഷ്യൻ വന്നിട്ട് ഒന്നിച്ചാകാം “.

അവളുടെ സ്വഭാവം നന്നായി അറിയുന്നത് കൊണ്ട് മുഖഭാവം കണ്ടയാൾ ഊറിച്ചിരിച്ചു പലതും ചോദിച്ചു കൊണ്ടിരുന്നു. അതിനൊക്കെ മുക്കിയും മൂളിയും ഉത്തരങ്ങൾ പറഞ്ഞെങ്കിലും അവൾ പലതും ചിന്തിച്ച് കൂട്ടുകയായിരുന്നു .

വഴിയുടനീളം കൂട്ടിയും കിഴിച്ചും കൊണ്ടിരുന്നു .അയാൾക്കിപ്പോ തന്നോട് പഴയ സ്നേഹമില്ലേ ? ഇല്ലെങ്കിൽ പിന്നെ എല്ലാ വാരാന്ത്യങ്ങളിലും എന്തിനു പുറത്ത് കൊണ്ട് പോകുന്നു ?

കടപ്പുറത്തു തട്ടുകടക്കാർ മുറിച്ച് വെച്ച പഴവർഗങ്ങൾ അച്ചാർ തേച്ചു മത്സരിച്ചു തിന്നതും വഴിയോരത്തെ പാട്ടുകാരുടെ പാട്ടുകൾ കേൾക്കുമ്പോൾ ആൾത്തിരക്കിൽ രണ്ടു കൈകൾ കൊണ്ടും കവചം തീർത്തതും ഇന്നലെ ആയിരുന്നല്ലോ. അതെന്തായിരുന്നു ?.

വീണ്ടും ഇതിലും വിലക്കുറവുള്ളതുണ്ടോ എന്ന ചോദ്യം മുഴങ്ങുന്നു .ഒരു ഭാര്യയ്ക്കല്ലേ വാങ്ങുന്നത് ?

അങ്ങനെ ആവർത്തിച്ച് ചോദിക്കുന്നത് കേട്ട സെയിൽസ്മാൻ എന്ത് ധരിച്ചിട്ടുണ്ടാവും ?ആത്മാഭിമാനത്തിനു ക്ഷതമേറ്റിരിക്കുന്നു .

കല്യാണം കഴിഞ്ഞ സമയം , തൻറെ ഡിഗ്രി കൊണ്ട് ജോലി കിട്ടാൻ എളുപ്പമായിരുന്നു .

പക്ഷെ , ഒരാൾ ജോലിക്ക് പോയാൽ മതിയെന്നും കുടുംബം നോക്കി താൻ വീട്ടിലിരുന്നാൽ മതിയെന്നും

തൻറെ എല്ലാ കാര്യങ്ങളും അയാൾ നോക്കുമെന്നും വിശ്വസിച്ചു ജോലിക്ക് ശ്രമിച്ചില്ല കൂടെപ്പഠിച്ചവർ പലപ്പോഴായി ജോലിയ്ക്ക് കയറിയപ്പോൾ തന്നെയും നിര്ബന്ധിച്ചിരുന്നു .

എന്നാൽ പിന്നീട് ഡിഗ്രി ഗെറ്റ് ടുഗെതറുകളിൽ ,കൂടെയുള്ളവർ തങ്ങളുടെ ജോലിയും പരക്കം പാച്ചിലും പരാതി പറഞ്ഞു നീയാണ് ഭാഗ്യവതി എന്ന് പറഞ്ഞപ്പോൾ താനും സന്തോഷിച്ചു .

ജോലിക്ക് വിടാത്തതിന് സ്നേഹം കൊണ്ടുള്ള പൊസ്സസ്സീവ്നെസ്സ് എന്ന് അയാൾ പേരുമിട്ടു .

അന്ന് ജോലിക്ക് മിനക്കെടാഞ്ഞത് തെറ്റായ തീരുമാനമായിരുന്നെന്ന് തോന്നുന്നല്ലോ .പക്ഷെ ഇന്ന് വരെ താൻ ഇങ്ങനെ ചിന്തിച്ചിരുന്നില്ലല്ലോ അവൾക്ക് ആകെ തല പെരുത്തു .

“വീടെത്തിയല്ലോ ,എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുള്ളത് മുഴുവൻ കേൾക്കണം .എന്നിട്ട് മറുപടി തരണം “. അവൾ പറഞ്ഞു .

“ആയിക്കോട്ടെ ,ഈ സോഫയിൽ വന്നിരിക്കൂ “. തികട്ടി വന്ന ചിരി അയാൾ ഉള്ളിലൊതുക്കിപ്പറഞ്ഞു .

” നിങ്ങൾ ആ സെയിൽസ്മാനോട് പറഞ്ഞത് കേട്ടപ്പോൾ ഭാര്യ എന്ന നിലയിലുള്ള എൻറെ വിലയാണ് പോയത് .

ഞാനൊരിക്കലും ഒരാർഭാടങ്ങൾക്കു പിന്നാലെയും പോവാറില്ലെന്നു നിങ്ങൾക്ക് തന്നെയറിയാം . നിങ്ങളിങ്ങനെ പറയുമെന്ന് ഞാനൊരിക്കലും കരുതിയില്ല .

നമ്മൾ രണ്ടുപേരും ഒരുമിച്ചാണ് മുമ്പ് കണ്ണട വാങ്ങിയത് .നിങ്ങളുടേത് പൊട്ടി വേറെ വാങ്ങിയത് കളഞ്ഞും പോയി .ഇതിപ്പോൾ മൂന്നാമത്തെ കണ്ണടയാണ് .അതിലൊന്നും എനിക്ക് പരാതിയില്ല .

ഇന്നലെ കിലോയ്ക്ക് 400 വെച്ച് പുഴമീൻ വാങ്ങി കറിവെപ്പിച്ചും പൊരിച്ചും ഒറ്റ നേരം കൊണ്ട് നിങ്ങൾ തിന്നു തീർത്തു . ഒരു കണ്ണട വാങ്ങിയാൽ അത്‌ ഒരു വർഷത്തേക്കുള്ളതാണ് ,കണ്ണിൻറെ കാര്യത്തിനാണ് എന്ന് നിങ്ങൾ ഓർത്തില്ല .

അത്‌ കൊണ്ട് എൻറെ മോൾക്കെങ്കിലും ഈ ഗതി വരരുത് .അവൾ പഠിച്ചു സ്വന്തം കാലിൽ നിൽക്കട്ടെ .എന്നിട്ട് മതി കല്യാണം .എനിക്ക് ഇനി നിങ്ങളുടെ കണ്ണട വേണ്ട”.

അവൾ പരിദേവനം പറയുമ്പോൾ അയാൾ ആലോചിക്കുകയായിരുന്നു.. ആര്ഭാടങ്ങൾക്കു പിറകെ പോകാത്തവളാണ് തൻറെ ഭാര്യ .

ഓരോ പ്രാവശ്യവും വിലക്കുറവുള്ളതുണ്ടോ എന്ന് അന്വേഷിക്കുമ്പോഴും കണ്ണടക്കടയിലെ കൂടുതൽ സ്റ്റോക്കുകൾ കാണുകയെന്നതായിരുന്നു തൻറെ ഉദ്ദേശ്യം .

പക്ഷെ അത്‌ ഉപയോഗിക്കാനുള്ള ആളെ മുമ്പിൽ വെച്ച് ,അതും ഭാര്യയുടെ ,വിലയെപ്പറ്റി ഊന്നി ചോദിക്കാൻ പാടില്ലായിരുന്നു .

ഇപ്പോൾ തെറ്റ് സമ്മതിക്കുന്നതാണ് ബുദ്ധി .സാവകാശം അവൾക്ക് മനസ്സിലായിക്കൊള്ളും .

“പറഞ്ഞു കഴിഞ്ഞോ “?

അയാൾ ചോദിച്ചു.

“എങ്കിൽ എനിക്ക് പറയാനുള്ളത് കേൾക്കൂ .എന്റെ ഉദ്ദേശ്യം അല്ലായിരുന്നെങ്കിലും ആ സെയിൽസ്മാനോട് ഞാൻ ചോദിച്ചതിൽ പുറമേ നിന്ന് നോക്കിയാൽ നീ പറഞ്ഞ അർത്ഥവും വരുമെന്ന് എനിക്കുമിപ്പോൾ തോന്നുന്നുണ്ട് .

പക്ഷെ ,വിപണിയിലെ തന്ത്രങ്ങൾ എന്നേക്കാൾ നന്നായി നിനക്കറിയുമല്ലോ എന്ന എൻറെ ധാരണയിൽ പറഞ്ഞു പോയതാണ് .എന്നാലും നിൻറെ ചിന്ത പോയൊരു പോക്കേ ! അടുത്ത ശമ്പളം കിട്ടട്ടെ .ബ്രാൻഡഡ് തന്നെ വാങ്ങിക്കളയാം “.

അയാൾ പറഞ്ഞു നിർത്തിക്കൊണ്ടവളെ പാളിനോക്കി .

മുഖത്തെ പെയ്യാനിരുന്ന കാർമേഘങ്ങൾ നീങ്ങി തെളിഞ്ഞിട്ടുണ്ട് .ഒരൽപ്പം പൊക്കിപ്പറഞ്ഞതിൽ വീണു പോയെന്നു തോന്നുന്നു .അയാൾ ആത്മഗതം ചെയ്തു .

” നിനക്കോർമ്മയുണ്ടോ നമ്മളൊരിക്കൽ പേരയ്ക്ക വാങ്ങിയത് “?

“അതിന് നമ്മൾ വാങ്ങിയില്ലല്ലോ “.

പുഞ്ചിരിയോടെ അവൾ മറുപടി പറഞ്ഞു.

കുറച്ചു മുമ്പൊരുനാളിൽ രണ്ടാളും കൂടി പുറത്തിറങ്ങിയപ്പോഴാണ് , ഒരു പഴക്കടയ്ക്ക് മുമ്പിൽ മുഴുത്ത പേരയ്ക്കകൾ കണ്ടത്. നാലെണ്ണമെടുത്തു തൂക്കിത്തരാൻ കടക്കാരനോടാവശ്യപ്പെട്ടു .

അതിലോരോന്നും എടുത്തു തൂക്കം കണക്കാക്കുന്നെന്ന വ്യാജേന മാറ്റി അയാൾ വേറെ വെച്ചു ഒടുവിൽ ഭർത്താവ് ചോദിച്ചു ,”തൂക്കം ശരിയായോ “?

” ഒന്നേ ഇരുനൂറുണ്ട് “,.കടക്കാരൻ .

” അങ്ങനെത്തന്നെ അവിടെ വെച്ചോളൂ . ഞങ്ങൾക്ക് ആവശ്യമുള്ളതാണ് എടുത്ത് തന്നത് . അതെല്ലാം നിങ്ങൾ മാറ്റി .ഇനി നിങ്ങൾക്ക് വിൽക്കാനുള്ളത് മറ്റാർക്കെങ്കിലും വിറ്റോളൂ “.

കടക്കാരന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല .

“നമ്മളെ വിഡ്ഡികളാക്കാൻ നോക്കിയതാ മൂപ്പർ “..

ഭർത്താവും അവളും പൊട്ടിച്ചിരിച്ചു കൊണ്ട് നടന്നു നീങ്ങിയത് ആലോചിച്ചു രണ്ടുപേരും ഒരുമിച്ചു ചിരിച്ചു .അവളുടെ പിണക്കം മാറിയതറിഞ്ഞു അയാൾ ഉള്ള് കൊണ്ടും ചിരിച്ചു .

പെണ്മനസ്സുകളുടെ മനഃശാസ്ത്രം ഇത്രയേ ഉള്ളൂ .കല്യാണം കഴിയുന്നതോടെ അവളുടെ പല സ്വപ്നങ്ങളും കുടുംബത്തിനായി അവൾ വേണ്ടെന്നു വെയ്ക്കും .ഭർത്താവ് പറയുന്നതെല്ലാം അനുസരിക്കും .

അതിന് പകരം അവൾക്ക് വേണ്ടത് ഒരൽപ്പം കരുതൽ ആണ് . . നിസാരമെന്നു കരുതി ചിന്തിക്കാതെ പറയുന്ന വാക്കുകൾ ഏല്പിക്കുന്ന മുറിവിന്റെ നീറ്റൽ ആണ് അവളുടെ കണ്ണുനീർ .

ആ മുറിവ് പഴുത്തു വൃണമാകാതെ അപ്പോൾത്തന്നെ മരുന്ന് വെച്ച് കെട്ടണം .ഒന്ന് ചേർത്ത് നിർത്തിയാൽ പെട്ടെന്നാ മുറിവ് ഉണങ്ങും . പറയുന്നത് കേൾക്കാനുള്ള മനസ്സ് കാണിച്ചാൽ മതി ,ഈ ഭർത്താവിനെ പ്പോലെ .

തിരിച്ചു ഭർത്താവിന് പറയാനുള്ളതും കേൾക്കണം .എല്ലാ തെറ്റിദ്ധാരണകളും അപ്പപ്പോൾ തീർക്കണം .

‘അവളെപ്പോലെ ‘..

Leave a Reply

Your email address will not be published. Required fields are marked *