കല്യാണത്തിന് വിളിച്ചാൽ ആലോചിക്കാമെന്ന് പറഞ്ഞ ആളാണ്, ഇപ്പോൾ അവകാശത്തർക്കം ഉന്നയിക്കുന്നത്, നീയെവിടെ പോണടാ..

പ്രണയത്തിന്റെ മുള്ളുകൾ
(രചന: ഷാജി മല്ലൻ)

എന്റെ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു” നോ”…

പിന്നെ മെല്ലെ അടുക്കള സ്ലാബിന്റെ പുറത്തിരുന്ന കട്ടൻ ചായ എനിക്ക് നേരെ നീട്ടി “ഞാനെന്തിനാ വരുന്നേ എന്നെ ആരെങ്കിലും വിളിച്ചോ ?” വിളിക്കാത്ത സദ്യയ്ക്ക് ഞാനും എന്റെ വീട്ടുകാരുമൊന്നും പോകാറില്ല മാഷേ!!”

പിന്നെ നിങ്ങളെ വിളിച്ചെങ്കിൽ പോകുകയോ രണ്ട് ദിവസം നിൽക്കുകയോ ഒക്കെ ആകാം… ഇവിടെ ഒരു പരിഭവമില്ല കേട്ടോ..”

വീണ്ടും എന്റെ പരുങ്ങൽ കണ്ട് അവളുടെ മൂക്കത്ത് പരിഭവ ചുമപ്പ് പരക്കാൻ തുടങ്ങി.”

ഇല്ല സതീശേട്ടാ ഇവിടിരിക്കുന്ന ഗിഫ്റ്റും അടിച്ചു മാറ്റി കൂട്ടുകാരിയുടെ മോളുടെ കല്യാണം കൂടാമെന്ന് മനക്കോട്ട കെട്ടണ്ട. അതെന്റെ പിള്ളാർക്കു ഞാൻ വാങ്ങിപ്പിച്ചതാ …..

കഴിഞ്ഞ മാസം ഇവളുടെ സ്വന്തക്കാരിയ്ക്ക് കല്യാണ ഗിഫ്റ്റ് വാങ്ങിച്ചപ്പോൾ കൂട്ടത്തിൽ ഈ കല്യാണമൊക്കെ പറഞ്ഞു കൂടെ ജുവലറിയിൽ നിന്ന് വാങ്ങിയ ഗിഫ്റ്റിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്.

കല്യാണത്തിന് വിളിച്ചാൽ ആലോചിക്കാമെന്ന് പറഞ്ഞ ആളാണ്, ഇപ്പോൾ അവകാശത്തർക്കം ഉന്നയിക്കുന്നത്.

” നീയെവിടെ പോണടാ സതീശാ…” അമ്മ റൂമിൽ നിന്ന് തല വെളിയിലേക്കിട്ടു.”അമ്മേടുത്ത് പറയണോ പുന്നാരമോൻ പഴയ ലൈനിന് സംഭാവന തിരക്കി നിക്കാന്ന്!!” രമസതീശൻ എന്റെടുക്കലേക്ക് നീങ്ങി ചെവി കടിച്ചു.

അമ്മയ്ക്ക് ചെവിയുടെ കേൾവിശക്തി കമ്മിയാണ്. മറുപടി പറഞ്ഞാൽ ഞാനും പരിഭവം പറഞ്ഞാൽ അവളും പറഞ്ഞ് ക്ഷീണിക്കുമെന്നതിനാൽ തൽക്കാലം ഒരു വെടിനിർത്തലിനു ഞങ്ങൾ തയ്യാറായി.”

വന്നല്ലോ നിന്റെ സ്പോൺസർ, ആങ്ങളേടെ മോളെ മിന്നുകെട്ടിച്ചേ അടങ്ങൂന്നുള്ള നൊന്തരവാരുന്നല്ലോ” എന്റെ ആത്മഗതം അവൾ കേട്ടെന്ന് ആ പല്ലിറുമൽ കണ്ടപ്പോൾ തോന്നി.

” അരെ സതീശൻ നായർ രവീണകുറുപ്പിന്റെ മോളുടെ കെട്ടിനു പോന്നില്ലേ ?”.

സൂര്യൻ ഉദിച്ചുയർന്നിട്ട് മൂന്ന് നാഴിക പിന്നിട്ടതിന്റെ ശക്തി മൂട്ടിൽ അടിച്ചതു കൊണ്ട് കട്ടിൽ വിട്ടിറങ്ങിയ മൂത്ത സന്താനം അച്ഛനെ കളിയാക്കി.” നീ വരുന്നോ?” ഗിഫ്റ്റില്ലേലും ഒറ്റക്കു പോകാൻ തെല്ലു മടി തോന്നി ചോദിച്ചു.

“അല്ലച്ഛാ അച്ഛനെ ആ അങ്കിൾ വിളിച്ചോ? അതോ രവീണകുറുപ്പ് മെസേജ് അയച്ചോ?, വിളിച്ചെങ്കിൽ ഗോ ഡാഡ്!!”. അവൾ നയം വ്യക്തമാക്കി രംഗത്തു നിന്ന് മാഞ്ഞു.

ടൗണിലുള്ള കല്യാണ ഹാളിലേയ്ക്കുള്ള യാത്രയിൽ പത്തിരുപതു വർഷത്തെ ഇടവേളയ്ക്കുശേഷം രവീണയേയും കൂട്ടരേയുമൊക്കെ കാണുന്നതിന്റെ സന്തോഷം മനസ്സിൽ തോന്നിയെങ്കിലും എന്തിന്റെയോ ഒരു കുറവ് ഫീൽ ചെയ്തിരുന്നു.

എല്ലായ്പോഴും നാവിഗേറ്ററുടെ റോളിൽ ഭൂലോകമാകെ താനാണ് ചലിപ്പിക്കുന്നതെന്ന ഭാവത്തിൽ കാറിന്റെ ഫ്രണ്ട് സീറ്റിൽ അനുഗമിക്കുന്ന രമാ സതീശന്റെ!!!.

പുത്രി ചോദിച്ചതു പോലെ ഈ കല്യാണത്തിന് പോകാനുള്ള പ്രത്യേക ക്ഷണമൊന്നും എനിക്ക് ലഭിച്ചിട്ടില്ല.

രവീണയുടെ കണവൻ വിവേക് എന്റെ ക്ലാസ്മേറ്റായതിനാൽ അവൻ വാട്ട്സ് ആപ്പിലെ ബാച്ച് ഗ്രൂപ്പിൽ ഇട്ട കല്യാണക്കുറി എനിക്ക് ഉള്ള ഔദ്യോഗിക ക്ഷണക്കത്ത് ആയി ഞാൻ പരിഗണിച്ചെന്ന് പറയുന്നതാകും ശരി.

വിവേകുമായി ഒരു നല്ല സൗഹൃദം ഗെറ്റുഗദർ സമയങ്ങളിൽ ഉള്ളതാണ്.

എന്നിട്ടും ഒരു പേഴ്സണൽ ഇൻവിറ്റേഷനിൽ എന്നെ പരിഗണിക്കാത്തതിൽ അല്പം ഖിന്നതയും തോന്നി. ഇനി പെമ്പ്രന്നോത്തി പറയുന്ന പോലെ ഞാൻ വിളിക്കാത്ത സദ്യയ്ക്കാണോ പോകുന്നേ!!!.

കല്യാണ നാളിനു അടുത്തെത്താറായപ്പോൾ ഒരു ഉൾവിളിയെന്ന പോലെ വണ്ടി തിരിച്ചു വിടാൻ തീരുമാനിച്ചു.

വീട്ടിലേക്ക് പെട്ടന്ന് തിരിച്ചു ചെന്നാലുണ്ടാകുന്ന മാനഹാനി ഓർത്തപ്പോൾ ടൗണിനടുത്തുള്ള രമയുടെ വീട്ടിലേക്ക് വണ്ടി വിട്ടു. വീടിന്റെ വരാന്തയിൽ അമ്മായി എവിടെയോ പോകാനായി ഒരുങ്ങിയിറങ്ങുന്നു.”

സതീശനാണോ…, ചായ ഇടാം”. സ്വതവേ സൽക്കാര പ്രിയയായ അമ്മായി തിരിച്ചു കയറാൻ തിടുക്കപ്പെട്ടു. അമ്മായി പതിവ് ചെക്കപ്പിനു ഹോസ്പിറ്റലിലേക്കുള്ള യാത്രയാണെന്ന് തോന്നുന്നു.

” വേണ്ട ഞാൻ ഒരു കല്യാണത്തിനു പോയി വരികയാണ്, ഇന്ന് അമ്മായി ചെക്കപ്പിനു പോകുന്ന ദിവസമാണെന്ന് രമ പറഞ്ഞു,കയറൂ ഞാൻ കൊണ്ടു വിടാം”.

സന്ദർഭത്തിനനുസരിച്ച് കള്ളം പറയാനുള്ള എന്റെ സ്വതസിദ്ധമായ മിടുക്കിൽ പറഞ്ഞു.” രമയും സതീശനും ഇന്ന് ഏതോ കല്യാണമുണ്ടെന്ന് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

അതാ പിന്നെ വിളിക്കാതിരുന്നത്.” അതു ശരി അപ്പോൾ കള്ളി രവീണകുറുപ്പിന്റെ കല്യാണം കൂടാൻ ഇരുന്നതാണല്ലേ!!.

അമ്മായിയെ വിട്ടു തിരികെ വീട്ടിലേക്ക് എത്തുമ്പോൾ രമ അടുക്കളേൽ വൈകിട്ടത്തെ ചായ തിരക്കിലായിരുന്നതിനാൽ പുറത്തേക്ക് കണ്ടില്ല. അല്പം ക്ഷീണം തോന്നിയതിനാൽ ചായയ്ക്ക് കാത്തു നില്ക്കാതെ കട്ടിലിലേക്ക് ചാഞ്ഞു.”

അല്ല രവീണ കുറുപ്പിന്റെ എക്സ് സദ്യ കഴിച്ചു മയങ്ങിയോ?, ചായ കുടിക്കാനും കണ്ടില്ലല്ലോ?കെട്ടൊക്കെ വിട്ട് എഴുനേറ്റ് കഴിച്ചേ… പിന്നെ മുള്ള് കൊള്ളാതെ നോക്കണേ, ചപ്പാത്തിയുടെ കൂടെ അമ്മായി തന്നയച്ച പുഴ മീൻ!!!.

ഞാൻ വന്നപ്പോൾ കാറിൽ നിന്ന് എടുത്തു കൊടുക്കാൻ മറന്നു. ” അമ്മ വിളിച്ചതു കൊണ്ട് മീൻ ചീഞ്ഞില്ല, നമുക്ക് കുറുപ്പിന്റെ ഇളയ മകളുടെ കല്യാണം പൊടിപൊടിക്കാം”.

ഒരിക്കൽക്കൂടി എന്റെ കണ്ണൂകളിലേക്ക് നോക്കി മേലേക്ക് പതുക്കേ ചാഞ്ഞു.