വയസ്സാം കാലത്തു അവൻ ഒരു തുണയാകും എന്നുകരുതിയാ അങ്ങിനെ ചെയ്തത്..

(രചന: രാജീവ്‌ രാധാകൃഷ്ണ പണിക്കർ)

രാമേട്ടനെ എനിക്ക് ചെറുപ്പം മുതലേ അറിയാം. ഞങ്ങളുടെ നാട്ടുകാരൻ.

വ്യവസായ മേഖലയിലെ പ്രശസ്തമായ കമ്പനിയിലെ തൊഴിലാളിയാണദ്ദേഹം. ഒരു കരണത്തിട്ടു ഒന്നു കൊടുത്താൽ മറ്റേ കരണം കൂടി കാണിച്ചു തരുന്ന പാവം.

ഭാര്യയും മൂന്നു കുട്ടികളുമടക്കം സന്തുഷ്ടമായ ജീവിതം (അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം) നയിച്ചിരുന്ന വ്യക്തി.

അന്നൊക്കെ രാവിലെ നടക്കാൻ പോകുമ്പോൾ രാമേട്ടനും ഒപ്പമുണ്ടാകും.

മറ്റേതൊരു അന്തർമുഖനെയും പോലെ അദ്ദേഹവും ആ സമയത്തു വിശേഷങ്ങളുടെ ഭാണ്ഡക്കെട്ട് എന്റെ മുന്നിൽ തുറക്കുമായിരുന്നു.

ഭാര്യ വിലാസിനി അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ നേരെ എതിർ രൂപമാണ്.

ആരുമായും വഴക്കിടും. എന്തിനും കിടന്ന്‌ ഒച്ചയുണ്ടാക്കും. ഭർത്താവിന്റെ വീട്ടുകാരെ കണ്ണെടുത്താൽ കണ്ടുകൂടാ. വീട്ടിലുള്ള രഹസ്യങ്ങൾ പോലും പരസ്യമാക്കും.

ഒരിക്കൽ ഓരോണത്തിന് രഹസ്യമായി രാമേട്ടൻ വാങ്ങിയ ക്വാർടർ ബ്രാ ണ്ടി കുപ്പി നാട്ടുകാരെ മുഴുവൻ കാണിച്ചു നാറ്റിച്ചവരാണവർ.

മക്കൾ രണ്ടാണും ഒരു പെണ്ണും.

അച്ഛന്റെ ജോലിയുടെ ബലത്തിൽ മൂത്തവൻ ചെറുപ്പത്തിലെ തല തിരിഞ്ഞു പോയി.

രണ്ടാമൻ മാന്യൻ. അച്ഛനുമമ്മയും പറയുന്നത് വിട്ട് യാതൊരു പ്രവർത്തിയുമില്ല. അവൻ പഠിച്ചു. അധികം താമസിയാതെ നല്ലൊരു ജോലി സമ്പാദിച്ചു.

മകൾക്കും അച്ഛന്റെ സ്വഭാവമാണ്. ഒരു അയ്യോ പാവം. ഇതൊക്കെ ഞാൻ നാട്ടിൽ നിൽക്കുമ്പോഴുള്ള സംഭവ വികാസങ്ങൾ ആയിരുന്നു.

പുതിയ മേച്ചിൽപ്പുറങ്ങൾ തേടി ഞാൻ നാട്ടിൽ നിന്നും പോന്നതിനു ശേഷം രാമേട്ടനെ കാണുന്നത് വിരളമായി.

വിശേഷങ്ങളും അറിയാതെയായി. ഈയിടെ നാട്ടിൽ ചെന്നപ്പോൾ പുള്ളിക്കാരനെ കാലങ്ങൾക്കു ശേഷം കണ്ടുമുട്ടി. ആളാകെ മാറിപ്പോയിരിക്കുന്നു. ഉള്ളതിലും ഒരു പത്തു വയസ്സെങ്കിലും കൂടുതൽ തോന്നിച്ചു.

“എന്തൊക്കെയുണ്ട് രാമേട്ടാ വിശേഷങ്ങൾ. ഞാൻ കൗതുകത്തോടെ തിരക്കി”

“കമ്പനിയിൽ നിന്നും പെൻഷൻ ആയി. മകളുടെ വിവാഹം ആർഭാടമായി നടത്തി. വീട് ഭാഗം വച്ചു. ചേട്ടന്റെയും അനുജത്തിയുടെയും ഭാഗം കൊടുത്തു .

മാന്യനായ രണ്ടാമൻ വീട് സ്വന്തമാക്കി.
ഇതിനിടെ അവന്റെ വിവാഹം കഴിഞ്ഞു.

വന്നുകയറിയ പെണ്ണിന് അമ്മായിഅച്ഛനും അമ്മായി അമ്മയും എന്നുവച്ചാൽ ചതുർഥിയാണ്. തന്റെ ഭർത്താവിനെയും താൻ താമസിക്കുന്ന വീടും ഞങ്ങൾ ഉണ്ടാക്കിയതാണെന്ന ചിന്തയൊന്നും അവൾക്കില്ല.

എന്നും തല്ലും ബഹളവും. ഇതിനിടയിൽ കൂനിൻമേൽ കുരു പോലെ മകൾ വിവാഹബന്ധം വേർപെടുത്തി വീട്ടിലെത്തി.

പിന്നത്തെ കാര്യമൊന്നും പറയേണ്ടതില്ല. ഒടുവിൽ ഞാനും വിലാസിനിയും മോളും സ്വന്തം വീട്ടിൽ നിന്നും വാടക വീട്ടിലേക്കു മാറി.

ആർഭാടമായി ജീവിതം നയിച്ചിരുന്നവർക്കു എന്റെ തുച്ഛമായ പെൻഷനിൽ ഒതുങ്ങി ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടായി.

കൂട്ടിനാണെങ്കിൽ ആവശ്യത്തിലധികം രോഗങ്ങളുമുണ്ട്‌. വിലാസിനിയും മകളും അടുത്തുള്ള അച്ചാർ കമ്പനിയിൽ ജോലിക്കു പോകുന്നുണ്ട്.

അങ്ങിനെ ഒരു വിധത്തിൽ ജീവിതം തള്ളി നീക്കുന്നു. ഇനി മുകളിലേക്കുള്ള വിളി വന്നാൽ മതി”

കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും രാമേട്ടന്റെ കണ്ണുകളിൽ കണ്ണുനീർ ഊറിയിരുന്നു.

“രാമേട്ടനല്ലേ ആ വീട് പണിതത്. അപ്പോൾ പിന്നെ അവിടെ നിന്നും എന്തിനാ ഇറങ്ങി പോന്നത്”

“വീട് ഞാനാണ് പണിതതെങ്കിലും അവന്റെ പേരിൽ എഴുതി കൊടുത്തില്ലേ മോനെ. വയസ്സാം കാലത്തു അവൻ ഒരു തുണയാകും എന്നുകരുതിയാ അങ്ങിനെ ചെയ്തത്. അതിപ്പോൾ പാരയായി.

അവന്റെ ഭാര്യയും എന്റെ ഭാര്യയും തമ്മിൽ ചേരില്ല”

എന്നാ പിന്നെ ചേട്ടന് പോലീസിൽ ഒരു കംപ്ലെയ്ൻറ് കൊടുത്തു കൂടെ. മാതാപിതാക്കളെ നോക്കേണ്ട ചുമതല മക്കൾക്കില്ലേ”

“എന്തിനാ മോനെ. സ്വന്തം പല്ലിന്റിട കുത്തി മറ്റുള്ളവരെ മണപ്പിക്കുന്നത്. എന്തായാലും സ്വന്തം മോനല്ലേ. ഞാൻ ശപിക്കുകയാണെന്നു കരുതരുത്. അവനും മക്കളുള്ളതല്ലേ ഇതിനൊക്കെ ഒരു മറുപടി ജീവിതത്തിൽ കിട്ടും”.

കണ്ണുകൾ തുടച്ചുകൊണ്ടു അദ്ദേഹം മെല്ലെ നടന്നു നീങ്ങി. ഒപ്പം എന്റെ കണ്ണുകളും ഈറന ണിഞ്ഞിരുന്നു.

മക്കൾ തങ്ങളെ നോക്കുമെന്ന പ്രതീക്ഷയിൽ സമ്പാതിച്ചതെല്ലാം മക്കൾക്കെഴുതി കൊടുക്കുന്ന മാതാപിതാക്കൾക്കൊരു മുന്നറിയിപ്പാണ് രാമേട്ടൻ.

(ഈ പോസ്റ്റിന് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല)

Leave a Reply

Your email address will not be published. Required fields are marked *