ഞാൻ ഇന്ന് മുതൽ നിങ്ങടെ കൂടെയാണ് കിടക്കുന്നത്, മധുര പതിനേഴിൽ..

ഏസി പുരാണം
(രചന: രാജീവ്‌ രാധാകൃഷ്ണ പണിക്കർ)

“ചേട്ടാ ഞാനൊരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ”

“ദേഷ്യപ്പെടാം” സ്വതസിദ്ധമായ നർമത്തോടെ മറുപടി പറഞ്ഞുകൊണ്ട്
ഞാൻ പ്രിയതമയുടെ മുഖത്തേക്ക് നോക്കി.

വൈകിട്ട് ഓഫീസിൽ നിന്നും വന്നു സ്വല്പം റിലാക്സേഷനു വേണ്ടി സിറ്റ് ഔട്ടിലിരുന്നു മൊബൈലിൽ തോണ്ടികൊണ്ടിരിക്കുകയായിരുന്നു.

അപ്പോഴാണ് ഭാര്യയുടെ രംഗപ്രവേശം.
കയ്യിൽ എനിക്കായി ടിവി പരസ്യത്തിൽ കാണുന്നത് പോലെയൊരു വലിയ കപ്പിൽ കാപ്പിയുമുണ്ട്

എന്തെങ്കിലും കാര്യസാധ്യമുണ്ടെങ്കിൽ ആണ് വലിയ കപ്പ് സാധാരണ പ്രത്യക്ഷപ്പെടുക. സാരിയും ചുരിദാറുമൊക്കെ വാങ്ങിച്ചു കൂട്ടിയിട്ട് അധിക ദിവസങ്ങൾ ആയിട്ടില്ല.

ഇനി സ്വർണം വല്ലതും വാങ്ങാനാണോ പരിപാടി സ്വർണവില കുറഞ്ഞെന്നു പത്രത്തിൽ വാർത്ത കണ്ടിരുന്നു.
പലവിധ ചിന്തകൾ മനസ്സിലൂടെ കടന്നു പോയി. ഒപ്പം ഹൃദയമിടിപ്പിന്റെ താളവും കൂടി

“ഞാനെന്തു പറഞ്ഞാലും ഒരു വളിച്ച തമാശ”

കാപ്പി കപ്പു നീട്ടിയ കൈകൾ മെല്ലെ പിന്നോട്ടു വലിഞ്ഞു. ലൈൻ ഒന്നു മാറ്റിപ്പിടിച്ചില്ലെങ്കിൽ ചിലപ്പോൾ കാപ്പി മാത്രമല്ല കപ്പും അപ്രത്യക്ഷമാകാം. അതാണനുഭവം.

“ഞാൻ ചുമ്മാ പറഞ്ഞതല്ലേ. നീ കാര്യം പറ”

കാപ്പി കപ്പ് വീണ്ടും എന്റെ നേരെ നീണ്ടു.
ചാരുബഞ്ചിൽ എന്നോട് മുട്ടിയു രുമ്മിയിരുന്നു കൊണ്ട്‌ അവൾ മൊഴിഞ്ഞു

“നമുക്കൊരു ഏസി വാങ്ങിയാലോ”

സംഗതി തരക്കേടില്ല. ചൂടുകാരണം പലപ്പോഴും ഹാളിൽ പായ വിരിച്ചാണ് കിടപ്പ് എന്റെ മനസ്സിലും ആഗ്രഹം തുടങ്ങിയിട്ട് കുറച്ചു നാളായി.

വാങ്ങുന്ന ചിലവും കറണ്ട് ബില്ലിന്റെ കാര്യവുമൊക്കെ ആലോചിക്കുമ്പോൾ ആഗ്രഹം മാറ്റിവക്കുന്നു എന്നേയുള്ളൂ.

ഭാര്യയുടെ ആഗ്രഹങ്ങൾ ഒറ്റയടിക്ക് തള്ളിക്കളയാൻ പാടില്ല എന്ന ജീവിതം പഠിപ്പിച്ച പാഠം മനസ്സിലിട്ടുകൊണ്ടു ഞാൻ ചോദിച്ചു

“പത്തുമുപ്പതിനായിരം രൂപയെങ്കിലും വേണ്ടേ ഇപ്പൊ എവിടെന്നാ”

“സമാജത്തിന്റെ ചിട്ടി പിടിച്ച കാശിരിപ്പില്ലേ.”

“അതു ഹൗസിങ്‌ ലോൺ അടക്കാൻ വച്ചിരിക്കുന്നതല്ലേ”

“ലോൺ നമുക്ക് പിന്നെയടക്കാം.
എന്തായാലും ഏസി വാങ്ങാം. ലുലുവിൽ ഇപ്പൊ ഓഫറുണ്ട് പ്ളീസ്”

എന്തായാലും ആ ഐഡിയ അത്ര മോശമായി എനിക്ക് തോന്നിയില്ല. ഹൗസിങ് ലോൺ കുറച്ചു കേറ്റി അടക്കാം എന്നു കരുതിയെന്നേയു
ള്ളൂ. അടച്ചില്ലെങ്കിലും പ്രശ്നമില്ല.”

“എന്നാ ഞാൻ യാത്രയാകട്ടെ” എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അവൾ ഒരുങ്ങാനായി ഓടി.

ഒരു നല്ല ഭർത്താവ് എന്ന നിലയിൽ ഞാനും അമാന്തിച്ചില്ല ലുലുവിൽ പോയി ഫൈവ് സ്റ്റാർ ഇൻവേർട്ടർ ഏസി ഒരെണ്ണം ഓർഡർ ചെയ്തു. പിറ്റേന്ന് വൈകുന്നേരത്തിനുള്ളിൽ പിടിപ്പിച്ചു തരാമെന്നു ഉറപ്പും കിട്ടി.

ഈസ്റ്റർ ഓഫർ എന്ന പേരിൽ അവിടെ മുഴുവൻ കറങ്ങി നടന്നു പത്തു നാലായിരം രൂപയുടെ കണ്ടപത്രാതി സാധനങ്ങൾ വേറെയും വാങ്ങി സന്തോഷത്തോടെ തിരിച്ചു വന്നു.

വീട്ടിലെത്തിയപ്പോൾ പ്രിയപുത്രൻ ടൂഷനും കഴിഞ്ഞു മടങ്ങിയെത്തിയിട്ടുണ്ട്.

ഏസി വാങ്ങിയെന്നറിഞ്ഞപ്പോൾ അവന്റെ മുഖത്തു കണ്ട ‘സന്തോഷത്തിന്റെ’ അർത്ഥം മനസ്സിലാക്കാൻ ഈ അച്ഛനുമമ്മക്കും കഴിയാതെ പോയി അന്ന് രാത്രി അനുഭവിച്ച ചൂട്…

പ്രപഞ്ചത്തിലെ ഏറ്റവും ചൂട് കൂടിയ ദിവസമാണ് അന്നെന്നു തോന്നിപ്പോയി. ഒരു പോള കണ്ണടക്കാതെ ഒരു രാത്രി.

ഏസിക്കാർ വാക്ക് പാലിച്ചു. പിറ്റേന്ന് ഉച്ചക്ക് തന്നെ സാധനം പിടിപ്പിച്ചതായി ഭാര്യയുടെ സന്ദേശം കിട്ടി.

വൈകിട്ട് ഓഫീസിൽ നിന്നും വരുന്ന വഴി ഗണപതി കോവിലിനു മുന്നിൽ നിന്നും രണ്ടു മുഴം മുല്ലപ്പൂവും വാങ്ങി.
കെട്ടിയോൾക്ക് സന്തോഷമായിക്കൊള്ളട്ടെ

അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോൾ മകന്റെ പ്രഖ്യാപനം വന്നു.

“ഞാൻ ഇന്ന് മുതൽ നിങ്ങടെ കൂടെയാണ് കിടക്കുന്നത് ” മധുര പതിനേഴിൽ നിൽക്കുന്ന ചെക്കനാണ്.
ഒരു നിമിഷം മാനത്തൊരു വെള്ളിടി വെട്ടി

“അതെങ്ങനെയാ ശരിയാവാ. മൂന്നുപേർക്ക് കട്ടിലിൽ കിടക്കാൻ പറ്റില്ലല്ലോ” ഞാൻ തടയിടാൻ നോക്കി

“വേണ്ട ഞാൻ നിലത്തു പായവിരിച്ചു കിടന്നുകൊള്ളാം”

ചെറുക്കനെ ഒതുക്കാൻ പല തന്ത്രങ്ങളും പയറ്റി.

നോ രക്ഷ. അവൻ എല്ലാം മുൻകൂട്ടി ഉറപ്പിച്ച മട്ടാണ്.

അങ്ങിനെ ഞാനും ചെറുക്കനും കട്ടിലിലും പ്രിയതമ തഴത്തു പായ വിരിച്ചു കിടന്നും ഉത്ഘാടനം നിർവഹിച്ചു

പിറ്റേന്ന് രാവിലെ എഴുന്നേറ്റവഴി കയ്യിൽക്കിടന്ന രണ്ടു വളകൾ ഊരി എന്നെ ഏല്പിച്ചുകൊണ്ട് ഭാര്യ വേദനയോടെ പറഞ്ഞു.

“ചേട്ടാ ഏസി ഒരെണ്ണം കൂടി വാങ്ങിച്ചോ. അവന്റെ മുറിയിലേക്ക്. ഇന്ന് തന്നെ”

Leave a Reply

Your email address will not be published. Required fields are marked *