പ്രവീൺ യൂ ആർ നോട്ട് റൊമാന്റിക്, ഒക്കെ പോയ്ക്കോളൂ നിലീനയുടെ..

(രചന: ജ്യോതി കൃഷ്ണകുമാര്‍)

മഴ വരുന്നുണ്ടെന്ന് നിലീന പറഞ്ഞതും പെയ്തതും ഒരുമിച്ചായിരുന്നു. തകരം മേഞ്ഞ ബസ് സ്റ്റോപ്പിൽ രണ്ട് പേരും ഓടിക്കയറി,

ചോരുന്നതാണെങ്കിലും ഇത്തിരിയിടം അവർക്കായി വച്ചത് പോലെ അതിനുള്ളിൽ ഉണ്ടായിരുന്നു…

നിലീനയുടെ സ്കൂട്ടിയുടെ സീറ്റിൽ തട്ടി പൂക്കളായി വിടരുന്ന മഴമുത്തുകൾ അവർ കണ്ടു… പ്രവീൺ അതും നോക്കി നിന്നു.

“പ്രവീൺ നീയെന്താ ഈ ആലോചിക്കുന്നേ….? വല്യേ ചിത്രകാരനല്ലേ…? മഴയെങ്ങനെ ക്യാൻവാസിൽ പകർത്തും എന്ന് ചിന്തിക്കാവും ലേ….. ”

വെറുതേ ഒന്നു ചിരിച്ചതല്ലാതെ പ്രവീൺ ഒന്നും  പറഞ്ഞില്ല… പ്രവീണിന്റെ മനസ് മുഴുവൻ വീട്ടിലായിരുന്നു.

“താനെന്താടോ ഈ കൂട്ടിലിട്ട വെരുകിനെ പോലെ….?

താനീ മഴനൂലിഴകൾ നോക്ക് എന്ത് രസാ, തുടക്കം എവിടെയാന്നറിയാതെ, എവിടെയോ ജന്മം കൊണ്ട് മണ്ണിൽ വീണ് ചിതറി..

പിന്നെ അവ ഒന്നായി ഒഴുകി അനന്തതയുടെ സാഗരത്തിൽ ചെന്ന് ചേരുന്നത്… നമ്മളും അങ്ങനെ തന്നെ അല്ലേ പ്രവീൺ..?

ഒന്നായൊഴുകാൻ ഉള്ളവർ….”

” ഉം ”

നിലീന പറഞ്ഞതെല്ലാം പ്രവീൺ ശ്രദ്ധിച്ചോ എന്ന് പോലും സംശയമാണ്… അവൾക്കത് കണ്ടപ്പോൾ മുഷിച്ചിലുണ്ടായെങ്കിലും അത് പുറത്ത് കാട്ടാതെ അവൾ ചിരിച്ചു.

പ്രവീണിന് ഇരിപ്പുറക്കാത്ത പോലെ തോന്നി…

അമ്മ, പ്രിയമോൾ അവർ …..? അവരിപ്പോ….?

ഏതോ സ്വപ്നത്തിലാണ്ട പ്രവീണിനെ ഉണർത്താൻ നിലീന വെറുതെ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു…. വെറുതെ ഓരോ മൂളലും തല കുലുക്കലും കൊണ്ട് പ്രവീൺ മറുപടി കൊടുത്തു…

അവസാനം അവൾ ചോദിച്ചു,

” പ്രവീൺ തന്റെ മഴയോർമ്മകൾ പറ…. ഞാനെന്റയും പറയാം…. ” പ്രവീൺ അരുതാത്തതെന്തോ കേട്ട പോലെ അവളെ നോക്കി…

“ആദ്യം ഞാൻ പറയാം പ്രവീൺ…. കുട്ടിക്കാലത്ത് മഴയെ ആദ്യമൊക്കെ ദേഷ്യമായിരുന്നു പിന്നിടെപ്പഴാണെന്നറിയില്ല ഞങ്ങൾ പ്രണയത്തിലായത് …

തന്നേക്കാൾ മുന്നെ ഞാൻ പ്രണയിച്ചത് മഴയെയാ അതു കൊണ്ടായിരിക്കും പദ്മരാജൻ സിനിമ പോലെ നമ്മുടെ കൂടിക്കാഴ്ചയിലും മഴ അതിന്റെ സാന്നിധ്യം അറിയിച്ചത്…

മഴ പെയ്യുമ്പോൾ ഞാൻ ഓടി മുകളിലെത്തുമായിരുന്നു  പണ്ട് ഞാൻ കുഞ്ഞായിരുന്നപ്പോൾ, തറവാട്ടിൽ… അവിടെ  അരമതിൽ വച്ച നീളൻ ബാൽക്കണിയിൽ നിന്ന് മഴയെ ആസ്വദിക്കും….

താഴെ മുറ്റത്ത് കളിവഞ്ചികൾ നിർത്തും…. പിന്നെ സ്കൂളിലേക്ക് രാമേട്ടൻ കാറിലല്ലേ കൊണ്ടാക്കുന്നത്, ആകെ പൂട്ടിയിട്ട്…

ആ അടച്ച ഗ്ലാസിൽ വന്നിറ്റുന്ന മഴത്തുള്ളികൾ മാത്രം പിന്നെ പുതിയ വീടിലേക്ക് മാറിയപ്പോൾ എന്റെ റൂമിലെ ജാലകത്തിലൂടെ ഞാൻ മഴയേ നോക്കുo എന്തിനെന്നോ…,

അന്ന് പുസ്തകത്തിൽ സുഗതകുമാരി കണ്ട നീണ്ട മുടിയിട്ടുലക്കുന്ന ഭ്രാന്തിയെ കാണാൻ …..

പക്ഷെ എനിക്കത് നമ്മുടെ അപ്പഴത്തെ ഭാവത്തെ കൂട്ടുന്ന ഒരു ഉത്തേജക മരുന്നാണ്…

സന്തോഷത്തെ.., സന്താപത്തെ …., ആകാംഷയെ .., നോക്കി നിൽക്കുമ്പോൾ ഉള്ളിലുള്ളവയെ ഇരട്ടിയാക്കുന്ന മന്ത്രിക മരുന്ന്…”

പ്രവീൺ അവളുടെ കണ്ണുകളിൽ മിന്നി മറയുന്ന വെട്ടങ്ങൾ,, കണ്ടിരിക്കുകയായിരുന്നു……

“ഹലോ മാഷേ ഞാൻ കാട്കയറിയോ?? ഇനി താൻ പറ കേൾക്കട്ടെ എന്റെ പ്രിയതമന്റെ മഴയോർമ്മകൾ… എന്റെതിന് ഒരറ്റം ഉണ്ടാവില്ല ഇങ്ങനെ പറഞ്ഞോണ്ടിരിക്കും …..

ഇനി പറ… പറ…. കേക്കട്ടെ ….”

” നിലീ മഴ മാറി എന്റേത് ഞാൻ പിന്നെ പറയാം…. എനിക്ക് അത്യാവശ്യമായിട്ട് പോണം… അടുത്ത മഴയെത്തും മുമ്പ്….”

” പ്രവീൺ:… യൂ ആർ നോട്ട് റൊമാന്റിക്…ഒക്കെ പോയ്ക്കോളൂ ….. ” നിലീനയുടെ മുഖം മഴക്കാറ് മൂടിയത് പ്രവീൺ കണ്ടു..അവൻ അവളുടെ കൈ പിടിച്ച് പറഞ്ഞു ….

” ഇനിയൊരിക്കൽ പറഞ്ഞ് തരാം നിലീ.. പക്ഷെ എന്റെ മഴക്ക് നിന്റേത് പോലത്തെ ശാന്തഭാവമായിരിക്കില്ല… താണ്ഡവമാടുന്ന രൗദ്ര ഭാവമായിരിക്കും…. ഓരോ

മഴക്കും ഓരോ ഭാവമാണ് നിലീ… അത്, കാഴ്ചക്കാരന്റെ മനംപോലിരിക്കും ….. ഞാൻ പിന്നീട് പറയാടോ…. ഒന്ന് ചിരിക്ക് ….”

മഴക്കാറ് നീങ്ങി…. അവൾ ചിരിച്ചു.:. പ്രവീൺപോകാൻ തുടങ്ങി… അപ്പോൾ അവൾ അവനെ വീണ്ടും വിളിച്ചു.

” പ്രവീൺ….. ഇപ്പോൾ എനിക്ക് മഴയേക്കാൾ പ്രണയം തന്നോടാ….”

പ്രവീൺ ചിരിച്ച് കൈ വീശി കാണിച്ചു… തിരിഞ്ഞ് നടക്കാൻ തുടങ്ങി…

കുറച്ച് കഴിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോൾ അവൾ സ്കൂട്ടിയും എടുത്ത് പോകുന്നത് കണ്ടു…. അവളുടെ ചോദ്യം അപ്പഴും ഉള്ളിൽ കിടന്ന് നീറുന്നുണ്ടായിരുന്നു…

മഴയോർമ്മകൾ… ഓലയുടെ കൂരയിൽ ചോരുന്നിടത്ത് പാത്രം വച്ച് അതിലിറ്റുന്ന മഴത്തുള്ളികളുടെ സംഗീതമായിരുന്നു ആദ്യത്തെ ഓർമ്മ… പിന്നീടത്

ഉറക്കത്തിൽ ദേഹത്ത് മഴത്തുള്ളി വീണ് പിടഞ് കരയുന്ന കുഞ്ഞനിയത്തിയായി …. പിന്നെ കലിതുള്ളി വന്നു സർവ്വം വലിച്ചിഴച്ച് കൊണ്ടു പോകുന്ന രൗദ്ര രൂപിയായി….

അതിൽ ഒരിക്കൽ തന്റെ അച്ഛനെയും… അന്ന് താളംതെറ്റിയ അമ്മയുടെ മനവും…. ആരുമില്ലാത്ത ബാല്യവും ഒക്കെയായി, വെറുപ്പാണീ മഴയെ എനിക്ക് …..

നഷ്ടങ്ങൾ മാത്രം തന്ന് അട്ടഹസിക്കുന്ന എന്റെ എതിരാളി മാത്രമാണീ മഴയെന്ന്, മഴയെ ഇത്രമേൽ സ്നേഹിക്കുന്ന നിന്നോട് ഞാൻ എങ്ങിനെ പറയും….

ഓരോ മഴയും  അമ്മയിലും കുഞ്ഞനുജത്തി പ്രിയയിലും ഉണ്ടാക്കുന്ന ഭീതി പറഞ്ഞാൽ മനസിലാവില്ല…

അതുകൊണ്ടാണ് ഓരോ മഴയും തന്നെ അസ്വസ്ഥമാക്കുന്നതും അവിടെ എത്താൻ വെപ്രാളപ്പെടുന്നതും ” മഴയുടെ നല്ല ഭാവങ്ങൾ മാത്രം കാണാൻ കഴിയട്ടെ….

Leave a Reply

Your email address will not be published. Required fields are marked *