അവളെ കുറിച്ചുള്ള പഴയ ഓർമ്മകളെ വിട്ട് വീണ്ടും അവൾ നിന്നിരുന്ന ഇടത്തേക്ക്..

(രചന: Pratheesh)

പലപ്പോഴും മനസ്സെന്നോട് ചോദിക്കും
അവളെ ഒന്ന് പോയി കണ്ടു കൂടെയെന്ന്?
അപ്പോൾ തന്നെ അതു വിലക്കി കൊണ്ട്
ഹൃദയം എന്നോടു പറയും അതു വേണ്ടായെന്ന്.

അത് ഹൃദയത്തിന് അവളോടുള്ള ഇഷ്ടകുറവു കൊണ്ടൊന്നുമല്ല,
ഒരിക്കൽ എന്നേക്കാളേറെ എന്റെ ഹൃദയം അവളെ സ്നേഹിച്ചിരുന്നതു കൊണ്ടാണ്.

എന്നാലും വിധിയെന്നോ യാദൃശ്ചികത എന്നോ ഒക്കെ വിളിക്കാവുന്ന ചിലതുണ്ടല്ലോ? ഒരിക്കലതു ഞങ്ങൾക്കിടയിലും സംഭവിച്ചു.

എല്ലാം അവസാനിച്ചിട്ട് പത്തു വർഷത്തിലധികമായെങ്കിലും മൂന്നു വർഷം മുന്നേ ഒരു ദിവസം ടൗണിൽ സുഹൃത്തിനെ കാത്തു നിൽക്കുകയായിരുന്ന എന്റെ മുന്നിലേക്ക് പെട്ടന്നവൾ വളരെ യാദൃശ്ചികമായി എത്തിപ്പെട്ടു.

ഏകദേശം പത്തടി അകലത്തിൽ ഞങ്ങൾ പിന്നെയും കണ്ടുമുട്ടി.
പെട്ടന്നുള്ള ആ കണ്ടുമുട്ടൽ എന്നിലും അവളിലും ഒരേ സമയം ആശ്ചര്യവും അത്ഭുതവും സൃഷ്ടിച്ചു,

എങ്കിലും ഞാൻ പെട്ടന്നു തന്നെ അവളിൽ നിന്നു കൺവെട്ടിച്ച് മറുവശത്തേക്ക് നോക്കി, അവളിൽ നിന്നുള്ള നോട്ടം പിൻവലിച്ചെങ്കിലും അപ്പോഴും അവളെ ഒരിക്കൽ കൂടി കാണാനുള്ള ആഗ്രഹം കൊണ്ടു മനസു നിറഞ്ഞു,

ആ സമയം എന്റെ ചിന്തകളെ വായിച്ച ഹൃദയം അപ്പോഴും വേണ്ടായെന്ന് എന്നെ വിലക്കിയിട്ടും ഒരിക്കൽ കൂടി അവളെ കാണാനുള്ള അവസരം ഇനി കൈവന്നില്ലെങ്കിലോ എന്നോർത്ത് ഞാനവളെ വീണ്ടും മുഖമുയർത്തി നോക്കി,

അവളെ കണ്ടതും ഹൃദയം പലപ്പോഴായി എന്നെ ഒാർമ്മിപ്പിച്ച പോലെ നഷ്ടബോധം പേറി ഉള്ളിൽ വേദനകൾ ആഴ്ന്നിറങ്ങി എന്റെ ഇരു കണ്ണുകളിലും കണ്ണുനീർ വന്ന് ഏതു നിമിഷവും അവ പുറത്തേക്ക് പൊട്ടിയൊഴുകാൻ തയ്യാറായി തിങ്ങി നിറഞ്ഞു,

എന്റെ നോട്ടം അവളിൽ പതിഞ്ഞതും അവളുടെ കണ്ണുകൾ തിരഞ്ഞത് ഒപ്പമുണ്ടായിരുന്നവരേയാണ്, അതിൽ രണ്ടു കാര്യങ്ങളുണ്ട് ഒന്ന് എന്നിൽ നിന്നു രക്ഷപ്പെടാനുള്ള വഴി തിരഞ്ഞ്,

രണ്ട് ഞങ്ങൾ തമ്മിൽ കാണുന്നത് അവർ കാണുന്നുണ്ടോ എന്നറിയാൻ.

തമ്മിൽ കാണുമ്പോഴെല്ലാം അവളിൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന മനോഹരവും ഉഷ്മളവുമായ ആ പുഞ്ചിരി മാത്രം ആ സമയം അവളിൽ ഉണ്ടായിരുന്നില്ല,

അവളുടെ കണ്ണുകളിലെ പഴയ തിളക്കവും അപ്പോഴുണ്ടായിരുന്നില്ല പകരം ഭീതിയായിരുന്നു ആ കണ്ണുകളിൽ നിറഞ്ഞത് അതു ചിലപ്പോൾ ഞാൻ എങ്ങാനും അവൾക്കരുകിലേക്ക് നടന്നു ചെന്നാലോ എന്ന ഭയം കൊണ്ടായിരിക്കാം,

തമ്മിലുള്ള ആ അകലത്തിലും അവൾ എന്തൊക്കയോ ഭയപ്പെടുന്നുണ്ടെന്നു തോന്നിയതും പതിയേ അവളിൽ നിന്നുള്ള നോട്ടം പിൻവലിച്ച് ഞാൻ അൽപ്പം മാറി നിന്നു,

സുഹൃത്തിനെ വിളിച്ചതും അവൻ വരാൻ കുറച്ചു കൂടി വൈകും എന്നു പറഞ്ഞതു കൊണ്ട് അവിടെ മറ്റൊന്നും ചെയ്യാനില്ലാതെ എന്റെ മനസ്സ് പിന്നെയും അവളുടെ പഴയ ഒാർമ്മകളിലേക്ക് തന്നെ മടങ്ങി പോയി,

അവൾ ലോകത്തിലേക്ക് വെച്ച് ഏറ്റവും അഭൗമമായ ഒരു സൗന്ദര്യമാണെന്ന അവകാശവാദമൊന്നും എനിക്കില്ല,

എന്നാൽ എന്റെ ചിന്തകളിലെ, ആഗ്രഹങ്ങളിലെ, ഉൾക്കാഴ്ച്ചകളിലെ സങ്കൽപ്പങ്ങളെ പൂർണ്ണതയിൽ എത്തിക്കുന്നതായിരുന്നു ആ മുഖം.

അസാമാന്യവൈശിഷ്ട്യമുള്ള സൗന്ദര്യം എന്നൊന്നില്ലല്ലോ ? അതു കൊണ്ടു തന്നെ എനിക്കവൾ സ്വപ്നസദൃശ്യമായ സാന്നിദ്ധ്യമായിരുന്നു,

മയങ്ങുന്ന സ്വർഗ്ഗകന്യകകളെക്കുറിച്ചുള്ള മായകൽപ്പനകളേക്കാൾ ദൈവീകമായ ലോലവും ആത്മാവിനെ പ്രലോഭിപ്പിക്കുന്നതുമായ കാഴ്ച്ചയായിരുന്നു അവൾ.

ഉയർന്ന് മൃദുലമായ പിഴവുകളില്ലാത്ത നെറ്റിത്തടവും , ശുദ്ധമായ ചന്ദനത്തിന്റെ നിറവുമായി മത്സരിക്കുന്ന ചർമ്മവും,

ഇരു ചെവിക്കും മുകളിലുള്ള ഭാഗങ്ങളുടെ മുഴുപ്പും ഒപ്പം കറുകറാ കറുത്തതും തിളങ്ങുന്നതും സമൃദ്ധവുമായ സ്വഭാവികമായി ചുരുണ്ട മുടിയിഴകളുമെല്ലാം ചേർന്ന് രൂപികൃതമാകുന്നത് ഗ്രീക്ക് ദേവത മിനർവ്വയുടെ രൂപമാണ്.

അവളുടെ മൂക്കിന്റെ പ്രത്യേകത എന്തെന്നാൽ ഇത്രയും കൃത്യമായുള്ള ഒന്ന് മുൻകാലങ്ങളിലെവിടെയും എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലന്നതാണ്,

ആഢംബരപ്പൂർണ്ണമായ മൃദുലത കളിയാടിയിരുന്ന അലങ്കാരപ്പൂർവ്വം വളഞ്ഞിരുന്ന നാസിക തീർത്തും മനോഹരമായിരുന്നു,

മധുരം നിറഞ്ഞ അധരങ്ങൾ രൂപഭംഗി കൊണ്ട് ഏതോ ശിൽപ്പി വർഷങ്ങളോള്ളം അഹോരാത്രം കഷ്ടപ്പെട്ട് കൊത്തിയെടുത്ത പോലെയായിരുന്നു, സ്വർഗ്ഗീയമായ എല്ലാ വസ്തുകളുടെയും ഘോഷയാത്രയായിരുന്നു അവിടം,

ചെറിയ മേൽച്ചുണ്ടിന്റെ കാന്തികാകർഷണമുള്ള വളവ് താഴത്തേതിന്റെ മൃദുലവും ഉദാലസവുമായ വിറയൽ സംസാരിക്കുമ്പോൾ തെളിയുന്ന നുണകുഴികൾ,

പ്രഭ വിടർത്തുന്ന വിധം പ്രത്യക്ഷമാകുന്ന പല്ലുകളിൽ വിശുദ്ധവെളിച്ചത്തിന്റെ എല്ലാ കിരണങ്ങളും പതിഞ്ഞിരുന്നു
ലോകത്തുള്ള എതൊരു പുഞ്ചിരിയേക്കാളും ദീപ്തമായിരുന്നു അവളുടെത്,

കണ്ണുകൾക്ക് നമുക്ക് മാതൃകയുണ്ടായിരുന്നില്ല അവ പിടക്കുന്ന മാൻമിഴിയേക്കാൾ പൂർണ്ണത ഉള്ളതായിരുന്നു,

ഏറ്റവും മികച്ച കറുപ്പു നിറത്തിലുള്ള നേത്രഗോളങ്ങൾക്കു മുകളിൽ അൽപ്പം ഉയർന്നു നിൽകുന്ന നീളമേറിയ പുരികങ്ങൾ അതും നേത്രഗോളങ്ങളുടെ അതെ നിറമായിരുന്നു,

ഒപ്പം ആ കണ്ണുകളിൽ വിടരുന്ന ഭാവങ്ങളും അവയേ അസാധാരണതുല്യമാക്കി,

അവളുടെ കണ്ണുകളിലെ നിഷ്ക്കളങ്കമായ ഭാവങ്ങൾ ചിലപ്പോഴൊക്കെ എന്നെ പൂവിനു ചുറ്റും പാറി പറന്നു കളിക്കുന്ന പൂമ്പാറ്റയേ പോലെ അവളിലേക്കടുപ്പിച്ചു കൊണ്ടെയിരുന്നു,

അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി അവയിൽ കണ്ണും നട്ട് ധ്യാനനിരതനായി എത്രയോ മദ്ധ്യവേനൽ രാവുകൾ ഞാനവയുടെ ആഴമളക്കാൻ ശ്രമിച്ചിരുന്നു,

എന്നാൽ സമുദ്രത്തേക്കാൾ ആഴത്തിൽ അവളുടെ കൃഷ്ണമണികളിൽ അത് ഒളിഞ്ഞു തന്നെ കിടന്നു,

നിയന്ത്രണമില്ലാത്ത ഒരു ലഹരി പോലെ അവൾ എന്നെ പൊതിഞ്ഞു,
എനിക്കൊരിക്കലും കണക്കുകൂട്ടാൻ കഴിയാത്തവിധം സ്നേഹമെന്ന തീവ്രമായ വികാരം എന്നെ വലയം ചെയ്യാൻ തുടങ്ങി,

അവളുടെ കണ്ണുകളുടെ അതിശയകരമായ വശ്യതയിലും അവൾ ഉച്ചരിക്കുന്ന ഒരോ വാക്കുകളും അതിലെ ഊർജ്ജവും എന്നെ തീർത്തും അവളുടേതാക്കി മാറ്റി,

അവളുടെ വിടർന്ന കണ്ണുകളിലെ പ്രഭാപൂരം സ്വപ്നങ്ങൾ എന്നിൽ ഇഴനെയ്യാൻ തുടങ്ങി,

ഉജ്ജ്വലമായ അത്യാഹ്ലാദം, സ്വർഗ്ഗീയ പ്രതീക്ഷകൾ, സമൃദ്ധമായ സ്വപ്നങ്ങൾ,
മനോഹരമായ നേർക്കാഴ്ച്ചകൾ,
ദൈവീകമായ നിമിഷങ്ങൾ എല്ലാം ചേർന്ന്

അവൾ എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് ഞാൻ നടന്നു കയറി,

വർഷങ്ങളുടെ കാത്തിരുപ്പും അതിന്റെ പ്രതിഫലനവും, സ്വപ്നങ്ങളും ചേർന്ന് അവളായി രൂപാന്തരപ്പെട്ട് അവളെന്നെ കീഴ്പ്പെടുത്താൻ തുടങ്ങിയിരുന്നു,

ഈ പറഞ്ഞതെല്ലാം ഇന്നും അവൾ എന്നിൽ എത്രമാത്രം ആഴത്തിൽ പതിഞ്ഞു കിടക്കുന്നുണ്ടെന്നു മനസിലാകുന്നതിനു വേണ്ടി മാത്രമാണ്.

എന്നെ പോലെ അവളിലും അതെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നിറഞ്ഞെങ്കിലും വീട്ടുകാരുടെ ഇടപെടലോടെ അവളിലെ മനസ്സു മാറ്റം വളരെ എളുപ്പത്തിലായി,

ലോകം സ്നേഹം എന്നു വിളിക്കുന്ന വസ്തുവിന് ഞങ്ങൾക്കിടയിൽ ഒരു കുറവും ഉണ്ടായിരുന്നില്ല,

എന്നിട്ടും അവളോടൊത്തുള്ള ജീവിതത്തിനായി ഞാൻ പൊരുതിയെങ്കിലും വീട്ടുകാർക്കു വേണ്ടി അവിടെയും അവൾ തന്നെ സ്വയം എതിരാളിയായി എന്നത് എന്റെ വേർപാട് അതിന്റെ എല്ലാ ഭീകരതയോടും കൂടി മുന്നിൽ നിവർന്നു നിന്നു.

ആ ബന്ധത്തിന്റെ ശക്തി പൂർണ്ണമായും ഞാൻ തിരിച്ചറിഞ്ഞത് അവളുടെ നഷ്ടത്തോടെയായിരുന്നു,
അതോടൊപ്പം ഏതൊരു സാധാരണ മനസിലും സ്നേഹം ഒരു സാധാരണ വികാരമല്ലെന്നും ഞാൻ തിരിച്ചറിഞ്ഞു,

മനസിന്റെ വിശദ്ധീകരിക്കാനാവാത്ത ശാസ്ത്രത്തിൽ യഥാർത്ഥ വസ്തുതയേക്കാൾ വിസ്മയിപ്പിക്കുന്നതായി മറ്റൊന്നില്ല,
എന്നിട്ടും നിയന്ത്രണമില്ലാത്ത ഒരു ലഹരി പോലെ അവൾ എന്നെ പൊതിഞ്ഞു,

ശക്തമായ അടുപ്പത്തിന്റെ അനന്തരഫലമെന്നത് പലപ്പോഴും വേദനയാണ്, ചിലർ നമുക്കേറ്റവും പ്രിയപ്പെട്ടതാവുകയും വന്നതു പോലെ മറയുകയും ചെയ്യുന്നു,

വൈകാരികമായ അർപ്പണത്തിനും ഉപരിയായി ഒരു തരം വിഗ്രഹാരാധന തുളുമ്പുന്ന ഹൃദയവുമായി ഞാൻ പിന്നെയും ഒറ്റക്കു നിന്നു.

സ്നേഹത്തിനു വേണ്ടിയുള്ള അവളുടെ സ്ത്രീസഹജമായ ഇഷ്ടങ്ങൾ അവളിൽ ചിറകു വിരിച്ച് പറക്കാൻ തുടങ്ങിയതായിരുന്നു

ആ മോഹങ്ങളും പ്രതീക്ഷകളും ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ കൊടിയ വിഷാദത്തിൽ കുഴിച്ചു മൂടേണ്ടി വന്നത് അത്രമാത്രം ഹൃദയസ്പൃക്കായ അനുഭവമായിരുന്നു,

എന്നോ കാണേണ്ടി വരുമായിരുന്ന സന്തോഷങ്ങൾക്കു വേണ്ടി എന്നും കാണാമായിരുന്ന സന്തോഷങ്ങളെ നഷ്ടപ്പെടുത്തി അവൾ അവളെ തന്നെ ത്യാഗം ചെയ്തു

ജീവിതത്തിനു വേണ്ടിയുള്ള ആഗ്രഹത്തിന്റെ തീവ്രാസക്തിയിലായിരുന്നു ഒരിക്കലവൾ എന്നാൽ ആഗ്രഹിച്ച ജീവിതത്തിലേക്ക് അതു കാലെടുത്തു വെച്ചില്ല!

അതു കൊണ്ടു തന്നെ തന്റെ ഉള്ളിലെ താൽപ്പര്യങ്ങളെയും,ആഗ്രഹങ്ങളെയും, ഇഷ്ടങ്ങളെയും,ആവശ്യങ്ങളെയും വീട്ടുകാർക്കു മുന്നിൽ പ്രതിഫലിപ്പിച്ചു കാണിക്കാൻ കഴിയുന്ന തലത്തിലേക്ക് അവൾ വളർന്നതുമില്ല.

ഒാർമ്മകളുടെ വേട്ടയാടലുകളിൽ ചുറ്റി ഉഴലുമ്പോൾ ഒന്നിലും മനസുറക്കാതെ മരണത്തെ മുഖാമുഖം കണ്ടപ്പോൾ

എന്നെ പിന്നെയും ഈ ഭൂമിയിൽ പിടിച്ചു നിർത്തിയത് ജീവിച്ചിരുന്നാൽ മാത്രമേ വീണ്ടും അവളെ ഇതുപോലെ ഒന്നു കാണുവാൻ സാധിക്കു എന്ന് അറിയാമായിരുന്നതു കൊണ്ടു കൂടിയാണ്.

അവളെ കുറിച്ചുള്ള പഴയ ഓർമ്മകളെ വിട്ട് വീണ്ടും അവൾ നിന്നിരുന്ന ഇടത്തേക്ക് നോക്കിയപ്പോഴെക്കും അവൾ അവിടം വിട്ടു പോയിരുന്നു,

ആ കാഴ്ച്ചകൾക്കു ശേഷവും
മൂന്നു വർഷത്തിനിപ്പുറം ഇപ്പോഴും ഇടക്കെ മനസ്സെന്നോടു ചോദിക്കും

അവളെ ഒന്ന് പോയി കണ്ടു കൂടെയെന്ന് ?
ഹൃദയം അപ്പോഴും പറയും വേണ്ടായെന്ന്.

മനസ്സ് എപ്പോഴും അവളെ കാണാനുള്ള ആഗ്രഹങ്ങളെ കൂട്ടുപിടിച്ച് ആശകളുടെ ചിറകു വിടർത്താൻ എപ്പോഴും ശ്രമിച്ചു കൊണ്ടേയിരുന്നു,

ഹൃദയം പക്ഷേ നേർക്കാഴ്ച്ചകളിൽ വിശ്വസിക്കാൻ ശ്രമിക്കുന്നതു കൊണ്ടും,
ഇന്നവൾ തീർത്തും മറ്റൊരാളുടെ സ്വന്തമാണെന്ന് അറിയുന്നതു കൊണ്ടും,
ആ മനസിൽ അത്ര ആഴത്തിൽ മറ്റൊരു സാധ്യതയില്ലായെന്നു ഹൃദയത്തിനു വ്യക്തമായറിയാവുന്നതു കൊണ്ടും,

ഹൃദയം അവളെ ഹൃദയത്തിന്റെ ഉള്ളറകളിൽ എവിടയോ മനപ്പൂർവ്വം മറവിയിലാഴ്ത്തി വെക്കാൻ ആണ് ശ്രമിക്കുന്നത്.

മനസ്സിനും അതറിയാഞ്ഞിട്ടല്ല,
പകരം ചില നേർകാഴ്ച്ചകൾ കൊണ്ട് ഒാർമ്മകളുടെ പുതിയ താളുകൾ സൃഷ്ടിക്കാനാണ് മനസ്സു ശ്രമിക്കുന്നത്.

എന്നാൽ ആ കാഴ്ച്ചക്കു ശേഷം ഹൃദയത്തിനുണ്ടായേക്കാവുന്ന വേദനയേ കുറിച്ച് വളരെ ബോധവാനാണ് ഹൃദയം.

മനസ്സിനുള്ളിൽ അവളെ ഒന്നു കാണുവാനുള്ള ത്വര നിറയുന്ന പോലെ
തീവ്രമായ ആഗ്രഹത്തോടും ദൃഢമായ വികാരതൈക്ഷ്ണ്യത്തോടും കൂടി വീണ്ടുമവളെ കാണുകയെന്നത് ഇനി സാധ്യമല്ലെന്ന് ഹൃദയത്തിനും കൃത്യമായി അറിയാം.

മനസു അവളെ മോഹിക്കുന്നതിന്റെയും ഹൃദയം അവളെ നിരാകരിക്കുന്നതിന്റെയും കാരണം ഇപ്പോൾ നിങ്ങൾക്കു വ്യക്തമായിട്ടുണ്ടാവും.

ജീവിതത്തിൽ മാനുഷികമായി സമ്പാദിക്കാനാവുന്നതിലും ഉപരിയായി ചിലതവൾ എനിക്ക് തന്നിട്ടാണ് പോയത്,
അതുകൊണ്ടു തന്നെ ഇനി ഒരിക്കലും തമ്മിൽ കണ്ടില്ലെങ്കിൽ പോലും,

എക്കാലവും ഒാർമ്മകൾക്ക് മുകളിൽ മനോഹരമായ ഒരു ദൃശ്യമായി ഹൃദയം സൂക്ഷിക്കുന്ന ഒന്നായിരിക്കും അവൾ…

Leave a Reply

Your email address will not be published. Required fields are marked *