ഓർമ്മകളെ ഹൃദയത്തിൽ താലോലിച്ച് ഒരു നിലവിളക്കിനു മുന്നിൽ കിടക്കുന്ന..

മുത്തശ്ശി
(രചന: Jomon Joseph)

” ഗ്രാൻഡ്മായുടെ കഥ കൊള്ളില്ല ,ഞാൻ ഡാഡിയുടെ ഫോണിൽ English കഥ കേട്ടോളാം”

മുത്തശ്ശിയുടെ മടിയിൽ നിന്നും ചാടി ഇറങ്ങി അനുക്കുട്ടൻ ഓടി . അവന്റെ വർത്തമാനം കേട്ട് ആ സ്ത്രീയുടെ മുഖഭാവം മാറി .ഇപ്പോഴത്തേ കുട്ടികൾ, ഓ പണ്ടൊക്കെ എങ്ങനായിരുന്നു .

” അമ്മ ഏതു കഥയാണ് അനുക്കുട്ടന് പറഞ്ഞു കൊടുത്തത് ….?” പുറത്ത് കാർ കഴുകി നിന്ന മുരളി ചോദിച്ചു .

” ഞാൻ കുരങ്ങന്റേയും മുതലയുടേയും കഥ …. തുടങ്ങിയപ്പോഴേ അവന്റെ ഇരുപ്പു ഉറയ്ക്കുന്നില്ലായിരുന്നു …. ”

ഞാൻ മുത്തശ്ശിയുടെ കൂടെ കിടക്കും, ഇന്നലെ നീയല്ലെ കിടന്നത്. ഇന്ന് മുത്തശ്ശി ഏതു കഥയാണ് പറഞ്ഞു തരുന്നത് .കുട്ടിക്കാലത്ത് മുത്തശ്ശിയോട് ചേർന്നു കിടന്ന് ഞങ്ങൾ ചോദിക്കും .

ഞങ്ങൾ എന്നു പറഞ്ഞാൽ ഒരു പത്തു ആറേഴു പേരെങ്കിലും കാണും .മാമന്റെ മക്കളും ,ചെറിയമ്മയുടെ മക്കളും ഒക്കെ ഉണ്ടാവും .

” ഞാൻ ഇന്ന് കുരങ്ങന്റേയും മുതലയുടേയും കഥ പറയാം ”
താഴെ നീക്കി വച്ചിരുന്ന കോളാമ്പിയെടുത്തു അതിലേക്കു മുറുക്കി തുപ്പി മുത്തശ്ശി പറയും .

ഒത്തിരി തവണ കേട്ടതാണെങ്കിലും, മനസ്സിൽ എഴുതി കുറിച്ചതാണെങ്കിലും മുത്തശ്ശിയുടെ പാതി വ്യക്തമായുള്ള കഥ പറച്ചിൽ കേൾക്കാൻ എന്തു രസമാണ് .

ഓരോ സന്ദർഭങ്ങളിൽ ഓരോ മുഖഭാവങ്ങളും ആ മുഖത്തു തെളിഞ്ഞു കാണാം …

കഥ തുടങ്ങിയാൽ മുത്തശ്ശിയുടെ അരികിൽ ഉള്ള ആളുടെ തലമുടിയിലൂടെ കൈവിരൽ ഓടിക്കും .

“എന്നിട്ട് ബുദ്ധിമാനായ കുരങ്ങൻ ചാടി മരത്തിലേക്കു കയറിയിട്ട് പറയും … ഹേ മുതലച്ചാരെ നിന്നെ വിശ്വസിച്ചു പോയതാണ് എന്റെ തെറ്റ് ”

അതു പറയുമ്പോഴേക്കും ഞങ്ങൾ എല്ലാവരും പകുതി മയക്കത്തിലേക്ക് വീണു കാണും ….

രാവിലെ സുപ്രഭാതത്തിന്റെ ഈണങ്ങൾ കാതുകളിലേക്ക് ഒഴുകിയെത്തുമ്പോൾ പതിയെ ഓരോരുത്തരായി ചാടി എഴുന്നേൽക്കും .

അപ്പോഴേക്കും ആവി പൊന്തുന്ന ചൂടു ചായ സ്റ്റീൽ ഗ്ലാസിൽ മുന്നിൽ എത്തിയിട്ടുണ്ടാവും .പകൽ സമയങ്ങളിൽ മുത്തശ്ശിക്കു ചുറ്റും അയലത്തെ കുട്ടികളും ഉണ്ടാവും .ഒരു പഴുത്ത മാമ്പഴമോ ,

പേരയ്ക്കയോ കിട്ടിയാൽ ആളെണ്ണം നോക്കി മുത്തശ്ശി മുറിക്കും കൈനഖത്തിന്റെ വലുപ്പത്തിലെ കഷ്ണം ആണെങ്കിലും അതു കഴിക്കുമ്പോൾ മനസ്സിനു കിട്ടുന്ന രുചി പറഞ്ഞറിയിക്കാവുന്നതിലും എത്രയോ വലുതാണ് ….

ഒരു രാത്രിയിൽ കഥയുടെ ഈണങ്ങൾ അമ്മയ്ക്കും ,ചേച്ചിമാർക്കും ,കൊച്ചു മക്കൾക്കും പകർന്നു നൽകി മുത്തശ്ശി പറയാതെ യാത്ര പോയപ്പോൾ ഞാനും ഒത്തിരി കരഞ്ഞു .

ഓർമ്മകളെ ഹൃദയത്തിൽ താലോലിച്ച് ഒരു നിലവിളക്കിനു മുന്നിൽ കിടക്കുന്ന ആ ശരീരത്തിന് അരികിൽ ഞാൻ ചെന്ന് ഇരുന്നപ്പോൾ മുത്തശ്ശി എന്നോട് ചോദിച്ചു .

” മോൻ മുത്തശ്ശിയെ കാണാൻ വന്നുവല്ലേ … ”

തിരക്കുകൾ ഒഴിയാത്ത ജീവിതത്തിൽ പലപ്പോഴും ആശിച്ചിട്ടും വരാൻ കഴിയാത്ത,

മോഹമുണ്ടായിട്ടും കാണാൻ കഴിയാത്ത ആ മുഖത്ത് ഞാൻ ചുംബിക്കുമ്പോൾ എന്റെ കണ്ണുനീർ തുളളികൾ ചുളുങ്ങിയ കവിൾ തടങ്ങളിലൂടെ മുത്തശ്ശിയുടെ ഹൃദയം ലക്ഷ്യമാക്കി ഒഴുകി ……

“എന്താടാ നിന്റെ കണ്ണു നിറയുന്നത് …? ”
അമ്മയുടെ ചോദ്യത്തിന് മറുപടിയായി ഞാൻ പറഞ്ഞു .” അമ്മ ആ കഥ ഒന്നു പറയാമോ ….”

ആവേശത്തോടെ കുരങ്ങന്റേയും മുതലയുടേയും കഥ അമ്മ പറഞ്ഞു തീർക്കുമ്പോൾ ആ മുഖത്ത് ഞാൻ എന്റെ മുത്തശ്ശിയേയും കണ്ടു .ആ വരികളിൽ മുത്തശ്ശിയുടെ ഈണം ഞാൻ കേട്ടു ……

കഥ പറഞ്ഞു തീർന്നപ്പോൾ ഞാൻ അമ്മയോടു ചോദിച്ചു ….

” മുത്തശ്ശി ഉണ്ടായിരുന്നെങ്കിൽ …..”

അമ്മയുടെ കൈകൾ എന്റെ തലമുടിയിലൂടെ തഴുകുമ്പോൾ അകത്തെ മുറിയിൽ നിന്നും അനുക്കുട്ടൻ ഇതെല്ലാം നോക്കി കാണുന്നുണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *