അജ്ഞാതനായ അയാൾക്ക്‌ കമന്റിട്ട കൊച്ചൻ ആരാണെന്ന് അറിയാനുള്ള ആകാംഷയോടെ ടീച്ചർ വീണ്ടും അയാളുടെ ഫ്‌ബി പേജിൽ എത്തി..

(രചന: നിവിയ റോയ്)

“അരുത് ….” എന്ന തലക്കെട്ടോടെ അയാൾ ഫ്‌ബിയിൽ ഒരു പോസ്റ്റിട്ടു.
നാൽപ്പതുകളുടെ മധ്യത്തിൽ എത്തിയപ്പോഴാണ് അതുവരെ കണക്കുകൾ മാത്രം കൂട്ടിശീലിച്ച അയാളുടെ പേന സംസാരിക്കാൻ തുടങ്ങിയത് .
‘ശരിയാണ് ‘….പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്
അവൾ മറുപടി ഇട്ടു.

മക്കൾ കൗമാരപ്രായക്കാരായെന്ന്
കണ്ടപ്പോളാണ് ,അടുക്കളയിലെ പാത്രങ്ങളുടെ ഇടയിൽ നിന്നും പിന്നെ കുറെ ‘ഹായ് ‘കൾ തീർത്ത വലയങ്ങൾ ഭേദിച്ചും അവൾ പുറത്തു ചാടിയത് .

അയാൾ വീണ്ടും എഴുതി .
നിങ്ങൾ കണ്ണ് തുറക്കൂ ….
സിഗരറ്റ് പാക്കറ്റിൽ എന്താണ് എഴുതിയിരിക്കുന്നത്?
മദ്യ കുപ്പിയിൽ എന്താണ് എഴുതിയിരിക്കുന്നത് ?
യുവതലമുറയ്ക്ക് ഇന്ന് യാത്രകൾ ഹരമല്ലേ ?
ഡീഅഡിക്ഷന് സെന്ററിലേക്ക് ഒരിക്കലെങ്കിലും ഒരു യാത്ര പോകൂ ….

അവൾ വായിച്ചു അതിനു താഴെ ഹൃദയം കൊണ്ട് തന്റെ കൈയൊപ്പ് രേഖപ്പെടുത്തി .

അന്നാണ് ജാനകി ടീച്ചർ ആ പോസ്റ്റ് കണ്ടത് . ടീച്ചർ ഫ്ബി യിൽ വന്നിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു.വിശ്രമ ജീവിതത്തിൽ വിരസത തോന്നിത്തുടങ്ങിയപ്പോഴാണ് ടീച്ചർ ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ ഓരം പറ്റി നടക്കാൻ തുടങ്ങിയത്.പേരക്കുട്ടി സച്ചിനാണ് ടീച്ചറിന് വഴി‌കാട്ടിയായത്.
ശരിയാണല്ലോ ….പ്രതികരിക്കണം.ടീച്ചർ ഓർത്തു.

ടൈപ്പ് ചെയ്യാൻ തീരെ വയ്യ .
വോയിസ് ടൈപ്പ് ചെയ്യാം .അതിന് ആദ്യം ഒന്ന് എഴുതി ചിട്ടപ്പെടുത്താം.

പണ്ടെങ്ങോ അലമാരയിൽ വെച്ചു പൂട്ടിയ ആ ഗോൾഡൻ കളർ ഹീറോ പെൻ ടീച്ചർ തപ്പിയെടുത്തു.
എഴുതുവാൻ നോക്കിയിട്ട് നടക്കുന്നില്ല.
മഷി കട്ടപിടിച്ചിട്ടുണ്ടാവും ,ജാനകി ടീച്ചർ ശക്തിയായി പേന കുടഞ്ഞു . തന്റെ നീല നിറത്തിലെ പൂക്കളുള്ള ഓഫ് വൈറ്റ് കോട്ടൺ സാരിയിൽ കറുത്ത അടയാളങ്ങൾ രേഖപ്പെടുത്തി മഷി ഒഴുകി .

പെട്ടന്നാണ് ആ പോസ്റ്റിൽ ഒരു കമന്റ് വന്നത് .

‘സുഹൃത്തേ നിങ്ങൾ ഇന്നലെ കഷ്ടപ്പെട്ട് വെട്ടിയ വളഞ്ഞ വഴികളിലൂടെ ഞങ്ങളിന്നു അനായാസം യാത്ര ചെയ്യുന്നതിൽ സന്തോഷിക്കുകയല്ലേ
വേണ്ടത് ?
പരിഭവം പറയേണ്ടത് ഞങ്ങളല്ലേ ?
എന്തുകൊണ്ട് ഞങ്ങക്ക് ഒരു നേരായ വഴി നിങ്ങൾ വെട്ടിയൊരുക്കിയില്ല ‘.

അത് വായിച്ചു അയാൾ ചാരുകസേരയിൽ ചാരിക്കിടന്ന് ചായം തേച്ചു കറുപ്പിച്ച തന്റെ താടി തടവിക്കൊണ്ട് ഓർത്തു .
ശരിയാണ് ആ പോസ്റ്റിലെ അരുതുകൾ തന്റെ ജീവിതത്തിൽ താൻ അവഗണിച്ചു കളഞ്ഞ അരുതുകല്ലെ .

അച്ഛന്റെ കാർക്കശ്യം നിറഞ്ഞ ‘അരുത്’ കൾ ….
അമ്മയുടെ വാത്സല്യം നിറഞ്ഞ ‘അരുത്’ കൾ ….
അദ്ധ്യാപകരുടെ ആജ്ഞ രൂപത്തിലുള്ള ‘അരുത്’ കൾ ….
അങ്ങനെ പലരുടെയും ‘അരുത്’ കൾ അയാളെ ഒളിഞ്ഞു നോക്കി വാതിൽ മറയത്തു നിന്നു.

ഒരു ആശ്വാസത്തിനു വേണ്ടി അപ്പോൾ അയാൾ അവളുടെ പ്രൊഫൈൽ പിക്ചർ തിരഞ്ഞു തിരഞ്ഞു മടുത്തു.
അപ്പോഴാണ് ടീച്ചർ തന്റെ കട്ടി കണ്ണട ഒരിക്കൽ കൂടി മുഖത്തുറപ്പിച്‌ച് എഴുതി തുടങ്ങിയത് .
അരുത് മക്കളെ ….
പണ്ട് കറുത്ത ബോർഡിൽ വെളുത്ത ചോക്കുകൾ കൊണ്ട് എഴുതിയ കാലം ടീച്ചർ ഓർത്തു.
ജാനകി ടീച്ചറിന്റെ കണ്ണുകൾ നിറഞ്ഞു വന്നു.

ഒരിക്കൽക്കൂടി ഓർമ്മയുടെ മതിലുകൾ ചാടിക്കടന്ന് നീളത്തിലുള്ള നാല് നിറം മങ്ങിയ ചുവരുകൾ ഓടിവന്നു .ഒപ്പം ചില്ലു പൊട്ടിയ ജനാലയും ഓടിക്കിതച്ചെത്തി .
ഓട് പൊട്ടിയ മച്ചുകൾ സൂര്യപ്രകാശം അരിച്ചിറക്കാൻ തുടങ്ങി .ക്ലാസ്സ് മുറികളിലേക്ക് പേരുകൾ കോറിയിട്ട ഡസ്‌ക്കുകളും കൂട്ടിന് ബഞ്ച്കളും നിറഞ്ഞു.
സ്കൂൾ മുറ്റത്തു വാക പൂത്തു….
നെല്ലി മരം കായ്കൾ ഉതിർത്തു ….
മുറ്റത്തു കളം വരച്ച പാടുകൾ ….
പൊട്ടിയ വളപ്പൊട്ടുകൾ ….
ഓലപ്പന്തുകൾ ….
ചെളിപറ്റിയ ഫുട്ബോൾ …
രൂപപ്പെടാത്ത കാല്പാടുകൾ …
അവിടമാകെ കലപില ശബ്ദം .

8ബിയിലേക്ക് ജാനകി ടീച്ചർ കടന്നു വന്നു.
ചുണ്ടിൽ അതേ പുഞ്ചിരി .
നെറ്റിയിൽ പതിവുള്ള ചന്ദനക്കുറി.

ടീച്ചർ ക്ലാസ്സിലേക്ക് പുഞ്ചിരിച്ച മുഖവുമായി കടന്നു വരുമ്പോൾ കുട്ടികൾ പിറുപിറുക്കും ‘അരുത്’ ടീച്ചർ വരുന്നുണ്ട് .
അന്നും സാരിക്ക് ചേർന്ന കമ്മലും മാലയും വളയുമാണ് ടീച്ചർ ഇട്ടിരുന്നത് .
ഇന്നും ടീച്ചർ സുന്ദരിയാണ് പെൺകുട്ടികൾ പരസ്പരം തോണ്ടി കാതിൽ പറഞ്ഞു.

“ഗുഡ് മോർണിംഗ് ടീച്ചർ.”
എല്ലാവര്ക്കും ഗുഡ്മോർണിംഗ് പറഞ്ഞു ടീച്ചർ ബോർഡിൽ എഴുതും …
അരുത് …അരുതിന് അടിവരയിട്ടു രണ്ടു വരികൾ കൂടി .
പുകവലി മദ്യപാനം മയക്കുമരുന്ന് അരുത്.
അത് നിങ്ങളെ നശിപ്പിക്കും.
ക്ലാസ്സിൽ പുതുതായി വന്ന ഒരു മിടുക്കൻ ആൺകുട്ടി ഒരിക്കൽ ചോദിച്ചു .

“ടീച്ചറെ ഇത് ഔട്ട് ഓഫ് സിലബസ് അല്ലെ ?ടീച്ചറിന്റെ വിഷയം കണക്ക് അല്ലെ ?”

അത് പറയുമ്പോൾ അവന്റെ മുഖത്ത് ഒരു കുസൃതി ചിരി ഉണ്ടായിരുന്നു.
“അതെ …നിങ്ങളുടെ പാഠപുസ്തകത്തിലേ സിലബസ് പഠിച്ചാൽ ജോലി ഉറപ്പിക്കാം.
ഈ വാക്കുകൾ മനസ്സിൽ ഉറപ്പിച്ചാൽ ജീവിതവും”.
അത് പറയുമ്പോൾ ടീച്ചറിന്റെ മുഖത്തെ ചിരിക്ക് വെട്ടം കൂടി.
പിറ്റേ ദിവസം ടീച്ചർ ക്ലാസ്സിൽ കയറുമ്പോൾ കണ്ടു ബോർഡിൽ അരുതും ആ രണ്ട് വരികളും ആരോ തനിക്കു വേണ്ടി എഴുതിയിരിക്കുന്നു .

അന്ന് ജാനകി ടീച്ചറിന്റെ മുഖത്ത് പടർന്ന കണ്ണീർ ഹൃദയം ചിരിച്ചതിന്റെതായിരുന്നു.

പിന്നീട് കുട്ടികൾ മത്സരിച്ചാണ് ബോർഡിൽ ആ വാക്കുകൾ എഴുതിയത് .മുതിർന്ന ക്ളാസ്സുകളിലേക്ക് പോകുമ്പോൾ അവർ ആ വാക്കുകളെ കടമെടുത്തു പുതിയ ബോർഡിൽ കുടഞ്ഞിട്ടിരുന്നു ….
ആ മിടുക്കന്റെ പുഞ്ചിരി ഇന്നും മനസ്സിലുണ്ട് . ഓർമ്മകളെ വിട്ടു പോരുമ്പോൾ ടീച്ചർ ഓർത്തു.

അജ്ഞാതനായ അയാൾക്ക്‌ കമന്റിട്ട കൊച്ചൻ ആരാണെന്ന് അറിയാനുള്ള ആകാംഷയോടെ ടീച്ചർ വീണ്ടും അയാളുടെ ഫ്‌ബി പേജിൽ എത്തി .കമൻറുകളിൽ അവനെ തിരഞ്ഞു കണ്ടെത്തി .എവിടെയോ കണ്ടതുപോലെ…ടീച്ചർ അവന്റെ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി .കണ്ണ് ശരിക്കും പിടിക്കുന്നില്ല.പിന്നെ ടീച്ചറിന്റെ മുഖത്തു ഒരു പുഞ്ചിരി വിരുന്നെത്തി.

എടാ ഇത് നീയായിരുന്നോ …?അങ്ങനെ സ്വയം പറഞ്ഞു കൊണ്ട് ടീച്ചർ ഉറക്കെ
ചിരിച്ചു .മദ്യത്തിനും മാക്കുമരുന്നിനുമെതിരെ നടത്തുന്ന ബോധവത്കരണ ക്ലാസ്സുകൾ ….റാലി …ഡീഅഡിക്ഷന് സെന്റെറിലെ ഡോക്റ്റേഴ്സുമാരുമായുള്ള ചർച്ചകൾ . കുട്ടികളുടെ അനുഭവങ്ങൾ .ഈ കെണിയിൽ കുടുക്കി പൊലിഞ്ഞു പോയ മക്കളെയോർത്തു നിസ്സഹരായ മാതാപിതാക്കളുടെ അവസ്ഥ ….ഇതൊക്കെ അവന്റെ ഫ്ബി പേജിൽ നിറഞ്ഞു നിന്നിരുന്നു. എല്ലാറ്റിലും അവൻ മുന്പിലുണ്ട്.

ജാനകി ടീച്ചറിന്റെ കണ്ണുകൾ നിറഞ്ഞു വന്നു .കണ്ണട മാറ്റി കണ്ണ് തുടച്ചു കുറച്ചു നേരം ചാരു കസേരയിൽ ചാരിക്കിടന്ന് മനസ്സ് ശാന്തമാക്കി .എന്നിട്ടു ചുവരിലെ കെടാവിളക്കിനു പിന്നിലെ ഫോട്ടോയിൽ നോക്കി ടീച്ചർ പറഞ്ഞു .
“ദേ നിങ്ങടെ പേരക്കുട്ടി നിങ്ങളെപ്പോലെ തന്നെ ഒരു പുലിക്കുട്ടിയാട്ടോ.നമ്മുടെ സച്ചിനെക്കുറിച്ചാണ് ഈ പറയുന്നത് .മനസ്സിലായോ ….

അത് കേട്ട് ഓർമ്മകൾ വീണ്ടും ഓടിക്കിതച്ചെത്തി …അയാൾ ആ ചിത്രത്തിൽ നിന്നും ഇറങ്ങി വന്ന് തന്റെ കാക്കി കുപ്പായമിട്ട് തൊപ്പി തലയിൽ ഉറപ്പിച് ലാത്തിയെടുത്‌ത് കൈ വെള്ളയിൽ തട്ടി പതുക്കെ പുറത്തേക്കിറങ്ങി.
സ്കൂൾ പരിസരത്തു ബീഡിയും സിഗരറ്റും കഞ്ചാവ് ചുരുട്ടും കൊണ്ട് പതുങ്ങി നിന്നവർ അയാളെക്കണ്ടു വിളിച്ചു പറഞ്ഞു .
“പുലികേശി വരുന്നുണ്ട് ഓടിക്കോ …”

കേശവനുണ്ണി എന്ന ആ പോലീസുകാരൻ തന്റെ കഴുകൻ കണ്ണുകളുമായി കൈകൾ രണ്ടും പുറകോട്ടു കെട്ടി ലാത്തി ഒളിപ്പിച്ചു രാവിലെയും ഇന്റെർവെലിന്റെ സമയത്തും പിന്നെ സ്കൂള് വിടുമ്പോഴും സ്കൂൾ പരിസരത്തുണ്ടാകും.കുട്ടികളെ നോക്കി ചിരിച്ചില്ലെങ്കിലും അയാൾ അവരുടെ ഒരു കാവലാൾ ആയിരുന്നു.അയാളെ പേടിച്ചു സ്കൂൾ പരിസരത്തു വരാൻ ലഹരി വില്പനക്കാർക്ക് ഭയമായിരുന്നു.
അയാളുടെ അനിയത്തി ഇടയ്ക്കെപ്പോഴോ അയാളെ കളിയാക്കി .

“പുതുതായി വന്ന ജാനകി ടീച്ചറെ കാണുമ്പോൾ മാത്രമാണ് പുലികേശുവിന്റെ കൊമ്പൻ മീശ ഒന്നിളകുന്നത് “.അത് കേട്ട് അയാൾ പൊട്ടിച്ചിരിക്കാറുണ്ടായിരുന്നു ….

ടീച്ചറിന്റെ കണ്ണുകളിൽ ഓർമ്മകൾ തിളങ്ങി നിന്നു.
കർക്കിടകം ആർത്തലച്ചു പെയ്യുന്ന ഒരു വൈകുന്നേരം.കുട്ടികളെല്ലാം ക്ലാസ്സിൽ നിന്നും ഇറങ്ങി എന്ന് ഉറപ്പു വരുത്തി ടീച്ചർമാരെല്ലാം ധൃതിക്ക് വീട്ടിലേക്ക് മടങ്ങി തുടങ്ങി. എത്ര ശ്രമിച്ചിട്ടും പാതി മാത്രം വിടർന്ന കുടയിൽ പാതി നനഞ്ഞതും നനയാതെയും പണിപ്പെട്ട് നടക്കുമ്പോഴാണ് ,അറ്റം വളഞ്ഞ കറുത്ത പിടിയുള്ള നീളൻ കുടയിലേക്ക് കേശവനുണ്ണി ടീച്ചറെ ക്ഷണിച്ചത്.അവിടുന്ന് അവരൊരുമിച്ചു ഒരു യാത്ര തുടങ്ങുകയായിരുന്നു …..

ടീച്ചറിന്റെ ഒരു നെടുവീർപ്പിൽ ഓർമ്മകളുടെ തൂവലുകൾ കുടഞ്ഞിട്ടു അയാൾ കെടാവിളക്കിന് പിന്നിൽ മറഞ്ഞു .

ജാനകി ടീച്ചർ ചാരുകസേരയിൽ നിന്നും മുന്നോട്ടാഞ്‌ സച്ചിന്റെ പ്രൊഫൈൽ പിച്ചറിലേക്ക് നോക്കിക്കൊണ്ടോർത്തു തങ്ങളുടെ മകൻ പ്രകാശിന്റെ പഴയ ഫോട്ടോ ആണെന്നേ തോന്നൂ.ഏറെ വാത്സല്യത്തോടെ ടീച്ചർ അങ്ങനെ ആ ഫോട്ടോയിൽ നോക്കിയിരുന്നു ….
പിന്നെ അവന്റെ ഒരു പോസ്റ്റിന് കമന്റ് എഴുതി
‘നിന്നെക്കുറിച്ചോർത്തു ഞാൻ ഏറെ അഭിമാനിക്കുന്നു കുട്ടാ’.
ഒരു രണ്ട് മിനിറ്റിനുള്ളിൽ അവന്റെ മറുപടിയും വന്നു

താങ്ക്യൂ അമ്മൂമ്മേ ….എന്റെ അച്ഛനു വേണ്ടി അപ്പൂപ്പനും അമ്മൂമ്മയും ഒരു നേരായ വഴി വെട്ടി ഒരുക്കിയതിനു…..അതുകൊണ്ടാണല്ലോ ആ വഴിയിലൂടെ എനിക്കും അനായാസമായി നടക്കാൻ കഴിയുന്നത്.
മറുപടി വായിച്ചു കെടാവിളക്കിനു പിന്നിലെ ഫോട്ടോയിൽ നോക്കി വീണ്ടും ഒരിക്കൽ കൂടി ടീച്ചർ ഹൃദയംകൊണ്ട് ചിരിക്കുന്നതപ്പോൾ കണ്ണുകൾ തിരിച്ചറിയുന്നുണ്ടായിരുന്നു ……