അവന്റെ ഭാര്യക്ക് അവളുടെ അച്ഛൻ പറയുന്നതാണ് വേദ വാക്യം, അവന്റെ വിവാഹ ജീവിതം പരാജയപ്പെട്ടതിന് അവർക്കു..

ഒരു പേനാക്കത്തിക്കു പറയാനുള്ളത്
(രചന: Nisha Pillai)

പോലീസ് പെട്രോളിങ്‌ വണ്ടി കണ്ടിട്ടാണ് പഴയ ബസ്സ്റ്റാൻഡിലെ കെട്ടിടത്തിന്റെ മറവിലേക്കു അശ്വതി മാറി നിന്നത്.

വണ്ടി പോയി കഴിഞ്ഞു എന്നുറപ്പായപ്പോൾ അവൾ മരത്തിന്റെ ചില്ലകൾ കൊണ്ട് മറഞ്ഞ ബെഞ്ചിൽ ഇരുന്നു.തന്നെ പോലെ ഒരു യുവതി ഈ അസമയത്തു ഒറ്റക്കിറങ്ങി നടക്കുന്നത് മണ്ടത്തരമാണ് .

എന്ത് ചെയ്യാം പറ്റി പോയി.ഒന്നും മനഃപൂർവം അല്ലല്ലോ .അവൾ ഹാൻഡ് ബാഗ് തുറന്നു പരിശോധിച്ചു.ടൗവ്വലിൽ പൊതിഞ്ഞ രക്തം പുരണ്ട പേനാകത്തി സുരക്ഷിതമാണ്.

അപ്പോളവൾക്കു അജിത്തിനെ ഓർമ വന്നു. അവനു എങ്ങനെയുണ്ടാകും ? കുറെ രക്തം വാർന്നു പോയിട്ടുണ്ടാകുമോ.ബോധം പോയിട്ടുണ്ടോ.അവൾ ചുറ്റും നോക്കി ബാഗിൽ നിന്ന് ഫോൺ എടുത്തു .സോനുവിനെ വിളിക്കാം .അവൾ എന്തേലും ചെയ്യാതിരിക്കില്ല .

“ഹലോ ടീ,ഞാനാ .”

“നീയെവിടേയാ ,ഞാൻ കുറെ വിളിച്ചു .രാവിലെ ഡ്യൂട്ടിക്ക് നേരത്തെ എത്താൻ മറക്കല്ലേ.നീ വന്നിട്ട് വേണം എനിക്ക് പോകാൻ,അമ്മയേം കൊണ്ട് പെൻഷൻ വാങ്ങാൻ പോകേണ്ടതാ. ”

” ടീ ഒരു പ്രശ്നം ഉണ്ട് ,ഞാനും അവനും തമ്മിൽ വഴക്കുണ്ടായി,ഞാൻ അവനെ കത്തിയെടുത്തു കുത്തി.നീ അവനെ ഒന്ന് ഹോസ്പിറ്റലിൽ ആക്കൂ .ഡീറ്റൈൽഡ് ആയി ഞാൻ പിന്നെ പറയാം.തത്കാലം ആരും ഒന്നും അറിയണ്ട .പോലീസ് ഇവിടൊക്കെ കിടന്നു കറങ്ങുന്നുണ്ട് .”

“യ്യോ …നിനക്കിതു എന്തിന്റെ കേടാ ,കുത്തുക പിന്നെ രക്ഷിക്കാൻ നടക്കുന്നു .ശരി നീ ഫോൺ വയ്ക്കു.ഞാൻ ആരേലും അയക്കാം .നീ ഇനി എന്നെ വിളിക്കണ്ട.പോലീസും കേസും . ” അവൾ ദേഷ്യത്തോടെ ഫോൺ കട്ട് ആക്കി.

അവൾക്കു അജിത്തിനെ ഓർത്തു വിഷമം വന്നു.എന്നാലും അവൻ എന്നോട് അങ്ങനെ ചെയ്തത് എന്താണ്.

ഈ ലോകത്തു എന്നെ ഏറ്റവും കൂടുതൽ മനസിലാക്കിയത് അവനല്ലേ .അവന്റെ ചികിത്സയുടെ കാര്യത്തിനല്ലേ ഞാൻ അങ്ങോട്ട് പോയത്.എന്നിട്ടും എന്നോട് .ഓർക്കുമ്പോൾ സങ്കടം വരുന്നു.

“മോള് ആരെയാണ് കുത്തിയത്.പ്രിയപ്പെട്ട ആരേലുമാണോ .അറിയാതെ പറ്റിയതാണോ.അതോ അപ്പോഴത്തെ ഒരു ആവേശത്തിന് ,എന്നെ പോലെ അബദ്ധം പറ്റിയതാണോ ”

ഇരുട്ടിൽ നിന്ന് അശരീരി പോലെ ഒരു ശബ്ദം .അവൾ ശെരിക്കും ഞെട്ടി പോയി. പോസ്റ്റിലെ വെട്ടം കിനിഞ്ഞിറങ്ങിയ ഭാഗത്തേക്ക് ഇരുട്ടിൽ നിന്നും ഒരു രൂപം നീങ്ങിയിരുന്നു .

നരച്ച താടിയുള്ള ഒരു വൃദ്ധ രൂപം.ഭിക്ഷക്കാരനോ മാനസിക രോഗിയോ ആവാം .ഞാൻ ഫോണിലൂടെ സോനുവിനോട് പറഞ്ഞത് കേട്ടിട്ടുണ്ടാകാം.

“മോളെ പോലെ തന്നെ ഞാനും പ്രിയപ്പെട്ട ഒരാളെ കുത്തിയിട്ടു വന്നതാണ്.എന്റെ മരുമകനെ .പോലീസിനെ പേടിച്ചാണ് ഞാനും ഇവിടെ ഒളിച്ചിരുന്നത്.മോളുടെ സംഭാഷണം കേട്ടപ്പോൾ എനിക്ക് ഒരു ധൈര്യം വന്നു.പക്ഷെ അവനെ ഹോസ്പിറ്റലിൽ കൊണ്ട് പോകണ്ട .

അവൻ അവിടെ കിടക്കട്ടെ.അവൻ എന്നെ കണ്ടു കാണില്ല.അവനറിയില്ല ആരാണ് അവനെ കുത്തിയതെന്നു.പക്ഷെ എന്റെ പേനാക്കത്തി അവിടെ നഷ്ടപ്പെട്ടു.അതാണെന്റെ ഭയം.”

“ഒരേ രാത്രിയിൽ രണ്ടു മനുഷ്യരെ കുത്തിയ പ്രതികൾ ഈ ബസ്സ്റ്റാൻഡിൽ കണ്ടു മുട്ടിയത് ആകസ്മികതയാകും .എനിക്ക് എന്റെ മരുമകനെ വല്യ ഇഷ്ടമായിരുന്നു.

പക്ഷെ ഈയിടെയായി അവനാകെ മാറി.എന്റെ മരണശേഷം എന്റെ മകളും കുട്ടിയും അനാഥരാകും എന്നോർത്തപ്പോൾ എനിക്കവനോട് വല്ലാത്ത ദേഷ്യം തോന്നി.ഒരു ദുർബല നിമിഷത്തിൽ പറ്റി പോയതാ. ”

“അച്ഛനെവിടാ താമസം .നമുക്ക് പോയി അയാളെ ആശുപത്രിയിൽ ആക്കാമായിരുന്നു.”

“ഓഹ് വേണ്ട ,ഇനിയിപ്പോൾ എല്ലാം വിധി പോലെ വരട്ടെ .അവനു ആയുസുണ്ടെങ്കിൽ അവൻ രക്ഷപെടും .”

അയാൾ നെടുവീർപ്പിട്ടു .അയാളുടെ കവിളിലൂടെ കണ്ണുനീർ തുള്ളികൾ ഉരുണ്ടു വീണു.പോലീസ് ജീപ്പിന്റെ ശബ്ദം കേട്ടപ്പോൾ അവർ രണ്ടുപേരും ഇരുട്ടിലേക്ക് മാറി .

“സ്കൂൾ മാഷായിരുന്ന എനിക്ക് ഒരേയൊരു മകളാണ്.കുഞ്ഞിലേ അമ്മ നഷ്ടപെട്ട അവളെ ഞാനൊറ്റക്കാണ്‌ വളർത്തി വലുതാക്കിയത്.

മരുമകൻ ഒരു ബാങ്ക് മാനേജർ ആയിരുന്നു. ഞങ്ങൾക്കുണ്ടായത് മുഴുവൻ കൊടുത്താണ് ഞങ്ങളവളെ കെട്ടിച്ചയച്ചത്. എന്നിട്ടും….. അവൻ എന്റെ മകളെ ചതിച്ചു.”

ഇപ്പോൾ ഞെട്ടിയത് അശ്വതിയായിരുന്നു . അപ്പോൾ ഇയാൾ അജിത്തിന്റെ അമ്മായിഅച്ചൻ ആയിരുന്നോ.

അയാൾ അജിത്തിനെ കുത്തിയെന്നോ.ഞാനല്ലേ അവനെ കുത്തിയത്. ഞാൻ ശെരിക്കും അവന്റെ പൊക്കിളിന്റെ ഇടതു വശത്താണല്ലോ കുത്തിയത്.

അതും അവനെന്നെ കുത്തിയ ദേഷ്യത്തിന്. ഇപ്പോൾ ഇയാൾ പറയുന്നു അയാളാണ് അജിത്തിനെ കുത്തിയതെന്നു.അപ്പോൾ ഇയാൾ ഇരുട്ടിൽ നിന്ന് കുത്തിയത് എന്നെയായിരുന്നോ.?ഇരുട്ടായതു കൊണ്ട് അയാൾ ഓടി മറഞ്ഞോ കാണും.

അവൾ അവളുടെ വയറിൽ കെട്ടിയിരുന്ന ബാൻഡ് എയ്ഡിലൂടെ വിരലോടിച്ചു.ഭാഗ്യത്തിന് വല്യ മുറിവുണ്ടായില്ല. തൊലിപ്പുറത്തൂടെ പേനാക്കത്തി ഉരഞ്ഞു പോയിരുന്നു.ബാഗിൽ ബാൻഡ് എയ്ഡ് കരുതാറുണ്ട്.

കട്ടിയുള്ള കോട്ടൺ കുർത്തയും സാറ്റിൻ അടി വസ്ത്രങ്ങളും തന്നെ രക്ഷിച്ചു. അതിനു പകരം ഞാൻ പാവം അജിത്തിനെ കുത്തി.” ദൈവമേ എന്തൊരു പരീക്ഷണമാണിത്,എന്റെ പ്രിയപ്പെട്ട അജിത്ത് ഞാൻ കാരണം ”

അവൾക്കു സങ്കടം വന്നു.അത് അയാളറിയാതെയിരിക്കാൻ അവൾ മൗനിയായി.അയാൾ പറയുന്ന കഥയിലെ വില്ലത്തി വേഷം എനിക്കുള്ളതാണ് .

എത്ര വലിയ ബന്ധങ്ങളായാലും ഒരു വശത്ത് ശബ്ദം ഉയർന്നാൽ മറുവശത്ത് അതിന്റെ പ്രകമ്പനം ഉണ്ടാകും.

” മോളാരാ ,എവിടെയാ താമസം.”

“എന്റെ നാട് കുറച്ചു വടക്കാണ്.ഏലമല.” ഇരുട്ടിലും അയാളൊന്നു ഞെട്ടിയിട്ടുണ്ടാകും.

“ഞാൻ ഒരു നഴ്‌സാണ് .വയസ്സ് 36 ആയി.വിവാഹം കഴിഞ്ഞിട്ടില്ല. ഇനിയിപ്പോൾ അതിനു താല്പര്യവുമില്ല. എന്റെ ഒരു കളിക്കൂട്ടുകാരൻ കുടുംബത്തോടൊപ്പം പട്ടണത്തിൽ താമസമുണ്ട്.അവനും ഭാര്യയുമായി ചില തെറ്റിദ്ധാരണകൾ.അതിനു കാരണക്കാരൻ അവൻ തന്നെയാണ്.

കാരണം വളരെ ചെറുപ്പത്തിലേ രോഗി ആയതു അവനു താങ്ങാൻ പറ്റിയില്ല.അതിനാൽ അവൻ ആരും അറിയാതെ ഒളിപ്പിച്ചു വച്ചു. എന്റെ നിർബന്ധം കൊണ്ട് ആശുപത്രിയിൽ പോയി.അതവന്റെ ബന്ധുക്കളെ സംശയാലുകൾ ആക്കി.

അവന്റെ ഭാര്യ പിതാവ് അവന്റെ ഫ്ലാറ്റിൽ ഒളിച്ചിരുന്ന് കുത്താൻ നോക്കി.അത് നിർഭാഗ്യയായ എനിക്കാണ് കൊണ്ടത്. അവനാണ് എന്നെ കുത്തിയതെന്നു കരുതി പേനാക്കത്തി വാങ്ങി ഞാനും അവനെ കുത്തി.

അവൻ മിക്കവാറും സീരിയസ് ആയി ഹോസ്പിറ്റലിൽ കാണും. കൂനിൻ മേൽ കുരു എന്ന് കേട്ടിട്ടില്ലേ .അവനു വൻകുടലിൽ കാൻസർ .സെക്കന്റ് സ്റ്റേജ് ആണ്.അതവനെ വല്ലാതെ തളർത്തിയിട്ടുണ്ട്.

അവന്റെ ഭാര്യക്ക് ഇതൊക്കെ താങ്ങാനുള്ള കരുത്തുമില്ല.അവന്റെ ഭാര്യക്ക് അവളുടെ അച്ഛൻ പറയുന്നതാണ് വേദ വാക്യം.അവന്റെ വിവാഹ ജീവിതം പരാജയപ്പെട്ടതിന് അവർക്കു രണ്ടു പേർക്കും തുല്യ പങ്കുണ്ട്.”

അവളൊന്നു നിർത്തി.

“ഒരേ രാത്രിയിൽ ഒരേ മനുഷ്യനെ കുത്തിയ രണ്ടു പ്രതികളാണ് നമ്മൾ .”

“മാഷെ ,എന്നോട് ക്ഷമിക്കണം.ഞാനും അജിത്തും കളിക്കൂട്ടുകാർ ആയിരുന്നു.ഒന്നിച്ചു കളിച്ചു വളർന്ന രണ്ടു കൂട്ടുകാർ.

കുഞ്ഞു നാളിലെ തന്നെ അശ്വതി അജിത്തിനുള്ളതാണെന്നു കേട്ടാണ് ഞങ്ങൾ വളർന്നത്. അജിത്തു പിജി കഴിഞ്ഞ ഉടനെ തന്നെ ജോലി കരസ്ഥമാക്കി.അപ്പോഴാണ് മാഷിന്റെ മകളുടെ ആലോചന വന്നത്.

അജിത്തിന്റെ കുടുംബത്തിൽ എല്ലാർക്കും താല്പര്യമായിരുന്നു. പണ്ട് പറഞ്ഞു പഠിപ്പിച്ചതൊക്കെ എല്ലാരും മറന്നു.അവന്റെ അനിയത്തിമാരുടെ ഭാവി മുന്നിൽ കണ്ടു കൊണ്ട് അവനും അതിനു സമ്മതിച്ചു. പിന്നെ ഞങ്ങൾ കണ്ടു മുട്ടിയില്ല .

ഞാൻ അവനെ മനഃപൂർവം മറക്കാൻ ശ്രമിച്ചു. അവന്റെ സ്വപ്നത്തിലെ ഭാര്യ ആയിരുന്നില്ല രമ്യ എങ്കിലും അവളെയും കുട്ടികളെയും അവൻ ജീവന് തുല്യം സ്നേഹിച്ചു.”

” ഈയിടക്കാണ് എന്റെ ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റിനെ കാണാൻ അവൻ ഒരു സുഹൃത്തുമൊത്തു വന്നത്. അവന്റെ രോഗവിവരം അറിഞ്ഞപ്പോൾ പഴയ കൂട്ടുകാരി എന്ന നിലയിൽ ഞാൻ സഹായിക്കാൻ ശ്രമിച്ചു. അവന്റെ ദുഃഖം മറച്ചു പിടിക്കാൻ അവൻ ഫ്ലാറ്റിലേക്ക് താമസം മാറിയത്.

ലീവെടുത്തു ട്രീറ്റ്മെൻറ് നടത്താൻ ഇത് സൗകര്യപ്രദമാണ് തോന്നി.പക്ഷെ ഇതറിഞ്ഞ മാഷും രമ്യയും അവനെ തെറ്റിദ്ധരിച്ചു. അടുത്താഴ്ച അവന്റെ കീമോ തുടങ്ങാനിരുന്നതാണ്. അവൻ ലോൺ എടുത്തു അതിനുള്ള പണമൊക്കെ സംഘടിപ്പിച്ചു വച്ചു.

അവനു എന്തേലും സംഭവിച്ചാൽ ഭാര്യക്കും കുട്ടികൾക്കും വേണ്ടി എന്തൊക്കെ ചെയ്യണം എന്ന ലിസ്റ്റ് തയാറാക്കി എന്റെ കയ്യിൽ ഏല്പിച്ചു. അവളൊരു പേപ്പർ മാഷിന്റെ നേരെ നീട്ടി. അതൊക്കെ ഒന്നും കൂടെ പറയാൻ വേണ്ടിയാണു എന്നെയും അവന്റെ സുഹൃത്ത് രാജുവിനെയും അങ്ങോട്ട് വിളിപ്പിച്ചത്.

മാഷിന്റെ നിഴൽ കണ്ടപ്പോൾ ഞാൻ കരുതി രാജുവാണെന്നു.അതാണ് ഞാൻ അടുത്തേക്ക് വന്നത്.ഫ്ലാറ്റിൽ സാധാരണ കറന്റ് പോകാറില്ല.അതിങ്ങനെ അവസാനിച്ചു.”

കുറെ നേരം ആരും ഒന്നും മിണ്ടിയില്ല.മാഷിന്റെ നെടുവീർപ്പുകൾ മാത്രം കേട്ടു.കുറെ നേരം കഴിഞ്ഞു മാഷ് അവളുടെ കൈകൾ കൂട്ടി പിടിച്ചു ഒരു പ്രാർത്ഥന പോലെ ഒരു നിമിഷം നിന്നു.

“പ്രായമേറും തോറും ആളുകളോടുള്ള വിശ്വാസം കുറയും,ജീവിതാനുഭവങ്ങൾ നമ്മളെ അങ്ങനെ അങ്ങ് പരുവപ്പെടുത്തിയെടുക്കും”

“മകളോടുള്ള സ്നേഹം മൂലം അന്ധനായ ഒരു പിതാവാണ് ഞാൻ.മകളുടെ പിടിപ്പുകേടുകൾ മറ്റുള്ളവരിൽ നിന്നു മറച്ചു വയ്ക്കാൻ ഞാൻ കുറെ ശ്രമിച്ചിട്ടുണ്ട്.ഒരിക്കലും ഞാൻ അജിത്തിനെ മനസിലാക്കാൻ ശ്രമിച്ചിട്ടില്ല. അതെന്റെ വല്യ തെറ്റാണു.

പക്ഷെ ഈ ചെറിയ പ്രായത്തിൽ രോഗിയാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് ദേഹം തളരുന്ന പോലെ .വിഷമവും കുറ്റബോധവും എല്ലാം എന്നെ വല്ലാതെ തളർത്തുന്നു.അവനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.

ഞാൻ എന്റെ മകളെ സ്നേഹിക്കുന്നത് പോലെ അവനും അവളെ സ്നേഹിക്കണമെന്നു ഞാൻ വാശി പിടിച്ചു .അതെന്റെ തെറ്റാണു.പക്ഷെ മോളെ എനിക്കവനെ രക്ഷിക്കണം.

അറിഞ്ഞും അറിയാതെയും ചെയ്തു പോയ തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യണം .ഈ ലോകത്തു എവിടെ വേണേലും കൊണ്ട് പോകാം . അവനെ എനിക്ക് ചികിൽസിപ്പിക്കണം. അല്ലാതെ ഈ വൃദ്ധ ജന്മത്തിനു ഈ ഭൂമിയിൽ നിന്നും മോക്ഷം കിട്ടില്ല.”

മാഷ് അവളുടെ കൈ പിടിച്ചു കൊണ്ട് നടന്നു.അച്ഛന്റെ കരുതലോടെ .

“ഓട്ടോ വല്ലതും വരുന്നുണ്ടോയെന്നു നോക്കാം .”

മുൻപ് കണ്ട കിളവൻ ആയിരുന്നില്ല. എന്തൊക്കെയോ ദൃഢനിശ്ചയം എടുത്ത പോലെ അവളെയും കൊണ്ട് റോഡിലൂടെ മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു.

കുറെ നേരം നടന്നപ്പോൾ ഒരു ഓട്ടോ കണ്ടു.കൈ വീശിയിട്ടു അയാൾ നിർത്താതെ പോയി.കുറെ മുൻപോട്ടു പോയിട്ട് മാഷെ കണ്ടത് കൊണ്ടാകും അയാൾ തിരികെ വന്നു.

“എങ്ങോട്ടേക്കാ ”

“സ്റ്റാർ ഹോസ്പിറ്റലിലേക്ക് ” അശ്വതി ഇടയ്ക്കു കയറി പറഞ്ഞു.

“ശരി കയറൂ ” അവരെയും കൊണ്ട് അയാൾ ഹോസ്പിറ്റലിലേക്ക് പാഞ്ഞു

അവിടെ എത്തിയപ്പോൾ മാഷ് പൈസയും കൊടുത്തു തിരിഞ്ഞു നടന്നു .”ബാക്കി താൻ വച്ചോ,വാ മോളെ ”

നേരെ ക്യാഷാലിറ്റിയിലേക്ക് നടന്നു .അവിടെ സോനു ഉണ്ടായിരുന്നില്ല. അജിത്തിനെ അഡ്മിറ്റ് ആക്കിയിരുന്നു. ഞാനും മാഷും ചെന്നപ്പോൾ അവൻ ചെറിയ മയക്കത്തിൽ ആയിരുന്നു. സോനുവിനെ അന്വേഷിച്ചു നഴ്സിംഗ് റൂമിൽ പോയി. അവൾ അവിടെ ഉണ്ടായിരുന്നു.

അജിത്തിന് കുഴപ്പം ഒന്നുമില്ലെന്നും മുറിവ് ആഴത്തിലുള്ളതല്ലെന്നും. അറ്റൻഡർ മനോഹർ ആംബുലൻസ് കൊണ്ട് പോയി അജിത്തിനെ ആശുപത്രിയിൽ,കൊണ്ട് വന്നെന്നും അറിഞ്ഞു.

കൊലപാതക ശ്രമം ആണെന്നും പോലീസിൽ അറിയിക്കണമെന്നും ഡോക്ടർ പറഞ്ഞപ്പോൾ താൻ ഒരു കാൻസർ പേഷ്യന്റ് ആണെന്നും നിരാശ കൊണ്ട് സ്വയം കുത്തിയതാണെന്നും പറഞ്ഞെന്നു.വളരെ ചുരുക്കി അവളോട് നടന്ന കാര്യം പറഞ്ഞപ്പോൾ സോനു അവളെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു .

അജിത്തിനടുത്തു മാഷും ഡോക്ടറും ഉണ്ടായിരുന്നു.അജിത് കണ്ണ് തുറന്നു അവളെ നോക്കി.അവന്റെ കണ്ണുകൾ നിറഞ്ഞു.

“അച്ഛൻ എല്ലാം പറഞ്ഞു .മാപ്പു മാപ്പു.” അവൻ കൈ കൂപ്പി.

“ഞാൻ മുകളിൽ കാണും എന്തേലും ഉണ്ടെങ്കിൽ അറിയിച്ചാൽ മതി ,ഡേ ഡ്യൂട്ടി എനിക്കാണ്.”

അപ്പോഴേക്കും നേരം പുലരായി.മാഷ് അവളോടൊപ്പം പുറത്തേക്കു നടന്നു വന്നു.

“മാഷെ ,അവന്റെ ഭാര്യയോടും കുട്ടികളോടും വിവരം പറയണം. അവനിപ്പോൾ സ്നേഹവും കരുതലും കൂടുതൽ വേണ്ടുന്ന സമയമാണ് .ഇനി തെറ്റിദ്ധാരണകൾ പാടില്ല.എല്ലാം ശുഭം ആയി പരിണമിക്കട്ടെ .” അവൾ ബാഗ് തുറന്നു തുടച്ചു വൃത്തിയാക്കിയ ഒരു പേനാക്കത്തി മാഷിന്റെ കയ്യിൽ കൊടുത്തു.

“ഇത് അച്ഛന്റെ കയ്യിൽ തന്നെ ഇരുന്നോട്ടെ , എന്താവശ്യത്തിനും എന്നെ വിളിക്കാം. ഒരു മകളോടുള്ള എല്ലാ സ്വാതന്ത്ര്യത്തോടും .”

അവൾ സ്വാതന്ത്ര്യത്തോടെ അയാളുടെ തോളിൽ പിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു തിരിഞ്ഞു നടന്നു. അവരുടെ ലോകത്ത് താൻ അന്യയാണെന്ന തിരിച്ചറിവോടു കൂടി .