ആ സംഭവത്തിനു ശേഷം അവളാളാകെ മാറി അധികം മിണ്ടാട്ടമില്ല, വിശ്വസിച്ച് കൂടെ കൂടിയ പെണ്ണാണ് രാപകൽ അവനെ..

അമ്മ മനസ്സ്
(രചന: Nisha Pillai)

ജയന്റെ കിടക്കയ്ക്കു അരികിലിരുന്ന ജൂലി ഉറക്കം തൂങ്ങി തുടങ്ങി. അവളുടെ തല ചാഞ്ഞു ചാഞ്ഞു കട്ടിലിന്റെ ചാരിൽ വിശ്രമിച്ചു. അവളുടെ നീണ്ട ഭംഗിയുള്ള വിരലുകളിൽ അവൻ മെല്ലെ തലോടി .ഇതൊന്നും അറിയാതെ അവൾ മൃദുവായി വാ തുറന്നു ഉറക്കത്തിലായി .

ജോലിയുടെ ക്ഷീണം കാരണം പലപ്പോഴും ബോധമില്ലാതെയാ അവൾ ഉറങ്ങുന്നത്.അവൾ ബാംഗ്ലൂർ നഗരത്തിലെ അറിയപ്പെടുന്ന ഒരു ജേർണലിസ്റ്റ് ആണ് .മിടുക്കിയും സുന്ദരിയും സർവോപരി സ്നേഹമയിയുമായ ജൂലി.

അവനു എയർ ഫോയ്‌സിലാണ് ആണ് ജോലി.മിടുക്കനായ ചെറുപ്പക്കാരൻ.ഒരു തനി പാലക്കാടൻ നായർ .

ഒരു യാഥാസ്ഥിക കുടുംബത്തിൽ നിന്ന് ജോലി കിട്ടി ബാംഗ്ലൂർ നഗരത്തിൽ വന്നു നഗര ജീവിതത്തെ പ്രണയിച്ചയാൾ.കുടുംബ പരമായി ധനികനായ കർഷകൻ.കണ്ണെത്താത്ത ദൂരം കുടുംബ വക വസ്തുവകകൾ .

അച്ഛനെ ഒളിച്ചു ജോലിക്കുള്ള അപേക്ഷ അയച്ചത് വീട്ടിൽ ഒരു പൊട്ടിത്തെറിയുണ്ടാക്കി. അമ്മ വീട്ടിലെ ബന്ധുക്കളുടെ സഹായത്തോടെ ടെസ്റ്റും ഇന്റർവ്യൂ ഒക്കെ രഹസ്യമായി പങ്കെടുത്തു.ആദ്യമായി ജോലിക്കു ഹാജരാകേണ്ട സമയത്തു അച്ഛൻ ആത്മഹത്യാ ഭീഷണി മുഴക്കി .

അവസാനം ബന്ധം മുറിച്ചു കളഞ്ഞപോലെയാണ് വീട് വിട്ടത്.മൂന്നു പെൺമക്കൾക്ക് ശേഷം ഉണ്ടായ നാലാമന്റെ ധിക്കാരം അച്ഛനെ തളർത്തി കളഞ്ഞു.എന്നാലും അമ്മയും സഹോദരിമാരുമായി അയാൾ
രഹസ്യമായി ആശയവിനിമയം നടത്തിയിരുന്നു .

ആദ്യമായി അവൻ കണ്ട നഗരത്തെ അവനിഷ്ടമായി. പാലക്കാടൻ ഗ്രാമ പശ്ചാത്തലത്തിനു വിഭിന്നമായ ഒരു ജീവിതമുണ്ടെന്നു മനസിലാക്കിയത് ഇവിടെയെത്തിയപ്പോഴാണ്.

ധാരാളം പണം,മദ്യം ,പെണ്ണ് ,സ്വാതന്ത്ര്യം … എല്ലാം ആവോളം ആസ്വദിച്ചു.ആദ്യത്തെ ഹരമൊക്കെ പെട്ടെന്നില്ലാതെയായി.പിന്നെ ഒരു മടുപ്പു മാത്രമായി .

ഈ ലോകം മുഴുവൻ വ്യർത്ഥമായ ആശയങ്ങളുടെ ഒക്കെ പുറകെ പോയി ജീവിതത്തിന്റെ യഥാർത്ഥ സത്തയില്ലാതെയാകുന്നു എന്ന ആശങ്ക . അച്ഛനോടുള്ള പിണക്കമൊക്കെ മറക്കണം എന്നൊക്കെ അയാൾക്ക്‌ തോന്നി തുടങ്ങി.

വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന കുറെ സുഹൃത്തുക്കൾ തുടങ്ങിയ ഒരു എൻ ജി ഓ യിൽ അംഗമാകുന്നു.

ഒരു ചാരിറ്റി ക്ലബ് പോലെ .അവിടെ വച്ചാണ് ജൂലിയെ പരിചയപ്പെടുന്നത് .മനുഷ്യ സ്നേഹിയായ ഒരു പത്രപ്രവർത്തക.പല പ്രവർത്തനങ്ങളിലും ഒന്നിച്ചു പങ്കാളിയായതോടെ അവളോടുള്ള ഇഷ്ടം കൂടി വന്നു.

പക്ഷെ തോന്നിയ ഇഷ്ടം അയാൾ തുറന്നു പറഞ്ഞില്ല.അവൾക്കും തന്നോടൊരു സോഫ്റ്റ് കോർണർ ഉണ്ടെന്നു തോന്നിയിരുന്നു .പക്ഷെ അവളും ഒന്നും വിട്ടു പറഞ്ഞിരുന്നില്ല.

വർഷങ്ങൾ സൗഹൃദം തുടർന്നു.ഇടുക്കിയിലെ ഒരു ചെറുകിട കർഷക കുടുംബത്തിൽ നിന്ന് വന്ന ജൂലിക്ക് ജോലി അവളുടെ വ്യക്തിത്വത്തിന്റെ ഭാഗം തന്നെയായിരുന്നു. എല്ലാം അളന്നു മുറിച്ചു കൃത്യതയോടെ ചെയ്യുന്ന രീതി.എല്ലാവരോടും അവളങ്ങനെ ആയിരുന്നു.

നാലു വർഷത്തെ ബാംഗ്ലൂർ വാസത്തിനു ശേഷം അവനു വഡോദരയിലേക്കു ട്രാൻസ്ഫർ കിട്ടി.ബാംഗ്ലൂർ നഗരത്തെ പിരിയുന്നതിലുപരി ജൂലിയെ പിരിയാനായിരുന്നു വിഷമം.പുറമെ രണ്ടാൾക്കും അഹംഭാവികളെന്ന പ്രതിച്ഛായ ഉള്ളതിനാൽ വേർപിരിയൽ ബുദ്ധിമുട്ടായില്ല.

വല്ലപ്പോഴും ഫോണിലൂടെയുള്ള ആശയവിനിമയം മാത്രം തുടർന്നു.പലപ്പോഴും അവളെ പറ്റിയോർക്കുമ്പോൾ അവന്റെ ഇടനെഞ്ചിലൊരു വേദന തോന്നാറുണ്ട്.

എന്തെങ്കിലും തുറന്നു പറഞ്ഞു ഉള്ള സൗഹൃദം കളയാനും അവനു തോന്നിയില്ല.സുഹൃത്തുക്കൾ പറഞ്ഞാണ് ജൂലിക്ക് പറ്റിയ ഒരു ആക്‌സിഡന്റിനെ കുറിച്ച് അറിഞ്ഞത് .ആരോ പ്രമുഖരുടെ അഴിമതി വാർത്തയാക്കിയതിന് മനഃപൂർവം കൊല്ലാൻ നോക്കിയതാണെന്നു പോലീസ് സംശയിക്കുന്നു.

പിന്നെ ഒന്നും നോക്കിയില്ല ബൈക്കിൽ നേരെ ബാംഗ്ലൂരിലേക്ക് പോയി.അവളെ കണ്ടപ്പോളാണ് അവനു സമാധാനം ആയതു.ബോധമില്ലാതെ അത്യാഹിത വിഭാഗത്തിൽ കിടക്കുന്ന അവൾക്കു കൂട്ടിരുന്നു .

കണ്ണ് തുറന്നപ്പോൾ അവനെ കണ്ടു അവൾക്കു അതിശയം തോന്നി.പിരിയാൻ നേരം ചെറിയ ചമ്മലോടെ അവളോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞു

“എനിക്കറിയാം നീ വരുമെന്ന് ,നീ ഇത്രനാളും പറയാത്തതെന്തെന്നു ഞാൻ വിഷമിച്ചിട്ടുണ്ട്.പ്രണയമൊക്കെ ഒരാണ് പെണ്ണിനോട് പറയുമ്പോളാണ് പെണ്ണിന് കൂടുതൽ അഭിമാനം.നീ പറയുന്നത് കേൾക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു.”

വളരെ വൈകാതെ അവളുടെ വീട്ടുകാരുടെ അനുഗ്രഹത്തോടെ അവർ വിവാഹിതരായി.അവന്റെ വീട്ടിലറിഞ്ഞാൽ ഭൂകമ്പം ഉണ്ടാകും.അവരുടെ വിവാഹ ജീവിതം സന്തോഷ പൂർണമായിരുന്നു .

പക്ഷെ വീണ്ടും ഒരു ദുരന്തം അവരെ കാത്തിരുന്നു. വഡോദരയിൽ വച്ച അവൻ സഞ്ചരിച്ച ജീപ്പ് തലകീഴായി മറിഞ്ഞു കൂടെയുണ്ടായിരുന്ന ഒരാൾ മരിക്കുകയും അവനുൾപ്പടെ മൂന്നു പേർക്ക് പരിക്ക് പറ്റുകയും ചെയ്തു .

അവന്റെ ഒരു തുടയെല്ല് തകർന്നു തല പൊട്ടി,ദേഹം മുഴുവൻ പ്ലാസ്റ്റർ ഇട്ട അവസ്ഥയിലാണ് അവളവനെ പിന്നെ കാണുന്നത്.

എൻ ജി ഓ വഴി പരിചയപ്പെട്ട കാളിയമ്മയാണ് ജൂലിയുടെ വീട്ടിലെ സഹായി.ഭർത്താവു ഉപേക്ഷിച്ച നാല്പത്തഞ്ചുകാരി.അവരുടെ കുട്ടികളെ പഠിപ്പിക്കാനും കെട്ടിച്ചു വിടാനും സഹായിച്ചത് അവളും സുഹൃത്തുക്കളുമാണ്.

അവൾ ജോലിക്കു പോകുമ്പോൾ വീടുനോക്കുന്നതു കാളിയമ്മയാണ്.ഒരു ചേച്ചിയെ പോലെ അവരുടെ ഒപ്പം കഴിയുന്നു.

കൂടുതൽ ഭീകരമായ വാർത്ത അവരെ കാത്തിരുന്നു.ആക്സിഡന്റിൽ ടെസ്റ്റിസിനേറ്റ ക്ഷതം മൂലം ഇനിയൊരിക്കലും അവനൊരു അച്ഛനാകാൻ പറ്റില്ലെന്ന കാര്യം.അതിനേക്കാൾ ഭീകരമായിരുന്നു വീട്ടിലെ അവസ്ഥ.

അപകട വിവരമറിഞ്ഞ് വീട്ടിലെത്തിയ അവൻ്റെ അച്ഛന് അവളെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.അച്ഛൻ്റെ മർദ്ധനമേറ്റ് നിലത്തു വീണ ജൂലിയെ അച്ഛൻ മുടിയിൽ പിടിച്ചു വലിച്ചിഴച്ചത് കണ്ട് അവൻ അച്ഛനോട് തൻ്റെ വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞു.

ആ സംഭവത്തിനു ശേഷം അവളാളാകെ മാറി. അധികം മിണ്ടാട്ടമില്ല. വിശ്വസിച്ച് കൂടെ കൂടിയ പെണ്ണാണ്.രാപകൽ അവനെ പരിചരിക്കുകയാണ്.ഒടുവിൽ അവൾ പറഞ്ഞു.

“ജയ് നമ്മളുടെ ഇടയിൽ ഉണ്ടായിരുന്ന പ്രണയകടൽ മലിനമായപോലെ .അതിനെ ഒരു ചാലുകീറി പുറത്തേക്കു വിട്ടേ പറ്റൂ,അല്ലെങ്കിൽ അത് കെട്ടി കിടന്നു കൂടുതൽ മലീമസമാകും .എനിക്ക് ഒന്നും മറക്കാൻ പറ്റുന്നില്ല ജയ്, സഹിക്കാനും.

നിന്റെ അച്ഛൻ തന്ന ഓർമ്മകൾ ,മുറിവ് കൂടുതൽ വൃണമാക്കുന്ന പോലെ.എനിക്കാകെ ഭ്രാന്ത് പിടിക്കുന്ന പോലെ.നീ എഴുന്നേറ്റു നടക്കുന്നവരെ ഞാൻ പിടിച്ചു നിൽക്കാൻ. ശ്രമിച്ചതാണ്.പക്ഷെ…..”

“നീ പറ ജൂലി ഞാൻ എന്താ ചെയ്യേണ്ടത് ? നീ ചെയ്യുന്നതെന്തിനും എന്റെ സമ്മതമുണ്ട്.”

“ഞാൻ ഇവിടത്തെ ഓർഫനേജിലെ മദറിനെ പോയി കണ്ടു .നമുക്കൊരു കുഞ്ഞിനെ ദത്തെടുക്കണം .എന്റെ മുഖ സാമ്യമുള്ള,എന്റെ നിറമുള്ള ഒരു കുട്ടി.നാളെ ആരും അത് നമ്മുടെ കുട്ടിയല്ലേ എന്ന് സംശയിക്കരുത്.നമുക്ക് ഒരു കുഞ്ഞു ഉണ്ടാകില്ല എന്ന് ആരും അറിയരുത് .”

“നീ നിന്റെ തീരുമാനങ്ങളുമായി ,ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ.ഞാൻ കൂടെ തന്നെയുണ്ട്.”

അവൾ കാളിയമ്മയേം കൂട്ടി ഓർഫനേജിൽ പോയി.രണ്ടു പെൺകുട്ടികൾ ഒരു വയസ്സിൽ താഴെ അവിടെയുണ്ട്. പെൺകുട്ടികൾക്ക് ഡിമാൻഡ് കുറവാണ് .

അതിൽ ഒരു കുട്ടി അവളുമായി നല്ല സാമ്യം.അവൾ ആ കുട്ടിയെ തന്നെ സെലക്ട് ചെയ്തു.ജയനെ കാണിക്കാനായി കുഞ്ഞിനെ കുറെ പടങ്ങൾ ഫോണിൽ പകർത്തി.

ലീഗൽ ഫോർമാലിറ്റികൾ കഴിയുമ്പോൾ വന്നു കൊണ്ട് പോകാമെന്നു കന്യാസ്ത്രീകളോട് പറഞ്ഞു അവൾ അവിടെ നിന്നിറങ്ങി.പിന്നെ അവളാകെ മാറി.കുഞ്ഞു അതിഥിക്കായി വീടൊരുങ്ങി.അവളുടെ ഉത്സാഹം കണ്ടു ജയനും കാളിയമ്മയും സന്തോഷിച്ചു.

അനുമതിക്കായി ജയന്റെ അമ്മയെ വിളിച്ചു.അമ്മയുടെ അനുഗ്രഹാശ്ശിസുകളോടെ അവൾ അനാഥാലയത്തിൽ എത്തി.അപ്പോൾ അവിടെ പുതിയൊരു കുട്ടി കൂടി ഉണ്ടായിരുന്നു.

രണ്ടോ മൂന്നോ ആഴ്ച മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞു. ഇരുണ്ട നിറത്തിൽ നല്ല ആരോഗ്യത്തോടെയൊരു കുഞ്ഞു.അവൾക്കാകെ ആശയകുഴപ്പമായി.കന്യാസ്ത്രീ അവൾ തെരെഞ്ഞെടുത്ത കുഞ്ഞിനെ തന്നെ അവളെ ഏൽപ്പിച്ചു.

“വേണ്ട സിസ്റ്റർ ,ധൃതി വേണ്ട .ഈ മൂന്ന് കുഞ്ഞുങ്ങളിൽ ആരാണോ ആദ്യം കരയുന്നതു ആ കുഞ്ഞിനെ ഞാൻ കൊണ്ട് പോകും ”

“പക്ഷെ ഇവൾക്ക് നീയുമായി ഒരു സാമ്യവുമില്ല.ജൂലി രണ്ടാഴ്ച മുൻപ് റെയിൽവേ ഗാങ്മാൻ രാത്രിയിൽ പാലത്തിലൂടെ നടന്നു വരുമ്പോൾ നാലഞ്ചു പട്ടികൾ കൂടി നിന്ന് കുരയ്ക്കുന്ന കാഴ്ച .

അയാൾ പട്ടികളെ ഓടിച്ചു വിട്ടപ്പോൾ കണ്ട കാഴ്ച കമ്പിളിയിൽ പൊതിഞ്ഞ ഈ മോളെയാണ്.ഭാഗ്യത്തിന് അവൾക്കു പരിക്കൊന്നും പറ്റിയില്ല .അവൾക്കൊരാഴ്ച പ്രായമേയുണ്ടായിരുന്നുള്ളു.അയാളവളെ മദറിനെ ഏല്പിച്ചു.രണ്ടു ദിവസമേ ആയുള്ളൂ അവളിവിടെ എത്തിയിട്ട് .മിടുക്കിയാണ്.”

അവളെ കുറിച്ച് പറഞ്ഞത് മനസിലായിട്ടാണോ എന്തോ കുഞ്ഞു കരയാൻ തുടങ്ങി.

“എനിക്കിവളെ മതി സിസ്റ്റർ .മരണത്തിൽ നിന്ന് കരകയറി വന്നവൾ അല്ലെ .ഞാനവളെ “ആഗ്നേയ ” എന്ന് വിളിക്കും”

“പക്ഷെ അവൾക്കു നിന്റെ ഒരു സാമ്യവുമില്ല ” കാളിയമ്മ

“പക്ഷെ ഇവളൊരു മിടുക്കിയാണ് .മറ്റു കുട്ടികളെ ആരേലും കൊണ്ട് പോയി വളർത്തിക്കൊള്ളും ഇവളെ എനിക്ക് വേണം.ഞാൻ ഇവളെ വളർത്തും.എല്ലാം അറിയിച്ചു തന്നെ വളർത്തും.”

ജയന് ഇഷ്ടമാകുമോ എന്നവൾക്കു പേടിയുണ്ടായിരുന്നു.പക്ഷെ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അവനായിരുന്നു.

“ജൂലി,കുഞ്ഞിന് നിൻ്റെ ഒരു ഛായയും ഇല്ല.”

കാളിയമ്മ വഴി ഗാങ് മാനേ കണ്ടെത്തുകയും കുഞ്ഞിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു.നഗരത്തിലെ ടാക്സി ഡ്രൈവറായ കാളിയമ്മയുടെ സഹോദരൻ രത്നവേലിൻ്റെ അന്വേഷണത്തിൽ ഒരു പൂക്കാരിയുടെ കോളേജ് കുമാരിയായ മകളുടെ കുട്ടിയാണോയെന്നൊരു സംശയം ഉടലെടുത്തു.

നഗര പ്രാന്തത്തിലെ ഒരു കോവിലിൽ തിരുവിഴ സംബന്ധിക്കാൻ പോയപ്പോൾ ആൾകൂട്ടത്തിൽ അവിചാരിതമായി ആഗ്നേയ മോളുടെ ജനിതക അമ്മയെ കണ്ടെത്തി.

“സ്വന്തം കുഞ്ഞിനെ കണ്ടിട്ട് ശ്രദ്ധിക്കാതെ പോവുകയാണോ.”

രണ്ടായി മുടിപിന്നിയിട്ട് നിറയെ കനകാംബരപ്പൂ ചൂടിയ പൂക്കാരിയോടാണ് ജൂലിയുടെ ചോദ്യം. അവളാകെ അസ്വസ്ഥയായി. ജൂലിയെയും കുഞ്ഞിനേയും മാറിമാറി നോക്കി.

“ഒരിക്കൽ ഒരുത്തൻ നിന്നെ പറ്റിച്ചു കടന്നു കളഞ്ഞില്ലേ.ഈ പാവം കുട്ടി എന്ത് പിഴച്ചു .ഇതാണ് നിന്റെ സ്വഭാവമെങ്കിൽ ഇതൊക്കെ തന്നെ ആവർത്തിക്കില്ലായെന്നു എന്താണുറപ്പ് ”

പെൺകുട്ടി കരയാൻ തുടങ്ങി .അവൾ ജൂലിയെ വലിച്ചു ഒരു കെട്ടിടത്തിന്റെ ഇടയിലേക്ക് കൊണ്ട് പോയി.കുഞ്ഞിനെ പിടിച്ചു വാങ്ങി ഉമ്മകൾ കൊണ്ട് പൊതിഞ്ഞു .തിരികെ കൊടുത്തു .

“നീ പഠിച്ചു മിടുക്കിയായി ജീവിതത്തിൽ വിജയിച്ചു കാണിക്കു .ഈ കുഞ്ഞിനെ ഞാൻ വളർത്തും.ഒരു ജോലി വാങ്ങി നിന്റെ അച്ഛനമ്മമാരെ നന്നായി നോക്കൂ.വിരോധമില്ലെങ്കിൽ നിന്നെ ചതിച്ചയാൾ ആരെന്നു പറയ്”

അവളിൽ നിന്ന് കിട്ടിയ വിവരവുമായി ജൂലി രത്‌നവേലിന്റെ വണ്ടിയിൽ കാളിയമ്മയെ കൂടി എറണാകുളത്തെ ഒരു ഫ്ലാറ്റിൽ ചെന്നു.ജോയൽ എന്ന ആർക്കിടെക്ടന്റെ ഫ്ലാറ്റ് എളുപ്പത്തിൽ കണ്ടു പിടിച്ചു . ഈയിടെ വിവാഹിതനായ ജോയൽ ഭാര്യയുമായി പുതിയ ജീവിതം തുടങ്ങിയതാണ്.വാതിൽ തുറന്നതു ഒരു മെലിഞ്ഞ പെൺകുട്ടിയാണ്.

അവളെയും കാളിയമ്മയേം കുട്ടിയേം കണ്ടപ്പോൾ ,അവരെ അവൾക്കു ഇഷ്ടപെട്ടില്ലെന്നു മുഖം പറഞ്ഞു .ജോയലിനെ കൂട്ടി കൊണ്ട് വന്നിട്ട് അവൾ മുറിയിൽ തന്നെ കറങ്ങി നടന്നു .പിന്നെ ഗത്യന്തരമില്ലാതെ അവളിറങ്ങി പോയി.

“ഇത് മല്ലികയുടെ കുട്ടിയാണ്,നിങ്ങളുടേതും”

ഏത് മല്ലിക ,എനിക്ക് ആരെയും അറിയില്ല.പണം തട്ടാൻ വേണ്ടി ഓരോ അടവുമായി ഇറങ്ങും.”

“നിന്റെ പൈസയും വേണ്ട.നിനക്കീ കുട്ടിയെ കിട്ടത്തുമില്ല.ഒരു കാര്യം ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രം വന്നതാ.

നിന്റെ ഭാര്യ പ്രസവിക്കുമ്പോൾ ആൺകുട്ടിയാണെങ്കിൽ ആണത്തമുള്ള കുഞ്ഞു ആകാൻ പ്രാർത്ഥിക്കൂ .അല്ലേൽ നിന്നെ പോലെ ഒരു പെൺകുട്ടിയെ ചതിച്ചിട്ടു മുങ്ങി കളയും.ആണും പെണ്ണും കേട്ട ജന്മങ്ങൾ.ഇനി മുതൽ ഇവളെന്റെ മകളാണ്.” അത്രയും പറഞ്ഞു അവൾ എഴുന്നേറ്റു.

അവർ ലിഫ്റ്റിൽ കയറുമ്പോൾ അയാൾ ഓടി വന്നു.ക്ഷമ ചോദിച്ചു.സാഹചര്യങ്ങൾ മൂലമാണ് അങ്ങനെ ഒക്കെ സംഭവിച്ചതെന്ന് പറഞ്ഞു.മറുപടി പറയാതെ അവർ കാറിൽ കയറി.

ഡ്രൈവറോട് നേരെ പാലക്കാടിന് പോകാൻ പറഞ്ഞു. അവിടെ ജയന്റെ ഗ്രാമത്തിലേക്കു ആദ്യമായി ഒരു യാത്ര. വള്ളുവനാടൻ ഗ്രാമം. ചെന്ന് കയറിയപ്പോൾ അവിടെ അമ്മയും ജോലിക്കാരിയും മാത്രമേ ഉള്ളു.

അച്ഛൻ സായാഹ്‌ന സവാരിക്ക് പോയിരുന്നു. അവളെ ആദ്യമായി കാണുന്ന അപരിചിതത്വം ഒന്നുമുണ്ടായില്ല.കുട്ടിയെ എടുക്കുകയും ലാളിക്കുകയും ചെയ്തു അമ്മക്ക് മതിയായില്ല.

“അമ്മ പറയാറുണ്ടല്ലോ നാലു മക്കളിൽ ജയനെയാണ് കൂടുതൽ ഇഷ്ടമെന്ന്.ഉള്ളിലുള്ള സ്നേഹം പ്രകടിപ്പിക്കാതിരുന്നാൽ അവനതെങ്ങനെയറിയും. അമ്മ അവനെ കണ്ടിട്ട് ഏഴെട്ടു വർഷമായില്ലേ.”

“ആരു നോക്കിയാലും സ്വന്തം അമ്മയുടെ സാമീപ്യം ഏതു മക്കളും കൊതിക്കില്ലേ . പ്രത്യേകിച്ച് ജയന്റെ ഈ അവസ്ഥയിൽ. ജീവിച്ചിരിക്കുമ്പോൾ കിട്ടുന്ന സ്നേഹത്തിനു മരണ ശേഷം കിട്ടുന്ന കണ്ണീരിനോ പൂക്കൾക്കോ പകരം വയ്ക്കാൻ പറ്റില്ല.

ഒരിക്കലെങ്കിലും വന്നു അമ്മ അവനെ ഒന്ന് കാണു. അമ്മയുടെ പരിചരണം അവനും അർഹിക്കുന്നില്ലേ. ഈ പിണക്കങ്ങൾക്കൊക്കെ ജീവിച്ചിരിക്കുന്ന കാലത്തോളമല്ലേ പ്രസക്തിയുള്ളൂ.”

സന്ധ്യ മയങ്ങാൻ തുടങ്ങിയ സമയത്തു അച്ഛൻ തിരിച്ചു വന്നു.അവൾക്കു കണ്ടപ്പോഴേ പഴയതൊക്കെ ഓർമ വന്നു .എങ്ങനെങ്കിലും അവിടെ നിന്ന് ഓടി രക്ഷപെടാൻ തോന്നി.

“പ്ഫാ അസത്തുക്കൾ .നാണമില്ലാതെ വന്നിരിക്കുന്നു.എവിടെയോ കിടന്ന ഒരു അനാഥ കുഞ്ഞുമായി.കുഞ്ഞിനെ കാണിച്ചു സ്വത്തു വാങ്ങാൻ വന്നതാകും.

കണ്ടാലും പറയുമല്ലോ പൂമംഗലത്തെ കൊച്ചുമകളാണെന്നു. എന്തായാലും ആ നാണകെട്ടവൻ വന്നില്ല.അച്ചിയെ പറഞ്ഞു വിട്ടിരിക്കുകയാ .ഹോ!! തൊലിക്കട്ടി അപാരം .”

“അമ്മെ ഞങ്ങൾ ഇറങ്ങുകയാ .കുഞ്ഞിനെ കൊണ്ട് വന്നു കാണിക്കണമെന്നൊരു ആഗ്രഹം ഉണ്ടായിരുന്നു.അത് സാധിച്ചു.”

അവൾ കുഞ്ഞിനേയും എടുത്ത് കാറിന്റെ അടുത്തേക്ക് നടന്നു.അച്ഛൻ ഉമ്മറത്തെ ചാരു കസേരയിൽ കിടക്കുന്നുണ്ടായിരുന്നു.അമ്മ പുറകെ നടന്നു വന്നു .

“മോളെ നിൽക്കൂ ഞാനും വരുന്നു .അങ്ങയുടെ കൈ പിടിച്ചു നാൽപതു വർഷം മുൻപേ ഞാനീ വീട്ടിൽ കയറി വന്നതാ .

അന്ന് മുതൽ മറുത്തൊന്നും പറഞ്ഞിട്ടില്ല.ഇന്ന് ആദ്യമായി ഞാൻ ഒരു തീരുമാനം എടുക്കാൻ നിർബന്ധിതയായി.എനിക്ക് എന്റെ കുഞ്ഞിന്റെ അടുത്ത് പോകണം.കുറച്ചു നാൾ അവനെ പരിചരിക്കണം.

അങ്ങ് എന്നെ കൂട്ടാൻ വന്നാലേ എനിക്കിനി ഒരു മടക്കമുള്ളൂ. ഞാൻ ഒന്നും കൂടെ കൊണ്ട് പോകുന്നില്ല. ഇട്ടിരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും മാത്രം.ഒരു അമ്മയുടെ കടമ നിർവഹിക്കാതെ ഞാനെന്തിന് ഇങ്ങനെ ജീവിച്ചു മരിക്കണം .”

“ഇന്ന് വരെ പരദേവതകൾക്കു വിളക്ക് മുടക്കിയിട്ടില്ല.അവരോടു സമ്മതം വാങ്ങി വിളക്ക് വച്ചിട്ട് വരാം.”

പൂജാമുറിയിൽ വിളക്കുവച്ച് അദ്ദേഹത്തോട് മൗനമായി യാത്ര പറഞ്ഞു അമ്മ കാറിൽ കയറി .കാർ പാടവരമ്പത്തു തിരിഞ്ഞപ്പോൾ ജോലിക്കാരി പുറകെ ഓടി വരുന്നുണ്ടായിരുന്നു . കാർ നിർത്തിയപ്പോൾ അവളൊരു ഫോൺ എടുത്തു നീട്ടി.

“അദ്ദേഹം തന്നതാ അവിടെയെത്തിയിട്ടു വിളിക്കണമെന്ന്.രണ്ടു ദിവസം കഴിഞ്ഞു വരാമെന്നു .”

“എനിക്ക് അറിയാമായിരുന്നു എല്ലാം ശെരിയാകുമെന്ന് .”

അമ്മ കുട്ടിയെ ലാളിക്കുന്ന കണ്ടു അവൾക്ക് സന്തോഷമായി.രണ്ട് ദിവസം കഴിഞ്ഞു തങ്ങളെ സന്ദർശിക്കുന്ന ഭർത്തൃപിതാവിനെ എങ്ങനെ നേരിടണമെന്ന ചിന്തകളായിരുന്നു അവളുടെ മനസ്സിൽ.