ഹരിയേട്ടന്റെ വീട്ടുകാർ എന്ത് വിചാരിക്കും അമ്മ ഈ വയസ്സുകാലത്തു, അതും ഈ അവസ്ഥയിൽ..

മദേഴ്‌സ്‌ ഡേ
(രചന: നിഷ പിള്ള)

ഭർത്താവിന്റെ മരണശേഷം സൗദാമിനി വീട്ടിൽ ഒറ്റക്കാണ്. അടുത്ത പട്ടണത്തിലാണ് മൂത്ത മകൾ ധന്യ ജീവിക്കുന്നത് .

അവിടെ മരുമകൻ ഹരിയും ഹരിയുടെ വിധവയായ അമ്മയും കൊച്ചുമകൾ സാത്വികയുമൊത്ത്. ഇളയ മകൻ ധനേഷ് അങ്ങ് ലണ്ടനിലാണ് . ഭർത്താവു കൃഷ്ണപിള്ള മരിച്ചിട്ട് ആറു കൊല്ലമായി. അന്ന് മുതൽ തനിച്ചാണ് .

അദ്ദേഹം പോയപ്പോൾ ആകെ ചിറകു മുറിച്ച പക്ഷിയുടെ അവസ്ഥയായി.പിന്നെ മക്കളും ബന്ധുക്കളുമൊക്കെ തനിച്ചാക്കി പോയപ്പോൾ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു .

മകൻ അകലെയാണെങ്കിലും മനസ്സ് കൊണ്ട് ഇപ്പോഴും കൂടെയുണ്ട്.എന്തിനും ഏതിനും അവനാണ് ധൈര്യം.ഒരു പക്ഷെ അവൻ വിവാഹിതനാകുമ്പോൾ മാറ്റം വന്നേയ്ക്കാം.

അതിനാൽ സ്വന്തം കാലിൽ നിൽക്കാനുള്ള മുൻകരുതൽ നടത്തി.എല്ലാകാര്യങ്ങളും ഒറ്റയ്ക്ക് ചെയ്തു ശീലിച്ചു.അറുപതാമത്തെ വയസ്സിൽ ഒരു സ്കൂട്ടർ വാങ്ങി ഉപയോഗിക്കാൻ തുടങ്ങി.

അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഒന്നിനും സ്വാതന്ത്രം ഉണ്ടായിരുന്നില്ല.തനിയെ പുറത്തു വിടില്ല .പഴയ സുഹൃത്തുക്കളുടെ ഒരു പുനഃസമാഗമം സംഘടിപ്പിച്ചപ്പോൾ പോലും പോകാൻ സമ്മതിച്ചില്ല.

കൂട്ടിലിട്ട കിളിയായിരുന്നു അന്ന്.പക്ഷെ പ്രത്യേകതരം സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു.ഇരുപത്തെട്ടു വർഷം എല്ലാ മോഹങ്ങളും അടക്കിവച്ചു ആ സ്നേഹ തണലിൽ ഒതുങ്ങി കൂടി.

അതിൽ സന്തോഷം കണ്ടെത്തി.അറിയപ്പെടുന്ന ട്രഷറി ഓഫീസർ ,കർക്കശക്കാരൻ,വീട്ടിലും പുറത്തും.ഒരു സാരി വേണമെന്ന് പറഞ്ഞാൽ രാത്രി വരുന്നത് അഞ്ചോ ആറോ സാരിയുമായിട്ടായിരിക്കും.

എല്ലാം പുള്ളിയുടെ ഇഷ്ട നിറങ്ങൾ .ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാൽ ദേഷ്യമാകും,ആർക്കെങ്കിലുമെടുത്തു കൊടുക്കാൻ പറയും .

പിന്നെ പിന്നെ അതും പറയാതെയായി.അങ്ങനെ എത്ര സാരികൾ നാട്ടിലെ മീൻകാരികളും പച്ചക്കറി കാരികളും കൊണ്ട് പോയിട്ടുണ്ട്.എന്നിട്ടും അദ്ദേഹം പോയപ്പോൾ വല്ലാത്തൊരു ശൂന്യതയായി.

ഇപ്പോൾ ജീവിക്കാൻ പണവും സ്വാതന്ത്ര്യവുമുണ്ട്.പക്ഷെ എവിടെയൊക്കെയോ കണ്ണികൾ നഷ്ടമായത് പോലെ.മകൻ ഓൺലൈൻ ഓർഡർ ചെയ്ത തരുന്ന പുസ്തകങ്ങൾ വായിക്കുക,

ചെറിയ പൂന്തോട്ടം പരിപാലനം ,ഇത്തിരി ഭക്തി,പിന്നെ ചില കുത്തി കുറിക്കലുകൾ. ഒന്നിനും സമയം തികയുന്നില്ല.ഉറങ്ങാൻ പലപ്പോഴും പാതിരാത്രിയാകും .

ഉണർന്നു വരുമ്പോൾ പാചകം ചെയ്യാൻ ഒരു മൂഡും ഉണ്ടാകില്ല.നാട്ടിലെ നാരായണൻ മൂപ്പരുടെ കടയിലെ കുട്ടി ദോശയും വറുത്ത ചമ്മന്തിയും ആകും അന്ന് പ്രാതൽ.അല്ലെങ്കിൽ സ്വിഗ്ഗി കുട്ടൻ കൊണ്ട് വരുന്ന അപ്പവും മുട്ട റോസ്റ്റും .

ഒന്നിനും ഒരു നിർബന്ധമില്ല.ചിലപ്പോൾ ജയിലിലെ ചപ്പാത്തി. അപ്പോൾ എന്ത് തോന്നുന്നുവോ അത് ചെയ്യും.ആകാശത്തിലെ പറവകളെ പോലെയായി ജീവിതം.എല്ലാമാസവും അക്കൗണ്ടിൽ വരുന്ന പണം മതി സന്തോഷത്തോടെ ജീവിക്കാൻ.

ഇതേ മനസ്സുള്ള കുറെ സുഹൃത്തുക്കളെ വാട്സാപ്പ് കൂട്ടായ്മ വഴി കിട്ടി.എല്ലാരുമൊന്നിച്ചു ഒരു കന്യാകുമാരി ട്രിപ്പ് പ്ലാൻ ചെയ്തു.രണ്ടു ദിവസത്തെ ട്രിപ്പ്.

ആദ്യം മകളോട് പറഞ്ഞു .പെണ്മക്കൾ ആണല്ലോ അമ്മമാരുടെ മനസ്സ് പെട്ടെന്ന് മനസിലാക്കുന്നത്.അവളുടെ മറുപടി പക്ഷെ ഞെട്ടിച്ചു കളഞ്ഞു.

“പക്ഷെ അമ്മെ ,ഹരിയേട്ടന്റെ വീട്ടുകാർ എന്ത് വിചാരിക്കും അമ്മ ഈ വയസ്സുകാലത്തു.അതും ഈ അവസ്ഥയിൽ ,ഒറ്റയ്ക്ക്.വേണ്ടമ്മേ.ഞങ്ങൾ എവിടെ വേണേലും കൊണ്ട് പോകാം .ധനേഷ് ഒന്ന് വന്നോട്ടെ.”

“ഈ അവസ്ഥ എന്ന് നീ ഉദ്ദേശിച്ചത് എന്താണ്? വിധവയായി എന്നോ .വെള്ളയുമിട്ട് ഞാൻ ഇവിടെ തന്നെയിരിക്കണമെന്നോ.

അപ്പോൾ എന്റെ ഇഷ്ടങ്ങൾ , സന്തോഷങ്ങൾ. എനിക്ക് വയസ്സ് അറുപത്തിമൂന്ന് കഴിഞ്ഞു ഞാനിനി എത്രനാൾ എന്നാ.

നിങ്ങൾക്ക് സൗകര്യപ്പെടുമ്പോൾ എനിക്കാവതുണ്ടാകുമോ?പിന്നെ നിന്റെ ഹരിയേട്ടന്റെ അമ്മ മകന്റെയും കുടുംബത്തിന്റെയുമൊപ്പം സന്തോഷമായിരിക്കുന്നു.

പക്ഷെ ഞാനോ ?ഞാൻ പോകാൻ തന്നെ തീരുമാനിച്ചു.നിങ്ങൾക്ക് യോജിക്കാം വിയോജിക്കാം.”

മകനോടും പറഞ്ഞു.അവനു സന്തോഷമായി.

“‘അമ്മ പോയി അടിച്ചു പൊളിക്ക്.എനിക്ക് യുറോപിയൻസിനോട് ബഹുമാനം ഈ ഒരു കാര്യത്തിലാണ്.അവർ പ്രായത്തിനേക്കാൾ അവരുടെ സന്തോഷത്തിനാണ് പ്രാധാന്യം നൽകുന്നത്.അമ്മ പോകണം .”

അവനാണ് എന്തിനും ഏതിനും പ്രോത്സാഹനം .രണ്ടു ദിവസം മുൻപ് വിളിച്ചു.

” അമ്മ മേയ്‌ മാസത്തിൽ മദേഴ്‌സ് ഡേ ആണ് വരുന്നത് .നാട്ടിൽ വന്നു അമ്മയോടൊപ്പം അടിച്ചു പൊളിക്കണമെന്നുണ്ട്.പക്ഷെ ഇപ്പോൾ വന്നാൽ എനിക്ക് ഓണത്തിന് ലീവ് കിട്ടില്ല.അമ്മക്ക് എന്താണ് സ്പെഷ്യൽ ഡേ ഗിഫ്റ്റ് വേണ്ടത്.”

“എനിക്ക് ഒന്നും വേണ്ട മോനെ ,അമ്മക്ക് ഒരു ആഗ്രഹം.ഇവിടെയുള്ള വൃദ്ധ സദനം ഇല്ലേ ,സാമൂഹ്യ ക്ഷേമ വകുപ്പിന്റെ .അവിടെ ഒരു പതിനഞ്ചോളം അച്ഛൻമാരും ഇരുപത്തിരണ്ടു അമ്മമാരും ഉണ്ട്.അവർക്കു ഈ അമ്മമാരുടെ ദിനത്തിൽ ഭക്ഷണം നൽകണം.

രാവിലെ പ്രാതൽ ,ഉച്ചക്ക് മട്ടനും മീനുമൊക്കെ ആയി ഒരു ഊണ് ,രാത്രിയിൽ അപ്പമോ പൊറോട്ടയോ അങ്ങനെ എന്തെങ്കിലും.എനിക്കും ഉച്ചയൂണിനു അവർക്കു വിളമ്പി കൊടുത്തു, അവരോടൊപ്പമിരുന്നു കഴിക്കണം.

ആർക്കറിയാം ആരുടെ വിധി എങ്ങനെയാണെന്ന്.നീയും കൂടെ ഉണ്ടായിരുന്നേൽ നന്നായിരുന്നു.ഞാൻ സേതുവിനെ വിളിക്കാം .അവൻ കാറുമായി വരും.”

“നല്ല തീരുമാനം.സേതുവേട്ടൻ വരുമോ അമ്മെ .ചേച്ചിയും ഹരിയേട്ടനും വരില്ലേ പറഞ്ഞാൽ.അമ്മ എല്ലാ ഒരുക്കങ്ങളും ചെയ്തോളു.എന്റെ എല്ലാ പിന്തുണയും.”

“സേതു വരും മോനെ ഞാൻ വിളിച്ചാൽ.നിന്റെ അച്ഛനല്ലേ അവനെ പഠിപ്പിച്ചതും ജോലി വാങ്ങി കൊടുത്തതും.ഇതൊക്കെ അന്വേഷിച്ചു പറഞ്ഞത് സേതുവാണ്‌.പിന്നെ ഹരിയെ വെറുതെ ബുദ്ധിമുട്ടിക്കണോ?.

ഭക്ഷണം മാത്രമല്ല.എല്ലാവർക്കും ഓരോ കോട്ടൺ കൈലിയും തോർത്തും.അമ്മമാർക്ക് ഓരോ കുപ്പായ തുണി പ്രത്യേകം.അമ്മ പൈസ ഒക്കെ ബാങ്കിൽ ഇട്ടിട്ടുണ്ട്.നിന്നോട് പറയാതെ അമ്മ ഒന്നും ചെയ്യില്ലല്ലോ.”

പിറ്റേന്ന് രാവിലെ കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഉറക്കമുണർന്നത്.ധന്യയും ഹരിയുമാണ്.

“എന്താ രണ്ടാളും വെളുപ്പാന്കാലത്തു?”

“ഒൻപതു മണിയാണോ അമ്മക്ക് വെളുപ്പാൻ കാലം.ഇന്നലെ ധനേഷ് വിളിച്ചിരുന്നു.അമ്മയുടെ മദേഴ്‌സ്‌ഡേ പരിപാടി കേട്ടിട്ട് ഞങ്ങളും ത്രിൽഡ് ആണ്.

വസ്ത്രം ഹരിയേട്ടൻ സ്പോൺസർ ചെയ്യാമെന്ന് പറയുന്നു.മദേഴ്‌സ്‌ഡേയുടെ അന്ന് ഞങ്ങൾ രാവിലെ ഇവിടെ വരുന്നു ,നമ്മൾ ഒന്നിച്ചു പോകുന്നു,അവരോടൊപ്പം ഒന്നിച്ചു ചിലവഴിക്കുന്നു.എങ്ങനെയുണ്ട് അമ്മേ.”

“ഒന്നിച്ചു പോകാം,പക്ഷെ വസ്ത്രങ്ങളൊക്കെ അമ്മ സേതുവിനെ കൊണ്ട് ഇന്നലെ വാങ്ങി വച്ചു.ഏതോ ഹോൾ സെയിൽ കട അവനു പരിചയമുണ്ടായിരുന്നു.

ഫുഡ് ഒക്കെ പറഞ്ഞു,പൈസ അടക്കുകയും ചെയ്തു.അല്ലെങ്കിൽ പിന്നെ തീയതി കിട്ടില്ല .എനിക്ക് ആ ദിനം തന്നെ വേണമെന്നൊരു വാശി.”

അങ്ങനെ മദേഴ്‌സ് ഡേ ദിനം വന്നു.സോഷ്യൽ മീഡിയ മുഴുവൻ അമ്മ ദിന സ്റ്റാറ്റസ് കൊണ്ട് നിറഞ്ഞു.അതിനായി മാത്രം അമ്മയുടെ ഫോട്ടോ എടുക്കുന്ന മക്കൾ.

രാവിലെ തന്നെ കുളിച്ചു പുതുതായി വാങ്ങിയ സാരിയുമുടുത്തു വൃദ്ധ സദനത്തിൽ പോകാൻ തയാറെടുത്തു.ഇത് വരെ ധന്യയും ഹരിയും വന്നില്ല.അവർ വന്നില്ലെങ്കിലും സേതു വരും .അവന്റെ കൂടെ പോകാം.ധന്യയുടെ ഫോൺ കാൾ വന്നു.

“അമ്മെ ഞങ്ങൾക്ക് വരാൻ പറ്റത്തില്ല,ഹരിയേട്ടന്റെ അമ്മ കുളിമുറിയിൽ ഒന്ന് വഴുതി വീണു,കാലിനു നല്ല നീര്.ഒന്ന് ആശുപത്രിയിൽ കാണിച്ചിട്ട് അവിടെ വരാം.”

“മോള് വിഷമിക്കണ്ട,നിങ്ങൾ ആശുപത്രിയിൽ കൊണ്ട് പൊയ്ക്കോ,സേതുവിപ്പോൾ വരും.ഇത്രേം അവൻ ചെയ്തിട്ട് അവസാനം അവനെ ഒഴിവാക്കുന്നത് ശരിയല്ലല്ലോ.”

ഇത് പ്രതീക്ഷിച്ചതാണ്.ഹരിയുടെ അമ്മയുടെ സ്ഥിരം ഏർപ്പാടാണിത്.അവരെവിടെയും പോകാൻ സമ്മതിക്കില്ല.അപ്പോഴേക്കും അവർ എന്തെങ്കിലും ഒരു പ്രശ്നം ഒപ്പിക്കും.ഓർത്തപ്പോൾ ചിരി തോന്നി.

സേതുവുമൊത്തു വൃദ്ധ സദനത്തിൽ പോയി.അവരുമൊത്തു സല്ലപിച്ചു ,ഭക്ഷണം കഴിച്ചു,പാട്ടു പാടി,വസ്ത്രം നൽകി.ഒരു ദിവസം പോയതറിഞ്ഞില്ല.

പലരുടെയും കഥ കേട്ട് സങ്കടം വന്നു.അത് ഒരു ചെറുകഥയാക്കുമെന്നു മനസ്സിൽ ഉറപ്പിച്ചു.സൂപ്രണ്ടിനെ കൂടാതെ ഒരു മേട്രനും ക്ലർക്കും ഉണ്ടായിരുന്നു.

അവരും സന്തോഷത്തോടെ എല്ലാത്തിലും പങ്കുകൊണ്ടു.നന്മയുള്ള ആരെങ്കിലുമൊക്കെ അവരുടെ പ്രിയപ്പെട്ട ദിനങ്ങളിൽ നൽകുന്ന ഭക്ഷണം ,അവരെത്ര സ്വാദൊടെയാണ് കഴിക്കുന്നത്.

ക്ലർക്ക് വൈകിട്ട് വീട്ടിൽ പോകാനായി ഇറങ്ങുന്നത് കണ്ടു ,ഒരു ചെറുപ്പക്കാരി പെൺകുട്ടി.വീട്ടുകാര്യം പറഞ്ഞ കൂട്ടത്തിൽ ഒരു കൈകുഞ്ഞു ഉണ്ടെന്നു അവൾ പറഞ്ഞിരുന്നു.

വൈകിട്ടാകുമ്പോൾ വീട്ടിൽ പോകാൻ ധൃതിയാണെന്നു ,മാതൃത്വം നിറഞ്ഞൊഴുകാൻ തുടങ്ങുമെന്നും.കുട്ടിയെ ഓർക്കുമ്പോൾ പിന്നെ പറയുകയും വേണ്ട.ആറേഴു കിലോമീറ്റർ അകലെയുള്ള വീട്ടിലേക്കു ബസിൽ പോണം.

യാത്ര പറഞ്ഞു ഇറങ്ങിയ കുട്ടി ധൃതിയിൽ തിരിച്ചു വന്നു.നിറഞ്ഞൊഴുകുന്ന മാറിടത്തിലെ പാല് പിഴിഞ്ഞ് കളയാൻ ആണെന്നാണ് കരുതിയത്.പക്ഷെ അവൾ മേട്രനുമായി എന്തോ സംസാരിക്കുന്നതു കണ്ടു .രണ്ടു പേരും സങ്കടത്തിലായിരുന്നു.

അടുത്ത് ചെന്ന് അന്വേഷിക്കണമെന്ന് തോന്നി.അന്യന്റെ സ്വകാര്യതയിൽ കടന്നു കയറാൻ മനസ്സ് അനുവദിച്ചില്ല.അവസാനം പൊയ്മുഖം മാറ്റി വച്ചു ചോദിച്ചു.

“എന്തെങ്കിലും പ്രശ്നമുണ്ടോ?.ഞാൻ സഹായിക്കണോ.”

മേട്രൺ സൗദാമിനിയുടെ അടുത്ത് വന്നു.

“മാഡം ഒന്ന് സഹായിക്കാമോ,ഈ കുട്ടിക്ക് ഒരു മുപ്പതു രൂപ ബസ് കൂലി കൊടുക്കാമോ.ഞാൻ ഗൂഗിൾ പേ ചെയ്തേക്കാം.”

സൗദാമിനി പേഴ്സ് തുറന്നു അമ്പതു രൂപ കുട്ടിയുടെ കയ്യിൽ കൊടുത്തു.അവൾ നന്ദിയോടെ നിറഞ്ഞ കണ്ണുകളോടെ നോക്കി .

“ഇനി നീ പൊയ്ക്കോളൂ,ഇല്ലെങ്കിൽ ലേറ്റ് ആകും.മാഡം ,അവിടെ ‘എല്ലാരും ചൊല്ലണ്എല്ലാരും ചൊല്ലണ് ‘ എന്ന് പാട്ടു പാടിയ അമ്മയില്ലേ ,അവർക്കു ഇന്നലെ നല്ല വലിവിന്റെ അസുഖം ഉണ്ടായി.

സൂപ്രണ്ടിനോട് പറഞ്ഞിട്ട് സാർ മൈൻഡ് ചെയ്തില്ല.അവർക്കു കൂടെ കൂടെ അസുഖം വരുന്നുണ്ട്.

പക്ഷെ ഡോക്ടർ പറയുന്നതൊന്നും ആ അമ്മ കേൾക്കില്ല.അത് കൊണ്ട് സൂപ്രണ്ട് സാറിന് ദേഷ്യം.ഞാനും മീനുവും കൂടി രണ്ടു പേരുടെയും ബാഗിലുള്ള പൈസ എടുത്തു കൊണ്ട് പോയി.ഞങ്ങൾ ശമ്പളക്കാരല്ലേ മാഡം.

എന്നിട്ടു തന്നെ ഓട്ടോറിക്ഷക്കാരനോട് കടം പറയേണ്ടി വന്നു.എന്നെ വിളിക്കാൻ മകൻ വരും.മീനുവിന് ബസിൽ പോകണം.ഇപ്പോഴാണ് ബസ് കൂലിയുടെ കാര്യം ഓർത്തത്.മാഡം ഇതാരോടും പറയല്ലേ.”

“ഏയ് ഇല്ല.ഇത് ഗൂഗിൾ പേ ചെയ്യാനൊന്നും നിൽക്കണ്ട.”

“എങ്ങനെ സങ്കടം വരാതിരിക്കും, ആശുപത്രിയിൽ പോകാൻ പൈസ ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ആ അമ്മയുടെ കയ്യിൽ പൈസയില്ല.കടം വാങ്ങി കൊണ്ട് പോയതാ.

ആശുപത്രിയിൽ നിന്നും തിരികെ വന്നപ്പോൾ അമ്മയെ കാണാൻ മകൻ വന്നു.കുടിച്ചു നാലു കാലിലായിരുന്നു വന്നത് .

വന്നു അമ്മയെ കൂടെ നിർത്തി സെൽഫി എടുത്തു .അമ്മ ആരും കാണാതെ കുപ്പായത്തിൽ സൂക്ഷിച്ചു വച്ചിരുന്ന പൈസയെടുത്തു മകന്റെ പോക്കറ്റിൽ വച്ചു കൊടുക്കുന്നത് മീനു ജനലിലൂടെ കണ്ടു.

അതാ അവൾക്കിത്ര സങ്കടം.അവളുടെ കുട്ടിയ്ക്ക് ലാക്ടോജൻ വാങ്ങാൻ പോലും പൈസയില്ല .അപ്പോഴാ .”

“അതങ്ങനെയാ,കാരണം അതമ്മയല്ലേ,സ്വന്തം മക്കളു കഴിഞ്ഞേ എന്തുമുള്ളൂ.മക്കളു നോക്കാതെ വൃദ്ധസദനത്തിൽ കൊണ്ട് വിട്ടാലും മാതാപിതാക്കൾക്ക് സ്നേഹം കുറയില്ല.

ആരും കാണാതെ അമ്മ സംഘടിപ്പിച്ച പൈസ സ്വന്തം മകൻ്റെ കയ്യിലേൽപിച്ചപ്പോഴാണ് ആ അമ്മയുടെ മനസ്സ് നിറഞ്ഞത്.”

മേട്രൻ്റെ കയ്യിൽ പിടിച്ചു കൊണ്ട് സൗദാമിനി ആശ്വസിപ്പിച്ചു.

“പക്ഷെ ഞാനിതിന് എതിരാണ്.സ്വന്തം സ്വപ്നങ്ങളും ലക്ഷ്യങ്ങളും മക്കളിലേയ്ക്ക് മാത്രം ചുരുക്കി ,മക്കൾക്ക് വേണ്ടി മാത്രം ജീവിയ്ക്കുന്ന അമ്മമാർ എല്ലാവരുടെയും ജീവിതം സങ്കീർണമാക്കുകയല്ലേ.”

അന്നത്തെ വിശേഷങ്ങൾ ഫോണിൽ വിളിച്ചു പറഞ്ഞപ്പോൾ മകൻ ഒന്നേ പറഞ്ഞുള്ളൂ “അമ്മ മാതൃകയാകണം.”

Leave a Reply

Your email address will not be published. Required fields are marked *