എന്റെ സുമേ നീ ഒന്ന് നിർത്തു, ഇത് കല്യാണ പന്തലാ അടുത്തിരിക്കുന്ന ആളുകൾ ശ്രദ്ധിക്കും അമ്മ കഴിച്ചോട്ടെ..

പ്രമേഹം
(രചന: നിഷ പിള്ള)

“നോക്ക് നോക്ക് നിങ്ങളുടെ അമ്മ പായസം കുടിക്കുന്നത് .രണ്ടാമത്തെ തവണയാ അടപ്രഥമൻ വാങ്ങി കുടിക്കുന്നത് .”

ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ബാലൻ തലയുയർത്തി എതിർ വശത്തെ നിരയിലിരുന്നു സദ്യ കഴിക്കുന്ന അമ്മയെ നോക്കി .

“പാവം അമ്മ ഇത്തിരി കുടിച്ചോട്ടെ .വല്ലപ്പോഴും അല്ലേ പായസം കുടിക്കുന്നത് .

അമ്മ വീടിനു പുറത്തിറങ്ങുന്നത് തന്നെ മാസത്തിലൊരിക്കലാണ് .അമ്മായിയുടെ മകളുടെ കല്യാണമല്ലേ.അമ്മ കുറച്ചു സന്തോഷിച്ചോട്ടെ .ബന്ധുക്കളെയൊക്കെ കണ്ട സന്തോഷമാ ആ മുഖത്ത്.”

“അഹ് ,കുടിക്കട്ടെ .കുടിച്ചു ഷുഗർ കൂടിയാൽ നോക്കാൻ ഞാനുണ്ടല്ലോ .നിങ്ങളുടെ ചേട്ടനും പെങ്ങൾക്കുമൊന്നും അമ്മയെ വേണ്ടല്ലോ .ദീനം വന്നു കിടന്നാൽ ഞാൻ തന്നെ നോക്കണമല്ലോ .”

“അമ്മയ്ക്ക് അതിനു അസുഖമൊന്നുമില്ലല്ലോ . പത്തിരുപതു വർഷം മുൻപ് ബ്ലഡ് ഒന്ന് പരിശോധിച്ചപ്പോൾ ഒരു ചെറിയ വ്യത്യാസം .

അന്ന് തുടങ്ങിയതാ പഞ്ചസാര കഴിക്കില്ല,കപ്പ കഴിക്കില്ല ,ഉരുളക്കിഴങ്ങു കഴിക്കില്ല.എല്ലാം സ്വയം അങ്ങ് തീരുമാനിച്ചു.അല്ലാതെ അമ്മക്ക് ഒരു പ്രശ്നവും ഇല്ലെടോ .”

“പിന്നെ പിന്നെ .. രോഗം ഇല്ലേൽ ഗുളികകൾ കഴിക്കുമോ .അച്ചോടാ !!! ദേ നോക്ക് ബോളിയും പാൽപ്പായസവും വാങ്ങി .”

“എന്റെ സുമേ ,നീ ഒന്ന് നിർത്തു .ഇത് കല്യാണ പന്തലാ.അടുത്തിരിക്കുന്ന ആളുകൾ ശ്രദ്ധിക്കും .അമ്മ കഴിച്ചോട്ടെ .ഞാൻ ഗ്യാരന്റി .

അമ്മയുടെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ല.വീണു പോയി നിനക്ക് പ്രാരാബ്ധമാകുമെന്നു പേടിക്കണ്ട .ഈ എഴുപതാം വയസ്സിലും അമ്മ ദിവസേന അരമണിക്കൂർ വീതം നടക്കുന്നുണ്ട് .

നിനക്കുണ്ടോ അത്രേം വ്യായാമം.നീ നിന്റെ ഇലയിൽ നോക്കി കഴിച്ചോ അടുത്തയാളുടെ ഇലയിൽ അറിയാതെ കയ്യിടണ്ട ”

അയാൾ അടക്കി ചിരിച്ചു.സുമ ദേഷ്യത്തോടെ മുഖം തിരിച്ചു.

“നീയോ സ്വാദുള്ളതൊന്നും ഉണ്ടാക്കി കൊടുക്കില്ല . ഇവിടെ വച്ചെങ്കിലും മനസിന് പിടിച്ചത് കഴിച്ചോട്ടെ .ആഗ്രഹം അല്ലേ . ആസ്വദിച്ച് കഴിച്ചോട്ടെ .ഇനി എത്രനാളാ .”

“അല്ലേലും അമ്മയും മോനും ഒറ്റക്കെട്ടാ .”

അയാളെ നോക്കി കണ്ണുരുട്ടുന്നതിനിടയിൽ പായസത്തിനു പകരം നാരങ്ങാ അച്ചാർ ആണവൾ വായിൽ വച്ചതു .അവൾ ഇഞ്ചി കടിച്ച കുരങ്ങന്റെ ഭാവത്തിലായി .

“പിന്നെ നിന്റെ അമ്മയുടെ കാര്യമോ. പുള്ളിക്കാരി സ്വയം ചികിത്സക ആണല്ലോ. എല്ലാം ശ്രദ്ധിച്ചല്ലേ ജീവിക്കുന്നത് .ഭയങ്കര ഡയറ്റ് .എന്നിട്ടും ഷുഗർ കൂടി വലതു കാല്പാദം മുറിച്ചില്ലേ.

ഇപ്പോൾ പൊണ്ണത്തടി കാരണം കട്ടിലിൽ നിന്ന് പൊങ്ങാൻ വയ്യാത്ത അവസ്ഥ ആയില്ലേ.എന്റെ അമ്മ അത്യാവശ്യം ബോധവും വിവരവും ഉള്ള കൂട്ടത്തിലാ.നീ വെറുതെ മരുമകൾ പോരുമായി അങ്ങോട്ട് മുട്ടണ്ടാ.”

അവൾ ദേഷ്യത്തോടെ അയാളെ നോക്കി .

“അതെ മോരും രസവും വരുന്നുണ്ട് .നീ വേഗം പായസം കഴിക്കു.ലക്ഷണം കണ്ടിട്ട് നിനക്കാണ് പ്രമേഹമെന്നാ തോന്നുന്നേ .നീയും സൂക്ഷിച്ചോ പാരമ്പര്യം ഒരു ഘടകമാണ് .”

ഊണ് കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ അവരെ കാത്തു അമ്മ കാറിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു . പട്ടുസാരിയുടുത്തു ഒരു കൗമാരക്കാരിയുടെ ഊർജത്തോടെ നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ അയാൾക്ക്‌ സന്തോഷം തോന്നി .

“ബാലാ,സുമേ രണ്ടുപേരുടെയും കണ്ണ് ഞാൻ കഴിച്ച വാഴയിലയിൽ ആയിരുന്നല്ലോ . ഞാനിന്നിത്തിരി കൂടുതൽ പായസം കുടിച്ചു . അതൊരു പത്തു മിനിറ്റു കൂടുതൽ നടന്നു ഞാനങ്ങ് ബാലൻസ് ചെയ്തോളാം .ആ കാര്യം പറഞ്ഞു രണ്ടുപേരും തമ്മിൽ തല്ലു കൂടണ്ട .”

അമ്മ കാറിന്റെ പിൻസീറ്റിലേക്കു കയറിയിരുന്നു .

“കുറെ നാളുകൾക്കു ശേഷം ഇന്നാണ് സംതൃപ്തിയോടെ ആഹാരം കഴിച്ചത് .ഇന്നൊരു പകലുറക്കം ആകാമെന്ന് തോന്നുന്നു.

സ്വന്തം സന്തോഷത്തിനെയും വല്ലപ്പോഴും പരിഗണിക്കണ്ടേ. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു മടുത്തു. എന്തിനാ ഇപ്പോൾ സെഞ്ചുറി അടിയ്ക്കാനായി ജീവിക്കുന്നത് .

ഉള്ളകാലം സംതൃപ്തിയോടെ വല്ലോം ഒക്കെ ഇഷ്ടപെട്ടത് കഴിച്ചങ്ങു മരിക്കുക. ആർക്കും ഒരു ശല്യമാകാതെ. നാളെ നിങ്ങൾക്കും ഈ അവസ്ഥ വരാതെ നോക്കുക.”

ബാലനും സുമയും പരസ്പരം മുഖത്തോടു മുഖം നോക്കി. ഇപ്പോഴേ അവരുടെ കുട്ടികൾ മറ്റൊരു ലോകത്താണ് . നാളെ അവരെയും കാത്തിരിക്കുന്നത് ഇതിനേക്കാൾ വലിയ നിയന്ത്രണങ്ങൾ ആകും.

ആരോഗ്യം അമൂല്യമാണ്. ശരീരത്തിന്റെ ആരോഗ്യം മനസിന്റെ ആരോഗ്യത്തെയും സന്തോഷത്തെയും ആശ്രയിച്ചിരിക്കുന്നു .

ഈ തിരിച്ചറിവാണ് എല്ലാവർക്കും വേണ്ടത്. ഇന്ന് സന്തോഷത്തോടെ അച്ചടക്കത്തോടെ ജീവിക്കുക . ഇന്നത്തെ സന്തോഷം നാളത്തേക്ക് വേണ്ടി മാറ്റി വയ്ക്കാതിരിക്കുക.

കാറിൽ നിന്നിറങ്ങുമ്പോൾ സുമ അമ്മയുമായി തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന കണ്ടു അയാൾക്ക്‌ സന്തോഷം തോന്നി. അല്ലെങ്കിലും അമ്മയും മരുമകളും ഒറ്റക്കെട്ടാണ്.

ഇടക്കിടക്ക് അമ്മയേം മകനെയും തെറ്റിച്ചു ഗോൾ അടിക്കാൻ അവൾ ശ്രമിക്കാറുണ്ട്. അപ്പോഴൊക്കെ പരിചയമുള്ള ഡിഫെൻഡറെ പോലെ അമ്മ അവളുടെ ഗോൾ തടയും.

“അമ്മ ഈ വീടിന്റെ ഐശ്വര്യം.”

Leave a Reply

Your email address will not be published. Required fields are marked *