എനിക്കും കല്യാണം കഴിക്കണം എന്ന്, ആദ്യം ഒരു തമാശയായിട്ടാണ് അവർ എടുത്തത് പക്ഷേ പിന്നെയും പിന്നെയും..

(രചന: J. K)

സ്വത്ത് ഭാഗം വച്ചപ്പോൾ അവൾക്കും ഉണ്ടായിരുന്നു ഒരു പങ്ക്… ചിന്തു, അതായിരുന്നു അവളുടെ പേര്….

ഇരുട്ടിനെ പേടിയുള്ള അമ്പലത്തിൽ നിന്ന് വെടി പൊട്ടുന്നത് കേട്ടാൽ ഭയമുള്ള ഒരു പാവം പെണ്ണ്..

അവളെ ഗർഭം ധരിച്ചപ്പോൾ അവളുടെ അമ്മയ്ക്ക് വന്ന ഒരു പനി… അതാണത്രെ അവൾ ഇങ്ങനെ ബുദ്ധിവളർച്ച ഇല്ലാത്തവൾ ആയി തീരാൻ കാരണം…. അങ്ങനെയാണ് അവളോട് അമ്മ പറഞ്ഞിട്ടുള്ളത്…

കാരണം പലപ്പോഴും അവൾ ചോദിക്കുമായിരുന്നു എന്തുകൊണ്ടാ ഞാൻ മറ്റുള്ളവരെപ്പോലെ അല്ലാത്തത് എന്ന്…..

അല്ലെങ്കിൽ അവളുടെ ബുദ്ധി ആരും കണ്ടില്ല എന്ന് വേണം പറയാൻ… അവളെ സ്നേഹിക്കുന്നതിനെ ഒക്കെയും തിരിച്ച് സ്നേഹിക്കാൻ അവൾക്ക് ബുദ്ധി ഉണ്ടായിരുന്നു…..

ഇനി അവൾക്ക് പരിഗണന കിട്ടിയില്ലെങ്കിൽ കൂടി അവരെ സ്നേഹിക്കാനുള്ള ബുദ്ധി അവൾക്കുണ്ടായിരുന്നു….. അങ്ങനെ സ്നേഹിച്ചു സ്നേഹിച്ചു തോൽപ്പിക്കാനുള്ള ബുദ്ധി അവൾക്കുണ്ടായിരുന്നു….

രണ്ട് ചേട്ടന്മാരും ഒരു ചേച്ചിയും അവളെ എപ്പോഴും ഒരു നികൃഷ്ട ജീവിയെ പോലെ അകറ്റി നിർത്തി അവർക്ക് ചിന്തുവിനെ കൂടെ കൊണ്ടുനടക്കുന്നത് പോലും അപമാനം ആയിരുന്നു അതുകൊണ്ട് തന്നെ അവളോട് യാതൊരുവിധ അടുപ്പവും അവർ കാണിച്ചില്ല….

എന്നാലും അവർ അവൾക്ക് പ്രിയപ്പെട്ടവർ ആയിരുന്നു…. അവർക്കൊരു ചെറിയ വിഷമം ഉണ്ടായാൽ പോലും അവളെ അത് വല്ലാതെ ബാധിച്ചു..

അച്ഛനും അമ്മയും മാത്രം അവളുടെ മനസ്സ് തിരിച്ചറിഞ്ഞിരുന്നു അതിനുള്ളിലെ മധുരമുള്ള സ്നേഹവും…. അവർ സ്നേഹിക്കുന്നതിന്റെ ഇരട്ടി അവൾ തിരിച്ചു കൊടുത്തു…

ആദ്യം ചേച്ചി വിവാഹിതയായതും പിന്നെ ചേട്ടന്മാർ ഓരോ ഇണയെ കൂടെ കൂട്ടിയതും അവൾക്ക് അത്ഭുതമായിരുന്നു..

“””വിവാഹം “”

അവളെ സംബന്ധിച്ച് അത് ഒരത്ഭുതമായിരുന്നു… മുൻപൊട്ടും പരിജയമില്ലാത്ത രണ്ടുപേർ പരസ്പരം കൂട്ടാവുക.. തമാശകൾ പറയുക..
പുതിയ വസ്ത്രം… ആഭരണം, ഭക്ഷണം…

എല്ലാത്തിനും ഉപരി അവർക്ക് കിട്ടുന്ന പരിഗണന… കല്യാണ ചെറുക്കനും പെണ്ണും എന്ന പേരിൽ…

എല്ലാം അവളെ അത്ഭുതപ്പെടുത്തി… അപ്രതീക്ഷിതമായി, അച്ഛനെയും അമ്മയെയും അവൾക്ക് നഷ്ടമായി..

ഒരു ഹാർട്ട് അറ്റാക്കിന്റെ രൂപത്തിൽ അച്ഛനെ വിധി തട്ടിയെടുത്തപ്പോൾ, അടുത്ത് തന്നെ ഒരു ആക്സിഡന്റ് ആയി അമ്മയും പോയി.. അവളുടെ രണ്ട് ചിറകും നഷ്ടപ്പെട്ടതുപോലെ ആയിരുന്നു…..

അവർ അവരുടെ ചിറകിനടിയിൽ അവളെ ഒളിപ്പിച്ചു നിർത്തി ആയിരുന്നു ഇത്രയും കാലം വളർത്തിയിരുന്നത്….

അത്ര സ്നേഹം കൊടുത്ത് മറ്റാരും പരിഗണിച്ചില്ലെങ്കിലും അച്ഛനും അവളെ അമ്മയും അവളെ അത്രമേൽ സ്നേഹിച്ചിരുന്നു….

അവരുടെ നഷ്ടം അവളെ വല്ലാതെ തളർത്തി ആരോടും മിണ്ടാതായി മറ്റുള്ളവർക്ക് അവൾ ഒരു ഭാരമായി തോന്നാൻ തുടങ്ങിയത് അതിനുശേഷം ആയിരുന്നു….

രണ്ടു ചേട്ടന്മാർ അവിടെ അങ്ങനെ ഒരാൾ ഉണ്ട് എന്ന കാര്യം പോലും തിരിഞ്ഞു നോക്കിയില്ല…
ചേച്ചി വിവാഹം കഴിഞ്ഞ് പോയത് അല്ലാതെ ഇങ്ങോട്ടൊന്ന് വന്നത് പോലുമില്ല….

പിന്നീടുള്ളത് ചേട്ടന്മാരുടെ ഭാര്യമാർ ആയിരുന്നു അവർക്ക് അവൾ ഒരു അധികപ്പറ്റായി തോന്നി….

അവളുടെ ഭയങ്ങളും അവളുടെ ശീലങ്ങളും അവർക്കൊരു തമാശയായിരുന്നു പലപ്പോഴും അവൾക്ക് ഭയമുള്ള പലതും പറഞ്ഞു അവളെ പേടിപ്പെടുത്തുന്നത് അവരുടെ വെറുമൊരു വിനോദമായി….

അച്ഛന്റെയും അമ്മയുടെയും ചിറകിനടിയിലെ സുരക്ഷിതത്വത്തിൽ നിന്നും അവൾ ആ വീട്ടിലെ അരക്ഷിതാവസ്ഥയിലേക്ക് എത്തിയപ്പോൾ അവൾക്ക് താങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല

ഒരിക്കൽ രണ്ടുദിവസം രണ്ട് ചേട്ടൻമാരും ഒരുമിച്ചിരിക്കുമ്പോൾ ആണ് അവൾ അത് പറഞ്ഞത്….

“”””എനിക്കും കല്യാണം കഴിക്കണം എന്ന് “”””

ആദ്യം ഒരു തമാശയായിട്ടാണ് അവർ എടുത്തത് പക്ഷേ പിന്നെയും പിന്നെയും അവൾ അത് തന്നെ ആവശ്യപ്പെട്ടുകൊണ്ടിരുന്നു …

“”” ഇവൾക്ക് ഇത് മറ്റേ സൂക്കേടാ””” എന്നുപറഞ്ഞ് അധിക്ഷേപിച്ച അവർ തന്നെ പിന്നീട് മാറ്റിചിന്തിച്ചു…

മൂത്ത ചേട്ടന്റെ ഭാര്യയാണ് പറഞ്ഞത് ആ പറയുന്നത്, കാര്യമായിട്ട് നമുക്ക് ഒന്ന് ആലോചിച്ചു കൂടെ എന്ന്..

എങ്കിൽ ഈ നാശൂലം ഇവിടെനിന്ന് പോകുമല്ലോ എന്ന്…..

എല്ലാവരോടും പറഞ്ഞപ്പോൾ എല്ലാവർക്കും അത് ഒരു നല്ല മാർഗ്ഗം ആയി തോന്നി അവളെ അവിടെ നിന്നും ഒഴിവാക്കാൻ…..പക്ഷേ ആര് വിവാഹം കഴിക്കും അതായിരുന്നു അവൾക്ക് മുന്നിലുള്ള ഏക ചോദ്യം…

ഇതുപോലെ ഒരു പെണ്ണാണ് എന്നറിഞ്ഞാൽ ആരു വരും… അവർ കുറെ അന്വേഷിച്ചു.. നാട്ടിലുള്ള കല്യാണ ബ്രോക്കർമാരോടെല്ലാം പറഞ്ഞു….

ആരും വന്നില്ല…

ആർക്കും ഇങ്ങനെ ഒരു കാര്യം താല്പര്യമുണ്ടായിരുന്നില്ല…

ഒടുവിൽ ആരോ പറഞ്ഞ് അറിഞ്ഞാണ് നാണുവിന്റെ ആലോചന വന്നത്….
ചെവി കേൾക്കാത്ത സംസാരിക്കാൻ കഴിവില്ലാത്ത, പ്രായത്തിനു ഏറെ മൂത്ത
നാണു “””

കൂടുതലൊന്നും ചിന്തിക്കാൻ ഇല്ലായിരുന്നു അവർക്ക്…

നാണുവിന്റെ കയ്യിൽ അവളെ ഏൽപിച്ചു….

നാലു സെന്റിൽ ഒരു ചെറിയ വീടും, സ്വന്തം എന്ന് പറയാൻ ബന്ധത്തിൽ അകന്നൊരു തള്ളയും മാത്രമായിരുന്നു നാണുവിന് സ്വന്തം ആയിട്ടുള്ളത്….

അവൾ എങ്ങനെ ജീവിക്കും ജീവിതം ഇനി എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് അതിലൊന്നും ആങ്ങള മാർക്കും യാതൊരുവിധ താൽപര്യവും ഇല്ലായിരുന്നു അവർ അത് അന്വേഷിച്ചതുമില്ല കല്യാണം കഴിച്ച് അവരുടെ ബാധ്യത ഒഴിവാക്കി എന്നല്ലാതെ….

പക്ഷേ ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു അവരുടെ ജീവിതം മുന്നോട്ടു പോയത്…

അവളുടെ മധുരമാർന്ന സ്നേഹം നാണുവിന് ശബ്ദവും കേൾവിയും ആയി…

തിരികെ അവൾക്ക് താങ്ങും തണലുമായി നാണുവും…

ചിന്തുവിനെ സംബന്ധിച്ചിടത്തോളം കല്യാണം എന്നത് അവളുടെ മനസ്സിൽ തീർത്തും മറ്റൊന്നായിരുന്നു…

സ്വന്തം എന്ന് പറയാൻ ഒരാൾ അപ്പോൾ മാത്രമാണ് ഉണ്ടാവുക എന്നതായിരുന്നു അവൾ ധരിച്ചു വച്ചിരുന്നത്… നാണുവിനെ അവൾക്ക് കിട്ടിയപ്പോൾ അതുകൊണ്ടുതന്നെ അവൾ സ്നേഹംകൊണ്ട് അയാളെ കീഴ്പ്പെടുത്തി….

കാണുന്ന ജോലിക്ക് എല്ലാം പോയി അന്നന്നത്തെ അവളുടെ അന്നത്തിനുള്ളത് നാണുവും കണ്ടെത്തി..

ഉള്ളതുകൊണ്ട് ഓണം പോലെ അവർ ആഘോഷത്തോടെ കഴിഞ്ഞു…..

രണ്ടുപേർ തമ്മിലുള്ള ബന്ധം വെറും ശാരീരികം മാത്രമല്ല അത് മനസ്സിന്റെ സ്നേഹം മാത്രമാണെന്ന് അവരുടെ ബന്ധം എല്ലാവർക്കും പറഞ്ഞു കൊടുത്തു….

കാരണം ബുദ്ധി വളർച്ച ഇല്ലാത്ത ചിന്തുവിന് നാണു കൈകൊണ്ട് കാണിക്കുന്ന ഓരോ മുദ്രയുടെ അർത്ഥം മനസ്സിലാവുന്നുണ്ട് എങ്കിൽ അയാൾ പറയുന്നത് അതേപടി അവൾ അനുസരിക്കുന്നുണ്ടെങ്കിൽ അതിന്റെ പിന്നിലുള്ള ഒരേയൊരു കാരണം സ്നേഹം എന്നത് മാത്രമാണ്….

അവർക്ക് പരസ്പരം വഴക്കില്ല….
ഒന്നിനുവേണ്ടിയും വാശി കാണിച്ചില്ല അവരുടെ സ്നേഹത്തിൻ ഇടയിൽ അതിനൊന്നും യാതൊരു സ്ഥാനവും ഇല്ലായിരുന്നു ഒരാളെ അറിഞ്ഞ് മറ്റൊരാൾ പ്രവർത്തിക്കുന്നത് നേരിട്ട് കാണാമായിരുന്നു അവർക്കിടയിൽ നിന്നും….

ക്രമേണ നാട്ടുകാരും അത് അംഗീകരിക്കാൻ തുടങ്ങി നാണുവിന്റെ ചിന്തു, ചിന്തുവിന്റെ നാണു,

അങ്ങനെ മറ്റൊരാളുടെ പേരിൽ മാത്രം അവർ അറിയാൻ തുടങ്ങി അല്ലെങ്കിൽ രണ്ടുപേരുടെയും പേര് കൂടി വിളിച്ച് അവരെല്ലാവരും പറയാൻ തുടങ്ങി അത്രമാത്രം അവരുടെ ബന്ധം ദൃഢമാണ് എന്ന് ആളുകളും മനസ്സിലാക്കി..

പരസ്പരം ചതിക്കുന്ന….. അല്ലെങ്കിൽ നിസ്സാര പ്രശ്നങ്ങളുടെ പേരിൽ വഴക്കിടുന്ന വിവാഹ ബന്ധങ്ങൾക്കു അവരൊരു വെല്ലുവിളിയായിരുന്നു….

ഇന്നും അവർ ജീവിക്കുന്നുണ്ട്, ആ കൊച്ചു ഗ്രാമത്തിൽ.. ആ കൊച്ചു കൂരയിൽ…

Leave a Reply

Your email address will not be published. Required fields are marked *