കല്യാണം കഴിഞ്ഞ് അധികം ആയില്ലല്ലോ ഉപ്പച്ചിക്ക് വയ്യാണ്ടായി ഹോസ്പിറ്റലിലാണെന്ന് കോൾ വന്നിട്ടുള്ള പോക്കാണ്..

അയ്‌ല പൊരിച്ചതുണ്ട്
(രചന: Neji Najla)

കല്യാണം കഴിഞ്ഞ സമയമാണ്.
ഉപ്പച്ചി അന്ന് തൃശൂർ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ ബ്രെയിൻ ഫീവർ ബാധിച്ച് ഒരു മാസത്തോളം അഡ്മിറ്റ്‌ ആയിട്ടുണ്ടായിരുന്നു.

ഞാനും ഇക്കയും നീണ്ട ബസ് യാത്രയ്ക്കു ശേഷം ഉച്ച കഴിഞ്ഞാണ് തൃശൂരിലെത്തിയത്. വിശന്നിട്ട് ഒരു പരുവമായിരിക്കുന്നു. പക്ഷേ എനിക്ക് പറയാനൊരു ചമ്മൽ.

തിന്നാൻ എന്തെങ്കിലും ഇയാള് വാങ്ങിത്തന്നെങ്കിലെന്ന് മനസ്സ് ആയിരം വട്ടം പറഞ്ഞിട്ടും നാവ് മൗനം പാലിച്ച് അടങ്ങിക്കിടന്നു. എന്റെ വയറിന്റെ നിലവിളി പുറത്തു കേൾക്കാതിരിക്കാൻ ഞാൻ വല്ലാതെ പണിപ്പെട്ടു.

കല്യാണം കഴിഞ്ഞ് അധികം ആയില്ലല്ലോ ഉപ്പച്ചിക്ക് വയ്യാണ്ടായി ഹോസ്പിറ്റലിലാണെന്ന് കോൾ വന്നിട്ടുള്ള പോക്കാണ്. ഇതെന്ത് കൂതറയാന്ന് വിചാരിച്ചാലോ..

“ഡീ നമുക്കെന്തേലും കഴിയ്ക്കാല്ലേ.. വിശന്നിട്ട് വയ്യ.. ”

ഇക്കയത് പറഞ്ഞപ്പോൾ നോമ്പ് തുറക്കാൻ കാത്തിരുന്ന് ബാങ്ക് വിളി കേൾക്കുമ്പോൾ കുഞ്ഞികുട്ട്യോൾക്കുണ്ടാകുന്ന പോലൊരു പൊലിവ് എനിക്കനുഭവപ്പെട്ടു.

“ഏയ്‌ എനിക്ക് വിശപ്പൊന്നുമില്ല ഇക്കാക്ക് വേണേൽ കഴിയ്ക്കാം ”

ഞാൻ അങ്ങേയറ്റം ഭവ്യത അഭിനയിച്ചു.

“അതെന്താ നിനക്കു വിശക്കാത്തത്..? നേരം എത്രയായി.. പോരുമ്പോൾ പോലും നീ നേരം പോലെ ഭക്ഷണം കഴിച്ചില്ലല്ലോ.. ”

എനിക്കപ്പോൾ ഇക്കാനെ കെട്ടിപ്പിടിക്കാൻ തോന്നി.

അത്യാവശ്യം നല്ലൊരു ഹോട്ടലിലേക്കു തന്നെ ഇക്കയെന്നെ കൊണ്ടുപോയി.

“നിനക്കെന്താ കഴിക്കാൻ വേണ്ടത്?”

“എനിക്ക് സാദാചോറ് മതി. ”

ചോറ് മതിയെന്നു പറഞ്ഞത് ഭവ്യതയുടെ ഭാഗമൊന്നുമല്ല, എനിക്ക് സാദാചോറാണ് കൂടുതൽ ഇഷ്ടം. ഇക്കയാണേൽ ബിരിയാണിയുടെ സ്വന്തം ആളും.

എനിക്ക് ചോറ് മതിയെന്ന് പറഞ്ഞപ്പോൾ ഇക്കയും അത് മതിയെന്ന് തീരുമാനിച്ച്
രണ്ട് ചോറിന് ഓർഡർ കൊടുത്തു.

അഞ്ചു മിനിറ്റ് നേരത്തെ കാത്തിരിപ്പിന് അഞ്ചു മണിക്കൂറിന്റെ ദൈർഘ്യം തോന്നിയെനിക്ക്.
ഭക്ഷണം ടേബിളിൽ നിരന്നപ്പോൾ ആശ്വാസത്തിന്റെ ഒരു നിശ്വാസമയച്ച് ആക്രാന്തമൊന്നും കാണിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ദിച്ച് ആസ്വദിച്ച് തിന്നാൻ തുടങ്ങി.

ചോറ്, മീൻകറി, സാമ്പാറ്, രസം, തൈര്, പപ്പടം, ഉപ്പേരി, അച്ചാറ്.. ഇതിനൊക്കെ പുറമെ മൊരുന്നനെ പൊരിച്ച രണ്ടു വലിയ അയ്‌ലയും..

മീനിന്റെ മണവും മട്ടും ഭാവവുമൊക്കെ കണ്ടാൽ ഒറ്റയടിക്ക് കറുമുറാ കടിച്ച് തിന്നാൻ തോന്നും.

എനിക്കുള്ള മീൻ ഞാനെന്റെ ചോറിന്റെ സൈഡിലേക്ക് നീക്കി വച്ചു. എനിക്കൊരു സ്വഭാവമുണ്ട്. മീൻ, ഇറച്ചി, കോഴിമുട്ട ഒക്കെ ഇത്തിരി നുള്ളിക്കൂട്ടി അവിടെ വെച്ച് അതിലേക്ക് നോക്കി നോക്കി മുഴുവൻ ചോറും തിന്നും.

ശേഷം ഈ വക സാധനങ്ങൾ സാവധാനത്തിൽ പ്ളേറ്റിലേക്ക് എടുത്ത് വച്ച് പതുക്കെപ്പതുക്കെ തിന്നങ്ങനെ തീർത്ത് അവസാനം പ്ളേറ്റും കൈയും തുടച്ചുവടിച്ചങ്ങനെ…അതാണെന്റെ രീതി.

പതിവ് തെറ്റിക്കാതെ ഞാനെന്റെ അവസാനകലാപരിപാടിയിലേക്ക് നീക്കിവച്ച മൊരിഞ്ഞ മീനിലേക്ക് നോക്കി ചോറ് തിന്നാൻ തുടങ്ങി.

എന്റെ തീറ്റ പകുതിയായപ്പോഴേക്കും ഇക്കാടെ തീറ്റ കഴിഞ്ഞ് വെള്ളവും കുടിച്ച് എമ്പക്കവും വിട്ട് എന്റെ പ്ളേറ്റിലേക്ക് നോക്കി.

ഒരുകേടും പറ്റാത്ത അയ്‌ല അങ്ങനെ നീണ്ടു നിവർന്നു കിടക്കുന്നത് കണ്ട് ഇക്കാക്ക് സഹിച്ചില്ല. അപ്പൊ തന്നെ കൊറേശ്ശെ കൊറേശ്ശെ എടുത്തുതിന്നാൻ തുടങ്ങി.
എന്റെ നെഞ്ചിടിക്കാനും തുടങ്ങി..

തിന്നണ്ട ന്ന് പറയാൻ പറ്റോ…ഇപ്പൊ ഒക്കെ ആണേൽ കാണാർന്നു. ഇതിപ്പോ പരസ്പരം മനസ്സിലാക്കി വരുന്ന സമയമല്ലേ.. എനിക്കാകെ ഇരിക്കപ്പൊറുതി ഇല്ലാതായി.

ചോറൊന്ന് കഴിഞ്ഞിട്ട് വേണം തിന്നാനെന്ന് കരുതി കാത്തു കാത്തു വച്ച കസ്തൂരിമാമ്പഴമാണ് കാക്ക കൊത്തുന്നത്…

ഏകദേശം പകുതിയിലധികം തിന്ന് കഴിഞ്ഞപ്പോ എനിക്ക് ശരിക്കും കരച്ചിൽ വരാൻ തുടങ്ങി. ചോറ് പോലും ചങ്കിൽ നിന്ന് ഇറങ്ങാത്ത അവസ്ഥ..

“നീയെന്താ മീൻ തിന്നാതെ വച്ചിരിക്കുന്നത് ഇതെപ്പോ തിന്ന് തീരും ഇനി..? പൈസ കൊടുത്തു വാങ്ങിച്ചതല്ലേ.. വെറുതെ കളയാൻ ആണോ..?”

“അല്ല ഇക്ക… എനിക്ക് അവസാനം തിന്നാനാണ് ഇഷ്ടം… ഞാൻ അങ്ങനെയാ സാധാരണ തിന്നാ..”

മുട്ടിവന്ന കരച്ചിൽ ഒതുക്കിനിർത്തി ഞാൻ അത്രയും പറഞ്ഞു.

“ആ ഞാൻ വിചാരിച്ചു നീയിത് കളയാനാന്ന്… നിനക്കു പറയാർന്നില്ലേ..” ഇക്കയെഴുന്നേറ്റ് കൈ കഴുകാൻ പോയപ്പോ ന്റെ കണ്ണീന്ന് അറിയാതൊരു തുള്ളി ഇറ്റിവീണോന്നൊരു സംശയം.

ബാക്കിയുള്ള മീനും മീനിന്റെ മുള്ളും കൂടെ കടിച്ച് തിന്ന് കൈയും പ്ളേറ്റും തുടച്ച് വടിച്ചു വൃത്തിയാക്കി എണീറ്റ് പോയി കൈയും വായും സോപ്പിട്ടു പതപ്പിച്ചുകഴുകി ഞാൻ സങ്കടം തീർത്തു.

ഇന്നും എനിക്ക് ഹോട്ടലിൽ കേറിയാൽ അന്നത്തെ പൊരിച്ച മീനിനെ ഓർമ്മവരും. എന്റെ കരളിന്റെ കരളായ മീൻ കണ്ണീച്ചോരയില്ലാതെ ഇക്കയെടുത്തു തിന്നത് ഓർമ്മവരും.

കരച്ചിൽ വന്ന് കണ്ണുനിറഞ്ഞത് ഓർമ്മവരും. അവസാനം മുള്ളും കൂടെ തിന്ന് സങ്കടം മാറ്റി സ്വയം ആശ്വസിച്ചതും ഓർമ്മവരും.

Leave a Reply

Your email address will not be published. Required fields are marked *