അമ്മു പതിയെ അവൻ കിടക്കുന്ന കട്ടലിൻ ഓരത്തായി വന്നിരുന്നു, വല്യച്ഛൻ രാവിലെ തല്ലിയ പാടുകളിൽ കൂടി അവൾ..

(രചന: ഭ്രാന്തന്റെ പെണ്ണ്)

“”ഉണ്ണിയേട്ടാ “”

നിലാവിന്റെ മങ്ങിയ വെളിച്ചം പോലും കടന്നുവരാത്ത ഇരുണ്ട മുറിക്കുള്ളിൽ കയറാൻ പേടിച്ച് വാതിൽപ്പടികളിൽ നിന്നവൾ അല്പം ഭയത്തോടെ വിളിച്ചു.

അനക്കമൊന്നും കേൾക്കാതെ വന്നപ്പോൾ കുറച്ചു ധൈര്യം സംഭരിച്ച് ഒന്നുകൂടി വിളിച്ചു.

“”ഉണ്ണിയേട്ടാ “”

ഇരുട്ടിനെ കൂട്ടാക്കി ഒറ്റയ്ക്കായ ആ ഭ്രാന്തന്റെ അനക്കമൊന്നും കേൾക്കാത്തതിനാൽ അമ്മു തപ്പിത്തടഞ്ഞു ലൈറ്റിന്റെ സ്വിച്ച് ഇട്ടു.

കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുന്ന ആ ഭ്രാന്തന്റെ കയ്യിൽ അപ്പോഴും പൊട്ടിയ കുപ്പിവളയുടെ ചീളുകൾ പൊതിഞ്ഞു പിടിച്ചിട്ടുണ്ടായിരുന്നു. കട്ടിലിനു ചുറ്റും മഞ്ചാടിമണികളും ചിന്നി ചിതറി കിടക്കുന്നു.

അമ്മു പതിയെ അവൻ കിടക്കുന്ന കട്ടലിൻ ഓരത്തായി വന്നിരുന്നു. വല്യച്ഛൻ രാവിലെ തല്ലിയ പാടുകളിൽ കൂടി അവൾ മെല്ലെ വിരലോടിച്ചു.

ഉറക്കത്തിനിടയിലും വേദനകൊണ്ടാ ഭ്രാന്തൻ ഒന്ന് ഞരങ്ങി. അത് കണ്ടപ്പോഴേ അവളുടെ കണ്ണുകൾ പെയ്യുവാൻ വെമ്പി നിൽക്കുന്ന കാർമേഘം പോലെ ഉരുണ്ടുകൂടി.

“”ന്റെ പാറൂട്ടി……. നിന്റെ കുപ്പിവള ആ അമ്മുപൊട്ടിച്ചു. നീ വിഷമിക്കണ്ടാട്ടോ……. നിനക്ക് ഉണ്ണിയേട്ടൻ പച്ചയും ചോപ്പും നീല യും കളറിലെ ഒക്കെ കുപ്പിവള വാങ്ങി തരാട്ടോ……. അമ്മൂന് വാങ്ങി കൊടുക്കണ്ട നമുക്ക്.
അവൾ കുശുമ്പിയ…….

ന്റെ പാറുന്റെ കുപ്പിവള പൊട്ടിച്ചവള……. ദുഷ്ടത്തി……… അവളോട് ഞാൻ ഇനി മിണ്ടൂല…….. “”

ഉറക്കത്തിനിടയിലും പാറു വിന്റെ ഓർമ്മകളിൽ ജീവിക്കുകയാണവൻ.

ഉറക്കച്ചടവിലാ ഭ്രാന്തൻ പറയുന്നത് കേട്ടപ്പോൾ തന്നെ അമ്മുവിന്റെ ഹൃദയത്തിൽ കൂടി ആ കുപ്പിവള ചീളുകളാൽ വരയുന്ന വേദന ഉണ്ടായി.

പെയ്യാൻ ഒരുങ്ങി നിന്ന കാർമേഘങ്ങൾ പേമാരിയായി കവിൾത്തടങ്ങളെ നനയിച്ചു.
അടി കൊണ്ട് ചുവന്നു തടിച്ച അവന്റെ കൈകളിൽനിന്ന് വിരലുകൾ പിൻവലിച്ച് ആ മുറിയിൽ നിന്ന് അവൾ ഓടി ഇറങ്ങി.

ജനലഴികളിൽ കൂടി ഒളിഞ്ഞു നോക്കിയ സൂര്യന്റെ വെളിച്ചം മുഖത്തേക്ക് പതിച്ചപ്പോൾ വീർത്ത് കെട്ടിയ കൺപോളകൾ അവൾ വലിച്ചു തുറന്നു. കട്ടിലിൽ നിന്നും എഴുന്നേറ്റു ജനലരികിൽ ചെന്ന് അവൾ പുറത്തേക്ക് നോക്കി.

നിറയെ മുല്ല പൂക്കൾ വിരിഞ്ഞു നിൽക്കുന്ന കൊച്ചു മുറ്റം ഉള്ള ഒരു ചെറിയ വീട്. പാറുവേച്ചിയുടെ വീട്.

(കഥ വണ്ടി വിളിച്ച് കുറച്ചുനാൾ പിറകോട്ട് പോവുകയാണ് കേറാൻ ഉള്ളവരൊക്കെ കേറിക്കോട്ടാ…… )

ഉണ്ണിയേട്ടന് പത്തു വയസ്സുള്ളപ്പോഴാണ് ഉണ്ണിയേട്ടന്റെ അച്ഛൻ ഹൃദയാഘാതം മൂലം മരിക്കുന്നത്. അതോടെ മുത്തശ്ശിയും മുത്തശ്ശനും കൂടി അപ്പച്ചിയേയും ഉണ്ണിയേട്ടനെയും ഞങ്ങളുടെ കൂട്ടുകുടുംബത്തിലേക്ക് കൂട്ടി.

എന്നിലെ കുസൃതിയും കുറുമ്പും ആസ്വദിച്ച് എല്ലാ കാര്യങ്ങളിലും കൂട്ടായി അന്നുമുതൽ ഉണ്ണിയേട്ടനും എന്നോടൊപ്പമുണ്ടായിരുന്നു.

മുല്ലപ്പൂ പറിച്ചു തരാൻ പറഞ്ഞും അമ്പലത്തിലെ പൂരം കാണിക്കാനും ഒക്കെ കയ്യിൽ തൂങ്ങി വാശി പിടിക്കുമ്പോൾ, അച്ഛനും അമ്മയും ഉൾപ്പെടെ എല്ലാരും പറയുന്ന വാചകം എന്റെ കാതുകളിൽ അല്ല……… ഹൃദയത്തിൽ ആയിരുന്നു മുഴങ്ങി കേട്ടിരുന്നത്.

“”മുറച്ചെറുക്കനല്ലേ ചെയ്തു കൊടുക്കങ്ങോട്ട്‌ “”

നർമ്മത്തിൽ കലർത്തി അവരത് പറയുമ്പോൾ ചെറുപുഞ്ചിരിയോടെ ഒപ്പം വിരിയുന്ന നുണക്കുഴി ചിരിയും, ഇരു കണ്ണും ചിമ്മിയുള്ള ഉണ്ണിയേട്ടന്റെ നോട്ടവും എന്റെ ഹൃദയത്തിൽ സ്വപ്നത്തിന്റെ ചില്ലുകൊട്ടാരം പണിതു.

പക്ഷേ അതിനേക്കാൾ ദൃഢമായി നിർമ്മിച്ച ഉണ്ണിയേട്ടന്റെ സ്വപ്നകൂട്ടിലേക്ക് പാറുവേച്ചി എന്ന വർണ്ണ കിളി പറന്നു കേറിയ കാര്യം അറിയാൻ ഞാനേറെ വൈകിപ്പോയി.

ഹൃദയത്തിൻ ആഴങ്ങളിൽ വേരുറച്ച ഉണ്ണിയേട്ടനോടുള്ള ഇഷ്ടം വെട്ടി എറിയാൻ ഒത്തിരി കഷ്ടപ്പെടേണ്ടി വന്നു. എന്നാലും അതിന്റെ വേരുകൾ ചോടോടെ പിഴുതെറിയാൻ എനിക്കായില്ല.

രാത്രിയുടെ യാമങ്ങളിൽ തലയണയോട് സങ്കടങ്ങൾ പറയുന്ന എന്റെ കണ്ണുകളെ പിടിച്ചുവയ്ക്കാൻ ആയില്ല.

അതിനിടയിലാണ് ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തുള്ള പാറുവേച്ചിയുടെ മരണവാർത്ത. അതെന്നെ ഏറെ അത്ഭുതപ്പെടുത്തുകയും അതിലുപരി സങ്കടത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുകയും ചെയ്തു.

ഉണ്ണിയേട്ടനിലേക്കുള്ള എന്റെ യാത്രയിൽ തടസ്സം ആയിരുന്നെങ്കിലും പാറു ചേച്ചി എന്നും എന്റെ സ്വന്തം ചേച്ചിയെ പോലെ തന്നെയായിരുന്നു.
അതുകൊണ്ട് തന്നെയാണ് പാറുവേച്ചിക്ക് വേണ്ടി എന്റെ ഉള്ളിലെ ഇഷ്ടത്തെ പോലും വെട്ടി മുറിച്ചു കളയാൻ തീരുമാനിച്ചത്.

വേരോടെ പിഴുതെറിയാത്ത വൃക്ഷങ്ങൾ ആർത്തു കിളുക്കുന്നതുപോലെ ഉണ്ണിയേട്ടനോടുള്ള എന്റെ പ്രണയവും വളർന്നുകൊണ്ടേയിരുന്നു. പക്ഷേ, പാറുവേച്ചിയുടെ മരണം ഉണ്ണിയേട്ടനെ മുഴുഭ്രാന്തൻ ആക്കിയിരുന്നു.

“”ഉണ്ണി…… “” വല്യച്ഛന്റെ അലർച്ച കേട്ടപാടെ ഒരു ഞെട്ടലോടെ അവൾ താഴേക്ക് പാഞ്ഞു.

താഴെ എത്തിയപ്പോൾ അവിടെ മുത്തശ്ശനും മുത്തശ്ശിയും ഉൾപ്പെടെ വീട്ടിലെ എല്ലാവരും കൂടി നിൽപ്പുണ്ടായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളാൽ അപ്പച്ചി വലിയമ്മയുടെ തോളിൽ വാടിത്തളർന്നു കിടപ്പുണ്ട്.

ഇന്നലത്തെ ബാക്കി എന്നോണം വല്യച്ഛൻ ചൂരൽപ്രയോഗം നടത്താനായി വിറപൂണ്ടു നിൽക്കുന്നു. മുറിയിൽ സാധനങ്ങൾ ഒട്ടാകെ എറിഞ്ഞുടച്ച നിലയിൽ കിടക്കുകയാണ്.

അത് ചെയ്തത് തന്റെ ഉണ്ണിയേട്ടൻ ആണെന്ന് മനസ്സിലാക്കാൻ അവൾക്ക് അധികം സമയം വേണ്ടി വന്നില്ല.

ഉണ്ണിയേട്ടനെ നോക്കിയപ്പോഴതാ മേശയുടെ കാലിന്മേൽ അള്ളിപ്പിടിച്ച് കണ്ണുകൾ ഇറുകെ അടച്ച് പേടിച്ചരണ്ട് ഇരിക്കുന്നു. വല്യച്ഛൻ വീണ്ടും തല്ലാൻ ആഞ്ഞതും അമ്മൂ ചെന്ന് അവളുടെ ഉണ്ണിയേട്ടനെ പൊതിഞ്ഞു പിടിച്ചു.

“”വല്യച്ച ഇനി ഉണ്ണിയേട്ടനെ അടിക്കരുത്…. ” നിറഞ്ഞുവന്നു കണ്ണുകളോടെ എങ്കിലും ഉറച്ച സ്വരത്തിൽ അവൾ പറഞ്ഞു.

“”അമ്മു….. “”

“”എന്താമ്മേ…. എന്തിനാ ഈ പാവത്തിനെ ഇങ്ങനെ തല്ലിച്ചതയ്ക്കുന്നേ……. ഇനി ആരും ഉണ്ണിയേട്ടനെ തൊടരുത് ഉണ്ണിയേട്ടൻ ന്റെയാ…..””

“”മോളെ അമ്മു….. നീ എന്തൊക്കെയാ പറയുന്നത് അവന്……. “”

“”ഉണ്ണിയേട്ടനു ഭ്രാന്താണെന്ന് പറയാനാണോ അപ്പച്ചി…. ആണെങ്കിൽ അത് ചികിത്സിച്ചാൽ മാറാത്തതല്ല……… ഇനി മാറിയില്ലെങ്കിലും എനിക്ക് പ്രശ്നമില്ല. “”

“”ഉണ്ണിയേട്ടനിലെഈ നിഷ്കളങ്കമായ ഭ്രാന്ത് പോലും എനിക്ക് അത്രമേൽ ഭ്രാന്തമായ് ഇഷ്ടമാണ്…. ഇനി ആർക്കും വിട്ടുകൊടുക്കില്ല ഞാൻ….. “”

നിറമിഴികളാലെ അവൾ പറഞ്ഞു.

അപ്പോഴും അവളുടെ കരവലയത്തിനുള്ളിൽ കൊച്ചുകുട്ടികളെപ്പോലെ, കുറുമ്പ് നിറഞ്ഞ നുണക്കുഴികളോടെ അവൻ അവളെ തന്നെ നോക്കിയിരുന്നു.

സുരക്ഷിതമായ സ്നേഹവലയത്തിനുള്ളിൽ കുറുമ്പ് നിറച്ചിരിക്കുന്ന ഉണ്ണിയുടെയും അവന്റെ അമ്മുവിന്റെ മേലും ഒരിളം തെന്നൽ തലോടി കടന്നു പോയി…

Leave a Reply

Your email address will not be published. Required fields are marked *