അഞ്ജനാ അഞ്ചു വർഷത്തിനിപ്പുറം എല്ലാ വിവാഹ വാർഷികത്തിലും നീ ഇതു തന്നെയല്ലേ..

പീലി
(രചന: Neethu Parameswar)

വിനൂ..,വർഷം പത്തായില്ലേ നമുക്കൊരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്താലോ…

അഞ്ജനാ.., അഞ്ചു വർഷത്തിനിപ്പുറം എല്ലാ വിവാഹ വാർഷികത്തിലും നീ ഇതു തന്നെയല്ലേ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്..

ഞാൻ എത്ര തവണ പറഞ്ഞു നമ്മുടേതല്ലാത്ത ഒരു കുട്ടിയെ നമുക്ക് വേണ്ടെന്ന് ..

ബാക്കി എല്ലാ കാര്യങ്ങളും നീ പറയുന്നതുപോലെ ഞാൻ ചെയ്യുന്നില്ലേ… നിനക്ക് ഞാനില്ലേ എനിക്ക് നീയും അതുമതി..വേഗത്തിൽ മുടി ചീകിയൊതുക്കി കൊണ്ട് വിനു പറഞ്ഞു നിർത്തി…

ഇന്ന് നമ്മൾ ഒന്നായ ദിവസമല്ലേ ഞാൻ നേരത്തെവരാം മോള് ഒരുങ്ങി നിൽക്ക് ഒന്ന് കറങ്ങാൻ പോവാം..

ഭക്ഷണം പുറത്തുന്നാക്കാം.. അഞ്ജനയുടെ നെറ്റിയിൽ വാത്സല്യത്താൽ മുത്തം നൽകികൊണ്ട് വിനു ഓഫീസിലേക്കിറങ്ങി…

എന്നത്തേയും പോലെ ഒളിപ്പിച്ചുവച്ച കണ്ണുനീർ വിനു പോയതിനുശേഷം പുറത്തേക്കൊഴുകാൻ തുടങ്ങി…

ഈ ഒരു കാര്യം മാത്രം താൻ എത്ര ആവശ്യപെട്ടിട്ടും വിനു സാധിച്ചുതരുന്നില്ല..

ബാക്കി എന്തൊക്കെയുണ്ടെങ്കിലും തന്റെ സ്ത്രീത്വത്തെ പൂർണതയിലെത്തിക്കുന്ന അമ്മ എന്ന പദവിയെ എത്ര മാത്രം താൻ ആഗ്രഹിക്കുന്നുണ്ടെന്ന് വിനു അറിയുന്നില്ല..

വിവാഹം കഴിക്കുന്നതിനും എത്രയോ വർഷങ്ങൾ മുൻപ് തന്നെ ഞാൻ സ്വപ്നം കണ്ടതാണ്…ഒരു പെൺകുഞ്ഞിനെ..

അവളെ എടുത്തോമനിക്കുന്നതും കണ്ണെഴുതിക്കുന്നതും പൊട്ടുതൊടീക്കുന്നതും ഭംഗിയുള്ള പട്ടുപാവാടയും മുല്ലപൂവുമൊക്കെ വച്ച് ഒരുക്കുന്നതുമെല്ലാം.. ദൈവം എല്ലാം തന്നു ഒരു കുഞ്ഞിനെ ഒഴികെ…

കടുംനീല നിറത്തിലുള്ള സാരിയിൽ അഞ്ജന കൂടുതൽ സുന്ദരിയായിരുന്നു.. പുറത്തേക്ക് പോകാൻ ഒരുങ്ങുന്നതിനിടയിൽ വിനു പുറകിലൂടെ വന്ന് അഞ്ജനയെ ചേർത്തുപിടിച്ച് തന്നിലേക്കടുപ്പിച്ചു..

എല്ലാ വർഷത്തെയും പോലെ വിലകൂടിയ ഒരു സമ്മാനം അവളെ അണിയിച്ചു.. നിറയെ കല്ലുകൾ പതിപ്പിച്ച നെക്ലേസ് കഴുത്തിനെ മൂടികൊണ്ട് അവളെ അതി മനോഹരിയാക്കി..

അവർ കൈകൾ കോർത്തുപിടിച്ച് കൊണ്ട് കടൽ കരയിലൂടെ നടന്നുനീങ്ങി…

ഇടദിവസം ആയതുകൊണ്ട് അധികം തിരക്കൊന്നുമില്ലാതെ ശാന്തമായിരുന്നു കടൽതീരം… കുറച്ചകലെ കൽതിട്ടയിൽ അവർ കടലിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടിരുന്നു…

എത്ര കണ്ടാലും മതിവരാത്ത ഒന്നാണ് കടൽ അല്ലേ വിനു..

നമ്മുടെ മനസ്സിലെ സങ്കടങ്ങളൊക്കെ കുറച്ചുനിമിഷത്തേങ്കിലും ഈ അലകടൽ തട്ടികൊണ്ട് പോയി ഓളങ്ങളിൽ ഒളിപ്പിച്ചു വക്കുന്ന പോലെ…

നമ്മൾ എൻഗേജ്മെന്റിന് ശേഷം ആദ്യമായി കണ്ടുമുട്ടിയതും ഇവിടെയാണ്‌… നിനക്കോർമ്മയില്ലേ…

“പിന്നെ ഇല്ലാതിരിക്കുമോ…അന്നാണ് വിനുവിന്റെ ആദ്യചുംബനം ഞാൻ ഏറ്റുവാങ്ങിയതും”…

പത്തുവർഷത്തിനിപ്പുറവും പെണ്ണിന്റെ മുഖത്തെ നാണം കണ്ടില്ലേ..ഒന്ന് പോ വിനു..” അഞ്ജന വിനുവിന്റെ കയ്യിൽ പതുക്കെ നുള്ളി…അവിടമാകെ അവരുടെ പൊട്ടിച്ചിരികൾ ഉയർന്നു…

കുറച്ചുദൂരെ ഒരമ്മയും അച്ഛനും നടന്നുനീങ്ങുന്നുണ്ടായിരുന്നു.. രണ്ടുപേരുടെ ഇടയിൽ ഒരു ആൺകുട്ടിയും….

അവൻ അച്ഛനും അമ്മയ്ക്കും വേണ്ട നിർദേശങ്ങൾ വളരെ സ്നേഹപൂർവ്വം നൽകികൊണ്ടിരുന്നു..

അവരുടെ ശരീരഭാഷയിൽ നിന്നും അവർ അ ന്ധ രാണെന്നും അവരുടെ ആ കുറവുകൾ ഇല്ലാതാക്കുന്നത് ആ മകനാണെന്നും വിനുവിനും അഞ്ജനക്കും മനസ്സിലായി…

മകന്റെയും ആ മാതാപിതാക്കളുടെയും സന്തോഷത്തെ അവർ രണ്ടുപേരും നോക്കിക്കണ്ടു..

കടലിന്റെ ഓളങ്ങളെക്കാൾ ശക്തി അവരുടെ സന്തോഷമാർന്ന ശബ്ദത്തിനാണെന്ന് വിനുവിനും അഞ്ജനയ്ക്കും തോന്നി…

നമ്മൾ ഇപ്പോൾ പൂർണ്ണ ആരോഗ്യവാന്മാരാണ് അല്ലേ വിനു…

പക്ഷേ നാളെ പ്രായമാവുമ്പോൾ ഇങ്ങനെ നമുക്കിടയിൽ നിൽക്കാൻ ആരെങ്കിലും ഉണ്ടായെങ്കിലെന്ന് ഞാൻ ആശിച്ചുപോവുന്നു.. തിളക്കമാർന്ന അഞ്ജനയുടെ മുഖം മങ്ങി..

കടലിനെ മുത്താൻ പോകുന്ന അസ്തമയ സൂര്യനെ കാണാൻ നിൽക്കാതെ വിനു അഞ്ജനയുടെ കണ്ണുനീർ തുടച്ചുകൊണ്ട് തിരികെ നടന്നു…

വിനൂ നാളെ ലീവ് എടുക്കണം പീലിമോളെ പ്ലേ സ്കൂളിൽ ചേർക്കേണ്ട ദിവസമാണ്..

എനിക്ക് ഓർമയുണ്ട് അഞ്ജന…അച്ഛാ എനിച്ചൊരു പാവക്കുട്ടീനെ വേണം വരുമ്പോൾ മറക്കാതെ കൊണ്ടുവരണം..

കൊണ്ടുവരാട്ടോ അച്ഛൻ മറക്കില്ലാട്ടോ പീലിക്കുട്ട്യാ… ഓഫീസിലേക്ക് ഇറങ്ങുന്ന അച്ഛന് നേരെ അവൾ കൈ നീട്ടി.. അവളെ എടുത്ത് കൊണ്ട് വിനു കാറിനരികിലേക്ക് നീങ്ങി…

അഞ്ജനയുടെ കൈകളിലേക്ക് പീലിയെ നൽകിയപ്പോൾ പതിവുപോലെ അവൾ “അച്ഛാ” ന്ന് വിളിച്ച് ചിണുങ്ങി കരഞ്ഞു…

എന്നത്തേയും പോലെ വിനുവിന്റെ മനസ്സും ഒന്ന് വിങ്ങി…ഡ്രൈവ് ചെയ്യുന്നതിനിടയിലും വിനുവിന്റെ ചിന്തകൾ പുറകിലേക്ക് ഊളയിട്ടു..

മൂന്ന് വർഷങ്ങൾക്ക് മുൻപ് ആ കടൽകരയിൽ നിന്നും ഉണ്ടായതാണ് ഒരു കുഞ്ഞിനെ വേണമെന്ന ചിന്ത.. അന്ന് താൻ അഞ്ജനയുടെ കയ്യും പിടിച്ച് നേരെ പോയത് ഓർഫനേജിലേക്കാണ്…

അന്ന് അഞ്ജനയുടെ സങ്കടം ഇല്ലാതാക്കണമെന്നേ കരുതിയുള്ളു…

കുഞ്ഞിനെ അവളുടെ കൈകളിലേക്ക് വച്ചുകൊടുക്കുമ്പോൾ അവളുടെ സന്തോഷം കണ്ടപ്പോൾ താൻ ഇതുവരെ കൊടുത്തതിൽ ഏറ്റവും വലിയ സമ്മാനം പീലിമോളാണെന്ന് തോന്നി…

ദിവസങ്ങൾ കഴിയുംതോറും പീലി ഞങ്ങൾക്ക് പ്രിയപ്പെട്ടവളായി മാറി… അവളുടെ പാദസരകിലുക്കം വീട്ടിൽ നിറഞ്ഞുനിന്നു..

അവളുടെ കുസൃതികൾ വീടിനെ സ്വർഗ്ഗമാക്കി… ഞങ്ങളുടെ ഹൃദയമിടിപ്പിൽ പോലും ഇന്ന് അവളാണ്…

താരാട്ട് പാട്ടുകൾ പഠിച്ചും കുഞ്ഞുപീലിമോളെ കുളിപ്പിക്കാൻ പഠിച്ചും കുറുമ്പ് കാണിക്കുമ്പോൾ ശാസിച്ചും…

കുത്തിവക്കുമ്പോൾ കുഞ്ഞിനോടൊപ്പം കരഞ്ഞും അവളും അമ്മയായി.. കുഞ്ഞുകുറുമ്പുകൾക്ക് കൂട്ട് നിന്ന് ഞാനും ഒരച്ഛനായി…

ചിലബന്ധങ്ങൾക്ക് രക്തബന്ധത്തേക്കാൾ വിലയുണ്ടെന്നും പ്രസവിച്ചതുകൊണ്ട് മാത്രം ഒരമ്മയും അമ്മ എന്ന വാക്കിന് അർഹയല്ലെന്നും അഞ്ജനയിൽ നിന്നും താൻ പഠിച്ചു…

അല്ലെങ്കിൽ ബാല്യം നഷ്ടപെട്ട ഇത്രയും കുട്ടികൾ ഉണ്ടാവില്ലല്ലോ…

എത്രയോ രാത്രികളിൽ തങ്ങളുടെ പൊന്നോമനയ്ക്കുവേണ്ടി ഉറക്കം നഷ്ടപെട്ടിരിക്കുന്നു..

ഒരു പനി വന്നാൽ പോലും അച്ഛന്റെ കരുതലും അമ്മയുടെ ആധിയും എത്രയോ തവണ തിരിച്ചറിഞ്ഞിരിക്കുന്നു.. അവളുടെ ഓരോ വളർച്ചയും ആകാംഷയോടെ ഞങ്ങൾ കാണുകയായിരുന്നു..

വർഷങ്ങൾക്ക്ശേഷം വിനുവും അഞ്ജനയും അതേ കടൽക്കരയിലൂടെ നടക്കുമ്പോൾ അവർക്കിടയിൽ പീലിമോളും അവളുടെ കുഞ്ഞനുജനും ഉണ്ടായിരുന്നു..

അവരുടെ പിറകെ ഓടി നടന്ന് അഞ്ജനയും വിനുവും ജീവിതം ആസ്വദിക്കുകയായിരുന്നു…

അന്ന് അവർക്ക് കടലിനോട് പറയാൻ കൊച്ചുകൊച്ചു സന്തോഷങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..അവരുടെ ആർത്തുചിരികൾ കാറ്റിൽ അലിഞ്ഞുപോയി..

അവരുടെ സന്തോഷത്തിൽ പങ്കുചേർന്നെന്ന പോലെ കടലോളങ്ങൾ തഴുകി കൊണ്ട് കടന്നുപോയി…

Leave a Reply

Your email address will not be published. Required fields are marked *