അവൾ ബെഡ്‌റൂമിൽ തീർത്തും തനിക്കു അന്യയായി മാറി, എത്ര ആലോചിച്ചു നോക്കിയിട്ടും..

ലക്ഷ്മി
(രചന: Aneesh Anu)

അലാറം നിർത്താതെ അടിക്കുന്നത് കേട്ടാണ് കണ്ണു തുറന്നത്. ഇന്ന് മീറ്റിംഗുള്ളതാണെന്ന് അനിലിനു അപ്പോഴാണ് ഓർമ വന്നത്.

“ഈശ്വരാ.. നേരം വൈകിയല്ലോ.. ”

നേരെ എണീറ്റു പ്രഭാതകൃത്യങ്ങൾക്കായി ഓടി. പല്ലുതേപ്പും കുളിയും കഴിഞ്ഞു ഉമ്മറത്തു പതിവ് പേപ്പർ വായന തുടങ്ങിയപ്പോഴേക്കും ചായയുമായി ലക്ഷ്മി എത്തി. അതെന്നും പതിവാണ് .

ഇനി പേപ്പർ അരിച്ചുപെറുക്കി ഒരു വായന.. എത്ര വൈകിയാലും നിർബന്ധമാണത്. കുട്ടികളുടെ ബഹളവും അവരെ വഴക്ക് പറഞ്ഞു ഓരോന്നു ചെയ്യിക്കുന്ന ലക്ഷ്മിയുടെ ശബ്ദവും കേൾക്കാം.

പത്രപാരായണം കഴിഞ്ഞു ഡ്രസ്സ്‌ മാറാൻ ചെന്നപ്പോഴേക്കും അലക്കി തേച്ചു വെച്ചിട്ടുണ്ട് ഇന്നത്തേക്കുള്ള ഷർട്ടും പാന്റും.

വസ്ത്രംമാറി പ്രഭാതഭക്ഷണത്തിനായി ഡൈനിങ് ടേബിളിലേക്ക് നടന്നു. തനിക്കു പ്രിയപ്പെട്ട പുട്ടും കടലക്കറിയും ചൂടോടെ ഇരിക്കുന്നു.

ഇറങ്ങാൻ നേരമായപ്പോഴേക്കും അമ്മുവിനെയും അച്ചുവിനെയും ഒരുക്കി ലക്ഷ്മി ഓട്ടോയിൽ വിടാൻ എത്തി. ഒരു ബൈ പറഞ്ഞെങ്കിലും മറുപടി തരാനോ മുഖം തരാനോ അവൾ നിന്നില്ല.

കാർ ഓടിക്കുന്നതിനിടയിലും അനിലിന്റെ ചിന്തകൾ ലക്ഷ്മിയെക്കുറിച്ചായിരുന്നു.

ഒരുപാട് നാളത്തെ കഷ്ടപ്പാടിനൊടുവിൽ അമ്മയുടെ പ്രാർത്ഥന ഫലിച്ചു തനിക്കൊരു സർക്കാർ ജോലി കിട്ടി. പെങ്ങന്മാരേ രണ്ടുപേരെയും വിവാഹം കഴിപ്പിച്ചു വിട്ടു.

പ്രരാബ്ധങ്ങൾ എറേ അറിഞ്ഞു വളർന്നത് കൊണ്ടു തന്നെയാണ് പാവപ്പെട്ട വീട്ടിലെ കുട്ടിയെ തെരഞ്ഞു നടന്നത്. ഒടുവിൽ ലക്ഷ്മിയെ കണ്ടു..

‘നല്ല ശ്രീത്വം ഉള്ള കുട്ടി’ അമ്മ ആദ്യം പറഞ്ഞത് അങ്ങനെയായിരുന്നു.

കാ ലിനു ചെറിയൊരു സ്വാ ധീ ന കു റവുണ്ടെന്ന് പറഞ്ഞു അവൾ വിവാഹം ഒഴിയാൻ പറഞ്ഞപ്പോഴാണ് അവളോട്‌ കൂടുതൽ ഇഷ്ട്ടം തോന്നിയത്.

അവളെ തന്നെ മതി എന്ന് അമ്മയോട് പറഞ്ഞപ്പോൾ അമ്മയും എതിർത്തൊന്നും പറഞ്ഞില്ല. വിവാഹം വളരെ പെട്ടെന്ന് നടന്നു.

സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു പിന്നീടുള്ള ദിവസങ്ങൾ. എത്ര പെട്ടെന്നാണ് അവൾ വീടിനോട് ഇണങ്ങി ചേർന്നത്. അച്ചുവിന്റെയും അമ്മുവിന്റെയും വരവോടെ ശരിക്കും ഒരു സ്വർഗ്ഗമായി മാറിയിരുന്നു വീട്.

പിന്നീട് എപ്പോഴാണ് ലക്ഷ്മി അകന്നു തുടങ്ങിയത് എന്നോർക്കുമ്പോൾ ഒരുത്തരം കിട്ടുന്നില്ല. മാറിത്തുടങ്ങിയത് ഒരു ഒഫീഷ്യൽ ടൂറിനു ശേഷമാണ്.

എല്ലാവരും കുട്ടികളും ഭാര്യയുമായി പോയ ഒരു യാത്ര. അതിനു ശേഷമാണു അവൾക്ക് വല്ലാത്തൊരു മാറ്റം കണ്ടത്.

സന്തോഷകരമായ നാളുകൾ അന്യമായി തുടങ്ങി. എല്ലാവരുടേം മുന്നിൽ അവൾ നല്ലൊരു ഭാര്യയായി തന്നെ നിന്നു.

എന്റെ എല്ലാ കാര്യങ്ങളും നോക്കി കുട്ടികൾക്കും അമ്മക്കും ഒന്നും അവളെ കുറിച്ചൊരു പരാതി പോലുമില്ലാ. പലപ്പോഴും അവൾ തന്നിൽ നിന്നും അകന്നുമാറി.

എല്ലാം ഒരുക്കി ഭാര്യയുടെ കടമകൾ തീർത്തു. അവൾ ബെഡ്‌റൂമിൽ തീർത്തും തനിക്കു അന്യയായി മാറി.

എത്ര ആലോചിച്ചു നോക്കിയിട്ടും കാരണം പിടികിട്ടിയില്ല. ഓഫീസിൽ എത്തിയിട്ടും അത് വേട്ടയാടി കൊണ്ടിരുന്നു.

“എന്താണ് അനിൽ ആകെ ഒരു മൂഡ് ഓഫ്‌ പോലെ..”

സൂപ്രണ്ട് ജയന്തിചേച്ചി ചോദിച്ചു.

“ഏയ് ഒന്നുല്ല ചേച്ചി, ആകെ ഒരു സുഖമില്ല” തൽക്കാലം അവർക്ക് മുഖം കൊടുക്കാതെ രക്ഷപെട്ടു.

മീറ്റിംഗിനിടയിലും പലതവണ അനിലിന്റെ ശ്രദ്ധ നഷ്ടപ്പെട്ടു. സൂപ്രണ്ട് അത് നന്നായി ശ്രദ്ധിക്കുകയും ചെയ്തു. രാവിലെ നല്ല തിരക്കായത് കൊണ്ട് അവർക്കുമുന്നിൽ ചെന്ന് ചാടിയില്ല.

അല്ലെങ്കിലും ജയന്തിചേച്ചിയ്ക്ക് ഒരു ജ്യേഷ്ടത്തിയുടെ അടുപ്പമാണ് തന്നോട്. എന്തായാലും ഇന്നി ഉച്ചക്ക് ഉണ്ണാൻ നേരം അവർ വരും അത് ഉറപ്പാണ്.

അനിൽ വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു. ഉച്ചക്ക് കഴിക്കാൻ നേരം ജയന്തി അരികിൽ എത്തി.

“എന്താണ് അനിൽ പ്രശ്നം.. വല്ലാതെ അപ്സെറ്റ് ആണല്ലോ, ലക്ഷ്മിയുമായി വല്ല സൗന്ദര്യപ്പിണക്കവും ആണോ?”

“ഏയ് അങ്ങനെ ഒന്നും ഇല്ലാ ചേച്ചി പക്ഷെ… ”

അനിൽ ഒന്ന് നിർത്തി.

“എന്താ ഒരു പക്ഷെ കാര്യം പറയു അനിൽ..”

“ചേച്ചിക്കറിയാലോ അവളുടെ എല്ലാ കുറവുകളും അറിഞ്ഞു തന്നെയാ ഞാൻ അവളെ കല്യാണം കഴിച്ചത്. അത്രേം സന്തോഷത്തോടെയാ കഴിഞ്ഞിരുന്നതും. ഇപ്പോൾ കുറച്ചായി അവൾക്കെന്നോട് വല്ലാത്ത അകൽച്ച പോലെ.. ”

“ഏയ്.. അങ്ങനെ ഒന്നും കാണില്ല അനിലേ.” ജയന്തി സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“അല്ല ചേച്ചി നല്ല മാറ്റം ഉണ്ട് കിടപ്പറയിൽ പോലും ഞങ്ങൾ ഇന്ന് രണ്ടാണ്. മറ്റുള്ളവരുടെ മുന്നിൽ അഭിനയിച്ചു നിൽക്കുന്നു എന്ന് മാത്രം..”

“എന്ന് മുതലാ ഈ മാറ്റം കണ്ടു തുടങ്ങിയത് അനിലേ.. ”

“ഇതിപ്പോ രണ്ടു മൂന്നു മാസം ആയി ചേച്ചി. ആദ്യം ഞാനും കാര്യമാക്കിയില്ല.. പിന്നെ പിന്നെ വല്ലാണ്ട് അകലുന്നു. നമ്മുടെ ആ ടൂറിനുശേഷം ആണ് ഇത്തരം ഒരു മാറ്റം.. ”

ജയന്തിയുടെ മനസ്സിലേക്ക് ആ നാളുകൾ ഓടി വന്നു. ടൂർ കഴിഞ്ഞു പോരാൻ നേരം എല്ലാവരും ഒത്തുകൂടിയതും പലരുടെയും കമന്റുകൾക്കിടയിൽ അനിലിന്റേയും ലക്ഷ്മിയുടെയും കാര്യങ്ങൾ കടന്നു വന്നതും.

വീണയുടെ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു..

“അനിൽസാറിന് ഈ ച ട്ടു കാ ലി പെണ്ണിനെ കെട്ടേണ്ട വല്ല കാര്യവുമുണ്ടോ, അവരേം ഉപേക്ഷിച്ചു വരുവാണേൽ ഞാൻ കെട്ടുമായിരുന്നു അങ്ങേരെ..”

“നീ ഒന്ന് പതുക്കെ പറയു.. ആ കുട്ടി എങ്ങാനും കേട്ടുകൊണ്ട് വന്നാൽ എന്താ വിചാരിക്കും..”

എന്ന് പറഞ്ഞു താൻ തന്നെയാണ് ആ സംസാരം അവസാനിപ്പിച്ചത്.

ലക്ഷ്മി കേട്ടിട്ടുണ്ടാകുമോ.. ഓർത്തിട്ട് ജയന്തിക്ക് തന്നെ വല്ലാതായി. അവളുടെ മനസ്സ് എത്രത്തോളം വേദനിച്ചു കാണും. ഇതിനു പരിഹാരം കണ്ടേ മതിയാകു.

“അനിലേ നമുക്ക് തീർക്കാം ഈ പ്രശ്നം.. ഞാൻ വരാം ലക്ഷ്മിയെ കാണാൻ. എന്നാണ് നിങ്ങളുടെ വിവാഹവാർഷികം ? ” ജയന്തി അനിലിന്റെ മുഖത്തേക്ക് നോക്കി.

“അത് അടുത്ത മാസമാണ് .. അതിനു മുമ്പ് അവൾടെ പിറന്നാൾ വരുന്നുണ്ട് ..”

” എല്ലാം ശരിയാക്കാം അനിൽ.. ഞാനൊന്നു ശ്രമിച്ചു നോക്കാം..”

ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴും ജയന്തിയുടെ ചിന്തകൾ അവിടെ നിന്നും മാറിയിരുന്നില്ല.

എങ്ങനെയും ലക്ഷ്മിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം. അനിലിന് അവളോട്‌ എത്ര ഇഷ്ടമുണ്ടെന്നു ഇനിയും മനസ്സിലാക്കാനുണ്ട്.

ഇന്നാണ് ലക്ഷ്മിയുടെ പിറന്നാൾ. എല്ലാ വർഷത്തെയും പോലെ രാവിലെ രണ്ടുപേരും കൂടി അമ്പലത്തിൽ പോയി. പതിവ് പോലെ ഉള്ള ആശംസയും, സമ്മാനവും കിട്ടാത്തതിൽ ലക്ഷ്മിക്ക് ചെറിയ നീരസം തോന്നി.

അന്ന് തന്നെ ജയന്തി ചേച്ചിയുടെ വീട്ടിൽ പോകണം എന്ന് പറഞ്ഞു എല്ലാവരോടും റെഡിയായി ഇറങ്ങാൻ പറഞ്ഞപ്പോൾ ആ ദേഷ്യം ഇരട്ടിച്ചു. എങ്കിലും ഒന്നും പറയാതെ അവൾ കുട്ടികളെയും ഒരുക്കി ഇറങ്ങി.

കാർ റോഡിലേക്കിറങ്ങി. അവൾ പിൻസീറ്റിലാണ് കയറിയത്. അവൻ കണ്ണാടിയിലൂടെ അവളുടെ മുഖം ശ്രദ്ധിച്ചു. തെളിച്ചം അശേഷം കാണാനില്ല.

അവൾ അവനെ ശ്രദ്ധിച്ചതേ ഇല്ല.. അവളുടെ മനസിൽ കടലിരമ്പുന്നുണ്ടായിരുന്നു.

ജയന്തിയുടെ വീട്ടിലെത്തി.. ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു. പോർച്ചിൽ കാർ നിർത്തി അവർ പുറത്തിറങ്ങി. ജയന്തി വേഗം എത്തി അവരെ സ്വീകരിച്ചു.

” പിറന്നാൾ ആശംസകൾ ലക്ഷ്മി…”

“താങ്ക്യൂ ചേച്ചി.. ”

അവൾ ചെറുതായി ചിരിച്ചു.

ജയന്തിയുടെ മക്കൾ വന്ന് അമ്മുവിനെയും അച്ചുവിനെയും പൂന്തോട്ടത്തിലേക്ക് കൊണ്ടുപോയി.

അനിലും അവരോടൊപ്പം അങ്ങോട്ടേക്ക് പോയി. ലക്ഷ്മി അവരെയൊക്കെ കണ്ടു ചിരിക്കുന്നുണ്ടായിരുന്നെങ്കിലും പഴയ തെളിച്ചം ആ മുഖത്തുണ്ടായിരുന്നില്ല എന്നത് ജയന്തി ശ്രദ്ധിച്ചു.

“വരൂ ലക്ഷ്മി.. ”

ജയന്തി അവളെയും കൂട്ടി അകത്തേക്ക് നടന്നു..

“ചേട്ടൻ കോൺഫറൻസ് കഴിഞ്ഞ് നാളെയേ എത്തൂ.. ആശംസ അറിയിക്കാൻ പറഞ്ഞു.. ”

ലക്ഷ്മി ചിരിച്ചെന്നു വരുത്തി.

“എന്താ ലക്ഷ്മീ പിറന്നാളായിട്ട് മുഖത്തൊരു സന്തോഷമില്ലാത്തത്. സുഖമില്ലെ…”

“ഏയ്… ഒന്നുമില്ല ചേച്ചി.. ”

“ഞാനാണ് അനിലിനോട് പറഞ്ഞത് പിറന്നാൾ ആഘോഷം ഇവിടാക്കാമെന്ന്.. ഒരു സർപ്രൈസ് ആയിരിക്കട്ടെ എന്നു കരുതി.. വിഷമമൊന്നുമില്ലല്ലോ അല്ലെ..”

“അയ്യോ… വിഷമമൊന്നുമില്ല ചേച്ചി. സന്തോഷമേ ഉള്ളൂ.. ”

ജയന്തി ലക്ഷ്മിയുടെ കൈപിടിച്ചു ചേർത്തു നിർത്തി അവളുടെ മുടിയിഴയിൽ തലോടി..

“മോളെ.. നിന്റെ മനസിൽ ഒരു ദു:ഖമുണ്ടെന്ന് എനിക്കറിയാം. അതിന്റെ കാരണവും അറിയാം.. ”

അവൾ ഒന്നു ഞെട്ടി..

“എനിക്ക് ദുഃഖമൊന്നുമില്ല ചേച്ചി.. ”

അവൾ മുഖത്തൊരു ചിരി വരുത്തി.. പക്ഷെ അതു പരാജയമായിരുന്നു..

“മോളൊന്നും ഒളിക്കണ്ട എന്നോട്.. എനിക്കറിയാം എല്ലാം… വീണ അന്നു പറഞ്ഞതു നീ കേട്ടു അല്ലെ.. അന്നത്തെ ദിവസത്തിനു ശേഷമാണ് നിന്റെ മുഖത്തു നിന്നും സന്തോഷം മറഞ്ഞത് എന്നാണ് അനിൽ പറഞ്ഞത്.

ജോലിയിൽ ശ്രദ്ധയില്ലാതെ അകെ വിഷമിച്ചിരിക്കുന്നതു കണ്ട് ഒരു പാട് നിർബന്ധിച്ചപ്പോഴാണ് അനിൽ എല്ലാ കാര്യങ്ങളും പറഞ്ഞത്.

നിന്റെ അകൽച്ച അവനെ ഒരുപാട് തകർത്തിരിക്കുന്നു. ഇങ്ങനെ പോയാൽ അവനെ നിനക്ക് ജീ വ നോടെ കാണാൻ കഴിഞ്ഞു എന്നു വരില്ല. കാരണം അവൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു.. ”

“ചേച്ചീ.. ച ട്ടു കാ ലി യായ എന്നെ കെട്ടിയ ചേട്ടന് വലിയ വിഷമവും നാണക്കേടുമല്ലേ.. എതെങ്കിലും നല്ല കുട്ടിയെ കിട്ടിയേനെ..

ആ വീണക്ക് ചേട്ടനെ ഇപ്പോഴും ഇഷ്ടമാണ്. ഞാൻ ഇങ്ങനെയൊക്കെ പെരുമാറിയാൽ ദേഷ്യം വന്ന് വെറുത്ത് എന്നെ ഒഴിവാക്കി അവർക്കു ഒരുമിച്ച് ജീവിക്കാമല്ലോ.. ”

അവളുടെ തൊണ്ടയിടറി. മിഴികൾ ഈറനായി.

“ലക്ഷ്മി അങ്ങനെയാണോ അനിലിനെ മനസിലാക്കിയിരിക്കുന്നെ.. ചെറിയ അകൽച്ച പോലും താങ്ങാൻ കഴിയാത്ത അവൻ നീയില്ലാത്തൊരവസ്ഥയിൽ മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കുമോ..

അതുമല്ല വീണ കല്യാണം കഴിക്കാൻ ആഗ്രഹിക്കണമെങ്കിൽ അനിലിന്റെ സ്വഭാവഗുണങ്ങൾ കൊണ്ടായിരിക്കുമല്ലോ.. അപ്പോൾ നിന്നോടുള്ള അസൂയയാണ് പ്രധാനമായും ഉള്ളത്.. അതു മനസിലാക്കൂ…

പിന്നെ ഒരു കാര്യം കൂടി പറയാം ലക്ഷ്മി… നിന്നെ പെണ്ണു കണ്ടിട്ട് തിരികെ വന്നു അനിൽ ഞങ്ങളോട് പറഞ്ഞതെന്താണെന്നോ.. ഈ വൈ ക ല്യം നിനക്ക് ലഭിച്ചത് ദൈവാനുഗ്രഹം കൊണ്ടാണെന്നും..

അല്ലെങ്കിൽ സൗന്ദര്യവും വിദ്യാഭ്യാസവുമെല്ലാം ഉള്ള നിന്നെ നേരത്തെതന്നെ ആരെങ്കിലും സ്വന്തമാക്കിയേനെ എന്നും. സഹതാപത്തിന്റെ പുറത്തല്ല അനിൽ നിന്നെ സ്വന്തമാക്കിയതെന്ന് ഇത്രയും നാളത്തെ നിങ്ങളുടെ ജീവിതത്തിൽ നിന്നും ഞാൻ മനസിലാക്കിയത്.

ലക്ഷ്മി അകൽച്ച കാണിച്ചപ്പോൾ അവൻ ആകെ തകർന്നത് ഞാൻ കണ്ടു.. പാവം.. ഇനിയും അവനെ വിഷമിപ്പിക്കരുത്..”

ലക്ഷ്മിയുടെ മിഴികൾ നിറഞ്ഞൊഴുകി.. താൻ മിഥ്യാധാരണയിൽ എന്തൊക്കെയോ മെനഞ്ഞു കൂട്ടി.

തന്റെ ഉള്ളിലുണ്ടായിരുന്ന അപകർഷതാബോധമാകാം കാരണം. ഇതു വരെ വാക്കുകൾ കൊണ്ടോ നോട്ടം കൊണ്ടോ പോലും വേദനിപ്പിച്ചിട്ടില്ലാത്ത അനിലേട്ടനെ താൻ വല്ലാതെ വിഷമിപ്പിച്ചു ..

“ലക്ഷ്മീ.. കരയാതിരിക്കൂ.. നിന്റെ ഈ ജന്മത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് അനിൽ.. നെഞ്ചോടു ചേർത്തു പിടിക്കണം.. അവസാന ശ്വാസം വരെ.. ”

“തീർച്ചയായും ചേച്ചി…. ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി. ഇനി അങ്ങനൊന്നുമുണ്ടാകില്ല. പിന്നെ വീണയുടെ കാര്യം ചേട്ടൻ അറിയണ്ട കേട്ടോ..”

“ഏയ്… ഞാൻ പറയില്ല.. എന്നാൽ ലക്ഷ്മി ഹാളിലേക്ക് ചെല്ലൂ.. ഞാൻ പായസം അടുപ്പിൽ നിന്നും ഇറക്കിയിട്ട് വരാം..”

അവൾ ഹാളിലെത്തി.. അവിടെ ചെറിയമേശയുടെ മുകളിൽ കേക്ക് റെഡിയാക്കി വച്ചിരിക്കുന്നു. അനിലും അപ്പുവും അച്ചുവും ജയന്തിയുടെ മകനും മകളും എല്ലാം അവിടെ നിൽപുണ്ട്.

അവൾ മേശയ്ക്കരുകിലെത്തി. മുഖമുയർത്തി അനിലിനെ നോക്കി.. അപ്പോൾ ആ കണ്ണുകൾ വിടർന്നിരുന്നു. ചുണ്ടിൽ പുഞ്ചിരി മൊട്ടിട്ടിരുന്നു. അതു കണ്ടു അവനും സന്തോഷമായി.

” തമ്മിൽ തമ്മിൽ നോക്കി നിൽക്കാതെ കേക്ക് മുറിക്കൂ.. ”

ഹാളിലേക്ക് വന്നുകൊണ്ട് ജയന്തി പറഞ്ഞു.

അനിൽ അടുത്തുവന്നു അവളുടെ കൈ പിടിച്ച് കത്തിയെടുത്ത് കേക്ക് മുറിച്ചു. ചുറ്റും നിന്ന് എല്ലാവരും ബർത്ത് ഡേ ആശംസ നേർന്നു.

അവൻ ഒരു കഷ്ണം കേക്ക് അവളുടെ വായിൽ വച്ചു കൊടുത്തു. അവൾ കുറച്ചു കടിച്ചെടുത്തു ബാക്കി ഭാഗം അവൻ കഴിച്ചു.

അനിൽ പോക്കറ്റിൽ നിന്നും ഒരു പൊതിയെടുത്ത് അവൾക്ക് നല്കി…

“എന്റെ ലക്ഷ്മിക്കുട്ടിയ്ക്ക് ചേട്ടന്റെ പിറന്നാൾ സമ്മാനം…”

അവൾ ആ പൊതി അഴിച്ചു നോക്കി. സ്വർണ നെക്ലെസ്.. കഴിഞ്ഞാഴ്ച ഷോപ്പിംഗ് മാളിൽ പോയപ്പോൾ അവിടെയുള്ള ജൂവലറിയിലെ പുറത്തെക്കുള്ള ഷെൽഫിൽ ഡിസ്പ്ലെ വച്ചിരുന്നത്.

അതു വേണമെന്ന് താൻ ആഗ്രഹിച്ചിരുന്നു.. കുറച്ചു നേരം അതിൽ നോക്കി നിന്നിരുന്നു.. ഇപ്പോൾ താൻ പറയാതെ തന്നെ.. മനസറിഞ്ഞ് അത് വാങ്ങിത്തന്നിരിക്കുന്നു…

ജയന്തി അതു വാങ്ങി അവളുടെ കഴുത്തിലിട്ടു കൊടുത്തു..

“മനോഹരമായിരിക്കുന്നു.. ലക്ഷ്മിയെപ്പോലെ തന്നെ.. ”

അവളുടെ മുഖം നാണത്താൽ തുടുത്തു..

എല്ലാവരും ഒരുമിച്ച് ആഹാരം കഴിച്ച് സന്തോഷമായി യാത്ര തിരിച്ചു.

തിരികെ വരുമ്പോൾ കാറിന്റെ മുൻ സീറ്റിലാണ് ലക്ഷ്മി ഇരുന്നത്..

“ചേട്ടാ… വീണയുടെ വീടെവിടാ…”

“ഇവിടെ അടുത്താണ്.. വീണയുടെ സഹോദരന്റെ കല്യാണത്തിന് ഓഫീസിൽ നിന്നെല്ലാവരും പോയിരുന്നു… എന്താ.. ”

” നമുക്ക് അവിടെയൊന്നു പോയിട്ടു വരാം. ഞങ്ങൾ ടൂറിന് വന്നപ്പോൾ നല്ല കൂട്ടായി.. ഒന്നു കണ്ടിട്ടു വരാം.. ”

“അതിനെന്താ പോകാലോ.. ”

അവൻ വണ്ടി വീണയുടെ വീട്ടിലേക്കുള്ള വഴിയെ തിരിച്ചു. കുറച്ചു ദൂരമെ ഉണ്ടായിരുന്നുള്ളു വീണയുടെ വീട്ടിലെയ്ക്ക്.

അവിടെയെത്തിയപ്പോൾ ഗേറ്റ് അടഞ്ഞുകിടക്കുകയാണ്. ഹോൺ അടിച്ചപ്പോൾ വീണ തന്നെയാണ് ഗേറ്റ് തുറന്നത്.. അവരെ കണ്ട് അവൾ അമ്പരന്നു..

വേഗം ഗേറ്റ് തുറന്നു. അനിൽ കാർ അകത്തേക്ക് കയറ്റാൻ തുടങ്ങിയപ്പോൾ ലക്ഷ്മി വേണ്ട എന്നു പറഞ്ഞു. വീണ കാറിനടുത്തേക്ക് വന്ന് അകത്തേക്ക് വരാൻ ക്ഷണിച്ചു..

” അകത്തേക്ക് കയറുന്നില്ല വീണ. ജയന്തി ചേച്ചിയുടെ വീട്ടിൽ പോയിട്ടു വരുന്ന വഴി ഇവിടെ വരെ വന്നതാണ്. ഇത്രയും അടുത്തു വരെ വന്നിട്ട് വീണയെ കാണാതെ പോകുന്നതെങ്ങനെയാ. അന്നു നമ്മൾ ടൂറിന് വന്നപ്പോൾ കണ്ടതല്ലെ.

ഒന്നു കാണണമെന്നു തോന്നി. കാലിന് വൈകല്യമുള്ളതുകൊണ്ട് അധികം എങ്ങും ഇറങ്ങാറില്ല. പക്ഷെ ചേട്ടൻ സമ്മതിക്കില്ല. എപ്പോഴും കാറിൽ കയറ്റി എല്ലായിടവും കൊണ്ടു കാണിക്കും.

ഇപ്പോൾ തന്നെ കണ്ടില്ലെ ഇന്നെന്റെ ബർത്ത് ഡെ ആയതിനാൽ നെക്ലേസും വാങ്ങി തന്നു. ഇനി പോകുന്ന വഴി ഒരു സിനിമയും പുറത്തു നിന്നും ഭക്ഷണവും..”

വീണയുടെ മുഖം മങ്ങി.. എങ്കിലും പെട്ടെന്ന് പ്രസന്നത അഭിനയിച്ച് അവൾ ലക്ഷ്മിയുടെ കൈപിടിച്ചു.

” പിറന്നാൾ ആശംസകൾ ലക്ഷ്മി.. ഇനി ഒരു ദിവസം ഇവിടേയ്ക്കായി വരണം കേട്ടോ ..”

“തീർച്ചയായും വരും വീണ.. വന്നിരിയ്ക്കും.. പോരെ.. ”

അവർ കൈ വീശി കാണിച്ച് യാത്രയായി.. സൈഡ് ഗ്ലാസിലൂടെ വീണയുടെ മുഖം നോക്കി ലക്ഷ്മി ഉള്ളിൽ ചിരിക്കുകയായിരുന്നു.

ലക്ഷ്മിയുടെ സംസാരമെല്ലാം കേട്ട അനിൽ അത്ഭുതപ്പെട്ടിരിക്കുകയാണ്. ഇങ്ങനെയൊന്നും അവൾ മുമ്പ് പറഞ്ഞിട്ടില്ല. പൊങ്ങച്ചം പറയാറോ ഭാവിക്കുകയോ ഇല്ല… പക്ഷെ ഇതിപ്പോൾ..

“എന്താ ചേട്ടാ ആലോചിക്കുന്നെ.. ”

” അത്.. ഞാൻ… പിന്നെ.. നീ ഇങ്ങനെ ഒന്നും പറയാറുള്ളതല്ലല്ലോ എന്ന് ആലോചിക്കുകയായിരുന്നു.”

“ഞങ്ങൾ പെണ്ണുങ്ങൾക്ക് ചില കാര്യങ്ങൾ ചില പെണ്ണുങ്ങളെ കാണിച്ചു പൊങ്ങച്ചം പറഞ്ഞില്ലെങ്കിൽ സമാധാനം കിട്ടില്ല.. അതാ.. ”

അതും കൂടി കേട്ടപ്പോൾ അവന്റെ ബോധം പോയില്ലാന്നെ ഉള്ളു…

“ഇനി നമ്മുടെ വെഡിംഗ് ആനിവേഴ്സറിയ്ക്ക് ഒരു ഡയമണ്ട് റിംഗ് വാങ്ങിത്തരണം.. അതുമായി വീണയെ കാണാൻ വരണം കേട്ടോ..”

‘ഈശ്വരാ… ഇത് എന്റെ ലക്ഷ്മി തന്നെയാണോ’.. അവൻ അറിയാതെ തല കുലുക്കി.

ലക്ഷ്മി ഇടംകണ്ണിട്ടു അവനെ നോക്കി.. അവളുടെ ചുണ്ടിൽ ചെറുപുഞ്ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *