ചെറിയ പ്രായത്തിൽ വിധവയായതിൻ്റെ സൂക്കേട് ബാക്കിയുണ്ടാകും, അമ്മയ്ക്കും മോൾക്കും..

അവതാരം
(രചന: നവ്യ)

ഇന്നെൻ്റെ പരീക്ഷ കഴിഞ്ഞു. ഇനി ജോലി വേണം എത്രയും പെട്ടെന്ന്.

പഠിച്ച് കഴിഞ്ഞ് തേരാപ്പാര അങ്ങോട്ടും ഇങ്ങോട്ടും നടക്കാനോ അയലത്തെ ചേച്ചിമാരുടെ ജോലിയൊന്നും ആയില്ലെയെന്ന ചോദ്യം കേൾക്കാനോ എനിക്ക് സമയമില്ല.

കാരണം എൻ്റെ ജീവിതം സമയത്തെപ്പോലെ ആരെയും കാത്ത് നിൽക്കാതെ സൂപ്പർഫാസ്റ്റിനെക്കാളും വേഗത്തിൽ പായുകയാണ്.

അച്ഛൻ്റെ പെട്ടെന്നുള്ള മരണത്തിൽ താളം തെറ്റിപ്പോയ ജീവിതവുമായാണ് ഇന്നെൻ്റെ യാത്ര.

കണക്കു കൂട്ടലൊക്കെ ശരിയായി അച്ഛൻ കഷ്ടപ്പെട്ട് 5 സെൻ്റ് സ്ഥലം സ്വന്തമായി വാങ്ങി വീട് പണിയാനുള്ള തയ്യാറെടുപ്പിൽ വന്നപ്പോഴാണ് കാൻസർ ചതിച്ചത്.

എല്ലാ സ്വപ്നങ്ങളും ഒറ്റ നിമിഷം കൊണ്ട് തകർന്നു പോയത് നോക്കി നിൽക്കേണ്ടി വന്ന ഭാഗ്യം കെട്ട ജന്മത്തിനുടമയായിരുന്നു ഞാൻ.

അച്ഛൻ്റെ ജിവനു വേണ്ടി 5 സെൻ്റ് വിറ്റപ്പോഴും നെഞ്ച് തകരാതിരുന്നത് അച്ഛൻ്റെ ആയുസ് ദൈവം ദാനം തരുമെന്ന പ്രതീക്ഷയിലായിരുന്നു. പ്രതീക്ഷകളൊക്കെ തകർത്ത് ഒരു ദിവസം അച്ഛൻ എന്നെയും അമ്മയെയും തനിച്ചാക്കി പോയി.

സ്വന്തമായി വീടില്ലാത്തതു കൊണ്ട് അച്ഛൻ്റെ വീട്ടിൽ നിന്ന് അമ്മയുടെ കുടുംബ വീട്ടിലേക്ക് പിന്നീടുള്ള ജീവിതം പറിച്ചു നട്ടു..

അത് വരെ സ്നേഹമൊലിപ്പിച്ച് നടന്നിരുന്ന മാമനും അമ്മായിക്കും ഇപ്പോൾ കാണുമ്പോൾ ചിരിക്കാൻ ഒരു മടിയുള്ളതു പോലെ.

ഞങ്ങൾ കഴിക്കുന്ന ഭക്ഷണത്തിനു ഒളിഞ്ഞും മറിഞ്ഞും അമ്മായി മാമൻ്റെ കാതുകളിൽ കണക്ക് പറയുന്നത് കേൾക്കൽ സ്ഥിരമായി വന്നു കൊണ്ടിരുന്നു.

വീട്ടിലെ ജോലികളൊക്കെ അമ്മയ്ക്ക് മാത്രമായി മാറുന്നതായി ഞാനറിഞ്ഞു.

ഞാൻ കോളേജിൽ പോയി വരുമ്പോഴുള്ള അമ്മയുടെ മുഖഭാവത്തിൽ മാറ്റമുണ്ടാകുന്നത് അന്വേഷിച്ചപ്പോഴും അമ്മയൊന്നും പറഞ്ഞില്ല. ഞാൻ വിഷമിക്കാതിരിക്കാൻ അമ്മയെല്ലാം മനസിലൊളിപ്പിക്കുന്നതാണെന്ന് എനിക്ക് മനസിലായി.

എൻ്റെ ഫീസടയ്ക്കാൻ വേണ്ടി മാമനോട് രൂപ ചോദിച്ചപ്പോൾ കിട്ടിയ മറുപടി

“ഇവൾ പഠിച്ചിട്ടെന്തിനാണ്……വല്ല ഷോപ്പിലും സെയിൽസ് ‘ഗേൾ ആയി പോയാൽ മതി, ചെലവിനുള്ള പൈസ കിട്ടുമല്ലോ….

ഇത് ബാധ്യത മുഴുവൻ എൻ്റെ തലയിൽ, മൂന്നു നേരം വയർ നിറയെ കഴിക്കണം, ഞാൻ ഇവിടെയുള്ള മരത്തിൽ നിന്ന് പറിക്കുന്നതല്ല രൂപ…

മടുത്തു….. ഇപ്പോൾ എനിക്ക് ഭാര്യയുണ്ട്. നാളെ മക്കളാകും, അവരെ എനിക്ക് നല്ല രീതിയിൽ നോക്കണം. നിങ്ങൾ രണ്ട് പേരും എനിക്ക് ബാധ്യതയാണ്. അതു കൊണ്ട് പഠിക്കാനെന്നു പറഞ്ഞ് ഒരു രൂപ പോലും ഞാൻ തരില്ല.”

എതിർത്തൊന്നും പറയാതെ വാ പൊത്തി കരഞ്ഞുകൊണ്ട് അമ്മ പുറത്തേക്ക് പോയി.

അടുത്ത വീട്ടിലെ ചേട്ടനോട് കടം വാങ്ങി ഞാൻ ഫീസടച്ചു. പിറ്റേന്ന് കോളേജ് ഉച്ചവരെ മാത്രമേ ഉണ്ടായിരുന്നുള്ളു.

വഴിയിൽ വെച്ച് കണ്ട കാഴ്ച എനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. കൂലിപ്പണിയെടുക്കുന്ന അമ്മ.

ഭാരമേറിയ കല്ല് തലയിൽ വെച്ച് നടക്കുന്ന അമ്മയുടെ കാലുകൾ ഇടറുന്നുണ്ടായിരുന്നു. അച്ഛൻ്റെ കൂടെ 20 വർഷം ജീവിച്ചിട്ടും ബുദ്ധിമുട്ടേറിയ ഒരു ജോലിയും അമ്മ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല.

വൈകുന്നേരം പണികഴിഞ്ഞു വരുന്ന അമ്മയ്ക്ക് വീണ്ടും വീണ്ടും ജോലികൾ കൊടുത്ത് ടി. വി നോക്കിയിരിക്കും അമ്മായി. ഞാൻ പഠിക്കാൻ വേണ്ടി ഒരു ജോലിയും ചെയ്യാൻ അമ്മ സമ്മതിച്ചില്ല.

കരഞ്ഞു കൊണ്ടാണ് ഞാനെല്ലാ ദിവസവും പഠിക്കാനിരുന്നത്. എൻ്റെ അമ്മയെ ഈ കഷ്ടപ്പാടിൽ നിന്ന് മാറ്റാൻ കഴിയണേയെന്ന് ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല.

ഞാനും അമ്മയും കുളിക്കാൻ പോകുമ്പോൾ പൈപ്പിലെ വെള്ളം തീരും, സോപ്പ് ഉണ്ടാകില്ല. കറണ്ട് ബിൽ കൂടുമെന്ന് പറഞ്ഞ് രാത്രി കിടക്കുമ്പോൾ അമ്മായി വന്ന് ഫാൻ ഓഫ് ചെയ്യും.

അമ്മയ്ക്ക് വിഷമമാവാതിരിക്കാൻ മാറി നിന്ന് നെഞ്ച് പൊട്ടി ക്കരയുമ്പോൾ, ദൈവം ഇത്രയും ക്രൂരത ചെയ്യാൻ പാടില്ലെന്ന് പറഞ്ഞ് സ്വയം പഴിക്കാനെ എനിക്ക് കഴിഞ്ഞുള്ളു.

മ രിച്ചലോ എന്ന് പലവട്ടം തോന്നി. പക്ഷെ ഞാൻ മരിച്ച എൻ്റെ അമ്മ ജീവിക്കുന്നത് എനിക്ക് വേണ്ടിയാണ്. അമ്മ പിന്നെ തനിച്ചായി പോകുമല്ലോ.

ഒരു ദിവസം മാമൻ്റെയും അമ്മായിയുടേയും ഒച്ചത്തിലുള്ള സംസാരം കേട്ട് ഞാൻ അകത്തു പോയി. ഫീസടക്കാൻ അടുത്ത വീട്ടിലെ ചേട്ടനോട് ചോദിച്ചതാണ് പ്രശ്നം.

“നാട്ടിൽ കണ്ട ചെറുപ്പക്കാരോടൊക്കെ പൈസ കടം ചോദിക്കാൻ നിങ്ങൾക്ക് നാണമുണ്ടോ? ആദ്യം പൈസ ഇടപാട്, പിന്നെ ബാക്കിയെല്ലാം, ചെറിയ പ്രായത്തിൽ വിധവയായതിൻ്റെ സൂക്കേട് ബാക്കിയുണ്ടാകും.

അമ്മയ്ക്കും മോൾക്കും അഴിഞ്ഞാടാൻ ഈ വീട് കിട്ടില്ല.” അമ്മായിയുടെ വാക്കുകൾ ഉച്ചത്തിൽ കേട്ടു .

“ശാലിനി മനസിൽ പോലും വിചാരിക്കാത്ത കാര്യം പറയരുത്. ഭർത്താവ് മരിച്ചതു എൻ്റെ വിധിയാണ്. അതിന് എൻ്റെ സ്വഭാവദൂഷ്യമെന്ന് പറയണ്ട. എടാ നീ ഇത് കേൾക്കുന്നില്ലേ…” അമ്മ പറഞ്ഞു.

“അവൾ പറഞ്ഞതിൽ തെറ്റൊന്നുമില്ല” എന്ന മാമൻ്റെ മറുപടി കേട്ടതും അമ്മ അങ്ങില്ലാണ്ടായിപ്പോയി.

“സമാധാനമായില്ലേ ആങ്ങളയുടെ വായിൽ നിന്ന് കേട്ടപ്പോൾ …. ഇങ്ങനെയുള്ള അമ്മയും മോളും ഇവിടെ നിൽക്കുമ്പോൾ എൻ്റെ ഭർത്താവിനെ ഇവിടെയാക്കി ഞാനെങ്ങനെ പുറത്ത് പോകും. വേ ശി കൾ”

ഇത്രയും അമ്മായി പറഞ്ഞ് തീർത്തതും എൻ്റെ കൈകൾ അമ്മായിയുടെ മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു.

അമ്മയും മാമനും ഒരു നിമിഷം ഞെട്ടി. ഓർക്കാപ്പുറത്തുള്ള അടി അമ്മായിയുടെ മുഖത്ത് ചുവന്ന പാടായി തിളങ്ങി. മാമൻ എന്നെ ത ല്ലി വീടിനു പുറത്തേക്ക് ഇറക്കി.

അമ്മയും മോളും ഇനിയിവിടെ നിൽക്കണ്ട എന്നു പറഞ്ഞ് വാതിൽ കൊട്ടിയടച്ചപ്പോൾ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു.

“വയസിന് മൂത്തയാളുടെ നേരെ കൈ പൊക്കാൻ പാടില്ല. അത് തെറ്റാണ്, എന്ത് പറഞ്ഞാലും അത് നിൻ്റെ അമ്മായിയല്ലേ.” ഇനി നിന്നെയും കൂട്ടി ഞാൻ എങ്ങോട്ട് പോകും.”….. അമ്മ പൊട്ടി പൊട്ടിക്കരഞ്ഞു……

ഞാൻ ചെയ്തത് തെറ്റാണോ ശരിയാണോ എന്നറിയില്ല. പക്ഷെ ആ സമയത്ത് അങ്ങനെ ചെയ്യാനാണ് മനസ് പറഞ്ഞത്.

ഞങ്ങളുടെ നിസഹായവസ്ഥയറിഞ്ഞ് അടുത്ത വീട്ടിലെ ചേട്ടൻ വീടിനടുത്ത് തന്നെ ഒരു ഒറ്റമുറി വാടക വീട് ശരിയാക്കി തന്നു.

ഞങ്ങളുടെ അവസ്ഥയറിഞ്ഞ വീട്ടുടമ വാടക എനിക്ക് ജോലി കിട്ടിയതിനു ശേഷം തന്നാൽ മതിയെന്നും അമ്മയുടെ കൂലി കൊണ്ട് വീട്ടച്ചിലവ് നടത്താനും പറഞ്ഞു. നന്ദിയോടെ അയാളുടെ നേരെ കൈകൂപ്പി നിന്നപ്പോൾ ജീവിതത്തിലെ പുതിയ വേഷത്തിന് തുടക്കമായി.

അങ്ങനെ ഞാനെൻ്റെ വിദ്യാഭാസം പൂർത്തിയാക്കി .

ടൗണിലുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ എനിക്ക് ജോലി കിട്ടി. ജീവിതത്തിന് കുറച്ച് നിറം വരാൻ തുടങ്ങി. അമ്മയോട് ജോലിക്ക് പോകണ്ട എന്നു പറഞ്ഞു.

എപ്പോഴും കണ്ണുനീരൊഴിയാത്ത അമ്മയുടെ കണ്ണുകൾക്കും മനസിനും വിശ്രമമായി.

ഇപ്പോൾ അമ്മയുടെ മുഖത്ത് എന്നും പുഞ്ചരിയാണ്. മാമൻ ഇപ്പോഴും ഞങ്ങളെ തിരിഞ്ഞു നോക്കാറില്ല. അമ്മ അങ്ങോട്ട് പോയി മിണ്ടിയിട്ടും കണ്ട ഭാവം നടിക്കാതെ തിരിഞ്ഞു നടക്കുകയായിരുന്നു.

അങ്ങനെ ഒരു ഓണക്കാലത്ത് ഓഫീസിലെ എല്ലാ സ്റ്റാഫുകൾക്കും അരിയും സാധനങ്ങളും ഞങ്ങളുടെ സാർ വീടുകളിലേക്ക് എത്തിച്ചു തന്നു. അന്നാണ് സർ ആദ്യമായി എൻ്റെ വാടക വീട്ടിലെത്തിയത്.

അമ്മയോട് എല്ലാ കാര്യങ്ങളും ചോദിച്ച് മനസ്സിലാക്കി. എല്ലാ കാര്യങ്ങളും അറിഞ്ഞതുകൊണ്ടാണോ എന്നറിയില്ല സാർ പിന്നെയെപ്പോൾ എന്നെ കാണുമ്പോഴും സുഖവിവരം അന്വേഷിക്കാൻ തുടങ്ങി.

ആയിടെയാണ് എൻ്റെ വീടിനടുത്ത് സർ പുതിയ വീട് പണിയാൻ തുടങ്ങിയത്. വീട് പണി കഴിഞ്ഞ് ഒരു ദിവസം വൈകിട്ട് സർ അമ്മയെ കാണാൻ എത്തി.

പുതിയ വീടിൻ്റെ താക്കോലും ആധാരവും അമ്മയെ ഏൽപ്പിച്ച് മടങ്ങുന്ന സാറിനെ നന്ദിയോടെ യാത്രയാക്കുമ്പോൾ ദൈവം മനുഷ്യനായി ഭൂമിയിൽ അവതരിക്കുമെന്ന് മനസിലായി.

അങ്ങനെ സ്വന്തമായൊരു വീട് എനിക്ക് ലഭിച്ചു. ആയിടെയ്ക്ക് നല്ലൊരു വിവാഹാലോചനയുമായി ബ്രോക്കർ വന്നു. പരസ്പരം ഇഷ്ടപ്പെട്ടു കല്യാണ ദിവസം ഉറപ്പിക്കാൻ തീരുമാനിച്ചു.

അമ്മയും ഞാനും മാമൻ്റെ കാലിൽ വീണ് മാപ്പിരന്നിട്ടു കല്യാണക്കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മാമൻ വന്നില്ല.

പെട്ടെന്നൊരു ദിവസം ബ്രോക്കർ വിളിച്ചു പറഞ്ഞു, അവർക്ക് ഈ കല്യാണത്തിന്ന് താൽപര്യമില്ല. ഞാനും എൻ്റെ സാറും തമ്മിൽ അ വി ഹിതമാണ്, അതു കൊണ്ടാണ് വീടും സ്ഥലവും ഒക്കെ വാങ്ങിക്കൊടുത്തതെന്ന് മാമൻ അവരെ വിളിച്ചു പറഞ്ഞെന്ന്.

സ്വന്തം മാമൻ അങ്ങനെ പറഞ്ഞാൽ ആരായാലും വിശ്വസിക്കുമായിരിക്കുമല്ലേ. കല്യാണം അങ്ങനെ മുടങ്ങി…..

തൽക്കാലം കല്യാണം ഇപ്പോൾ വേണ്ടെന്നു ഞാനുറപ്പിച്ചു. അമ്മയും ഞാനും സന്തോഷത്തോടെ ജീവിച്ചു.

ദിവസങ്ങൾ കടന്നു പോയി… മാമൻ്റെ മകൾ, 2 വയസ് മാത്രമുള്ള കുട്ടിക്ക് കാൻസർ, നാട്ടുകാർ പറഞ്ഞാണ് വിവരം അറിഞ്ഞത്.

കേട്ടപാതി കേൾക്കാതെ പാതി വീട്ടിലേക്ക് ഓടിപ്പോയപ്പോൾ തല കുനിച്ച് ഇരുന്ന മാമൻ്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും അമ്മായി ഓടി വന്ന് അമ്മയുടെ കാലിൽ വീണ് മാപ്പിരന്നു.

ആ കുഞ്ഞിൻ്റെ കിടപ്പ് കണ്ടിട്ട് സഹിക്കുന്നില്ല. 2 വയസായ കുഞ്ഞിന് എങ്ങനെ കാൻസറിൻ്റെ വേദനയോട് പോരാടാനാകും.

ചികിത്സയ്ക്ക് ബുദ്ധി മുട്ടിയ മാമൻ്റെ കൈയ്യിലേക്ക് ഞാൻ ജോലി ചെയ്ത് സമ്പാദിച്ച സ്വർണമാല ഊരിക്കൊടുത്തപ്പോൾ അമ്മയുടെ കണ്ണിലെ സന്തോഷം ഞാൻ കണ്ടു…… കുഞ്ഞിൻ്റെ ചികിത്സയും ബുദ്ധിമുട്ടലും മാമനെ വളരെ തളർത്തി.

നിരന്തര ചികിത്സയ്‌ക്കൊടുവിൽ കുഞ്ഞിൻ്റെ റിസൾട്ട് നെഗറ്റീവായി. റിപ്പോർട്ടും കൊണ്ട് സന്തോഷത്തോടെ ഞാൻ മാമൻ്റെ അടുത്തെത്തി.

തല കുനിച്ച് കസേരയിലിരിക്കുന്ന മാമനെ ഞാൻ തൊട്ടതും കുഴഞ്ഞ് എൻ്റെ മടിയിൽ വീണു. സമ്മർദം താങ്ങാനാകാതെ മാമൻ്റെ ഹൃദയം നിലച്ചുപോയി.

ഒറ്റയ്ക്കായ അമ്മായിയേയും കുഞ്ഞിനേയും ഞാൻ എൻ്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു…. വർഷം പിന്നെയും കടന്നു പോയ് എല്ലാവരും വീണ്ടും സന്തോഷത്തിലേക്ക് തിരിച്ചു വന്നു.

നാളെ എൻ്റെ വിവാഹമാണ്. എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്യുന്നത് എൻ്റെ സർ ആണ്.

സാർ എന്നതിൽ ഉപരി ഇന്ന് എനിക്കൊരു കൂടെപ്പിറപ്പാണ്. അമ്മയ്ക്ക് പിറക്കാതെ പോയ മകനാണ്. എല്ലാതിലും ഉപരി കല്യാണ ചെക്കൻ സാറിൻ്റെ അനുജനാണ്.

ഒറ്റ നിമിഷം കൊണ്ട് അനാഥമായ എൻ്റെ ജീവിതത്തിന് രക്ത ബന്ധത്തിലുള്ളവർ പോലും തള്ളിക്കളഞ്ഞപ്പോൾ രക്ഷകനായ് ദൈവം എൻ്റെ മുന്നിൽ അവതരിച്ചു സാറിൻ്റെ വേഷത്തിൽ. എൻ്റെ കുടുംബത്തിൻ്റെ നാഥനായ്, വിളക്കായ്…….

കഥ പറഞ്ഞിരുന്നാൽ കാര്യങ്ങളൊന്നും നടക്കില്ല….. നാളെ രാവിലെ അമ്പലത്തിൽ പോകണം. നാളത്തെ പ്രഭാതം എൻ്റെ പുതിയ ജീവിതത്തിനായ് വിരിയട്ടെ ….

Leave a Reply

Your email address will not be published. Required fields are marked *