നിസ മോളെ ചേർത്ത് പിടിച്ചു കിടന്ന് കുറേ സമയത്തിന് ശേഷം ഉറങ്ങി, കിടക്കുമ്പോളാണ്..

ഇക്ക ഗൾഫിലാണ്
(രചന: Navas Amandoor)

എത്ര ദൂരെയാണങ്കിലും ദൈവമായിട്ട് കൂട്ടി കെട്ടിയ ഇണകളുടെ മനസ്സുകൾ കൈയെത്തും ദൂരത്താണ്.

രാത്രി ഭക്ഷണം കഴിച്ച് സലീം നിസയുമായി എന്നും ഒരു മണിക്കൂറോളം സംസാരിക്കും. പകൽ call ചെയ്യാൻ സമയം കിട്ടില്ല.

വെളുപ്പിന് പച്ചക്കറി മാർകറ്റിൽ നിന്നും എടുത്തു കടകളിലേക്ക് എത്തിക്കുന്ന വണ്ടിയിലെ ഡ്രൈവറായിട്ടാണ് പ്രവാസത്തിൽ സലീമിന്റെ വേഷം.

“ഇക്കാ.. അടുത്ത മാസമാ മോളുടെ ബർത്ഡേ. ഇക്ക വരോ..?”

“രണ്ട് ആൺകുട്ടികൾ ഉണ്ടായപ്പോൾ എന്റെ ആഗ്രഹം ആയിരുന്നു ഒരു പെൺകുട്ടി കൂടി വേണമെന്ന്.. ഞാൻ ഇങ്ങോട്ടു പോരുമ്പോൾ അവൾ നിന്റെ ഉള്ളിലാ..

ഇപ്പൊ അവൾക്ക് ഒരു വയസ്സ് ആകുന്നു.. എന്നിട്ടും എനിക്കൊന്ന് കാണാൻ പറ്റിയില്ല.. എന്റെ മോളേ.”

ഓരോ ആഘോഷങ്ങളുടെയും. സന്തോഷത്തിന്റെ കൂടിച്ചേരുലുകളുടെയും നിമിഷങ്ങൾ നാട്ടിൽ നിന്നും മൊബൈലിൽ വരുന്ന ഫോട്ടോകൾ നോക്കി സ്വയം സമാധാനിക്കനാണ് പ്രവാസികളുടെ യോഗം.

സലീമിന് ഒട്ടും താല്പര്യം ഇല്ലായിരുന്നു പ്രവാസിയാകാൻ. എല്ലാവരും നിർബന്ധിച്ചപ്പോൾ പ്രവാസിയായി. അന്നും നിസ മാത്രം പറഞ്ഞു..’ഇഷ്ടം ഇല്ലങ്കിൽ പോണ്ടെന്ന്.’

“മക്കൾ ഉറങ്ങിയോ മോളേ..?”

“ഉറങ്ങി.. മൂത്തോന് മൊബൈൽ വേണമെന്ന് പറയുന്നുണ്ട്.. അതൊന്ന് വാപ്പിച്ചിനോട്‌ പറയാൻ കാത്തു കിടന്ന് അവൻ ഉറങ്ങിപ്പോയി.”

“വാപ്പാനെയും ഉമ്മാനെയും നോക്കണം.. ഞാനില്ലാത്ത കുറവ് അവർക്ക് തോന്നാൻ പാടില്ല..”

“അതിപ്പോ ഇക്ക പറയണോ.. എനിക്ക് അറിയാലോ..ഇക്ക എന്താ എന്നോട് ഒന്നും ചോദിക്കാത്തത്..?”

“ഞാൻ എപ്പോഴും നിന്റെ കൂടെ തന്നെയല്ലേ നിസ.”

“എന്നാ എനിക്കൊരു കിസ്സ് ത്താ.”

“ന്റെ മോളേ കെട്ടിപിടിച്ചു ചുണ്ടിൽ ചുണ്ട് അമർത്തി…. ഉമ്മാാ.. എന്നാ ഇനി ഞാൻ ഉറങ്ങട്ടെ.”

“ഉം.. ഉറങ്ങിക്കോ.”

അന്നത്തെ സംസാരം കഴിഞ്ഞു സലീം ഉറങ്ങാൻ കിടന്നു. പകൽ ജോലിയുടെ തിരക്കുകളിൽ ചിന്തിക്കാൻ സമയം കിട്ടില്ല. പക്ഷെ രാത്രി മനസ്സ് ഏഴു കടലും കടന്ന് വീട്ടിൽ എത്തും.

മക്കളേ ഒപ്പം ചേർന്ന് കിടക്കും. ഉമ്മയോടും വാപ്പയോടും പുഞ്ചിരിക്കും. നിസയെ കെട്ടിപിടിച്ചു കിടക്കും നേരം പുലർച്ചെ തിരിച്ചു വരുന്ന മനസ്സും ചിന്തയും.

നിസ മോളെ ചേർത്ത് പിടിച്ചു കിടന്ന് കുറേ സമയത്തിന് ശേഷം ഉറങ്ങി. കിടക്കുമ്പോളാണ് ഒറ്റപ്പെടലിന്റെ നഷ്ടം അറിയുന്നത്.

സലീം കൂടെ ഉള്ളപ്പോൾ ഒരു തലോടൽ പോലെ ശാന്തമായ മനസ്സോടെ പെട്ടന്ന് ഉറങ്ങാൻ കഴിയും.

സലീം പുലർച്ചെ ഉണർന്ന് മാർക്കറ്റിലേക്ക് പുറപ്പെട്ടു. കൂടെ ഒരാളും ഉണ്ട്. ആ സമയം ആയത് കൊണ്ട് പരമാവധി വേഗത്തിൽ വണ്ടി ഓടിച്ചു.

റോഡിലൂടെ വേഗത്തിൽ പോയികൊണ്ടിരിക്കുന്ന വണ്ടി നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു റോഡിലൂടെ രണ്ട് മൂന്ന് വട്ടം മലക്കം മറിഞ്ഞ വണ്ടിയിലെ പെട്രോൾ ടാങ്ക് പൊട്ടി തീ പിടിച്ചു. കത്തി ആളുന്ന തീ.

അപ്പോഴേക്കും പോലിസും ആംബുലൻസും പാഞ്ഞെത്തി. ആ വഴി പോയ വണ്ടിക്കാർ ചുറ്റും കൂടി.

കത്തികൊണ്ടിരുന്ന വണ്ടി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.

“അള്ളോ… ന്റെ ഇക്ക.”

നിസ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു.

മൊബൈൽ എടുത്തു സമയം നോക്കി.

നാല് മണി. ഈ സമയം ഇക്ക മാർക്കറ്റിലേക്ക് പോയിട്ടുണ്ടാവും.

“പടച്ചോനെ ന്റെ ഇക്കാനെ കാത്തോളണെ.”

പിന്നെ നിസക്ക് ഉറങ്ങാൻ പറ്റിയില്ല. ഉറക്കം വരുന്നില്ല. മക്കളെ കെട്ടിപിടിച്ചു അങ്ങനെ കിടന്നു.

കണ്ട സ്വപ്‌നത്തിന്റെ ആധിയും പേടിയും മനസ്സിൽ നിന്നും വിട്ട് മാറുന്നില്ല.

സുബ്ഹി ബാങ്കു കേട്ടപ്പോൾ നിസ നിസ്കരിച്ചു. പടച്ചവനോട് ഇക്കാക്ക് വേണ്ടി പ്രാർത്ഥനയോടെ കുറേ നേരം നിസ്കാരപായയിൽ ഇരുന്നു.

ആ സമയം കത്തിക്കരിഞ്ഞ വണ്ടിയുടെ ഉള്ളിൽ നിന്നും തിരിച്ചറിയാൻ കഴിയാത്ത രണ്ട് മയ്യിത്ത് ആംബുലൻസിൽ കയറ്റി.

സലീമിന്റെ മരണം വീട്ടിൽ അറിയും മുൻപേ നാട്ടിൽ അറിഞ്ഞു.

പിന്നെയാ വീട്ടിൽ അറിഞ്ഞത്.

വീട്ടിൽ ആളുകൾ വരാൻ തുടങ്ങി. നിസയോട് ആരും ഒന്നും പറഞ്ഞില്ല. ഉമ്മയുടെ കരച്ചിൽ പെങ്ങന്മാരുടെ കരച്ചിൽ. ഒരു നാട് മുഴുവൻ സങ്കടത്തിൽ.

ഈ ദിവസം സങ്കടത്തിന്റെയാണ്. ഈ ദിവസം മുതൽ നിസയുടെ ജീവിതവും സങ്കടത്തിന്റെയാണ്.

മയ്യിത്ത് നാട്ടിൽ കൊണ്ട് വന്നില്ല. അവിടെ തന്നെ ഖബറടക്കാൻ ഉമ്മയും ഉപ്പയും നിസയും ഒപ്പിട്ടു കൊടുത്തു.

നിസയും മക്കളും കരച്ചിലും അടക്കിപ്പിടച്ച തേങ്ങലുമായി അവരുടെ മുറിയിൽ കിടന്നു. സുറുമിമോൾക്ക് മാത്രം ഒന്നും അറിയില്ല. അവൾ അവിടെ ഓടി നടന്നു.

ആരൊക്കെയോ അവിടെ അവന് വേണ്ടി മയ്യിത്ത് നിസ്കരിച്ചു. ആരൊക്കെയോ അവന്റെ മയ്യിത്ത് കട്ടിൽ തോളിലേറ്റി.

ആരൊക്കെയോ അവന്റെ മമയ്യിത്ത് നിസ്കരിച്ചു. ആരൊക്കെയോ അവന്റെ മയ്യിത്ത് കട്ടിലിൽ തോളിലേറ്റി. ആരൊക്കെയോ അവന്റെ മയ്യിത്ത് ഖബറിൽ വെച്ചു.

“മണ്ണിൽ നിന്നും സൃഷ്ടിക്കപ്പട്ടവൻ മണ്ണിലേക്ക് തന്നെ മടക്കം.”

സങ്കടങ്ങൾ കണ്ണീർ മഴയായി പെയ്ത ആ വീട്ടിൽ മൂന്ന് മക്കളേയും ചേർത്ത് പിടിച്ചു മരവിച്ച മനസ്സുമായി നിസ നാളെയെ കുറച്ചു ചിന്തിക്കാൻ തുടങ്ങി.

ആരും കാണാതെ കരഞ്ഞും പുഞ്ചിരിയോടെ മക്കളേ നഞ്ചോട് ചേർത്തും ജീവിതം കഴിഞ്ഞെന്ന് തോന്നിയിടത്ത് നിന്നും അവൾ വാശിയോടെ ജീവിതം തുടങ്ങി.

മക്കളോട് അവൾ പറയും ‘നിങ്ങളെ വാപ്പിച്ചി ഗൾഫിൽ ഉണ്ടെന്നു.’ ഭർത്താവിനെപ്പറ്റി ആര് ചോദിച്ചാലും അത് തന്നെയാണ് അവളുടെ മറുപടി.

“ഇക്ക ഗൾഫിലാണ്..”

അവളോട് ആരും സലീം മരിച്ചെന്നു പറഞ്ഞിട്ടില്ല. അവൾ സലീമിന്റെ മയ്യത്ത് കണ്ടിട്ടില്ല. മനസ് ഇപ്പോഴും വിശ്വസിച്ചിട്ടില്ല. അതുകൊണ്ട് ത്തന്നെ..

കുടുംബത്തിന് വേണ്ടി ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പാടുകൾ സഹിച്ചു ഇക്ക ഗൾഫിൽ ഉണ്ടെന്ന് പറഞ്ഞു പറഞ്ഞു.. ഇക്ക കൂടെ ഉണ്ടുന്നുള്ള ഉറച്ച വിശ്വസത്തിൽ അവൾ മുന്നോട്ട് നടന്നു.

കുറച്ചു സ്വർണ്ണം വിറ്റ് ഒരു ചെറിയ ഷോപ്പ് തുടങ്ങി. ലേഡീസ് ഡ്രെസ്സിന്റെ ഷോപ്പ്. കച്ചവടം നന്നായി പോയി.

ഇക്ക പറയാറുള്ളത്പ്പോലെ ഇക്ക ഇല്ലാത്തത് അറിയിക്കാതെ ഉമ്മയെയും വാപ്പയെയും സംരക്ഷിച്ചു.

സുറുമി മോൾക്ക് അഞ്ച് വയസ്സായി. സങ്കടങ്ങളെ ഇല്ലാതാക്കി ദിവസങ്ങൾ കൊഴിയുമ്പോൾ പ്രതീക്ഷിയുടെ വാതിലുകൾ തുറക്കുമ്പോഴും തനിച്ചായി പോയതിന്റെ നോവ് ഉള്ളിൽ ഒതുക്കി നിസ.

മോളേ സ്കൂളിൽ ചേർക്കാൻ കൊണ്ട് ചെന്നപ്പോൾ ടീച്ചർ സുറുമി മോളോട് ചോദിച്ചു.

“മോളേ വാപ്പിച്ചി എവിടെയാ..”

നിസ ഇക്ക ഗൾഫിൽ ആണെന്ന് പറയും മുൻപേ സുറുമി മോൾ പറഞ്ഞു… “ന്റെ വാപ്പിച്ചി ഗൾഫിലാ.”

വരും ഒരീസം എന്നെ കാണാൻ.”

ഉറങ്ങാൻ കിടക്കുമ്പോൾ ഉറങ്ങുമ്പോൾ വീട്ടിൽ വിരുന്ന് എത്തുന്ന സലീമിന്റെ മനസ്സ് ഇപ്പോൾ മരുഭൂമിയിൽ ഉറങ്ങുമ്പോഴും അയാളുടെ ജീവൻ അവരുടെ ഒപ്പം തന്നെ ഉണ്ടാവും.

ഇല്ലെന്ന് പറയുന്നതിനേക്കാൾ ദൂരെ ഒരിടത്ത് ഉണ്ടെന്ന് പറഞ്ഞു മുന്നോട്ട് നടക്കുമ്പോൾ കിട്ടുന്ന ആത്മവിശ്വാസമാണ് നിസയുടെ വഴിയിലെ വെളിച്ചം.

“ജീവിക്കാൻ വേണ്ടി കടല് കടന്ന് പോയ പ്രവാസികൾക്ക് നീ തുണയാവാണെ. ഇങ്ങനെയൊന്നും ആരുടെയും ജീവിതത്തിലെ വിധിയാക്കല്ലേ റബ്ബേ.”

Leave a Reply

Your email address will not be published. Required fields are marked *