അത് കണ്ടപ്പൊ മനസ്സിലായി, സുന്ദരിയുടെ കല്യാണം കഴിഞ്ഞതാണ് ഒരു കുട്ടിയുമുണ്ട്..

തമിഴത്തി തീർത്ത വിരഹക്കടൽ
(രചന: Husain Husain MK)

ജ്വല്ലറിയുടെ പർച്ചേസിംഗ് ഗിഫ്റ്റിൻ്റെ ഓർഡർ സ്വീകരിക്കാൻ വേണ്ടിയാണ് ഞങ്ങളന്ന് പാ ലക്കാട് ജില്ലയിലേക്ക് കടന്നത്.

നേരത്തേ വിളിച്ചുറപ്പിച്ച് വരുന്ന കാര്യമായതിനാൽ സമയം കറക്ട് ചെയ്യണം എന്നതിന് ആദ്യം മുൻതൂക്കം നൽകി.

കൂടെയുണ്ടായിരുന്നത് കമ്പനി മുതലാളിയുടെ അടുത്ത ബന്ധുവായതിനാൽ എനിക്ക് സഹായി എന്ന റോളിലേക്ക് മാറേണ്ടി വന്നു.

പ ട്ടാ മ്പിയിലെ ഒരു ജ്വല്ലറിയിലെ അണ്ടർ ഗ്രൗണ്ട് ഏരിയയിൽ വണ്ടി നിർത്തി മോഡൽ പെട്ടിയുമെടുത്ത് ലിഫ്റ്റിൽ കയറാനൊരുങ്ങവെ സുന്ദരിയായ ഒരു പെൺകുട്ടി വന്ന് കൂടെ ഓടിക്കയറി.

അവളെ കണ്ടപ്പൊ ഞാൻ പ്രത്യേകമായി തരളിതനൊന്നുമായില്ലെങ്കിലും കച്ചവടം നടന്നാലുള്ള ലാഭം ആലോചിച്ച് പുളകിതനായിരുന്നു ഞാൻ.

എന്നാൽ നമ്മുടെ പുതിയ മാനേജറുടെ ഭാവമാറ്റങ്ങൾ അറിയാൻ ഞാൻ അവനെയൊന്നു ഇടംകണ്ണിട്ട് നോക്കി. അവിവാഹിതനാണവൻ. അവിവേകം കൂടപ്പിറപ്പും

അവനൊന്നു ചെറുതായി പരവശനായോ എന്നൊരു സംശയം ഇല്ലാതില്ല. പരവേശം കൂടിക്കൂടി തട്ടലും മുട്ടലും ഒക്കെ നടത്തിയാൽ നമ്മുടെ പർച്ചേസിംഗ് ഗിഫ്റ്റിൻ്റെ കാര്യം വെള്ളത്തിലാവും.

ഒരു വർഷത്തേക്ക് അഞ്ഞൂറ് ഗിഫ്റ്റിൻ്റെ ഓർഡറാണ് ലഭിക്കാനുള്ളത്. ഗുണമേന്മയും സ്വീകാര്യതയും ലഭിച്ചാൽ അവരുടെ മറ്റു ശാഖകളിൽ കൂടി ഒരു പക്ഷേ ഓർഡർ ലഭിച്ചേക്കാം.

അങ്ങിനെ വന്നാൽ അതു വച്ച് മറ്റു ജ്വല്ലറികളിൽ കൂടി വിലപേശി ഓർഡർ നേടിയെടുക്കാം.

ഒരു പ്രിൻ്റിംഗ് കമ്പനി കൂടി തുടങ്ങാം. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ കണ്ടയ്നറുകളുടെ എണ്ണം വർദ്ധിപ്പിക്കാം. കൂടുതൽ സാധനങ്ങൾ ആവശ്യം വരുമ്പോഴുള്ള വില കുറവും പിന്നെ ട്രാൻസ്പോർട്ടിംഗ് ചാർജും ലാഭിക്കാം.

ഇതെല്ലാം ആലോചിച്ചു കഴിഞ്ഞപ്പോഴേക്കും ലിഫ്റ്റിൻ്റെ വാതിൽ തുറക്കപ്പെട്ടിരുന്നു. തുറക്കപ്പെട്ട ലിഫ്റ്റിൻ്റെ ഇരുഭാഗത്തുമായി കൈകൾ കൂപ്പി നിൽക്കുന്ന വെള്ള സാരിയുടുത്ത സുന്ദരിമാരുടെ ഇടയിലുടെ ഞങ്ങൾ മന്ദം മന്ദം നടന്നു.

നേരത്തേ വിളിച്ചതനുസരിച്ച് ജ്വല്ലറിയുടെ സെയിൽസ് മാനേജർ ലിഫ്റ്റിനു മുന്നിൽ ഹാജരായിരുന്നതിനാൽ നട്ടംതിരിയേണ്ട ആവശ്യം ഉണ്ടായില്ല.

ലിഫ്റ്റിൽ കൂടെയുണ്ടായിരുന്ന സുന്ദരി ചാടി ഓടാൻ ശ്രമിച്ചപ്പോഴാണ് സെയിൽസ് മാനേജർ പറഞ്ഞത് ” ഇത് നിനക്കുള്ള ആളുകളാണെന്ന്.

ഞങ്ങൾക്ക് വിസിറ്റേഴ്സിൻ്റെ ഏരിയയിൽ ഒരു ഇരിപ്പിടം കിട്ടി. നല്ല തണുപ്പ്. ഒരു ചുടു ചായ കിട്ടിയാൽ തരക്കേടില്ല എന്ന് കരുതിയിരിക്കുമ്പോഴാണ് പർച്ചേസിംഗ് ഗിഫ്റ്റിൻ്റെ ചുമതലയുള്ള സുന്ദരി കടന്നു വരുന്നത്. അതെ,,,, ലിഫ്റ്റിലെ സുന്ദരി തന്നെ.

സാധാരണ സെയിൽസിൻ്റെ മേഘലയിലാണ് സ്ത്രീകളെ നിർത്താറ്. കസ്റ്റമേഴ്സിനെ ആകർഷിക്കാൻ.

പക്ഷേ ഈ ഗിഫ്റ്റിൻ്റെ മേഘലയിൽ ഇവളെ നിർത്താൻ കാരണം മനസ്സിലാകുന്നില്ല.

സുന്ദരി അവളുടെ കസേരയിൽ ആസനസ്ഥയായതിന് ശേഷം ഞങ്ങളെ വിളിച്ചു.

നമ്മുടെ മാനേജർ പയ്യൻ്റെ പ്രകടനം എങ്ങനെയുണ്ടെന്ന് അറിയണമല്ലൊ, അതു കൊണ്ട് അവനെ തന്നെ ആ ഉത്തരവാദിത്വത്തിനായി നിയോഗിച്ചു.

ഉൽപന്നങ്ങളുടെ കാറ്റ്ലോക്കുമായി എഴുന്നേറ്റപ്പോഴാണ് ഞാൻ അവനെത്രദ്ധിച്ചത്. അവൻ്റെ മുഖമാക്കെ വിയർത്തിരിക്കുന്നു.
നല്ല തണുപ്പിലും വിയർക്കണമെങ്കിൽ ഇവനെന്തു പറ്റി?.

ആ സുന്ദരിയും അവനെ സൂക്ഷിച്ചു നോക്കുന്നുണ്ട്. അവൻ്റെ ഭാവം കണ്ടിട്ടാണോ എന്തോ അവളെൻ്റെ മുഖത്തേക്കൊന്ന് നോക്കി. അത് കണ്ടപ്പൊ ഞാൻ പറഞ്ഞു. “ഞങ്ങളുടെ പുതിയ മാനേജറാ”.

“ഇരിക്കൂ”

തരളിതനായ ഞങ്ങളുടെ മാനേജറോട് മന്ദഹാസ കതിർ ചൂടി അവൾ മൊഴിഞ്ഞു.

അവൾക്കഭിമുഖമായി അവൻ ഇരുന്നു. അവളുടെ മുമ്പിൽ ഭവ്യതയോടെ ആ കാറ്റ് ലോക്ക് സമർപ്പിച്ചു.

അതെല്ലാം അവൾ നോക്കിക്കണ്ടതിന് ശേഷം ബോക്സിൻ്റെ വിലയെ കുറിച്ചുള്ള ചർച്ചയും തുടങ്ങി.

ഞാൻ അവൻ്റെ വിയർപ്പിനെക്കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു. ആ സുന്ദരിയെക്കണ്ട് അവൻ്റെ പ്രണയപ്പുഴ കരകവിഞ്ഞൊഴുകിയതാണ് വിയർപ്പിൻ്റെ അടിസ്ഥാന കാരണം എന്ന് എനിക്ക് മനസ്സിലായതോടെ ഞാനും മെല്ലെ ഇരിപ്പിടത്തിൽ നിന്നെണീറ്റു.

പറഞ്ഞു പഠിപ്പിച്ചതൊക്കെ അവൻ മറന്നു പോയിട്ടുണ്ട്. ഒരു ഉന്തുവണ്ടിക്കാരൻ്റെ നിലവാരത്തിലേക്കെത്താൻ പോലും അവന് കഴിയുന്നില്ല.

ഈ കോലത്തിൽ പോയാൽ അവൻ അവനെത്തന്നെ മറക്കും എന്നതിനാൽ ഞാൻ മോഡൽ ഗിഫ്റ്റിൻ്റെ പെട്ടി തുറന്ന് ഓരോ സാധനങ്ങൾ പുറത്തെടുത്ത് അവൾക്ക് മുമ്പിൽ സമർപ്പിച്ചു.

അവൾ അതെല്ലാം തിരിച്ചും മറിച്ചും നോക്കി കാറ്റ് ലോക്കിലെ വിവരവും വായിച്ചതിന് ശേഷം ഫോണെടുത്ത് അതിൻ്റെയെല്ലാം ഫോട്ടോയെടുത്തു.

പിന്നീട് കമ്പ്യൂട്ടറിൽ കയറ്റി മറ്റ് കമ്പനികളുടെ ഉൽപന്നങ്ങളുമായി താരതമ്യം ചെയ്യാൻ തുടങ്ങി.
ഞാൻ അപ്പോഴാണ് അപകടം മണത്തത്.

മറ്റു കമ്പനികൾ മുന്തിയ ഉൽപന്നങ്ങളാണെന്ന് പറഞ്ഞ് മോഡൽ മുന്തിയത് കാണിച്ച് ഗിഫ്റ്റുകളിൽ സെക്കനാൻ്റ് ഉൽപന്നങ്ങൾ തിരുകിക്കയറ്റാൻ ഏറെ സാദ്ധ്യതയുണ്ട്.

ഇവർ മോഡൽ നോക്കിയിട്ട് കച്ചവടം ഉറപ്പിച്ചാൽ ഒരു പക്ഷേ നമ്മുടെ ലിസ്റ്റ് പുറകോട്ട് പോകും. അതു കൊണ്ട് അവളുടെ ശ്രദ്ധ തെറ്റിക്കലാണ് ചെയേണ്ടത്.

ഞാൻ ഒന്നുകൂടി അവളുടെ അടുത്തേക്ക് കസേര വലിച്ചിട്ടു. എന്നിട്ട് ചോദിച്ചു. “കുട്ടീടെ പേരെന്താ?”
അവൾ പേര് പറഞ്ഞപ്പൊ അൽപം പതുക്കെയാണ് പറഞ്ഞത് അതുകൊണ്ട് തന്നെ ശരിക്കും കേട്ടില്ല.

” ഇവിടെ വന്നിട്ട് ഒട്ടേറെ ദിവസമായോ?

“കല്യാണം കഴിഞ്ഞൊ?

“എത്ര വരെ പഠിച്ചിട്ടുണ്ട്?.

ഈ വക ചോദ്യങ്ങൾക്കൊന്നും അവൾ വ്യക്തമായ മറുപടി തന്നില്ല. മറുപടി കിട്ടാതായപ്പൊ ഞാൻ ചോദ്യവും നിർത്തി.

അൽപ നേരം കഴിഞ്ഞതിന് ശേഷമാണ് അവൾ കമ്പ്യൂട്ടറിൽ നിന്ന് മുഖം തിരിച്ചത്.

“ങാ,,,, ഇനി ചോദിച്ചോളൂ എന്തൊക്കെയാ അറിയേണ്ടത്?.

” കഴിഞ്ഞോ? ഞാൻ മോണിട്ടറിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു?.

” ഇത് ഞാൻ ഒറ്റക്കല്ല തീരുമാനിക്കുന്നത്. എല്ലാവരും കൂടെയാണ് ആരുടെ ഉൽപന്നം വാങ്ങണമെന്ന് തീരുമാനിക്കുന്നത്. എൻ്റെ ഉത്തരവാദിത്വം ഇത് ഫയലിലാക്കുക എന്നതാണ്”.

അവൾ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ചൂടുള്ള ചായ എത്തി.

ഗിഫ്റ്റിൻ്റെ അവസാന വിലയും അവൾ ഫയലിൽ രേഖപ്പെടുത്തിക്കഴിഞ്ഞപ്പോഴേക്കും ചായ കുടിച്ച് കഴിഞ്ഞിരുന്നു.

കുറച്ച് വിശേഷങ്ങളും കൂടി സംസാരിച്ച് ” കുട്ടികളുടെ മഹീശത്തിൻ്റെ കാര്യമാണ്, കൈവിടരുതേ എന്ന അഭ്യർത്ഥനയും നടത്തി കസേരയിൽ നിന്നെണീൽക്കുമ്പോൾ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല.

പക്ഷേ നമ്മുടെ തരളിതനായ മാനേജർ പയ്യന് എന്തോ ഒരു പ്രതീക്ഷ ഉള്ളത് പോലെ. സുന്ദരിയുടെയും പയ്യൻ്റെയും കണ്ണുകൾ ഇടയ്ക്കിടയ്ക്ക് ഉടക്കിയിരുന്നത് കൊണ്ടാണാവോ?, അറിയില്ല.

ജ്വല്ലറി വിട്ട് കാറിൽ കയറുമ്പോൾ അവൻ്റെ മുഖം ശോകമൂകമായിരുന്നു.
പ ട്ടാ മ്പിയിൽ നിന്ന് ഒ റ്റ പ്പാലത്തുള്ള ജ്വല്ലറിയിലും കയറി ടെണ്ടർ നൽകിയ ശേഷം ഭക്ഷണം കഴിച്ച് അൽപ നേരം വിശ്രമിച്ചു.

ശേഷം മൂന്ന് മണിയോട് കൂടി വ രി ക്കാ ശ്ശേ രി മനയിലേക്ക് പുറപ്പെട്ടു.

ടിക്കറ്റെടുത്ത് അകത്ത് കടന്നതിന് ശേഷം ആദ്യമായി കാണാൻ പോയത് കുളമാണ്. അവിടെ നിന്ന് കയ്യും കാലും മുഖവുമൊക്കെ കഴുകിയതിന് ശേഷം മനയിലേക്ക് നടന്നു.

അവിടെ നിന്ന് ആ റാം ത മ്പു രാനിൽ മോ ഹ ൻ ലാൽ ശ്വാസം കിട്ടാത്ത പാട്ട് പാടിയ സ്ഥലത്ത് നിന്ന് കുറച്ച് ഫോട്ടോയൊക്കെ എടുത്ത് മുകളിലേക്ക് കയറി.

ഞാൻ മുകളിലേക്ക് കയറിക്കഴിഞ്ഞതിന് ശേഷം തിരിഞ്ഞു നോക്കിയപ്പോൾ മാനേജർ പയ്യനെ കാണാനില്ല. ഒരു പക്ഷേ സ്വസ്ഥമായി അവൻ ഒറ്റക്ക് നടന്ന് കാണാൻ തീരുമാനിച്ചിട്ടുണ്ടാകും.

മനയിലെ പഴമയുടെ പുതുമ കാണാൻ ധാരാളം സന്ദർശകർ വന്നിട്ടുണ്ട്.

ഞാൻ മുകളിൽ നിന്നു പുറത്തെ കാഴ്ചകളിലേക്കു നോക്കി. മുറ്റത്തിൻ്റെ അങ്ങേ അറ്റത്ത് നിന്നു കൊണ്ട് രണ്ട് പെൺകുട്ടികൾ സെൽഫിയെടുക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നു.

പിന്നെയാണ് ഞാൻ ശ്രദ്ധിച്ചത്. സെൽഫിക്കുട്ടികളിലൊരാൾക്ക് പരിചയമുള്ള മുഖം.

ഞാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോഴാണ് ആളെ മനസ്സിലായത്. പ ട്ടാ മ്പിയിലെ ജ്വല്ലറിയിലെ പർച്ചേസിംങ് മാനേജരായ സുന്ദരിക്കുട്ടിയാണത്. യൂണിഫോമിലല്ലാത്തത് കൊണ്ടാണ് അവളെ മനസ്സിലാകാതിരുന്നത്.

വെറുതെയല്ല മാനേജർ പയ്യനെ കാണാത്തത്. ദർശനപുണ്യം കിട്ടാൻ വേണ്ടിയായിരിക്കും അവൻ താഴേ തന്നെ നിന്നിട്ടുണ്ടാകുക.

അവനായി അവൻ്റെ പാടായി. അകം മുഴുവൻ കണ്ടതിന് ശേഷം വേഗം മടങ്ങണം എന്ന് വിചാരിച്ചു ഞാൻ അകത്തേക്ക് കടയ്ക്കാൻ ശ്രമിച്ചതും വാതിൽക്കലുണ്ട് ഒരു സുന്ദരി അടഞ്ഞു നിൽക്കുന്നു.

സൂക്ഷിച്ച് നോക്കിയപ്പോൾ മനസ്സിലായി ഫോട്ടോ എടുക്കുകയാണ്. ഞാൻ ഒന്ന് തൊണ്ടയനക്കിയപ്പോൾ എനിക്ക് കടക്കാനായി അവൾ ഒന്ന് ഒതുങ്ങിത്തന്നു.

അവൾ അനുവദിച്ച് തന്ന ഗ്യാപ്പിലൂടെ ഞാൻ അകത്തു കടന്നപ്പോഴാണ് സംഗതി കൂടുതൽ വ്യക്തമായത്. അവിടെ ഒരു ഷൂട്ടിങ്ങ് നടക്കുകയാണ്. മൂന്നാലു പേരുണ്ട്.

തമിഴാണ് സംസാരിക്കുന്നത്. ഒരു പക്ഷേ ഏതെങ്കിലും ഷോർട്ട് ഫിലിമിൻ്റെ പാട്ട് സീനായിരിക്കും. അല്ലെങ്കിൽ ഏതേലും പരസ്യത്തിൻ്റെ.

അവർക്ക് ശല്യമാവാത്ത രൂപത്തിൽ കുറച്ചകലെ നിന്ന് ഞാൻ ആ ഷൂട്ടിങ്ങ് രംഗങ്ങൾ വീക്ഷിക്കാൻ തീരുമാനിച്ചു. നടിയുടെ പെർഫോമൻസ് എങ്ങനെയുണ്ടെന്നറിയാൻ വേണ്ടിയാണ് ഞാൻ നടിയുടെ ഭാവ ചലനങ്ങൾ വ്യക്തമായി കാണുന്ന സ്ഥലത്തേക്ക് ഒന്ന് മാറിനിന്നത്.

പക്ഷേ അവളുടെ മുഖം കണ്ടതും എൻ്റെ ഹൃദയത്തിലൂടെ ഒരു വേദന ഉയർന്നുപൊങ്ങി.

ചെറുപ്പത്തിൽ എനിക്ക് വിവാഹം കഴിപ്പിച്ചു തരാമെന്ന് പറഞ്ഞ പെൺകുട്ടിയുടെ അതേ മുഖഛായ.
ചുരുണ്ട ചെമ്പിച്ച തലമുടി നെറ്റിയിലേക്കിറങ്ങിക്കിടക്കുന്നു. കരിനീല മിഴികളിൽ വിഷാദത്തിൻ്റെ കാർമേഘം.

അവൾ സാധാരണയുടുക്കാറുള്ള പേരറിയാത്ത വെള്ള ഡ്രസ്സ്. പരന്ന വട്ട മുഖം. ഒത്ത ശരീരം. എല്ലാം ഒത്തുവന്നിരിക്കുന്നു. പ്രായം മാത്രം വ്യത്യാസമുണ്ട്.

അവളുടെ കൈ പിടിച്ച് കോഴിക്കോടിൻ്റെ നഗരവീഥികളിലൂടെ നടന്നുപോയ ദിനങ്ങൾ. ഹൃദയത്തിന് തീപിടിച്ചിരിക്കുന്നു. കനലെരിയുന്ന വേദന.

ആ തമിഴത്തിപ്പെണ്ണിലേക്ക് നോക്കേണ്ടിയിരുന്നില്ല.

ഞാൻ വേഗം നടന്ന് താഴോട്ടിറങ്ങി. വിഷാദത്തിൻ്റെ കൊടുമുടിയിൽ അകപ്പെട്ട് മ്ളാന വദനനായ എൻ്റെ മുന്നിൽ സുസ്മേരവദനനായി അവൻ നിൽക്കുന്നു, മാനേജർ പയ്യൻ.

ഇവൻ്റെ മൂഡൗ ട്ടൊക്കെ പോയല്ലൊ. മറ്റവളെന്തെങ്കിലും താൽപര്യം ഇവനോട് പറഞ്ഞോ?.

നോക്കിനിൽക്കെ അവൻ മുകളിലോട്ട് കയറിപ്പോയി. അൽപസമയം ഞാനവിടെയൊന്ന് സംശയിച്ചു നിന്നു. മുകളിലേക്ക് പോണോ അതോ കാറിൽ പോയി ഇരിക്കണൊ?.

ഞാൻ തിരിഞ്ഞ് പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് അകത്തേക്ക് കയറി വരുന്ന ആ ഫാമിലിയെ ശ്രദ്ധിച്ചത്.

നമ്മുടെ സുന്ദരി പർച്ചേസിംങ് മാനേജറായിരുന്നു അത്. എന്നെ കണ്ടപ്പോൾ അവൾ ഒന്ന് മന്ദഹസിച്ചു. അവളുടെ കൈയിൽ ഒരു കുട്ടിയുണ്ട്. നേരത്തെ അവളുടെ കൂടെ കണ്ട ഒരു പെൺകുട്ടിയും മദ്ധ്യവയസ്കയായ ഒരു സ്ത്രീയും.

ഒരു താടിക്കാരനും അവരുടെ കൂടെയുണ്ട്. താടിക്കാരനും സുന്ദരിയും ചേർന്ന് നിന്ന്ഫോട്ടോ എടുക്കുന്നുണ്ട്. അത് കണ്ടപ്പൊ മനസ്സിലായി. സുന്ദരിയുടെ കല്യാണം കഴിഞ്ഞതാണ്. ഒരു കുട്ടിയുമുണ്ട്.

അതറിഞ്ഞതുകൊണ്ടാണ് മാനേജർ പയ്യൻ്റെ തരളിത ഭാവവും വിഷാദ ഭാവവും ഒക്കെ പോയത്. ആദ്യം കണ്ടപ്പൊ കല്യാണം കഴിക്കണമെന്ന് തോന്നി.

അപ്പൊ അത് മനഃപ്രയാസമായി. പിന്നെ കണ്ടപ്പൊ ഭർത്താവുണ്ടെന്ന് മനസ്സിലായി. കല്യാണം നടക്കില്ല എന്നും ഉറപ്പായി. അപ്പൊ സമാധാനമായി.

മാനേജർ പയ്യൻ്റെ പ്രണയഭാവത്തെ പരിഹാസപൂർവ്വം കണ്ട ഞാനാണല്ലൊ ഇപ്പൊ പ്രണയ പരവശനായത്.
അവൻ്റെ വിഷാദവും മന: പ്രയാസവുമെല്ലാം ഭാരതപ്പുഴ കടന്നപ്പൊ കിട്ടിയതു മുഴുവൻ എനിക്കാണല്ലൊ.
എല്ലാം പടച്ചോൻ്റെ ഓരോ കലാപരിപാടി.

Leave a Reply

Your email address will not be published. Required fields are marked *