വാതിൽ തുറന്ന് അർച്ചന മണിയറയിലേക്ക് കയറി, കൈയിൽ ഉള്ള പാൽ ടേബിളിൽ വെച്ച് നിതിന്‍െറ കാൽ തൊട്ട് നെറ്റിയിൽ വെച്ച്..

തീരം തേടുന്ന തിരകൾ
(രചന: Navas Amandoor)

മുല്ലപൂ വിതറി അലങ്കരിച്ച മണിയറയിൽ നിധിൻ അർച്ചനക്ക് വേണ്ടി കാത്തിരുന്നു. പുതിയൊരു ജീവിതത്തിന്‍െറ തുടക്കമാകുന്ന ആദ്യത്തെ രാത്രി.

പറയാനും പങ്ക് വെക്കാനും മനസ്സ് തുടിക്കുന്ന രാത്രി. അച്ഛനും അമ്മയും നിധിന്‍െറ മനസ്സ് അറിഞ്ഞു കണ്ട് പിടിച്ച് കൊടുത്ത മുത്താണ് അർച്ചന കുട്ടി.

അർച്ചനയോട് പറയാൻ അർച്ചനയെ കാണിക്കാൻ പതിമൂന്ന് വർഷം കാത്ത് വെച്ച ഒരു കഥയുണ്ട് മനസ്സിൽ.

ടേബിളിൽ വെച്ചിരുന്ന പേഴ്സ് എടുത്ത് അതിന്‍െറ ഉള്ളിലെ ചെറിയ അറയിൽ നിന്നും കുഞ്ഞി പാദസരം പുറത്ത് എടുത്ത് കൈ വെള്ളയിൽ വെച്ചു.

പതിമൂന്ന് വർഷമായി ഉടമസ്ഥന് വേണ്ടി കൊണ്ട് നടക്കുന്ന സ്വർണ പാദസരം എന്നെങ്കിലും തിരികെ കൊടുക്കാൻ കഴിയുമെന്ന് വിശ്വസിച്ചു.

ഇടക്ക് പേഴ്സിൽ നിന്നും പാദസരം എടുത്ത് കൈ വെള്ളയിൽ വെച്ച് കണ്ണ് അടച്ചാൽ മനസ്സിൽ തെളിഞ്ഞു വരും കടലും തിരമാലയും അസ്തമയ സൂര്യനും പത്ത്‌ വയസ്സുള്ള പെൺകുട്ടിയും ഓർമ്മയിൽ ആ ദിവസത്തെ ഓർത്ത് പുഞ്ചിരിതൂകും.

അലതല്ലും തിരമാലകൾക്കൊപ്പം കൈ പിടിച്ച് കടലിന്‍െറ മനോഹാരിതയിൽ ഒരു പത്ത്‌ വയസ്സ് കാരിയുടെ കുസൃതി.

വല്ലപ്പോഴും കിട്ടുന്ന ആഘോഷങ്ങൾ. അച്ഛന് എപ്പോഴും തിരക്കാണ് ഓണത്തിന് അച്ഛൻ നാട്ടിൽ ഉണ്ടായിരുന്നത് കൊണ്ട് വൈകുന്നേരം കടപ്പുറത്തേക്ക് പോകാൻ സമ്മതിച്ചു .

വണ്ടി പാർക്ക് ചെയ്തു മണലിലൂടെ കടലിന്‍െറ അടുത്തേക്ക് കടലമ്മയുടെ അരികിലേക്ക് നടന്നു. കാറ്റിൽ ആകാശം നിറയെ ഒറ്റ നൂലിൽ പാറി കളിക്കുന്ന പട്ടങ്ങൾ.

മേലോട്ട് നോക്കി പട്ടത്തെ നിയന്ത്രിക്കുന്നവർ.പഞ്ചാര മണലിൽ പന്ത് തട്ടി കളിക്കുന്ന കുട്ടികൾ. കടലിൽ ഹാഫ് ട്രൗസര്‍ ഇട്ട് തിരമാലകളുടെ മുകളിലൂടെ ചാടി പോകുന്നു വിരുതൻമാർ.

അച്ഛനും അമ്മയും നിധിനുംക്കൂടി കടപ്പുറത്ത്‌ ആളൊഴിഞ്ഞ ഒരു ഭാഗത്ത്‌ തിരമാലകളുടെ കുസൃതിയും വാശിയും കണ്ട് മണലിൽ ഇരുന്നു.

“അമ്മേ ഞാൻ ഒന്ന് കടലിന്‍െറ അരികിൽ പോയി നിന്നോട്ടെ. ”

“മ്മ്. സൂക്ഷിക്കണോട്ടാ നിധി. ദൂരെക്കൊന്നും പോവല്ലേ. ”

അവന് വയസ്സ് പതിനാല് ഉണ്ടങ്കിലും അച്ഛനും അമ്മക്കും ഒറ്റ മോൻ ആയതുകൊണ്ട് ഇപ്പൊഴും അഞ്ച്‌ വയസ്സുള്ള നിധി കുട്ടനാണ് അവര്‍ക്ക്.

“അവൻ ഇപ്പൊ കൊച്ചു കുട്ടിയൊന്നുമല്ല ഇങ്ങനെ പേടിക്കാൻ. ”

അച്ഛനോട് അങ്ങിനെ പറഞ്ഞെങ്കിലും അമ്മക്ക് അറിയാം തന്നെകാൾ മോന്‍െറ കാര്യത്തിൽ ശ്രദ്ധ അച്ഛനാണെന്ന്.

തിരമാലകൾ കരയിലേക്ക് വരുമ്പോൾ അവൻ കടലിൽ നിന്നും കരയിലേക്ക് ഓടും. കൂടുതൽ ഇറങ്ങി നിൽക്കാൻ അവന്‍െറ മനസ്സിലും പേടിയുണ്ട്. കടലിൽ കുളിക്കുന്ന അവന്‍െറ അത്രയും ഉള്ള കുട്ടികളെ അത്ഭുതതോടെ നോക്കി നിന്ന്‌ തിരയോട് കിന്നാരം പറഞ്ഞു.

ചെറിയ കുട്ടികളും സ്ത്രീകളും ഒാടിയും ചാടിയും തിരമാലകൾക്കൊപ്പം രസിക്കുന്നു. വലിയ തിരമാലകൾകൾ വരുന്ന നേരത്ത് ഒച്ച ഉണ്ടാക്കി കൈ കോർത്തു പിടിക്കുന്നു.

തിരമാലയിൽ വന്ന ഒരു കുപ്പി നിധിന്‍െറ കാലിൽ തടഞ്ഞു. അവൻ അതെടുത്ത്‌ കടലിലേക്ക് ശക്തിയോടെ എറിഞ്ഞു.

പക്ഷെ കാറ്റിൽ ആ കുപ്പി ദിശ മാറി തൊട്ട് അപ്പുറത്തു ഓടി കളിച്ച പത്ത്‌ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സുന്ദരി കുട്ടിയുടെ നെറ്റിയിൽ അടിച്ചു.

കുപ്പി കൊണ്ടതും ആ കുട്ടി കരച്ചിൽ തുടങ്ങി നിധിൻ പേടിച്ചു. ചുണ്ട് വിതുമ്പി കണ്ണിൽ നിന്നും ഉരുണ്ടു വീഴുന്ന കണ്ണീർ കടൽ കാറ്റിൽ തെറിച്ചു. നിധി സോറി പറഞ്ഞു.

“അത്‌ സാരമില്ല മോനെ അവൾക്ക് ഇത്തിരി മതി കരയാൻ. ”

ആ കുട്ടിയുടെ അമ്മയാണ്. അവനെ സമാധാനിപ്പിച്ചത്.

കരച്ചിൽ ശാന്തമായി. പെണ്ണ് കടലിനെ പോലെയാണ്. പെട്ടെന്ന് ശാന്തമാകും നോക്കി നിൽക്കെ പൊട്ടി തെറിക്കും.

നിധി എറിഞ്ഞ കുപ്പി അവൾ എടുത്തു കടലിലേക്ക് എറിഞ്ഞു. തിരക്കൊപ്പം തിരിച്ചു വന്ന കുപ്പി നിധി എടുത്ത് കൊടുത്തു. പിന്നെ അവനും അവൾക്കൊപ്പം കടലിൽ തിരമാലയിൽ അവന്‍െറ കൈ പിടിച്ച് തിരയിൽ ഓടി കളിച്ചു.

കടപ്പുറത്തെ നനവുള്ള മണ്ണ്‌ കൂട്ടി വെച്ചു വീട് ഉണ്ടാക്കി. കാല് കുഴിയിൽ വെച്ച് മണ്ണ്‌ കൊണ്ട് മൂടി ഗുഹപോലെ ഉണ്ടാക്കി മതിൽ കെട്ടി മണ്ണ്‌ കൊണ്ട്. മണ്ണിൽ ‘കടലമ്മ’ എന്നെഴുതിയത് തിര വന്ന് മായിച്ച നേരം അവൾ കൈ കൊട്ടി ചിരിച്ചു.

സൂര്യൻ കുങ്കുമനിറമായി.കണ്ണുകളെ വിസ്മയിപ്പിക്കുന്ന പ്രകൃതിയുടെ ചായകൂട്ട് ആകാശത്തെ സുന്ദരമാക്കി. കടലിന്‍െറ അടിതട്ടിലേക്ക് നാളെയുടെ പ്രതിക്ഷയോടെ അസ്തമയത്തിന്ന് സമയമായി.

അസ്തമയം കണ്ട് ആ കുട്ടിയും കുടുംബവും ആൾക്കൂട്ടത്തിലൂടെ നടന്നു പോയി. പോകുന്ന നേരം അവൾ നിധിക്ക് കൈ വീശി യാത്ര പറഞ്ഞു. ആൾ കൂട്ടത്തിൽ ആ കുട്ടിയും കുടുംബവും ആഴകടലിൽ ആദിത്യനും കണ്ണിൽ നിന്നും അകന്നു പോയി.

അതിന്‌ ശേഷമാണ് മണ്ണിൽ ഒരു സ്വർണ്ണ പാദസരം നിധിൻ കണ്ടത്. കൈയിൽ എടുത്ത് കുട്ടിയെ തിരഞ്ഞു നോക്കി യെങ്കിലും കണ്ടില്ല. പേരുപോലും ചോദിച്ചില്ല. ഇനി കാണാനും കഴിയില്ല.

അന്ന്‌ മുതൽ അവൻ ആ ദിവസത്തിന്‍െറ ഓർമ്മയിൽ പാദസരം പേഴ്സിൽ സൂക്ഷിച്ചു. എന്നെങ്കിലും തിരിച്ചു കൊടുക്കാൻ.

ഇപ്പോഴും പാദസരം കൈയിൽ എടുക്കുന്ന നേരത്ത് അവളുടെ ചിരിയും ഉണ്ട കണ്ണും കരിച്ചിലും തിരമാലകൾ അലതല്ലുന്നതും മനസ്സിൽ വരും.

പേഴ്സിൽ നിന്നും എടുത്ത പാദസരം കൈയിൽ വെച്ച് നിധി. മണവാട്ടിയെ കാത്തിരുന്നു.അർച്ചന യോട് പറയാൻ ഒരു കഥ.

അർച്ചനക്ക് സമ്മാനമായി കടപ്പുറത്ത്‌ നിന്നും കിട്ടിയ കുഞ്ഞി പാദസരം. ഒരുക്കിയ മണിയറയിൽ അർച്ചന യുടെ കാലൊച്ചകേൾക്കാൻ നിധി കാതോർത്തു.

വാതിൽ തുറന്ന് അർച്ചന മണിയറയിലേക്ക് കയറി. കൈയിൽ ഉള്ള പാൽ ടേബിളിൽ വെച്ച് നിതിന്‍െറ കാൽ തൊട്ട് നെറ്റിയിൽ വെച്ച്. അവന്‍െറ അരികിൽ ഇരുന്നു.

“ഇത്‌ നോക്കിയേ ”

ചുരുട്ടി പിടിച്ച കൈ നിവർത്തി പാദസരം അർച്ചനയെ കാണിച്ചു.

“ഇത്‌ ആരുടെ യാ ഏട്ടാ ”

“കുറേ വർഷം മുൻപ് കടപ്പുറത്തു നിന്നും കിട്ടിയതാണ്. അന്ന്‌ മുതൽ കൊണ്ട് നടക്കുന്നതാണ്. ഇനി നീ വെച്ചോ ഇത്‌ ”

“ഇത്‌ എന്തിനാ ഏട്ടൻ കൊണ്ട് നടക്കുന്നത് ”

“അറിയില്ല. എന്തിനാണെന്ന് അറിയില്ല. ഇത്രയും കൊല്ലം തിരിച്ചു കൊടുക്കാൻ കൊണ്ട് നടന്നു ഇനി നീ വെച്ചോ ഇത്‌. ”

അർച്ചന യുടെ മുഖം വിടർന്നു. കണ്ണ് നിറഞ്ഞു.

നിധിയെ കെട്ടി പ്പിടിച്ചു കവിളിൽ ചുംബിച്ചു.

പെട്ടെന്ന് കിട്ടിയ ചുംബനം നിധിയെ ഞെട്ടിച്ചു. അവൾ കട്ടിലിൽ നിന്ന് ഏഴുനേറ്റ് അലമാര തുറന്ന് അവളുടെ ആഭരണപ്പെട്ടി തുറന്നു. നിധിയെ നോക്കി പുഞ്ചിരിച്ചു.

പെട്ടിയിൽ നിന്നും അവൾ സൂക്ഷിച്ചു വെച്ചിരുന്നു ഒറ്റ പാദസരം കൈയിൽ എടുത്ത് അവനെ കാണിച്ചു.

രണ്ട് കൈയിൽ രണ്ട് പാദസരം. ഒരു ജോഡി.

കൈ കൊണ്ട് അർച്ചന നെറ്റിയിൽ തൊട്ട് നിധിയെ നോക്കി ചിരിച്ചു.

അന്നത്തെ പത്ത്‌ വയസ്സ്കാരിയെ നിധിന്‍െറ പെണ്ണായി മുൻപിൽ കൊണ്ട് വന്ന് നിർത്തിയ ദൈവത്തിന്‍െറ ജീവിത നാടകം.

“ഒരു കാലിലെ പാദസരം പോയപ്പോൾ ഞാൻ ഇത്‌ എടുത്ത് സൂക്ഷിച്ചു വെച്ചു. എന്നെങ്കിലും പോയത് കിട്ടുമെന്ന് കരുതി.

കുറേ നാൾ കഴിഞ്ഞപ്പോ വിൽക്കാൻ സമ്മതിക്കാതെ അലമാരയിൽ കുട്ടി കാലത്തേ ഓർമ്മക്ക് വേണ്ടി അങ്ങിനെ വെച്ചു. ഇത്‌ ഇപ്പൊ അത്ഭുതമായിരിക്കുന്നു. ഞാനും ഓർക്കാറുണ്ട് എന്‍െറ തലയിൽ കുപ്പി എറിഞ്ഞ ആ ചെക്കനെ. ”

“ഇനി നമ്മുക്ക് ഈ പാദസരം നമ്മുടെ മോളുടെ കാലിൽ അണിയിക്കാം അല്ലേ.. ?”

“ഒന്ന് പോ ചെക്കാ. ” നാണത്തോടെ മുഖം പൊത്തി അർച്ചന അവന്‍െറ അരികിൽ ഇരുന്നു. അവരുടെ മനസ്സിൽ പ്രണയതിരമാലകൾ അലതല്ലി.

“കാലം നമ്മുക്ക് വേണ്ടി കാത്ത് വെക്കുന്ന സമ്മാനമാണ് നമ്മുടെ ഭാര്യമാർ.”