പക്ഷെ ഇപ്പൊ അറപ്പും വെറുപ്പും തോന്നുന്നു, പ്ലീസ് എന്നെ തൊടരുത് ഈ മക്കളെ ഉമ്മയായി കൂടെ ഉണ്ടാവും ഞാൻ അതിൽ കൂടുതൽ..

സ്‌നേഹതീരം
(രചന: Navas Amandoor)

“വേറെയൊരു പെണ്ണിന്റെ വിയർപ്പ് നിങ്ങളെ ശരീരത്തിൽ ഉണ്ടെന്നറിയാതെ കെട്ടിപിടിച്ചു ഉമ്മ വെച്ചിട്ടുണ്ട് ഞാൻ. കൊതിയോടെ ആവേശത്തോടെ ഒന്നായി അലിഞ്ഞു തീരാൻ മത്സരിച്ചിട്ടുണ്ട്…

പക്ഷെ ഇപ്പൊ അറപ്പും വെറുപ്പും തോന്നുന്നു…. പ്ലീസ് എന്നെ തൊടരുത്. ഈ മക്കളെ ഉമ്മയായി കൂടെ ഉണ്ടാവും ഞാൻ…. അതിൽ കൂടുതൽ ഒന്നും ഈ ഭാര്യയിൽ നിന്നും ഇനി പ്രതീക്ഷിക്കരുത്”.

അന്ന് കരച്ചിൽ അടക്കാൻ കഴിയാതെ വിങ്ങിപ്പൊട്ടി നിന്നവളല്ല ഇവൾ. അളന്നു മുറിച്ച് പറയുന്ന വാക്കുകളിലെ മൂർച്ചയിൽ ചോര പൊടിയും.

ഹാഷിം അവളുടെ അരികിൽ നിന്നും എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങി സിഗരറ്റിന് തീ കൊളുത്തി.

സ്വർഗമായിരുന്നു ഈ വീട്. ഷഹനയും മക്കളും ചിരിച്ചും സന്തോഷിച്ചും പാറി നടന്ന ഈ വീടിന്റെ സന്തോഷവും സമാധാനവും പകരം വെച്ചു മറ്റൊരു പെണ്ണിന്റ മുൻപിൽ.

ഇപ്പോൾ മക്കൾ പോലും അടുത്ത് വരുന്നില്ല. മൗനം കൊണ്ട് വീർപ്പുമുട്ടുന്ന മുഖങ്ങൾ.

കൂട്ടുകാരന്റെ ഭാര്യയോട് തോന്നിയ ഇഷ്ടം. ശരിക്കുമൊരു ഇഷ്ടമെന്ന് പറയാൻ കഴിയോ… കൗതുകം…

വേറെയൊരു ശരീരത്തോട് തോന്നുന്ന ആകർഷണം. അല്ലെങ്കിൽ എല്ലാം നശിക്കാൻ..നശിപ്പിക്കാൻ… ഇബിലീസ് കാണിച്ചു തന്ന വഴി.

പിടിക്കപ്പെടുംവരെ എല്ലാ തെറ്റുകളും തെറ്റുകളായി തോന്നില്ല. ഒരു രാത്രിയല്ല, പല രാത്രി അവളെ തേടി ചെന്നു. അവൾക്കും ഉണ്ടായിരുന്നു കുടുംബം കുട്ടികൾ.

കുറച്ചു നേരത്തെ സുഖത്തിനു വേണ്ടി അവനും അവളും പകരം വെച്ചത് സ്വന്തം ജീവിതം തന്നെയാണെന്ന് തിരിച്ചറിഞ്ഞില്ല. തിരിച്ചറിഞ്ഞപ്പോൾ എല്ലാം കൈവിട്ടു പോയി.

ആ രാത്രിയെ മറക്കാൻ ഹാഷിമിന് കഴിയില്ല. ആ രാത്രിയെ അതിജീവിക്കാൻ ഈ ജന്മം ഒരിക്കലും കഴിയില്ല. എല്ലാം തകർന്നുപോയ രാത്രി.

അവളുടെ വീടിന് ചുറ്റും നാട്ടുകാർ കെണി ഒരുക്കിയത് അറിഞ്ഞില്ല അവർ.

ആ സമയം അവർ രതിയുടെ സ്വർഗത്തിൽ ആയിരുന്നു. അവൻ അവളിലും അവൾ അവനിലും മത്സരിച്ചു മുന്നേറി.

പ്രണയത്തോടെ ചേർത്ത് പിടിച്ച് അവൾ മതി വരാതെ അവനെ ചുംബിച്ചു. പുറത്തു അവർ വേട്ടക്കാർ ആളുകളെ വിളിച്ചു കൂട്ടുന്ന തിരക്കലും.

സമയം പോയി.. ഉടയാടകൾ ഇല്ലാത്ത മേനിയിൽ ഇനി ബാക്കി ഒഴുകി ഒലിച്ച വിയർപ്പിന്റെ തുള്ളികൾ. അവന്റെ കൈയിൽ അവൾ ശാന്തമായി കിടന്നു.

“ഇക്കാ…. തെറ്റാണെന്ന് അറിയാം.. പക്ഷെ കഴിയുന്നില്ല വേണ്ടെന്ന് വെക്കാൻ.എനിക്ക് ഇപ്പോഴും അത്ഭുതമാണ് എന്റെ ഭർത്താവ് അല്ലാത്ത ഒരാളെ ഒപ്പം… ഞാൻ… ”

“നിനക്ക് എന്നും ഉള്ളതാണ് എല്ലാം കഴിയുമ്പോൾ ഒരു കുമ്പസാരം.. ”

“ഞാനൊന്നും പറയുന്നില്ല…. പോരെ. ”

കാളിങ് ബെൽ അടിച്ചപ്പോൾ അവളെക്കാൾ പേടി തോന്നിയത് ഹാഷിമിനായിരുന്നു. അവൻ ഒച്ച ഉണ്ടാക്കാതെ ബെഡ് റൂമിന്റെ വാതിൽ തുറന്നു ജനലിലൂടെ പുറത്തേക്ക് നോക്കി.

“പടച്ചോനെ… പിടിക്കപ്പെട്ടിരിക്കുന്നു. ”

ഒന്നൂടെ ബെൽ അടിച്ചു.

അവൾ കരച്ചിൽ തുടങ്ങി. ഹാഷിം വിയർത്തു കുളിച്ചു.

“വാതിൽ തുറക്ക്… അല്ലെങ്കിൽ വാതിൽ ചവിട്ടിപ്പൊളിക്കും. ” അവളുടെ ഭർത്താവിന്റെ വാപ്പയുടെ ദേഷ്യത്തിലുള്ള പറച്ചിൽ കേട്ട് ഞെട്ടി വിറച്ചു.

“മോളെ വേറെ വഴിയില്ല… വാതിൽ തുറക്കാം.. ” അവന്റെ വാക്കുകൾ ഇടറി…

“ഇക്കാ…. എന്റെ ജീവിതം… എന്റെ മക്കൾ.. എന്റെ ഇക്ക.. നാട്ടുകാർ… എല്ലാരും എന്നെ… ”

പറഞ്ഞു തീർക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ ബെഡ് റൂമിന്റെ വാതിൽ അടച്ചു.

ഹാഷിം വാതിൽ തുറന്നു.. കുടുംബക്കാരും നാട്ടുകാരും അവനെ നോക്കി പുച്ഛിച്ചു.

“കൂറേ കാലമായി ഈ ഒളിസേവ. ”

കളിയാക്കലും കുറ്റപ്പെടുത്തലും പരിഹാസവും.. കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ വീട് മരിച്ച വീട് പോലെ ആയിരുന്നു.

ഷഹനയും മക്കളും കരച്ചിൽ. ഉമ്മയും ഉപ്പയും അന്നത്തെ രാത്രിയിൽ തന്നെ പടിയറങ്ങി.

ഷഹനയുടെ മുൻപിലേക്ക് ചെല്ലാൻ കഴിയുന്നില്ല. അവളോട് എന്താണ് പറയുക. മാപ്പ് പറഞ്ഞാൽ തീരില്ല ഒന്നും. ഹാഷിം അവളിൽ നിന്നും അകലം പാലിച്ചു.

രണ്ടാഴ്ച കഴിഞ്ഞാണ് ഷഹന അവനോട് മിണ്ടിയത്.

“ആ പെണ്ണിനെ നിങ്ങളെ കൂട്ടുകാരൻ ഒഴിവാക്കി വീട്ടിൽ കൊണ്ട് വിട്ടു. ഞാൻ എന്താണ് ചെയ്യണ്ടത്.. നിങ്ങളെ ഒഴിവാക്കി പോയാലോ എന്ന് ചിന്തിച്ചു… പക്ഷെ മക്കളെ ഓർത്തപ്പോൾ അതിനു കഴിഞ്ഞില്ല…

എന്റെ ഭർത്താവ് മരിച്ചു… ഇനി ഒരു വിധവയായി ജീവിക്കാനാണ് എന്റെ തീരുമാനം.. ”

“ഷാഹി… നിനക്ക് എന്നോട്… ക്ഷമിച്ചൂടെ മോളെ…? ”

“വേണ്ട…. നിങ്ങളെ കാണുന്നത്‌ പോലും വെറുപ്പാണ്… കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല..

എന്നെ തികയാതെ വന്നപ്പോൾ അല്ലെ മറ്റൊരുത്തി…. അത്‌ എന്നെ കൊന്നിട്ട് ആവാമായിരുന്നു… അത്രക്കും ഇഷ്ടമായിരുന്നില്ലേ നിങ്ങളെ എനിക്ക്. ”

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ നാട്ടുകാർ എല്ലാം മറന്നു. പക്ഷെ രണ്ട് വീടുകളിലുള്ളവർക്ക് ഒന്നും മറക്കാൻ പറ്റിയില്ല.

ആരൊക്ക മറന്നാലും ശരീരവും മനസ്സും പങ്ക് വെച്ച് വിശ്വസിച്ചു കൂടെ നിന്ന സ്വന്തം ഇണക്ക് പൊറുക്കാൻ കഴിയില്ല.

ചതിയും ഒരു തരത്തിൽ കൊലപാതകമാണ്.

ഇനിയും ജീവിതം ഇങ്ങനെ മുന്നോട്ട് പോകും.. മനസ്സുകൾ തമ്മിൽ ഒരു വീട്ടിൽ അതിർത്തികൾ വെച്ച് മൗനം കൊണ്ട് സങ്കടത്തെ പിടിച്ചു കെട്ടി മരണം വരെ ആടി തീർക്കും.

ഓർക്കുക… ആണായാലും പെണ്ണായാലും ഇത്തിരി നേരത്തെ സന്തോഷത്തിന് വേണ്ടി നിങ്ങൾ പകരം വെക്കുന്നത്‌ സ്വന്തം ജീവിതമാണ്. കൈ വിട്ട് പോയാൽ തിരിച്ചടുക്കാൻ കഴിയാത്ത സ്വർഗ്ഗമാണ് നമ്മുടെ കുടുംബം.