എന്നേക്കാൾ ഉയർന്ന വരുമാനം അവൾക്കുണ്ടെന്നുള്ള ധാർഷ്ട്യത്തോടെയുള്ള അവളുടെ പെരുമാറ്റങ്ങൾ എന്റെ മനസ്സിനെ..

(രചന: ഛായമുഖി)

അപ്പനും മക്കളും കൂടി നാട്ടിലെക്ക് പൊക്കോണം… എന്നെ പിഴിഞ്ഞ് ഇവിടെ കഴിയാമെന്ന് ആരും കരുതെണ്ടാ…

ദേഷ്യത്തോടെയുള്ള ലീനയുടെ സംസാരം കേൾക്കെ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം നീക്കി വെച്ചുകൊണ്ട് അലക്സ്‌ എഴുന്നേറ്റ്.

മമ്മി അങ്ങനെയൊക്കെ പറയും, പപ്പാ ആഹാരം കഴിക്ക്. അലക്സിന്റെ വാടിയ മുഖം കണ്ട് മൂത്ത മകളായ നേഹ പപ്പയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.

വേണ്ടാ… മോളെ പപ്പക്ക് മതിയായി. നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് അയാൾ കൈ കഴുകാൻ പോയി.

വീട്ടിൽ നടക്കുന്ന ബഹളങ്ങളൊന്നും ശ്രദ്ധിക്കാതെ മൊബൈലിൽ ഗെയിം കളിച്ചുകൊണ്ട് ഫുഡ്‌ കഴിക്കുവാണ് ജോവലിനെ അവളൊന്നു നോക്കി.

ഈ വീടും ഇവിടെ നടക്കുന്ന കാര്യങ്ങളുമായി യാതൊരു ബന്ധമില്ലാത്തതു പോലെയാണ് അവന്റെ പെരുമാറ്റങ്ങൾ.

സഹോദരനെ നോക്കിയൊന്നു നെടുവീർപ്പിട്ടുകൊണ്ട് അവളും കഴിപ്പ് മതിയാക്കി പാത്രങ്ങളുമായി അടുക്കളയിലേക്ക് പോയി.

പാത്രങ്ങളൊക്കെ കഴുകി കൊണ്ടിരിക്കുമ്പോൾ പുറകിൽ എന്തോ അനക്കം പോലെ തോന്നി നേഹ തിരിഞ്ഞു നോക്കി.

പപ്പാ… അലക്സിന്റെ കയ്യിലിരിക്കുന്ന ഗ്ലാസ്‌ കണ്ട് ചെറിയ ഇഷ്ടക്കേടോടെയവൾ വിളിച്ചു.

ഒരുപാടൊന്നുമില്ല മോളെ…ഒരു ചെറുത് അത് കഴിക്കാതെ പപ്പക്കിന്ന് ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല.

വേദന നിറഞ്ഞ അയാളുടെ വാക്കുകൾ കേൾക്കെ പിന്നെ അവളൊന്നും മറുത്തു പറഞ്ഞില്ല.

പലസമയത്തും പപ്പക്ക് നേരെയുള്ള മമ്മിയുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് വിഷമം തോന്നാറുണ്ട്…

ചിലപ്പോൾ മമ്മിയുടെ ജോലിഭാരം കൊണ്ട് പറയുന്നതാണെങ്ങിൽ പോലും ചിലതൊക്കെ അതിരുവിട്ട് പോകാറുണ്ട്. അപ്പോഴൊക്കെ ചിന്തിക്കും അപ്പുറത്തെ ഫ്ലാറ്റിലെ ഗീതയാന്റിയെ പോലെ വീട് മാത്രം നോക്കുന്ന ഒരമ്മ മതിയായിരുന്നെന്ന്.

പപ്പയുടെയും മമ്മിയുടെയും വഴക്കും ബഹളങ്ങളും ആ കുഞ്ഞ് മനസ്സിനെ അത്രത്തോളം വേദനിപ്പിക്കുന്നുണ്ടായിരുന്നു.

എത്ര സന്തോഷത്തോടെയാണ് ഗീതാന്റിയും കുടുംബവും കഴിയുന്നത്.

അല്ലെങ്കിൽ തന്നെ മമ്മിക്ക് ജോലി ഉണ്ടായതിന്റെ പേരിൽ അല്ലല്ലോ വഴക്ക്… അങ്ങനെയാണെങ്കിൽ സെറയുടെ മമ്മിയും നേഴ്സ് അല്ലെ അവിടെയും വഴക്കും പ്രശ്നങ്ങളുമൊക്കെ കാണേണ്ടേ…

അവരും എത്ര സന്തോഷത്തോടെയാണ് കഴിയുന്നത്. എല്ലാരും കൂടി ചേർന്നു ഓരോ സ്ഥലത്തേക്കും യാത്ര പോകുന്നതൊക്കെ കാണുമ്പോൾ ഞാനും ആഗ്രഹിച്ചു പോകാറുണ്ട് അതുപോലെയെക്കെ.

ഇവിടെ എല്ലാരും കൂടി ഒരുമിച്ച് യാത്ര പോകുന്നത് തന്നെ വല്ലപ്പോഴുമാണ്. ഒന്നെങ്കിൽ പപ്പ കൊണ്ടുപോകും അല്ലെങ്കിൽ മമ്മി.

ഇനിയതുമല്ല നാലുപേരും കൂടി ഒരുമിച്ചാണ് പോകുന്നതെങ്കിൽ കാറിൽ കേറുമ്പോൾ തുടങ്ങുന്ന വഴക്ക് തിരികെ വീട്ടിൽ എത്തിയാലും തീരില്ല. ഒഴുകി വന്ന കണ്ണുനീർ നനഞ്ഞ കയ്യാലെയവൾ തുടച്ചു മാറ്റി.

ഒരു നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയേക്കാൾ ഉത്തരവാദിത്തങ്ങളും കാര്യ പ്രാപ്തിയുമൊക്കെ നേഹക്ക് ഉണ്ടായിരുന്നു.

ആ വീട്ടിലെ അവസ്ഥയിൽ ഏറ്റവും വേദനിക്കുന്നതും അവളായിരുന്നു. ജോലി കഴിഞ്ഞു വരുന്ന മമ്മി ക്ഷീണമെന്ന് കയറി കിടക്കും.

സ്കൂളിൽ നിന്നും വരുമ്പോൾ ചിലപ്പോൾ കഴിക്കാൻ ഒന്നും കാണില്ല.

ബർഗർ ബണ്ണുകളോ, ബ്രെഡോ, നൂഡിൽസോ അങ്ങനെയെന്തേലും കാണും വീട്ടിൽ അതുവെച്ചു എന്തെങ്കിലും ഉണ്ടാക്കി ജോവലിനു കൊടുത്ത് ഞാനും കഴിക്കും .

എത്ര ക്ഷീണം ആണെങ്കിലും പുറത്തുപോകാൻ മമ്മിക്ക് വലിയ ഉത്സാഹമാണ് എന്നാൽ തിരിച്ചു വന്നു കഴിയുമ്പോൾ

പുറത്ത് നിന്നും കഴിക്കുന്ന ഫുഡിന്റെയുൾപ്പെടെ എത്ര പൈസ ചിലവായോ അതെല്ലാം പപ്പയുടെ കയ്യിൽ നിന്നും അടിയിട്ട് വാങ്ങും. ആ ബഹളങ്ങൾ കാണുമ്പോൾ തോന്നും പോകേണ്ടിയിരുന്നില്ലെന്നു.

നാട്ടിൽ ചെല്ലുമ്പോൾ കസിൻസൊക്കെ ഞങ്ങളുടെ ഭാഗ്യത്തെ കുറിച്ച് വാ തോരാതെ പറയും എന്നാൽ ഇവിടെ പാക്കേറ്റ് ഫുഡ്‌ കഴിച്ചു ജീവിക്കുന്ന ഞങ്ങളുടെ അവസ്ഥ ആർക്കെങ്കിലും അറിയോ??? ഒരു നെടുവീർപ്പോടെ നേഹയോർത്തൂ.

ഗ്ലാസ്സിലേക്ക് പകർന്ന മദ്യവുമായി ബാൽക്കണിയിലേക്കിരിക്കുമ്പോൾ ചെറിയ ചൂട്കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു.തിളച്ചു മറിയുന്ന മനസ്സോടെ ഇരിക്കുന്നവന് എന്ത് ചൂട്കാറ്റ്.

എത്ര സന്തോഷത്തോടെയുള്ള ജീവിതമായിരുന്നു .മദ്യം നുണഞ്ഞിറക്കി കൊണ്ട് അയാൾ ആലോചിച്ചു.

ലീനയെ കല്യാണം കഴിക്കുമ്പോൾ നാട്ടിൽ തുച്ഛമായ ശമ്പളത്തിൽ ഏതോ ഹോസ്പിറ്റലിൽ ജോലി നോക്കുകയായിരുന്നു.

വിവാഹശേഷം എനിക്കൊപ്പം ഇവിടേക്ക് വരുമ്പോൾ അവളും ഒരുപാട് സന്തോഷത്തിലായിരുന്നു.

ഇവിടെയെത്തി രണ്ടുമൂന്ന് മാസങ്ങൾക്കുള്ളിൽ തന്നെ ഇവിടുത്തെയോരു പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് അവൾക്ക് ജോലി ശരിയാക്കി കൊടുത്തിരുന്നു ഞാൻ.

അങ്ങനെ സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിലേക്ക് രണ്ടു മക്കളെയും തന്നു ദൈവം അനുഗ്രഹിച്ചു.

അങ്ങനെയിരിക്കെയാണ് ഇവിടുത്തെ ഗവണ്മെന്റ് ഹോസ്പിറ്റലിലെ ജോലിക്ക് വേണ്ടിയുള്ള പരിക്ഷക്കായി അവൾ തയ്യാറെടുത്തത്, എല്ലാത്തിനും പൂർണ്ണ പിന്തുണ നൽകിക്കൊണ്ട് അവൾക്ക് പഠിക്കാൻ വേണ്ടുന്ന കാര്യങ്ങളെല്ലാം ചെയ്തു കൊടുത്തു.

സ്വന്തമായി വർക്ക്ഷോപ്പ് നടത്തുന്നതുകൊണ്ട് എന്റെ സൗകര്യപോലെ വീട്ടിലേക്കു വന്നു പോകുകയുമൊക്കെ ചെയ്യാമായിരുന്നു.

ജോലിക്കാരായി രണ്ട് ബംഗാളികളെ നിർത്തിയിട്ടുണ്ട്, അത്രപോരെങ്കിലും
ബാക്കി കാര്യങ്ങളൊക്കെ അവരെ ഏൽപ്പിച്ച് ഞാൻ വീട്ടിലേക്ക് പോരും.വീടും മക്കളേയുമൊക്കെ നോക്കും.

പരീക്ഷയൊക്കെ പാസ്സായി ഗവണ്മെന്റ് ഹോസ്പിറ്റലിലെ ജോലിയിൽ പ്രവേശിച്ചു. പ്രൈവറ്റ് ആശുപത്രിയിലെക്കാൾ നാലഞ്ചിരട്ടിയധികം ശമ്പളം.

ഫിനാൻഷ്യലായി നല്ലരീതിയിൽ സെറ്റിലായി തുടങ്ങിയപ്പോൾ കുറച്ചുകൂടി സൗകര്യമുള്ള ഫ്ലാറ്റിലേക്കു താമസം മാറി. ഇതിനിടയിൽ നാട്ടിലൊക്കെ പോയി വന്നിരുന്നു.

അങ്ങനെയിരിക്കുകയാണ് കൊറോണയെന്ന മഹാമാരി ഞങ്ങളുടെ ജീവിതത്തിലും വില്ലനായി കടന്നു വന്നത്.

വർക്ഷോപ്പുകളെല്ലാം അടച്ചു സർവീസെല്ലാം നിർത്തി വെക്കേണ്ടി വന്നു.പതിയെ ചിലവുകളെല്ലാം ലീനയുടെ സാലറിയിൽ നിന്നും നടത്തേണ്ടി വന്നു തുടങ്ങി.

ആദ്യമൊക്കെ എന്നെ സമാധാനിപ്പിച്ചു കൂടെ നിന്നവളിൽ മാസ്സങ്ങൾ കഴിയും തോറും മാറ്റങ്ങൾ കണ്ടു തുടങ്ങി.

പതിയെ… പതിയെ ചില മുറുമുറിപ്പികൾ ഉയർന്നു തുടങ്ങി, അതുപിന്നെ വലിയ പൊട്ടിത്തെറികളായി മാറാൻ അധിക സമയം വേണ്ടി വന്നിരുന്നില്ല.

കയ്യിലേക്ക് ഇറ്റുവീണ കണ്ണുനീർ തുള്ളികളാണ് അയാളെ ചിന്തയിൽ നിന്ന് തിരികെ കൊണ്ടുവന്നത്.

കൊറോണയൊക്കെ മാറി കാര്യങ്ങളൊക്കെ പഴയ രീതിയിൽ ആയെങ്കിലും ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന ആ സ്നേഹവും കരുതലുമൊന്നും പഴയ പോലെയായില്ല.

എന്നേക്കാൾ ഉയർന്ന വരുമാനം അവൾക്കുണ്ടെന്നുള്ള ധാർഷ്ട്യത്തോടെയുള്ള അവളുടെ പെരുമാറ്റങ്ങൾ എന്റെ മനസ്സിനെ ഏറെ വേദനിപ്പിക്കാൻ തുടങ്ങി.

പലപ്പോഴും മക്കളുടെ കാര്യം ഓർക്കുമ്പോൾ അവളോട്‌ തർക്കിക്കാൻ നിൽക്കാറില്ല, വിട്ടു കൊടുത്തുകൊണ്ട് അവളുടെ ഇഷ്ടം പോലെ ആകട്ടെയെന്നു കരുതും.

ഒരിക്കൽ എനിക്കൊപ്പം നിൽക്കാൻ കൊതിയാണെന്ന് പറഞ്ഞവൾക്കിപ്പോൾ ഞാൻ തിരികെ നാട്ടിലേക്കു പോയാൽ മതി…എന്റെ മക്കളെയും കൂട്ടി.

കസേരയിലേക്ക് തലചേർത്തു വെച്ചുകൊണ്ടായാൾ ആകാശത്തിലേക്ക് നോക്കി. കാർമേഘങ്ങൾ മുഴുവനായി വിഴുങ്ങിയ അമ്പിളി മാമനെ കാണുമ്പോൾ അലക്സിന് അവന്റെ ജീവിതം തന്നെയാണ് ഓർമ്മ വന്നത്.

കാർമേഘങ്ങളെല്ലാം നീങ്ങി നിലാവ് പൊഴിക്കുന്ന പൂർണ്ണ ചന്ദ്രനെ പോലെ എന്നെങ്കിലും തന്റെ ജീവിതവും മാറുമെന്ന് അയാൾ പ്രതീക്ഷയോടെ കാത്തിരുന്നു.