നാട്ടിലെത്തി ആദ്യം ഞാൻ ചെന്നത് വർഷങ്ങൾക്ക് മുൻപ് കല്യാണം കൂടാൻ പോയ..

(രചന: നക്ഷത്ര ബിന്ദു)

ബുജ്ര സ്ട്രീറ്റിലൂടെ അതിരാവിലെയുള്ള നടത്തം എന്നും മനസ്സിനും ശരീരത്തിനും ഒരു ല ഹരിയായിരുന്നു…

ഓരോ പകലും എന്തെങ്കിലുമൊരു പുതിയ കാഴ്ച പ്രകൃതി നമുക്കായി ഒരുക്കി കാത്തിരിക്കും..

തിളക്കമേറിയ കണ്ണുകളുമായി കൗതുകത്തോടെ അത് നോക്കി നിൽക്കുന്നെ നമ്മെ നോക്കി അവൾ ഒരുപക്ഷെ കുലുങ്ങി ചിരിക്കുന്നുണ്ടാകും…

ഇന്ന് തന്നെ കാത്തിരിക്കുന്നത് എന്താകും എന്ന ചിന്ത മനസ്സിൽ അലയടിച്ചുകൊണ്ടിരുന്നു…

ചിന്തകളിൽ കടിഞ്ഞാണിട്ടാൽ മറ്റൊന്നും ശ്രദ്ധിക്കാൻ കഴിവില്ലാത്ത എന്റെ വൈകല്യത്തെ കുറ്റപ്പെടുത്തികൊണ്ട് എനിക്ക് എതിരായി നടന്നു വന്ന ഒരു സ്ത്രീയെ ചെറുതായൊന്നു തള്ളി ഇട്ടുപോയി…

പ്രതീക്ഷിച്ചതിൽ നിന്ന് വിപരീതമായി തന്നെ ഒന്ന് നോക്കിയതല്ലാതെ അവരൊന്നും പറഞ്ഞില്ല…

കൈയിൽ കരുതിയിരുന്ന കവർ പൊട്ടി താഴേക്ക് വീണ പച്ചക്കറികൾ ഓരോന്നായി എടുത്തു തന്റെ നീണ്ട ഉടുപ്പിന്റെ തുമ്പ് മടക്കി അതിലേക്ക് വയ്ക്കുന്നത് കണ്ടപ്പോ എന്ത്‌കൊണ്ടോ ഒരു വേദന…

ആ വേദനയിൽ പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് താൻ കണ്ട ഒരു അറുപതുകാരിയുടെ മുഖമാണ് ഓർമയിലേക്ക് ഓടി എത്തിയത്…

എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം… നാട്ടുമ്പുറത്തെ കാഴ്ചകളിൽ തളിരിട്ട് നടന്നിരുന്ന ഒരു ആൺകുട്ടി…

അന്ന് അമ്മയോടൊപ്പം ഒരു കല്യാണത്തിന് പോകുമ്പോ തനിക്ക് കിട്ടാവുന്നതിൽ വെച്ചു ഏറ്റവും വിലയേറിയ ഒരു അറിവാണ് തന്നെ അവിടെ കാത്തിരിക്കുന്നത് എന്ന് അറിഞ്ഞിരുന്നില്ല…

വീടിന്റെ ടെറസിൽ അമ്മയോടൊപ്പം ഇരുന്നു ഊണ് കഴിക്കുമ്പോഴൊക്കെയും അടുത്തിരുന്നു ഭക്ഷണം കഴിക്കുന്ന ഒരു അമ്മയിൽ ആയിരുന്നു എന്റെ മുഴുവൻ ശ്രദ്ധയും…

ഒഴിച്ചുകറികൾ മാത്രം കൂട്ടി അവർ കഴിക്കുന്നത് തന്നെ വേറിട്ട ഒരു രീതിയിലായിരുന്നു… ഒരു വറ്റ് പോലും പാഴാക്കാതെ കഴിക്കുമ്പോഴും എത്രയോ ദിവസം കാത്തിരുന്നു കഴിക്കുന്നത് പോലെ…

രണ്ടാമത് ചോറും കറിയും വിളമ്പിയതും പെട്ടെന്ന് തന്നെ കൈയിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കവറിലേക്ക് നേരത്തെ മാറ്റിവെച്ച കറികളും ചോറുമെല്ലാം നിറച്ചു…

ഡെസ്കിന്റെ അരികിൽ കവർ തുറന്ന് വെച്ചു ഇലയിൽ നിന്ന് ചോറ് അതിലേക്ക് നീക്കുമ്പോ പുറത്ത് പോയ അരിമണികളെല്ലാം ശ്രദ്ധയോടെ അതിനകത്തേക്ക് നീക്കി ഇടുന്നുണ്ടായിരുന്നു…

അവസാനമായി എത്തിയ പായസവും ഗ്ലാസിലാക്കി അവിടെ നിന്ന് എഴുന്നേറ്റ്‌ കൂനി കൂനി പോകുന്ന അമ്മയോട് എന്ത്‌ കൊണ്ടോ എനിക്ക് സ്നേഹം തോന്നിപ്പോയി…

തിരികെ എന്റെ ഇലയിൽ കണ്ണുകളുടക്കിയപ്പോൾ കൈ തൊടാതെ മാറ്റി വെച്ചിരിക്കുന്ന പച്ചടിയും കിച്ചടിയും അവിയലും എല്ലാം എന്നെ നോക്കി പല്ലിളിക്കുന്നതായി തോന്നി…

താനിതുവരെ കഴിക്കാതെ മാറ്റി വെച്ചിരിന്നവയെല്ലാം ഏറെ സ്വദിഷ്ടമുള്ള വിഭവങ്ങൾ ആയിരുന്നെന്നു ഞാൻ അന്ന് മനസിലാക്കി… പിന്നെ തോന്നി എന്റേതും കൂടി ആ അമ്മയ്ക്ക് കൊടുത്ത് വിടാമായിരുന്നു എന്ന്…

അന്ന് ഞാൻ ആ കല്യാണവീട്ടിൽ കണ്ടത് ഭക്ഷണത്തിനോടുള്ള ആർത്തി ആയിരുന്നില്ല… ഒട്ടിയ വയറിലെ വിശപ്പിന്റെ വിളി ആയിരുന്നു…

പകലന്തിയോളം പണി എടുത്തു ജീവിക്കുന്ന ഓരോ കാർഷികനും ബാക്കി വെയ്ക്കുന്ന അരിമണികളുടെ വില എന്തെന്നായിരുന്നു…

ഇന്നീ വല്യ നഗരത്തിൽ ഒരു ചെറിയ അണുവായ്‌ നിൽക്കുമ്പോഴും നിഷ്കളങ്കമായ ആ മുഖം എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ എവിടെയോ ഒരു നോവ് പുറപ്പെടുവിപ്പിക്കുന്നു…

താഴേക്ക് വീണ തക്കാളിയും കിഴങ്ങുമെല്ലാം പൊടിതട്ടി എടുക്കുന്ന ആ സ്ത്രീയ്ക്ക് അരിലേക്ക് ഞാനിരുന്നു…വീണു കിടക്കുന്നതെല്ലാം ശ്രദ്ധയോടെ അവരുടെ മടിയിലേക്ക് വെച്ചു കൊടുക്കാൻ എന്തോ ഒരുതരം വെപ്രാളം എന്നിൽ നിറഞ്ഞു നിന്നു…

തിരികെ ഹൃദ്യമായി ഒരു പുഞ്ചിരി സമ്മാനിച്ചു അവർ നടന്നകലുമ്പോഴൊക്കെയും എന്തോ ഉള്ളിൽ ഒരു പിരിമുറുക്കം കുമിഞ്ഞു കൂടിയിരുന്നു…

ബ്ലോക്ക്‌ നമ്പർ ടുവിലെ അപാർട്മെന്റിന്റെ രണ്ടാം നിലയിലെ മുറിയിലേക്ക് തിരികെ നടക്കുമ്പോൾ വഴിയരികിലെ ആ കുഞ്ഞു പാലത്തിനു മുകളിൽ നിന്നൊരു പെൺകുട്ടി ചിത്രം വരയ്ക്കുന്നുണ്ടായിരുന്നു…

തോളറ്റം വരെ മാത്രം നീണ്ട് കിടക്കുന്ന അവളുടെ സിൽക്ക് പോലെയുള്ള മുടിഴികൾ കാറ്റത്ത് തത്തി കളിക്കുന്നുണ്ടായിരുന്നു…

ഞാൻ അവളുടെ അടുത്തേയ്ക്ക് നടന്നു ചെന്നു…

ഇത് കണ്ടിട്ട് എന്താണ് മനസിലായത്…

തിരിഞ്ഞു നോക്കാതെയുള്ള അവളുടെ ചോദ്യം എന്റെ മിഴികളെ ആ ചിത്രത്തിലേക്ക് നയിച്ചു…

കാടിനു നടുക്കായൊരു കുഞ്ഞു വീട് കാണാം…അതിനരികിൽ ഒരു സ്ത്രീ നിൽക്കുന്നു…കയ്യിലെന്തോ ഒന്നുണ്ട്.. തുന്നുന്നത് പോലെ…

ഇപ്പോഴും മനസിലായില്ലേ… അവരുടെ കണ്ണുകളിലേക്ക് നോക്കു.. എന്തെങ്കിലും കാണുന്നുണ്ടോ…

ഞാൻ അവരുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി… തുന്നുന്നതിനോടൊപ്പം താഴേക്ക് നോക്കിയിരിക്കുന്ന ആ ചിത്രത്തിൽ അവരുടെ കണ്ണുകളിലൂടെ എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ… അതെന്താണ്.. വിഷാദം ആണോ.. അതോ കാത്തിരിപ്പോ…

കാത്തിരിപ്പ്..

കാത്തിരിപ്പ്… എന്തെല്ലാം അർദ്ധതലങ്ങൾ ഉള്ളൊരു വാക്കാണല്ലേ അത്….അറിഞ്ഞവർക്ക് നോവും അറിയാത്തവർക്ക് കൗതുകവും ബാക്കി വയ്ക്കുന്ന ഒന്ന്…

ആയിരിക്കണം..

നിങ്ങൾ എപ്പോഴെങ്കിലും കാത്തിരുന്നിട്ടുണ്ടോ…

തീർച്ചയായും…കാത്തിരിക്കാത്തവരായി ആരാണ് ഉള്ളത്…കയ്യിലൊരു പൊതിയുമായി വരുന്ന അച്ഛനെയും കാത്ത് ഉമ്മറത്തിരിക്കുന്ന അഞ്ചരവയസ്സുകാരനും കാത്തിരിപ്പിലൂടെ അല്ലേ സഞ്ചരിക്കുന്നത്…

ശരിയാണ്… കാത്തിരിക്കാത്തവരായി ആരും കാണില്ല…

മ്മ്… കുട്ടി നന്നായി വരയ്ക്കുന്നുണ്ട്..

അച്ഛന് ഇഷ്ടമായിരുന്നു..കുഞ്ഞിലേ എന്ത്മാത്രം കഥകളാണ് അച്ഛൻ പറഞ്ഞു തന്നിട്ടുള്ളത്…അതെല്ലാം ഞാൻ ഇങ്ങനെ വരച്ചു കൂട്ടും…

കഥ പറയാൻ ഇനി ഒരിക്കലും തിരിച്ചു വരാനാവാത്തൊരു ലോകത്തേക്ക് പോയെങ്കിലും എന്റെ ചിത്രങ്ങളൊക്കെയും അച്ഛൻ കാണുന്നുണ്ടാകുമല്ലേ…

മ്മ്…എനിക്ക് തരാമോ ഇത്?

അതിനെന്താ… ഇടയ്ക്ക് ഇത് കാണുമ്പോ എന്നെ ഓർക്കുമല്ലോ.. ആരുടെയെങ്കിലുമൊക്കെ ഓർമകളിൽ ബാക്കിയാവുന്നത് തന്നെ ഒരുതരം ഭാഗ്യമല്ലേ…

അത്രയും പറഞ്ഞു മനോഹരമായ ആ ചിത്രം എന്റെ കയ്യിലേക്ക് വെച്ചു തരുമ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു…

ഇനിയും കാണാതിരിക്കട്ടെ..

എന്താ..

കാണാതിരിക്കട്ടെ എന്ന് പറഞ്ഞു പിരിയുന്നവരൊക്കെയും രണ്ടാമത് ഒരിക്കൽ കൂടി കാണുമെന്നാണ്.. ആ കാഴ്ചയ്ക്ക് മധുരം കൂടുതലായിരിക്കും..

അങ്ങനെയെങ്കിൽ ഇനി നമ്മൾ കാണാതിരിക്കട്ടെ…

മറുപടിയായി ഒരു ചിരി നൽകി അവിടെ നിന്നും മറയുമ്പോ അവളെ ഇനി ഒരിക്കലും കാണില്ല എന്ന് തന്നെയാണ് കരുതിയത്…

ഒരാഴ്ചയ്ക്ക് ഇപ്പുറം നാട്ടിലേക്ക് തിരിക്കുമ്പോഴും ആ ചിത്രം ഞാൻ ഭദ്രമായി കൈയിൽ സൂക്ഷിച്ചിരുന്നു… ഒന്ന് ഓർക്കാൻ വേണ്ടി മാത്രം.

അന്നത്തെ എട്ടാം ക്ലാസ്സ്‌കാരന്റെ പൊട്ടബുദ്ധി ഉദിച്ചിട്ടോ എന്തോ നാട്ടിലെത്തി ആദ്യം ഞാൻ ചെന്നത് വർഷങ്ങൾക്ക് മുൻപ് കല്യാണം കൂടാൻ പോയ ആ വീട്ടിലേക്ക് ആയിരുന്നു..

ആ വയസ്സിയെ കുറിച്ച് നാട്ടിലെല്ലാർക്കും അറിയും അത്രേ…

ചേച്ചിയെ വേളി ചെയ്തവൻ അനിയത്തിയുടെ വയറ്റിലൊരു വിത്തുമുളപ്പിച്ചു കടന്നു കളഞ്ഞത് വൈകി ആണെല്ലാവരും അറിഞ്ഞത്…

രാവെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെട്ട് വളർത്തി കൊണ്ട് വന്ന മകൾ പ്രണയനൈരാഷ്യത്തിന്റെ പേരിൽ ഒരു തു ണ്ട് കയറിൽ ജീ വനൊടുക്കുമ്പോ ഒരു കു ഞ്ഞു ജീ വനെക്കൂടി ബാക്കി വെച്ചിരുന്നു…

വാർദ്ധക്യം ശരീരത്തെ തളർത്തിയിട്ടും തന്റെ പേരക്കുഞ്ഞിന് വേണ്ടി കഷ്ടപ്പെടുന്നൊരു അമ്മ… രണ്ട് ദിവസം മുൻപ് ഇനി ഒരിക്കലും തിരിച്ചു വരാത്ത ഒരു ലോകത്തേയ്ക്ക് അവർ പോയെന്ന് കേട്ടപ്പോൾ ഒരു നിമിഷം ഹൃദയം മിടിക്കാൻ മറന്നു പോയതായി തോന്നി..

വിധി എന്ത് ക്രൂരമാണല്ലേ… രണ്ട് ദിവസം കൂടി കാക്കാമായിരുന്നില്ലേ.. എനിക്കൊന്നു കണ്ടാൽ മതിയായിരുന്നു…

ഒന്ന് ചേർത്ത് പിടിച്ചു നെറുകിൽ ഒരുമ്മ കൊടുത്താൽ മതിയാരുന്നു.. അമ്മേ എന്നൊന്ന് വിളിച്ചാൽ മതിയായിരുന്നു… എനിക്ക് അവരോട് വീണ്ടും വീണ്ടും സ്നേഹം തോന്നിപ്പോവുകയാണല്ലോ..

ഒരുപക്ഷെ രണ്ട് ദിവസം മുൻപ് എനിക്ക് ഇവിടെ എത്തിച്ചേരാൻ ആയിരുന്നെങ്കിൽ.

വഴി ചോദിച്ചറിഞ്ഞു അങ്ങോട്ട് ചെല്ലുമ്പോ ആ കുഞ്ഞുവീടിന്റെ ഉമ്മറപ്പടിയിൽ ആരെയോ കാത്തെന്ന പോലെ ഒരു കു ഞ്ഞിചെക്കൻ ഇരുപ്പുണ്ടായിരുന്നു…

താൻ വന്നത് അവൻ കണ്ടില്ലെന്ന് തോന്നി…

ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയപ്പോൾ മുറ്റത്ത് ഒരു അറ്റത്ത് ചുടുകട്ട കൊണ്ടൊരു ചതുരം തീർത്ത…ചെറിയ ബോഗൻവില്ലയുടെ തൈ നട്ടിടത്തേക്കാണ് അവന്റെ നോട്ടം..

അവനരികിലേക്ക് നടന്നു ചെല്ലുമ്പോൾ കൈയിൽ ഭദ്രമായി ചേർത്ത് പിടിച്ചിരിക്കുന്ന ഒരു കുഞ്ഞു പുസ്തകം കണ്ടു… ഞാൻ അത് അവന്റെ കൈയിൽ നിന്ന് എടുത്തത് പോലും അവൻ അറിഞ്ഞില്ലെന്ന് തോന്നി…

പത്ത് രൂപയുടെ ആ നോട്ട്ബുക്കിൽ ഒരു ജീവിതം കുറിച്ചിരുന്നു…

“എനിക്ക് പഠിച്ചു പഠിച്ചു വല്യ ആളാവണം… കാരണം ഒന്നുമില്ലാതെ മ രണത്തിലേക്ക് പോകുന്നവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരുന്ന ഒരു സൈക്കാട്രിസ്‌റ്റ് ആയാൽ മതി എനിക്ക്… പിന്നെ… മുത്തശ്ശിന്റൊപ്പം ഒരു നൂറ് കൊല്ലം ജീവിക്കണം..

മുത്തശ്ശിന്റെ മടീൽ കിടന്ന് കഥ കേട്ട് ഉറങ്ങണം.. മുത്തശ്ശിയേം കൊണ്ട് ലോകം കാണണം…ഞാൻ ആരുമല്ലാത്തവൻ അല്ലെന്ന് ഈ ലോകത്തോട് വിളിച്ചു പറയണം എനിക്ക്… ”

എന്തിനെന്നറിയാത്ത ഒരു വേദന ഹൃദയത്തിൽ പൊട്ടിമുളയ്ക്കുന്നുണ്ടായിരുന്നു….തിരികെ ഉള്ള യാത്രയിൽ ആ പത്ത് വയസ്സുകാരനെ കൂടെ കൂട്ടുമ്പോ രണ്ട് സെന്റിൽ മയങ്ങുന്ന ആ സ്നേഹത്തണലും ഞാൻ സ്വന്തമാക്കിയിരുന്നു…

ബുജ്ര സ്ട്രീറ്റിലെ ആ അപാർട്മെന്റിന്റെ ബാല്കണിയിൽ ഇരിക്കുമ്പോ ഇന്ന് നക്ഷത്രങ്ങൾക്ക് തിളക്കം കൂടുതൽ ആണെന്ന് തോന്നി… അതിലേറ്റവും തിളക്കമേറിയ നക്ഷത്രത്തിനു വേണ്ടി എന്റെ കണ്ണുകൾ തിരഞ്ഞു കൊണ്ടേയിരുന്നു…

കണ്ടുപിടിച്ച സന്തോഷം കണ്ണിൽ നിറഞ്ഞു നോക്കവേ ആ അമ്മയുടെ മുഖം ആകാശത്തു തെളിഞ്ഞു വരുന്നതായി തോന്നി… അവർ ചിരിക്കുന്നുണ്ടായിരുന്നു.. അതേ നിഷ്കളങ്കതയോടെ.

വരും പ്രഭാതങ്ങളിലെ നേർകാഴ്ച കാണാൻ ഇന്ന് വിരൽത്തുമ്പിൽ കൈ കോർക്കാൻ ഒരു കുഞ്ഞു പക്ഷി ഉണ്ട്…പറന്നയുരേണ്ട ഒരു കുഞ്ഞു പക്ഷി…

ഒരിക്കലും കാണില്ലെന്ന് പറഞ്ഞു പിരിഞ്ഞവളെ ഞാൻ ഒരിക്കൽ കൂടി കണ്ടു… അന്നും അവളൊരു ചിത്രം വരയ്ക്കുകയായിരുന്നു… ചിറകുകളുള്ള ഒരു മനുഷ്യകുട്ടിയുടെ ചിത്രം…

ഞാനും കൂടെ പോന്നോട്ടെ എന്ന ചോദ്യം എന്നിൽ ഒരു പുഞ്ചിരി വിരിയിച്ചിരുന്നു…

പ്രകൃതി ഇന്ന് കൂടുതൽ മനോഹരി ആണെന്ന് തോന്നി… ഇനി എന്നും..

അപ്പോഴും ഒരു അറുപത്കാരിയുടെ മുഖം മാത്രം ഞാൻ ഇനിയും ഇനിയും കാണാൻ ആഗ്രഹിച്ചു…. ഒരിക്കലും നടക്കാനിടയില്ലാത്ത ഞാൻ ഏറെ സ്നേഹിക്കുന്ന ഒരു പാഴ്സ്വപ്നം…

Leave a Reply

Your email address will not be published. Required fields are marked *