പലപ്പോഴും ഓർത്തിട്ടുണ്ട് എന്തിനാണ് ഇവർ എന്നേ ഇങ്ങനെ സ്നേഹിക്കുന്നത് എന്ന് തന്റെ..

നിഴൽ മായുമ്പോൾ
(രചന: Jolly Shaji)

അതേ തന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കിയത് ടീച്ചറമ്മയാണ്… അന്നൊക്കെ തനിക്ക് ആകെ കിട്ടിയിരുന്നത് ഉച്ചഭക്ഷണം മാത്രമായിരുന്നു..

അതും ടീച്ചറമ്മ ഇലപ്പൊതിയിൽ തനിക്കായി കൊണ്ടുവന്നിരുന്നത്.
തന്റെ സ്കൂൾ പി റ്റി എ ഫണ്ട്, പുസ്തകത്തിന്റെ പൈസ എല്ലാം കൊടുത്തിരുന്നത് ടീച്ചറമ്മ ആയിരുന്നു…

തനിക്കുള്ള യൂണിഫോം എടുത്തു തന്നിരുന്നതും അവരായിരുന്നു…
എല്ലാം ചെയ്യുമ്പോഴും അവരുടെ മുഖത്ത് സ്വന്തം കുഞ്ഞിന് ചെയ്യുന്ന പോലുള്ള ഫീൽ താൻ പലപ്പോഴും കണ്ടിട്ടുണ്ട്..

എപ്പോഴും പറയുമായിരുന്നു “നീ നന്നായി പഠിക്കണം, ഏറെ ഉയരങ്ങളിൽ എത്തണം ” എന്ന്…

പലപ്പോഴും ഓർത്തിട്ടുണ്ട് എന്തിനാണ് ഇവർ എന്നേ ഇങ്ങനെ സ്നേഹിക്കുന്നത് എന്ന്… തന്റെ അപ്പച്ചനും അമ്മച്ചിയും ഒരിക്കലും തന്നെ സ്നേഹിച്ച ഓർമ്മ ഇല്ല..

അല്ല അവരെ തെറ്റ് പറയാൻ പറ്റില്ലല്ലോ..
ഏതോ അമ്മ പ്രസവിച്ചു വ ലി ച്ചെറിഞ്ഞ കു ഞ്ഞിനെ അനാഥാലത്തിൽ നിന്നും അവർ ദത്തെടുക്കുമ്പോൾ ഒരിക്കലും അവർക്കു കുഞ്ഞുങ്ങൾ ഉണ്ടാകുമെന്നു അവർ കരുതിക്കാണില്ല…

സ്വന്തം കു ഞ്ഞ് ഉണ്ടായപ്പോൾ അവർക്കു അവനോടായി സ്നേഹം..

അവരെ തെറ്റ് പറയാൻ പറ്റില്ല സ്വന്തം ര ക്തത്തിൽ പിറന്ന കു ഞ്ഞിനെപോലെ എന്നേ സ്നേഹിക്കാൻ അവർക്കു കഴിയില്ലല്ലോ…

പത്താം ക്ലാസ്സിൽ നല്ല മാർക്ക് വാങ്ങി വിജയിച്ച തന്നെ തുടർപഠനത്തിന്‌ വിട്ടതൊക്കെ ടീച്ചറമ്മ ആയിരുന്നു..
ടീച്ചർ എന്ന വിളിയെ ടീച്ചറമ്മയാണ് ഇങ്ങനെ ആക്കിയതും..

പ്രീഡിഗ്രിയും, ഡിഗ്രിയുമൊക്കെ നല്ല മാർക്കോടെ പാസ്സായതു ടീച്ചറമ്മയുടെ പ്രോത്സാഹനവും സഹായവും കൊണ്ടാണ്…

അന്നൊക്കെ ക്ലാസ്സ്‌ ഇല്ലാത്തപ്പോൾ രാവിലെ മുതൽ ടീച്ചറമ്മയുടെ വീട്ടിൽ ആയിരിക്കും… പ്രായമായ അപ്പച്ചനും അമ്മച്ചിയും ടീച്ചറമ്മയും മാത്രമാണ് ആ വലിയ വീട്ടിൽ….

ഒരു സഹോദരൻ ഉള്ളത് വിവാഹം കഴിച്ച് കുടുംബമായി വിദേശത്താണ്.. താൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്..

“എന്താ ടീച്ചറമ്മ കല്യാണം കഴിക്കാത്തത് .”

“എനിക്ക് അങ്ങനെ തോന്നിയപ്പോൾ നടന്നില്ല വിവാഹം.. പിന്നെ വേണ്ടെന്നു വെച്ചു..”

“അപ്പച്ചനും അമ്മച്ചിയും മരിച്ചാൽ ടീച്ചറമ്മ ഒറ്റക്കാവില്ലേ… ആരാണ് പിന്നെ നോക്കാൻ ഉള്ളത്..”

“അപ്പോൾ നീയെന്നെ നോക്കില്ലേ.. എന്റെ മോനല്ലേ നീ… പിന്നെന്തിനാ ഞാൻ വിഷമിക്കുന്നത്..”

ചിരിച്ചുകൊണ്ട് ടീച്ചറമ്മ ഇങ്ങനെ പറയുമ്പോഴും അവരുടെ മിഴികൾ നിറയുന്നത് താൻ കണ്ടിട്ടുണ്ട്…

ഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ ബാങ്ക് കോച്ചിങ്ങിനു വിട്ടതും, തനിക്കു ജോലിവാങ്ങിത്തന്നതുമൊക്കെ ടീച്ചറമ്മ ആയിരുന്നു..

ഇതിനിടെ ടീച്ചറമ്മയുടെ അപ്പച്ചനും അമ്മച്ചിയും മരിച്ചു.. ടീച്ചറമ്മ റിട്ടയർ ആയി… ജോലി ദൂരെ ആയതിനാൽ എന്നും വീട്ടിൽ വരാൻ പറ്റാത്തതിനാൽ താൻ ആഴ്ചയിൽ ഒന്നേ വരൂ…

വരുമ്പോൾ പോയി കാണാറുണ്ട്..
എന്നും വിളിച്ചു വിശേഷങ്ങൾ പറയും..
കഴിഞ്ഞയാഴ്ച്ച വന്നപ്പോഴും വിവാഹം കഴിക്കാൻ തന്നെ നിർബന്ധിച്ചു..

“നിന്റെ പെണ്ണിനേയും നിനക്കുണ്ടാകുന്ന ഒരു കുഞ്ഞിനേയും കാണാൻ ആഗ്രഹം ഉണ്ടെടാ എനിക്ക് ”

“ഞാൻ ഒരു വീട് കൂടി വെക്കട്ടെ ടീച്ചറമ്മേ എന്നിട്ട് മതി കല്യാണം..”

“ഞാൻ ഇവിടെ ഒറ്റക്കല്ലേടാ നീയും പെണ്ണും എന്റെ കൂടെ താമസിച്ചോളൂ..”

“അതൊക്കെ എത്ര നാൾ ടീച്ചറമ്മേ.. ”

“നിനക്ക് എന്ന് വരേ വേണമെങ്കിലും ഇവിടെ താമസിക്കാം..”

ഇന്നലെ വൈകിട്ടു വിളിച്ചപ്പോൾ എന്തോ വയ്യായ്ക പോലെ തോന്നി.. എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല തണുപ്പൊക്കെ അല്ലെ ചെറിയ പനി പോലെ എന്ന് പറഞ്ഞു…

രാവിലെ വിളിച്ചിട്ടു ഫോൺ എടുക്കാതെ വന്നപ്പോൾ തന്റെ കൂട്ടുകാരനെ വിളിച്ചു പറഞ്ഞു അവൻ വന്നു നോക്കുമ്പോൾ തീരെ വയ്യാത്ത അവസ്ഥയിൽ ആയിരുന്നു… അവനാണ് ആശുപത്രിയിൽ എത്തിച്ചത്…

താൻ എത്തിയപ്പോളേക്കും എല്ലാം കഴിഞ്ഞിരുന്നു… അവസാനം ജീവനോടെ ഈ മുഖം ഒന്ന് കാണുവാനോ ഒരിറ്റു വെള്ളം കൊടുക്കുവാനോ പറ്റിയില്ല..

ബോഡി ഫ്രീസറിൽ വെച്ചു സഹോദരൻ പുറപ്പെട്ടിട്ടുണ്ട് നാളെ എത്തുമെന്ന്…
മരണവീട് എന്ന് തോന്നിക്കുന്നത് സ്പീക്കറിൽ നിന്നും ഒഴുകി വരുന്ന പ്രാർത്ഥനകളും പാട്ടുകളും മാത്രം..

ആകെ അഞ്ചോ ആറോ പേരുണ്ട്…
അവരും ഓരോ സ്ഥലത്തു കിടപ്പായി..

റോണി ഇടയ്ക്കിടെ പെട്ടിയിലെ ജലകണങ്ങൾ തുടച്ച് ആ മുഖത്തേക്ക് നോക്കും… ഇന്നലെ വരേ തന്റെ നിഴൽ ആയിരുന്നു…. ഇന്നിതാ തന്നെ ഒറ്റക്കാക്കി മടങ്ങാൻ തയ്യാറെടുത്തു കിടക്കുന്നു…

വെളുപ്പിനെ ടീച്ചറമ്മയുടെ സഹോദരൻ വന്നു… പത്തുമണിക്കാണ് ശവമടക്ക് ശുശ്രുഷ.. പള്ളിയിലെ കാര്യങ്ങളൊക്കെ തന്റെ കൂട്ടുകാർ ശെരിയാക്കി…

അച്ഛൻ വന്നു ശുശ്രൂഷ ആരംഭിച്ചു..
അതുവരെയും ടീച്ചറമ്മയുടെ സഹോദരൻ തന്നോട് ഒന്ന് മിണ്ടുകപോലും ഉണ്ടായില്ല…

നിറയെ പനിനീർ പൂക്കൾക്കിടയിൽ മാലാഖ പോലെ കിടക്കുന്ന ടീച്ചറമ്മക്ക് അന്ത്യചുംബനം നൽകാൻ നേരം തകർന്നുപോയി റോണി…

ആ മുഖത്തേക്കവൻ കുഴഞ്ഞു വീണു..
ആരൊക്കെയോ ചേർന്ന് അവനെ പിടിച്ചു മാറ്റി..

മുഖശീല ഇടാൻ അച്ഛൻ സഹോദരനെ വിളിച്ചു… അയാൾ മെല്ലെ റോണിക്ക് അരുകിലേക്ക് ചെന്നു…

“റോണി വാ അവളുടെ മുഖം മറക്കാൻ അവകാശി നീയാണ്… അതാണ് അവളുടെ സന്തോഷം..”

“സഹോദരൻ ഉള്ളപ്പോൾ എന്തിനു ഒരു അന്യൻ ഇത് ചെയ്യുന്നു..” അച്ഛൻ പുച്ഛത്തോടെ ചോദിച്ചു..

“അച്ഛാ ഇതിനുള്ള അവകാശം റോണിക്കാണ്… എൽസമ്മയുടെ വയറ്റിൽ വളർന്ന സ്വന്തം മകൻ ആയിരുന്നു അവൻ.. ”

കേട്ടുനിന്നവർ എല്ലാരും ഞെട്ടലോടെ റോണിയെ നോക്കി… റോണിയും സ്തംഭിച്ചു നിന്നുപോയി…

“അതേ അച്ചോ, വിവാഹം കഴിക്കാത്ത പെണ്ണിന് കുഞ്ഞുണ്ടായി എന്ന് പറഞ്ഞാൽ തറവാടിന് ചീത്തപ്പേര് ആകുമല്ലോ…

അങ്ങനെ ആണ് ഈ കുഞ്ഞിനെ അനാഥാലയത്തിൽ കൊടുത്തത്… ഇവനെ എൽസമ്മക്ക് സമ്മാനിച്ചു നാടുവിട്ട ആളെക്കുറിച്ചു ഇന്നും അറിവൊന്നുമില്ല..

അയാൾ മടങ്ങി വരും എന്ന പ്രതീക്ഷയിൽ ആണ് അവൾ വിവാഹം കഴിക്കാത്തത്… ഈ വീടും അവളുടെ സ്വത്തുക്കളും എല്ലാം റോണിക്കുള്ളതാണ്…”

അയാൾ അവന്റെ കയ്യിൽ പിടിച്ചു പെട്ടിക്കു അരികിലേക്ക് ചേർത്തു നിർത്തി… റോണി ടീച്ചറമ്മയുടെ മുഖത്തേക്ക് വീണ്ടും നോക്കി… അമ്മ പുഞ്ചിരിക്കുന്നതുപോലെ…

“അമ്മേ ഒരുവാക്ക് എന്നോട് പറഞ്ഞില്ലല്ലോ.” അമ്മയുടെ മുഖത്ത് നല്ല പ്രഭ ചൊരിഞ്ഞു നിൽക്കുമ്പോലെ അവനു തോന്നി…

അവൻ മെല്ലെ മുഖശീല കൊണ്ട് ടീച്ചറമ്മയുടെ മുഖം മറച്ചു… ആ നിലാവ് ഇനി ഉദിക്കുകയില്ല…

Leave a Reply

Your email address will not be published. Required fields are marked *