ഉറക്കെ കരയാൻ പോലും ആവതില്ലാത്ത കുട്ടിയാ അത് മോഹങ്ങൾ നൽകി പറ്റിച്ചാൽ ദൈവം പോലും നിന്നോട് പൊറുക്കില്ല..

(രചന: മിഴി മോഹന)

ഗിരീഷേ നീ ഈ കാണിച്ചത് നന്ദി കേട് ആണ്… ഒന്ന് ഉറക്കെ കരയാൻ പോലും ആവതില്ലാത്ത കുട്ടിയാ അത് മോഹങ്ങൾ നൽകി പറ്റിച്ചാൽ ദൈവം പോലും നിന്നോട് പൊറുക്കില്ല……

എന്റെ വാക്കുകളെ പുച്ഛത്തോടെ ചുണ്ട് കോട്ടി പച്ചരി ചാക്കിൽ നിന്നും ഒരുപിടി അരി വാരി വായിലേക്ക് ഇട്ടു ഗിരീഷ്….

ആര് മോഹങ്ങൾ കൊടുത്തു് എന്നാ നന്ദ നീ ഈ പറയുന്നത്… എന്നെങ്കിലും വരദയെ ഇഷ്ടം ആണെന്ന് ഒരു വാക്ക് ഞാൻ പറഞ്ഞിട്ടുണ്ടോ… പിന്നെ എട്ട് എന്ന് പറഞ്ഞാൽ പൊട്ട് എന്ന് കേൾക്കുന്ന പൊട്ടിയെ അല്ലെ ഞാൻ കെട്ടാൻ പോകുന്നത്..

“” എനിക്ക് ഒരു അന്തസ് ഇല്ലേ നന്ദ… “” നാളെ ഒരു മേജറോ ക്യാപ്റ്റനോ ആയി തീരേണ്ടവൻ ആണ് ഞാൻ.. അന്ന് അന്തസോടെ ഈ പൊട്ടിയെ സൊസൈറ്റിയുടെ മുൻപിൽ ഞാൻ എങ്ങനെ പ്രദർശിപ്പിക്കും.. “” മ്മ്ഹ.. “”

അന്തസോ നിനക്കോ ഗിരീഷേ .. ” നീ ഈ പറഞ്ഞ സാധനം നിനക്ക് എങ്ങനെ ഉണ്ടായി എന്ന് ചിന്തിട്ടുണ്ടോ..?

നിന്റെ അച്ഛന്റെ വീട്ടുകാർ നിന്നെയും നിന്റെ അമ്മയെയും പറക്ക മുറ്റാത്ത രണ്ട് അനിയത്തിമരെയും വീട്ടിൽ നിന്നും ഇറക്കി വിട്ടപ്പോൾ തെരുവിലേക് വലിച്ചെറിയപ്പെടേണ്ട നിങ്ങടെ ബാല്യത്തിന് നാല് ചുവരിന്റെ സംരക്ഷണം നൽകിയത് നിന്റെ അമ്മാവനാ…..

നിങ്ങളെ മൂന്ന് പേരെയും അന്തസായി അങ്ങേര് പഠിപ്പിച്ചു…..

ആർമിയിൽ കേണൽ ആയിരുന്ന അങ്ങേരുടെ ശുപാർശയുടെ പുറത്ത്  നിനക്ക് മിലിറ്ററിയിൽ നല്ലൊരു ജോലിയും വാങ്ങി തന്നു….എന്നിട്ടും നീ ഈ കാണിക്കുന്നത് നന്ദി കേട് ആണ് ഗിരീഷേ…

അയ്യടാ.. “” എന്ന് കരുതി ആ പൊട്ടി പെണ്ണിനെ ഞാൻ കെട്ടി കൂടെ കൂട്ടണം എന്നാണോ നീ പറയുന്നത്… ഗിരീഷ് ചുണ്ട് ഒന്ന് ചുളിച്ചു…

എടാ നീ പണ്ട് പറഞ്ഞത്‌ അല്ലെ വരദയെ നീ വിവാഹം ചെയ്തോളാം എന്ന്… ആ വിശ്വാസത്തിന്റെ പുറത്ത് അല്ലെ അങ്ങേര് എല്ലാം ചെയ്തത്…..

നിന്റെ രണ്ട് പെങ്ങൾമാരെ കെട്ടിച്ചു വിട്ടത് പോലും എങ്ങെനെ ആണെന്ന് നിനക്ക് അറിയാമോ ഇല്ലല്ലോ.. എല്ലാം കേണൽ സാർ അല്ലെ ചെയ്തത്…””അപ്പോഴും അദ്ദേഹം സ്വന്തം മകളുടെ ഭാവി നിന്നിൽ സുരക്ഷിതം ആയിരിക്കും എന്ന് കരുതി…

അതൊക്കെ ഒരു അമ്മാവന്റെ കടമയാണ്.. “” പെങ്ങടെ ഭർത്താവ് ഉപേക്ഷിച്ചാൽ അവരുടെ ഉത്തരവാദിത്തം അല്പം സ്വല്പമൊക്കെ നോക്കണം… എന്ന് കരുതി അമ്മാവൻ പറയുന്ന എന്തും അനുസരിക്കണം എന്നുണ്ടോ…. “” ഗിരീഷ് എഴുനേറ്റു മുണ്ട് മുറുക്കി…..

നീ വൈകിട്ട് കട അടച്ചു വീട്ടിലോട്ട് വാ.. നല്ല സ്വയമ്പൻ സാധനം ഉണ്ട്.. “”പോരാൻ നേരം എന്റെ ക്യാപ്റ്റൻ ഗിഫ്റ്റ് തന്നതാ..””

എനിക്കെങ്ങും വേണ്ട.. “” എനിക്ക് വൈകിട്ട് കടയിലേക്ക് ചരക്ക് എടുക്കാൻ പോകണം.. “” അല്ലങ്കിൽ എന്റെ അമ്മയും അച്ഛനും പട്ടിണി കിടക്കേണ്ടി വരും.. “”

വേണ്ടങ്കിൽ വേണ്ട..” ഗിരീഷ് പുച്ഛത്തോടെ ഇറങ്ങി പോകുമ്പോൾ ഞാൻ കേണൽ സാറിന്റെ വീട്ടിലേക്ക് ലിസ്റ്റ് പ്രകാരമുള്ള പല ചരക്ക് ചാക്കിലാക്കി….

എന്റെ പഴയ സ്കൂട്ടറിന്റെ മുൻപിൽ ആ വലിയ ചാക്ക് കെട്ട് തിരുകി വച്ചു കൊണ്ട് ആ വീട്ടിലേക്ക് പോകുമ്പോൾ മനസിലൂടെ വരദയുടെ മുഖം മിന്നി മറഞ്ഞു…

ഇഷ്ടം ആയിരുന്നു.. “”” കണ്ണുകൾ കൊണ്ട് കഥ പറയുന്നവളെ.. അക്ഷരങ്ങൾ പാതി മാത്രം കേൾക്കുന്നവളെ…”” പക്ഷെ എന്നും ഒരു കൈ അകലം പാലിച്ചിട്ടേ ഉള്ളൂ.. “” കേണൽ സാറിന്റെ മകളെ ഒരു നോട്ടം കൊണ്ട് പോലും കളങ്കപെടുത്താൻ ആഗ്രഹിച്ചിട്ടില്ല….

എങ്കിലും അവളുടെ പരിമിതികളെ മറന്ന്  അവൾ അറിയാതെ സ്നേഹിക്കുമ്പോഴും ഉള്ള്  തേങ്ങിയിരുന്നു അവൾ മറ്റൊരാൾക്കു സ്വന്തം ആകേണ്ടവൾ ആണെന്നുള്ള തിരിച്ചറിവ് ആയിരുന്നു അതിന് കാരണവും…

ആ അവൻ തന്നെയാണ് ഇന്ന് അവളെ തള്ളി പറഞ്ഞിരിക്കുന്നത്.. “”” ഗിരീഷ്ന്റ് അമ്മയുടെ മുൻപിൽ നാട്ടു നടപ്പ് അനുസരിച്ചു കേണൽ സാർ പെണ്ണ് ചോദിക്കുമ്പോൾ ആ ഉമ്മറ പടിയിൽ കൈ കെട്ടി ഞാനും നിൽപുണ്ടായിരുന്നു….. മ്മ്ഹ.. “”

ഉണ്ട ചോറിനോടുള്ള നന്ദി കൊണ്ട് ആയിരിക്കാം ഗിരീഷ് കേണൽ സാറിനെ ചവുട്ടി പുറത്ത് ആക്കാതെ ഇരുന്നത്….

വരദയെ നിഷ്കരുണം തള്ളി കളയാൻ അവന് എങ്ങനെ കഴിഞ്ഞു….”” അതിന്റ കുറ്റം ആണോ പരിമിതികളോടെ ജന്മം കൊണ്ടത്……മധുരം നിറഞ്ഞ ജീവിതത്തെ കുറിച്ച് എത്ര സ്വപ്നങ്ങൾ നെയ്തു കൂട്ടി കാണും ആാാ കുട്ടി…”””

ഓരോന്നും ആലോചിച്ചും ചിന്തിച്ചും വണ്ടി ഓടിക്കുമ്പോൾ കേണൽ സാറിന്റെ വീട് എത്തിയത് അറിഞ്ഞില്ല…

ഇന്ന് പതിവ് പോലെ ആ ഗേറ്റ് കടന്നു ചെല്ലുമ്പോൾ മുറ്റത്തെ ചെടികൾക് വെള്ളം ഒഴിക്കാൻ അവൾ ഇല്ല… “”

അവൾ നട്ടു നനച്ചു വളർത്തിയത് പലതും കരിഞ്ഞുണങ്ങി തുടങ്ങിയിരിക്കുന്നു….. ഗിരീഷ് ആ ആ കുടുംബത്തിന് ഏൽപ്പിച്ച മുറിവ് അത്രമാത്രം വലുത് ആണെന്ന് മുറ്റം കിടക്കുന്നത് കാണുമ്പോൾ തന്നെ അറിയാം..

സിറ്റ്ഔട്ടിലേക് ചാക്ക് കെട്ട് എടുത്തു വച്ചപ്പോൾ തന്നെ കേണൽ സാർ പുറത്തേക് വന്നു…. നന്നേ ക്ഷീണിതൻ ആണെന്ന് ആ മുഖം കാണുമ്പോൾ തന്നെ അറിയാം…..

നന്ദ “”.. നീ ആ ജാനകിയെ കാണുവാണെങ്കിൽ ഒന്ന് ഇവിടെ വരെ വരാൻ പറയണം..” മുറ്റമൊന്ന് അടിച്ച് വാരണം.. “”കട്ടി കണ്ണാടി ഊരി അതിലേക് ഒന്ന് ഊതി കേണൽ സാർ..

പറയാം..”” വരദ…”””എന്റെ കണ്ണുകൾ അകത്തേക്ക് പോയി…..ചോദിക്കണം എന്ന് വിചാരിച്ചത് അല്ല എങ്കിലും അറിയാതെ ചോദിച്ചു പോയി…

അകത്തുണ്ട്.. “”യഥാർത്യമുൾകൊള്ളാൻ കുറച്ചു സമയം എടുത്തു…ഒരുപാട് പ്രതീക്ഷകളും മോഹങ്ങളും ഞാൻ തന്നെ അല്ലെ നൽകിയത്… തെറ്റ് എന്റേത് ആണ് നന്ദ..

“” അവനെ വിശ്വസിച്ചു പോയി.. മ്മ്ഹ അവൻ വളർന്നപ്പോൾ കാക്ക കൂട്ടിലെ കുയിൽ ആണെന്ന് തെളിയിച്ചു… അച്ഛന്റെ മകൻ തന്നെ.. “”ഹ്ഹ..

മ്മ്മ്..”” കേണൽ സാർ പറയുന്നതിന് മറുതൊന്നും പറയാതെ തിരികെ സ്കൂട്ടറിന് അടുത്തേക്ക് വന്നതും ഏതോ ഒരു ബാഹ്യ ശക്തി പിൻവലിക്കുന്നത് പോലെ തോന്നി….. തെറ്റോ ശരിയോ വീണ്ടും കേണൽ സാറിന് മുന്പിൽ ഞാൻ വന്നു നിന്നു…..

ഗിരീഷ് തള്ളി പറഞ്ഞപ്പോൾ തോന്നിയ സഹതാപം അല്ല… ഇഷ്ടം ആയിരുന്നു..

“”പണത്തിനെ എനിക്ക് കുറവുള്ളു… കണ്ണ് നനയിക്കാതെ നോക്കാമെന്നുള്ള ഉറപ്പ് മാത്രമേ കൈയിൽ ഉള്ള്… എനിക്ക് തന്നൂടെ വരദയെ… “” തല ഉയർത്തി പിടിച്ചു തന്നെയാണ് അത് ചോദിച്ചത്….!!!!!!!!!!!

ആഹ്… “””” ആ വലിയ സൂപ്പർ മാർക്കറ്റിലെ ഓഫീസ് മുറിയിൽ ഇരിക്കുമ്പോൾ ദേഹത്തേക്ക് തണുപ്പ് അരിച്ച് കയറുമ്പോൾ ആണ് ഓർമ്മകളിൽ നിന്നും ഞാൻ ഞെട്ടി ഉണരുന്നത്… “”

മ്മ്.. “” ചെറു മൂളലോടെ എന്നെ നോക്കുന്ന കണ്ണുകൾ കൊണ്ട് കഥ പറയുന്നവൾ…

അച്ഛൻ ഇത് എന്ത് ആലോചിച്ചു ഇരിക്കുവാരുന്നു..ഞാനും അമ്മയും എത്ര നേരം ആയെന്നോ ഇങ്ങോട്ട് വന്നിട്ടെന്ന് അറിയുവോ… “” കുറുമ്പോട് ഞങ്ങളുടെ കാന്താരി ചോദിക്കുമ്പോൾ മെല്ലെ ഒന്ന് ചിരിച്ചു ഞാൻ…..

ദേ എനിക്ക് കോളേജിൽ പോകാൻ സമയം ആയി…അച്ഛന് ഒരു ഉമ്മ തരാതെ പോയാൽ ഒരു ഉഷാർ ഉണ്ടാവില്ല.. “” പറയുന്നതിനു ഒപ്പം തന്നെ എന്റെ കവിളിൽ ആഞ്ഞു മുത്തി ആ കാന്താരി…

അമ്മയ്ക്ക് കൊടുത്തില്ലെടാ.. “” ചെറിയ കുശുമ്പോടെ ആണ് ഞാൻ ചോദിച്ചത്…

പിന്നെ കൊടുക്കാതെ.. രാവിലെ തന്നെ വരദ നന്ദകുമാറിനുള്ളത് കൊടുത്തു കഴിഞ്ഞു… ദേ അമ്മ നല്ല ഇലയട ഉണ്ടാക്കി കൊണ്ട് വന്നിട്ടുണ്ട് രണ്ട് പേരും കൂടി കഴിച്ചിട്ട് കണ്ണിൽ കണ്ണിൽ നോക്കി ഇരുന്നോ ഞാൻ പോയിട്ടു വരും വരെ…

“”” കുറുമ്പോട് പറഞ്ഞവൾ കോളേജ് ബാഗും തൂക്കി പോകുമ്പോൾ രണ്ട് പേരിലും ചെറു നാണം വിടർന്നോ….?

അവൾ കൊണ്ട് വന്ന ഇലയട മുറിച്ചു വായിലേക്ക് വയ്ക്കുമ്പോൾ വീണ്ടും ആ തണുത്ത കൈ എന്റെ ദേഹത് അമർന്നു…

“””””മ്മ്… എന്താ ആലോചിച്ച് കൊണ്ടിരുന്നത്..””””” ആ കണ്ണുകൾ ചോദ്യം ഉന്നയിക്കുമ്പോൾ എന്റെ ചുണ്ടിൽ ഒരു ചിരി ആണ് വിടർന്നത്…..

അല്പം മുൻപ് സൂപ്പർ മാർക്കറ്റിലേക് വന്നൊരാൾ നന്നേ അവശൻ ആയിരുന്നു.. വിശക്കുന്നു ഒരു ബിസ്‌ക്കറ് എങ്കിലും തരുവോ എന്ന് ചോദിക്കുമ്പോൾ “”…..

കാഴ്ച്ചയിൽ എവിടെയോ കണ്ടത് പോലെ ഓർമ്മ… അത് ഓർത്തെടുക്കാൻ അധികം സമയം വേണ്ടി വന്നില്ല….

ഗിരീഷ്….. “”””

വരദ എന്ന മാണിക്യത്തെ പറിച്ചെറിഞ്ഞു സ്വന്തം ക്യാപ്റ്റന്റെ മകളെ കെട്ടി ആർമിയിലെ വലിയ ഉദ്യോഗസ്ഥൻ ആകാൻ കൊതിച്ചു പോയവൻ..””

രണ്ട് ധ്രുവങ്ങളിൽ വളർന്നവർ തമ്മിലുള്ള അന്തർധാരണ ശരിയായിരുന്നില്ല എന്ന് അവരുടെ മുൻപിട്ടുള്ള ജീവിതം തന്നെ കാട്ടി കൊടുത്തു…. ഒത്ത് പോകാതെ വന്നപ്പോൾ അവനെ തള്ളി കളഞ്ഞവൾ പോയി….

കള്ള് കുടിയും കൂടെ രക്തത്തിൽ അലിഞ്ഞ അഹങ്കാരവും കൂടി ആയപ്പോൾ പദവിയും നഷ്ടം ആയി… “” അലഞ്ഞു തിരിഞ്ഞ നാളുകൾക്ക് ശേഷം സ്വന്തം നാട് തേടി വന്നവൻ……..

അന്ന് അവൻ ഉപേക്ഷിച്ചു പോയ അമ്മ ഇന്ന് അവനെ ഉപേക്ഷിച്ച് അല്ല ശപിച്ചു കൊണ്ട് ആയിരിക്കും ഈ ലോകം വിട്ടിരിക്കുന്നു…

കൂടെ പിറപ്പുകൾക്കും വേണ്ട… “” കൈയിൽ ഇരുന്ന മാണിക്യത്തെ കളഞ്ഞു വെറും കല്ല് തേടി പോയവന്റെ വിധി.. “””””

ഒന്നും വരദയോട് പറയാൻ തോന്നിയില്ല.. “” പകരം ചേർത്തു നിർത്തിലിലൂടെ ആ നെറ്റിയിൽ ചുണ്ടുകൾ ചേർക്കുക്ക മാത്രമാണ് ഞാൻ ചെയ്തത്…..