അമ്മയ്ക്ക് ഇതെന്തിന്റെ സൂക്കേടാ.. ആ മുറിയിൽ എങ്ങാനും പോയി ഇരുന്നു കൂടെ.. എത്ര രൂപയുടെ പാത്രങ്ങൾ..

(രചന: മിഴി മോഹന)

ചുക്കി ചുളിഞ്ഞ കൈകൾ ചുവരിൽ പതിയെ താങ്ങി അടുക്കളയിലേക്ക് നടക്കുമ്പോൾ തിളങ്ങുന്ന ടൈൽസിൽ തെന്നി വീഴാതിരിക്കാനുള്ള ശ്രമം ആയിരുന്നു ആ അമ്മയ്ക്ക്…..

സമയം എട്ടുമണി കഴിഞ്ഞിരുന്നു..ഒരിറ്റ് കാപ്പി വെള്ളം കുടിക്കാത്തത് കൊണ്ട് തൊണ്ട വറ്റി വരണ്ടിരുന്നു.. “” വിശാലമായി തുറന്ന് കിടക്കുന്ന അടുക്കളയിലേക്ക് കയറും മുൻപേ മുകളിലേക്കു ഒന്ന് നോക്കി…

മോനും മരുമകളും ഇത് വരെ എഴുന്നേറ്റിട്ടില്ല..” കുറ്റം പറയാൻ പറ്റില്ല ആകെ കിട്ടുന്ന ഒരു ഞായർ അല്ലെ അവർ ഉറങ്ങിക്കോട്ടെ.. “” അല്ലാത്ത ദിവസം ആറിയ കാപ്പി ആണെങ്കിലും ഒരണ്ണം രാവിലേ കിട്ടുന്നത് അല്ലെ…””

പതുക്കെ അടുക്കളയിലേക്ക് കയറുമ്പോൾ ചുറ്റും ഒന്ന് നോക്കി… അപരിചിതത്വം തോന്നുന്നു..”താൻ ജനിച്ചു വളർന്ന വീട്ടിലെ പഴയ അടുക്കളയുടെ സ്ഥാനത് ആധുനികതയുടെ കൈ ഒപ്പ് പതിഞ്ഞ മറ്റൊരു അടുക്കള….

കാപ്പി പൊടിയോ പഞ്ചസാരയോ ഒന്നും തിരിച്ചറിയാതെ വിറയ്ക്കുന്ന കൈകൾ ചുവർ അലമാര തുറന്നു തപ്പുമ്പോൾ കൈ തട്ടി പാത്രങ്ങൾ ഓരോന്നായി താഴേക്ക് വീണു….. അതിൽ പലതും പൊട്ടി തകർന്ന ശബ്ദം ആ വലിയ വീടിനെ ചെറുതായി ഒന്ന് പ്രകമ്പനം കൊള്ളിച്ചു..

അമ്മയ്ക്ക് ഇതെന്തിന്റെ സൂക്കേടാ.. “” ആ മുറിയിൽ എങ്ങാനും പോയി ഇരുന്നു കൂടെ.. “” എത്ര രൂപയുടെ പാത്രങ്ങൾ ആണ് തട്ടി പൊട്ടിച്ചിരിക്കുന്നത്.. “””” ശബ്ദം കേട്ട് വന്ന മരുമകൾ ആണ്.. “”

മോളെ.. “” അമ്മയ്ക്ക് തുള്ളി വെള്ളം കുടിക്കാഞ്ഞിട്ട് തൊണ്ട കത്തുന്നു.. നിന്നെ ഉണർത്താൻ തോന്നിയില്ല.. “”” മറുപടി നേർത്ത വിഷമത്തോടെ പറയുമ്പോൾ അവൾ താഴേക്ക് ഇരുന്നു കഴിഞ്ഞിരുന്നു…

ഓ പിന്നെ കാപ്പി കുടിക്കാൻ കുറച്ചു വൈകിയാൽ ഉടനെ അങ്ങ് ചത്ത് പോകില്ലേ….. “” ആകെ കിട്ടുന്ന ഒരു അവധി ദിവസം ആണ്.. അമ്മ അവിടെ എങ്ങാനും പോയി ഇരിക്കാവോ ഞാൻ ഇത് വൃത്തിയാക്കിയിട്ട് കാപ്പി ഇട്ട് തരാം.. “” പല്ല് കടിച്ചു പറയുന്നവൾക്ക് മുൻപിൽ മറു വാക്ക് ഇല്ലാത്തത് കൊണ്ട് പതിയെ മുറിയിലെക്ക്‌ നടന്നു….

എന്റെയും കൃഷ്ണേട്ടന്റെയും ലോകം.. “” ആ മുറിയിലെക്ക്‌ കയറുമ്പോൾ ഒഴുകി വന്ന കണ്ണുനീരിനെ പിടിച്ചു കെട്ടി… ആ ആത്മാവ് അവിടെ തന്നെ കാണും എന്റെ കണ്ണുനീർ കാണുമ്പോൾ ചിലപ്പോൾ കൃഷ്ണേട്ടനും കരയും….. “” പതുക്കെ കട്ടിലിലേക് ഇരുന്നു മേശപുറത്തു മക്കൾ മറന്നു തുടങ്ങിയ ചിത്രത്തിലെക്ക്‌ നോക്കി….

കൃഷ്ണേട്ടൻ.. “””

വീട്ടിലെ ഇളയ മകൾക്ക്‌ അച്ഛനും അമ്മയും വീട് നൽകുമ്പോൾ തനിക് ഒപ്പം ഈ കൂട്ടിലേക് ചേക്കേറിയ കൃഷ്ണേട്ടനും ഇന്ന് കൂട് വിട്ട് അകന്നു പോയിരിക്കുന്നു…””

പോകും മുൻപേ ഉള്ളതൊക്ക മക്കൾക്ക്‌ ആയി പകുത്തു നൽകുമ്പോൾ പാവവും ഓർത്ത് കാണില്ല ഇന്ന് പാതി മെയ്യ് ആയവൾ മക്കൾക്ക്‌ എല്ലാം ഒരു അധികപറ്റ് ആകുമെന്ന്.. “””” പതുക്കെ കൈ പൊന്തിച്ചു ആ ചിത്രത്തിൽ പതിയെ ഒന്ന് തലോടി..

അമ്മയ്ക്കുള്ള ബ്രേക്ക്‌ഫാസ്റ്റും ചോറും ചൂടാക്കി ഡൈനിങ് ടേബിളിൽ വച്ചിട്ടുണ്ട്.. “”അകത്തേക്ക് വന്ന മരുമകൾ കാപ്പി ടേബിളിൽ വച്ച് കൊണ്ട് പറയുമ്പോൾ ആ മുഖത്തേക്ക് സംശയതോടെ നോക്കി ആ അമ്മ..

ഞങൾ എല്ലാവരും കൂടി ഒന്ന് പുറത്ത് പോകുവാ….””എന്റെ സംശയത്തിന് ഉത്തരം എന്നോണം അവൾ പറഞ്ഞ് കഴിഞ്ഞിരുന്നു..

ഹഹ്..’ മോളെ എങ്കിൽ പോകുന്ന വഴിയിൽ അമ്മേ സൗമ്യ മോളുടെ അടുത്തോ രമ്യ മോളുടെ അടുത്തോ ഒന്ന് കൊണ്ട് ചെന്ന് ആക്കുവോ…”” പിള്ളേരെയൊക്കെ കണ്ടിട്ട് കുറെ ആയില്ലേ.. തിരക്ക് കാരണം അവർക്കും ഒന്ന് ഇങ്ങോട്ട് വരാൻ പറ്റുന്നില്ലല്ലോ.. “” ആകാംഷയോടെ അവളുടെ മുഖത്തേക്ക് നോക്കി അമ്മ…

അയ്യോ അമ്മേ ചേച്ചിമാരും ട്രിപ്പ്‌ പോകാൻ ഉണ്ട്… വല്യ അളിയൻ ദുബായിൽ നിന്നു വന്നപ്പോൾ തന്നെ തീരുമാനിച്ചതാ ഈ വൺഡേ ട്രിപ്പ്‌.. “” പിള്ളേർക്കും ഒരു സന്തോഷം ആകട്ടെ എന്ന് കരുതി ഞങൾ എല്ലാവരും കൂടെ പോകാം എന്ന് വച്ചു… “” അമ്മേ വേറെ ഒരു ദിവസം അങ്ങോട്ട് വിടാം…. “”

ആഹ്.. “‘ നന്നായി എല്ലാവരും ഉണ്ടല്ലോ..”” പോയി വാ മക്കളെ.. “” സൂക്ഷിച്ചു പോകണേ കുഞ്ഞുങ്ങളെ നോക്കിക്കോണേ… “”””താൻ പറയുന്നത് ഒന്നും തന്നെ ശ്രദ്ധിക്കാതെ അവൾ മുന്പോട്ട് പോകുമ്പോൾ നേർത്ത പുഞ്ചിരിയോടെ അവരുടെ കണ്ണുകൾ ആ ചിത്രത്തിലെക്ക്‌ നീണ്ടു….

മകന്റെ കാർ ദൂരേക്ക്‌ മറയുമ്പോൾ ജനൽ പടിയിൽ നിന്നു കൊണ്ട് ആയമ്മയുടെ കണ്ണുകൾ ഒന്ന് നിറഞ്ഞു…

ആഹ് യാത്ര പറയാൻ സമയം ഇല്ലാത്തത് കൊണ്ട് ആയിരിക്കും “””…. സ്വയം ഓരോന്ന് ചിന്തിച്ചവർ വലിയ വീടിലെ ഡൈനിങ് റൂമിലെക്ക്‌ എത്തി….”” അവര്ക്കായി കരുതി വെച്ച ഭക്ഷണം പളുങ്ക് പാത്രത്തിലേക്ക് നിരത്തുമ്പോൾ കണ്ണുകൾ വീണ്ടും നിറഞ്ഞുവോ..

ചിതൽ കാർന്നു തുടങ്ങിയ പഴയ അടുക്കളയിലെ കൊരണ്ടി പാലകയിൽ ഇരുന്ന് കൃഷ്ണേട്ടൻ വാരി തന്നിരുന്ന കാന്താരി ഉടച്ച പഴംകഞ്ഞിയുടെ രുചി ആ ചൂട് ഓട്സിൽ അവർ പരതി…. “”

ഇല്ല.. “” ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലാത്ത രുചി.. “”

കണ്ണുനീരിന്റെ ഉപ്പ് കൂടി ഓട്സിലേക്ക് പകരുമ്പോൾ മനസും ശരീരവും ഒരുപോലെ മടിച്ചു..”” പതുക്കെ പാത്രം തള്ളി നീക്കി ചുവരിൽ താങ്ങി മുറ്റത്തേക്ക് ഇറങ്ങി.. “”

ചുറ്റും ഒന്ന് കണ്ണോടിച്ചു.. “” എല്ലാം ഒരുപാട് മാറിയിരിക്കുന്നു….” പ്രായം കാലിനു കൂച്ചു വിലങ്ങു തീർത്തപ്പോൾ ശരീരം നാലു ചുവരിൽ തളയ്ക്കപെട്ടത് പെട്ടന്ന് ആയിരുന്നു…. “”” എങ്കിലും ഓർമ്മകൾക്ക്‌ കോട്ടം തെറ്റിയിരുന്നില്ല…..

കണ്ണുകൾ തെക്കേ പുറത്തേക്ക് നീളുമ്പോൾ ഉള്ളൊന്നു പിടച്ചു.. “”കൃഷ്ണേട്ടൻ ഉറങ്ങുന്ന മണ്ണ്..”” കാട് പിടിച്ചിരിക്കുന്നു അച്ഛനെ മറന്നു തുടങ്ങിയതിന്റെ ലക്ഷണം പോലെ… “” വിറയ്ക്കുന്ന ശരീരം ആണെങ്കിലും അറിയാതെ കാലുകൾ അവിടേക്ക് നീണ്ടു….

ചുറ്റും നിന്നിരുന്ന കാട്ടു ചെടികൾ കൈ കൊണ്ട് വലിച്ചു പറിക്കുമ്പോൾ വിരലുകൾക്ക്‌ ഇടയിൽ രക്തം പൊടിഞ്ഞു.. എങ്കിലും നീറ്റൽ തോന്നിയില്ല ഹൃദയത്തിനോളം വേദന ആ മുറിവിൽ ഉണ്ടാകാത്തത് ആണോ അതോ വിരലുകൾ മരച്ചു തുടങ്ങിയത് ആണോ… അറിയില്ല… “” പൊടിഞ്ഞു വന്ന രക്തതുള്ളികളെ വക വയ്ക്കാതെ വീണ്ടും കയറി പിടിച്ചത് മുൾചെടികളെ ആയിരുന്നു…

“””അമ്മു കുട്ടി.. “”

വശത്തു നിന്നും ഒരു വിളി കേട്ടതും ഞെട്ടലോടെ തല ഉയർത്തി ചുറ്റും ഒന്ന് നോക്കി…. “” മനസിന്റെ കോണിൽ ചിതൽ അരിച്ചു തീരാത്ത ആ ശബ്ദം…. ആ ശബ്ദത്തിനും വിറയൽ സംഭവിച്ചിരുന്നു….

രാമേട്ടൻ.. “”””

എന്തുവാടോ ഇത്.. “” ഈ വയ്യാത്ത താൻ ആണോ ഇതൊക്കെ ചെയ്യുന്നത്.. “”” ശാസനയുടെ രൂപത്തിൽ അടുത്തേക്ക് വരുന്നയാളെ പാട പിടിച്ച കണ്ണു കൊണ്ട് ഉഴിഞ്ഞു…

ചുക്കി ചുളിഞ്ഞ ദേഹത്തെ ഒരു വടിയിൽ താങ്ങി നടന്നടുത്തു വരുന്ന മനുഷ്യൻ.. “വന്നപാടെ ഉടുത്തിരുന്ന മുണ്ടിന്റെ കഷ്ണം വിറയലോടെ കീറി അവരുടെ രക്തതുള്ളികൾക്ക് വിലങ്ങു തീർക്കുമ്പോൾ ശാസനയോടെ ഒന്ന് നോക്കി….

കൃഷ്ണൻ ഉണ്ടായിരുന്നു എങ്കിൽ ഒരു മുള്ള് കൊള്ളാൻ സമ്മതിക്കുവോ തന്റെ ഈ കൈയിൽ….””

രാമേട്ടൻ.. “‘ അടഞ്ഞു കിടക്കുന്ന ഗേറ്റിലേക്കും ആ മുഖത്തേക്കും അത്ഭുതത്തോടെയും നേരിയ ഭയത്തോടെയും നോക്കുമ്പോൾ രാമേട്ടൻ ഒന്ന് ചിരിച്ചു…

ചത്തിട്ടില്ലടോ..”” എന്തൊക്കെയോ കാണാൻ ഇനിയും ബാക്കി ആക്കിയിട്ടുണ്ട് ദൈവം.. “”താൻ വാ..” പതുക്കെ കൈ പിടിച്ചു മുൻപോട്ട് നടത്തുമ്പോൾ പഴയ ബാല്യകാല സുഹൃത്തിനെ ഒന്ന് കൂടി നോക്കി..

ചുറ്റു മതിലുകൾ നമുക്ക് മറ തീർക്കുമ്പോൾ നന്മുടെ പഴയ ചിറ കെട്ടി പൊക്കാൻ മറന്നു നിന്റെ മക്കളും എന്റെ മക്കളും..”” ഹഹ.. ഹഹ.. “” ചിരിച്ചു കൊണ്ട് പറമ്പിന്റെ അങ്ങേ മൂലയിൽ അല്പം ഉന്തിയ ചിറ കെട്ടിലേക്ക് കൈ പിടിച്ചു ഇരുത്തി.. “”

ഓർക്കുന്നുണ്ടോടോ കൃഷ്ണനും താനും എന്റെ ഭാനുവും കൂടി സൊറ പറഞ്ഞിരുന്ന സായാഹ്നം…””ഹഹ്..” ആദ്യം എന്റെ ഭാനു പോയി പിന്നെ നിന്റ കൃഷ്ണേട്ടൻ… “”പറയുന്നതിന് ഒപ്പം അയാൾ വശത്തെ കാട് പറിച്ചെടുത്തു..

മൊത്തം കാട് കയറി.. അപ്പുറത്തു കൂടി റോഡ് വരുന്നത് കൊണ്ട് ഇവിടെ മതില് കെട്ടാൻ കഴിഞ്ഞില്ല പിള്ളേർക്ക്..”അത് കൊണ്ട് പിള്ളേരൊക്കെ പോയി കഴിഞ്ഞു ഇടയ്ക്ക് ഒക്കെ ഇവിടെ വരെ വരും… ചുമ്മാ കുറച്ചു നേരം പഴയതൊക്കെ ഓർത്തിരിക്കുമ്പോൾ മനസിന്‌ ഒരു ആശ്വാസം ആണെടോ..”” ആയാളും അവർക്ക് ഒപ്പം ഇരുന്നു…

വരുമ്പോൾ തന്റെ വീട്ടിലേക്ക് നോക്കും പക്ഷെ തന്നെ കാണാൻ കഴിയില്ല.. “”കൃഷ്ണനോട് എന്തെങ്കിലും പറഞ്ഞങ്ങു പോകും…”” ഇന്ന് വന്നത് കൊണ്ട് തന്നെ ഒന്ന് കാണാൻ പറ്റി.. “” അവരെ കണ്ട ആവേശത്തിൽ ഓരോന്നും പറഞ്ഞ് കൊണ്ട് ഇരുന്നു അയാൾ…

താൻ ഓർക്കുന്നുണ്ടോടോ നമ്മുടെ കുട്ടിക്കാലം.. “” പള്ളികൂടത്തിൽ പോകാൻ മടിച്ചു നിന്ന തന്നെ വലിച്ചു കൊണ്ട് ആയിരുന്നു ഞാൻ പോയത്.. “”””പുളി മാങ്ങയും പേരയ്ക്കയും ഒരുമിച്ചു പങ്കിട്ടു… അന്നൊന്നും ആരും നമുക്ക് ഇടയിൽ മതിൽ കെട്ടിയില്ല..ഹഹ്.. ”

ഞാൻ തരുന്ന പ്രേമലേഖനങ്ങൾ പോലും ആരും കാണാതെ താൻ എന്റെ ഭാനുവിന് നൽകി.. “”ഓർക്കുന്നുണ്ടോ അതൊക്കെ…”” ചിരിയോടെ അയാൾ ചോദിക്കുമ്പോൾ അവരും ഉറക്കെ ചിരിച്ചു..

ഹഹ.. ഹഹ.. “”പിന്നെ ഓർക്കാതെ ആണോ…. “” ഭാനു എന്റെ അയല്പക്കത്തെക്ക്‌ തന്നെ വരുന്നു എന്ന് അറിഞ്ഞപ്പോൾ എന്റെ സന്തോഷത്തിന് അതിര് ഇല്ലായിരുന്നു രാമേട്ടാ.. “”

അതെടോ കൃഷ്ണനും താനും ഞാനും ഭാനുവും നമ്മുടെ കുട്ടികളും എല്ലാവരും ഒരുമിച്ച് ഒരു ലോകം ആയിരുന്നു…” പക്ഷെ ഇന്ന് അവർ സ്വന്തം കാലിൽ നിന്നു തുടങ്ങിയപ്പോൾ എല്ലാം എല്ലാവരും മറന്നു… ഒരു ചിരിയിൽ മാത്രം ഒതുങ്ങി അവരുടെ ലോകം അവിടെ നമ്മൾ ഒരു അധികപറ്റും…. ” ഹഹ് “” അയാൾ ശ്വാസം എടുത്തു വിടുമ്പോൾ അവർ അയാളെ തന്നെ നോക്കി..

രാമേട്ടാ കുട്ടികൾ..?

ഇവിടുത്തെ പോലെ തന്നെ.. ” അച്ഛൻ എന്നത് അവർക്ക് ഒരു ഭാരം തന്നെ ആണെടോ…പിന്നെ മുഖത്തു നോക്കി പറയുന്നില്ല എന്ന് മാത്രം…. ആഹ് വടി കുത്തി പിടിച്ചു പോകാൻ പറ്റുന്ന ഇടത്തോളേം പോകണം…””

പതുക്കെ എഴുനേറ്റ് അയാൾ കാട് പിടിച്ചു കിടക്കുന്ന പറമ്പിലേക് നോക്കി… “” കൃഷ്ണനെ പോലെ ആർക്കും വേണ്ടാതെ കാട് പിടിച്ചു കിടക്കാൻ ഒരുപക്ഷെ നമുക്കും സമയം ആയെന്നു തോന്നുന്നേടോ…

ആഹ് താൻ വാ വീട്ടിലേക് കയറ്റി വിടാം വേറെ എങ്ങും തട്ടി തടഞ്ഞു വീഴണ്ട.. “‘ അയാൾ പതുക്കേ അവരുടെ കൈയിൽ പിടിച്ചു…..

ആ വലിയ വീടിനുള്ളിലേക്ക് അവരെ കയറ്റി വിട്ടു കൊണ്ട് തിരികെ പോകുമ്പോൾ ഒരിക്കൽ കൂടി അയാളുടെ കണ്ണുകൾ തെക്കേ പറമ്പിലേക് നീണ്ടു അവർ വലിച്ച് പറിച്ചെടുത്ത വള്ളികൾക് ഇടയിൽ തെളിഞ്ഞു കിടക്കുന്ന നേർത്ത വര.. കൃഷ്ണന്റെ കുഴി മാടം…

അച്ഛൻ എന്താ അമ്മുകുട്ടി അമ്മയെ കാണാൻ പോകുന്നില്ലേ.. നിങ്ങൾ ഭയങ്കര കൂട്ട് ആയിരുന്നല്ലോ..””പുറത്ത് നിന്നും മുറിയിലേക് കയറി വന്ന മകൾ അല്പം കളിയാക്കി ചോദിക്കുമ്പോഴും അയാളുടെ കണ്ണുകൾ ജനൽ വഴി ആ പറമ്പിലേക് നീണ്ടു…. അമ്മുകുട്ടി വെട്ടി തെളിച്ചതിന്റെ ബാക്കി തെളിച്ചു തുടങ്ങിയ പണിക്കാർ…

അതിന് ഒപ്പം പറഞ്ഞുറപ്പിച്ചത് പോലെ തെക്കേ പറമ്പിലെ മാവ് വെട്ടി വീഴുന്ന ശബ്ദം..””

ഇന്നലെ രാജീവേട്ടനും സുമയും പുറത്ത് പോയിട്ട് വരുമ്പോൾ കണ്ടത് അനക്കം ഇല്ലാതെ കിടക്കുന്ന അമ്മുകുട്ടി അമ്മയെയാ ചേച്ചി..” അപ്പോൾ തന്നെ അവർക്ക് മനസിൽ ആയി പോയെന്ന്…” അല്ലങ്കിൽ തന്നെ ഇങ്ങനെ കിടന്നിട്ട് എന്തിനാ മനസുറപ്പിച്ചു ആർകെങ്കിലും എങ്ങോട്ടെങ്കിലും പോകാൻ കഴിയുമോ.. അധികം കിടക്കാതെ പോയത് നന്നായി.. “”

പുറത്തെ ഹാളിൽ നിന്നും അയാൾ കേൾക്കാൻ പാകത്തിന് മരുമകളുടെ ശബ്ദം ഉയരുമ്പോൾ അയാളുടെ കണ്ണുകൾ തെക്കേ പറമ്പിലെ ബാക്കി നിൽക്കുന്ന മാവിലേക് നീണ്ടു…..

ഇനി നീയും ഞാനും മാത്രം ബാക്കി…… ആ ചുണ്ടുകൾ ചിരിയോടെ മന്ത്രിക്കുമ്പോൾ അപ്പുറത്തെ പറമ്പിൽ കൃഷ്ണേട്ടന് ഒപ്പം അമ്മുകുട്ടിയും ഒരുപിടി ചാരം ആയി മാറി കഴിഞ്ഞിരുന്നു…