കൂട്ടത്തിൽ എന്റെയൊരു ബ്ലൗസും കൂടൊന്നു തേച്ചേയ്ക്കണേ, ബ്ലൗസ് ഞാനാ അയേൺ ടേബിളിൽ..

പെൺകോന്തൻ
(രചന: Mejo Mathew Thom)

“എന്താടോ സണ്ണിച്ചാ മുറ്റമടിയാണോ…? ”

വെളുപ്പാൻകാലത്തെ കൊളസ്‌ട്രോൾ കുറയ്ക്കാനായി നടക്കാൻ പോകുന്നു എന്നപേരിൽ കുറച്ച് പഞ്ചാരയടിക്കലും കുറച്ചധികം ദർശനസുഖവും നടത്തിയശേഷം

തിരിച്ചുവന്ന തോമാച്ചൻ അയൽവാസിയായ സണ്ണിച്ചൻ മുറ്റമടിയ്ക്കുന്നതുകണ്ടു ഒന്ന് ആക്കികൊണ്ടു ചോദിച്ചു..

“ഓ… ഒന്ന് ചൂണ്ടയിടുവാരുന്നു തോമാച്ചാ… താനീ വെളുപ്പാൻ കാലത്ത് റോഡിൽ പോയി വലയെറിയുമ്പോൾ നമ്മളീ വീട്ടിലിരുന്നു ചൂണ്ടയെലും ഇട്ടോട്ടെടോ.. ”

തോമാച്ചന്റെ ചോദ്യത്തിലെ കളിയാക്കൽ മനസിലാക്കി അതിലും ഒരുപടി കൂട്ടിയായിരുന്നു സണ്ണിച്ചന്റെ മറുപടി..

“ഇച്ചായോ… ഇച്ചായന്റെ ഷർട്ടും പാൻസും തേക്കുന്ന കൂട്ടത്തിൽ എന്റെയൊരു ബ്ലൗസും കൂടൊന്നു തേച്ചേയ്ക്കണേ…ബ്ലൗസ് ഞാനാ അയേൺ ടേബിളിൽ വച്ചിട്ടുണ്ട്.. ”

അവരുടെ സംസാരത്തിനിടയിലാണ് അടുക്കളയിൽ നിന്നുകൊണ്ടുള്ള സണ്ണിച്ചന്റെ ഭാര്യ സൂസമ്മയുടെ ഈ വിളിച്ചുപറയൽ..

അതും കൂടെ കേട്ടപ്പോൾ തോമാച്ചന് ഒന്നുടെ ആവേശമായി.. സണ്ണിച്ചനെ ശരിയ്ക്കുമോന്നുകളിയാക്കാനുള്ള അവസരം കിട്ടിയല്ലോ..

“എന്റെ സണ്ണിച്ചാ താനാ മുറ്റമടിയൊക്കെയൊന്ന് നിറുത്തി.. ഇങ്ങോട്ട് വന്നേ ഞാനൊരു കാര്യം പറയട്ടെ.. ”

റോഡിൽ നിന്നും ഗെയ്റ്റിനടുത്തേയ്ക് കേറിനിന്നുകൊണ്ടു തോമാച്ചൻ പറഞ്ഞു

“എന്നതാ തോമാച്ചാ കാര്യം…? ”
ജോലി തടസപ്പെട്ടതിന്റെ ചെറിയൊരു മുഷിച്ചിൽ അയാളുടെ ചോദ്യത്തിലുണ്ടായിരുന്നു

“താനെന്റെ അയൽക്കാരനായതുകൊണ്ടുള്ള സ്നേഹംകൊണ്ട് പറയുവാ…”

എന്നും പറഞ്ഞു അടുക്കള ഭാഗത്തേയ്ക്കൊന്നു എത്തി നോക്കിയ ശേഷം തോമാച്ചൻ വീണ്ടും പറഞ്ഞു തുടങ്ങി

” നിങ്ങൾ ഇവിടെ താമസം തുടങ്ങിട്ടു അധികം കാലമായില്ലലോ പക്ഷെ ഇപ്പോൾ തന്നെ നാട്ടുകാരൊക്കെ അടക്കിപ്പറയുന്നതു താനൊരു ‘പെൺകോന്തനാണെന്നാ’..

‘അവളുടെ പാവടച്ചരടിൽ കെട്ടിയിട്ടേക്കുവാ അയാളെ എന്നൊക്കെയാ..’

താനീ രാവിലത്തെ വീട്ടുപണിയൊക്കെ നിറുത്തി എന്റെ കൂടെ നടക്കാൻ വാ..ഈ പണിയൊക്കെ പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാന്നെ..”

സണ്ണിച്ചന്റെ മുഖത്തേയ്ക്ക് ഒന്ന് പാളിനോക്കികൊണ്ടു അയാൾ പറഞ്ഞു നിറുത്തി.. അതുകേട്ടു സണ്ണിച്ചന്റെ മുഖം ചിന്താമഗ്നമായി…

“താൻ പറഞ്ഞത് ശരിയാ..ഞാൻ ഒരു പെൺകോന്തൻ തന്നെയാ..” ഒന്ന് നിറുത്തിയ ശേഷം എന്തോ ആലോചിച്ചു കൊണ്ടു സണ്ണിച്ചൻ ചോദിച്ചു..

“തന്റെ ഭാര്യ ഹയർസെക്കണ്ടറി സ്കൂൾ ടീച്ചർ..താനാണെങ്കിൽ ഒരു പ്ലാന്റർ..അല്ലെ..? ”

“പ്ലാന്റർ എന്നൊക്കെപറഞ്ഞു താനെന്നെ വലുതാക്കല്ലേ..ഒരു ഇടത്തരം കർഷകൻ..”

സ്വയം ഒന്ന് എളിമപ്പെടുത്തിയ ശേഷം തോമാച്ചൻ തുടർന്നു

“വിദ്യാഭ്യാസത്തിലും..വരുമാനത്തിലും അവൾ എന്നെക്കാളും മുൻപിൽ തന്നെയാ പക്ഷെ വീട്ടിൽ ഞാൻ തീരുമാനിയ്ക്കും പോലെയാണ് കാര്യങ്ങൾ”

വിജയീഭാവത്തിൽ അയാൾ പറഞ്ഞു നിറുത്തി ശേഷം സണ്ണിച്ചന്റെ മുഖത്തേക്കൊന്നു നോക്കി…
അൽപ്പനേരം ആലോചിച്ചശേഷം സണ്ണിച്ചൻ പറഞ്ഞു തുടങ്ങി…

“തോമാച്ചാ…ഇത്രനാളും ശ്രെദ്ധിച്ചിട്ടില്ലെങ്കിൽ ഇനിയൊന്നു താൻ ശ്രെദ്ധിയ്ക്കണം..രാവിലെ തന്റെ ഭാര്യ ജോലിക്ക് പോകാനുള്ള ഇറങ്ങൽ…

ഞാൻ പലപ്പോഴും കാണാറുണ്ട്… വെളുപ്പിനെ എഴുനേറ്റു തന്റെയും പിള്ളാരുടെയും കാര്യങ്ങൾ നോക്കിയശേഷം അതിനിടയിൽ സ്വന്തം കാര്യങ്ങളും നോക്കി..

ജോലിക്കുപോകാനുള്ള അവസാന നിമിഷത്തിലെ അവരുടെ ഓട്ടം…

പിന്നെ തന്നെ സംബന്ധിച്ചിടത്തോളം ഒരു ആവശ്യമില്ലാത്തതാണ് ഈ നടക്കാൻ പോകൽ കാരണം..

രാവിലെ തന്റെ ഭാര്യയെ അല്പമെങ്കിലും സഹായിച്ച ശേഷം സ്വന്തം പറമ്പിൽ പോയി ദിവസവും കുറച്ച് പണിയൊക്കെയെടുത്താൽ തീരാവുന്നതേയുള്ളു തന്റെ ആരോഗ്യ പ്രശ്നങ്ങൾ….”

മുഖത്തടിച്ചപോലെ സണ്ണിച്ചൻ പറഞ്ഞു നിറു്ത്തുമ്പോൾ… അയാൾക്ക്‌ മറുപടിയില്ലായിരുന്നു.. അതുകൊണ്ടുതന്നെ സണ്ണിച്ചൻ തുടർന്നു…

” ഞങ്ങളുടെ ജീവിതത്തിലെ സുഖവും.. ദുഖവും.. സന്തോഷവും.. ജോലിഭാരങ്ങളും.. എല്ലാം തന്നെ ഞങ്ങൾ ഒരുമിച്ചാണ് പങ്കുവയ്ക്കാറുള്ളത്‌…

അതു കൊണ്ടു തന്നെ ഞങ്ങൾക്കിടയിൽ ഭാര്യയുടെ ജോലി ഭർത്താവിന്റെ ജോലി എന്നൊന്നുമില്ല.. ഇനി ഒന്ന് തുണിയലക്കിയതു കൊണ്ടോ..

മുറ്റമടിച്ചതുകൊണ്ടോ നാട്ടുകാർക്കു മുന്നിൽ ഞാനൊരു പെൺകോന്തൻ ആകുവാണെങ്കിൽ അതിൽ എനിക്ക് പരാതിയൊന്നുമില്ല കാരണം എന്റെ ഭാര്യ എന്നയാൾ എന്റെ ജീവിത പങ്കാളിയാണ് അല്ലാതെ വേലക്കാരിയല്ല…”

സണ്ണിച്ചൻ പറയുന്നതും കേട്ടു വാപൊളിച്ചു നിൽക്കാനല്ലാതെ തോമാച്ചന് മറുപടിയൊന്നുമില്ല.. അതിനിടയിലാണ്

“ഇച്ചായാ…ഡ്രസ്സ്‌ ഞാൻ തേച്ചിട്ടുണ്ട്… ഞാൻ റെഡി ആകാൻ പോകുവാ.. ഇച്ചായൻ കുളിച്ചിട്ടുവാ..”

അടുക്കളയിൽ നിന്നുമുണ്ടായ സൂസമ്മയുടെ അടുത്ത വിളിച്ചു പറയൽ…

അതിൽ നിന്നും തോമാച്ചന് എന്തൊക്കെയോ ചെറുതായ് മനസിലായിത്തുടങ്ങി..അയാളുടെ ചിന്തയിലൂടെ തന്റെ ദമ്പത്യത്തിലെ പല സീനുകളും കടന്നുപോയി…

“തോമാച്ചാ എന്നാൽ വൈകിട്ടു കാണാം ഞങ്ങൾക്ക് ജോലിയ്ക്കു പോകാൻ ടൈം ആയി..”

തോമാച്ചന്റെ ആലോചനയ്ക്കിടയിൽ കയറി പറഞ്ഞശേഷം അയാൾ മുറ്റമടിച്ചു കൊണ്ടിരുന്നത് പൂർത്തിയാക്കുവാനായി പോയി…

ചില പുതിയ നല്ല തീരുമാനങ്ങളുമായി തോമാച്ചൻ തന്റെ വീട്ടിലേക്കും….

Leave a Reply

Your email address will not be published. Required fields are marked *