തന്നിലെ സ്ത്രീത്വത്തെ തിരിച്ചറിഞ്ഞതു മുതൽ അനുഭവിക്കുന്ന അവഗണനയും നാണക്കേടും..

(രചന: J. K)

തന്നിലെ സ്ത്രീത്വത്തെ തിരിച്ചറിഞ്ഞതു മുതൽ അനുഭവിക്കുന്ന അവഗണനയും നാണക്കേടും ആണ്…

ഒരു പുരുഷനായി ജനിച്ചിട്ടും ഉള്ളിൽ കൊണ്ട് നടന്നത് ഒരു പൂർണ സ്ത്രീയെയാണ്.. പലപ്പോഴും പല വിധത്തിൽ അത് പ്രകടമാക്കിയതാണ്..

പക്ഷേ അതിന്റെ പേരിൽ കൊടും പീഡനങൾ വരെ അനുഭവിക്കേണ്ടിവന്നു…

എതിർപ്പുകൾ അത്രയ്ക്കായിരുന്നു…
പൂർണ്ണമായും ഒരു സ്ത്രീയിലേക്ക് മാറാനായിരുന്നു മോഹം…

പക്ഷേ നാണക്കേടു കൊണ്ട് അച്ഛൻ പിന്നെ ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞപ്പോൾ ആ തീരുമാനം മാറ്റേണ്ടി വന്നു…

ഉള്ളിൽ പിടഞ്ഞ് ശ്വാസംമുട്ട് ഒരു സ്ത്രീത്വത്തെയും കൊണ്ട് പുരുഷന്റെ രൂപത്തിൽ അങ്ങനെ നടന്നു…

ആര്യൻ എന്നുള്ള തന്റെ പേരിനെ പോലും പലതവണ ആര്യ എന്നെഴുതി തൃപ്തിയടഞ്ഞു…

ചേച്ചിയുടെ കുങ്കുമ പൊട്ടും ചന്ദനക്കുറിയും അണിഞ്ഞ അവളുടെ വളകൾ എടുത്തിട്ട് കണ്ണാടിക്കുമുന്നിൽ എനിക്കുമാത്രം കാണാനായി ഞാനൊരു പെണ്ണായി..

അത്രയൊക്കെയേ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ..

പക്ഷേ ആ സമയത്ത് എനിക്ക് കിട്ടുന്ന ഒരുതരം നിർവൃതി അതിന് പറഞ്ഞറിയിക്കാനാകാത്ത സുഖമായിരുന്നു… മറ്റുള്ളവർക്കു വേണ്ടി ഞാനത് ത്യജിച്ചു…

ഒടുവിൽ ജോലിസംബന്ധമായി ബാംഗ്ലൂരിലേക്ക് പോരേണ്ടി വന്നു..
ഒരു പറിച്ചു നടൽ…

അവിടെ ഒരു കൂട്ടുകാരനെ കിട്ടി…

നോയൽ “”””

അവനും ആയി ആണ് ഫ്ലാറ്റ് ഷെയർ ചെയ്തിരുന്നത്…

നോയൽ എന്റെ കമ്പനിയിൽ അല്ലായിരുന്നു.. എങ്കിലും പോക്കും വരവും ഒക്കെ അവന്റെ ബൈക്കിന് മുകളിൽ ആയിരുന്നു..

ഒരുപാട് ഒന്നും സംസാരിക്കാത്ത ആളായിരുന്നു നോയൽ എങ്കിലും
ഞങ്ങൾക്കിടയിൽ എന്തോ ഒരു അടുപ്പം നിലനിന്നു…

ഒരുപാട് സംസാരിച്ചില്ലെങ്കിലും ഞങ്ങളെ ബന്ധിപ്പിക്കുന്ന എന്തോ ഒന്ന് ഉണ്ട് എന്ന് പലപ്പോഴും തോന്നിയിരുന്നു… അവൻ എന്റെ ചെറിയ ചില കാര്യങ്ങളിൽ പോലും ഭയങ്കരമായി ശ്രദ്ധ ചെലുത്തിയിരുന്നു..

അത് കാണേ എന്റെ ഉള്ളിൽ സന്തോഷം…

എന്ത് ചെയ്യുമ്പോഴും അവനെ നന്നായി എന്ന് പറയുമ്പോൾ എങ്ങും കിട്ടാത്ത ഒരു ആത്മനിർവൃതി ഞാനറിഞ്ഞു…

അവനു മാത്രം എന്നിൽ എന്തോ ഒരു പ്രത്യേക സ്വാധീനമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു…

അവന് തിരിച്ച് ഞാൻ എങ്ങനെയാണെന്ന് ഉള്ളതായിരുന്നു എനിക്ക് സംശയം പക്ഷേ….

അവൻ എന്നെ എന്നെക്കാൾ നന്നായി മനസ്സിലാക്കി എന്ന് ഞാൻ അറിഞ്ഞത് അന്ന് ഒരു ദിവസം എന്റെ പിറന്നാൾ ദിനത്തിൽ ആയിരുന്നു…

പിറന്നാൾ കേക്കിനൊപ്പം അവൻ തന്ന ഗിഫ്റ്റ് അഴിച്ചു നോക്കുമ്പോൾ അക്ഷരാർഥത്തിൽ ഞാൻ ഞെട്ടിപ്പോയി..

കറുത്ത കരയോടു കൂടിയ ഒരു ചുമന്ന സാരി..

എന്നും എന്റെ ഇഷ്ടപ്പെട്ട നിറം….
ഒപ്പം ഒരു കരിമണി മാലയും കുറച്ചു കുപ്പിവളകളും…

മിഴികൾ നിറഞ്ഞൊഴുകിയിരുന്നു എന്നത് അവൻ അത് തുടച്ചു തന്നെപ്പോഴാണ് മനസ്സിലായത്…

എന്റെ ഉള്ളിലെ യഥാർത്ഥ എന്നെ അവൻ എങ്ങനെയാണ് തിരിച്ചറിഞ്ഞത് എന്നോർത്ത് എനിക്ക് അത്ഭുതം തോന്നി.. അവൻ കൊണ്ട് തന്നത് എല്ലാം മനസ്സുനിറഞ്ഞ് ഞാനണിഞ്ഞു…

മുമ്പിൽ ചെന്നു നിന്നു…

അവനെന്നെ ചേർത്ത് പിടിക്കുമ്പോൾ ആ കരുതലിനു ഒരുപാട് അർത്ഥം തോന്നിയിരുന്നു എനിക്ക്…

എന്റെ ഉള്ളിലെ എന്നെ തളച്ചിടാതെ അതിന് പുതിയ മാനം നൽകിയ അവനോട് എനിക്ക് അപ്പോൾ ബഹുമാനവും ആരാധനയും തോന്നി….

എന്റെ മനസ്സിൽ അവൻ ഒരു ഹീറോ ആയി മാറുകയായിരുന്നു അപ്പോൾ
നാളുകൾ കഴിഞ്ഞുപോയി പുറത്ത് ഞാൻ ആര്യനും വീട്ടിൽ അവന്റെ മാത്രം ആര്യയും ആയി….

അവർ എന്നോട് പറഞ്ഞിരുന്നു തനിക്ക് ഇതാണ് താല്പര്യമെങ്കിൽ പുറത്തും തനിക്ക് ഈയൊരു രീതിയിൽ നടക്കാം എന്ന്….

പക്ഷേ അപ്പോൾ അച്ഛന്റെ ഭീഷണി ഓർമ്മവരും.. നിരാശയോടെ അവനോട് ഞാൻ പറയും വേണ്ട എന്ന്.

ഇങ്ങനെയൊക്കെ മതിയെന്ന്..

ഓഫീസിൽ പോകുമ്പോൾ വീടെത്തും വരെയും ശ്വാസംമുട്ടൽ ആണ്…

ഞാൻ ഞാൻ ആയിത്തീരാൻ…

എന്നെ അംഗീകരിക്കുന്ന ഒരാളെങ്കിലും ഈ ലോകത്ത് ഉണ്ടല്ലോ എന്ന യാഥാർത്ഥ്യം എനിക്ക് ചെറുതൊന്നുമല്ലായിരുന്നു ആശ്വാസം തന്നത്…..

ഞങ്ങൾക്കിടയിലെ ബന്ധം ദൃഢമായി തന്നെ തുടർന്നു ആ ബന്ധത്തിന് എന്ത് പേരിട്ടു വിളിക്കണം എന്ന് അറിയില്ലായിരുന്നു….

അവർ എന്റെ ഒരു നല്ല സുഹൃത്താണ് പക്ഷേ അതിലും കവിഞ്ഞ് അവനോട് എന്തോ ഒരു താൽപര്യം എനിക്ക് എന്നോ തോന്നി തുടങ്ങിയിരുന്നു….

അത് അവനോട് തുറന്നു പറയാൻ കുറെ നാളായി ഞാൻ ഒരുങ്ങുന്നു….

പക്ഷേ അവനോട് പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഏത് രീതിയിൽ എടുക്കും എന്ന് എനിക്കറിയില്ലായിരുന്നു…
എന്നിലെ സ്ത്രീത്വത്തെ തിരിച്ചറിഞ്ഞവൻ….

എന്റെ പൂർണതയ്ക്കായി കൂടെ നിന്നവൻ.. എനിക്ക് എല്ലാവിധ സപ്പോർട്ട് നൽകുന്നവൻ..

അങ്ങനെ ഒരു കൂട്ടുകാരനെ എന്റെ മനസ്സിൽ തോന്നിയ ഒരു മോഹത്തിന്റെ പേരിൽ അകറ്റാൻ ഞാൻ തയ്യാറായിരുന്നില്ല…..

അതുകൊണ്ടുതന്നെ അവനോട് എല്ലാം തുറന്നു പറയുന്നതിൽ നിന്നും ഞാൻ സ്വയം എന്നെ വിലക്കി..

കാരണം അവൻ നെഗറ്റീവ് ആയി എന്തെങ്കിലും പറഞ്ഞാൽ അത് എനിക്ക് താങ്ങാവുന്നതിലും അപ്പുറത്താകുമായിരുന്നു….

പതിയെ അവനോടുള്ള ഇഷ്ടം ഉള്ളിൽ കിടന്നു വിങ്ങി…

അവന്റെ മുന്നിൽ ഒളിച്ചു കളിക്കാൻ തുടങ്ങി…

പിന്നീട് അവനെ ഫെയ്സ് ചെയ്യാൻ വയ്യാതായി…. കാരണം ഉള്ളിലുള്ളത് എപ്പോഴെങ്കിലും അറിയാതെ പറഞ്ഞു പോകുമോ എന്നായിരുന്നു ഭയം…..അത്രത്തോളം…. അത്രത്തോളം….അവൻ എന്റെ മനസ്സിൽ കയറി കൂടിയിരുന്നു…

ഒരുവേള അവനെ നഷ്ടപ്പെടുന്നതിനെ പറ്റി എനിക്ക് ചിന്തിക്കാൻ പോലുമാവാത്ത ഒരു സ്റ്റേജ് ആയി…

എന്നിലെ നിരാശയും അവനിൽ നിന്നുള്ള ഒഴിഞ്ഞു മാറ്റവും അവനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു….

ആദ്യമൊന്നും അവൻ എന്റെ അടുത്ത് ഒന്നും ചോദിച്ചില്ല…. പിന്നീട് അവൻ എന്നോട് പലതവണയായി ചോദിക്കുന്നു നിനക്ക് എന്താണ് പറ്റിയത് എന്ന്…..

ഒടുവിൽ ഒരു ദിവസം എനിക്കെല്ലാം പറയേണ്ടിവന്നു, അവനോട് എനിക്കുള്ള പ്രത്യേക താല്പര്യത്തെ കുറിച്ച്….. അവനില്ലാതെ ഭ്രാന്ത് പിടിക്കുന്ന എന്റെ അവസ്ഥയെക്കുറിച്ച്….

എല്ലാം കേട്ടാൽ അവൻ എന്നെ വെറുക്കും എന്നാണ് കരുതിയത് പക്ഷെ അവൻ എന്നെ ചേർത്ത് പിടിക്കുകയാണ് ഉണ്ടായത്…

വീട്ടിൽ പോയി രണ്ടുപേരുംകൂടി സംസാരിച്ചു നോക്കി അവർക്കെല്ലാം എതിർപ്പായിരുന്നു…..

ഇറക്കി വിടുന്നതിനു മുമ്പ് അവനെയും കൂട്ടി ഞാൻ ഇറങ്ങിപ്പോന്നു…. അവന്റെ വീട്ടിലും അങ്ങനെ തന്നെയായിരുന്നു….

അവർക്കാർക്കും ഞങ്ങൾ തമ്മിലുള്ള ബന്ധം അംഗീകരിക്കാൻ കഴിഞ്ഞില്ല…

അപ്പോഴും അവൻ എന്നെ ചേർത്ത് പിടിച്ചു എനിക്ക് എല്ലാം ആയി അവൻ കൂടെ ഉണ്ടാവും എന്ന് പറഞ്ഞു എന്നോട് വിഷമിക്കരുത് എന്ന് പറഞ്ഞു…

അവനു താങ്ങായി ഞാനും നിന്നു…

ഇപ്പോൾ ഞാൻ ആര്യയാണ്…… വീട്ടിനകത്ത് ഒരു മുറിക്കുള്ളിൽ വാതിൽ കുറ്റിയിട്ടു രഹസ്യം ആയിട്ടല്ല….
പരസ്യമായിത്തന്നെ…

എന്റെ ഉള്ളിലെ സ്ത്രീത്വത്തെ തുറന്നു വിടാൻ എനിക്ക് ഊർജ്ജമായി അവൻ എപ്പോഴും കൂടെ ഉണ്ടായിരുന്നു….

പതിവുപോലെ ഉള്ള കളിയാക്കലും കുറ്റപ്പെടുത്തലുകളും ഒഴിച്ചാൽ ഇപ്പോൾ ഞങ്ങളുടെ ജീവിതം സന്തോഷകരമാണ്…

പരസ്പരം സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും ആർക്കും ഒരു ഉപദ്രവവും ചെയ്യാതെ ഞങ്ങൾ ഇങ്ങനെ മുന്നോട്ടു പോകുന്നു…..

തങ്ങൾ പറയുന്നത് മാത്രമാണ് ശരി അല്ലെങ്കിൽ തങ്ങൾ കണ്ടു വളർന്നത് മാത്രമാണ് ശരി എന്ന് ശഠിക്കുന്ന ഒരു ലോകത്തിനു മുമ്പ് ഇത്തിരി വ്യത്യസ്തമായവർ എന്നും പുറന്തള്ളപ്പെട്ടിട്ടെ ഉള്ളൂ….

അവരുടെ വികാരങ്ങളും വിചാരങ്ങളും ഒന്നും ആരും പരിഗണിക്കാറില്ല…

അടിച്ചമർത്താറെ ഉള്ളൂ… തന്റെ സ്വത്വം തിരിച്ചറിഞ്ഞിട്ടും മറ്റുള്ളവർക്ക് വേണ്ടി വീർപ്പു മുട്ടി കഴിയുന്നവർ എത്രയോ ഉണ്ട് ഇപ്പോഴും….

എന്നെങ്കിലും കിട്ടിയേക്കാവുന്ന ഒരു മോക്ഷവും കാത്ത്…..

Leave a Reply

Your email address will not be published.