അവൾ ഗർഭിണിയായതു മുതൽ എന്നേക്കാൾ കൂടുതൽ അവളെ നോക്കിയതും ശുശ്രുഷിച്ചതും..

(രചന: Mejo Mathew Thom)

“അച്ഛാ അമ്മയ്ക്കെങ്ങനെയുണ്ട് ….?”

ഓടിവന്നതിന്റെ കിതപ്പിനിടയിൽ ഗിരി
ലേബർ റൂമിന്റെ മുന്നിൽ എന്തോ ആലോചനയിൽ തലകുമ്പിട്ടിരുന്ന കൃഷ്ണേട്ടനോട് ചോദിച്ചു….

പെട്ടന്നുള്ള ചോദ്യകേട്ടു ആലോചനയിൽ നിന്നു ഞെട്ടിയുണർന്ന അയാൾ കിതപ്പോടെ നിൽക്കുന്ന മകനെ നോക്കി…

“ഒന്നും പറഞ്ഞിട്ടില്ലടാ…അകത്തോട്ട് കയറ്റിയിട്ടു കുറച്ചുനേരമായി..”

അല്പസമയത്തിനു ശേഷം പതിഞ്ഞ സ്വരത്തിൽ അവനോടു പറഞ്ഞു …

“ദേവിയെ എന്റമ്മയെ കാത്തോളണേ …” എന്ന് മനസിൽ പ്രാർത്ഥിച്ചുകൊണ്ട് അവൻ അയാൾക്കെതിർവശത്തായി ചുമരിൽ ചാരിനിന്നു

“നീ വല്ലതും കഴിച്ചാരുന്നോ..?” മകന്റെ നേർക്ക് മുഖമുയർത്തി അയാള് ചോദിച്ചു

“കഴിയ്ക്കാൻ തോന്നില്ല…സ്കൂൾ വിട്ടു വരുന്ന വഴിയ്ക്കു തന്നെ ഓട്ടോക്കാരൻ അബുക്കയെക്കണ്ടു..

പുള്ളിയാ പറഞ്ഞെ ഇങ്ങോട്ടാ കൊണ്ടുവന്നെന്നു… ബാഗ് സതീശന്റെ കയ്യിൽ കൊടുത്തുവിട്ട് അബുക്കയുടെ ഓട്ടോയിൽ ഇങ്ങിട്ടു പോന്നു…”

അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു… പെട്ടന്നാണ് ലേബർ റൂമിന്റെ വാതിൽതുറന്നു ഒരു നേഴ്സ് തലപുറത്തേയ്ക്കിട്ടു ചോദിച്ചത്

“വനജയുടെ കൂടെയുള്ളവരാരാ ഉള്ളെ..?”

“എന്റെ അമ്മയ്‌ക്കെങ്ങനുണ്ട് സിസ്റ്ററെ..?”

അവര് ചോദിച്ചു തീരും മുൻപ് അവൻ അവരുടടുത്തേക്കോടിച്ചെന്നു ചോദിച്ചു..

പൊടിമീശ മുളച്ചുതുടങ്ങിയ പയ്യാനല്ലാതെ വേറാരുമില്ലേയെന്ന ഭാവത്തിൽ അവന്റെ ചോദ്യത്തിന് മറുപടിപറയാതെ തലയൊന്നൂടെ പുറത്തേക്കുനീട്ടി വേറെയാരുമില്ലെന്നു നോക്കുമ്പോഴൊയ്ക്കും

“എന്തുപറ്റി സിസ്റ്ററെ..ഞാൻ വനജയുടെ ഭർത്താവാ” എന്നും പറഞ്ഞു കൃഷ്‌ണേട്ടൻ അങ്ങോട്ടെഴുന്നേറ്റുവന്നു

“ചിലപ്പോൾ ബ്ലഡ് വേണ്ടി വരും..ആളെ കരുതിയിട്ടുണ്ടല്ലോ?” നേഴ്സ് കൃഷ്ണേട്ടനോടായ് ചോദിച്ചു

“എന്തു പറ്റിയെന്റമ്മയ്ക്കു..?”
നേഴ്സ് ന്റെ ചോദ്യത്തിന് കൃഷ്ണേട്ടൻ മറുപടിപറയും മുൻപേ അവൻ വീണ്ടും ചോദിച്ചു

“അച്ഛനില്ലാത്ത ടെൻഷൻ ആണല്ലോ മകന് ” അവന്റെ ചോദ്യംകേട്ട് പരിഹാസഭാവത്തിൽ നേഴ്സ് പറഞ്ഞു

“സിസ്റ്ററെ…..കല്യാണം കഴിച്ച അന്നുമുതലാ അച്ഛൻ അമ്മയെ കാണാനും അറിയാനും തുടങ്ങിയെ പക്ഷെ ഞാൻ ജനിച്ച അന്നുമുതൽ കാണാനും അറിയാനും തുടങ്ങിയതാ എന്റമ്മയെ…”

അവൻ കിതച്ചുകൊണ്ട് പറഞ്ഞു നിറുത്തി..അവന്റെ പറച്ചിൽ കേട്ട് അവടെയുള്ളവരും നേഴ്സ് ഉം അവന്റെ അച്ഛനുൾപ്പടെ അൽപ്പനേരം അന്തവിട്ടു നിന്നു പോയി…

“നീ എത്രാം ക്ലാസിലാ പഠിയ്ക്കുന്നെ….?” നേഴ്സ് അവന്റെ മുഖത്തേക്കു നോക്കി സ്നേഹപൂർവ്വം ചോദിച്ചു

“ഒ…ഒ…ഒൻപതാം ക്ലാസിൽ..” അവൻ മടിച്ചു മടിച്ചു പറഞ്ഞു

“മോൻ പേടിയ്ക്കണ്ടാട്ടൊ… അമ്മയ്ക്കൊരുകുഴപ്പവുമില്ലാട്ടോ…..” എന്നും പറഞ്ഞ് അവന്റെ മുഖത്തുനോക്കിയൊന്നു ചിരിച്ചുകൊണ്ട് നേഴ്സ് അകത്തേയ്ക്കുപോയി..

കൃഷ്ണേട്ടൻ അവന്റെ തോളിൽപിടിച്ചു കൂട്ടിക്കൊണ്ടുവന്നു തന്റെ അടുത്ത് കസേരയിൽ ഇരുത്തി…അവന്റെ മിഴികൾ നിറഞ്ഞിരുന്നു.. നിമിഷങ്ങളധിവേഗം നീങ്ങിക്കൊണ്ടിരുന്നു…

അവരുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് അതേ നേഴ്സ് ലേബർ റൂമിന്റെ വാതിൽതുറന്നു പുറത്തുവന്നു കയ്യിൽ തുണിയിൽ പൊതിഞ്ഞുപിടിച്ചൊരു കുഞ്ഞുമായി …

“വനജ പ്രസവിച്ചു…പെൺകുഞ്ഞാ…” കൊച്ചിനെ ഒന്ന് കയ്യിൽ കൊടുക്കുവാനായി കൃഷ്ണേട്ടനെ നോക്കികൊണ്ട്‌ അവർ പറഞ്ഞു..

അപ്പോഴേയ്ക്കും ഗിരി അവർക്കരുകിൽ എത്തിയിരുന്നു പുറകെ കൃഷ്ണേട്ടനും

“സിസ്റ്ററെ…കുഞ്ഞിനെ അവന്റെ കയ്യിലേക്കൊന്നു കൊടുക്കാമോ… അവനാണ് ആദ്യം കൊച്ചിനെ എടുക്കേണ്ടത്…

കരണം അവൾ ഗർഭിണിയായതു മുതൽ എന്നേക്കാൾ കൂടുതൽ അവളെ നോക്കിയതും ശുശ്രുഷിച്ചതും ഈ കുഞ്ഞിനായ് കാത്തിരുന്നതും ഇവനാ…”

ഗിരിയെ നോക്കികൊണ്ട്‌ കൃഷ്ണേട്ടൻ നേഴ്സ്നോടായ് പറഞ്ഞു….

അതുകേട്ട് ഒരു പുഞ്ചിരിയോടെ കുഞ്ഞിനെ അവന്റെ കയ്യിലേക്ക് കൊടുത്തു…

ശ്രെദ്ധപൂർവ്വം കുഞ്ഞിനെ കയ്യിലെടുത്തുപിടിച് മിഴിപൂട്ടിയുറങ്ങുന്ന കുഞ്ഞിന്റെ മുഖത്തുനോക്കി അവൻ പതിയെ വിളിച്ചു….

” അച്ചൂ…”

“എന്താ മോന്റെ പേര്..” കുഞ്ഞിനെ താലോലിയ്ക്കുന്നതു കണ്ട അവനോടു നേഴ്സ് ചോദിച്ചു

“ഗിരി ”

അവരുടെ ചോദ്യത്തിന് ഒന്ന് തലയുയർത്തി മറുപടി പറഞ്ഞശേഷം അവൻ വീണ്ടും കുഞ്ഞിനെ കൊഞ്ചിക്കാനായ് തുടങ്ങി. അതുകണ്ട് നേഴ്സ് ഒരു പുഞ്ചിരിയോടെപറഞ്ഞു

“ഗിരിയേട്ടന്റെ അച്ചുവാവ….” അതുകേട്ട് കൃഷ്ണേട്ടൻ മനസ്സുനിറഞ്ഞു ചിരിച്ചു….

Leave a Reply

Your email address will not be published. Required fields are marked *